‘ആൾക്കൂട്ട കൈയടികൊണ്ട് മോശപ്പെട്ട സാഹിത്യം ഒന്നാന്തരമാവില്ല’

മലയാള നിരൂപണശാഖയിലും സാഹിത്യചരിത്രരചനാ മേഖലയിലും തികച്ചും വ്യത്യസ്തനാണ് ഡോ. പി.കെ. രാജശേഖരൻ. എഴുത്ത്, മാധ്യമപ്രവർത്തനം, സാഹിത്യചരിത്രം, വിമർശന രംഗം, സമകാലിക എഴുത്ത് തുടങ്ങിയ വിവിധ വിഷയങ്ങളിൽ അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിന്റെ മൂന്നാം ഭാഗം. സമാന്തരമായി 21ാം നൂറ്റാണ്ടിൽ ജനപ്രിയ സാഹിത്യത്തിലും മാറ്റങ്ങൾ ഉണ്ടായിട്ടില്ലേ?തീർച്ചയായും. ഫോർമുല ഫിക്ഷൻ എന്നുപറയാവുന്ന പരമ്പരാഗത ജനപ്രിയ നോവൽ അല്ലെങ്കിൽ പൈങ്കിളി നോവൽ അപ്രത്യക്ഷമായി. പുതിയതരം ജനപ്രിയ കൃതികളാണിപ്പോൾ പുസ്തക കമ്പോളത്തിലുള്ളത്. റൊമാൻസ് ഫിക്ഷൻ എന്ന് ഇംഗ്ലീഷിൽതന്നെ പ്രസാധകർ വിശേഷിപ്പിക്കുന്ന നോവലുകൾ രംഗത്തുണ്ട്....
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മലയാള നിരൂപണശാഖയിലും സാഹിത്യചരിത്രരചനാ മേഖലയിലും തികച്ചും വ്യത്യസ്തനാണ് ഡോ. പി.കെ. രാജശേഖരൻ. എഴുത്ത്, മാധ്യമപ്രവർത്തനം, സാഹിത്യചരിത്രം, വിമർശന രംഗം, സമകാലിക എഴുത്ത് തുടങ്ങിയ വിവിധ വിഷയങ്ങളിൽ അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിന്റെ മൂന്നാം ഭാഗം.
സമാന്തരമായി 21ാം നൂറ്റാണ്ടിൽ ജനപ്രിയ സാഹിത്യത്തിലും മാറ്റങ്ങൾ ഉണ്ടായിട്ടില്ലേ?
തീർച്ചയായും. ഫോർമുല ഫിക്ഷൻ എന്നുപറയാവുന്ന പരമ്പരാഗത ജനപ്രിയ നോവൽ അല്ലെങ്കിൽ പൈങ്കിളി നോവൽ അപ്രത്യക്ഷമായി. പുതിയതരം ജനപ്രിയ കൃതികളാണിപ്പോൾ പുസ്തക കമ്പോളത്തിലുള്ളത്. റൊമാൻസ് ഫിക്ഷൻ എന്ന് ഇംഗ്ലീഷിൽതന്നെ പ്രസാധകർ വിശേഷിപ്പിക്കുന്ന നോവലുകൾ രംഗത്തുണ്ട്. ഇന്ത്യയിലെ ഇംഗ്ലീഷ് നോവലിൽ ചേതൻ ഭഗത് തുടങ്ങിവെച്ച ഒരു പുതിയ ജനപ്രിയ രചനാരീതിയുണ്ട്. ഒരുതരം അർബൻ പൈങ്കിളി. ആ ചേതൻ ഭഗത് ഇഫക്ട് മലയാളത്തിലും സജീവമാണിപ്പോൾ. 1950കളുടെ മധ്യത്തിൽ, യഥാതഥ നോവൽ ഏതാണ്ട് അവസാനിക്കുകയും പുരോഗമന സാഹിത്യം ഉയർത്തിപ്പിടിച്ച സാമൂഹിക പുരോഗതിക്കുതകുന്ന തൊഴിലാളിവർഗ സാഹിത്യസങ്കൽപം തകർന്നുവീഴുകയും അതെല്ലാം മടുത്ത് ടി. പത്മനാഭൻ, മാധവിക്കുട്ടി, എം.ടി. വാസുദേവൻ നായർ തുടങ്ങിയവർ പുതിയൊരു കഥാഖ്യാന രീതി കൊണ്ടുവരുകയും ചെയ്തിരുന്നു.
ആ മൂന്നു മുനമ്പുകൾക്കിടയിലാണ് മുട്ടത്തു വർക്കി ഉൾപ്പെടെയുള്ളവർ മലയാളത്തിലെ ജനപ്രിയ നോവൽ സൃഷ്ടിച്ചത്. മലയാള മനോരമ, മനോരാജ്യം, മംഗളം തുടങ്ങിയ 1970-90 കാലത്ത് വൻപ്രചാരം നേടിയ വാരികകളിലൂടെ നോവലുകളും ഒപ്പം കോട്ടയം പുഷ്പനാഥിന്റെയും മറ്റും കുറ്റാന്വേഷണ നോവലുകളും ലക്ഷക്കണക്കിന് സാധാരണ വായനക്കാരെ ആകർഷിച്ചു. വാണിജ്യസിനിമയും അതിന്‍റെ വളർച്ചക്ക് സഹായിച്ചു. 1990കളോടെ അവസാനിച്ച ആ തരംഗം മറ്റൊരുതരത്തിൽ ഇപ്പോൾ തിരിച്ചുവരുന്നുണ്ട്. തള്ളിക്കളയേണ്ട കാര്യമല്ല, ജനപ്രിയ സംസ്കാര പഠനത്തിന്‍റെ വിഷയമായി മാറേണ്ടതാണത്.
ആദ്യത്തെ നൂറുവർഷത്തിനിടയിൽ സംഭവിച്ചതിനേക്കാൾ വലിയ മാറ്റമാണോ കഴിഞ്ഞ 25 വർഷത്തിൽ മലയാളത്തിൽ ഉണ്ടായത്?
ഒ. ചന്തുമേനോൻ, സി.വി. രാമൻപിള്ള, തകഴി, വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ്, എം.ടി, ഒ.വി. വിജയൻ, ആനന്ദ് എന്നിവരെയൊക്കെ വായിച്ച മലയാളികൾക്ക് അങ്ങനെ പറയാനാവുമോ. 25 വർഷം ചെറിയൊരു കാലയളവുമല്ലേ.
വൈവിധ്യത്തെക്കുറിച്ചാണ് ?
വൈവിധ്യം പണ്ടുമുണ്ടായിരുന്നു. നൂറുകൊല്ലത്തെ കൃതികളെ കുറിച്ച് പറയുമ്പോൾ ഈ കാലത്തെ മുഴുവൻ അതിജീവിക്കാൻ കഴിയുന്ന കൃതികളെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. തകഴിയുടെ ‘തോട്ടിയുടെ മകൻ’ എല്ലാവരും ഇന്നും ഓർക്കുന്നു. അതിന് തൊട്ടുമുമ്പിറങ്ങിയ നാഗവള്ളി ആർ.എസ്. കുറുപ്പിന്‍റെ ‘തോട്ടി’യെ ഇന്നാർക്കറിയാം. അതു മോശം കൃതിയാണെന്നല്ല. പക്ഷേ, പിൽക്കാല വായനകളിലൂടെ കടന്നുവരാൻ കഴിയാത്തതിനെപ്പറ്റിയാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഈ 25 കൊല്ലത്തെ കൃതികളിലും വരാനിരിക്കുന്ന വായനകളെ അതിജീവിക്കുന്നവയെ തിരിച്ചറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും. ഒരു നോവൽ ഇറങ്ങിയ ഉടൻതന്നെ അതിനെ കുറിച്ച് അഭിപ്രായം പറയുകയാണ് നിരൂപകധർമമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ പറയണമെങ്കിൽ അത് ഭാവുകത്വത്തെ അപ്പാടെ മാറ്റിമറിക്കാൻ പോന്നതായിരിക്കണം. ഒന്നും ഉടനെ അവസാനിക്കുന്നില്ലല്ലോ. ഒരു കൃതിയെ സാഹിത്യചരിത്രത്തിന്‍റെ പശ്ചാത്തലത്തിൽ വിലയിരുത്താൻ കുറച്ചുകാലം കഴിയേണ്ടതുണ്ട്.
ഒട്ടേറെ എഴുത്തുകാരികൾ ഇപ്പോൾ രംഗത്തുണ്ട്. പലരും പ്രധാനപ്പെട്ട നോവലിസ്റ്റുകളുമാണ്. ഈ മാറ്റത്തെയും അവർ കൊണ്ടുവന്ന സ്ത്രീപക്ഷ രചനയെയും എങ്ങനെയാണ് വിലയിരുത്തുന്നത്?
20ാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങൾതൊട്ട് സ്ത്രീകൾ നോവലെഴുതിയിരുന്നു. തരവത്ത് ജാനകിയമ്മ, ബി. ഭാഗീരഥിയമ്മ, ബി. കല്യാണിയമ്മ, ജി.എൻ. ഭാഗീരഥിയമ്മ, കെ. ഭാരതിയമ്മ, ആനി തയ്യിൽ തുടങ്ങിയവർ. അവരുടെ എണ്ണം കുറവായിരുന്നു എന്ന് മാത്രം. ആ തലമുറയുടെ സമാപനവും പുതിയൊരു തലമുറയുടെ ആഗമനവും കാണിക്കുന്ന എഴുത്തുകാരിയാണ് കെ. സരസ്വതിയമ്മ. പ്രധാനമായും ചെറുകഥാകൃത്തായിരുന്ന അവർ ഒരു ലഘുനോവൽ മാത്രമേ എഴുതിയിട്ടുള്ളൂ; 1944ൽ പ്രസിദ്ധീകരിച്ച ‘പ്രേമഭാജനം’. അതിനു ശേഷമുള്ളവരാണ് ലളിതാംബിക അന്തർജനവും രാജലക്ഷ്മിയും ഉൾപ്പെടയെുള്ളവർ. സി. വത്സല, സാറാ തോമസ്, കെ.ബി. ശ്രീദേവി, പി.ആർ. ശ്യാമള അങ്ങനെ പിന്നെയും പലരുണ്ട്.
ഇന്ന് രംഗം വ്യത്യസ്തമാണ്. നമ്മുടെ നോവലിന്‍റെ ഭാവുകത്വം പരിവർത്തിപ്പിച്ചതിൽ എഴുത്തുകാരികൾക്ക് വലിയ പങ്കുണ്ട്. സ്ത്രീയുടെ അനുഭവങ്ങൾ ആവിഷ്കരിക്കുക മാത്രമല്ല സാമ്പ്രദായികമായ ലിംഗപദവി വ്യവഹാരങ്ങൾ തിരസ്കരിച്ചുകൊണ്ട് പുതിയൊരു ചിന്താലോകം അവർ രൂപപ്പെടുത്തുകയും ചെയ്യുന്നു. പുരുഷ നോട്ടത്തിനപ്പുറമുള്ള സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ ആവിഷ്കാരങ്ങൾ പലരുടെയും നോവലുകളിൽ കാണാം. ആദർശാത്മകമായ സ്ത്രീത്വം, ആദർശാത്മകമായ കുടുംബം തുടങ്ങിയ വ്യവസ്ഥാപിത ഭാവനകളെ അവർ ലംഘിക്കുന്നു. ഇപ്പോഴുള്ള എല്ലാ നോവലെഴുത്തുകാരികളും ഇങ്ങനെയാണ് എന്ന് എനിക്ക് അഭിപ്രായവുമില്ല.
വളരെ പ്രാദേശികവും തദ്ദേശീയവുമായ ഭാഷയിൽ നോവൽ എഴുതുന്നതിനെ കുറിച്ച് നേരത്തേ പറഞ്ഞു. ഒരു തരത്തിൽ ദുർഗ്രാഹ്യമെന്ന് തോന്നുന്ന ഇത്തരം എഴുത്ത് വായനയെ ശ്രമകരമാക്കുന്നു എന്ന ആക്ഷേപത്തെ എങ്ങനെ കാണുന്നു?
അത്തരം പ്രതിനിധാനങ്ങൾക്ക് ആ ഭാഷ യഥാർഥത്തിൽ ആവശ്യമല്ലേ. തദ്ദേശീയ ഭാഷയുടെ അല്ലെങ്കിൽ ഭാഷാഭേദത്തിന്‍റെ സാധ്യതകൾ നോവലിൽ ഏറ്റവും നന്നായി ആദ്യം നിർവഹിച്ചത് സി.വി. രാമൻപിള്ളയാണ്. ചന്തു മേനോന്‍റെ നോവലുകളിൽ പ്രാദേശിക സംഭാഷണങ്ങളുണ്ട്. ‘‘വീട്ടിൽ സംസാരിക്കുന്ന മലയാളത്തിലാണ് ഞാൻ എഴുതിയതെ’’ന്ന ചന്തുമേനോന്‍റെ പ്രയോഗംതന്നെ ശ്രദ്ധിക്കുക. നോവലിനെ കുറിച്ചുള്ള വലിയൊരു പ്രസ്താവനയാണത്. വീട്ടിൽ സംസാരിക്കുന്ന മലയാളം നാട്ടിൽ സംസാരിക്കുന്ന മലയാളവുമാണ്. ആ വഴിയിലൂടെ സഞ്ചരിക്കുന്ന പുതിയ നോവലിസ്റ്റുകൾ പലരും ഇതുവരെ പ്രതിനിധാനം ചെയ്യപ്പെടാത്ത ഭാഷാഭേദങ്ങളും ഭാഷണഭേദങ്ങളും കേൾപ്പിക്കുന്നു.
പക്ഷേ, മനോജ് കുറൂറിന്‍റെ ഭാഷ വേറെയല്ലേ. അതിനെ ഈ പറഞ്ഞ കള്ളിയിൽ ഉൾപ്പെടുത്താനാകുമോ?
മനോജിന്‍റെ നോവലുകളുടെ കാലവും പശ്ചാത്തലവും വ്യത്യസ്തമാണ്. നമുക്ക് നഷ്ടപ്പെട്ടുപോയൊരു വിദൂര ഭൂതകാലത്തിലാണ് അത് നിൽക്കുന്നത്. ആ നിലയിൽ ഇമാജിനറി ലാൻഡ്സ്കേപ്പാണ് അവിടെ. അതിന് ഒരു ഭാഷ രൂപപ്പെടുത്തേണ്ടതുണ്ട്. സംഘകാല സാഹിത്യത്തെ നന്നായി പഠിച്ച് അതിൽനിന്ന് സൃഷ്ടിച്ചെടുത്ത, സംസ്കൃത സ്വാധീനത ഒഴിവാക്കിയ ഭാഷയാണ് ‘നിലംപൂത്ത് മലർന്ന നാളി’ന് വേണ്ടി മനോജ് ഉപയോഗിച്ചത്.
അപ്പോൾ, പുതിയ കാലത്ത് തീർത്തും തദ്ദേശീയമായ ഭാഷയിൽ എഴുതുന്നത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്?
സ്വാഗതാർഹമാണത്. പ്രമേയത്തിന് അനുസരിച്ചാണല്ലോ ഭാഷ തീരുമാനിക്കുന്നത്. തദ്ദേശീയമായ പ്രമേയം കൈകാര്യം ചെയ്യുമ്പോൾ എല്ലാ മലയാളികൾക്കും മനസ്സിലാകണമെന്ന് കരുതി പൊതു മാനകഭാഷയിൽ എഴുതിയാൽ എന്താകും അവസ്ഥ. ആ വികാരങ്ങളെല്ലാം നഷ്ടപ്പെട്ടുപോകില്ലേ. ഒരു കഥാപാത്രം സംസാരിക്കുന്നത് അയാളുടെ ഹൃദയത്തിന്‍റെ നിവേദനമാണ്. അയാളുടെ പശ്ചാത്തലവും ഇടവും ഭാഷയും ഒക്കെ ചേർന്നതാണ് അത്. ഭാഷയുടെ വലിയ രജിസ്റ്ററുകളാണ് നോവലിസ്റ്റുകൾ തിരിച്ചുകൊണ്ടുവരുന്നത്. വി.പി. ഷാജികുമാറും അംബികാസുതനുമൊക്കെ എഴുതുന്നതിൽ നമ്മുടെ ഭാഷയുടെ വൈവിധ്യത്തിന്‍റെ രജിസ്റ്ററുകളുണ്ട്. അങ്ങനെയൊരു സാമൂഹികമായ ധർമംകൂടി ഇത്തരം നോവലുകൾ നിർവഹിക്കുന്നുണ്ട്.
ഒരുവിധം എല്ലാ നല്ല രചനകളും വിവർത്തനം ചെയ്യപ്പെടുന്ന ഈ കാലത്ത് വിവർത്തനത്തെ ശ്രമകരമാക്കില്ലേ.
വിവർത്തനത്തിൽ ബുദ്ധിമുട്ട് ഉണ്ടാകും. ലോകത്തെവിടെയും ഈ പ്രശ്നം ഉണ്ട്. വിവർത്തനത്തിൽ അങ്ങനെ കുറേ ഘടകങ്ങൾ എന്തായാലും നഷ്ടപ്പെടും.

പി.കെ. രാജശേഖരൻ വി.സി. ശ്രീജനൊപ്പം
അപ്പോൾ ആശയം മാത്രമല്ലേ നിൽക്കുള്ളൂ. ഭാഷയിൽ പരീക്ഷണം നടത്തുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടോ?
വിവർത്തനം മാത്രം മുന്നിൽ കണ്ടല്ലല്ലോ എഴുതുന്നത്. പ്രാഥമികമായി നമ്മുടെ ഭാഷക്കും വായനക്കും വേണ്ടിയല്ലേ. ചിലതൊക്കെ ഒരിക്കലും വിവർത്തനത്തിന് വഴങ്ങില്ല. നല്ല വിവർത്തകർക്ക് ആ പ്രതിസന്ധിയെ തരണംചെയ്യാൻ കഴിഞ്ഞേക്കും. നമ്മൾ വായിക്കുന്ന വിദേശഭാഷകളിലെ മഹത്തായ പല രചനകളും വിവർത്തനം ചെയ്യപ്പെട്ടതാണല്ലോ. മൗലിക രചനയിൽ യഥാർഥത്തിൽ ഇങ്ങനെ തന്നെയാണോ എന്ന് എങ്ങനെ അറിയാനാണ്. പല വിവർത്തനങ്ങൾ കഴിഞ്ഞാണ് പലതും നമ്മുടെ കൈയിലെത്തുന്നത്. എന്നിട്ടും അവ നമ്മുടെയുള്ളിൽ പ്രകമ്പനം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അത് മഹത്തായ കൃതി തന്നെയാണ്. വിവർത്തനംതന്നെ ഇങ്ങനെയെങ്കിൽ യഥാർഥ കൃതി എത്ര ഗംഭീരമായിരുന്നിരിക്കണം എന്ന് അത്ഭുതപ്പെടാമല്ലോ. പല നോവലുകളും ഇംഗ്ലീഷിൽ ഇപ്പോൾ വീണ്ടും വിവർത്തനം ചെയ്യുന്നുണ്ട്. ദസ്തയേവ്സ്കിയുടെ നോവലുകൾ റിച്ചഡ് പീവർ-ലാരിസ വൊളഹോൻസ്കി ദമ്പതിമാരും സെർവാന്തസിന്‍റെ ‘ഡോൺ ക്വിക്സോട്ട്’ ഈഡിത്ത് ഗ്രോസ്മനും വിവർത്തനം ചെയ്തത് ഉദാഹരണം.
മലയാളത്തിൽ ഇപ്പോഴുള്ള ഈ പരീക്ഷണങ്ങളൊക്കെ വരുന്നതിന് വളരെ വർഷങ്ങൾക്ക് മുമ്പ് ഇതൊക്കെ തുടങ്ങിവെച്ചവരിൽ ഒരാൾ കെ.ജെ. ബേബിയാണ്. പിന്നെ പി.എ. ഉത്തമൻ. നെടുമങ്ങാട് പ്രദേശത്തെ കുറവ സമുദായത്തിന്‍റെ ജീവിതം പരാമർശിക്കുന്ന ‘ചാവൊലി’ അദ്ദേഹത്തിന്‍റെ ശ്രദ്ധേയ രചനയാണ്. ഞാനാണ് അതിന് അവതാരിക എഴുതിയത്. (2008ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ചാവൊലി’ക്ക് ലഭിച്ചിരുന്നു.) അന്നത് പ്രസാധനം ചെയ്യുക എളുപ്പമായിരുന്നില്ല. ഇന്നത്തെപ്പോലെ നോവലിന് വലിയ വിപണി ഉണ്ടായിരുന്ന കാലമല്ല; പ്രത്യേകിച്ച് ഈ ഭാഷയിലെഴുതിയതിനാൽ. വായിച്ചാൽ മനസ്സിലാകില്ല, നോവൽ വായിക്കാൻ അടിക്കുറിപ്പ് വേണോയെന്നൊക്കെയുള്ള ചോദ്യങ്ങൾ അന്നും ഉണ്ടായിരുന്നു. അടിക്കുറിപ്പ് ചിലപ്പോൾ വേണ്ടിവരും. നമ്മുടെ വൈവിധ്യങ്ങളെ ആവിഷ്കരിക്കുമ്പോൾ അതൊക്കെ ആവശ്യമാകും. ആദിവാസി ജീവിതത്തെ കുറിച്ച് എഴുതുമ്പോൾ ആ ഭാഷയിൽ തന്നെ വേണ്ടിവരും. അത് മനസ്സിലാക്കേണ്ടത് വായനക്കാരുടെ ഉത്തരവാദിത്തമാണ്.

ഗണിതശാസ്ത്രജ്ഞൻ ഡോ. ഗീവർഗീസ് ജോർജ് േജാസഫിനും നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണനുമൊപ്പം പി.കെ. രാജശേഖരൻ
ദലിത് സാഹിത്യത്തെക്കുറിച്ച് മുമ്പ് താങ്കൾ നടത്തിയ വിമർശനം വലിയ കോലാഹലമുണ്ടാക്കിയിരുന്നു. കാലം മാറി. എഴുത്തും മാറി. ദലിത് രചനയെപ്പറ്റിയുള്ള ഇപ്പോഴുള്ള നിലപാട് എന്താണ്?
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 2005 ഏപ്രിലിൽ എഴുതിയ ‘ദളിതവാദം: ദളിത് വിരുദ്ധതയുടെ പ്രത്യയശാസ്ത്രം’ എന്ന ലേഖനമാണത്. ദലിത് സാഹിത്യവിമർശനമായിരുന്നില്ല അത്. ദലിതവാദം എന്നു വിശേഷിപ്പിക്കാവുന്ന ഒരുതരം ഔദാര്യസ്വഭാവമുള്ള സംവാദങ്ങൾ അക്കാലത്തുണ്ടായിരുന്നു. മിക്കവാറും ഉപരിവർഗങ്ങളിൽപ്പെട്ടവർ രൂപപ്പെടുത്തിയത്. ആ ലേഖനത്തെ തുടർന്ന് ആറു മാസത്തോളം ആഴ്ചപ്പതിപ്പിൽ സംവാദ ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു. കെ.കെ. കൊച്ച്, കെ.കെ. ബാബുരാജ്, ചെറായി രാമദാസ് തുടങ്ങിയ ഒട്ടേറെ പേർ എന്നെ ശക്തിയായി എതിർത്തു. ആനന്ദും വി.സി. ശ്രീജനും മാത്രമാണ് ആ ലേഖനം ഉയർത്തിയ വാദങ്ങൾ മനസ്സിലാക്കി പ്രതികരിച്ചത്. ‘മാതൃഭൂമി’യിലും ‘മാധ്യമ’ത്തിലും ‘ദേശാഭിമാനി’യിലുമൊക്കെ തുടർ ചർച്ചകൾ ഉണ്ടാകുന്നതിനും അതു വഴിയൊരുക്കി. ആറുമാസമായപ്പോൾ ‘ദളിതവാദ ഛേദനം (പോംവഴിസഹിതം)’ എന്ന മറുപടി ലേഖനവും ഞാൻ എഴുതി.
എന്‍റെ ലേഖനത്തെ മുൻനിർത്തിയുണ്ടായ ആഖ്യാനങ്ങളും പ്രത്യാഖ്യാനങ്ങളുമെല്ലാം ചേർന്ന് ‘ദളിതപാതകൾ: ദളിതവാദത്തെപ്പറ്റി ഒരു സംവാദം’ എന്ന പുസ്തകം ബോബി തോമസ് എഡിറ്റ് ചെയ്ത് 2006ൽ പ്രസിദ്ധീകരിച്ചു. അതിന്‍റെ പുതിയ പതിപ്പ് 20 വർഷത്തിനുശേഷം ഇപ്പോൾ തിരുവനന്തപുരത്തെ സൈൻ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്‍റെ ലേഖനം ദലിത് സംവാദങ്ങൾക്കോ ദലിത് സാഹിത്യത്തിനോ എതിരായിരുന്നില്ല. ഒന്നുപറഞ്ഞാൽ മറ്റൊന്ന് കേൾക്കുക, അല്ലെങ്കിൽ പറയാത്തത് പറഞ്ഞെന്ന് പറയുക എന്ന മട്ടിലാണല്ലോ നമ്മുടെ നാട്ടിൽ പല സംവാദങ്ങളുടെയും പോക്ക്. അത് ഇവിടെയുമുണ്ടായി. യഥാർഥ ദലിത് പ്രശ്നങ്ങളിൽനിന്നും ദലിത് സാഹിത്യാവിഷ്കാരങ്ങളിൽനിന്നും അകന്നുമാറി നടക്കുന്ന അക്കാലത്തെ സംവാദരീതിയെ വിശേഷിപ്പിക്കാൻ ഞാൻ ഉപയോഗിച്ച സംജ്ഞയാണ് ദലിതവാദം. സ്വയം ഉദ്ധരിക്കേണ്ടി വരുന്നതിൽ ക്ഷമിക്കുക. ഞാൻ അന്ന് എഴുതിയത് ഇങ്ങനെയാണ്: ‘‘കേരളത്തിലെ ദലിത് ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നു എന്ന നാട്യത്തിൽ മാധ്യമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും അവതരിപ്പിക്കപ്പെടുന്ന ഒന്നാണ് ദലിതവാദം.
സാമൂഹികരംഗത്തെ ദലിത് പ്രശ്നം, ദലിത് സാഹിത്യവും സംസ്കാരവും എന്നീ വിഷയങ്ങളെ സമീപിക്കാനായി അവതരിപ്പിക്കപ്പെടുന്ന ചില സമ്പ്രദായങ്ങളിൽ ഒന്നാണത്. ഇവയിൽ മുഖ്യധാരാ മാധ്യമലാളനം ഏറ്റവുമധികം ലഭിച്ചിട്ടുള്ളത് ദലിതവാദത്തിനാണ്. ദലിതജീവിതവുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധതുറകളിൽ സൂക്ഷ്മമോ സ്ഥൂലമോ ആയി നടക്കുന്ന എല്ലാ സംവാദങ്ങളുടെയും പൊതുവായ പേരല്ല ദലിതവാദം എന്നു വ്യക്തമാക്കാനാണ് ഇത്രയും വിശദീകരിച്ചത്. ഈ ദലിതവാദം മൗലികവാദ സ്വഭാവമുള്ള ഒന്നാണ്. യഥാർഥപ്രശ്നങ്ങൾ മറച്ചുവെച്ച് ദലിതരെയും ദലിതപ്രശ്നങ്ങളെയും ഇപ്പോഴുള്ള നിലയിൽതന്നെ മാറ്റമില്ലാതെ നിലനിർത്താനുള്ള പ്രത്യയശാസ്ത്രമാണത്. പുറമെ പുരോഗമനം നടിച്ചുകൊണ്ട്, വ്യാജമായ പ്രശ്നങ്ങൾ ഉയർത്തി ദലിതപ്രശ്നങ്ങളുടെ വിശകലനം കുത്തകയാക്കാൻ ദലിതരല്ലാത്ത മേൽജാതിക്കാരായ ബൗദ്ധിക നാട്യക്കാർകൂടി പങ്കെടുത്തു നടത്തുന്ന ഒരു വ്യാജ അക്കാദമിക് വ്യായാമം.
ദലിതർക്കുവേണ്ടി എഴുതുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ദലിതർക്ക് മനസ്സിലാവാത്ത രീതിയിൽ എഴുതപ്പെടുന്ന ദലിതവാദത്തിൽ പുറത്താക്കപ്പെട്ട ഏകവിഭാഗം ദലിതരാണ്. ആശയവക്രതകളും നിഗൂഢതകളും നിറഞ്ഞ ഈ ബൗദ്ധിക നിഴൽയുദ്ധത്തിൽ ദലിതർ മാറ്റിനിർത്തപ്പെട്ടിരിക്കുന്നു. ഞങ്ങൾ നിങ്ങൾക്കുവേണ്ടി സംസാരിച്ചുകൊള്ളാം എന്ന് പ്രഖ്യാപിച്ചുകൊണ്ട്, ദലിതരിൽനിന്നുതന്നെ ഉയർന്നുവരേണ്ട ആത്മാനുഭവപൂരിതമായ വെളിപ്പെടലുകളെ അത് നിശ്ശബ്ദമാക്കുന്നു. അങ്ങനെ ഒരു ജനവിഭാഗത്തിൽനിന്ന് സ്വാഭാവികമായി സംഭവിക്കേണ്ട, സ്വയം നവീകരണോദ്യമങ്ങളെ ബുദ്ധിയുടെ ഭാഷയിൽ സംസാരിക്കുന്നതായി ഭാവിക്കുന്ന ഒരു ന്യൂനപക്ഷം കുത്തകവത്കരിക്കുന്നു. ആശയവക്രതയും വാക്യവക്രതയും ലക്ഷ്യവക്രതയും ചേർന്ന ഈ ധൈഷണിക വക്രോക്തിയാണ് ദലിത് പ്രശ്ന സംവാദമെന്ന് ദലിതരെപ്പോലും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ദലിതവാദം വിജയിക്കുന്നു.’’
യഥാർഥ ദലിത് സാഹിത്യകൃതികൾ ചൂണ്ടിക്കാണിക്കുകയും ആ രചനയുടെ സവിശേഷതകൾ വിശദീകരിക്കുകയും മോശപ്പെട്ട രചനകളെ യഥാർഥ ദലിത് സാഹിത്യമായി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ വിമർശവിധേയമാക്കുകയും ചെയ്തതാണ് ആ ലേഖനം. എഡ്വേഡ് സെയ്ദിന്റെ ‘ഓറിയന്‍റലിസം’ എന്ന കൽപനയെ മുൻനിർത്തിയാണ് ഞാൻ ദലിതവാദം എന്ന സംജ്ഞ രൂപപ്പെടുത്തിയത്. ലേഖനം ശരിക്കു വായിക്കാതെ എന്നെ ദലിത് വിരുദ്ധനാക്കാനാണ് പ്രതികരിച്ചവർ ശ്രമിച്ചത്. ദലിതവാദവും ദലിത് രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യത്യസ്തമാണെന്ന് ലേഖനത്തിന്‍റെ തുടക്കത്തിൽതന്നെ കൃത്യമായി വ്യക്തമാക്കിയിരുന്നിട്ടും സംവാദത്തിൽ ഇടപെട്ട ചിലർ എന്നെ ദലിത് വിരുദ്ധനായ സവർണാധിപത്യവാദിയെന്ന് മുദ്രകുത്താനാണ് ശ്രമിച്ചത്. ലേഖനവും മറുപടിയും എന്‍റെ ‘ഏകാന്തനഗരങ്ങൾ’ എന്ന പുസ്തകത്തിലും ബോബി തോമസ് എഡിറ്റ് ചെയ്ത ‘ദലിതപാതകളി’ലും ഉണ്ട്. മോശപ്പെട്ട കൃതികളെ മോശം എന്നുപറയുകയും വസ്തുതാവിരുദ്ധതകളും ആശയ വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടുകയും ചെയ്യുക എന്ന നിരൂപക ധർമമാണ് ഞാൻ നിർവഹിച്ചത്. അന്ന് തെറ്റിദ്ധരിച്ച് ആക്രമണത്തിന് വന്ന പലരും പിന്നീട് നല്ല സുഹൃത്തുക്കളായി. കെ.കെ. കൊച്ചിനെയും കെ.വി. സജയിനെയും ഓർക്കുന്നു.
20 വർഷം മുമ്പാണ് ആ സംവാദം ഉണ്ടായതെന്ന് പ്രത്യേകം ഓർക്കണം. ഇന്ന് അതല്ല. ദലിത് സാഹിത്യരചനകളും ചിന്തകളും ചരിത്രസംവാദങ്ങളും പുനർവായനകളും സജീവമായ ധാരയാണ്. ഒട്ടേറെ പുതിയ എഴുത്തുകാരും മൗലികവും വ്യത്യസ്തവും പരീക്ഷണാത്മകവുമായ ആവിഷ്കാരരീതികളും കാഴ്ചപ്പാടുകളും ഉയർന്നുവന്നു കഴിഞ്ഞു. അന്നത്തെ ഒരു പ്രത്യേക സംവാദരീതിയുടെ വഴിക്കല്ല ഇന്നത്തെ ദലിത് സാഹിത്യചിന്തയും രചനകളും വികസിച്ചത്. സമകാലിക സാഹിത്യത്തിന്‍റെ ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിൽ അവ വലിയ പങ്കുവഹിക്കുന്നു. സാഹിത്യഗുണമില്ലാത്ത കൃതികൾ ദലിതരുടേതായാലും അവർണരുടേതായാലും സവർണരുടേതായാലും അധികാര ശക്തിയുള്ളവരുടേതായാലും നല്ലതാണെന്ന് പറയാൻ ഞാൻ ഇന്നും ഒരുക്കമല്ല. സത്യം പറയാനുള്ള ആ പ്രതിജ്ഞാബദ്ധതയെ ഞാൻ വാഗ്ധീരത എന്നാണ് വിളിക്കുന്നത്.
സാമൂഹികമാധ്യമ സാധ്യതകൾ ഉപയോഗിച്ച് രചിക്കുകയും അതിന്‍റെ വിപണനത്തിന് അതേ സാധ്യതകൾ ഉപയോഗിക്കുകയും ചെയ്യുന്നതും നിലവാരമില്ലാത്ത അത്തരം രചനകൾ പ്രസാധകർ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് മുഖ്യധാരാസാഹിത്യത്തിന് എന്തുചേതമാണ് ഉണ്ടാക്കുക?
ഈ ചോദ്യത്തിന് മറുപടിയായി രണ്ടു കാര്യങ്ങൾ പറയാനുണ്ട്. സമൂഹമാധ്യമത്തിന്‍റെ സാധ്യതകൾ സാഹിത്യത്തിൽ പ്രയോജനപ്പെടുത്തുന്നതിനെ പറ്റിയാണ് ആദ്യത്തേത്. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് നിലവാരമില്ലാത്ത കൃതികളെ മികച്ച സാഹിത്യമാക്കി അവതരിപ്പിക്കുന്നതും പരിതാപകരവും പരിഹാസ്യവുമായ സാഹിത്യസങ്കൽപങ്ങൾ അവതരിപ്പിക്കുന്നതുമാണ് രണ്ടാമത്തേത്. ഈ രണ്ടു വശങ്ങൾ സമൂഹമാധ്യമങ്ങൾ വഴിയുള്ള സാഹിത്യവിപണനത്തിലുമുണ്ട്. സാഹിത്യത്തിന്‍റെ ഘടനാപരവും ആഖ്യാനപരവുമായ കാര്യങ്ങൾക്ക് സോഷ്യൽ മീഡിയ വിനിമയരീതി ഉപയോഗിക്കാം. ഇ-മെയിലിന്‍റെ ഘടനയോ ഫേസ്ബുക്കിലെ സംവാദങ്ങളുടെ ശൈലിയിലോ നോവൽ എഴുതാം. അത് നോവൽ എന്ന സാഹിത്യരൂപത്തിന്‍റെ വിഷയമാണ്.
ഇതിനൊപ്പം നോവലിന്‍റെ പ്രചാരത്തെ സഹായിക്കാൻ സമൂഹമാധ്യമങ്ങൾക്ക് കഴിയും. പലരീതികളിലും അത് ചെയ്യാം. മാഗസിനുകളിൽ ഇപ്പോൾ ബുക്ക് റിവ്യൂ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ അതിനായി സോഷ്യൽ മീഡിയ ഉപയോഗിക്കാം. ഒരെഴുത്തുകാരന് തന്‍റെ പുസ്തകം പുറത്തിറങ്ങിയത് സംബന്ധിച്ച് അനേകരെ അറിയിക്കാനുള്ള എളുപ്പ മാർഗമാണ് സമൂഹമാധ്യമം. പുസ്തകങ്ങൾ റിവ്യൂ ചെയ്ത് പരിചയപ്പെടുത്തുന്നവരുമുണ്ട്. റിവ്യൂ ചെയ്യുന്നയാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടവും, അഭിരുചിയുടെ നിലവാരവുമൊക്കെ അതിൽ നിഴലിക്കും. ആയിരക്കണക്കിന് ഫോളോവേഴ്സുള്ള ഒരാൾ ഒരു നോവൽ നല്ലതാണെന്ന് എഴുതിയാൽ അങ്ങനെ തന്നെയാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും. പക്ഷേ, ഇങ്ങനെ എഴുതുന്നതും അതിനെ അനേകം പേർ അംഗീകരിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരു നോവലിന്‍റെ നിലവാരം അളക്കാനാകുമോ. നിഷ്കളങ്ക വായനക്കാരന് അത് പ്രധാനമായിരിക്കാം. പക്ഷേ, എണ്ണം വെച്ചുള്ള ഈ കണക്ക് ഒരു സാഹിത്യനിരൂപകന് അംഗീകരിക്കാനാകില്ല.
സമൂഹമാധ്യമങ്ങളിലെ കൈയടികൾകൊണ്ട് തങ്ങളുടെ സാഹിത്യം ഉത്തമമാണെന്ന് എഴുത്തുകാർ ധരിച്ചുതുടങ്ങിയാൽ അവരുടെ ദുരന്തത്തിൽ മാത്രമേ അത് കലാശിക്കുകയുള്ളൂ. 2025 ഏപ്രിലിൽ ഇറങ്ങിയ ഗ്രന്ഥാലോകത്തിൽ എൻ.എസ്. മാധവനുമായി എസ്.ആർ. ലാൽ നടത്തിയ ഒരു അഭിമുഖമുണ്ട്. അതിൽ മാധവൻ പറഞ്ഞ കാര്യങ്ങൾ വളരെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ‘‘സോഷ്യൽ മീഡിയ എഴുത്തിന് ദോഷം ചെയ്യുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, ഇതുമായി അധികം ബന്ധപ്പെടുകയാണെങ്കിൽ വേറെ ഒന്നിനും സമയം കിട്ടില്ല. രണ്ടാമത്, നിരൂപണത്തിന്‍റെ മരണമാണ്. പണ്ടൊക്കെ ബഷീറിനെ എം.പി. പോൾ വിലയിരുത്തുന്നു. ഇത് അതല്ല. പുസ്തകമോ കഥയോ വന്നാൽ ഒരായിരം നിരൂപണങ്ങൾ വരും.
സ്റ്റാറും ലൈക്കും വരും. പലപ്പോഴും കരുതിക്കൂട്ടി മോശമാക്കാനും ഇതു ഉപയോഗിക്കുന്നുണ്ട്. രാഷ്ട്രീയപരമായും നേരിടുന്നു. ആമസോൺ റിവ്യൂവിലൊക്കെ ഇടതുപക്ഷ നിലപാടുള്ള ഒരു എഴുത്തുകാരന്‍റെ പുസ്തകം വന്നാൽ കൂട്ടമായി ഐ.ടി സെല്ലുകാർ ഒരു സ്റ്റാർ കൊടുത്ത് അതിന്‍റെ വിൽപനതന്നെ നിർത്തിക്കും. ഇത് സാഹിത്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. പ്രസാധകരും സോഷ്യൽ മീഡിയ സാധ്യത ഉപയോഗിക്കുന്നുണ്ട്. പുസ്തക വിൽപന കൂടിയിട്ടുണ്ട്. ചെറുകിട പ്രസാധകർക്ക് ചെലവുകുറഞ്ഞ നിലയിൽ പ്രചാരണം നടത്താൻ അതൊരു സാധ്യതയാണ്. ഇൻസ്റ്റ പേജിൽ കൂടിയൊക്കെ പുസ്തകം വിൽക്കുന്നവരുണ്ട്. പിന്നെ വളരെ വിശ്വസ്തരായ വായനക്കാരുടെ ശിപാർശകളും.’’
പ്രസാധകർ പൾപ് ഫിക്ഷനും ഇതേ സാധ്യത ഉപയോഗിക്കുന്നുണ്ടല്ലോ?
അതാണ് ഇവിടത്തെ പ്രശ്നം. കുറഞ്ഞതരം സാഹിത്യം പ്രമോട്ട് ചെയ്യാനാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. എം. മുകുന്ദന്‍റെയോ എൻ.എസ്. മാധവന്‍റെയോ ഒരു രചന വന്നാൽ ഇൻസ്റ്റഗ്രാം വഴി പ്രമോട്ട് ചെയ്യേണ്ട കാര്യമില്ല. പ്രമോട്ട് ചെയ്താലും അത് സാധാരണ വായിക്കുന്നവരിൽ കൂടുതൽ വായിക്കാൻ പോകുന്നില്ല. ഇൻസ്റ്റഗ്രാം കണ്ട് വായിക്കുന്നവരല്ല ഇവരുടെയൊക്കെ വായനക്കാർ. ഈ സത്യം നിങ്ങൾ പറയുന്ന നിമിഷത്തിൽ സോഷ്യൽ മീഡിയയിൽ ഒരുസംഘം ആളുകൾ അസഭ്യം പറയാൻ തുടങ്ങും. മിക്കവാറും അത് കേട്ടറിവുവെച്ചോ തെറ്റായി മനസ്സിലാക്കിയോ ആയിരിക്കും. എൻ.എസ്. മാധവനെ ആരും ചീത്ത പറയാത്തത് അദ്ദേഹത്തിന്‍റെ ഭാഗ്യം കൊണ്ടാണെന്ന് തോന്നുന്നു. പറഞ്ഞിട്ടുണ്ടോ എന്നുമറിയില്ല. ചിലപ്പോൾ അഭിമുഖം അച്ചടിച്ചുവന്നതായതുകൊണ്ട് വായിക്കാത്തതാവാനും മതി.
സോഷ്യൽ മീഡിയയിൽ ഒരുപാട് ബുക്ഫ്ലുവൻസേഴ്സ് ഉണ്ട്. അവർ അവരുടെ പരിമിതമായ അറിവിന്‍റെയും വായനാനുഭവത്തിന്റെയും സാഹിത്യബോധത്തിന്‍റെയും വികാരലോലതയുടെയും വെളിച്ചത്തിൽ പുസ്തകങ്ങളെ വിലയിരുത്തുന്നതു കാണാം. അവർ പലതും കേട്ടിട്ടേയില്ല. ചെറുപ്പക്കാരായ അവർ പല മേജർ എഴുത്തുകാരെയും വായിച്ചിട്ടുണ്ടാകില്ല. ഈ അജ്ഞത നൽകുന്ന അനുഗ്രഹത്തിൽ അങ്ങനെയൊന്നും ഉണ്ടായിട്ടേയില്ല എന്ന മട്ടിലൊക്കെ സംസാരിക്കും. സമപ്രായക്കാരായ, സാഹിത്യത്തെയും ചരിത്രത്തെയും കുറിച്ച് വലിയ ധാരണയില്ലാത്ത സമൂഹമാധ്യമ വായനക്കാർ ഇതാണ് സത്യം എന്ന് തെറ്റിദ്ധരിക്കും.
അധ്വാനശേഷിയും ആസ്വാദനശേഷിയും ചരിത്രബോധവുമൊക്കെ ആവശ്യപ്പെടുന്ന മികച്ച കൃതികൾ വായിക്കാൻ മടിയുള്ളവരും മനസ്സില്ലാത്തവരും മേൽപ്പറഞ്ഞതരം പ്രചാരണങ്ങളിലൂടെ പൾപ്പിലേക്കും റൊമാൻസിലേക്കും നീങ്ങും. വിദഗ്ധമായ ഈ വിപണനതന്ത്രം ഒരുതരം അഭിരുചി നിർമാണവും കൂടിയാണ്. ഇതാണ് സാഹിത്യം എന്ന ഉത്തമബോധ്യം സൃഷ്ടിക്കുന്നതിൽ വിപണിയും സോഷ്യൽ മീഡിയയിലെ താഴ്ന്ന സാഹിത്യബോധമുള്ള അഭിപ്രായ നിർമാതാക്കളും വിജയിച്ചിരിക്കുന്നു. മികച്ച കൃതികൾ വായിക്കാൻ കഴിയുമ്പോൾ ഈ വ്യാജബോധത്തിൽനിന്ന് അല്ലെങ്കിൽ സത്യാഭാസത്തിൽനിന്ന് പുറത്തുകടക്കാൻ അവർക്ക് കഴിയും.

ടി. പത്മനാഭനൊപ്പം പി.കെ. രാജശേഖരൻ
ലക്ഷക്കണക്കിന് കോപ്പികൾ വിറ്റുവെന്ന് പ്രസാധകർ അവകാശപ്പെടുന്ന പുതുമുഖ എഴുത്തുകാരുടെ പൾപ്പ് ഫിക്ഷൻ രചനകളാണ് ഉത്തമ സാഹിത്യമെന്ന് കരുതുന്ന ഒരു തലമുറയാണ് ഇവിടെയുള്ളത്. അവിടെ നിരൂപകൻ നിശ്ശബ്ദനാകാമോ?
പണ്ടും ഇതേപോലെ സംഭവിച്ചിട്ടുണ്ട്. റേഡിയോയും അച്ചടിയും മാത്രമുണ്ടായിരുന്ന കാലത്ത് ‘പൈങ്കിളി’ എന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട ഒരുപാട് ജനപ്രിയ രചനകൾ വന്നിരുന്നല്ലോ. അത് ഉത്തമസാഹിത്യമാണെന്ന് വിശ്വസിച്ച് വായിച്ചിരുന്ന വലിയൊരു സമൂഹം ഉണ്ടായിരുന്നു. അതല്ലാതെ ഒരു സാഹിത്യവും അവർ വായിച്ചിരുന്നുമില്ല. അതുകൊണ്ട് സാഹിത്യത്തിന് പ്രത്യേകിച്ച് ക്ഷീണമൊന്നും ഉണ്ടായില്ല. അവർ വായിച്ച ആ സാഹിത്യത്തെ വായനശാലകളിൽ തന്നെ ഇപ്പോൾ കണ്ടുകിട്ടാൻ പ്രയാസമാണ്.
പക്ഷേ, അതിനെ കുറിച്ച് നമുക്ക് അക്കാദമിക് ആയി പഠിക്കാം. എനിക്ക് അതിൽ താൽപര്യമുണ്ട്. ജനപ്രിയ സാഹിത്യത്തിന്‍റെ ചരിത്രത്തെക്കുറിച്ച് എന്‍റെ പഠനങ്ങളുണ്ട്. ജനപ്രിയ സാഹിത്യം ഒരിക്കലും സാഹിത്യത്തെ വളർത്തിയിട്ടില്ല. അത് സാഹിത്യാനുഭൂതി സൃഷ്ടിക്കുന്നുമില്ല. ഇപ്പോഴും അതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്. പുസ്തകം വായിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനായി മികച്ച കൃതികൾ വായിക്കാൻ സാധിക്കാത്തവർക്കും, മടിയുള്ളവർക്കും ഇതൊരു നല്ല വഴിയാണ്. കുറെകാലം അവർ ഇത് വായിക്കും. പിന്നീട് അതു നിലക്കും. ഇതിനുമുമ്പ് ഇതേപോലെ എഴുതിവന്ന എത്രയോ പേരുണ്ട്. അവരുടെയൊന്നും പേരുകൾതന്നെ നമുക്ക് ഓർമയില്ല. ആളെക്കൂട്ടി പ്രചാരണവും ആൾക്കൂട്ട കൈയടിയുംകൊണ്ട് മോശപ്പെട്ട സാഹിത്യം ഒന്നാന്തരമാവില്ല. ഇപ്പോൾ വായിക്കുന്നവരിൽ മാത്രം ജീവിച്ചുമരിക്കുന്നതാണ് ജനപ്രിയ സാഹിത്യം.
നിരൂപകൻ പൊതുവേദികളിൽ നിത്യസാന്നിധ്യമായ പ്രഭാഷകരാകുന്നതും കക്ഷിരാഷ്ട്രീയത്തിന്‍റെ ഭാഗമാകുന്നതും നിരൂപണത്തെ ബാധിക്കില്ലേ. വിശേഷിച്ചും അതിന്‍റെ സത്യസന്ധതയെ?
പൊതുവേദികൾ പൊതുജനവേദികളായതുകൊണ്ട് നിരൂപകർ അതിന്‍റെ ഭാഗമാണ്. അഭിപ്രായരൂപവത്കരണത്തിനും ആശയ നിർമാണത്തിനും അവർ സഹായിച്ചെന്നും വരും. അതെല്ലാം ആ വേദികളുടെ ‘പൊതു’സ്വഭാവം പോലിരിക്കും. കക്ഷിരാഷ്ട്രീയ വേദികളിലെ നിരൂപകർ സ്വതന്ത്രരല്ല, കക്ഷിയുടെ ആശയത്തിന്‍റെ പ്രചാരകർ മാത്രമാണ്. നിരൂപകർ മാത്രമല്ല, മറ്റ് എഴുത്തുകാരും അങ്ങനെതന്നെ. ഞാൻ അത്തരം വേദികളിൽ അധികം സന്നിഹിതനല്ല. സാഹിത്യപ്രധാനമായവയിൽ മാത്രമാണ് പങ്കെടുക്കുക. പ്രഭാഷണം ഗംഭീരമായ കലയാണെങ്കിലും നിരൂപകർ ഒരുപാട് പ്രസംഗിച്ചാൽ ചില കുഴപ്പങ്ങളുണ്ട്. നിരൂപണരചനകൾ കുറയും. കഴിഞ്ഞ തലമുറയിൽ സുകുമാർ അഴീക്കോടും എം.കെ. സാനുവും ഈ തലമുറയിൽ സുനിൽ പി. ഇളയിടവും ഉജ്ജ്വലരായ പ്രഭാഷകരാണ്. ആരും കേട്ടിരുന്നുപോകും. പ്രഭാഷകത്വം ആവേശിച്ചതോടെയാണ് അഴീക്കോടിന്‍റെ നിരൂപണത്തിൽ ശൈഥില്യമുണ്ടായത്.
മലയാള നോവലിലെ ഭൂമിശാസ്ത്രത്തെ കുറിച്ചുള്ള പഠനം തുടങ്ങിവെക്കുകയും പുതിയ നിരീക്ഷണങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിക്കുകയും ചെയ്ത നിരൂപകനാണ് താങ്കൾ. ആ പുതിയ വിശകലനരീതിയിലേക്ക് എത്തിയതെങ്ങനെയാണ്?
നോവലിലെ കാലമാണ് പൊതുവെ നിരൂപകരെ ആകർഷിച്ചിട്ടുള്ളത്. സ്ഥലത്തെ കേവലമായ കഥാപശ്ചാത്തലം, സെറ്റിങ് ആയി മാത്രമേ കണ്ടിരുന്നുള്ളൂ. നോവലിന്‍റെ ആഖ്യാനത്തിൽ രണ്ടു ഘടകങ്ങളും തുല്യപ്രധാനമാണ്. നോവലിന്‍റെ പശ്ചാത്തലം ഒരു സ്ഥലകാല സങ്കൽപമാണ് എന്നതാണ് വാസ്തവം. നോവലിലെ ഇതിവൃത്തം, സംഭവങ്ങൾ, കഥാപാത്രങ്ങൾ, അവരുടെ സഞ്ചാരങ്ങൾ എന്നിവ വായനക്കാർ മനസ്സിലാക്കുന്നതിൽ ചരിത്രവും ഭൂപ്രകൃതിയും സ്വാധീനത ചെലുത്തുന്നതുകൊണ്ടാണ് പശ്ചാത്തലത്തെ സ്ഥലകാല സങ്കൽപമെന്ന് പറഞ്ഞത്. പശ്ചാത്തലമായ സ്ഥലങ്ങളും ഇടങ്ങളും യഥാർഥമോ ഭാവനാത്മകമോ പേരുമാറിയവയോ ആകാം. സ്ഥലം എന്ന സ്പേസിന് പേരു നൽകുകയോ പ്രത്യേക ധർമങ്ങൾ നൽകുകയോ ചെയ്യുമ്പോൾ അത് ഇടം എന്ന പ്ലെയ്സ് ആകുന്നു. ഇതൊന്നുമല്ലാത്ത, ഭൂമിശാസ്ത്രപരമെന്നു മാത്രം പറയാനാവാത്ത സ്ഥലങ്ങളും ഇടങ്ങളും നോവലിലുണ്ട്. വാസ്തുശിൽപം, ഗൃഹാന്തർഭാഗങ്ങൾ, മുറികൾ, ദേവാലയങ്ങൾ തുടങ്ങിയവയും അമൂർത്ത സ്ഥലങ്ങളും. സ്ഥലം എന്ന ഭൂമിശാസ്ത്ര സങ്കൽപവും ലാൻഡ്സ്കേപ്പുകളും സവിശേഷമായ ഇടങ്ങളുമെല്ലാം ഒരു നോവൽ സൃഷ്ടിക്കുന്ന ഭാവനാലോകവുമായുള്ള വായനക്കാരുടെ ഇടപെടലിലും ആസ്വാദനത്തിലും അനുഭൂതികളിലും ശക്തമായ പങ്കുവഹിക്കുന്നു.
നോവലിന്‍റെ ആഖ്യാനത്തിലും അതിന് വലിയ സ്ഥാനമുണ്ട്. പ്രത്യയശാസ്ത്രപരം പോലുമാണ് ആ സ്ഥലങ്ങളും ഇടങ്ങളും ചേർന്ന ഭാവനാ ഭൂമിശാസ്ത്രം. കഥ നടക്കുന്നതും കഥാപാത്രങ്ങൾ നടക്കുന്നതുമായ ഭൗതിക പ്രദേശങ്ങളും ഇടങ്ങളും മാത്രമല്ല നോവലിലെ സ്ഥലം. നോവൽ ഉയർത്തുന്ന, അതിൽനിന്ന് രൂപപ്പെടുന്ന ആശയങ്ങളുടെയും ചിന്തകളുടെയും നിർമിതിയിലും സ്ഥലം പങ്കുവഹിക്കുന്നു. അങ്ങനെയുള്ള സ്ഥലത്തെ, അത് യഥാർഥമായാലും ഭാവനാത്മകമായാലും വിശകലനംചെയ്ത് ഒരുതരം ഭൂപടാങ്കനം നടത്തേണ്ടതുണ്ട്. അത്തരം ഭാവനാഭൂപടങ്ങൾ നിർമിക്കാനായിരുന്നു എന്‍റെ ശ്രമം.

ബാലചന്ദ്രൻ ചുള്ളിക്കാടിനൊപ്പം
വിശ്വസാഹിത്യം, വിശ്വസാഹിത്യകാരൻ എന്നൊന്നും പറയാൻ കഴിയുന്ന സംഭവമൊന്നും മലയാളത്തിൽ ഇല്ലെന്ന് എം. മുകുന്ദൻ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ആ പ്രസ്താവനയോടുള്ള താങ്കളുടെ നിലപാട് എന്താണ്?
വിശ്വസാഹിത്യം എന്നൊക്കെ പറയുന്നത് ഒരു സങ്കൽപം ആണ്. ലോകത്തെ എല്ലാവരും വായിക്കുന്ന സാഹിത്യമൊന്നും ഇല്ല. പല ഭാഷകളിൽ എഴുതപ്പെടുന്നത് എല്ലാവരും വായിക്കുകയും സാധ്യമല്ല. ഇന്ത്യയിൽ തന്നെ എത്രയോ ഭാഷകളിൽ മികച്ച സാഹിത്യം വരുന്നുണ്ട്. സംസ്കൃതത്തിലെ ക്ലാസിക് കൃതികളല്ലാതെ ദേശീയ സാഹിത്യം എന്ന് ഉയർത്തിക്കാണിക്കാനുള്ള സാഹിത്യവുമില്ലല്ലോ. ഇതെല്ലാം ചേർന്നതാണ് നമ്മുടെ സാഹിത്യം. സാമ്രാജ്യത്വത്തിന്‍റെ രാഷ്ട്രീയ മേൽക്കോയ്മയുള്ള ഭാഷകൾക്ക് എല്ലാ രംഗങ്ങളിലും ആ മേൽക്കോയ്മയുണ്ടാകും. ബ്രിട്ടീഷ് കോളനിവത്കരണത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ലോകമെങ്ങും വ്യാപിച്ചു. ബിസിനസിന്‍റെ ഭാഷയായി ഇംഗ്ലീഷ് മാറി. ഇംഗ്ലീഷിലുള്ള കൃതികൾക്ക് സ്വാഭാവികമായും വലിയ പ്രചാരമുണ്ടായി. ഫ്രഞ്ചിനും സ്പാനിഷിനുമൊക്കെ സമാന പരിഗണനയുണ്ട്.
ഇംഗ്ലീഷ് വിവർത്തനം വഴിയാണല്ലോ ലോകത്തിലെ പല ഭാഷകളിലെയും രചനകൾ നമ്മൾ അറിയുന്നതും മനസ്സിലാക്കുന്നതും. അങ്ങനെ വരുന്നതിനെയാണ് ലോക സാഹിത്യമെന്ന് നമ്മൾ സൗകര്യത്തിനുവേണ്ടി വിളിക്കുന്നത്. വിശ്വസാഹിത്യമെന്നത് യഥാർഥത്തിൽ പഴയൊരു സങ്കൽപമാണ്. ഗെയ്ഥെയൊക്കെ അവതരിപ്പിച്ചത്. കമ്പാരിറ്റിവ് ലിറ്ററേച്ചർ എന്ന പഠനശാഖ അതിനെ ഒരു സാഹിത്യസങ്കൽപമാക്കി മാറ്റി. ചുരുക്കത്തിൽ കൊളോണിയൽ ശക്തികളുടെ ഭാഷക്കാണ് ഇത്തരം വേദികളിൽ ഇടം ലഭിക്കുക. ജനസംഖ്യാധിഷ്ഠിതമായി നോക്കിയാൽ ഉയരത്തിലാണെങ്കിലും നമ്മുടെ ഭാഷകൾക്കും സാഹിത്യത്തിനും ഈ പരിഗണന കിട്ടാത്തതിന് കാരണവും ഇതുതന്നെ. ആ വേദിയിലേക്ക് പ്രവേശനം ഇല്ലാത്തതിനാൽ നമ്മുടെ എഴുത്തുകാരെല്ലാം മോശക്കാരാണെന്ന് അർഥമില്ല. നമ്മളെഴുതുന്നത് നമ്മുടെ സാഹിത്യമാണ്. അവരെഴുതുന്നത് അവരുടേതും. പല പാശ്ചാത്യ ഭാഷകളിലും ഉണ്ടായിട്ടുള്ള കൃതികളുടെ നിലവാരമുള്ളവ മലയാളത്തിലില്ല എന്നായിരിക്കും എം. മുകുന്ദൻ ഉദ്ദേശിച്ചത്.

ആനന്ദിനൊപ്പം
രാഷ്ട്രീയ, സാമൂഹിക കാരണങ്ങളാൽ ചില ഭാഷകൾക്കും സാഹിത്യത്തിനും കിട്ടുന്ന മേൽക്കൈയെക്കുറിച്ചാണ് പറഞ്ഞത്. അതിനപ്പുറം മൂല്യവിചാരണയിൽ നമ്മുടെ സാഹിത്യത്തിന്‍റെ നിലയെന്താണ്?
അത്തരമൊരു പരിശോധനയിൽ ഏതു സാഹിത്യത്തിനും ഒപ്പംനിൽക്കാനുള്ള കരുത്ത് നമ്മുടെ സാഹിത്യത്തിനുണ്ട്. പക്ഷേ, നമ്മുടെ എഴുത്തുകാർ എത്രത്തോളം അതിന് ശ്രമിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സാഹിത്യത്തിന്‍റെ വളർച്ച. ചെറിയൊരു പുസ്തക വിപണിയാണ് നമ്മുടേത്. മൂന്നരക്കോടി മലയാളികൾ ഉണ്ടെങ്കിലും ഉയർന്ന മൂല്യമുള്ള, സംസ്കാരത്തിന്‍റെ ഭാഗമായി അംഗീകരിക്കപ്പെടുന്ന കൃതികൾ വായിക്കുന്നവർ നന്നേ കുറവാണ്. മികച്ച ലിറ്റററി ഫിക്ഷൻ പുസ്തകം വെറും 2000 കോപ്പിയാണ് ഇവിടെ അച്ചടിക്കുന്നത്. അതുതന്നെയും വിറ്റുപോകാൻ കുറെക്കാലമെടുക്കും. നമ്മുടെ മാർക്കറ്റ് ചെറുതായതിന്‍റെ പ്രശ്നമാണത്. മറ്റു ഭാഷകൾ അങ്ങനെയല്ല. അവയുടെ കരുത്ത് വളരെ വലുതാണ്. ഇംഗ്ലീഷ് വിവർത്തനം വഴി അവ നമുക്ക് മുന്നിലെത്തുമ്പോൾ അവിടെയൊക്കെ പരീക്ഷണോന്മുഖമായ വലിയ രചനകളുണ്ടെന്ന് നമ്മൾ മനസ്സിലാക്കുന്നു. അതിനൊക്കെ ഒപ്പത്തിൽ എത്താൻ നമുക്ക് കഴിയുന്നില്ല. അതിന് ഉത്തരവാദികൾ നമ്മുടെ എഴുത്തുകാരാണ്. അവരാണ് നവീനമായ പരീക്ഷണങ്ങൾക്ക് തയാറാകേണ്ടത്. നമുക്ക് മികച്ച ഇംഗ്ലീഷ് വിവർത്തകർ ഉണ്ടായിത്തുടങ്ങിയതും അടുത്തകാലത്തു മാത്രമാണ്.

