മലയാളത്തിൽ മൗലികതയുള്ള എഴുത്തുകാർ അധികം പേരില്ല

മലയാള നിരൂപണശാഖയിലും സാഹിത്യ ചരിത്രരചനാ മേഖലയിലും തികച്ചും വ്യത്യസ്തനാണ് ഡോ. പി.കെ. രാജശേഖരൻ. അദ്ദേഹവുമായി എഴുത്ത്, മാധ്യമപ്രവർത്തനം, സാഹിത്യചരിത്രം, വിമർശന രംഗം, സമകാലിക എഴുത്ത് തുടങ്ങിയ വിവിധ വിഷയങ്ങളിൽ നടത്തിയ സംഭാഷണത്തിന്റെ നാലാം ഭാഗം.ഇന്ത്യൻ പ്രാദേശിക ഭാഷ നോവലിസ്റ്റുകളിലെ ഒരു സൂപ്പർസ്റ്റാർ ഇന്ന് പെരുമാൾ മുരുകനാണ്. എഴുത്തിന്‍റെ നിലവാരം എന്തുതന്നെയായാലും രാജ്യാന്തരതലത്തിൽ അദ്ദേഹത്തിന് വലിയ വിപണിമൂല്യമുണ്ട്. രചനകളൊക്കെ ഉടൻതന്നെ ഇംഗ്ലീഷിലേക്കും വിവിധ ലോകഭാഷകളിലേക്കും വരുന്നു. പെരുമാൾ മുരുകൻ ഇങ്ങനെ ശ്രദ്ധ നേടിയപ്പോൾ ഒപ്പം ലോകം അറിഞ്ഞത് തമിഴിലെ സമകാലിക സാഹിത്യത്തെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മലയാള നിരൂപണശാഖയിലും സാഹിത്യ ചരിത്രരചനാ മേഖലയിലും തികച്ചും വ്യത്യസ്തനാണ് ഡോ. പി.കെ. രാജശേഖരൻ. അദ്ദേഹവുമായി എഴുത്ത്, മാധ്യമപ്രവർത്തനം, സാഹിത്യചരിത്രം, വിമർശന രംഗം, സമകാലിക എഴുത്ത് തുടങ്ങിയ വിവിധ വിഷയങ്ങളിൽ നടത്തിയ സംഭാഷണത്തിന്റെ നാലാം ഭാഗം.
ഇന്ത്യൻ പ്രാദേശിക ഭാഷ നോവലിസ്റ്റുകളിലെ ഒരു സൂപ്പർസ്റ്റാർ ഇന്ന് പെരുമാൾ മുരുകനാണ്. എഴുത്തിന്‍റെ നിലവാരം എന്തുതന്നെയായാലും രാജ്യാന്തരതലത്തിൽ അദ്ദേഹത്തിന് വലിയ വിപണിമൂല്യമുണ്ട്. രചനകളൊക്കെ ഉടൻതന്നെ ഇംഗ്ലീഷിലേക്കും വിവിധ ലോകഭാഷകളിലേക്കും വരുന്നു. പെരുമാൾ മുരുകൻ ഇങ്ങനെ ശ്രദ്ധ നേടിയപ്പോൾ ഒപ്പം ലോകം അറിഞ്ഞത് തമിഴിലെ സമകാലിക സാഹിത്യത്തെ കൂടിയാണ്. ഇങ്ങനെ മലയാളത്തെ മുഴുവൻ ചുമലിലേറ്റി ലോകത്തിന് മുന്നിലേക്ക് കൊണ്ടുപോകാൻ ശേഷിയുള്ള എഴുത്തുകാർ നമുക്കുമുണ്ടല്ലോ. പിന്നെന്തുകൊണ്ടാണ് അതുപോലെ വിപണി സാധ്യതകൾ വിനിയോഗിക്കാൻ നമുക്ക് കഴിയാത്തത്?
പെരുമാൾ മുരുകനെ ഞാൻ തമിഴിൽ വായിച്ചിട്ടില്ല. മലയാളത്തിൽ വിവർത്തനംചെയ്തു വന്നവയാണ് വായിച്ചിട്ടുള്ളത്. അദ്ദേഹം ഒരു വലിയ എഴുത്തുകാരനാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അവ തമിഴ് ലിറ്റററി ഫിക്ഷന്റെ മുഖമാണെന്നും തോന്നിയില്ല. ഹിന്ദുത്വവാദികളുടെ വേട്ടയാടലിന് അദ്ദേഹം വിധേയനായി. സ്വാഭാവികമായും അന്ന് അദ്ദേഹത്തിനൊപ്പം ആളുകൾ നിന്നു. അതോടെ അദ്ദേഹം വിപണിയുടെയും ഭാഗമായി മാറി. അതുകൊണ്ട് തമിഴിനും അവിടത്തെ മറ്റ് എഴുത്തുകാർക്കും ഗുണമുണ്ടായെങ്കിൽ നല്ലകാര്യം. ഇതേപോലെ ഒരു സംഭവം ഉണ്ടായി ഇവിടെനിന്ന് ഒരു എഴുത്തുകാരൻ പൊടുന്നനെ ഉയർന്നുവരാത്തതിലാണോ സുഹൈബിന് ദുഃഖം?
ഇന്ന് മലയാളത്തിൽ എഴുതുന്ന പലരുടെയും രചനകൾ ഇംഗ്ലീഷിലേക്ക് വരുന്നുണ്ട്. ഇംഗ്ലീഷിലേക്ക് വരുമ്പോഴും ആഗോള വിപണിയിലേക്കല്ല അവ എത്തുന്നത്. സൗത്ത് ഏഷ്യൻ ഇന്ത്യൻ ഇംഗ്ലീഷ് വിപണിയിലേക്കാണ്. പബ്ലിഷിങ് കോഗ്ലോമറേറ്റുകളുടെ വിപണി താൽപര്യങ്ങൾക്ക് അനുസരിച്ചാണ് അവയൊക്കെ സംഭവിക്കുന്നത്. ഇന്‍റർനാഷനൽ എഡിഷൻ വേണോ, ലോക്കൽ മതിയോ എന്ന് അവരാണ് തീരുമാനിക്കുക.
ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തിന് അരുന്ധതി റോയിക്കുശേഷം വലിയ മാറ്റം ഉണ്ടായി. അതിനുമുമ്പും ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരുണ്ടായിരുന്നു. ഒറ്റ സംഭവത്തിന്‍റെയും ഒരു രചനയുടെയും ഒക്കെ കാര്യംകൊണ്ട് എഴുത്തുകാരനും ഭാഷയുമൊക്കെ ശ്രദ്ധിക്കപ്പെട്ടേക്കാം. മാർകേസിന്‍റെ കാലത്തും അതിനു മുമ്പും ലാറ്റിനമേരിക്കയിൽ പ്രതിഭാശാലികളായ എഴുത്തുകാർ ധാരാളമുണ്ടായിരുന്നു. ഇംഗ്ലീഷിലേക്ക് വിവർത്തനവും വന്നിരുന്നു. പക്ഷേ, ആഗോളവിപണിയുടെ ഭാഗമായി അവർ ഉയർത്തപ്പെടുന്നത് മാർകേസിന്‍റെ പ്രശസ്തിയുടെ തണലിൽകൂടിയാണ്. അതുപോലെ ഇതിനെ കാണേണ്ടതില്ല എന്നാണ് എന്‍റെ അഭിപ്രായം.
ഇംഗ്ലീഷിൽ പ്രശസ്തരായില്ലെങ്കിലും നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമായി മലയാളത്തിലെ എഴുത്തുകാർ തുടരുന്നില്ലേ. ഇംഗ്ലീഷിൽ ഒട്ടും ശ്രദ്ധേയനാകാത്ത എഴുത്തുകാരനായിരുന്നു എം.ടി. തകഴിക്കും ബഷീറിനുമാണ് കുറച്ച് വിവർത്തനം ഉണ്ടായത്. പക്ഷേ, ബഷീറും ഉറൂബും എം.ടിയും വിജയനുമെല്ലാം ആഗോളവിപണിയുടെ ഭാഗമാകാതെ ഈ ചെറിയ വിപണിയിൽനിന്ന്, നമ്മുടെ സംസ്കാരത്തിൽനിന്ന് ഇളക്കിമാറ്റാനാകാത്ത ഘടകമായി മാറിയില്ലേ. എം. മുകുന്ദനൊക്കെ നല്ല വിവർത്തനങ്ങൾ വരുന്നത് ഇപ്പോൾ മാത്രമാണ്.
തന്‍റെ കൃതികൾ പുരുഷൻമാർ എഡിറ്റ് ചെയ്യുന്നതിലും വിവർത്തനം ചെയ്യുന്നതിലും തനിക്ക് താൽപര്യമില്ല എന്ന് കെ.ആർ. മീര അഭിപ്രായപ്പെട്ടിരുന്നു. വനിതകൾക്കുമാത്രം മനസ്സിലാക്കാൻ കഴിയുന്ന ചില വൈകാരിക ഘടകങ്ങൾ തന്‍റെ എഴുത്തിലുള്ളതിനാൽ വനിതകൾ മാത്രം അതിനു മതി എന്നാണ് മീരയുടെ വാദം. ഈ നിലപാട് എത്രത്തോളം ശരിയാണ്?
സ്ത്രീകൾക്ക് മാത്രമായ ചില അനുഭവ ലോകങ്ങളുണ്ട്. അത് മറ്റൊരു വനിതക്ക് എളുപ്പം മനസ്സിലാക്കാനും താദാത്മ്യം പ്രാപിക്കാനും കഴിയും. വനിതയായ ഒരു എഡിറ്റർക്കും വിവർത്തകക്കും അത് കഴിയുമെന്ന വാദം ആശയപരമായ ഒരു നിലപാടാണ്. ഇന്ന് വനിത എഴുത്തുകാർക്ക് അവരുടെ ശബ്ദം കനത്തിൽ കേൾപ്പിക്കാൻ അവസരമുണ്ട്. എന്‍റെ വിവർത്തനവും എഡിറ്റിങ്ങും വനിത ചെയ്താൽ മതിയെന്ന് പറയാനുള്ള കരുത്ത് വന്നില്ലേ. അതൊരു നല്ല കാര്യമാണ്. പുരുഷൻമാരുടെ കൃതികൾ സ്ത്രീകളും സ്ത്രീകളുടേത് പുരുഷൻമാരും വിവർത്തനംചെയ്തിട്ടുണ്ട്. മഹത്തായ പല കൃതികളും നാം വായിച്ചതങ്ങനെയാണ്.
മലയാളത്തിലെ ഏറ്റവും മൗലികതയുള്ള രചയിതാവായി താങ്കൾ പരിഗണിക്കുന്നത് ആരെയാണ്?
വളരെ പ്രശ്നഭരിതമായ ഒരു വാക്കാണ് മൗലികത. യഥാർഥത്തിൽ എന്താണ് മൗലികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നോവൽ എന്ന നവീന രചനാസങ്കേതത്തെ ഇംഗ്ലീഷിൽനിന്ന് പരിചയപ്പെട്ട് മലയാളത്തിൽ കൊണ്ടുവന്ന ഒ. ചന്തുമേനോൻ മൗലികതയുള്ള എഴുത്തുകാരനല്ലേ. അതേപോലെ സി.വി. രാമൻപിള്ള. മാതൃകകളെ അതേപടി പകർത്തി, സ്വന്തമായല്ലാതെ എഴുതുന്നതിനെയാണ് മൗലികതയില്ലായ്മ എന്ന് പറയുന്നത്. അങ്ങനെയൊന്നും മലയാളത്തിൽ അധികം പേരില്ല.
എഡിറ്റർ എന്ന നിലയിൽ താങ്കൾക്ക് ഒരു ബഹുമുഖ ജീവിതമുണ്ടല്ലോ. പത്രപ്രവർത്തനത്തിലും സാഹിത്യ സമാഹാരങ്ങളുടെയും എൻസൈക്ലോപീഡിയകളുടെയും മറ്റും എഡിറ്റർ എന്ന നിലയിലും. നിരൂപണവും എഡിറ്റിങ്ങും തമ്മിലുള്ള ബന്ധമെന്താണ്?
സാഹിത്യകൃതികളും വൈജ്ഞാനികഗ്രന്ഥങ്ങളുമാണ് ഞാൻ എഡിറ്റ് ചെയ്തിട്ടുള്ളത്. പ്രസാധന സ്ഥാപനങ്ങളിലെ പ്രഫഷനൽ എഡിറ്റർമാർ ചെയ്യുന്ന ജോലിയിൽനിന്ന് വ്യത്യസ്തമാണിത്. ഏതാനും ലേഖനങ്ങളോ ഒരാളുടെ മുഴുവൻ രചനകളോ സമാഹരിച്ച് എഡിറ്റർ എന്നു പേരുവെക്കുന്ന ജോലിയല്ല സ്കോളർലി എഡിറ്ററുടേത്. സാഹിത്യത്തിലെ ഒരു പുതിയ വികാസം അടയാളപ്പെടുത്തുന്നതിനായി പ്രാതിനിധ്യസ്വഭാവമുള്ള രചനകൾ ഉൾപ്പെടുത്തി ഒരു സമാഹാരം, അത് കവിതയോ ചെറുകഥയോ നിരൂപണമോ ആകാം, എഡിറ്റ് ചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരമൊരു സമാഹാരം പ്രസക്തവും പുതുമയുള്ളതുമായിരിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. സാഹിത്യത്തിനും പഠനത്തിനും വായനക്കാർക്കും പുതിയ വെളിച്ചങ്ങൾ നൽകാത്ത സമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ട് വിശേഷിച്ച് ഗുണമൊന്നുമുണ്ടാവില്ല. തിരഞ്ഞെടുത്ത സമാഹാരങ്ങൾ എഡിറ്റ് ചെയ്യുമ്പോഴും ഇത് പ്രധാനമാണ്.
സവിശേഷമായ ഒരു ആശയത്തെയോ രചനാരീതിയെയോ ഒക്കെ മുൻനിർത്തിയാവണം ആ തിരഞ്ഞെടുപ്പ്. ഒരു എഴുത്തുകാരന്‍റെ കൃതിയോ മുഴുവൻ കൃതികളുമോ എഡിറ്റ് ചെയ്യുമ്പോഴും ഒട്ടേറെ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. പഴയ കൃതികൾ എഡിറ്റ് ചെയ്ത് വീണ്ടും പ്രസിദ്ധീകരിക്കുമ്പോൾ ടെക്സ്ച്വൽ ക്രിട്ടിസിസത്തിന്‍റെ രീതിശാസ്ത്രം എഡിറ്റർ പിന്തുടരണം. ഒ.വി. വിജയന്‍റെ ലേഖനങ്ങൾ എന്ന സമ്പൂർണ സമാഹാരവും വിജയൻ എഴുതിയിരുന്ന ഇന്ദ്രപ്രസ്ഥം എന്ന പംക്തിയിലെ മുഴുവൻ ലേഖനങ്ങളുടെ സമാഹാരവും എം. കൃഷ്ണൻനായരുടെ ‘സാഹിത്യവാരഫല’വും എഡിറ്റ് ചെയ്തപ്പോഴൊക്കെ അത് ശ്രദ്ധിച്ചിരുന്നു. പിൽക്കാലത്തുണ്ടായ പ്രസിദ്ധീകരണങ്ങളിൽ ധാരാളം ഒഴിവാക്കലുകളും പിശകുകളും കടന്നുകൂടിയതാണ് ‘ഇന്ദുലേഖ’യുടെ ചരിത്രം. ചന്തുമേനോൻ ജീവിച്ചിരുന്നകാലത്ത് അദ്ദേഹംതന്നെ മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിച്ച 1890ലെ രണ്ടാം പതിപ്പ് കണ്ടെത്തിയാണ് പാഠശുദ്ധി വരുത്തി ആവശ്യമായ വിശദീകരണ കുറിപ്പുകൾ സഹിതം ഞാനും ഡോ. പി. വേണുഗോപാലനും ചേർന്ന് ഇന്ദുലേഖയുടെ ക്രിട്ടിക്കൽ എഡിഷൻ പ്രസിദ്ധീകരിച്ചത്. സാഹിത്യ നിരൂപണത്തിന്‍റെയും പഠനത്തിന്‍റെയും ഭാഗമാണതെല്ലാം. വൈജ്ഞാനിക ഗ്രന്ഥങ്ങൾ അതിന്‍റെ ഭാഗമല്ല.

കെ.ആർ. മീരക്കും ഷിനിലാലിനുമൊപ്പം പി.കെ. രാജശേഖരൻ
‘ഇന്ദുലേഖ’യുടെ ആദ്യ പതിപ്പുകൾ കണ്ടെത്തിയതും ശുദ്ധപാഠം പ്രസിദ്ധീകരിച്ചതും മലയാള നോവലിന്‍റെ ചരിത്രത്തിലെ തന്നെ സുപ്രധാന സംഭവങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. അതിലേക്ക് എത്തിയത് എങ്ങനെയാണ്?
പലപ്പോഴുമുള്ള ‘ഇന്ദുലേഖ’ വായനകളിൽ എനിക്ക് ഒട്ടേറെ സംശയങ്ങൾ ഉണ്ടായിരുന്നു. ചിലത് വിട്ടുപോയതുപോലെയോ ചില പൊരുത്തക്കേടുകൾ ഉള്ളതുപോലെയോ ഒക്കെ. നോവലിൽ ഒരിടത്ത് ‘മാധവൻ ഇന്ദുലേഖയെ സ്വയംവരം ചെയ്തു’ എന്ന് കാണാം. ഇന്ത്യൻ വിവാഹ സങ്കൽപത്തിൽ സ്വയംവരം സ്ത്രീ ചെയ്യുന്നതാണ്. നിയമജ്ഞനായിരുന്ന ഒ. ചന്തുമേനോൻ ‘ഇന്ദുലേഖ മാധവനെ സ്വയംവരം ചെയ്തു’ എന്നല്ലേ എഴുതേണ്ടത് എന്നായിരുന്നു എന്‍റെ സംശയം. ‘ഇന്ദുലേഖ’യിലെ മുഖ്യസംഘർഷം നായകനായ മാധവൻ കാരണവരായ പഞ്ചുമേനോനെ ധിക്കരിച്ച് ശിന്നനെ ഇംഗ്ലീഷ് പഠിപ്പിക്കാൻ കൊണ്ടുപോകുന്നതാണ്. ശിന്നന് അവരുമായുള്ള ബന്ധമെന്തെന്ന് നോവലിൽ വ്യക്തമല്ല. അതുപോലെ തന്നെ ചില കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തെപ്പറ്റി പീഠികയിൽ പറഞ്ഞിട്ടുണ്ട് എന്ന് നോവലിൽ കാണാം. പീഠിക എന്ന പേരിൽ ഒരു ഭാഗം പുസ്തകത്തിലില്ല.
താൻ ജീവിച്ചിരുന്ന കാലത്ത് പ്രസിദ്ധീകരിച്ച ഇന്ദുലേഖയുടെ ഒന്നും രണ്ടും പതിപ്പുകൾക്ക് ചന്തുമേനോൻ എഴുതിയ വ്യത്യസ്തമായ അവതാരികകളെയാണ് പീഠിക എന്ന നിലയിൽ പൊതുവെ സങ്കൽപിച്ചിരുന്നത്. ‘ഇന്ദുലേഖ’ക്കുണ്ടായ, ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരിഭാഷയും ഇത്തരം ഇടർച്ചകൾ ശ്രദ്ധിച്ചിരുന്നില്ല. കേരള സർവകലാശാലയിലെ പ്രഫസറും കഥകളി പണ്ഡിതനും സി.വി. രാമൻപിള്ളയുടെ നോവലുകൾ അനോട്ടേറ്റ് ചെയ്ത ടെക്സ്ച്വൽ ക്രിട്ടിക്കുമായ സുഹൃത്ത് ഡോ. പി. വേണുഗോപാലനുമായി ഞാൻ ഇത്തരം സംശയങ്ങൾ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിനുമുണ്ടായിരുന്നു പലതരം സംശയങ്ങൾ. അങ്ങനെയാണ് ഞങ്ങൾ ‘ഇന്ദുലേഖ’യെ തേടാൻ തുടങ്ങിയത്. ആദ്യപതിപ്പുകൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ചില അഭ്യുദയകാംക്ഷികളുടെ അഭിപ്രായം മാനിച്ച് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് രണ്ടാം പതിപ്പിന്‍റെ അവതാരികയിൽ ചന്തുമേനോൻ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ടാം പതിപ്പാണ് കണ്ടെത്തേണ്ടത്. അതിലാണല്ലോ തിരുത്തലുകളുള്ളത്. ചന്തുമേനോൻ ജീവിച്ചിരിക്കവെ പിന്നീട് ‘ഇന്ദുലേഖ’ക്ക് വേറെ പതിപ്പുകൾ ഇറങ്ങിയിട്ടുമില്ല. കേരളം മുഴുവൻ ഈ പതിപ്പിനായി പരതി. കൽക്കത്ത നാഷനൽ ലൈബ്രറിയിൽ വരെ പോയി നോക്കി. എല്ലായിടത്തും ഉള്ളത് 1955നു ശേഷം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഇറക്കിയ പതിപ്പുകളാണ്.
ഒടുവിൽ 1950നു മുമ്പ് പ്രസിദ്ധീകരിച്ച ഒരു പതിപ്പ് കണ്ടെത്തി; കേരളത്തിൽനിന്നു തന്നെ. ഒരു സ്വകാര്യ ശേഖരത്തിൽനിന്നാണ് കിട്ടിയത്. ആ പതിപ്പിന്‍റെ അവസാനഭാഗം ഇപ്പോൾ നോവൽ അവസാനിക്കുന്നതുപോലെ അല്ല. എട്ടു പാരഗ്രാഫുകൾ പിന്നെയുമുണ്ട്. ആ പതിപ്പിലും പക്ഷേ, പീഠിക ഇല്ല. പക്ഷേ, ആ ഒത്തുനോക്കലിൽ ഒരു കാര്യം വ്യക്തമായി. 1955ൽ ‘ഇന്ദുലേഖ’യുടെ പകർപ്പവകാശ കാലാവധി അവസാനിച്ചിരുന്നു. പിന്നീട് എസ്.പി.സി.എസ് പ്രസിദ്ധീകരിക്കാൻ തുടങ്ങിയതു മുതലാണ് തിരുത്തലുകളും ഒഴിവാക്കലുകളും നോവലിൽ പ്രത്യക്ഷപ്പെടുന്നത്. മലബാറുകാരനായ ഒരാൾ എഴുതിയ നോവലിനെ മധ്യ തിരുവിതാംകൂറുകാർ എഡിറ്റ് ചെയ്തിരിക്കുകയാണ്. അവർക്ക് മനസ്സിലാകാത്ത വാക്കുകളെല്ലാം ജനറലൈസ് ചെയ്തു. ‘ഇവിടെ കഥ സമാപിക്കുന്നു’ എന്ന് എഴുതിയിടത്തുവെച്ച് നോവൽ അവർ വെട്ടി അവസാനിപ്പിച്ചു. തുടർന്നുള്ള പാരഗ്രാഫുകൾ ഒഴിവാക്കി. കഥ അവസാനിച്ചാൽ ബാക്കിയെന്തിന് എന്നായിരുന്നിരിക്കണം അവരുടെ ചിന്ത.

സി.വി. രാമൻപിള്ള
ഈ കണ്ടെത്തൽ സാധാരണപോലെ എഴുതുകയല്ലല്ലോ ചെയ്തത്. പകരം ഒരു പ്രഭാഷണത്തിൽ അവതരിപ്പിക്കുകയായിരുന്നില്ലേ?
ആ സമയത്ത്, അതായത് 2011ൽ കേരള സർവകലാശാല ഇംഗ്ലീഷ് വകുപ്പിൽ ഞാനൊരു പ്രഭാഷണ പരമ്പര നടത്തുകയായിരുന്നു. കേരള സംസ്കാരത്തെയും മലയാള സാഹിത്യത്തെയും കുറിച്ച് ‘റീ ഇമാജിനിങ് കേരള’ എന്ന പേരിൽ നടത്തിയ പത്ത് ആഴ്ച നീണ്ട പൊതു പ്രഭാഷണ പരമ്പര. അതൊരു പണ്ഡിത സദസ്സായിരുന്നു. ‘ഇന്ദുലേഖ’യുടെ ഈ കണ്ടെത്തൽ അവതരിപ്പിക്കേണ്ടത് ഏതെങ്കിലും അക്കാദമിക ജേണലിലല്ല, ഈ വേദിയിലാണെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ‘റീ റീഡിങ് ഇന്ദുലേഖ’ എന്ന പേരിട്ട സെഷനിൽവെച്ച് അക്കാര്യം വെളിപ്പെടുത്തിയത്. അന്ന് ഈ വെളിപ്പെടുത്തൽ നടക്കുമ്പോൾ അതിന്‍റെ മൂല്യം തിരിച്ചറിഞ്ഞത് മലയാള പത്രങ്ങളായിരുന്നില്ല. ‘ദ ഹിന്ദു’ അടുത്ത ദിവസം ഒന്നാം പേജിൽ നാഷനൽ എഡിഷനിൽ വാർത്ത നൽകി. The lost pages of Indulekha found എന്നായിരുന്നു തലക്കെട്ട്. അതോടെ, ഉത്തരേന്ത്യയിൽനിന്നൊക്കെ പലരും വിളിക്കാൻ തുടങ്ങി.
അപ്പോഴും പീഠിക കിട്ടിയിരുന്നില്ല. അതിനുള്ള അന്വേഷണം പലവഴിക്കും തുടരുകയായിരുന്നു. ഒടുവിൽ ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽനിന്ന് ‘ഇന്ദുലേഖ’യുടെ രണ്ടാം പതിപ്പ് കിട്ടി. രവി ഡി.സിയാണ് അതിന് സഹായിച്ചത്. അപ്പോഴാണ് പീഠിക എന്നത് അവതാരിക അല്ലെന്ന് പൂർണമായും തെളിഞ്ഞത്. കഥാപാത്ര വിവരമാണ് പീഠിക. നോവൽ മനസ്സിലാകുന്നതിനുള്ള ഏറ്റവും വലിയ സൂചികയായിരുന്നു അത്. വായിക്കുന്നവർക്ക് കഥയൊക്കെ മനസ്സിലാകും എന്നുകരുതി പിൽക്കാലത്ത് എഡിറ്റ് ചെയ്തവർ എടുത്തുകളഞ്ഞതാണിത്. നമ്മുടെ പ്രസാധനം എത്രമാത്രം ഉദാസീനമായിരുന്നു എന്നതിന്‍റെ തെളിവാണ്. മലയാളത്തിൽ അച്ചടിച്ചതെല്ലാം ഡിജിറ്റൈസ് ചെയ്ത് ഇന്‍റർനെറ്റിൽ സൗജന്യമായി ലഭ്യമാക്കുന്ന ഗ്രന്ഥപ്പുര ഡോട്ട് ഒ.ആർ.ജി എന്ന മഹാപദ്ധതിയുടെ അമരക്കാരനായ യുവസുഹൃത്ത് ഷിജു അലക്സ് ഒന്നാം പതിപ്പും സംഘടിപ്പിച്ചു തന്നു. (ആ പദ്ധതിയുടെ ഭാഗമാണ് ഞാനും). രണ്ടു പതിപ്പുകളും പരിശോധിച്ചാണ് ഞാനും വേണുഗോപാലനും ചേർന്ന് 2016ൽ ‘ഇന്ദുലേഖ’യുടെ ക്രിട്ടിക്കൽ എഡിഷൻ തയാറാക്കിയത്.
മുഴുവൻ അനോട്ടേറ്റ് ചെയ്തു. എത്രയോ ആഴ്ചകളെടുത്താണ് അത് പൂർത്തിയാക്കിയത്. പട്ടത്തുള്ള വീട്ടിൽനിന്ന് രാവിലെ കാറോടിച്ച് വേണുഗോപാലൻ മലയിൻകീഴിലെ ഈ വീട്ടിൽ വരും. ഈ മുറിയിലിരുന്നാണ് വായന. വൈകുന്നേരം വരെ വായന നീളും. എന്‍റെ അമ്മ ജീവിച്ചിരിക്കുന്ന കാലമാണ്. അവർ ഞങ്ങൾക്ക് ഊണൊരുക്കും. ആ യത്നത്തിൽ അങ്ങനെ അമ്മക്കും ഒരു പങ്കുണ്ടായിരുന്നുവെന്ന് പറയാം. നിസ്സാര മാറ്റങ്ങളേ ഒന്നും രണ്ടും പതിപ്പുകൾ തമ്മിലുള്ളൂ. കഥാഗതിയെ മാറ്റുന്ന ഒരു മാറ്റവുമില്ല. ചില പ്രയോഗങ്ങളൊക്കെ മാത്രമേ കാര്യമായി മാറ്റിയിട്ടുള്ളൂ. യഥാർഥത്തിൽ എഴുത്തുകാരൻ തന്നെ തിരുത്തി പ്രസിദ്ധീകരിച്ചതോടെ രണ്ടാം എഡിഷനാണ് മൂല്യം. അതാണ് ഓതന്‍റിക് എഡിഷൻ. അതിന്‍റെ അടിസ്ഥാനത്തിലാണ് ക്രിട്ടിക്കൽ എഡിഷൻ തയാറാക്കിയത്. എന്‍റെയും വേണുഗോപാലിന്‍റെയും ആമുഖ പഠനങ്ങളോടെ അത് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചു.
ക്രിട്ടിക്കൽ എഡിഷൻ പ്രസിദ്ധീകരിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഈ വിവരം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ചു. കുറച്ചുകാലം കഴിഞ്ഞ് മറ്റൊരു പ്രസാധകൻ മറ്റൊരാളുടെ ആമുഖത്തോടെ ഫസ്റ്റ് എഡിഷൻ പ്രസിദ്ധീകരിച്ചു. പക്ഷേ, ഇതിന്‍റെ ക്രിട്ടിക്കൽ എഡിഷൻ ഇറങ്ങിയ കാര്യമോ നോവലിസ്റ്റ് തന്നെ തിരുത്തിയ ആധികാരികമായ രണ്ടാം പതിപ്പ് ഉണ്ടെന്നോ ഉള്ള സൂചനയോ ഒന്നും അതിലുണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടുപേരും ചെയ്ത, മലയാള സാഹിത്യ ചരിത്രത്തിലെ വലിയ കണ്ടുപിടിത്തങ്ങളിലൊന്നിനെ കുറിച്ച് പരാമർശിക്കുക പോലും ചെയ്യാതിരുന്നത് ഞങ്ങളെ അൽപം വിഷമിപ്പിച്ചിരുന്നു.

എം.ടി. വാസുദേവൻ നായർക്കൊപ്പം പി.കെ. രാജശേഖരൻ, സച്ചിദാനന്ദനൊപ്പം ഒരു പൊതുവേദിയിൽ
ഏതു നിലക്കാണ് അത് സ്വീകരിക്കപ്പെട്ടത്. പൊതുവായനയിലും അക്കാദമിക് രംഗത്തുമുള്ള പ്രതികരണം എങ്ങനെയായിരുന്നു?
സർവകലാശാലകളൊന്നും ആ സമയത്ത് കണ്ട ഭാവം നടിച്ചില്ല. ‘ഇന്ദുലേഖ’യിൽ വന്ന മാറ്റങ്ങൾ സാഹിത്യ വിദ്യാർഥികൾ അറിയേണ്ടതുണ്ടെന്ന കാര്യം അവർ സൗകര്യപൂർവം മറന്നുപോയെന്ന് തോന്നുന്നു.
അതുപോലെ തന്നെയാണല്ലോ ഒ.വി. വിജയന്‍റെ കഥകളുടെയും ലേഖനങ്ങളുടെയും മറ്റ് രചനകളുടെയും സമാഹരണം തുടർന്നുകൊണ്ടിരിക്കുന്നത്?
ജീവിച്ചിരുന്ന കാലത്തേ ഒ.വി. വിജയനെ പിന്തുടരുന്നുണ്ട്. 1984ൽ യൂനിവേഴ്സിറ്റി കോളജിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ‘ധർമപുരാണം’ അപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നില്ല. പിന്നീട് ’80കളുടെ അവസാനം എന്‍റെ ഗവേഷണ കാലത്താണ് കവി കിളിമാനൂർ മധു എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തുന്നത്. അക്കാലം മുതലേ അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടാനും സംസാരിക്കാനും ഒപ്പം സഞ്ചരിക്കാനുമെല്ലാം അവസരം ലഭിച്ചിരുന്നു. ആന്തരികമായി അപാരമായ ധൈര്യവും പുറത്ത് വല്ലാതെ ഭയവുമുള്ള ആളായാണ് അദ്ദേഹത്തെ കുറിച്ച് തോന്നിയിരുന്നത്.
വിചിത്രമായ ചില ശീലങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കൽ കാണാൻ പോകുമ്പോൾ അദ്ദേഹം ‘മോബിഡിക്’ വായിക്കുകയാണ്. മുമ്പു വായിച്ചതാണെങ്കിലും വില കുറഞ്ഞ് കിട്ടിയ മോഡേൺ ലൈബ്രറി എഡിഷൻ വീണ്ടും വായിക്കുകയാണെന്ന് ഗൗരവമെന്നോ തമാശയെന്നോ മനസ്സിലാക്കാനാകാത്ത സ്വരത്തിൽ അദ്ദേഹം പറഞ്ഞു. വായിക്കുമ്പോൾ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒരു സ്പാർക്ക് ലഭിക്കും. അത് ആ കഥയുമായി ഒരുതരത്തിലും ബന്ധമുള്ളതായിരിക്കില്ലെന്നും സൂചിപ്പിച്ചു.
അദ്ദേഹത്തിന്‍റെ ‘കടൽത്തീരത്ത്’ എന്ന പ്രശസ്തമായ കഥ ഉണ്ടാകുന്നത് ഒരു പത്രവാർത്തയിൽനിന്നാണ്. മലേഷ്യയിൽ ഒരു ഗ്രാം കഞ്ചാവുമായി ഒരു യൂറോപ്പുകാരൻ യുവാവ് പിടിയിലായി. അവിടെ ഇതിനൊക്കെ കടുത്ത നിയമങ്ങളാണ്. വിചാരണക്കൊടുവിൽ വധശിക്ഷക്ക് വിധിച്ചു. പാശ്ചാത്യനായതിനാൽ അയാളുടെ രാജ്യം ഇടപെട്ടു. പക്ഷേ, ശിക്ഷയിൽ ഇളവ് കിട്ടിയില്ല. തൂക്കിക്കൊന്നു. ‘ഇന്ത്യൻ എക്സ്പ്രസി’ൽ ഇതുസംബന്ധിച്ച് വന്ന ചെറിയൊരു വാർത്ത വിജയന്‍റെ ശ്രദ്ധയിൽപെട്ടു. അതിൽനിന്നാണ് ‘കടൽത്തീരത്ത്’ ഉണ്ടാകുന്നത്. അദ്ദേഹം പത്രത്തിൽനിന്ന് വെട്ടിയെടുത്ത് ഡയറിയിൽ ഒട്ടിച്ചുവെച്ചത് എന്നെ കാണിച്ചുതന്നിരുന്നു.
’93ൽ ‘പ്രവാചകന്‍റെ വഴി’ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് കലാകൗമുദിയിലാണ് ‘വിജയന്‍റെ സാരസ്വത രഹസ്യങ്ങൾ’ എന്ന ആമുഖ ലേഖനം എഴുതിയത്. 1994ൽ ‘ഖസാക്കി’ന്‍റെ 25ാം വാർഷിക പതിപ്പ് പ്രസിദ്ധീകരിക്കാൻ ഡി.സി ബുക്സ് തീരുമാനിച്ചപ്പോൾ അവതാരിക എഴുതാൻ ഒ.വി. വിജയനാണ് ആവശ്യപ്പെട്ടത്. അതുവരെ ഖസാക്കിന് അവതാരിക ഉണ്ടായിരുന്നില്ല. അതൊക്കെ ഒരു നിയോഗംപോലെ അനുഭവപ്പെടുന്നു. ആ വർഷം തന്നെയാണ് ‘പിതൃഘടികാര’വും പുറത്തുവരുന്നത്.
അദ്ദേഹം മലയാളത്തിൽ എഴുതിയതെല്ലാം സമാഹരിക്കുകയെന്ന ദൗത്യം സ്വന്തം കർത്തവ്യമായി കണ്ട് നിർവഹിക്കുകയാണ് കുറെ വർഷങ്ങളായി. അദ്ദേഹം എഴുതിയ പലതും എവിടെപ്പോയെന്ന് ആർക്കും അറിയില്ല. വിജയൻ എഴുതിയതും വരച്ചതും ഒരു അക്ഷരംപോലും വിട്ടുപോകാതെ അച്ചടിച്ച് പ്രസിദ്ധീകരിക്കണമെന്നത് എന്‍റെ ആഗ്രഹമാണ്. എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല, മലയാളത്തിലെ വലിയ എഴുത്തുകാരിൽ ഒരാളെന്ന നിലയിലും അദ്ദേഹത്തോട് ചെയ്യുന്ന സ്നേഹാദരവാണത്. അത് ശേഖരിക്കപ്പെടേണ്ടതും അച്ചടിക്കപ്പെടേണ്ടതും മലയാളത്തിന്‍റെ ആവശ്യമാണ്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ലേഖനങ്ങൾ, പത്ര പംക്തികൾ എല്ലാം ശേഖരിക്കുന്നു. അങ്ങനെയാണ് ‘ഇന്ദ്രപ്രസ്ഥം’ മുഴുവൻ ശേഖരിച്ച് പുസ്തകമാക്കിയത്.
വിജയൻ എഴുതിയിരുന്ന കോളമായിരുന്നു ‘ഇന്ദ്രപ്രസ്ഥം’. അടിയന്തരാവസ്ഥ കഴിഞ്ഞ് ‘മലയാള നാടി’ലാണ് എഴുതിത്തുടങ്ങിയത്. ’85ൽ ഈ കോളം നിർത്തിയതിനു ശേഷം പന്തളത്തെ പുസ്തകപ്രസാധക സംഘം അത് പ്രസിദ്ധീകരിച്ചു. അന്നുവരെ എഴുതിയതിൽനിന്ന് 35 ലേഖനങ്ങൾ തിരഞ്ഞെടുത്താണ് അവർ ‘ഇന്ദ്രപ്രസ്ഥം’ എന്ന പേരിൽതന്നെ പുസ്തകമാക്കിയത്. ‘മലയാള നാട്ടി’ൽ എങ്ങനെയാണ് വന്നത് അതുപോലെയാണ് അവർ പ്രസിദ്ധീകരിച്ചത്. കോളത്തിന് അടിയിൽ വർഷം സൂചിപ്പിക്കാതെ അതത് മാസം മാത്രം വിജയൻ രേഖപ്പെടുത്തിയിരുന്നു. അവർ പുസ്തകമാക്കിയപ്പോൾ ആ മാസം മാത്രം അതുപോലെ ഉൾപ്പെടുത്തി. ഏതു വർഷം എന്ന് അറിയാൻ ഒരു നിവൃത്തിയുമില്ല. ‘മലയാളനാടി’ലെ അക്ഷരത്തെറ്റുകൾ വരെ അതേപോലെ പ്രസിദ്ധീകരിച്ചു.
’88ൽ ആ പുസ്തകം വീണ്ടും പ്രസിദ്ധീകരിച്ചു. 13 ലേഖനങ്ങൾ വിജയൻ അതിൽ ഉപേക്ഷിച്ചു. അദ്ദേഹം തന്നെ അതിന്‍റെ പേരും മാറ്റി. ‘സന്ദേഹിയുടെ സംവാദം’ എന്ന പേരിൽ കറന്‍റ് ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. വിജയന്‍റെ മരണശേഷം കുറച്ചുകാലത്തിന് ശേഷമാണ് ‘ഇന്ദ്രപ്രസ്ഥം’ മുഴുവൻ സമാഹരിക്കാമെന്ന ചിന്തയുണ്ടാകുന്നത്. അങ്ങനെ പുസ്തകമായി പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മുഴുവൻ ‘ഇന്ദ്രപ്രസ്ഥം’ കോളങ്ങളും സമാഹരിക്കാൻ തീരുമാനിച്ചു. ’75 മുതൽ ’94 വരെയാണ് ഈ കോളം തുടർന്നത്. ആദ്യകാലത്ത് ‘മലയാളനാടി’ലായിരുന്നെങ്കിൽ പിന്നീട് ‘മാതൃഭൂമി’, ‘ഇന്ത്യ ടുഡേ’, ‘സമകാലിക മലയാളം’ തുടങ്ങിയ വാരികകളിലും എഴുതി. അതുകൊണ്ടുതന്നെ സമാഹരണം ശ്രമകരമായിരുന്നു. ‘മലയാള നാടി’ൽ എഴുതിയിരുന്നത് അടിയന്തരാവസ്ഥക്ക് തൊട്ടുടനെയാണ്. സ്വാഭാവികമായി ആ കാലമായിരുന്നു പ്രധാനവിഷയം. പിൽക്കാലത്ത് മറ്റു മാഗസിനുകളിൽ എഴുതിയപ്പോൾ വിഷയങ്ങൾ മാറി. അതിന് ഒരു പൊതുസ്വഭാവമില്ല. അതെല്ലാം സമാഹരിക്കുകയാണ്. ’84 വരെ ‘മലയാള നാടി’ൽ എഴുതിയത് മുഴുവൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവയുടെ പ്രസിദ്ധീകരണം ഉടനെയുണ്ടാകും. ഒരു സമാഹാരത്തിലും വരാത്ത രണ്ട് മൂന്നു കഥകളും ഇപ്പോൾ കിട്ടിയിട്ടുണ്ട്. ‘വിജയന്‍റെ ലേഖനങ്ങൾ’ എന്ന സമാഹാരം ഞാൻ നേരത്തേ എഡിറ്റ് ചെയ്തിരുന്നു.

ഒ.വി. വിജയൻ, എം. കൃഷ്ണൻ നായർ
ഇക്കാലത്തെ മാധ്യമപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും നഷ്ടമാകുന്നത് ഒ.വി. വിജയനെപ്പോലെ ഒരാളുടെ സാന്നിധ്യമാണെന്ന് താങ്കൾ അടുത്തിടെ പറഞ്ഞിരുന്നു?
അതെ. വിജയനെപ്പോലുള്ള ഒരു രാഷ്ട്രീയചിന്തകന്‍റെയും പംക്തികാരന്‍റെയും ആവശ്യം ഇക്കാലത്തിനുണ്ട്, ഒപ്പം കാർട്ടൂണിസ്റ്റിന്‍റെയും. ദൈനംദിന രാഷ്ട്രീയത്തിന്‍റെ ആനുകാലികത്വത്തിൽ നിന്നുകൊണ്ടുതന്നെ അതിനപ്പുറത്തേക്ക് കടന്ന് രാഷ്ട്ര വ്യവഹാരത്തിലെ പ്രതിസന്ധികളിലേക്കും അന്തസ്സാരശൂന്യതകളിലേക്കും വെളിച്ചം വീശിയ വ്യത്യസ്തവും ഗഹനവുമായ ചിന്തകളാണ് തന്‍റെ രാഷ്ട്രീയ ലേഖനങ്ങളിലും പംക്തി ലേഖനങ്ങളിലും വിജയൻ അവതരിപ്പിച്ചത്. കമ്യൂണിസത്തെപ്പറ്റിയുള്ള വിമർശനം തന്നെ ഉദാഹരണം. കഴിഞ്ഞ തലമുറയിലെ രാഷ്ട്രീയക്കാർ വിജയന്‍റെ പംക്തി രചനകൾ ഗൗരവപൂർവം വായിക്കുമായിരുന്നു. ഇന്നത്തെ രാഷ്ട്രീയക്കാർക്ക് മാധ്യമപ്രവർത്തകരിൽ നിന്നോ കോളമിസ്റ്റുകളിൽ നിന്നോ ആനുകാലികത്വത്തിനപ്പുറമുള്ള വെളിച്ചം കിട്ടുന്നുണ്ടെന്ന് തോന്നുന്നില്ല.
പുതിയ എഴുത്തുകാർക്ക് ഒ.വി. വിജയനിൽനിന്ന് പഠിക്കാനുള്ളത് എന്താണ്?
മുൻതലമുറയിലെ എഴുത്തുകാർ പിൻതലമുറക്കാർക്ക് പാർക്കാനും പുറപ്പെട്ടുപോരാനുമുള്ള സത്രങ്ങളാണ്. ചിലത് കൂടെക്കൊണ്ടുവരുന്നു, ചിലത് ഉപേക്ഷിച്ചുപോരുന്നു. അവരുടെ ജീവിതവീക്ഷണമോ കലാദർശനമോ പുതുതലമുറക്ക് സ്വീകരിക്കാനാവില്ല. എന്നാൽ രചനാപരമായ കാര്യങ്ങളിൽ, കലാതന്ത്രങ്ങളിൽ അവരുടെ രചനകളെ പാഠപുസ്തകങ്ങളായി കാണണം. ഒ.വി. വിജയനിൽനിന്നും അങ്ങനെതന്നെ. എഴുത്തിലെ ബ്രെവിറ്റി, പദയോജനകൾ, വാക്കുകൾ തിരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മത അങ്ങനെ ഒട്ടേറെ ഘടകങ്ങൾ തീർച്ചയായും പുതിയ എഴുത്തുകാർക്കും മനസ്സിലാക്കാനുണ്ട്. മറ്റു പല പ്രധാനപ്പെട്ട എഴുത്തുകാരിൽനിന്നും അതുവേണം.
മലയാള സാഹിത്യത്തിലെ ഒരു സംഭവമായിരുന്നല്ലോ എം. കൃഷ്ണൻനായരുടെ പംക്തിയായ ‘സാഹിത്യവാരഫലം’. അദ്ദേഹം മരിച്ച് 18 വർഷമായപ്പോഴാണ് താങ്കൾ എഡിറ്റ് ചെയ്ത് ആ ലേഖനങ്ങൾ സമ്പൂർണമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. അതിലേക്കുള്ള വഴി എങ്ങനെയായിരുന്നു?
സാഹിത്യത്തിലെ മാത്രമല്ല പത്രപംക്തിയെഴുത്തിന്‍റെയും ചരിത്രത്തിലെ അപൂർവതയാണ് ‘സാഹിത്യവാരഫലം’. അത് സാഹിത്യനിരൂപണമല്ല ലിറ്റററി ജേണലിസം മാത്രമാണെന്ന് കൃഷ്ണൻനായർ ആവർത്തിച്ചു പറഞ്ഞിരുന്നു. പക്ഷേ, പല തലമുറകളിൽപെട്ട വായനക്കാർ അതിനെ നിരൂപണമായി തന്നെ കണ്ടു. ഇത്രയും ജനപ്രീതി നേടിയ മറ്റൊന്നും മലയാളത്തിലെ കോളമെഴുത്തിന്‍റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഹൈസ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾതന്നെ ഞാൻ ‘മലയാളനാട്’ വാരികയും അതിൽ പ്രസിദ്ധീകരിച്ചിരുന്ന ‘സാഹിത്യവാരഫല’വും വായിച്ചിരുന്നു; മനസ്സിലാക്കിയൊന്നുമായിരുന്നില്ല. കോളജിലെത്തിയപ്പോഴും അതു തുടർന്നു. കൃഷ്ണൻനായർ സാറിനെ കാണാൻ എത്രയോ തവണ പോയിട്ടുണ്ട്. പ്രസംഗങ്ങളും കേട്ടിട്ടുണ്ട്. കാണാൻ ചെല്ലുമ്പോൾ പുസ്തകങ്ങൾ സമ്മാനമായി തരും.
അറിയാൻ വഴിയില്ലാത്ത എത്രയോ വിശിഷ്ടമായ നോവലുകൾ വായിക്കാൻ നിർദേശിച്ചിട്ടുണ്ട്. കൃഷ്ണൻനായർ സാർ കൊടുത്ത കസൻദ്സാക്കിസിന്റെ സോർബ ദ ഗ്രീക് ഇംഗ്ലീഷ് വിവർത്തനം ഞങ്ങളുടെ അധ്യാപകനായിരുന്ന നരേന്ദ്രപ്രസാദ് എനിക്കും അൻവർ അലിക്കും വായിക്കാൻ തന്നത് ഓർമയുണ്ട്. ഭാവിയിൽ ‘സാഹിത്യവാരഫലം’ എഡിറ്റ് ചെയ്യുമെന്നൊന്നും അന്ന് വിചാരിക്കാൻ വഴിയില്ലല്ലോ. മാതൃഭൂമി ബുക്സിന്‍റെ മാനേജർ കെ. നൗഷാദാണ് ‘സാഹിത്യവാരഫലം’ ആറു വാള്യമായി ഏഴായിരം പേജിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതിന് പിന്നിലെ ചാലകശക്തി. 2019ലാണ് ആലോചന തുടങ്ങുന്നത്. പണ്ട് മാതൃഭൂമി ഗ്രന്ഥവേദി എന്നുപേരായിരുന്ന മാതൃഭൂമി ബുക്സിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രോജക്ട് എന്ന നിലയിലാണ് ‘സാഹിത്യവാരഫലം’ എഡിറ്റ് ചെയ്യാനുള്ള ചുമതല എന്നെ ഏൽപിച്ചത്.

അരുന്ധതി റോയ്, പെരുമാൾ മുരുകൻ
1969ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ ‘സാഹിത്യവാരഫല’ത്തിന്‍റെ ലക്കങ്ങളെല്ലാം ലഭ്യമായിരുന്നോ... പഴയതൊക്കെ കിട്ടിയതെങ്ങനെയാണ്?
അതൊരു കഠിനാധ്വാനമായിരുന്നു. പ്രവർത്തനം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ കോവിഡ് മഹാമാരിയുടെ അടച്ചിരിപ്പായി. ലൈബ്രറികൾ തുറക്കാതായി. കോവിഡിനു ശേഷം പുസ്തകപ്രസാധനവും പത്രങ്ങളുമെല്ലാം വലിയ പ്രതിസന്ധിയിലായത് ഓർമയില്ലേ. പ്രോജക്ട് വൈകാൻ തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾ മാറിയശേഷമാണ് പ്രവർത്തനം പുനരാരംഭിച്ചത്.
1969 തൊട്ട് 2006 വരെ മൂന്നു വാരികകളിലായാണ് എം. കൃഷ്ണൻ നായർ ‘സാഹിത്യവാരഫലം’ ആഴ്ചതോറും എഴുതിയത്. ‘മലയാളനാടി’ലും ‘കലാകൗമുദി’യിലും ‘സമകാലിക മലയാള’ത്തിലും. ’69 മേയ് 18ന് കൊല്ലത്തുനിന്ന് തുടങ്ങിയ ‘മലയാളനാടി’ന്‍റെ ആദ്യലക്കത്തിലാണ് ആ പംക്തിയുടെ തുടക്കം. ’83ൽ ‘മലയാള നാട്’ നിലക്കുംവരെ അതിൽ തുടർന്നു. ആ 15 വർഷത്തെ ലക്കങ്ങൾ കിട്ടാനായിരുന്നു ഏറ്റവും പ്രയാസം. പഴയ ആനുകാലികങ്ങൾ സൂക്ഷിക്കുന്ന വളരെ കുറച്ച് ലൈബ്രറികളല്ലേ കേരളത്തിലുള്ളൂ. പല ലൈബ്രറികളും വ്യക്തികളും സഹായിച്ചു.
‘സാഹിത്യവാരഫലം’ പ്രസിദ്ധീകരിക്കുന്നുവെന്ന് ഓൺലൈനിൽ വന്ന ചെറിയൊരു വാർത്ത കണ്ട് തിരുവനന്തപുരത്തെ മേനംകുളം സ്വദേശിയായ ജോസഫ് ഡിക്രൂസ് എന്നൊരാൾ വിളിച്ചു. ഗതാഗത വകുപ്പിൽനിന്ന് വിരമിച്ച അദ്ദേഹം ‘സാഹിത്യവാരഫല’ത്തിന്‍റെ ആരാധകനായിരുന്നു. കുറച്ചു ‘വാരഫലം’ അദ്ദേഹം ബൈൻഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. മാതൃഭൂമി ബുക്സിലെ വി.ജെ. പ്രവീണുമൊത്ത് ഒരുദിവസം മേനംകുളത്തെ ജോസഫ് ഡിക്രൂസിന്‍റെ വീട്ടിലെത്തി. 14 വാള്യങ്ങളുള്ള ചെറിയ പുസ്തകങ്ങളായി ‘സാഹിത്യവാരഫലം’ അദ്ദേഹം ബൈൻഡ് ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. 150-200 ലക്കങ്ങളുണ്ടാകും.
അതു മുഴുവൻ എടുത്തോളാൻ അദ്ദേഹം പറഞ്ഞു. പക്ഷേ, ഒരു പ്രശ്നം ഉണ്ടായി. അദ്ദേഹം ‘സാഹിത്യവാരഫല’ത്തിന്‍റെ പേജുകൾ വെട്ടിയെടുത്താണ് ബൈൻഡ് ചെയ്തിരിക്കുന്നത്. ആ പേജിൽ അത് പ്രസിദ്ധീകരിച്ച തീയതി ഇല്ലെന്ന് മാത്രമല്ല, അദ്ദേഹം അത് രേഖപ്പെടുത്തിയിട്ടുമില്ല. ‘മലയാളനാടി’ന്‍റെ ഉള്ളടക്ക പേജിൽ മാത്രമാണ് തീയതിയും മാസവും വർഷവും ലക്കം നമ്പറും ഉണ്ടാകുക. അത് ഇളകിപ്പോയാൽ തീയതി കണ്ടുപിടിക്കാൻ ഒരു മാർഗവുമില്ല. കാലം ക്രമപ്പെടുത്തുകയെന്നത് വലിയ ദൗത്യമായി. പിന്നീട് കണ്ടുകിട്ടുന്നവ വെച്ച് കൂട്ടിനോക്കി വർഷങ്ങളെടുത്താണ് അത് ക്രമപ്പെടുത്തിയത്. അപ്പോഴും ആകെ ഉള്ളതിന്‍റെ 10 ശതമാനത്തിന് അടുത്ത് മാത്രമേ ആയിട്ടുള്ളൂ. എന്‍റെ സ്വകാര്യശേഖരത്തിൽനിന്നും മറ്റിടങ്ങളിൽനിന്നുമായി ബാക്കിയുള്ളവയും കണ്ടെടുത്തു.
എല്ലാം കഴിഞ്ഞപ്പോഴും ഒരു പ്രശ്നം ശേഷിച്ചു. ഒന്നാം ലക്കം കിട്ടിയിട്ടില്ല. അതിനി തിരയാൻ ഇടമൊന്നും ബാക്കിയില്ല. ഒരുദിവസം എഴുത്തുകാരിയായ സുഹൃത്ത് കെ.എ. ബീനയുമായി സംസാരിക്കുമ്പോൾ ഇക്കാര്യം സൂചിപ്പിച്ചു. തന്‍റെ പിതാവ് സൂക്ഷിച്ചുവെച്ച ‘മലയാളനാട്’ അടക്കം മാഗസിനുകളുടെ വലിയ ശേഖരം വീട്ടിൽ ഇരിപ്പുണ്ടെന്ന കാര്യം ബീന അപ്പോഴാണ് പറയുന്നത്. ബീനയുടെ കുടുംബവീട്ടിൽനിന്ന് ‘സാഹിത്യവാരഫല’ത്തിന്‍റെ ഒന്നാം ലക്കം അടക്കം അതുവരെ കിട്ടാത്തവ കുറേ ലക്കങ്ങൾ കിട്ടി.

അടൂരിനൊപ്പം
എഡിറ്റിങ്ങിന്റെ രീതി എന്തായിരുന്നു?
പാഠപരമായ പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു പ്രധാനം. എം. കൃഷ്ണൻനായർ കൈയെഴുത്തു പ്രതിയാണ് വാരികകൾക്ക് നൽകിയിരുന്നത്. കോപ്പി സൂക്ഷിച്ചിരുന്നില്ല. ആദ്യകാലത്ത് ഹാൻഡ് കമ്പോസിങ്ങിലൂടെയാണ് വാരികകൾ പേജ് തയാറാക്കിയിരുന്നത്, വിശേഷിച്ചും ‘മലയാളനാട്’. ഹാൻഡ് കമ്പോസിങ്ങിലും ഫോട്ടോ കമ്പോസിങ്ങിലും സ്വാഭാവികമായും അക്ഷരപ്പിശകുകൾ കടന്നുകൂടും. പ്രൂഫ് റീഡിങ്ങിലും ഒട്ടേറെ അബദ്ധങ്ങൾ സംഭവിച്ചിരുന്നു. വ്യാകരണശുദ്ധിയിലും പദശുദ്ധിയിലും കർക്കശ നിഷ്ഠയാണ് മലയാളം പ്രഫസറായിരുന്ന കൃഷ്ണൻനായർ സാറിന് ഉണ്ടായിരുന്നത്. വിദേശഭാഷകളിലെ പേരുകളുടെ ഉച്ചാരണത്തിൽ അദ്ദേഹം ആ ഭാഷകളിലെ ഉച്ചാരണമാണ് എഴുതിയിരുന്നത്. ഉദ്ധരിച്ച കാവ്യഭാഗങ്ങളിലും നോവൽ-ലേഖന ഭാഗങ്ങളിലുമൊക്കെ വാരികകളിൽ ധാരാളം തെറ്റുകൾ കടന്നുകൂടിയിരുന്നു. കമ്പോസിറ്റർമാർ വരുത്തിയ തെറ്റുകളുടെ പേരിൽ ‘വാരഫലം’ പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് വാരികകളിലേക്ക് ധാരാളം കത്തുകൾ വന്നിരുന്നു. ആദ്യമൊക്കെ അദ്ദേഹം മറുപടി പറഞ്ഞു. അങ്ങനെ തിരുത്തും മറുപടിയും എഴുതിക്കൊണ്ടിരുന്നാൽ ‘വാരഫല’മെഴുത്ത് നടക്കില്ലെന്ന് മനസ്സിലാക്കി പിന്നീട് അദ്ദേഹം പ്രതികരിക്കാതായി. തെറ്റുകൾ അസഹനീയമാകുമ്പോൾ ഇനി വാരഫലമെഴുതില്ലെന്ന് പത്രാധിപൻമാരോട് പിണങ്ങിയിരുന്ന അവസരങ്ങളുമുണ്ട്.
എഴുത്തുകാരുടെയും കൃതികളുടെയും പേരും കാലവും പരിശോധിച്ചുറപ്പിക്കുക, പുസ്തകങ്ങളുടെ പേരുകളിൽ വന്നിട്ടുള്ള മാറ്റങ്ങൾ പരിശോധിക്കുക തുടങ്ങിയ ജോലികളും എഡിറ്റിങ്ങിലുണ്ട്. ചില പുസ്തകങ്ങൾക്ക് ബ്രിട്ടീഷ് എഡിഷനിലും അമേരിക്കൻ എഡിഷനിലും പേരുകൾ വ്യത്യസ്തമായിരിക്കും. തുടർച്ചയായി എഴുതിക്കൊണ്ടിരിക്കുന്ന കോളമിസ്റ്റുകൾക്ക് ആവർത്തനവും ചിലപ്പോൾ കാലപ്രമാദവും ഓർമയിൽനിന്ന് ഉദ്ധരിക്കുമ്പോഴുള്ള ചെറിയ പ്രമാദങ്ങളും വരുക സ്വാഭാവികമാണ്. ടെക്സ്ച്വൽ ക്രിട്ടിസിസത്തിന്‍റെ രീതിശാസ്ത്രമനുസരിച്ചാണ് അതൊക്കെ എഡിറ്റിങ്ങിൽ ശരിയാക്കുന്നത്. മുഴുവൻ പിശകുകളും തിരുത്തിയെന്ന് ഞാൻ അവകാശപ്പെടുന്നില്ല.
- ‘സാഹിത്യവാരഫല’ത്തെ എന്തുതരം രചനയായാണ് താങ്കൾ പരിഗണിക്കുന്നത്. നിരൂപണമല്ലെന്ന് കൃഷ്ണൻ നായർ തന്നെ പറഞ്ഞിട്ടുണ്ട്. യഥാർഥത്തിൽ മലയാളസാഹിത്യത്തിൽ ‘വാരഫല’ത്തിന്‍റെ സ്ഥാനമെന്താണ്?
‘യൂനീക്’ അഥവാ അനന്യം എന്നുതന്നെ വാരഫലത്തെ വിശേഷിപ്പിക്കണം. ഇതുപോലൊരു കോളം ലോകത്തെവിടെയെങ്കിലും ഏതെങ്കിലും ഭാഷയിൽ ഉണ്ടായിട്ടുണ്ടോ എന്ന് ഒരുപാട് തിരഞ്ഞിരുന്നു. വർഷങ്ങളോളം ലിറ്റററി കോളങ്ങൾ എഴുതിയവരുണ്ട്. പക്ഷേ, വാരഫലത്തിന് സമാനമായി ഒന്നും കണ്ടെത്താനായിട്ടില്ല. ഇതിൽ സാഹിത്യനിരൂപണവും കോളം എഴുത്തുമുണ്ട്. അദ്ദേഹത്തിന്‍റെ നിരൂപണബുദ്ധിയും സാഹിത്യ പാണ്ഡിത്യവും ഭാഷാപാണ്ഡിത്യവും ‘വാരഫല’ത്തെ വേറൊരു തലത്തിലേക്ക് ഉയർത്തുന്നു. സാഹിത്യ തത്ത്വങ്ങൾ അദ്ദേഹം ചർച്ച ചെയ്യാറുണ്ട്. പക്ഷേ, കോളമായതിനാൽ തന്നെ അതിവിശദമായ അവലോകനങ്ങൾ സാധ്യമല്ല.
ലോകത്തെ സാഹിത്യസംഭവങ്ങളെയും എഴുത്തുകാരെയും കുറിച്ച് മറ്റൊരുനിലയിലും അറിയാൻ സാധ്യതയില്ലാതിരുന്ന വലിയൊരു വായനസമൂഹത്തെ ഉദ്ബുദ്ധരാക്കി എന്നത് വസ്തുതയാണ്. ഉയർന്ന സാഹിത്യവും തത്ത്വചിന്തയും വായിക്കുന്നവർക്കുപോലും അദ്ദേഹം ഉപകാരപ്പെട്ടു. പല പ്രധാന ലോക സാഹിത്യകാരൻമാരെയും മലയാളി പരിചയപ്പെട്ടതും ‘വാരഫല’ത്തിൽനിന്നാണ്. 1955ലാണ് അദ്ദേഹം സാഹിത്യനിരൂപണം എഴുതിത്തുടങ്ങുന്നത്. അതിരൂക്ഷമായിരുന്നു അദ്ദേഹത്തിന്‍റെ ആക്രമണം. ‘മാറ്റൊലിക്കവി’കൾ എന്ന ലേഖനം സൃഷ്ടിച്ച പ്രകമ്പനം ചെറുതായിരുന്നില്ല. ഒ.എൻ.വിയും വയലാറും പി. ഭാസ്കരനുമെല്ലാം ചങ്ങമ്പുഴയുടെ മാറ്റൊലിക്കവികൾ മാത്രമാണെന്നും മൗലികതയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. നിരൂപണത്തിൽതന്നെ തുടർന്നിരുന്നെങ്കിൽ അദ്ദേഹം ശ്രദ്ധേയനായൊരു നിരൂപകൻ ആകുമായിരുന്നു. 12 നിരൂപണ പുസ്തകങ്ങൾതന്നെ അദ്ദേഹത്തിന്‍റേതായി ഉണ്ട്. ഇങ്ങനെ ഒരു ലിറ്റററി കോളം കാലങ്ങൾക്കുശേഷം പുനഃപ്രസിദ്ധീകരിക്കപ്പെടുമെന്നും ആളുകൾ വാങ്ങിവായിക്കുമെന്നും ആരും കരുതിയിരുന്നില്ല. ലോകത്ത് ഇതിന് സമാനമായ ഒരു സംഭവവും ഉണ്ടെന്ന് തോന്നുന്നില്ല. അതുതന്നെയാണ് എം. കൃഷ്ണൻ നായരുടെ പ്രാധാന്യം.

ഒരു പൊതുചടങ്ങിൽ സുഗതകുമാരിക്കൊപ്പം
വിവിധതരം ഗവേഷണങ്ങളെക്കുറിച്ച് നേരത്തേ പറഞ്ഞുവല്ലോ. അതിന്‍റെ അടിസ്ഥാനത്തിലുള്ള സാംസ്കാരിക ചരിത്രങ്ങൾ എന്നുവിളിക്കാവുന്ന ഒട്ടേറെ രചനകൾ താങ്കളുേടതായുണ്ട്. പുസ്തകങ്ങളുടെ ചരിത്രമായ ‘ബുക്സ്റ്റാൾജിയ’, ലിറ്റിൽ മാഗസിനുകളുടെ ചരിത്രമായ ‘പക്ഷിക്കൂട്ടങ്ങൾ’, സിനിമകാണലിന്‍റെയും തിയറ്ററുകളുടെയും ചരിത്രമായ ‘സിനിമ സന്ദർഭങ്ങൾ’ തുടങ്ങിയവ. മലയാളത്തിൽ അധികമൊന്നുമില്ലാത്ത ഇത്തരം സാംസ്കാരിക പഠനങ്ങളിലേക്ക് എത്തിയതെങ്ങനെയാണ്?
പൊതുചരിത്രത്തിലോ സാഹിത്യചരിത്രത്തിലോ നിരൂപണത്തിലോ സാംസ്കാരിക ചരിത്രത്തിലോ പ്രതിനിധാനം ചെയ്യപ്പെടാതെ പോകുന്ന ചില സാംസ്കാരിക മണ്ഡലങ്ങളുണ്ട്. അവയുടെ സൂക്ഷ്മ സാംസ്കാരിക ചരിത്രങ്ങൾ രേഖപ്പെടുത്തുന്നതിനും വിശകലനം ചെയ്യുന്നതിനും വേണ്ടിയാണ് ആ പഠനങ്ങൾ എഴുതിയത്. നിലവിലുള്ള ഏതെങ്കിലും ജനുസ്സിൽ അവയെ ഉൾപ്പെടുത്താനാവില്ല. ‘ബുക്സ്റ്റാൾജിയ’യെ എന്‍റെ പ്രിയ സുഹൃത്തായ സുനിൽ പി. ഇളയിടം പുസ്തകത്തിന്‍റെ അനുഭവചരിത്രം എന്നാണ് വിശേഷിപ്പിച്ചത്. ആ പഠനത്തിന്‍റെ ഉൾത്തടം കണ്ട ആ നിരീക്ഷണത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു.
മലയാള പുസ്തകത്തിന്‍റെയും അച്ചടിയുടെയും കാലാനുക്രമമായ ചരിത്രമെഴുത്തായിരുന്നില്ല എന്‍റെ ലക്ഷ്യം. ബുക്കും ബുക്സ്റ്റാളും നൊസ്റ്റാൾജിയയും കൂട്ടിച്ചേർത്താണ് ബുക്സ്റ്റാൾജിയ എന്നൊരു വാക്ക് സൃഷ്ടിച്ചത്. സിനിമ നിരൂപണമോ സിനിമ ചരിത്രമോ അല്ല സിനിമ സന്ദർഭങ്ങൾ. കാണലിന്‍റെയും കേരളത്തിൽ സിനിമ കാണൽ എന്ന ഭൗതിക പ്രവർത്തനം രൂപപ്പെട്ടതിന്‍റെയും ആദ്യകാല സിനിമ പ്രദർശനങ്ങളുടെയും ചരിത്രം രേഖപ്പെടുത്താനും വിശകലനം ചെയ്യാനുമാണ് ആ പുസ്തകത്തിൽ ശ്രമിച്ചത്. കേരളത്തിൽ സിനിമാശാലകൾ വ്യാപകമായി അടച്ചുപൂട്ടിയ കാലത്തിന്‍റെ കൂടി പശ്ചാത്തലത്തിലായിരുന്നു അതിന്‍റെ രചന.

