Begin typing your search above and press return to search.

വാര്‍ത്തകള്‍ക്കുമേൽ അവതാരകര്‍ പ്രതിഷ്ഠിക്കപ്പെടരുത്​

വാര്‍ത്തകള്‍ക്കുമേൽ   അവതാരകര്‍   പ്രതിഷ്ഠിക്കപ്പെടരുത്​
cancel

കേരളത്തിലെ ആദ്യ സ്വകാര്യ ലൈവ്​ വാർത്താ പ്ര​ക്ഷേപണത്തിന്​ മൂന്നു പതിറ്റാണ്ട്​ തികയുന്നു. ആ മാറ്റത്തിന്​ ചുക്കാൻ പിടിച്ച മുതിർന്ന മാധ്യമപ്രവർത്തകനായ ശശികുമാർ അന്നത്തെ അവസ്​ഥകളെയും ഇന്നത്തെ മാറ്റങ്ങളെയും കുറിച്ച്​ സംസാരിക്കുന്നു. വർത്തമാനകാലത്തെ ചാനലുകളുടെ അവസ്​ഥകളെക്കുറിച്ച നിശിത വിമർശനം അധ്യാപകനും മാധ്യമപ്രവർത്തകനുമായ ലേഖകനോട്​ അദ്ദേഹം പങ്കുവെ​ക്കുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു ഇന്ത്യയിലെ തന്നെ ആദ്യ സ്വകാര്യ ലൈവ് വാര്‍ത്താ സംപ്രേഷണം നടക്കുന്നത്. 1995 സെപ്റ്റംബര്‍ 30ന് ഇന്ത്യന്‍ സമയം രാത്രി 7.30ന് ഫിലിപ്പീന്‍സിലെ സുബിക്ക ബേയിലെ ഒരു...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
കേരളത്തിലെ ആദ്യ സ്വകാര്യ ലൈവ്​ വാർത്താ പ്ര​ക്ഷേപണത്തിന്​ മൂന്നു പതിറ്റാണ്ട്​ തികയുന്നു. ആ മാറ്റത്തിന്​ ചുക്കാൻ പിടിച്ച മുതിർന്ന മാധ്യമപ്രവർത്തകനായ ശശികുമാർ അന്നത്തെ അവസ്​ഥകളെയും ഇന്നത്തെ മാറ്റങ്ങളെയും കുറിച്ച്​ സംസാരിക്കുന്നു. വർത്തമാനകാലത്തെ ചാനലുകളുടെ അവസ്​ഥകളെക്കുറിച്ച നിശിത വിമർശനം അധ്യാപകനും മാധ്യമപ്രവർത്തകനുമായ ലേഖകനോട്​ അദ്ദേഹം പങ്കുവെ​ക്കുന്നു.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു ഇന്ത്യയിലെ തന്നെ ആദ്യ സ്വകാര്യ ലൈവ് വാര്‍ത്താ സംപ്രേഷണം നടക്കുന്നത്. 1995 സെപ്റ്റംബര്‍ 30ന് ഇന്ത്യന്‍ സമയം രാത്രി 7.30ന് ഫിലിപ്പീന്‍സിലെ സുബിക്ക ബേയിലെ ഒരു കുന്നിന്‍മുകളില്‍നിന്നായിരുന്നു തുടക്കം. അമേരിക്കക്കാരനായ ലാറി റിസ്റ്ററിന്റെ സ്റ്റുഡിയോയില്‍നിന്ന് ‘ഏഷ്യാനെറ്റി’നുവേണ്ടി മലയാളത്തില്‍ അവതരിപ്പിച്ച ആ വാര്‍ത്ത ബുള്ളറ്റിനാണ് പിന്നീട് ചരിത്രമായി മാറിയത്. 30 വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യയിലെയും കേരളത്തിലെയും ദൃശ്യമാധ്യമ രംഗം നിരവധിയായ പരിണാമങ്ങളിലൂടെ കടന്നുപോയി. ഉള്ളടക്കത്തിലും സാങ്കേതിക തികവിലും നിരവധി കുതിച്ചുചാട്ടങ്ങള്‍ നടത്തി ഇന്നത്തെ അവസ്ഥയിലെത്തി. മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്ന മലയാളത്തിലെ സ്വകാര്യ ടെലിവിഷന്‍ വാര്‍ത്തയെ അതിന്റെ സ്ഥാപകന്‍തന്നെ വിലയിരുത്തുകയാണ് ഇവിടെ. 30 വര്‍ഷങ്ങൾകൊണ്ട് നമ്മുടെ ടെലിവിഷന്‍ വാര്‍ത്തകള്‍ എത്രദൂരം സഞ്ചരിച്ചു, എവിടെയൊക്കെയാണ് അടിപതറിയത്, എന്തൊക്കെ തിരുത്തലുകളാണ് വരുത്തേണ്ടത്, ഇനിയും എങ്ങനെ മുന്നോട്ടുപോകണം എന്ന് വളരെ വിശദമായി പറഞ്ഞുവെക്കുകയാണ് ശശികുമാര്‍ ഈ അഭിമുഖത്തിലൂടെ.

‘ഏഷ്യാനെറ്റ്’ സംപ്രേഷണം തുടങ്ങി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1995ല്‍ ലൈവ് വാര്‍ത്താ ബുള്ളറ്റിനുകള്‍ ആരംഭിക്കുമ്പോള്‍, ഏഷ്യാനെറ്റ് മുന്നോട്ടുവെക്കാന്‍ ആഗ്രഹിച്ച ടെലിവിഷന്‍ വാര്‍ത്താസംസ്‌കാരം എത്തരത്തിലുള്ളതായിരുന്നു?

ഏതു തരത്തിലാവണം എന്നതിനെപ്പറ്റി ഒരു പൂര്‍ണമായ സങ്കൽപമുണ്ടായിരുന്നില്ല എങ്കിലും ഏതു രീതിയിലാവരുത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ അന്നു ഞങ്ങള്‍ക്കുണ്ടായിരുന്നു. ‘ദൂരദര്‍ശനി’ല്‍ വാര്‍ത്താവതാരകനായിട്ടാണ് ഞാന്‍ എന്റെ ടെലിവിഷന്‍ ജീവിതം ആരംഭിക്കുന്നത്. അവിടെ വാര്‍ത്താവതരണം എന്നത് തീര്‍ത്തും യാന്ത്രികമായ ഒരു പരിപാടിയായിരുന്നു. സര്‍ക്കാര്‍സ്ഥാപനമായതുകൊണ്ടുതന്നെ അവിടെ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നുമില്ല. എഡിറ്റോറിയല്‍ വിഭാഗത്തില്‍നിന്നു തയാറാക്കിക്കൊടുക്കുന്ന വാര്‍ത്തകളുടെ അർഥമോ വ്യാപ്തിയോ ഒന്നും മനസ്സിലാക്കാതെ അവ മനഃപാഠമാക്കി അവതരിപ്പിക്കുക മാത്രമായിരുന്നു വാര്‍ത്താവതാരകര്‍ അന്നു ചെയ്തിരുന്നത്.

ഈ വാര്‍ത്താവതരണം മാധ്യമപ്രവര്‍ത്തകര്‍തന്നെ നടത്തണം എന്നതായിരുന്നു ഏഷ്യാനെറ്റില്‍ വാര്‍ത്തകള്‍ ആരംഭിച്ചപ്പോള്‍ ആദ്യമെടുത്ത തീരുമാനം. അക്ഷരസ്ഫുടതയും ശബ്ദത്തിന്റെ കനവും ആകാരഭംഗിയും മാത്രം നോക്കിയായിരുന്നു ‘ദൂരദര്‍ശനി’ല്‍ വാര്‍ത്താവതാരകരെ തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ചുറ്റും നടക്കുന്ന വാര്‍ത്തകളെക്കുറിച്ചു കൃത്യമായ ധാരണയുള്ളവരെയായിരുന്നു ഏഷ്യാനെറ്റ് വാര്‍ത്താവിഭാഗത്തിലേക്കു തിരഞ്ഞെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍തന്നെ തയാറാക്കി അവതരിപ്പിച്ചതുകൊണ്ടുതന്നെയാണ് ഏഷ്യാനെറ്റ് വാര്‍ത്തകള്‍ക്ക് കൂടുതല്‍ ആധികാരികത വന്നതും അവ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും.

മാധ്യമപ്രവര്‍ത്തകര്‍തന്നെ വാര്‍ത്താവതാരകരായി മാറുമ്പോഴുണ്ടാകുന്ന വ്യത്യാസത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കിയത്, ദൂരദര്‍ശന്‍കാലത്തിനു ശേഷം ഞാന്‍ ബഹ്‌റൈനില്‍ ‘ഹിന്ദു’ പത്രത്തിന്റെ വെസ്റ്റ് ഏഷ്യ കറസ്‌പോണ്ടന്റായി ജോലിചെയ്യുന്ന സമയത്താണ്. ആ കാലത്ത് ഹിന്ദു പത്രത്തിന്റെ അനുമതിയോടെതന്നെ റേഡിയോ ബഹ്‌റൈനില്‍ എന്നും രാവിലെ ഞാന്‍ വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നു. അവിടെ ന്യൂസില്‍ ഞാനല്ലാതെ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല. രാവിലെ സ്റ്റുഡിയോയില്‍ ചെന്ന് അതു സ്വയം തുറന്നാണ് ഞാന്‍ ജോലികള്‍ ആരംഭിച്ചിരുന്നത്. അവിടെ ടെലിപ്രിന്ററില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ന്യൂസ് ഏജന്‍സികളുടെ വാര്‍ത്തകള്‍ വന്നു നിറഞ്ഞിട്ടുണ്ടാകും. അതില്‍നിന്ന് ഏതൊക്കെ ന്യൂസ് വേണമെന്ന് ഞാന്‍തന്നെയായിരുന്നു തീരുമാനിച്ചിരുന്നത്. രാജഭരണം നിലനില്‍ക്കുന്ന ഒരു ഗള്‍ഫ് രാജ്യമായതുകൊണ്ടുതന്നെ അവിടത്തെ ഭരണാധികാരികളെയും രാജ്യത്തെയും വിമര്‍ശിക്കുന്ന ഒന്നുംതന്നെ ന്യൂസില്‍ ഉണ്ടാകാന്‍ പാടില്ല എന്നതു മാത്രമായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്ന ഏക കാര്യം. സ്വയം തയാറാക്കിയ വാര്‍ത്തകള്‍ അവതരിപ്പിച്ചുതുടങ്ങിയപ്പോള്‍ മാത്രമാണ് ആ വാര്‍ത്താവതരണത്തിന്റെ ഉത്തരവാദിത്തവും ആധികാരികതയും എനിക്കു മനസ്സിലായത്.

അതുകൊണ്ടുതന്നെയാണ് ഏഷ്യാനെറ്റില്‍ വാര്‍ത്തകള്‍ തുടങ്ങിയപ്പോള്‍ മുഴുവന്‍ സ്ഥാനങ്ങളിലും വാര്‍ത്തയുടെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ പ്രാപ്തിയുള്ള മാധ്യമപ്രവര്‍ത്തകര്‍തന്നെ വേണം എന്ന നിര്‍ബന്ധബുദ്ധി പുലര്‍ത്തിയത്. ടെലിവിഷന്‍ വാര്‍ത്താസംസ്‌കാരത്തില്‍ ഏഷ്യാനെറ്റ് നടത്തിയ ഏറ്റവും വലിയ പൊളിച്ചെഴുത്തും ഇതുതന്നെയായിരുന്നു. ടെലിവിഷന്‍ വാര്‍ത്താവതരണത്തില്‍ അച്ചടിഭാഷയുടെ ഉപയോഗം പരമാവധി കുറച്ച്, അതു സംഭാഷണശൈലിയിലേക്കെത്തിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് ഏഷ്യാനെറ്റില്‍ നടപ്പാക്കിയെടുക്കാന്‍ സാധിച്ചില്ല. വാര്‍ത്തകള്‍ കണ്ടെത്തുന്നവരും എഴുതുന്നവരും അവതരിപ്പിക്കുന്നവരുമെല്ലാം അച്ചടിമാധ്യമത്തില്‍നിന്നു വന്നതായിരുന്നതിനാല്‍ത്തന്നെ അവരെല്ലാവരും അച്ചടിഭാഷയുടെ പ്രയോഗത്തില്‍ സംതൃപ്തി കണ്ടെത്തുന്നവരും ആ ശൈലിയില്‍ ഉറച്ചുപോയവരുമായിരുന്നു. ഭാഷാശൈലിയില്‍ക്കൂടി ഒരു പൊളിച്ചെഴുത്തു നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഏഷ്യാനെറ്റിലെ വാര്‍ത്തകള്‍ കൂടുതല്‍ മികവുറ്റതായി മാറുമായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

 

പ്രമോദ് രാമൻ ഏഷ്യാനെറ്റിൽ ആദ്യത്തെ വാർത്ത വായിക്കുന്നു

സമ്പൂര്‍ണ വാര്‍ത്താ ചാനലായ ‘ഇന്ത്യാവിഷന്റെ’ കടന്നുവരവോടെയാണ് അതുവരെയുണ്ടായിരുന്ന ഏഷ്യാനെറ്റിന്റെ വാര്‍ത്താശൈലിയില്‍നിന്ന് ദൃശ്യമാധ്യമങ്ങള്‍ മാറുന്നത്. 24 മണിക്കൂര്‍ വാര്‍ത്താ ചാനലുകള്‍ ഉണ്ടാക്കിയെടുത്ത വാര്‍ത്താസംസ്‌കാരം മലയാള ദൃശ്യമാധ്യമപ്രവര്‍ത്തനത്തെ എങ്ങനെയാണ് ഉടച്ചുവാര്‍ത്തത്?

തീര്‍ച്ചയായും. ‘ഇന്ത്യാവിഷന്‍’ മലയാള മാധ്യമരംഗത്തെ ഒരു വിപ്ലവംതന്നെയായിരുന്നു. ഏഷ്യാനെറ്റ് മുഴുവന്‍സമയ വാര്‍ത്താ ചാനല്‍ ആയിരുന്നില്ലല്ലോ. അതിന്റേതായ പരിമിതികള്‍ വാര്‍ത്തകള്‍ കൈകാര്യംചെയ്യുന്നതില്‍ ഏഷ്യാനെറ്റിനുണ്ടായിരുന്നുവെന്നത് വാസ്തവമാണ്. വാര്‍ത്തകള്‍ക്കു മാത്രമായി ഒരു ചാനല്‍ എന്ന ആശയം ഞങ്ങള്‍തന്നെ ആലോചിച്ചിരുന്നതാണ്. ഇന്ത്യാവിഷന്‍ തുടങ്ങുന്ന സമയത്ത് ചാനലിന്റെ കണ്‍സൽട്ടന്റാകാനായി എം.കെ. മുനീര്‍ എന്നെയും വന്നു കണ്ടിരുന്നു. ഏഷ്യാനെറ്റ് വിട്ട ശേഷമുള്ള വ്യവസ്ഥപ്രകാരം മറ്റൊരു ചാനലില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സമയമായിരുന്നു അത്. ഏഷ്യാനെറ്റില്‍ത്തന്നെയുണ്ടായിരുന്ന നികേഷ് കുമാറാണ് പിന്നീട് ചാനലിന്റെ തലപ്പത്തെത്തിയത്.

എന്‍.ഡി.ടി.വി ദേശീയതലത്തില്‍ ആരംഭിച്ച മുഴുവന്‍സമയ വാര്‍ത്താചാനല്‍ എന്ന ആശയം മലയാളത്തില്‍ നടപ്പാക്കിയത് ഇന്ത്യാവിഷനാണ്. വാര്‍ത്തകള്‍ക്കൊപ്പം ചര്‍ച്ചകളും അവലോകനങ്ങളും ലൈവ് റിപ്പോർട്ടിങ്ങുമെല്ലാം ഉള്‍പ്പെടുത്തി ഇന്ത്യാവിഷന്‍ ഒരു പുത്തന്‍ ദൃശ്യമാധ്യമസംസ്‌കാരം ഉണ്ടാക്കിയെടുത്തു. അന്ന് നികേഷ് കുമാര്‍ അടക്കമുള്ള ഇന്ത്യാവിഷന്‍ ടീം വാര്‍ത്താ മോഡലായി എടുത്തിരുന്നത് അപ്പോള്‍ എന്‍.ഡി.ടി.വിയിലെ മിന്നുംതാരമായിരുന്ന അര്‍ണബ് ഗോസ്വാമിയെയായിരുന്നു. ഇന്ന് ഇതു പറഞ്ഞാല്‍ ആരും വിശ്വസിക്കുകപോലുമില്ല. ഇന്ന് അദ്ദേഹം ചെയ്യുന്നത് ജേണലിസമാണെന്നുപോലും പറയാന്‍ പറ്റില്ലെങ്കിലും അന്നത്തെ അര്‍ണബ് ഇംഗ്ലീഷിലെ ചടുലമായ വാര്‍ത്താവതരണത്തിന്റെ ഒരു മോഡല്‍തന്നെയായിരുന്നു. ആ വാര്‍ത്താചടുലത തന്നെയാണ് ഇന്ത്യാവിഷന്‍ മലയാളത്തില്‍ നടപ്പാക്കാൻ നോക്കിയതും പിന്നീടുവന്ന എല്ലാവരും അനുകരിക്കുന്ന രീതിയിലുള്ള ഒരു മോഡലായി മാറിയതും.

24 മണിക്കൂര്‍ വാര്‍ത്താ ചാനലുകള്‍ കൊണ്ടുവന്ന മറ്റൊരു പ്രധാന മാറ്റം, മലയാള ടെലിവിഷന്‍രംഗത്ത് ചാനല്‍ റേറ്റിങ് എന്ന പ്രതിഭാസത്തിന്റെ കടന്നുവരവാണ്. റേറ്റിങ് എന്നത് സത്യത്തില്‍ പരസ്യവിപണിക്കുവേണ്ടി മാത്രമുള്ളതാണ്. ആദ്യ മൂന്നില്‍ ഇടംപിടിക്കുന്നവര്‍ക്കു മാത്രമേ ചാനല്‍ നടത്തിപ്പിനാവശ്യമായ പരസ്യങ്ങള്‍ ലഭിക്കൂവെന്നതാണ് ഈ മത്സരത്തിന്റെ ആവേശം വര്‍ധിപ്പിക്കുന്നത്. എല്ലാ ചാനലുകളെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ വലിയ ഒരു പരസ്യവിപണി നമുക്കുണ്ടായിരുന്നെങ്കില്‍ ഇത്ര രൂക്ഷമായ യുദ്ധം റേറ്റിങ്ങിനുവേണ്ടി മലയാളത്തില്‍ ഉണ്ടാകുമായിരുന്നില്ല. റേറ്റിങ്ങിനുവേണ്ടിയുള്ള ഈ യുദ്ധമാണ് ഇന്നു കാണുന്ന വിധത്തിലുള്ള നിലവാരത്തകര്‍ച്ചയിലേക്ക് നമ്മുടെ ദൃശ്യമാധ്യമങ്ങളെ എത്തിച്ചത്.

 

കൊച്ചിയിൽ ഗസ്സ അനുകൂല സമ്മേളനത്തിൽ പ​െങ്കടുക്കാനെത്തിയ ശശികുമാർ എൻ.എസ്​. മാധവനോടൊപ്പം

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൊണ്ട് മലയാളത്തിലെ സ്വകാര്യ ടെലിവിഷന്‍ ചാനലുകളും വാര്‍ത്തകളും എത്തരത്തിലാണ് മലയാളിജീവിതത്തെ സ്വാധീനിച്ചത് എന്നാണ് താങ്കള്‍ വിലയിരുത്തുന്നത്?

ടെലിവിഷന്‍ മലയാളി ജീവിതത്തില്‍ നെഗറ്റിവായിട്ടും പോസിറ്റിവായിട്ടുമുള്ള സ്വാധീനങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ കൂടുതലും എടുത്തുനില്‍ക്കുന്നത് നെഗറ്റിവായിട്ടുള്ള സ്വാധീനംതന്നെയാണ്. അതിനു പ്രധാന കാരണം ഇപ്പോള്‍ ദൃശ്യമാധ്യമരംഗത്തുണ്ടായ മൂല്യത്തകര്‍ച്ചതന്നെയാണ്. എന്നാല്‍, ഈ മൂല്യത്തകര്‍ച്ചയും സ്വാഭാവികമായുണ്ടാകുന്ന ഒന്നാണ്. കാരണം, ഒന്നോ രണ്ടോ മൂന്നോ ചാനലുകള്‍ മാത്രമുണ്ടായിരുന്ന ഒരു മാര്‍ക്കറ്റായിരുന്നെങ്കില്‍ അവര്‍ക്ക് ക്വാളിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഇന്ന് നമുക്ക് ഓരോ സ്വഭാവം പുലര്‍ത്തുന്ന അനവധി ചാനലുകളുണ്ടാവുകയും അവരെല്ലാവരും വളരെ ചെറിയ പരസ്യ മാര്‍ക്കറ്റ് എന്ന് അപ്പക്കഷണത്തിനുവേണ്ടി കടിപിടികൂടുകയും ചെയ്യുന്ന സവിശേഷ സാഹചര്യമാണുള്ളത്. പരസ്യം മാത്രമാണ് ഒരു ടെലിവിഷന്‍ ചാനലിന്റെ ഏക വരുമാനമാര്‍ഗം.

വിനോദ ചാനലുകളെപ്പോലെ പണം കൊടുത്ത് ആരും വാര്‍ത്താ ചാനലുകളുടെ പ്രേക്ഷകരായി മാറുന്നില്ല. അതുകൊണ്ടുതന്നെ എങ്ങനെ കൂടുതല്‍ പരസ്യങ്ങള്‍ കണ്ടെത്താമെന്നതില്‍ ചാനലുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവിടെ ചാനല്‍ റേറ്റിങ്ങിനുള്ള പ്രാധാന്യം വര്‍ധിച്ചുവരുകയും ചെയ്യുന്നു. റേറ്റിങ് മാത്രം ലക്ഷ്യംവെച്ചു പോകുമ്പോള്‍ ചാനലുകള്‍ പുത്തന്‍ സാധ്യതകളിലേക്കൊന്നും കടക്കാതെ ക്രിയേറ്റിവായ ഒരുവിധ പ്രവര്‍ത്തനങ്ങള്‍ക്കും മുതിരാതെ കൂടുതല്‍ പ്രേക്ഷകരെ തങ്ങളിലേക്കടുപ്പിക്കാനുള്ള ശ്രമങ്ങള്‍ മാത്രം നടത്തിക്കൊണ്ടിരിക്കും. അതാണ് ഇപ്പോള്‍ കാണുന്ന ഈ നിലവാരത്തകര്‍ച്ചയുടെ പ്രധാന കാരണമായി മാറിയത്. ഏഷ്യാനെറ്റിന്റെ തുടക്കക്കാലത്തെ ഏറ്റവും മികച്ച പരിപാടിയായ, ചിന്ത രവിയുടെ ‘എന്റെ കേരളം’ പോലുള്ള ഒരു പരിപാടി ഇപ്പോള്‍ സംപ്രേഷണം ചെയ്താല്‍, എല്ലാവരും നല്ല പരിപാടിയാണ് എന്നു പറയുന്നതിനപ്പുറം അതിനു പരസ്യം തരാന്‍ തയാറായി ആരും മുന്നോട്ടുവരില്ല. അതേസമയം, നെഗറ്റിവ് സ്വഭാവമുള്ള ആരെങ്കിലും തമ്മില്‍ തല്ലുപിടിക്കുന്ന ഒരു പരിപാടിക്ക് പരസ്യ മാര്‍ക്കറ്റില്‍ വലിയ സാധ്യതയുമുണ്ട്.

ആരാണോ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന എന്തെങ്കിലും ചെയ്യുന്നത്, അതുതന്നെ മറ്റു ചാനലുകളും അനുകരിക്കുന്ന സ്ഥിതിയിലേക്കു വന്നപ്പോള്‍ എല്ലാവരും പറയുന്നതും ചെയ്യുന്നതും ഒന്നുതന്നെയായി മാറി. ആര് കൂടുതല്‍ അലറി, ബഹളംവെച്ചു പറയുന്നോ അവരാണ് കൂടുതല്‍ ആകൃഷ്ടരായി മാറുന്നത്. ചുരുക്കത്തില്‍, ഇപ്പോഴുണ്ടായിരിക്കുന്ന മൂല്യത്തകര്‍ച്ചക്ക് ചാനലുകളെ മാത്രം കുറ്റംപറയാന്‍ സാധിക്കില്ല. മികച്ച മാധ്യമപ്രവര്‍ത്തനം നടത്തണമെന്നതിനെക്കാള്‍, കടുത്ത മത്സരം നേരിടുന്ന ഈ മാര്‍ക്കറ്റില്‍ നിലനിന്നുപോകാനുള്ള പോരാട്ടമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍, മലയാളിസമൂഹത്തെ മൊത്തത്തില്‍ സ്വാധീനിക്കാന്‍പറ്റുന്ന ഒന്നുംതന്നെ നമ്മുടെ ചാനലുകളില്‍നിന്നു പ്രതീക്ഷിക്കാതിരിക്കുന്നതാണു നല്ലത്.

‘കണ്ണാടി’, ‘എന്റെ കേരളം’, ‘അന്വേഷണം’ പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികളായിരുന്നു ഏഷ്യാനെറ്റില്‍ തുടക്കക്കാലത്ത് വാര്‍ത്തകളെക്കാള്‍ ജനശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍, ഇന്ന് വാര്‍ത്താധിഷ്ഠിത പരിപാടികള്‍ എന്ന സങ്കൽപംതന്നെ ഇല്ലാതായിരിക്കുന്നു. ഈ മാറ്റം ടെലിവിഷന്‍ ചാനലുകളുടെ ഉള്ളടക്കത്തെ എത്തരത്തിലാണ് സ്വാധീനിച്ചിരിക്കുന്നത്?

മലയാള ദൃശ്യമാധ്യമത്തില്‍ മുമ്പ് ന്യൂസ് ബുള്ളറ്റിന്‍ എന്നൊരു സങ്കൽപമുണ്ടായിരുന്നു. മുഴുവന്‍സമയ വാര്‍ത്താ ചാനലുകളുടെ തുടക്കക്കാലത്തും അര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ന്യൂസ് ബുള്ളറ്റിനുകളിലൂടെയായിരുന്നു വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ വാര്‍ത്താ ബുള്ളറ്റിനുകള്‍ ഇല്ലാതാവുകയും എന്തു നടക്കുന്നുവെന്ന് അപ്പോളപ്പോള്‍ പറയുന്ന രീതിയിലേക്ക് നമ്മുടെ ദൃശ്യമാധ്യമങ്ങളുടെ വാര്‍ത്താശൈലി മാറിമറിഞ്ഞു. ഈ വാര്‍ത്താശൈലിയില്‍, വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതിനെക്കാള്‍, കൂടുതല്‍ കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുക എന്നതിനാണു പ്രാധാന്യം. മലയാളത്തിലെ ചാനലുകളെ മാത്രം ഇതില്‍ കുറ്റംപറയാന്‍ സാധിക്കുകയില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും ചാനലുകളില്‍ ഇതിനെക്കാള്‍ മോശമാണ് ഇപ്പോഴത്തെ അവസ്ഥ. ന്യൂസ് ബുള്ളറ്റിന്‍ എന്ന ശൈലി ഇല്ലാതായതോടെ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്ക് ചാനലുകളില്‍ ഇടമില്ലാതെയായി.

അപ്പപ്പോഴുണ്ടാകുന്ന വാര്‍ത്തകളും അവയുണ്ടാക്കുന്ന ഒച്ചപ്പാടുകളും മാത്രമായി നമ്മുടെ ടെലിവിഷന്‍ സ്‌ക്രീനുകള്‍ മാറി. വാര്‍ത്തകള്‍ കാണാനിരിക്കുന്ന പ്രേക്ഷകനു മുന്നിലേക്ക് ചുറ്റുമുള്ള വാര്‍ത്തകളും വിശേഷങ്ങളും എത്തിക്കുന്നതിനൊപ്പം അവര്‍ക്കു ചിന്തിക്കാനും വിശകലനം നടത്താനും സാധിക്കുന്ന എന്തെങ്കിലുംകൂടി നല്‍കണം എന്നതാണ് എന്റെ വ്യക്തിപരമായ വാര്‍ത്താ ചാനല്‍ സങ്കൽപം. അതുകൊണ്ടുതന്നെയാണ് ഏഷ്യാനെറ്റ് തുടങ്ങിയപ്പോള്‍ ‘കണ്ണാടി’, ‘മുഖ്യമന്ത്രിയോടു ചോദിക്കാം’, ‘എന്റെ കേരളം’, ‘പത്രവിശേഷം’, ഇ.എം.എസ് അവതാരകനായി എത്തിയ പരിപാടി, ‘അന്വേഷണം’ തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തിയത്. വെറും കാഴ്ചക്കാരായി മാത്രം പ്രേക്ഷകനെ പരിഗണിക്കുന്ന ഇപ്പോഴത്തെ രീതിയോട് എനിക്ക് ഒട്ടും യോജിക്കാന്‍ സാധിക്കുന്നില്ല. ഒന്നര മണിക്കൂര്‍ വാര്‍ത്ത കാണുന്ന പ്രേക്ഷകന്‍, ആ മൂന്നുപേരുടെ അടി കാണാന്‍ നല്ല രസമുണ്ടായിരുന്നു, അവതാരകന് കുറച്ചുകൂടി ബഹളംവെക്കാമായിരുന്നു അല്ലെങ്കില്‍ ആ അവതാരകയുടെ അലറിച്ച കൊള്ളാമായിരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളല്ലാതെ എന്താണ് കൂടെക്കൊണ്ടുപോകാന്‍ നല്‍കുന്നത്. അവിടെയാണ് മികച്ച നിലവാരം പുലര്‍ത്തുന്ന വാര്‍ത്താധിഷ്ഠിത പരിപാടികളുടെ പ്രാധാന്യം.

കാലത്തിനൊത്തുള്ള മാറ്റങ്ങള്‍ വരുത്തി മികച്ച സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ വാര്‍ത്താധിഷ്ഠിത പരിപാടികളുടെ പ്രാധാന്യത്തെ നമുക്കു തിരിച്ചുപിടിക്കാന്‍ സാധിക്കും. നല്ല നിലവാരം പുലര്‍ത്തുന്ന വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്ക് ആരും പരസ്യം തരില്ല എന്നതാണ് ഇത്തരം പരിപാടികള്‍ നിന്നുപോയതിനുള്ള പ്രധാന കാരണം. പരസ്യം കിട്ടുന്നില്ല എന്നതിന്റെ പേരില്‍ പരിപാടികള്‍ നിര്‍ത്തിക്കളയാതെ, നല്ല പരസ്യങ്ങള്‍ കിട്ടുന്ന ജനകീയ പരിപാടികളുടെ വരുമാനത്തില്‍നിന്ന് നല്ല നിലവാരം പുലര്‍ത്തുന്ന വാര്‍ത്താപരിപാടികള്‍കൂടി നിലനിര്‍ത്തിപ്പോയില്ലെങ്കില്‍ ന്യൂസ് ചാനലുകളുടെ നിലവാരത്തകര്‍ച്ചയുടെ ആഘാതം വര്‍ധിക്കുകയേയുള്ളൂ.

ഒരു വാര്‍ത്താ ബുള്ളറ്റിന്റെ നെടുംതൂണായിരുന്ന ന്യൂസ് സ്‌റ്റോറികള്‍ ഏറക്കുറെ പൂര്‍ണമായിത്തന്നെ ഇല്ലാതാവുകയും വാര്‍ത്ത എന്നാല്‍ ലൈവ് മാത്രമായി മാറുകയും ചെയ്യുന്ന സവിശേഷകാലത്തിലൂടെയാണ് കടന്നുപോകുന്നത്. ന്യൂസ് സ്‌റ്റോറികള്‍ ഇല്ലാത്ത വാര്‍ത്താബുള്ളറ്റിനുകള്‍ ടെലിവിഷന്‍ വാര്‍ത്താസംസ്‌കാരത്തിന്റെ തന്നെ പൊളിച്ചടുക്കലല്ലേ?

കഴിഞ്ഞ ചോദ്യത്തിന്റെ ഉത്തരമായി പറഞ്ഞതുപോലെ, വാര്‍ത്താ ബുള്ളറ്റിന്‍ എന്ന ശൈലി ഇല്ലാതെയായതുതന്നെയാണ് ന്യൂസ് സ്‌റ്റോറികളും ഇല്ലാതെയായതിനുള്ള പ്രധാന കാരണം. ടെലിവിഷന്റെ ഭാഷയില്‍ പറഞ്ഞാൽ ന്യൂസ് പാക്കേജുകള്‍ ഇല്ലാതെയായി. ഒരു റിപ്പോര്‍ട്ടര്‍ വാര്‍ത്ത തേടി, കാമറാമാന്‍ അടക്കമുള്ള തന്റെ ടീമിനൊപ്പം പോയി ആളുകളെ നേരില്‍ക്കണ്ടു സംസാരിച്ച് തുടര്‍ഗവേഷണങ്ങള്‍ നടത്തിയുണ്ടാക്കുന്ന വാര്‍ത്തകളെയാണ് ന്യൂസ് പാക്കേജ് എന്നു പറഞ്ഞിരുന്നത്. ഇതായിരുന്നു ന്യൂസ് ചാനലുകളില്‍ റിപ്പോർട്ടര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ചെയ്തിരുന്ന പ്രധാന ജോലി. എന്നാല്‍, ഇന്നു കാര്യങ്ങള്‍ മാറി.

നല്ല ഇംപാക്ടുകളുണ്ടാക്കുന്ന ന്യൂസ് സ്‌റ്റോറികള്‍ ഉണ്ടാക്കുക എന്നതിനെക്കാള്‍, ലൈവ് റിപ്പോട്ടിങ് ചെയ്യുക എന്നതു മാത്രമായി മാറി ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരുടെ ജോലി. കാരണം, ചാനല്‍ വാര്‍ത്തകളും ലൈവ് മാത്രമായി മാറി. ഏതെങ്കിലും റിപ്പോര്‍ട്ടര്‍ നല്ല ഒരു ന്യൂസ് സ്‌റ്റോറി ചെയ്താല്‍ അതു കൊടുക്കാന്‍പോലും സമയമില്ലാത്ത അവസ്ഥയിലേക്ക് ചാനലുകളുടെ സ്വഭാവംതന്നെ ഒന്നടങ്കം മാറിമറിഞ്ഞു. ന്യൂസ് സ്‌റ്റോറികള്‍ വാര്‍ത്തകളില്‍നിന്ന് ഇല്ലാതെയാകുന്നത് വ്യക്തിപരമായി ഏറ്റവും വലിയ നഷ്ടമായിത്തന്നെയാണ് ഞാന്‍ കണക്കാക്കുന്നത്. 24 മണിക്കൂര്‍ വാര്‍ത്തകളുമായി ഇന്ത്യാവിഷന്റെ കടന്നുവരവോടെയാണ് ലൈവ് റിപ്പോര്‍ട്ടിങ്ങിന് മലയാളത്തില്‍ പ്രാധാന്യം വര്‍ധിച്ചുവന്നത്. അപ്പോഴും ഇന്ത്യാവിഷന്‍ അടക്കമുള്ള നമ്മുടെ വാര്‍ത്താ ചാനലുകള്‍ മികച്ച ടെലിവിഷന്‍ സ്‌റ്റോറികളും ചെയ്തിരുന്നു. അവ അതീവ പ്രാധാന്യത്തോടെ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ അടുത്തകാലത്തായിട്ടാണ് ലൈവുകളും അവയിലെ ബഹളങ്ങളും മാത്രമായി നമ്മുടെ ചാനലുകള്‍ മാറിയത്.

 

ടി.എൻ. ഗോപകുമാർ ഏഷ്യാനെറ്റ് ന്യൂസിൽ അവതരിപ്പിച്ച ‘കണ്ണാടി’ പരിപാടി

ശക്തമായ ഇടപെടലുകള്‍ നടത്തുന്ന ഒരു ന്യൂസ് ഡെസ്‌കിന്റെ അഭാവമാണ് ഇന്നത്തെ ടെലിവിഷന്‍ ചാനലുകളില്‍ കാണുന്ന അപചയത്തിനു പ്രധാന കാരണം എന്ന വിലയിരുത്തലിനെ താങ്കള്‍ എങ്ങനെയാണു നോക്കിക്കാണുന്നത്?

മലയാള വാര്‍ത്താ ചാനലുകളിലെ ന്യൂസ് ഡെസ്‌കുകള്‍ തീരെ ദുര്‍ബലമായി മാറിയിരിക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യംതന്നെയാണ്. ഒരു പത്രത്തില്‍, അതിന്റെ ന്യൂസ് ഡെസ്‌കാണ് ആ പത്രത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത്. പത്രത്തിന്റെ ഓരോ പേജിലും എന്തു വാര്‍ത്തകളാണു വേണ്ടത്, ഏതു വാര്‍ത്തക്കാണ് പ്രാധാന്യം നല്‍കേണ്ടത് എന്നു തീരുമാനിക്കുന്നത് പൂര്‍ണമായും ആ പത്രത്തിന്റെ ന്യൂസ് ഡെസ്‌ക് തന്നെയാണ്. എന്നാല്‍, 24 മണിക്കൂര്‍ ചാനലുകളുടെ കടന്നുവരവോടെ, ചാനലുകള്‍ക്ക് അതു സാധ്യമല്ലാതെയായി. വാര്‍ത്തകളുടെ കുത്തൊഴുക്കിനൊപ്പം സഞ്ചരിക്കുന്നവര്‍ മാത്രമാകാനേ ന്യൂസ് ഡെസ്‌കിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു സാധിക്കുന്നുള്ളൂ. പത്രത്തില്‍ ചീഫ് എഡിറ്റര്‍ കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍, ന്യൂസ് ചാനലുകള്‍ക്ക് എഡിറ്റര്‍ എന്നൊരു വ്യക്തിയുടെ ആവശ്യംപോലും ഇല്ലാതെയായിരിക്കുന്നു. എഡിറ്ററെക്കാള്‍ അവതാരകര്‍ ചാനല്‍ വാര്‍ത്തകളുടെ ഉടമസ്ഥരായി മാറിയിരിക്കുകയാണ്.

മറ്റൊരു ചാനലില്‍ ഈ വാര്‍ത്തയെക്കുറിച്ച് ഇങ്ങനെ പറയുന്നു, അപ്പോള്‍ നിങ്ങള്‍ അതിനു മുകളില്‍ പറയൂ എന്ന് കാമറക്കു മുന്നില്‍ നില്‍ക്കുന്ന അവതാരകരെ പ്രേരിപ്പിക്കുന്നവര്‍ മാത്രമായി ന്യൂസ് ചാനല്‍ ഡെസ്‌കുകള്‍ മാറിയിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനതത്ത്വമായി വിശ്വസിക്കുന്ന Gate Keeping (വസ്തുതകള്‍ പൂര്‍ണമായും വിലയിരുത്തിയ ശേഷം മാത്രം വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്ന രീതി) പൂര്‍ണമായും ഇല്ലാതെയായിത്തീര്‍ന്നു. എന്തു തെറ്റും അബദ്ധവും വിളിച്ചുപറയാം, അതിലൂടെ ആളുകളെ തങ്ങളുടെ ചാനലിലേക്ക് ആകര്‍ഷിക്കാം, അതു തെറ്റാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടുമ്പോള്‍, ചാനലിലൂടെത്തന്നെ മാപ്പുപറയാം എന്നതാണ് ഇന്നത്തെ ശൈലി. പലപ്പോഴും പലരും മാപ്പുപറയാനോ തെറ്റുതിരുത്താനോ പോലും തയാറാകുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. അസത്യങ്ങള്‍ തുടര്‍ച്ചയായി വിളിച്ചുപറയുന്നത് ചാനലിനെ കാര്യമായി ബാധിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം.

കാരണം ജനങ്ങള്‍പോലും നമ്മുടെ ന്യൂസ് ചാനലുകളില്‍നിന്ന് ഇത്രയൊക്കെയേ പ്രതീക്ഷിക്കുന്നുള്ളൂ എന്നൊരവസ്ഥയിലേക്കു കാര്യങ്ങളെത്തിയിട്ടുണ്ട്. അസത്യം പറഞ്ഞ ഈ ചാനല്‍ ഞാന്‍ ഇനി കാണുകയില്ല എന്നു തീരുമാനിക്കുന്നതിനു പകരം, അന്നു പറഞ്ഞ അബദ്ധത്തിനു മുകളില്‍ അവര്‍ എന്തെങ്കിലും പറയാന്‍ സാധ്യതയുണ്ടോ എന്നന്വേഷിക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ പ്രേക്ഷകരും മാറിയിട്ടുണ്ട്. ആ ദിവസത്തെ വാര്‍ത്താകൗതുകങ്ങള്‍ മാത്രമാണ് അവരെ ആകര്‍ഷിക്കുന്ന പ്രധാന കാര്യം. ആരും ചോദ്യംചെയ്യപ്പെടാത്തതുകൊണ്ടുതന്നെ, കാഴ്ചക്കാരുടെ കുറവൊന്നും ഉണ്ടാകാതിരിക്കുന്നതുകൊണ്ടുതന്നെ നമ്മുടെ മാധ്യമങ്ങളും ‘ഇങ്ങനെയൊക്കെ മതി’ എന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഈ മനോഭാവത്തില്‍നിന്ന് മാധ്യമങ്ങള്‍ മാറണമെന്നാണ് എന്റെ അഭിപ്രായം.

ബി.ബി.സി അടക്കമുള്ള മാധ്യമങ്ങള്‍ ഈ മാറ്റത്തിനു തുടക്കംകുറിച്ചുകഴിഞ്ഞു. അടുത്ത കാലത്തായി, ബി.ബി.സി അവരുടെ ന്യൂസിനെ ബ്രാന്‍ഡ് ചെയ്തിരിക്കുന്നത് ‘വെരി​െഫെഡ് ന്യൂസ്’ എന്നാണ്. ഒരു ചാനല്‍ അവരുടെ വാര്‍ത്തകള്‍ സ്ഥിരീകരണം നടത്തിയവയാണെന്ന് ഉറപ്പിച്ചുപറയുന്നതും അതിനെ ബ്രാന്‍ഡ് ചെയ്യുന്നതും, ചുറ്റുമുള്ളവയെല്ലാം സത്യമാണോയെന്നു സ്ഥിരീകരണം നടത്താത്തവയാണെന്നും നുണകളും ഗോസിപ്പുകളുമാണെന്നും സ്ഥാപിക്കാന്‍വേണ്ടിക്കൂടിയല്ലേ. ബി.ബി.സി മാതൃകയില്‍ വസ്തുതകള്‍ പൂര്‍ണമായും വിലയിരുത്തിയ ശേഷം മാത്രം പ്രേക്ഷകരിലേക്കെത്തിക്കുന്ന വാര്‍ത്താശൈലിയിലേക്ക് നമ്മുടെ മാധ്യമങ്ങള്‍ മാറിയില്ലെങ്കില്‍, എന്തും വിളിച്ചുപറയാമെന്ന അവസ്ഥയാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍നിന്ന് ഒരു വ്യത്യാസവുമില്ലാത്ത ഒന്നായി നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ മാറും.

 

എം.കെ. മുനീർ,നികേഷ് കുമാർ

ന്യൂസ് ഡെസ്‌കില്‍നിന്ന് എഴുതിക്കൊടുക്കുന്ന വാര്‍ത്തകള്‍ അതേപടി വായിച്ചിരുന്ന വാര്‍ത്താവതരണ ശൈലിയില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായി അലര്‍ച്ചകളും അട്ടഹാസങ്ങളുംബഹളം വെക്കലുകളും നിറഞ്ഞതാണ് ഇന്നത്തെ വാര്‍ത്താവതരണ ശൈലി. ഈ ശൈലീമാറ്റത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഇന്ന് ഒരു വാര്‍ത്താ ചാനല്‍ പൂര്‍ണമായും അവതാരകരെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ചാനലിന്റെ പേരുപോലും അപ്രസക്തമാകുന്ന തരത്തില്‍ അവതാരകരുടെ പേരിലാണ് ഇന്ന് ചാനലുകള്‍ അറിയപ്പെടുന്നതുപോലും. ഈ അവതാരകര്‍ എവിടെയാണോ അതാണ് ഇപ്പോള്‍ ന്യൂസ് സ്റ്റുഡിയോപോലും. എല്ലാ സമയവും ഈ സ്റ്റാര്‍ അവതാരകര്‍ നിറഞ്ഞുനിന്നാല്‍ മാത്രമേ ചാനലിനു പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണ് ഇവിടെയുണ്ടായിരിക്കുന്നത്. ഒരു ചാനലിന്റെ പൊതുനിലപാടുകളെക്കാള്‍ ചാനലിലെ അവതാരകരെ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് ആ ചാനലിന്റെ പ്രേക്ഷകരായി മാറുന്നത്. സത്യത്തില്‍ ഇന്ന് ആളുകള്‍ വാര്‍ത്തകള്‍ കാണുന്നതുപോലും ഇഷ്ടപ്പെട്ട അവതാരകരുടെ കാട്ടിക്കൂട്ടലുകള്‍ കാണുന്നതിനാണ്. അയാളുടെ ചിരിയും അട്ടഹാസങ്ങളും അലര്‍ച്ചകളും പ്രകടനങ്ങളും തല്ലുപിടിത്തവുമെല്ലാം പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.

അയാളുടെ കൗണ്ടറുകള്‍ക്കായി അവര്‍ കാത്തിരിക്കുന്നു. ഇവയെല്ലാം അപ്പോള്‍ത്തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ സ്വഭാവമുള്ള വിഭവങ്ങളായി മാറുന്നു. വാര്‍ത്തകളുടെ അവതരണരീതി എന്നും തൊണ്ണൂറുകളിലെപ്പോലെ ഇരിക്കണോ, അതു കാലത്തിനനുസരിച്ചു മാറണ്ടേ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും വേണം എന്നുതന്നെയാണ് എന്റെ ഉത്തരം. പണ്ടു ഞാന്‍ ചെയ്തിരുന്ന കാലത്തെ എല്ലാം മികച്ചതും കുറ്റമറ്റതും, ഇപ്പോഴുള്ളതെല്ലാം തീര്‍ത്തും മോശവുമാണെന്ന ചിന്തയൊന്നും എനിക്കില്ല. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ എല്ലാ മേഖലയിലും ഉണ്ടാകേണ്ടതാണ്. എന്നാല്‍, വാര്‍ത്തകള്‍ക്കും വാര്‍ത്താമൂല്യങ്ങള്‍ക്കും മുകളില്‍ വാര്‍ത്താവതാരകര്‍ പ്രതിഷ്ഠിക്കപ്പെടുകയും അവരുടെ ആരാധകരായി മാത്രം പ്രേക്ഷകര്‍ മാറുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തിനോട് എനിക്ക് ഒട്ടുംതന്നെ യോജിക്കാന്‍ സാധിക്കുന്നില്ല. അതു തെറ്റായ ഒരു പ്രവണതതന്നെയാണെന്നാണ് എന്റെ അഭിപ്രായം.

മലയാളത്തിന്റെ സ്വകാര്യ വാര്‍ത്താ ചാനലുകള്‍ നഷ്ടപ്പെടുത്തിക്കളഞ്ഞ മാധ്യമപ്രവര്‍ത്തന സാധ്യതകള്‍ എന്തൊക്കെയാണ്?

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് ഏറ്റവും യോജിച്ച മാധ്യമമാണ് ടെലിവിഷന്‍. എന്നാല്‍, നമ്മുടെ വാര്‍ത്താ ചാനലുകള്‍ ഈ മേഖലയില്‍ പൂര്‍ണമായും പരാജയപ്പെട്ടുപോവുകയാണുണ്ടായത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ക്കിടയില്‍ എടുത്തുപറയാന്‍ സാധിക്കുന്ന ഒരു സ്റ്റോറിപോലും ഇത്തരത്തില്‍ മലയാളത്തില്‍നിന്നുണ്ടായിട്ടില്ല എന്നതാണു വസ്തുത. നടന്നിട്ടുള്ളവയാണെങ്കിലോ വെറും എക്‌സ്‌ക്ലൂസിവ് സ്റ്റോറികള്‍ മാത്രമാണ്. നമ്മുടെ എല്ലാ ചാനലുകളും പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുന്നുണ്ട് എന്നാല്‍, അതിനു പിന്നിലുള്ള കാരണങ്ങളെ കണ്ടെത്താന്‍ സാധിക്കുന്ന, ആഴങ്ങളിലേക്കു സഞ്ചരിച്ച് അവലോകനംചെയ്യുന്ന ന്യൂസ് സ്‌റ്റോറികള്‍ എത്രയാളുകള്‍ ചെയ്യുന്നുണ്ട്. ചുറ്റുപാടുമുള്ള പ്രശ്‌നങ്ങളെ അവതരിപ്പിക്കുകയും ഏറ്റവും കൂടിപ്പോയാല്‍ ആ വിഷയത്തില്‍ ഒരു അന്തിച്ചര്‍ച്ച നടത്തുകയും മാത്രമാണ് നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ ഇന്നു ചെയ്യുന്നത്.

അതിനപ്പുറത്ത്, ആ വാര്‍ത്തയുടെ പിന്നാമ്പുറങ്ങളിലേക്ക് ആഴത്തില്‍ സഞ്ചരിക്കാനോ മൂലകാരണങ്ങളും സത്യാവസ്ഥയും ജനങ്ങളിലേക്കെത്തിക്കാനോ ആരുംതന്നെ തയാറാകുന്നില്ല. ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്താചാകരക്കും പിന്നാലെ ഓടുക മാത്രമാണ് നമ്മുടെ മാധ്യമങ്ങള്‍ ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്. ആഴത്തിലുള്ള, അന്വേഷണാത്മകസ്വഭാവമുള്ള വാര്‍ത്താസഞ്ചാരം നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ നഷ്ടപ്പെടുത്തിയ പ്രധാനപ്പെട്ട വാര്‍ത്താസാധ്യതയായി എനിക്കു തോന്നുന്നുണ്ട്.

മറ്റൊന്ന്, വാര്‍ത്തകളുടെ സ്വഭാവനിര്‍വചനവുമായി ബന്ധപ്പെട്ടാണ്. വാര്‍ത്തകളെ കൃത്യമായി അടയാളപ്പെടുത്തി പ്രേക്ഷകരിലേക്കെത്തിക്കാന്‍ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ക്കു കഴിയാതെപോയി എന്നത് ഒരു വസ്തുതയാണ്. എല്ലാ ചാനലുകള്‍ക്കും എല്ലാ വാര്‍ത്തകളും അന്നന്നത്തെ എക്‌സ്‌ക്ലൂസിവുകളും ബ്രേക്കിങ് ന്യൂസുകളുമായി മാറുന്നു. സത്യത്തില്‍ വാര്‍ത്തക്കുള്ളിലെ വാര്‍ത്തകളാണല്ലോ ബ്രേക്കിങ് ന്യൂസുകളായി മാറുന്നത്. അതു കണ്ടെത്താനുള്ള സാവകാശമോ സമയമോ ഇല്ലെന്നതു മാത്രമല്ല, വാര്‍ത്തയാകുന്ന സംഭവത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഇന്നത്തെ ബ്രേക്കിങ് പ്രളയത്തിനു കാരണമാണ്. ബ്രേക്കിങ് ന്യൂസ് എന്ന പദംതന്നെ ഇന്നു ക്ഷയിച്ച മട്ടാണ്. ആര് എന്തുപറഞ്ഞാലും അതിനെ ബ്രേക്കിങ് ന്യൂസ് വലുപ്പത്തിലും കോലത്തിലുമാക്കുന്ന കച്ചവടഹരത്തിലാണിപ്പോള്‍ ദൃശ്യമാധ്യമങ്ങളെല്ലാം.

ഒരു കാര്യംതന്നെ രാഷ്ട്രീയനേതാക്കള്‍ കാസര്‍കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും ആവര്‍ത്തിച്ചാലും അതെല്ലാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ബ്രേക്കിങ് ന്യൂസുകളാക്കുന്ന അവസ്ഥ വാര്‍ത്തയുടെ അന്തഃസത്തയെപ്പോലും ചോദ്യംചെയ്യുന്നതാണ്. ചാനലുകളുടെ പ്രളയകാലത്ത് വാര്‍ത്താനുകരണം മാത്രമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. അപ്പുറം നില്‍ക്കുന്ന ചാനല്‍ കൊടുത്താല്‍ അതുതന്നെ നമുക്കും കൊടുക്കാമെന്ന അവസ്ഥ. പത്രത്തിലെ എക്‌സ്‌ക്ലൂസിവ് വാര്‍ത്തകളെ സ്‌കൂപ് എന്നാണ് പൊതുവേ വിളിക്കാറ്. ഒരു പത്രം വാര്‍ത്തക്കു മുകളില്‍ സ്‌കൂപ് എന്ന പദം ഉപയോഗിച്ചാല്‍ അത് ആ വാര്‍ത്തയുടെ മൂല്യത്തെ അത്രമേല്‍ ഉയര്‍ത്തുന്ന ഒന്നായി മാറും. എന്നാല്‍, ടെലിവിഷന്‍ ചാനലുകള്‍ക്ക് അങ്ങനെയുള്ള സ്വഭാവനിര്‍വചന മാര്‍ഗങ്ങള്‍ ഇല്ലാതെപോയി എന്നത് അതിന്റെ വാര്‍ത്താസംസ്‌കാരത്തെത്തന്നെ കാര്യമായി ബന്ധിച്ചിട്ടുണ്ടെന്നത് ഒരു വസ്തുതതന്നെയാണ്.

വാര്‍ത്തകള്‍ക്കും അവയുടെ വാണിജ്യത്തിനും ഇടയിലൂടെ കടന്നുപോകുന്ന ഇന്നിന്റെ ടെലിവിഷന്‍ ചാനലുകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ എന്തൊക്കെയാണ്?

പണ്ട് ഒരു മാധ്യമസ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ വിഭാഗവും പരസ്യങ്ങള്‍ കൈകാര്യംചെയ്യുന്ന മാര്‍ക്കറ്റിങ് വിഭാഗവും തമ്മില്‍ ഒരു മതിലുണ്ടായിരുന്നു. അവര്‍ പരസ്പരം കൈകടത്തലുകള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍ നടക്കുന്നത്. പരസ്യദാതാക്കളുടെ വാര്‍ത്താതാൽപര്യങ്ങള്‍ സംരക്ഷിക്കാന്‍ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ആ ശ്രമങ്ങള്‍ എല്ലാംതന്നെ വിജയംകാണുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പല സ്ഥാപനങ്ങളിലെയും പ്രശ്‌നങ്ങളെയും റെയ്ഡുകളെയും സംബന്ധിച്ച വാര്‍ത്തകള്‍ നമുക്ക് മുഖ്യധാരാ മാധ്യമങ്ങളിലൂടെ ലഭിക്കാത്തത്. മാധ്യമസ്ഥാപനങ്ങളുടെ പ്രതിബദ്ധത അതിന്റെ പ്രേക്ഷകരില്‍നിന്നു മാറി പരസ്യദാതാക്കളിലേക്കെത്തി എന്നത് ആര്‍ക്കും തള്ളിക്കളയാന്‍ സാധിക്കാത്തൊരു വസ്തുതതന്നെയാണ്.

സത്യത്തില്‍ മലയാളത്തിലെ ഒരു വാര്‍ത്താചാനലും ലാഭകരമായിട്ടല്ല പ്രവര്‍ത്തിക്കുന്നത്. ചാനലിനു പുറത്തു നടത്തുന്ന ഇവന്റുകളില്‍നിന്നും സ്‌റ്റേജ് ഷോകളില്‍നിന്നും ചെറുതും വലുതുമായ പരിപാടികളില്‍നിന്നുമാണ് മലയാളത്തിലെ ദൃശ്യമാധ്യമങ്ങള്‍ നിലനിന്നുപോകാനുള്ള വരുമാനം കണ്ടെത്തുന്നത്. അങ്ങനെ അരിഷ്ടിച്ചു കടന്നുപോകുന്ന ചാനലുകള്‍, അവയുടെ തുടക്കത്തിനായി വേണ്ടിവന്ന ഭീമമായ മൂലധനം തിരിച്ചുപിടിക്കാം എന്നത് സ്വപ്‌നംകാണാന്‍പോലും സാധിക്കാത്ത കാര്യവുമാണ്. ഈ സാമ്പത്തിക പ്രതിസന്ധികള്‍തന്നെയാണ് പരസ്യങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രീതിപ്പെടുത്തി നിര്‍ത്തി മുന്നോട്ടുപോകേണ്ട ദുരവസ്ഥയിലേക്ക് മാധ്യമങ്ങളെ എത്തിച്ചത്. ദൃശ്യമാധ്യമങ്ങളുടെ മാത്രം കാര്യമല്ല ഞാന്‍ പറയുന്നത്. ഇന്ത്യയിലെ മാധ്യമങ്ങള്‍ക്കു പൊതുവേ ഉണ്ടായിട്ടുള്ള പ്രതിസന്ധിയാണിത്. പത്രങ്ങളിലും വാര്‍ത്ത ഏതാണ്, പരസ്യം ഏതാണ്, ഇവ രണ്ടും ചേര്‍ന്ന അഡ്വറ്റോറിയല്‍ ഏതാണ് എന്നു തിരിച്ചറിയാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്.

‘ഏഷ്യാനെറ്റ്’ ആരംഭിക്കുന്ന കാലത്ത്, 18 കോടിയായിരുന്നു കേരളം മുഴുവന്‍ സ്വാധീനമുള്ള ‘ദൂരദര്‍ശന്റെ’ വാര്‍ഷിക പരസ്യവരുമാനം. അതില്‍ പകുതിതന്നെ കിട്ടിയാലും, 9 കോടികൊണ്ട് എങ്ങനെ ഒരു സ്വകാര്യ ചാനലിനു പിടിച്ചുനില്‍ക്കാന്‍ സാധിക്കും എന്നതായിരുന്നു ഈ മേഖലയില്‍ വിദഗ്ധരായ പലരുടെയും സംശയം. പുതിയ എതിരാളികളെത്തുമ്പോള്‍ മാര്‍ക്കറ്റ് വലുതാകുമെന്ന ആശയമായിരുന്നു അന്നു ഞങ്ങള്‍ മുന്നോട്ടുവെച്ചത്. അതുതന്നെയാണ് അന്നു സംഭവിച്ചതും. 18 കോടി മാത്രമായിരുന്ന മലയാള ടെലിവിഷന്റെ വാര്‍ഷിക പരസ്യവരുമാനം അതിന്റെ എത്രയോ ഇരട്ടിയായി മാറി. ശതകോടിയുടെ പരസ്യ മാര്‍ക്കറ്റായി നമ്മുടെ ടെലിവിഷന്‍മേഖല മാറിയപ്പോള്‍ അതിനുവേണ്ടി കടിപിടികൂടുന്നവരുടെ എണ്ണവും വർധിച്ചു. ഈ മത്സരംതന്നെയാണ് പ്രേക്ഷകരെക്കാള്‍ വലിയ സ്ഥാനം പരസ്യദാതാക്കള്‍ക്കു ലഭിക്കാനും, തങ്ങള്‍ക്കെതിരായ വാര്‍ത്തകളെ അവര്‍ക്കു നിയന്ത്രിക്കാനും സാധിക്കുന്ന തരത്തിലേക്കു കാര്യങ്ങളെത്തിയത്.

നിലവില്‍ പിന്തുടരുന്ന ഈ വാര്‍ത്താശൈലിയുമായി മലയാളത്തിലെ സ്വകാര്യ വാര്‍ത്താ ചാനലുകള്‍ക്ക് എത്ര കാലംകൂടി ഇന്നുള്ള ഈ സ്വാധീനത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കും എന്നാണ് വിലയിരുത്തുന്നത്?

മലയാള വാര്‍ത്താ ചാനലുകള്‍ ഇപ്പോള്‍ പിന്തുടരുന്ന രീതിയിൽതന്നെയാണ് പോകുന്നതെങ്കില്‍ അവക്ക് ക്രിയാത്മകമായ ഒരു ഭാവിയുള്ളതായി എനിക്കു തോന്നുന്നില്ല. എന്നാല്‍, ചാനലുകള്‍ ഒന്നുംതന്നെ പൂട്ടിപ്പോകാനുള്ള സാധ്യതകളും ഞാന്‍ കാണുന്നില്ല. കാരണം മലയാളത്തില്‍ ഇന്നു നിലനില്‍ക്കുന്ന എല്ലാ ചാനലുകളുടെയും പിന്നില്‍ അവരെ ഈ മേഖലയില്‍ പിടിച്ചുനിര്‍ത്തുന്ന മറ്റു പല ഘടകങ്ങളുമുണ്ട്. ഉദാഹരണത്തിന്, ചില ചാനലുകള്‍ മലയാളത്തിലെ പ്രമുഖമായ ചില പത്രങ്ങളുടേതാണ്. അവരെ താങ്ങിനിര്‍ത്തുന്നത് പതിറ്റാണ്ടുകളായി അവര്‍ നേടിയെടുത്ത മാധ്യമപാരമ്പര്യമാണ്. നല്ലരീതിയില്‍ ലാഭകരമായി പോകുന്ന വന്‍ വ്യവസായികളുടെ പിന്തുണയുള്ളതാണ് മറ്റു ചാനലുകള്‍. ലാഭത്തെക്കാള്‍, തങ്ങളുടെ ബിസിനസിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന ഒരു ഊന്നുവടിമാത്രമായാണ് അവര്‍ മാധ്യമങ്ങളെ കാണുന്നത്. ചില ചാനലുകള്‍ക്ക് കൃത്യമായ രാഷ്ട്രീയ പിന്‍ബലമുണ്ട്. പാര്‍ട്ടിക്ക് ശക്തിയുള്ളിടത്തോളം കാലം ചാനലിനും ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. ആത്മീയസംഘടനകളുടെ പിന്‍ബലമുള്ള ചാനലുകള്‍ ഭാവിയെക്കുറിച്ചോര്‍ത്തു പേടിക്കേണ്ട സാഹചര്യങ്ങള്‍ ഒന്നുംതന്നെയില്ലല്ലോ.

നഷ്ടത്തി​െന്റ കണക്കുകള്‍ കാണിക്കാന്‍വേണ്ടി മാത്രം ഈ രംഗത്തു പിടിച്ചുനില്‍ക്കുന്ന ചാനലുകള്‍പോലും ഇന്നു മലയാളത്തിലുണ്ട്. ഭാവിതലമുറയെക്കൂടി ആകര്‍ഷിക്കുന്ന തരത്തില്‍, ലാഭകരമായിത്തന്നെ തങ്ങളുടെ ചാനലുകളെ മുന്നോട്ടുനയിക്കണം എന്നുള്ളവര്‍ക്കു മാത്രമേ ക്രിയാത്മകമായ മാധ്യമ ഇടപെടലുകളെക്കുറിച്ചു ചിന്തിക്കേണ്ടതായുള്ളൂ. ഓരോ ദിവസവും എങ്ങനെ മറ്റുള്ളവരെ പിന്നിലാക്കി മുന്നോട്ടുപോകാം എന്നുമാത്രം ചിന്തിക്കുന്നിടത്ത് ഭാവിയെക്കുറിച്ച് അധികം കടന്നുചിന്തിക്കാന്‍ ഇടമില്ലല്ലോ. സത്യത്തില്‍ നമ്മുടെ ചാനലുകള്‍ ക്രിയാത്മകമായ ഭാവിക്കായി അടിമുടി മാറേണ്ട കാലം കടന്നുപോയിരിക്കുന്നു എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ചുറ്റും നടക്കുന്ന കാര്യങ്ങളെ അപ്പോള്‍ത്തന്നെ ജനങ്ങളിലേക്കെത്തിക്കാന്‍ അതിശക്തമായ ഒരു ഡിജിറ്റല്‍ മീഡിയ ഇന്നു നമുക്കു ചുറ്റുമുണ്ട്.

ആ പണിതന്നെ വാര്‍ത്താ ചാനലുകളും ചെയ്തുകൊണ്ടിരിക്കേണ്ട കാര്യമില്ല. അന്താരാഷ്ട്രതലത്തില്‍ വാര്‍ത്താമാധ്യമങ്ങള്‍ സ്ലോ ജേണലിസം എന്ന പുതിയ ഒരു വാര്‍ത്താരീതി പരീക്ഷിച്ചു വിജയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്ലോ എന്ന വാക്കു സൂചിപ്പിക്കുന്നപോലെതന്നെ ഇപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കു പിന്നാലെ നടത്തിക്കൊണ്ടിരിക്കുന്ന ഈ കൂട്ടയോട്ടത്തിന്റെ വേഗത കുറച്ച്, വാര്‍ത്തകളെ ആഴത്തില്‍ പഠിച്ചു മനസ്സിലാക്കി വിശകലനസ്വഭാവത്തോടെ അവതരിപ്പിക്കുന്ന ശൈലിയാണിത്. ഈ ശൈലിയിലേക്ക് നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ മാറിയാല്‍ അവയുടെ പ്രസക്തി കൂടുതല്‍ വർധിക്കുമെന്നാണ് എനിക്കു തോന്നുന്നത്.

 

അർണബ് ഗോസ്വാമി,ചിന്ത രവി

ഇപ്പോള്‍ മലയാളത്തിലെ ടെലിവിഷന്‍ വാര്‍ത്തകള്‍ക്കും ചാനലുകള്‍ക്കും ഒരു രാഷ്ട്രീയവും നിലപാടും ഉള്ളതായി തോന്നുന്നുണ്ടോ?

എല്ലാ മാധ്യമങ്ങള്‍ക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വാര്‍ത്താനിലപാടുകള്‍ നമ്മുടെ ചാനലുകളില്‍നിന്ന് ഇല്ലാതെയായിട്ട് കുറച്ചധികം വര്‍ഷങ്ങള്‍തന്നെയായി. എന്നാല്‍, ഇപ്പോള്‍ അവ തമ്മില്‍ യാതൊരുവിധ വ്യത്യാസമില്ലാത്ത, വ്യക്തിത്വമില്ലാത്തവരായി മാറിയിരിക്കുന്നു എന്നതാണ് ഒരേസമയം അത്ഭുതവും നിരാശയുമുണ്ടാക്കുന്ന വസ്തുത. ലോഗോ മാറുന്നുണ്ട് എന്നതുകൊണ്ടു മാത്രമാണ് ഭൂരിഭാഗം ചാനലുകളെയും നമുക്ക് ഇന്നു തിരിച്ചറിയാന്‍ പറ്റുന്നത്. അല്ലാതെ വാര്‍ത്തകളിലും അവതരണരീതികളിലും നിലപാടുകളിലുമെല്ലാം എല്ലാവരും ഒന്നായിത്തന്നെ നില്‍ക്കുകയാണ്. നിലപാടുകളില്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അനുകരിക്കുന്നവരായി മാത്രം നമ്മുടെ ചാനലുകള്‍ മാറിയിരിക്കുന്നു. ഒരു പ്രത്യേക വിഷയത്തില്‍ നിങ്ങളുടെ നിലപാടെന്താണെന്ന് ഒരു ചാനലിലെ ഉത്തരവാദിത്തപ്പെട്ട ഒരാളോടു നമ്മള്‍ ചോദിച്ചാല്‍ ആ ചോദ്യത്തിന്, മറ്റു ചാനലുകളുടെ നിലപാടെന്താണെന്നു നോക്കിയിട്ട് ഉത്തരം പറയാം എന്ന അവസ്ഥ വന്നിരിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളിലെ ചാനലുകളില്‍പ്പോലും ഇത്തരമൊരു ദുരവസ്ഥയില്ല. അമേരിക്കയെ ഒരു ഉദാഹരണമാക്കിയെടുത്താല്‍ അവിടെ നിലവിലുള്ള എല്ലാ ചാനലുകളെയും അവരുടെ നിലപാടുകളുടെ പേരില്‍ നമുക്കു തിരിച്ചറിയാന്‍ സാധിക്കും. ഒരു വാര്‍ത്താസംഭവം ഉണ്ടായാല്‍ അത് ഓരോ ചാനലും എങ്ങനെ ആ വാര്‍ത്തയെ അവതരിപ്പിക്കുമെന്നു ചിന്തിക്കാന്‍ സാധിക്കും. ‘സി.എന്‍.എന്‍’ വാര്‍ത്ത കൈകാര്യംചെയ്യുന്നപോലെ ആയിരിക്കില്ല ‘എ.ബി.സി’ ആ വാര്‍ത്തയെ കൈകാര്യം ചെയ്യുക. ഇതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായിരിക്കും ‘ഫോക്‌സ് ന്യൂസി’ലെ ആ വാര്‍ത്തയുടെ അവതരണം. പൂര്‍ണമായും മാര്‍ക്കറ്റിനെ കേന്ദ്രീകരിച്ചു നില്‍ക്കുന്ന അമേരിക്കപോലുള്ള ഒരു രാജ്യത്തെ വാര്‍ത്താ ചാനലുകള്‍ക്കുപോലും നിലപാടുകള്‍ (പലതും നമുക്കു യോജിക്കാന്‍പറ്റാത്തതാണെങ്കിലും) ഉണ്ടാവുകയും ആ നിലപാടുകളുടെ പേരില്‍ അവര്‍ അറിയപ്പെടുകയുംചെയ്യുന്നു. എന്നാല്‍, നമ്മുടെ ചാനലുകളോ, തീര്‍ത്തും നിരാശജനകമായ രീതിയില്‍ പരസ്പരം തിരിച്ചറിയാന്‍പോലും പറ്റാത്ത, വ്യക്തിത്വമില്ലാത്തവയായി മാറിയിരിക്കുന്നു. എല്ലാ ചാനലുകളും ഒരേ കാര്യം പറയുന്ന ഒരേ താളത്തില്‍ തുള്ളുന്ന വാര്‍ത്താശൈലി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശക്തമായ നിലപാടുകളുള്ള മാധ്യമങ്ങള്‍ക്കു മാത്രമേ അതിന്റെ അസ്തിത്വം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഈ വസ്തുത ആദ്യം തിരിച്ചറിയുന്നവര്‍ക്ക് കൂടുതല്‍ കാലത്തെ നിലനിൽപു സാധ്യമാകും.

ചുറ്റുപാടും നടക്കുന്ന എല്ലാ വാര്‍ത്തകളെയും ഇന്നത്തെ ദൃശ്യമാധ്യമങ്ങള്‍ ഇവന്റുകളാക്കി മാറ്റുകയാണ്. ഈ ന്യൂസ് കാര്‍ണിവല്‍ സംസ്‌കാരം മലയാള മാധ്യമപ്രവര്‍ത്തനത്തെ ഏതു രീതിയിലാണ് സ്വാധീനിച്ചിരിക്കുന്നത്?

ചാനലുകളുടെ നിസ്സഹായതയാണ് ഈ ന്യൂസ് കാര്‍ണിവലുകള്‍ക്കു പിന്നില്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം, ആളുകളെ ചാനലുകളിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ എല്ലാ മണിക്കൂറുകളിലും ചാനല്‍ സ്‌ക്രീനില്‍ തൃശൂർ പൂരങ്ങള്‍തന്നെ നിര്‍മിച്ചുകൊണ്ടിരിക്കണം. അസാധാരണമായത് ചെയ്തുകൊണ്ടിരുന്നാല്‍ മാത്രമേ ആളുകളെ ചാനലിനു മുന്നില്‍ പിടിച്ചിരുത്താന്‍ സാധിക്കൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മലയാള മാധ്യമങ്ങളുടെ പരിമിതികള്‍ വെച്ച് എന്നും വലിയ വലിയ പൂരങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുകയില്ലെങ്കിലും അവര്‍ക്ക് ഓരോ ദിവസവും പറ്റുന്നപോലത്തെ ചെറിയതോതിലുള്ള വെടിക്കെട്ടുകളും കുടമാറ്റങ്ങളും നടത്താന്‍ നമ്മുടെ ചാനലുകള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. എന്നാല്‍, എല്ലാ വാര്‍ത്തകളും ബ്രേക്കിങ് ന്യൂസുകളാക്കി അവയുടെ വിലയും പ്രാധാന്യവും ഇല്ലാതാക്കിയതുപോലെ തന്നെ എല്ലാ വാര്‍ത്തകളും ആഘോഷിക്കപ്പെടുമ്പോള്‍ ഇല്ലാതെയാകുന്നത് വാര്‍ത്തകള്‍ക്കു കിട്ടേണ്ട പ്രാധാന്യംതന്നെയാണ്.

അധികം താമസിയാതെ തന്നെ ഇന്നു കാണിച്ചുകൂട്ടുന്ന ന്യൂസ് കാര്‍ണിവലുകളുടെ അപകടാവസ്ഥ ചാനല്‍നടത്തിപ്പുകാര്‍ തിരിച്ചറിയും. കാരണം, ഓരോ വാര്‍ത്തയും മറ്റൊന്നിനെക്കാള്‍ മികച്ച രീതിയില്‍ ആഘോഷിക്കപ്പെടുമ്പോള്‍ അടുത്തതിന് എന്തുചെയ്യും എന്ന ചിന്ത സ്വാഭാവികമാണല്ലോ. പ്രേക്ഷകരെ സംബന്ധിച്ച് ഓരോ പൂരവും കൂടുതല്‍ അടിപൊളിയാവണം എന്നതു മാത്രമായിരിക്കും ചിന്ത. കണ്ട കാര്യങ്ങള്‍തന്നെ വീണ്ടും കൊടുത്താല്‍ കാഴ്ചക്കാരെ തൃപ്തിപ്പെടുത്താന്‍ സാധിക്കാതെ വരും. കാഴ്ചക്കാരെ തൃപ്തിപ്പെടുത്താന്‍ കൈവിട്ട കളികള്‍ കളിച്ചാല്‍ അത് ദിനംപ്രതിയുള്ള ചെലവിനെ ഒരു നിയന്ത്രണവുമില്ലാത്ത ഒന്നാക്കി മാറ്റുകയുംചെയ്യും. ചുരുക്കത്തില്‍, ഒരേ സമയംതന്നെ ചാനലുകളുടെ മാധ്യമമൂല്യത്തെയും സാമ്പത്തികമായ നിലനിൽപിനെയും ഇല്ലാതെയാക്കുന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ന്യൂസ് കാര്‍ണിവല്‍ സംസ്‌കാരം.

ഇന്ന് ടെലിവിഷന്‍ വാര്‍ത്തകളില്‍ അതിവൈകാരികതയുടെ സാന്നിധ്യം വര്‍ധിച്ചുവരുകയാണ്. അത് യുദ്ധമായാലും പ്രകൃതിദുരന്തങ്ങളായാലും മരണങ്ങളായാലും കൂടുതല്‍ വൈകാരികപ്രകടനങ്ങള്‍ നടത്തുന്ന ചാനലുകളാണ് ആ സമയങ്ങളില്‍ റേറ്റിങ്ങില്‍പ്പോലും മുന്നിലെത്തുന്നത്. ഈ അതിവൈകാരിക പ്രകടനപരത ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നത്?

മാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളെ ഇമോഷനല്‍ ബ്ലാക്ക്‌മെയിലിങ് ചെയ്യുകയാണ് ഇന്നത്തെ മാധ്യമങ്ങള്‍ ശരിക്കും ചെയ്യുന്നത്. മകന്‍ മരിച്ചുകിടക്കുന്ന ഒരമ്മയുടെ മുഖത്ത് കാമറ വെച്ച് അവര്‍ കരയുന്നതു വരെ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയും വിങ്ങിപ്പൊട്ടി കരയുമ്പോഴും അവരെ വിടാതെ കാമറയുമായി പിന്തുടരുകയും ചെയ്യുന്ന മാധ്യമശൈലിയെ മറ്റെന്തു പേരിലാണ് നമുക്കു വിളിക്കാന്‍ സാധിക്കുക. ഈ ഇമോഷനല്‍ ബ്ലാക്ക്‌മെയിലിങ്ങിന് കൃത്യമായ ക്ലാസ് വ്യത്യാസവുമുണ്ടെന്നതാണ് പരിതാപകരമായ മറ്റൊരു കാര്യം. ഒരു സമ്പന്നഭവനത്തിലാണ് സങ്കടപ്പെടുത്തുന്ന സംഭവങ്ങള്‍ നടക്കുന്നതെങ്കില്‍ മാധ്യമങ്ങള്‍ ഇത്തരം ബ്ലാക്ക്‌മെയിലിങ്ങുകള്‍ നടത്താന്‍ പോവുകയില്ല. അപ്പോള്‍ അവര്‍ക്ക് കൃത്യമായ അകലവും മാധ്യമമര്യാദകളും പാലിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ അറിയാം. എന്നാല്‍, ഇതേ സംഭവംതന്നെ ഒരു പാവപ്പെട്ടവന്റെ വീട്ടില്‍ നടന്നാല്‍ ചാനലുകളുടെ സ്വഭാവം നേരേ തിരിയും. അവന്റെ കണ്ണീരിനെ വിവിധ ആംഗിളുകളില്‍നിന്നു പകര്‍ത്തിയെടുക്കാനും കൂടുതല്‍ നന്നായിത്തന്നെ അവരെ കരയിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടുമിരിക്കും. ചാനലുകള്‍ നടത്തുന്ന വൈകാരികപ്രകടനങ്ങളെക്കാള്‍ എന്നെ നിരാശനാക്കുന്നത് അവര്‍ നടപ്പാക്കുന്ന ഈ ക്ലാസ് വ്യത്യാസമാണ്.

മറ്റൊന്ന്, അവതാരകരുടെ അതിവൈകാരിക പ്രകടനങ്ങളാണ്. ദേശീയമാധ്യമങ്ങളിലെ അവതാരകരില്‍ പലരും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നടത്തിയിരുന്ന ഇത്തരം പ്രകടനങ്ങളെ കളിയാക്കിയിരുന്ന നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍പോലും ഇന്ന് അതേ പാത പിന്തുടരുകയാണ്. ഒരു പ്രമുഖ നേതാവ് മരിച്ചാല്‍ ആ നേതാവിന്റെ സംഭാവനകളെക്കുറിച്ചു പറഞ്ഞ് അയാളുടെ മൂല്യമെന്തായിരുന്നെന്ന് ജനങ്ങളെ ബോധിപ്പിക്കുന്നതിനു പകരം, തങ്ങളുടെ വൈകാരിക റിപ്പോര്‍ട്ടിങ്ങിലൂടെ പ്രേക്ഷകരെ എങ്ങനെ കരയിക്കാമെന്നാണു ചിന്തിക്കുന്നത്. ഓപറേഷന്‍ സിന്ദൂര്‍ പോലെ രാജ്യത്ത് യുദ്ധസമാനമായ അന്തരീക്ഷമുണ്ടായപ്പോള്‍, നല്ലൊരു യുദ്ധത്തിനായി കൊതിക്കുന്ന യുദ്ധക്കൊതിയന്മാരെപ്പോലെയായിരുന്നു നമ്മുടെ മാധ്യമങ്ങള്‍ പ്രതികരിച്ചത്. പലരുടെയും വാര്‍ത്താവതരണങ്ങള്‍ കണ്ട് പ്രേക്ഷകര്‍ക്കുപോലും ഒന്നു യുദ്ധംചെയ്തു നോക്കിയാലോയെന്നു തോന്നിപ്പോയിരുന്നു. എന്നാല്‍, ഈ വൈകാരികപ്രകടനങ്ങള്‍ക്കു നിയന്ത്രണം വരണമെങ്കില്‍ ചാനലുകളും പ്രേക്ഷകരും ഒരുപോലെ വിചാരിക്കണം. ഇത്തരം അതിവൈകാരികത നിങ്ങള്‍ കാണിച്ചാല്‍ ഞങ്ങള്‍ കാണാനുണ്ടാകില്ല എന്ന് പ്രേക്ഷകരും, ഒരിക്കലും ഇത്തരം വൈകാരികപ്രകടനങ്ങള്‍ക്കു പിന്നാലെ പോകില്ല എന്ന് ചാനല്‍പ്രവര്‍ത്തകരും ഒന്നിച്ചു തീരുമാനമെടുക്കണം. വൈകാരികമായ സംഭവങ്ങളുടെ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് പൊതു മാനദണ്ഡങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്ന് ഉണ്ടാക്കിയെടുക്കുകയും അത് എല്ലാവരും പിന്തുടരുകയും ചെയ്താല്‍ മാത്രമേ ഇതിനു മാറ്റമുണ്ടാവുകയുള്ളൂ.

തീര്‍ത്തും പരിമിത സാഹചര്യങ്ങളില്‍നിന്ന് മൂന്നു പതിറ്റാണ്ടു മുമ്പ് ആരംഭിച്ച മലയാളത്തിന്റെ സ്വകാര്യ ടെലിവിഷന്‍ വാര്‍ത്ത ഇന്ന് ലോകനിലവാരമുള്ള സാങ്കേതികമികവോടെയാണ് പ്രവര്‍ത്തിക്കുന്നത്. സാങ്കേതികമായി നമ്മള്‍ നേടിയെടുത്തിട്ടുള്ള ഈ വളര്‍ച്ച വാര്‍ത്തകളുടെ നിലവാരത്തിലും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടോ?

30 വര്‍ഷംകൊണ്ട് അത്ഭുതാവഹമായ രീതിയിലാണ് നമ്മുടെ സാങ്കേതികമേഖലയില്‍ മുന്നേറ്റമുണ്ടായിരിക്കുന്നത്. അന്ന് ഏറ്റവും കഷ്ടപ്പാടുപിടിച്ചതായി നമ്മള്‍ കരുതിയിരുന്ന പല കാര്യങ്ങളും ഇന്നു നിസ്സാരമായി നമ്മുടെ സ്വന്തം ഫോണില്‍ത്തന്നെ നമുക്കുചെയ്യാന്‍ സാധിക്കുന്നവയാണ്. എത്ര പരിമിതികളുണ്ടെങ്കിലും വാര്‍ത്തകള്‍ ലൈവായിത്തന്നെ ജനങ്ങളിലേക്കെത്തിക്കണമെന്നതില്‍ ഞങ്ങള്‍ക്കാര്‍ക്കും സംശയങ്ങളില്ലായിരുന്നു. പ്രോഗ്രാമുകള്‍ നമുക്ക് റെക്കോഡ് ചെയ്ത് ടെലികാസ്റ്റ് ചെയ്യാം. വാര്‍ത്തകളുടെ കാര്യത്തില്‍ അതു പറ്റില്ലല്ലോ. അത് ലൈവായിരിക്കണം. അതിനുള്ള സൗകര്യങ്ങള്‍ ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല. അപ്പോഴാണ് നമ്മള്‍ ഫിലിപ്പീന്‍സിലെ സുബിക് ബേയിലേക്കു പോകുന്നത്. അവിടത്തെ അമേരിക്കന്‍ നേവല്‍ ബേസില്‍ ടെലിപോര്‍ട്ടുണ്ട്. അവിടെനിന്ന് വാര്‍ത്ത അപ് ലിങ്ക് ചെയ്യാനായിരുന്നു പരിപാടി. ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയില്‍നിന്ന് വീണ്ടും വിമാനം കയറി വേണം സുബിക് ബേയിലെത്താന്‍. ഒരാഴ്ചത്തേക്കുള്ള ഫുട്ടേജുകള്‍ ഒരാള്‍ കൈവശം കൊടുത്ത് വിടും. അതായിരുന്നു പതിവ്. ആദ്യം എക്രാനിലായിരുന്നപ്പോള്‍ റഷ്യയില്‍നിന്നായിരുന്നു അപ് ലിങ്ക് ചെയ്തിരുന്നത്. എയര്‍ ഹോസ്റ്റസുമാരും അസി. പൈലറ്റുമാരും ചിലപ്പോള്‍ യാത്രക്കാരുമൊക്കെ ഫുട്ടേജ് അവിടെയെത്തിക്കാന്‍ സഹായിച്ചിരുന്നു. അന്ന് ഇന്നത്തെപ്പോലെ കഠിനമായ ചെക്കിങ്ങൊന്നുമില്ലാത്തതിനാല്‍ അതൊക്കെ സാധ്യമായി.

ആ ഫുട്ടേജുകള്‍ എന്റെ അമ്മാവനും ഏഷ്യാനെറ്റിന്റെ സഹസ്ഥാപകനുമായ റെജി മേനോന്റെ ഓഫിസിലെ ഒരു സ്റ്റാഫ് വന്ന് കലക്ടുചെയ്യുമായിരുന്നു. എക്രാന്‍ പൊളിഞ്ഞപ്പോഴാണ് സുബിക് ബേയിലേക്കു മാറ്റിയത്. വാര്‍ത്താവതാരകരെ സുബിക് ബേയിലെത്തിച്ച് അവരെ അവിടെ ഫ്ലാറ്റെടുത്തു താമസിപ്പിച്ചു. ഒരാള്‍ വാര്‍ത്ത വായിക്കുമ്പോള്‍ മറ്റെയാള്‍ കാമറ പ്രവര്‍ത്തിപ്പിക്കും. വേറൊരാള്‍ എഡിറ്റുചെയ്യും. അങ്ങനെ മള്‍ട്ടി ടാസ്‌കിങ്ങായിട്ടായിരുന്നു വാര്‍ത്താവതരണം. കുറച്ചു കഴിഞ്ഞപ്പോള്‍ സിംഗപ്പൂരില്‍ ടെലിപോര്‍ട്ട് വന്നു. അപ്പോള്‍ കുറച്ചുകൂടി സൗകര്യമായി. അപ് ലിങ്കിങ് സിംഗപ്പൂരിലേക്കു മാറ്റി. പിന്നീട് ഇന്ത്യയില്‍നിന്ന് അപ് ലിങ്ക് ചെയ്യാന്‍ സൗകര്യമുണ്ടായി. ആദ്യം ഡല്‍ഹിയില്‍നിന്നും പിന്നീട് മദ്രാസില്‍നിന്നും അപ് ലിങ്ക് ചെയ്തു. പിന്നീടാണ് തിരുവനന്തപുരത്തേക്ക് വാര്‍ത്തയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും മാറിയത്. വാര്‍ത്തകള്‍ ലൈവായി സംപ്രേഷണം ചെയ്യാന്‍വേണ്ടി മാത്രം ഏഷ്യാനെറ്റ് നടത്തിയ കഷ്ടപ്പാടുകളാണിത്. സാങ്കേതികമായ പരിമിതികള്‍ അന്ന് ചാനലിന്റെ എല്ലാത്തരം പ്രവര്‍ത്തനങ്ങളെയും ബാധിച്ചിരുന്നു.

എന്നാല്‍, ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍. നമ്മുടെ ഭൂരിഭാഗം ചാനലുകളും സാങ്കേതികമായി അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നവയാണ്. മാധ്യമപ്രവര്‍ത്തകര്‍ എന്തു മനസ്സില്‍ വിചാരിച്ചാലും അത് ടെലിവിഷന്‍ സ്‌ക്രീനില്‍ നടപ്പാക്കാന്‍ പറ്റുന്ന രീതിയിലേക്ക് സാങ്കേതികവിദ്യ ഇന്നു മാറിമറിഞ്ഞിരിക്കുന്നു. എന്നാല്‍, വാര്‍ത്തകളുടെയും വാര്‍ത്താവതരണത്തിന്റെയും നിലവാരം ഉയര്‍ത്തുന്നതിനെക്കാള്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ ചില പൊടിക്കൈകള്‍ കാണിച്ച് പ്രേക്ഷകരെ പിടിച്ചിരുത്താന്‍വേണ്ടി മാത്രമാണ് ഇന്ന് സാങ്കേതികവിദ്യയെ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടുപിടിക്കുന്നത് എന്നതാണ് തീര്‍ത്തും നിരാശജനകമായ കാര്യം. വാര്‍ത്തകളെ കൂടുതല്‍ മികവുള്ളതാക്കി മാറ്റാന്‍ സഹായിക്കുന്ന ഒന്നായിട്ടാണ് സാങ്കേതികവിദ്യയെ ഉപയോഗിക്കേണ്ടത്. അല്ലാതെ, തങ്ങളുടെ കൈയിലുള്ള സാങ്കേതികവിദ്യയുടെ പൊലിമ പ്രേക്ഷകരെ കാണിച്ച് അവരെ ഞെട്ടിക്കാനുള്ള ഒരു ചേരുവ മാത്രമായി വാര്‍ത്തയെ പരിഗണിക്കുന്നിടത്താണ് എനിക്കു വിയോജിപ്പുകളുള്ളത്.

 

പ്രക്ഷേപണംപോലും നിര്‍ത്തിവെക്കുന്ന രീതിയില്‍ മാധ്യമങ്ങളില്‍ ഭരണകൂടങ്ങള്‍ ഇടപെടുന്ന കാലത്താണ് നമ്മള്‍ സംസാരിക്കുന്നത്. ഭരണകൂടങ്ങളുടെ ഇടപെടലുകള്‍ മലയാളത്തിലെ ദൃശ്യമാധ്യമങ്ങളുടെ ഉള്ളടക്കത്തെ ബാധിച്ചതായി തോന്നുന്നുണ്ടോ?

അങ്ങനെ ഭരണകൂടങ്ങളുടെ ഇടപെടലുകളെ പേടിക്കേണ്ട ഒരു സാഹചര്യം മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ക്കില്ല എന്നാണ് എനിക്കു തോന്നുന്നത്. കാരണം, ഭരണകൂടത്തിന്റെ വെറുപ്പു സമ്പാദിക്കാന്‍ പറ്റുന്ന, അവരെ എതിര്‍ക്കുന്ന രീതിയിലുള്ള ആഴത്തിലുള്ള മാധ്യമപ്രവര്‍ത്തനമൊന്നും നമ്മുടെ ഒരു ചാനലും ചെയ്യുന്നില്ല. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടയില്‍ ഏഷ്യാനെറ്റ് ന്യൂസും മീഡിയവണുമാണ് ഡല്‍ഹി കലാപത്തിന്റെ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിരോധനം നേരിട്ടിട്ടുള്ള ചാനലുകള്‍. അത് ഒരുതരത്തിലും അംഗീകരിച്ചുകൊടുക്കാന്‍ പറ്റുന്ന ഒന്നല്ല. പവര്‍ പൊളിറ്റിക്‌സിന്റെ ഭാഗമായി മാധ്യമങ്ങളെ തങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ആരു ശ്രമിച്ചാലും അതിനെ ഒന്നിച്ചുനിന്നു ചെറുത്തുതോൽപിക്കേണ്ടതു തന്നെയാണ്. ഇപ്പോള്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റ് സ്വതന്ത്ര നിലപാടുകളെടുക്കുന്ന മാധ്യമങ്ങളോട് നല്ലരീതിയില്‍ അസഹിഷ്ണുത പുലര്‍ത്തുന്നവര്‍തന്നെയാണ്.

ഗവണ്‍മെന്റിന്റെ ഇമേജിനെ ബാധിക്കുന്ന എന്ത് ആരുചെയ്താലും അവര്‍ അതിനെ പ്രതിരോധിക്കും. അവിടെ അവര്‍ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെക്കുറിച്ചൊന്നും ചിന്തിക്കുകയില്ല. ചാനലുകള്‍ പൂട്ടിയിടുകയെന്നതൊന്നും അവര്‍ക്ക് ഒരു പ്രശ്‌നമേയല്ല. അവസരങ്ങള്‍ വരുമ്പോള്‍ അവര്‍ ഇത്തരം നടപടികള്‍ ഇനിയും ചെയ്യും. കശ്മീരിലും മണിപ്പൂരിലും സോഷ്യല്‍ മീഡിയ നിരോധിക്കലും ഈയടുത്തുതന്നെ ‘ദ വയറി’ന്റെ സിദ്ധാര്‍ഥ് വരദരാജന്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ കേസെടുത്തതുമെല്ലാം ഈ അസഹിഷ്ണുതയുടെ ഭാഗംതന്നെയാണ്. രാജ്യത്ത് ഇപ്പോള്‍ അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണത്തിനായി കോടതികള്‍തന്നെ നേരിട്ടിടപെടുന്ന അവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മാധ്യമനിയന്ത്രണ നടപടികളിലൂടെ ഭരണഘടനക്കുതന്നെ എതിരായ കാര്യങ്ങളാണ് തങ്ങള്‍ ചെയ്യുന്നതെന്ന് കൃത്യമായ ധാരണയുള്ളവര്‍തന്നെയാണ് രാജ്യം ഭരിക്കുന്നത്. എന്നാലും അവര്‍ ഇത്തരം നടപടികള്‍ തുടരുന്നത് ഒരുതരം ഭീതി പരത്താന്‍വേണ്ടിത്തന്നെയാണ്. ഞങ്ങള്‍ക്കെതിരെ നിന്നാല്‍ ഇതൊക്കെയായിരിക്കും ഫലമെന്ന് മാധ്യമസ്ഥാപനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കാണിച്ചുകൊടുക്കാന്‍വേണ്ടിയാണ്. യു.എ.പി.എ അടക്കമുള്ള കേസുകളെടുത്ത് സമ്മര്‍ദത്തിലാക്കുമ്പോള്‍ ഭൂരിപക്ഷമെങ്കിലും എന്തിനു വെറുതെ, എന്തെങ്കിലുമൊക്കെ ആവട്ടെ എന്ന മനോഭാവത്തിലേക്കെത്തും. ഇതുതന്നെയാണ് അവര്‍ക്കു വേണ്ടതും. എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്തരം സമ്മർദങ്ങളില്‍ വീണുപോകുമ്പോള്‍ ശക്തമായ നിലപാടുകളുമായി ഡിജിറ്റല്‍ മീഡിയ ദേശീയതലത്തിലും പ്രാദേശികമായും ശക്തിപ്പെട്ടുവരുന്നതും നിയമപോരാട്ടങ്ങള്‍ക്ക് അവര്‍ തയാറാകുന്നതും വളരെയധികം ആശ്വാസംനല്‍കുന്ന ഒന്നാണ്.

ഒരുകാലത്തുമില്ലാത്ത വിധത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ക്രെഡിബിലിറ്റിയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നതായി തോന്നുന്നുണ്ടോ? ഈ മാധ്യമപ്രവര്‍ത്തകര്‍ ഒന്നും ശരിയല്ല എന്നു സ്ഥാപിക്കുന്നതിലൂടെ ഇത്തരക്കാര്‍ ലക്ഷ്യംവെക്കുന്നതെന്താണ്?

മാധ്യമവിമര്‍ശനങ്ങള്‍ ആവശ്യമുള്ള ഒരു കാര്യംതന്നെയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ത്തന്നെ ഇത്തരം സ്വയംവിമര്‍ശനപരമായ സമീപനങ്ങള്‍ എത്രത്തോളം നടക്കുന്നുണ്ടെന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെ പറയേണ്ടിവരും. എന്നാലിപ്പോള്‍, ‘മാപ്ര’ അടക്കമുള്ള പേരുകളുപയോഗിച്ചു നടത്തുന്നത് മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യതയെ ഇല്ലാതാക്കുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍തന്നെയാണ്. ഇതിനോടും ഒരിക്കലും യോജിക്കാന്‍ സാധിക്കുകയില്ല. മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യതയെ ഇല്ലാതെയാക്കി, ഇവരൊന്നും ശരിയല്ല എന്നൊരു ധാരണ പൊതുസമൂഹത്തില്‍ പരത്താന്‍ സാമൂഹികനായകന്മാരെന്നു സ്വയം നടിക്കുന്നവര്‍ ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങളായിട്ടാണ് ഇതിനെ ഞാന്‍ കാണുന്നത്. ഇത്തരം വിലകുറഞ്ഞ അധിക്ഷേപങ്ങളെ വകവെക്കാതെ മുന്നോട്ടുപോവുകയാണ് നമ്മുടെ മാധ്യമങ്ങള്‍ സത്യത്തില്‍ ചെയ്യേണ്ടത്. എല്ലാത്തിനോടും പ്രതികരിക്കാന്‍ പോയാല്‍ അതിനു മാത്രമേ നേരംകിട്ടുകയുള്ളൂ.

എന്നാല്‍, തങ്ങള്‍ക്കു നേരേ വരുന്ന അധിക്ഷേപങ്ങളെയും ആഘോഷിക്കുന്ന രീതിയാണ് ഇന്നു മാധ്യമങ്ങളില്‍ കാണുന്നത്. ഞങ്ങളെ ഇവര്‍ ഇങ്ങനെയൊക്കെ വിളിക്കുന്നേ എന്നു പറഞ്ഞ് ചാനലുകള്‍തന്നെ കളിയാക്കലുകളെ ആഘോഷിക്കുകയാണ്. മാധ്യമങ്ങള്‍ക്കുനേരേ പൊതുസമൂഹത്തില്‍ രൂപപ്പെടുന്ന എല്ലാ നിരീക്ഷണങ്ങളെയും മാധ്യമപ്രവര്‍ത്തകര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകതന്നെ വേണം. എന്നാല്‍, അതിനു പിന്നാലെ നടക്കാതെ നമ്മുടെ ജോലി കൂടുതല്‍ മികവുറ്റ രീതിയില്‍ ചെയ്യാനുള്ള ശ്രമങ്ങളാണു നടത്തേണ്ടത്. മാധ്യമങ്ങളുടെ വിശ്വാസ്യതയുടെ നിറംമങ്ങിയിട്ടുണ്ടെന്നത് ഒരു യാഥാര്‍ഥ്യംതന്നെയാണ്. മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാംതൂണായിട്ടൊന്നും ഇന്നു പൊതുജനങ്ങള്‍ കരുതുന്നില്ല. വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ മാധ്യമങ്ങളും മാധ്യമസ്ഥാപനങ്ങളുംതന്നെയാണ് മുന്നിട്ടിറങ്ങേണ്ടത്. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നതും യാഥാര്‍ഥ്യമാണ്.

സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് മലയാള ടെലിവിഷന്‍ വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ നടത്തിയ പൊളിച്ചെഴുത്തുകള്‍ എന്തെല്ലാമാണ്?

സോഷ്യല്‍ മീഡിയ ഇരുതലമൂര്‍ച്ചയുള്ള ഒരു വാളുതന്നെയാണ്. എന്നാല്‍, അതു മുന്നോട്ടുവെക്കുന്ന സാങ്കേതികവിദ്യ തീര്‍ത്തും അതിശയകരവുമാണ്. സോഷ്യല്‍ മീഡിയയിലേക്ക് ആര്‍ക്കും കടന്നുവരാം. അവിടെ നുണപറയുന്നവരും വിഷം വിളമ്പുന്നവരും നല്ല ഉദ്ദേശ്യങ്ങളുമായി വരുന്നവരുമെല്ലാം ഉണ്ടാകും. എന്നാല്‍, ഒരു വാര്‍ത്തയും ആര്‍ക്കും മൂടിവെക്കാന്‍ സാധിക്കില്ല എന്നതാണ് സോഷ്യല്‍ മീഡിയ മാധ്യമപ്രവര്‍ത്തനത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന. മുമ്പ് മുഖ്യധാരാ മാധ്യമങ്ങള്‍ വിചാരിച്ചാല്‍ പല വാര്‍ത്തകളും മൂടിവെക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, ഇന്ന് അങ്ങനെയല്ല. ആഗോളതലത്തില്‍ത്തന്നെ വാര്‍ത്തകള്‍ ആദ്യം പൊട്ടിപ്പുറപ്പെടുന്നയിടമായി നമ്മുടെ സാമൂഹികമാധ്യമങ്ങള്‍ മാറി.

മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്തകളും ഓരോ വിഷയത്തിലുമുള്ള അജണ്ടകളും തീരുമാനിക്കുന്നതില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് ഇന്നു വലിയ പങ്കുതന്നെയാണുള്ളത്. ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളുടെ സ്വഭാവം നിര്‍ണയിക്കുന്നതിലും സോഷ്യല്‍ മീഡിയക്ക് ഇന്നു വലിയ പങ്കുണ്ട്. ഇന്ന് ഏതു വിഷയത്തെ സംബന്ധിച്ചും ആദ്യ ചര്‍ച്ചകള്‍ നടക്കുന്നത് സോഷ്യല്‍ മീഡിയയില്‍ത്തന്നെയാണ്. അവിടെ രൂപപ്പെടുന്ന അഭിപ്രായങ്ങളും അതത് വിഷയങ്ങള്‍ക്ക് അവിടെ കിട്ടുന്ന പ്രാധാന്യവും ചാനലുകളുടെ നിലപാടുകളെയും സ്വാധീനിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വിവിധ വിഷയങ്ങള്‍ക്കുണ്ടാകുന്ന പിന്തുണ വിലയിരുത്തിത്തന്നെയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ആ വിഷയങ്ങള്‍ക്കു നല്‍കേണ്ട പരിഗണനകള്‍ നിശ്ചയിക്കുന്നത്. കൂടാതെ ഇന്ന് ചാനലുകളില്‍ വരുന്ന ഭൂരിഭാഗം ഹ്യൂമന്‍ ഇന്ററസ്റ്റ് സ്വഭാവമുള്ള വാര്‍ത്തകള്‍ എല്ലാംതന്നെ സോഷ്യല്‍ മീഡിയയിലെ വൈറല്‍ കണ്ടന്റുകളാണ്. സോഷ്യല്‍ മീഡിയയെ തുടക്കത്തില്‍ പുച്ഛത്തോടെ മാത്രം കണ്ടിരുന്ന നമ്മുടെ മാധ്യമങ്ങള്‍, ഇന്ന് അവിടെ വൈറലായി മാറുന്ന എന്തിനെയും വാര്‍ത്തകളാക്കാന്‍ തയാറാകുന്നുവെന്നത് വലിയ മാറ്റംതന്നെയാണ്.

ഇന്ന് എല്ലാ പ്രമുഖ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കുന്നതിനായി ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്തൊക്കെയാണ് വൈറലായി പോകുന്നതെന്നു കണ്ടെത്തുകയും അവയില്‍നിന്ന് പുതിയ ന്യൂസ് സാധ്യതകള്‍ കണ്ടെത്തുകയും ചെയ്യുകയെന്നതാണ് അവരുടെ ഉത്തരവാദിത്തം. ഉള്ളടക്കത്തിനൊപ്പം ചാനലുകളുടെ വരുമാനത്തിന്റെ രീതികളിലും സോഷ്യല്‍ മീഡിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പണ്ട് മാര്‍ക്കറ്റിങ് വിഭാഗം പിടിച്ചുകൊണ്ടുവരുന്ന പരസ്യങ്ങള്‍ മാത്രമായിരുന്നു ചാനലിന്റെ വരുമാനമെങ്കില്‍, ഇന്ന് സാമൂഹികമാധ്യമങ്ങളില്‍നിന്നും നല്ല രീതിയിലുള്ള വരുമാനം നമ്മുടെ പല മുഖ്യധാരാ ചാനലുകള്‍ക്കും ലഭിക്കുന്നുണ്ട്. ചാനല്‍വാര്‍ത്തകള്‍ ടി.വിയിലൂടെ എന്നതിനെക്കാള്‍ സോഷ്യല്‍ മീഡിയ വഴി ആളുകള്‍ കാണുന്ന ഈ കാലത്ത്, സോഷ്യല്‍ മീഡിയയെക്കൂടി സംതൃപ്തിപ്പെടുത്തുന്ന രീതിയിലേക്ക് നമ്മുടെ മാധ്യമങ്ങള്‍ ശൈലീമാറ്റംപോലും നടത്തുന്നുണ്ട്.

 

മലയാളികള്‍ക്കു മുന്നില്‍ ഇനിയുമുള്ള ടെലിവിഷന്‍ വാര്‍ത്താസാധ്യതകള്‍ എന്തെല്ലാമാണ്?

ആളുകള്‍ ടെലിവിഷന്‍ സ്‌ക്രീനിനു മുന്നില്‍ വന്നിരുന്നു വാര്‍ത്ത കാണുന്ന കാലം കഴിഞ്ഞിരിക്കുന്നു. അതു മനസ്സിലാക്കി വേണം ഇനി ടെലിവിഷന്‍ മാധ്യമങ്ങള്‍ മുന്നോട്ടുപോകാന്‍. സ്വകാര്യ ഇടത്തില്‍ ഇരുന്ന് സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകളും വിശേഷങ്ങളും അറിയുന്ന ഒരു സമൂഹത്തിന് അതനുസരിച്ചുള്ള ഡിജിറ്റല്‍ സ്വഭാവമുള്ള കണ്ടന്റുകളാണ് നല്‍കേണ്ടത്. ഇതു കൃത്യമായി മനസ്സിലാക്കാത്തതാണ് നമ്മുടെ ടെലിവിഷന്‍ ചാനലുകള്‍ ഇന്നു നേരിടുന്ന പ്രധാന പ്രതിസന്ധി. കാലം മാറിയെന്നും ഭാവിയിലെ പ്രേക്ഷകരായ യുവജനത ടെലിവിഷന്‍ കാണാറില്ല എന്നും മനസ്സിലാക്കിയാല്‍ മാത്രമേ കാലത്തിനിണങ്ങിയ ദൃശ്യമാധ്യമ സംസ്‌കാരം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കൂ. എഴുത്തും ചിത്രങ്ങളും ശബ്ദങ്ങളും ദൃശ്യങ്ങളും എ.ആര്‍.വി.ആര്‍ പോലുള്ള സാങ്കേതികവിദ്യകളും ഒന്നിപ്പിച്ചുകൊണ്ടുള്ള മള്‍ട്ടിമീഡിയ അവതരണശൈലിയാണ് ഇനി നമ്മുടെ ദൃശ്യമാധ്യമപ്രവര്‍ത്തനത്തില്‍ ഉണ്ടായിവരേണ്ടത്.

എന്നാല്‍, അവ വാര്‍ത്താമൂല്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ടുമാവരുത്. ഒച്ചപ്പാടുകളും ബഹളങ്ങളും കുറച്ച് ഈ ന്യൂജന്‍ വാര്‍ത്താസംസ്‌കാരത്തിന് ആരു തുടക്കംകുറിക്കുന്നുവോ അവരായിരിക്കും ഭാവിയിലെ മാധ്യമമായി മാറുന്നതും നിലനില്‍ക്കുന്നതും. ശരാശരി നിലവാരത്തിനു താഴെ നിന്നുകൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്ന ഇന്നത്തെ ചാനലുകളില്‍നിന്നു വ്യത്യസ്തരായി, ഭാഷയിലും കാഴ്ചപ്പാടിലും മുന്‍ഗണനയും പുതുമയും പുലര്‍ത്തുന്ന പുതിയ ചാനലുകള്‍ക്കും ഇനിയും മലയാളത്തില്‍ സാധ്യതകളുണ്ട്. എന്നാല്‍, അവ ഒരിക്കലും പൂര്‍ണമായ ടെലിവിഷന്‍ സ്വഭാവം മാത്രമുള്ള ഒന്നായിരിക്കരുത് എന്നുമാത്രം.

 

മലയാളത്തിന് ഇനിയും ഒരു ബദല്‍ ടെലിവിഷന്‍ മാധ്യമ സാധ്യതകള്‍ ഉള്ളതായി വിശ്വസിക്കുന്നുണ്ടോ?

തീര്‍ച്ചയായും. ബദല്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ത്തന്നെ ഡിജിറ്റല്‍ രൂപത്തില്‍ മലയാളത്തിലുണ്ട് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളില്‍ വര്‍ഷങ്ങളോളം ജോലിചെയ്ത പ്രിയസുഹൃത്തുക്കള്‍തന്നെയാണ് മലയാളത്തില്‍ ഇത്തരം മാധ്യമ മുന്നേറ്റങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതും. എന്നാല്‍, ഇനി ഇത്തരം ബദല്‍മാധ്യമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടാന്‍ അവര്‍ ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. നിലനിന്നുപോകാന്‍തന്നെ പ്രയാസപ്പെടുന്ന ഈ കാലത്ത്, ഒറ്റയ്ക്കു നിന്നുകൊണ്ടുള്ള ഒരു പോരാട്ടം വളരെയധികം ദുസ്സഹമായിരിക്കും. എന്നാല്‍, കൂട്ടമായി നിന്നുള്ള പോരാട്ടം പുത്തന്‍ മാധ്യമസാധ്യതകളിലേക്കുതന്നെ നമ്മളെ എത്തിക്കും.

ദേശീയതലത്തില്‍ അത്തരം ചില മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മലയാളത്തില്‍ അത്തരമൊരു കൂട്ടായ മുന്നേറ്റത്തിന്റെ അനന്തസാധ്യതകളെ ആരുംതന്നെ ഉപയോഗിച്ചുകാണുന്നില്ല. ഓരോരുത്തരും എത്തരത്തിലുള്ള കണ്ടന്റുകളാണു ചെയ്യുന്നത് എന്നു കൃത്യമായ ധാരണയുണ്ടാക്കുകയും സാങ്കേതികവിദ്യ പരസ്പരം പങ്കുവെക്കുകയും ചെയ്താല്‍ പ്രൊഡക്ഷനും മാര്‍ക്കറ്റിങ്ങും കൂടുതല്‍ ലളിതവും മികവുറ്റതുമാക്കി തീര്‍ക്കാന്‍ സാധിക്കും. എല്ലാ ബദല്‍സ്ഥാപനങ്ങളും കൂടെ ലയിച്ച് ഒറ്റ സ്ഥാപനമായി മാറണം എന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. പൊതുനിലപാടു പുലര്‍ത്തുന്നവര്‍ ഒന്നിച്ചുനിന്ന് സഹകരിച്ചാല്‍ മാത്രമേ ഈ കാലഘട്ടത്തില്‍ നിലനില്‍പ് സാധ്യമാവൂ. കേരളംപോലെ ഒതുങ്ങിയ പൊതുസ്വഭാവങ്ങള്‍ ധാരാളമുള്ള ഒരിടത്ത്, ഒന്നിച്ചുനിന്നുകൊണ്ടുള്ള ഇത്തരം ബദല്‍ മുന്നേറ്റങ്ങള്‍ വിജയിക്കുകതന്നെ ചെയ്യും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

=============

ശശികുമാര്‍

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ 1952 ഫെബ്രുവരി 23നാണ് ശശികുമാറിന്റെ ജനനം. പിതാവ് വിലങ്ങാട്ടില്‍ ബാലകൃഷ്ണമേനോന്‍. മാതാവ് തോട്ടപ്പിള്ളില്‍ ഭാനുമതി. ബോംബെ, കൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലവും സ്‌കൂള്‍ വിദ്യാഭ്യാസവും. ചെന്നൈയിലെ ലയോള കോളജില്‍നിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് ചെന്നൈയിലും ഡല്‍ഹിയിലും ദൂരദര്‍ശന്റെ വാര്‍ത്താവതാരകനും നിർമാതാവുമായാണ് ടെലിവിഷന്‍ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. ഈ കാലത്തുതന്നെ ദൂരദര്‍ശനുവേണ്ടി അദ്ദേഹം നിരവധി ഡോക്യുമെന്ററികളും ഫീച്ചര്‍ ഫിലിമുകളും നിർമിച്ചിട്ടുണ്ട്. തുടര്‍ന്ന് 1984 മുതല്‍ 86 വരെയുള്ള വര്‍ഷങ്ങളില്‍ ‘ഹിന്ദു’വിന്റെയും, ‘ഫ്രണ്ട്‌ലൈനി’ന്റെയും ആദ്യ പശ്ചിമേഷ്യാ ലേഖകനായി ബഹ്‌റൈനില്‍ ജോലിചെയ്തു.

അപ്പോള്‍തന്നെ റേഡിയോ ബഹ്‌റൈനില്‍ വാര്‍ത്താ അവതാരകനായും പ്രവര്‍ത്തിച്ചു. പിന്നീട് ഇന്ത്യയില്‍ തിരിച്ചുവന്ന് ചുരുങ്ങിയ കാലം അംബാനി ഗ്രൂപ്പിനു കീഴിലെ മുദ്ര വിഡിയോടെക് എന്ന സ്ഥാപനത്തില്‍ ജനറല്‍ മാനേജറായി ജോലിചെയ്തു. തുടര്‍ന്നാണ് പി.ടി.ഐ ടെലിവിഷന്റെ ചുമതല ഏറ്റെടുക്കുന്നത്. അവിടെ ചീഫ് പ്രൊഡ്യൂസറും ഡെപ്യൂട്ടി ജനറല്‍ മാനേജറുമായി പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് ഏഷ്യാനെറ്റ് എന്ന സ്വതന്ത്ര സാറ്റലൈറ്റ് ചാനല്‍ എന്ന സ്വപ്നത്തിലേക്ക് പ്രവേശിക്കുന്നത്. നിരവധി എതിര്‍പ്പുകളും പ്രതിസന്ധികളും നേരിട്ടെങ്കിലും അമ്മാവനായ റെജി മേനോനുമായി ചേര്‍ന്ന് മലയാളത്തിലെ ആദ്യ സ്വകാര്യ ഉപഗ്രഹ ചാനലായ ഏഷ്യാനെറ്റിന് 1993ല്‍ തുടക്കം കുറിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ലൈവ് വാര്‍ത്താ സംപ്രേഷണം ഏഷ്യാനെറ്റ് ആരംഭിച്ചപ്പോള്‍ അതിന് നേതൃപരമായ സംഭാവനകള്‍ നല്‍കി.

തുടര്‍ന്ന് 1999ല്‍ ഏഷ്യാനെറ്റില്‍നിന്ന് പടിയിറങ്ങി. എന്‍.എസ്. മാധവന്റെ ‘വന്മരങ്ങള്‍ വീഴുമ്പോള്‍’ എന്ന കഥയെ അടിസ്ഥാനപ്പെടുത്തി 2004ല്‍ ഹിന്ദിയില്‍ ‘കായ തരണ്‍’ എന്ന ചലച്ചിത്രം സംവിധാനംചെയ്തിട്ടുണ്ട്. ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍’, ‘ലൗഡ്‌സ്പീക്കര്‍’, ‘എന്നു നിന്റെ മൊയ്തീന്‍’, ‘ലൗ 24 x 7’ എന്നീ മലയാള സിനിമകളില്‍ അഭിനയത്തിലൂടെ സാന്നിധ്യം അറിയിച്ചു. നിലവില്‍ ശശികുമാര്‍തന്നെ സ്ഥാപിച്ച മീഡിയ ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമപഠന കേന്ദ്രമായ ചെന്നൈയിലെ ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായിരുന്ന പി. ഭാസ്‌കരന്റെ മകള്‍ രാധികയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളി.

News Summary - Presenters should not be placed over the news