Begin typing your search above and press return to search.

‘പഴയ വാക്കുകള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കണ്ട’

‘പഴയ വാക്കുകള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കണ്ട’
cancel

നെടുമങ്ങാടിന്‍റെ ചരിത്രകാരനും അധ്യാപകനുമാണ് പ്രഫ. ഉത്തരംകോട് ശശി. ഇരുപത്തഞ്ചോളം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം തന്‍റെ സര്‍ഗജീവിതയാത്രകളെക്കുറിച്ച് പറയുന്നു. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കിലെ കുറ്റിച്ചല്‍ എന്ന മലയോര ഗ്രാമമാണ് പ്രഫ. ഉത്തരംകോട് ശശിയുടെ ജന്മദേശം. സ്കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് നിരവധി സര്‍ക്കാര്‍ കോളജുകളില്‍ മലയാളം അധ്യാപകനുമായിരുന്നു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍നിന്ന് 2006ല്‍ വിരമിച്ചു. പ്രാദേശിക ചരിത്രരചനയില്‍ കൂടുതല്‍ ശ്രദ്ധയൂന്നിയ ഇദ്ദേഹം നെടുമങ്ങാടിന്‍റെ സാംസ്കാരിക ചരിത്രം അന്വേഷിച്ചുള്ള യാത്രയിലായിരുന്നു. അത്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
നെടുമങ്ങാടിന്‍റെ ചരിത്രകാരനും അധ്യാപകനുമാണ് പ്രഫ. ഉത്തരംകോട് ശശി. ഇരുപത്തഞ്ചോളം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം തന്‍റെ സര്‍ഗജീവിതയാത്രകളെക്കുറിച്ച് പറയുന്നു.

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കിലെ കുറ്റിച്ചല്‍ എന്ന മലയോര ഗ്രാമമാണ് പ്രഫ. ഉത്തരംകോട് ശശിയുടെ ജന്മദേശം. സ്കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് നിരവധി സര്‍ക്കാര്‍ കോളജുകളില്‍ മലയാളം അധ്യാപകനുമായിരുന്നു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍നിന്ന് 2006ല്‍ വിരമിച്ചു. പ്രാദേശിക ചരിത്രരചനയില്‍ കൂടുതല്‍ ശ്രദ്ധയൂന്നിയ ഇദ്ദേഹം നെടുമങ്ങാടിന്‍റെ സാംസ്കാരിക ചരിത്രം അന്വേഷിച്ചുള്ള യാത്രയിലായിരുന്നു. അത് ഇപ്പോഴും തുടരുന്നു.

കെട്ടുകഥകളില്‍നിന്നും പാരമ്പര്യ അന്ധവിശ്വാസത്തില്‍നിന്നും മാറി നെടുമങ്ങാടിന്‍റെ ചരിത്രത്തില്‍ ആദിവാസികള്‍ അടക്കമുള്ള അടിസ്ഥാന മനുഷ്യര്‍ക്ക് വലിയൊരു പങ്കുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ഒരു നാടിന്‍റെ അറിയപ്പെടാത്ത ചരിത്രം കണ്ടെത്തുന്നതില്‍ ഒരളവോളം അദ്ദേഹം വിജയിച്ചു. നെടുമങ്ങാടി​െന്‍റ അകവും പുറവും, നെടുമങ്ങാടിന്‍റെ വാമൊഴിക്കഥകള്‍, കണിയാരത്തമ്പുരാന്‍ ഊട്ടുപാട്ട്, ഗോത്രകഥകള്‍, വാക്കും നാട്ടറിവും, ഇളവള്ളൂര്‍ നാട്ടിലെ പാട്ടുകള്‍, കാട് പച്ചകുത്തിയ കുറ്റിച്ചല്‍ എന്നിവ നെടുമങ്ങാടിന്‍റെ പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ട പ്രധാന പുസ്തകങ്ങളാണ്.

പ്രകൃതിസ്നേഹികളുടെയും ശാസ്ത്രജ്ഞരുടെയും സാഹസിക യാത്രികരുടെയും സ്വപ്നസ്ഥലമായ ഗിരിശൃംഗമായ അഗസ്ത്യാർകൂടത്തിനെക്കുറിച്ചുള്ള പഠനം പുസ്തകങ്ങളില്‍ വ്യത്യസ്തമാണ്. നെടുമങ്ങാട് താലൂക്കിലെ എഴുത്തുകാര്‍, അവരുടെ പ്രധാന രചനകള്‍ എന്നിവയെയും നെടുമങ്ങാടിന്‍റെ ഉള്‍പ്രദേശങ്ങളില്‍ വരെ ഉള്‍പ്പെട്ടിട്ടുള്ള കലാ പ്രവര്‍ത്തകര്‍, കലാസമിതികള്‍, നാടകപ്രവര്‍ത്തകര്‍, ഗ്രന്ഥശാലകള്‍, ആദ്യകാല ഗ്രന്ഥശാല പ്രവര്‍ത്തകര്‍ എന്നിവയെക്കുറിച്ചൊക്കെ വിശദമായി അന്വേഷിച്ച് അദ്ദേഹം തയാറാക്കിയ നെടുമങ്ങാടിന്‍റെ സര്‍ക്ഷലാവണ്യം എന്ന പുസ്തകം പ്രധാന ചരിത്രരേഖയാണ്.

വായനയുടെയും അന്വേഷണത്തിന്‍റെയും തുടക്കം

1966ല്‍ എസ്.എസ്.എല്‍.സിക്ക് ഫസ്റ്റ് ക്ലാസിനടുത്ത് മാര്‍ക്ക് വാങ്ങി പാസായി. അന്നു മുതല്‍ തുടര്‍ന്നുള്ള പഠനകാര്യത്തില്‍ ആരും സഹായിക്കാനോ മാര്‍ഗദര്‍ശനം നല്‍കാനോ ഉണ്ടായില്ല. ഒന്നില്‍നിന്നും രണ്ടാം ക്ലാസിലേക്ക് കടന്ന അനായാസതയോടെയായിരുന്നു എസ്.എസ്.എല്‍.സിയും താണ്ടിയത്. അതു കഴിഞ്ഞ് കോളജില്‍ പോകാനുള്ള സാമ്പത്തികമില്ലാത്തതിനാല്‍ ഒരു വര്‍ഷം വെറുതെ നടന്നു. അക്കാലത്തെ അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു വായിക്കുക എന്നത്. വെറുതെ വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ല. വെട്ടിയും കിളച്ചും ഒപ്പം വീട്ടുജോലികളും ചെയ്യണം. മണ്ണില്‍ പണിചെയ്തു ശീലമില്ലാത്ത എനിക്ക് അത് ചെയ്തേ പറ്റൂ എന്ന നിലവന്നു. അങ്ങനെ വീട്ടുജോലിയും പുരയിടത്തിലുമായി കാലം മുന്നോട്ടുപോയി. അപ്പോഴാണ് വായനശാലയില്‍നിന്ന് പുസ്തകമെടുത്തു വായിക്കാന്‍ തീരുമാനിച്ചത്. പരുത്തിപ്പള്ളി കര്‍ഷക സഹൃദയ ഗ്രന്ഥശാലയില്‍ മെംബര്‍ഷിപ് നേടി. അടുത്തവര്‍ഷം നെയ്യാറ്റിന്‍കരയില്‍ ടി.ടി.സിക്ക് ചേര്‍ന്ന് അവിടെ രണ്ടു വര്‍ഷം പഠിച്ചു. അക്കാലത്ത് കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം കിട്ടി.

തുടര്‍ന്ന് പി.എസ്.സി വഴി ആര്യനാട് എല്‍.പി സ്കൂളില്‍ അധ്യാപകനായി. പ്രീഡിഗ്രി മുതല്‍ എം.എ വരെ പഠിച്ചത് ആരുടെയും സഹായമില്ലാതെയായിരുന്നു. ഇതിനിടെ രാഗം തിയറ്റേഴ്സ് ആൻഡ് ഗ്രന്ഥശാല എന്ന പേരില്‍ നാട്ടില്‍ ഒരു വായനശാല തുടങ്ങി. അതിപ്പോഴും പ്രവര്‍ത്തിക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ എം.എക്ക് പഠിച്ചിരുന്ന ചില സുഹൃത്തുക്കള്‍ക്ക് ക്ലാസെടുക്കുമായിരുന്നു. ഈ ഘട്ടത്തിലാണ് ആദിവാസി സമൂഹത്തിലെ രാഘവന്‍ കാണിയെ പരിചയപ്പെടുന്നത്. അതോടെ ഗ്രാമീണമേഖലയിലെ ആളുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ശ്രമം ആരംഭിച്ചു. ഈറ്റ വെട്ടി ജീവിക്കുന്ന സാംബവ സമുദായത്തില്‍പെട്ട ആളുകളുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുകയും അതിനെക്കുറിച്ച് എഴുതാൻ തുടങ്ങുകയുംചെയ്തു. രാഘവന്‍ കാണിയാണ് അങ്ങനെ എന്നെ ഫോക്​േലാറിലേക്ക് അടുപ്പിച്ചത്. അദ്ദേഹം കൃഷി മോഷണം പോകാതിരിക്കാന്‍ മന്ത്രവാദം നടത്താറുണ്ട്. കൈതോലയിലെ മുള്ളുകള്‍ കളഞ്ഞ് അതിലാണ് മന്ത്രങ്ങള്‍ എഴുതാറുള്ളത്. ഇദ്ദേഹത്തിന് കുറച്ച് പഠിത്തമൊക്കെ ഉണ്ടായിരുന്നു. കാണിയുടെ മകളെ ഞാന്‍ സ്കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്. കാണിയുടെ കൂടെ ചില കാര്യങ്ങള്‍ക്കുവേണ്ടി നടക്കുന്ന സമയത്താണ് ചാറ്റുപാട്ടിനെക്കുറിച്ച് അറിയുന്നതും ആദ്യ ലേഖനം എഴുതുന്നതും. എഴുതിയിട്ട് കുറെക്കാലം കൈയില്‍ വെച്ചിരുന്നു. വൈകിയാണ് പ്രസിദ്ധീകരിച്ചത്.

കോളജ് അധ്യാപകനായി ജോലി ലഭിച്ചപ്പോഴാണ് കെ. വേലപ്പന്‍ എന്ന ഭാഷാശാസ്ത്രജ്ഞന്‍ ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നതായി അറിയുന്നത്. അക്കാലത്ത് കേരള കൗമുദിയില്‍ അദ്ദേഹം ഫീച്ചര്‍ എഴുതിയിരുന്നു. ഈ ലേഖനം വായിച്ചപ്പോഴാണ് അറിയപ്പെടാതെ കിടക്കുന്നവരെക്കുറിച്ച് എഴുതാന്‍ പ്രചോദനം ഉണ്ടായത്. കോളജില്‍ എത്തിയപ്പോഴും എന്‍റെ ലിസ്റ്റില്‍ ഉണ്ടായിരുന്ന ആളാണ് രാഘവന്‍ പയ്യനാട്. ഫോക്​േലാറിനെക്കുറിച്ച് ഒരു അക്കാദമിക് പുസ്തകം ആദ്യം പ്രസിദ്ധപ്പെടുത്തിയത് അദ്ദേഹമാണ്.

ഫോക്​േലാറിനെക്കുറിച്ച് ഓരോരുത്തരും എഴുതിയ പുസ്തകങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവരില്‍ അധികമാളുകളും എഴുതുന്നത് തെയ്യം, തിറ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണെന്ന് തിരിച്ചറിഞ്ഞത്. മുമ്പ് എഴുതിയവര്‍ വിട്ടുകളഞ്ഞ ഒരുപാട് വിഷയങ്ങള്‍ ഉണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്. അതൊക്കെ പലപ്പോഴായി കുറിച്ചു​െവച്ചു. കുറച്ചു കഴിഞ്ഞപ്പോഴാണ് ഇതൊക്കെ ചരിത്രത്തിന്‍റെ ഭാഗമാണെന്ന് മനസ്സിലായത്. നെടുമങ്ങാട് എന്ന സ്ഥലത്തെ പ്രധാന പഠനമേഖലയാക്കി ഇപ്പോള്‍ ഏതാണ്ട് ഇരുപതോളം പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഞാന്‍ കൂടുതലും അന്വേഷിച്ചത് ഫോക്​േലാറും അതിന്‍റെ ചരിത്രവുമാണ്. എല്ലാ കാര്യങ്ങളും അതില്‍ കൊണ്ടുവരാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ദുഷിച്ച ഒരു സാമൂഹികവ്യവസ്ഥിതിയാണ് അന്ന് നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും നിലനിന്നിരുന്നത്. ഞാന്‍ ജനിച്ച കാലത്ത് ഫ്യൂഡലിസം അവസാനിച്ചിട്ടില്ല. എന്‍റെ വീടിനടുത്ത് സാംബവസമുദായത്തിന്‍റെ ഒരു കോളനിയുണ്ടായിരുന്നു. ഞങ്ങളുടെ പരിസരത്ത് ഏറ്റവും താണനിലയില്‍ ജീവിച്ചിരുന്നവരാണ് അവര്‍. എന്‍റെ കൂടെ പഠിച്ചിരുന്നവരില്‍ അധികവും ആദിവാസികളായ കാണിക്കാരായിരുന്നു.

അവരുടെ ജീവിതവും ഈ അവസ്ഥയിലായിരുന്നു. അവര്‍ക്ക് ആകെ കൂടിയുള്ളത് ഈറ്റകളായിരുന്നു. കോട്ടൂര്‍ ഭാഗത്ത് അന്ന് ഈറ്റ ധാരാളമായുണ്ടായിരുന്നു. അവര്‍ ഈറ്റ ശേഖരിച്ച് കൊണ്ടുവന്ന് പായ, കുട്ട, വട്ടി, മുറം, തിരുവ തുടങ്ങിയ സാധനങ്ങള്‍ ഉണ്ടാക്കുമായിരുന്നു. ഈ കൂട്ടത്തില്‍ ‘പൊട്ടന്‍ ദാവീദ്’ എന്നൊരാള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരുദിവസം കാട്ടില്‍ പോയപ്പോള്‍ കരടി കടിച്ച് കവിളിന്‍റെ ഒരു ഭാഗം പറിഞ്ഞുപോയി. യാദൃച്ഛികമായി അവിടെ എത്തിച്ചേര്‍ന്ന ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി ചികിത്സിച്ചു രക്ഷപ്പെടുത്തുകയായിരുന്നു. ‘കരടി കടിച്ച ദാവീദ്’ എന്നാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടിരുന്നത്. നാട്ടിലെ ഏറ്റവും വലിയ കലാകാരനായ ദാവീദ് കുറച്ചുകാലം മാത്രമാണ് ജീവിച്ചിരുന്നത്. അയാളുടെ അമ്മൂമ്മ വലിയ പാചകവിദഗ്ധയായിരുന്നു. പ്രദേശത്തെ ഇത്തരം കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത് അവരാണ്. അവരുടേത് പ്രത്യേകതരം പാചകമാണ്. ഇറച്ചി ഉണക്കി കുതിര്‍ത്ത് പൊടിച്ചുണ്ടാക്കുന്ന ഇറച്ചിക്കറി വ്യത്യസ്ത വിഭവമായിരുന്നു. അവരുടെ സദ്യയ്ക്കൊക്കെ അതു വിളമ്പിയിരുന്നു.

പുറത്തുള്ള ആളുകളും അത് കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ പാചകരീതി കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ത്വക് രോഗം ഒക്കെ മാറ്റാന്‍ വെടിമരുന്ന് ചേര്‍ത്തുള്ള തീയെണ്ണ ആ നാട്ടിലെ ഒരു പ്രത്യേകതയായിരുന്നു. യു.പി സ്കൂളില്‍ പഠിക്കുന്ന സമയത്ത് എനിക്ക് രോഗം വന്നപ്പോള്‍ ഈ മരുന്ന് പുരട്ടുകയും ഭേദമാകുകയുംചെയ്തു. രാവിലെ തേച്ചാല്‍ വൈകുന്നേരമാണ് കുളി. വ്രണങ്ങള്‍ കരിയാനും ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. ഇതുപോലുള്ള പല മരുന്നുകളും ഉണ്ടായിരുന്നു. ആഴന്താ എന്ന മരത്തിന്‍റെ പുറന്തൊലി ചതച്ച് ഇടിച്ചുപിഴിഞ്ഞ് കരുപ്പെട്ടിയും ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു മരുന്നാണ് ചുമ മാറാന്‍ ഉപയോഗിച്ചിരുന്നത്. അന്ന് പ്രസവമെടുക്കുന്ന സ്ത്രീകളുമുണ്ടായിരുന്നു. ജാതിയുടെ ക്രൂരതകൊണ്ട് കുറച്ചുപേര്‍ ഹിന്ദുവിശ്വാസം വെടിഞ്ഞ് മതം മാറിയിരുന്നു. ലൂഥര്‍ മിഷന്‍ പള്ളിയിലാണ് അവര്‍ പോയിരുന്നത്. ഈറ്റകൊണ്ട് പായ തുടങ്ങിയ സാധനങ്ങള്‍ ഉണ്ടാക്കുന്നതിനു പുറമേ പല കഴിവുകളുമുള്ളവരായിരുന്നു ഇവര്‍. ഈറ്റയുടെ പൊളിയെടുത്ത് ചിക്കുപായ ഒക്കെ ഉണ്ടാക്കിയിരുന്നു. ഒരു കാര്‍പെറ്റുപോലെ ഇത് ഉപയോഗിച്ചിരുന്നു. സാധനങ്ങളൊക്കെ ഉണക്കാന്‍ ഉപയോഗിച്ചിരുന്നത് ചിക്കു പായയാണ്. ഇതൊക്കെ വില്‍ക്കുന്നത് ആഴ്ചയില്‍ രണ്ടുദിവസം പ്രവര്‍ത്തിക്കുന്ന ചന്തയിലാണ്. കാട്ടാക്കട, നെടുമങ്ങാട് ചന്തകളിലാണ് ഇത് കൊണ്ടുപോയി വിറ്റ് അവര്‍ ജീവിച്ചിരുന്നത്.

ഒരിക്കല്‍ ഈറ്റയുടെ വരവ് നിലച്ചുപോയ ഒരു സന്ദര്‍ഭം ഉണ്ടായിരുന്നു. അതിന് കാരണം ഈറ്റ വ്യാപകമായി ഉണ്ടായിരുന്ന സ്ഥലം ഫോറസ്റ്റ് ഡിപ്പാർട്മെന്റ് ഏറ്റെടുത്തതാണ്. ഫോറസ്റ്റുകാര്‍ ഇതൊക്കെ വെട്ടി കൊണ്ടുപോയതോടെ ഈ സമൂഹങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായി. ഈറ്റയൊക്കെ കോഴിക്കോട് മാവൂര്‍ ഭാഗത്താണ് കൊണ്ടുപോയിരുന്നത്. അങ്ങനെ ഈറ്റ കുറഞ്ഞു തുടങ്ങി. ഈ ഒരു സംഭവം അവരുടെ പാരമ്പര്യ തൊഴിലിനെ ഇല്ലാതാക്കി. ആ സമൂഹം എന്തുചെയ്യണം എന്ന് അറിയാതെ വിഷമിച്ച ഒരു ഘട്ടമായിരുന്നു അത്. അവരുടെ വരുമാന മാര്‍ഗം നിലച്ച സമയത്ത് മക്കളെ പുറത്തേക്ക് പണിക്കു വിടാന്‍ തുടങ്ങി. പെണ്‍കുട്ടികളും മുതിര്‍ന്ന ആളുകളും വീട്ടുജോലിക്ക് പോകാന്‍ തുടങ്ങി. ഓരോ വീട്ടില്‍ പത്തും പന്ത്രണ്ടും വര്‍ഷവുമൊക്കെ നിന്ന് പഠിച്ച് കല്യാണം കഴിഞ്ഞു പോയവരൊക്കെയുണ്ട്. അങ്ങനെ അവര്‍ തിരിച്ചുവന്നപ്പോള്‍ സമൂഹത്തിന് ഒരു മാറ്റമുണ്ടായി. അങ്ങനെയാണ് അവരുടെ പാരമ്പര്യ തൊഴില്‍ നഷ്ടപ്പെട്ടത്. അതോടെ, ചിലരൊക്കെ ഉണ്ടായിരുന്ന ഭൂമിയൊക്കെ വിറ്റ് ഗള്‍ഫിലേക്ക് പോയി. അതിനുശേഷമാണ് അവരുടെ ജീവിതം ഇന്ന് കാണുന്ന രീതിയിലേക്ക് മാറിയത്. ഇപ്പോള്‍ അവരുടെ ഭാഷാരീതിയും പഴയതില്‍നിന്നും വ്യത്യസ്തമാണ്.

ഈറ്റകൊണ്ടുള്ള ഉല്‍പന്ന നിർമാണത്തില്‍ ഒക്കെ അവര്‍ ചില പ്രത്യേക വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. പായ ഉണ്ടാക്കുന്നതിന് പാരി ഇടുക എന്നാണ് പറയുന്നത്. വേറെ ആരും ഉപയോഗിച്ചിട്ടുള്ള ഭാഷയല്ല ഇത്. പായ നെയ്യുന്ന സമയത്ത് അവര്‍ ചില പാട്ടുകള്‍ പാടാറുണ്ട്. ആ കൂട്ടത്തില്‍ മറിയ എന്നൊരു സ്ത്രീയുണ്ടായിരുന്നു. അവര്‍ കൂടുതല്‍ പാട്ടുകള്‍ പാടുന്നത് ഓണം തുടങ്ങിയ വിശേഷ ദിവസങ്ങളിലാണ്. വലിയ സഹായമൊന്നും കിട്ടിയില്ലെങ്കിലും മതം മാറിയവര്‍ ഞായറാഴ്ച ദിവസങ്ങളില്‍ പള്ളിയില്‍ പോകാറുണ്ട്. കുറെയൊക്കെ ഈ വിഭാഗങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ട്. എന്‍റെ വീടിനടുത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ആദിവാസി വിഭാഗങ്ങള്‍ താമസിച്ചിരുന്നത്. ആദിവാസികള്‍ താമസിക്കുന്ന മേഖല അന്ന് പാങ്കാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഉയര്‍ന്ന സമൂഹമെന്ന് സ്വയം വിശേഷിപ്പിക്കുവന്നവര്‍ക്ക് ഇവരോടുള്ള സമീപനം ക്രൂരമായിരുന്നു. പലതരത്തില്‍ ചൂഷണം ചെയ്യുക, ലൈംഗികമായി പീഡിപ്പിക്കുക ഇവയൊക്കെ ഒരുഭാഗത്ത് നടന്നുകൊണ്ടിരുന്നു. ചെറുത്തുനില്‍പ് ഉണ്ടായിട്ടില്ല. ഭയന്ന് അറിയാതെ വഴങ്ങി കൊടുക്കുക എന്നുള്ളതായിരുന്നു അന്നത്തെ രീതി. അതിന്‍റെ പേരില്‍ പല സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്.

 

പ്രഫ. ഉത്തരംകോട് ശശിയുടെ കൃതികൾ

അയ്യൻകാളിയുടെ വരവ്

ചന്ത സമരവുമായി ബന്ധപ്പെട്ട് 1912ല്‍ അയ്യൻകാളി നെടുമങ്ങാട്ട് വന്നിട്ടുണ്ട്. അടിസ്ഥാന സമൂഹങ്ങളെ ചന്തയില്‍ കയറ്റിയിരുന്നില്ല. അതിനെതിരെ വലിയ പ്രതിരോധങ്ങളുണ്ടായി. ഈ ഘട്ടത്തില്‍ അവിടെ എത്തിയ സാധാരണ മനുഷ്യരെ ആക്രമിക്കാതിരിക്കാന്‍ അയ്യൻകാളി അവര്‍ക്ക് സംരക്ഷണം കൊടുത്തിരുന്നു. നെയ്യാറ്റിന്‍കര ഭാഗത്താണ് ഇത്തരത്തില്‍ കൂടുതല്‍ ചെറുത്തുനില്‍പ്പുകള്‍ ഉണ്ടായിട്ടുള്ളത്.

എന്‍റെ പഠനത്തിന്‍റെ ഭാഗമായി ആദിവാസികളുടെ ജീവിതം മനസ്സിലാക്കാന്‍ ഞാന്‍ അവരുടെ കോളനികളില്‍ പോകുമായിരുന്നു. ഓരോ വീടുകളില്‍ കയറുകയും ജീവിതരീതി കണ്ടു പഠിക്കുകയും ചെയ്യുമായിരുന്നു. അവരുടെ വീടുകളില്‍നിന്ന് കഞ്ഞി തരാറുണ്ട്. നേരത്തേ പറഞ്ഞ രാഘവന്‍ കാണിയുടെ ചെറുമകള്‍ ഗവേഷണത്തിന്‍റെ ഭാഗമായി എന്നെ കാണാന്‍ വരികയും ഞങ്ങള്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചാറ്റുപാട്ടിനെക്കുറിച്ച്, അതിന്‍റെ ഭാഷാ സ്വരൂപത്തെക്കുറിച്ച് കൂടുതല്‍ ആരും പറഞ്ഞിട്ടില്ല. പഴയ പാട്ടുകളും ഉണ്ട്. അത് കാട്ടിനുള്ളില്‍ താമസിക്കുന്നവരുടെ പാട്ടുകളാണ്.

അത് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാത്ത ഒരു വായ്ത്താരിപോലെയാണ്. അതിനുപയോഗിക്കുന്ന കൊക്കര എന്ന വാദ്യത്തിന്‍റെ ശബ്ദം മാത്രം കേള്‍ക്കാന്‍ കഴിയും. നാട്ടിന്‍പുറത്ത് കാണിക്കാരുടെ ചില പാട്ടുകളുണ്ട്. അതൊക്കെ ഓരോ പ്രദേശത്തും ഉണ്ടായിട്ടുള്ള തമ്പുരാക്കന്മാര്‍, ചില പ്രാദേശിക നേതാക്കള്‍ അവരുടെയൊക്കെ സ്മരണ രൂപത്തിലുള്ള പാട്ടുകളാണ്. അതില്‍ ഉള്‍പ്പെട്ട ഒരു തമ്പുരാനെ കുറിച്ചുള്ളതാണ് കണിയാര തമ്പുരാന്‍ ഊട്ടുപാട്ട് പറയുന്നത്. കാണിക്കാരോടൊപ്പം ചേര്‍ന്ന് മറ്റു വിഭാഗങ്ങള്‍ ഇത് പാടാറുണ്ട്. ആദിവാസികളായ കാണിക്കാരുടെ മൗലികമായ പാട്ടാണിത്. ചാറ്റുപാട്ടുകള്‍ രണ്ടുതരമുണ്ട്. അതില്‍ ഒരു പാട്ട് നാട്ടിന്‍പുറത്തുള്ള കാണിക്കാര്‍ അമ്പലങ്ങളില്‍ പാടുന്നതാണ്. ചരിത്രമുറങ്ങുന്ന പാട്ടുകളാണ് അവ. തമിഴും മലയാളവും ചേര്‍ന്ന ഏതോ സങ്കര ഭാഷയുടെ വായ്ത്താരിയിലുള്ള ചില പാട്ടുകള്‍ ആണിത്.

അഗസ്ത്യാര്‍കൂടത്തിൽനിന്നുള്ള കാഴ്ചകള്‍

വീടിന്‍റെ കൈവരിയില്‍ ഇരുന്നാല്‍ രാത്രിയും പകലും അഗസ്ത്യാര്‍കൂടം കാണാം. പ്രൈമറി സ്കൂളില്‍ പഠിപ്പിച്ചിരുന്ന സമയത്താണ് ആദ്യമായി ഇത് കാണുന്നത്. വളരെ സുന്ദരമായ ഭൂപ്രകൃതിയാണ്. നിലാവുള്ള രാത്രികളിലാണ് നന്നായി തിളങ്ങുന്ന കിഴക്കന്‍ മലകളും ചന്ദ്രനുദിച്ചുയരുന്ന പ്രഭയില്‍ നിറഞ്ഞുനില്‍ക്കുന്ന അഗസ്ത്യാര്‍കൂടവും കാണാന്‍ കൂടുതല്‍ ഭംഗി. എന്‍റെ അച്ഛന്‍ നാലഞ്ചു വര്‍ഷം തുടര്‍ച്ചയായി അഗസ്ത്യാര്‍കൂടത്തില്‍ പോയിരുന്നു. ഒരു കൂട്ടമായിട്ടാണ് പോകുന്നത്. യാത്ര കഴിഞ്ഞ് വന്നാല്‍ അവരുടെ അനുഭവങ്ങള്‍ പറയാന്‍ തുടങ്ങും. കുട്ടിക്കാലത്ത് ഞാന്‍ ഇത് ശ്രദ്ധയോടെ കേള്‍ക്കാറുണ്ട്. അവിടെ ഒരു നീലമുളയുണ്ട് എന്നും കല്ലാനയുണ്ടെന്നും ഒക്കെ ഇവര്‍ പറയാറുണ്ട്. അന്നൊക്കെ താഴെയുള്ള ഒരു കെട്ടിടത്തിൽ തങ്ങിയിട്ടാണ് ഇവര്‍ മുകളിലേക്ക് കയറുന്നത്. അവിടെ വലിയ പാറയിടുക്കുകളിലെ അപ്പുകളില്‍ എത്രപേര്‍ക്കു വേണമെങ്കിലും കിടക്കാം. ഇവിടെ കിടന്നിട്ടാണ് രാവിലെ അവര്‍ പോകുന്നത്. അന്നൊക്കെ ഫോറസ്റ്റ് ഡിപ്പാർട്​െമന്‍റ് ഇത്രയും നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. പല വഴികളുണ്ട്. പോകുന്ന വഴി അല്ല തിരിച്ചുവരുന്നത്.

തിരികെ എത്തുമ്പോള്‍ ഒരുപാട് ചെടികളും അതിന്‍റെ വിത്തുകളും ഒക്കെ കൊണ്ടുവരും. ഇവിടെ അതൊക്കെ നട്ടുനോക്കിയെങ്കിലും പൊടിച്ചിട്ടില്ല. പോകുന്ന വഴിയില്‍ ഒരു അപ്പുണ്ടായിരുന്നു. അതിന്‍റെ പേര് പിച്ചമേത്തന്‍ അപ്പ് എന്നാണ്. ബൗദ്ധന്‍റെ അപ്പായിരുന്നു. ബുദ്ധമതം ഉണ്ടായിരുന്നു എന്നുള്ളതിന്‍റെ തെളിവാണിത്. പൊതികം എന്ന് അവര്‍ പറയുന്നത് ബോധിമലയെ ആണ്. അങ്ങനെയുണ്ടായിരുന്ന പല സ്ഥലങ്ങളെക്കുറിച്ചും അവര്‍ പല കഥകളും പറയാറുണ്ടായിരുന്നു. യാത്രക്കിടയില്‍ രാത്രികേട്ട ചില അഭൗമശബ്ദങ്ങളെക്കുറിച്ചൊക്കെ കഥകളുമുണ്ട്. കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൂടുതല്‍ ആളുകള്‍ ഇവിടേക്ക് പോകാന്‍ തുടങ്ങിയത്. പല ദിക്കില്‍നിന്നും കാണിക്കാര്‍ വരാറുണ്ട്. തലയില്‍ ചുമടുമായിട്ടാണ് വരുന്നത്. അവരുടെ പ്രധാനപ്പെട്ട സ്വാമി എന്നുള്ള ഒരു വിശ്വാസത്തില്‍ കുട്ടികളെ കൊണ്ടുപോകുന്ന ആള്‍ക്കാരുമുണ്ട്. ഒരിക്കല്‍ ഞാന്‍ അതിന്‍റെ താഴ്വാരം വരെ പോയി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തിരിച്ചുപോന്നു. പിന്നെയൊരിക്കല്‍ പോയപ്പോള്‍ രാത്രി 12 മണിക്ക് പാറപ്പുറത്ത് കയറിനിന്ന് നല്ല കാറ്റുകൊണ്ട് കാഴ്ചകള്‍ കണ്ടു. മുകളില്‍ നിന്നാല്‍ തമിഴ്നാടും നെയ്യാര്‍ഡാം ഉള്‍പ്പെടെ ചുറ്റുപാടുമുള്ള ഡാമുകള്‍ കാണാം. അഗസ്ത്യാര്‍കൂടത്തിന്‍റെ അപ്പുറം അംബാ സമുദ്രമാണ്. തിരുനെല്‍വേലി താലൂക്കിന്‍റെ ഒരു ഭാഗമാണ് അംബാ സമുദ്രം. അവിടെനിന്നും അഗസ്ത്യാര്‍കൂടം കണ്ടിട്ടുണ്ട്. അവിടത്തുകാര്‍ ‘പൊതിയന്‍മല’ എന്നാണ് പറയുന്നത്.

അഗസ്ത്യാര്‍കൂടത്തില്‍ പോകുന്നവരൊക്കെ അതിന്‍റെ ആധ്യാത്മിക പ്രഭാവത്തെക്കുറിച്ചാണ് പറയുന്നത്. ഞാന്‍ അവിടത്തെ ചരിത്രപരമായ കാര്യങ്ങളും സസ്യങ്ങളെക്കുറിച്ചൊക്കെയാണ് അന്വേഷിച്ചതും എഴുതിയതും. തിരുനെല്‍വേലി ജില്ലയെക്കുറിച്ചുള്ള പഴയ പുസ്തകത്തില്‍ പറയുന്നത് അഗസ്ത്യാര്‍കൂടത്തിന്‍റെ മറുവശത്തെ ദൃശ്യങ്ങളെക്കുറിച്ചാണ്. ‘അയിന്തുമല പൊതികം’ എന്ന ഒരു മലയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അഗസ്ത്യാര്‍കൂടത്തില്‍ നിന്നാല്‍ കാണാവുന്ന അഞ്ചു തലകളുള്ള ആ കുന്നാണ് അത്. ആ കുന്നില്‍ ഒരു വ്യാളി തപസ്സുചെയ്തിരുന്നു എന്നൊക്കെയാണ് വിശ്വാസം. തമിഴ്നാട്ടുകാര്‍ക്ക് വിശ്വാസമുള്ള സ്ഥലങ്ങളാണ് അതൊക്കെ. അഗസ്ത്യാര്‍ എന്നു പറയുന്ന സന്യാസി വരുന്നത് തന്നെ കുറ്റാലം വഴിയൊക്കെയാണ്. അവിടെ അഗസ്ത്യാര്‍ ഫാള്‍സ് ഉണ്ട്. അതുപോലെ ഇവിടെയും ഒരുപാട് വെള്ളച്ചാട്ടങ്ങളുണ്ട്. ഇതിനപ്പുറവും ഇപ്പുറവും ഒരുപാട് വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. പാപനാശത്തെ ഡാമാണ് താമ്രപര്‍ണി. താമ്രപര്‍ണി നദിയുടെ തീരത്തെ ക്ഷേത്രം തിരുമുത്തയ്യന്‍ കോവില്‍ എന്നാണ് പറയുന്നത്. വനത്തിനുള്ളിലൂടെ അപ്പുറത്ത് ചെന്നു ചേരുന്ന മേഖലയിലെ ആദ്യ ക്ഷേത്രമാണ്.

പാണ്ടിപ്പത്ത്

ഇവിടെ ഇപ്പോള്‍ കാട്ടുപോത്തുകളുടെ വിഹാരരംഗമായി മാറിയിട്ടുണ്ട്. ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്‍റെ ഒരു കെട്ടിടമുണ്ട്. തമിഴ്നാടിന്‍റെ അതിര്‍ത്തിയാണ് ഇവിടം. അഗസ്ത്യാര്‍കൂടത്തില്‍ നമ്മള്‍ കയറുന്നത് കുറച്ച് തമിഴ്നാടിന്‍റെ ഭാഗംകൂടി ചേര്‍ന്ന സ്ഥലത്തുകൂടിയാണ്. വലിയ ഒരു പാറയാണ് അഗസ്ത്യാര്‍കൂടം എന്നു പറയുന്നത്.

‍നാട്ടുഭാഷാ നിഘണ്ടു

നെടുമങ്ങാട്ടെ പല സ്ഥലനാമങ്ങള്‍ക്കും അർഥമുണ്ട്. പ്രാചീനമായ ഭാഷയുടെ രൂപത്തിലാണ് അത് എഴുതിയിട്ടുള്ളത്. ഉദാഹരണം: തേക്കട എന്നു പറയുന്നത് ഒരു സസ്യമാണ്. വഴയില എന്നുപറയുന്നത് ഒരു സസ്യനാമമാണ്. അതുപോലെ വെള്ളറടയുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളുടെ പേരും സസ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ചിലത് ജന്തുക്കളുമായി ബന്ധപ്പെട്ടിട്ടുമുണ്ട്. ‘ചെമ്മാന്‍കാല’ എന്നു പറയുന്ന സ്ഥലത്തെക്കുറിച്ചുള്ളതും അങ്ങനെയാണ്. ചെമ്മാന്‍ എന്നറിയപ്പെടുന്ന ഒരു മാനുണ്ടായിരുന്നു. ഒരു റഷ്യന്‍ വിവരണത്തില്‍ ചെമ്മാന്‍ വന്നിട്ടുണ്ട്. ചെമ്മാന്‍ ചെരുപ്പുകുത്തി എന്നൊക്കെ പറയുമല്ലോ. അതിന്‍റെ അർഥം വേറെയാണ്. ചുവന്നനിറത്തിലുള്ള ഒരുതരം പ്രത്യേക മാനുണ്ടായിരുന്നു. അതാണ് ‘ചെമ്മാന്‍’ എന്ന പേരു വരാന്‍ കാരണം. വംശനാശം സംഭവിച്ചിട്ടുള്ള ഒരിനമാണിത്. ഇങ്ങനെയുള്ള പദങ്ങളും സ്ഥലനാമത്തില്‍ വരുന്നുണ്ട്. അതിന്‍റെ അർഥം കൊടുക്കുന്ന രീതിയിലാണ് ഇപ്പോള്‍ നാട്ടുഭാഷാ നിഘണ്ടു തയാറാക്കിയിട്ടുള്ളത്. അതിന്‍റെ അവസാനത്തെ പണിപ്പുരയിലാണ്.

സാംസ്കാരിക വകുപ്പിനുവേണ്ടി ഒരു പ്രത്യേക ഭ്രമം ​െവച്ചെഴുതിയതാണ് നെടുമങ്ങാടിന്‍റെ അകവും പുറവും എന്ന പുസ്തകം. നെടുമങ്ങാടുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പല കാര്യങ്ങളും ഇതില്‍ വന്നിട്ടുണ്ട്. അതിനെപ്പറ്റി എഴുതിയ ഒരു ഇംഗ്ലീഷ് പുസ്തകമുണ്ട്- ‘അഗസ്ത്യ ഇന്‍ തമിള്‍’. കെ.എന്‍. ശിവരാജന്‍പിള്ളയാണ് രചയിതാവ്. അദ്ദേഹം വിമന്‍സ് കോളജിലെ പ്രഫസറായിരുന്നു. ആ പുസ്തകത്തില്‍ കുറെ വിവരങ്ങളുണ്ട്. കൂടുതല്‍ ചരിത്രാംശങ്ങള്‍ അതിലുണ്ട്. ചരിത്രത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് അദ്ദേഹം എഴുതിയതാണ്. ആ പുസ്തകത്തിലെ കുറച്ച് വിവരങ്ങള്‍ ഇതില്‍ വന്നിട്ടുണ്ട്. ‘അഗസ്ത്യനും സ്കന്ദനും’ എന്ന പേരില്‍ എം.എന്‍. ശ്രീനിവാസന്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. അതിലെ പല കാര്യങ്ങളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ എന്‍റെ ചില അന്വേഷണങ്ങളും.

ഗോത്രകഥകള്‍

ഇന്നത്തെ ചാറ്റുപാട്ടുകള്‍ പഴയ രീതിയിലല്ലെങ്കിലും പുതിയ രീതിയിലുള്ള വാക്കുക​െളാക്കെ ഗോത്രകഥകളില്‍ കൊണ്ടുവരുന്നുണ്ട്. മോട്ടോര്‍ എന്ന വാക്കൊക്കെ വരുന്നുണ്ട്. ഇവര്‍ പാടുന്നതിനനുസരിച്ച് ഓരോ സാഹചര്യത്തിലും മാറ്റങ്ങള്‍ വരുന്നുണ്ട്. എല്ലായിടത്തും ഒരേ രീതിയില്‍ പാടാന്‍ പറ്റില്ല. കൂടുതല്‍ പഠിക്കപ്പെടേണ്ടതാണ് ചാറ്റുപാട്ടിലെ ഭാഷ. നമ്മളിന്നുപയോഗിക്കാത്ത വാക്കുകളും പ്രത്യേക അർഥങ്ങളുമുള്ള ഒന്നാണ് അത്. ഒരു ജനസമൂഹത്തിന്‍റെ എല്ലാ വശങ്ങളും ഈ പുസ്തകത്തില്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിലെ ‘ചീത്ത വാക്കുകള്‍ക്കുള്ളിലെ ആള്‍ക്കൂട്ടം’ എന്നുപറയുന്ന ഭാഗം നെടുമങ്ങാട്ടുള്ള ആള്‍ക്കാര്‍ ഒരുകാലത്ത് സംസാരിച്ചിരുന്ന അശ്ലീല ഭാഷയുടെ ഒരു പഠനമാണ്. സാധാരണ അങ്ങനെയുള്ള പഠനങ്ങള്‍ ഫോക്​േലാറില്‍ വളരെ കുറവാണ്. പ്രാദേശിക ചരിത്രപഠനമെന്നു പറയുന്നത് ഒരർഥത്തില്‍ അധ്യാപനവുമായി ഒരു ബന്ധവുമില്ലാത്തതാണ്. പ്രകടമായി നോക്കുമ്പോള്‍ ഒരു ബന്ധവുമില്ല. പക്ഷേ, നമ്മള്‍ പഠിപ്പിക്കുന്ന സാഹിത്യം എന്നുപറയുന്നത് ഒരർഥത്തില്‍ ഇതുതന്നെയാണ്.

നെടുമങ്ങാട് താലൂക്കിലെ ആര്യനാട് എന്ന പ്രദേശത്തിന്‍റെ ചരിത്രം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ആര്യനാട് എന്നു പറയുന്ന ഗ്രാമത്തിന് രണ്ട് കൈകളുണ്ട്. ഒന്ന് അപ്പുറത്തേക്ക് എത്തിപ്പിടിക്കുന്ന ഒന്നാണ്. അവിടത്തെ മലമ്പാത എന്നു പറയുന്നത് തിരുവിതാംകൂറിന്‍റെ കാലത്ത് മധുര വരെ നീട്ടിയിരുന്നതാണ്. അതുപോലെ അവര്‍ നാഞ്ചിനാടിന്‍റെ അധികാരികളായിരുന്നു. തിരുവിതാംകൂര്‍ അവര്‍ക്ക് കപ്പം കൊടുത്തിരുന്നു. കപ്പം കൊടുക്കാതിരിക്കാന്‍ വേണ്ടി മാര്‍ത്താണ്ഡവർമ അവരുടെ സ്ഥലം അന്ന് വിട്ടുകൊടുത്തു. അതൊക്കെ ചരിത്രത്തിന്‍റെ ഭാഗമാണ്. കോട്ടൂരിലെ ചാറ്റുപാട്ടിലുള്ള ഒരു കഥയുണ്ട്. അത് അവിടെനിന്ന് ഒരുകൂട്ടം ആളുകള്‍ പപ്പാനാവസ്വാമിക്ക് (ശ്രീപത്മനാഭന്‍) നേര്‍ച്ച കൊടുക്കാന്‍ വരുന്ന വഴി ഒരു ആദിവാസി സ്ത്രീയെ കാണുകയും അവരുമായിട്ട് പ്രേമമുണ്ടാകുന്നതും അവരെ കല്യാണം കഴിച്ച് ചെറിയ ഒരു യുദ്ധത്തില്‍ അത് അവസാനിക്കുന്നതുമാണ് കഥ.

കോട്ടൂരിലെ പ്രായംചെന്ന ആളുകള്‍ ഈ പാട്ടുകള്‍ പാടാറുണ്ട്. അതുപോലെതന്നെ തമിഴ്നാട്ടില്‍നിന്നും കുന്നിറങ്ങി മാടുകളെ കൊണ്ടുവരുന്ന കാര്യമാണ്. അവര്‍ കുട്ടിക്കാലത്ത് കേട്ടിട്ടുള്ളതാണ്. 18ാം നൂറ്റാണ്ടില്‍ അടച്ചതാണ് ഈ പാത. മാര്‍ത്താണ്ഡ വർമയുടെ കാലത്ത്. പിന്നെ അതുവഴി ആളുകള്‍ക്ക് പോകാനനുവാദമില്ലായിരുന്നു. പോകുന്നവരെ പിടിക്കുകയും ഉപദ്രവിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. ആ ഒരു പാത എന്നു പറയുന്നത് ആര്യങ്കാവ് പാതപോലെയാണ്. പിന്നെ വേറെ ഒരു പാത ഈ ഭാഗത്തുണ്ടായിരുന്നത് കുലശേഖരത്തിനടുത്തുള്ള പേച്ചിപ്പാറക്കടുത്തുള്ള ചൊവ്വുള്ളമഠം ആണ്. സ്റ്റേറ്റ് മാന്വലില്‍ ആ മഠത്തെക്കുറിച്ച് പറയുന്നുണ്ട്. ചിറ്റാര്‍ ഡാം വന്നതോടുകൂടി ആ പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലായി. അങ്ങനെ ആ മഠവും ഇല്ലാതെയായി. തമിഴ്നാട്ടില്‍നിന്നും കന്നുകാലികളെ മേയ്ക്കാനായി കൊണ്ടുവന്ന് ഈ വഴി തിരിച്ചുപോകുമായിരുന്നു.

 

പുതിയ തലമുറയും നാട്ടുഭാഷയും

പുതിയ തലമുറക്ക് ഇതൊന്നും കിട്ടാന്‍ പോകുന്നില്ല. അവര്‍ക്ക് ഇതെല്ലാം പുതിയതായിരിക്കും. ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നു തന്നെയാണ് കരുതുന്നത്. പാടങ്ങളും പേരറിയാത്ത നിരവധി സസ്യങ്ങളും ഇവിടെയുണ്ടായിരുന്നുവെന്ന് മനസ്സിലാക്കി കൊടുക്കുന്നതിന് അതുപകരിക്കുമെന്ന് മാത്രമേയുള്ളൂ. പഴയ വാക്കുകള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കണ്ട. രാജവാഴ്ചക്കാലത്ത് എത്രയോ വാക്കുകളുണ്ടായിരുന്നതാണ്. ഇന്നു കാണാന്‍ കഴിയാത്ത സസ്യങ്ങളുണ്ട്. അതൊക്കെ പഴയ പുസ്തകങ്ങളിലുണ്ട്. പാരമ്പര്യ ചികിത്സാരീതി പഠിക്കാതെ ഇതിനെക്കുറിച്ച് പറയാന്‍ കഴിയില്ല. സംഘകാല കൃതികളില്‍നിന്നാണ് ചിലതൊക്കെ കണ്ടെത്തിയിട്ടുള്ളത്. ആരോഗ്യപച്ചയുടെ ഗുണത്തെയും അവര്‍ കണ്ടെത്തിയിട്ടുണ്ട്. പിന്നെയുമുണ്ട് മരുന്നുകള്‍. വാതത്തിനുപയോഗിക്കുന്ന വാതംകൊല്ലി, എല്ലൂറിപട്ട... അങ്ങനെ.

പഴയ വാക്കുകള്‍ പലതുമിന്ന് അശ്ലീലമായാണ് കാണുന്നത്. ഇപ്പോഴത്തെ മാറ്റമെന്നു പറയുന്നത് ഭൗതികമായിട്ടുള്ള മാറ്റമാണ്. അതില്‍ ടെക്നോളജിക്ക് വളരെയേറെ പങ്കുണ്ട്. എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളില്‍പ്പെടുന്നില്ല. ചില വിശ്വാസങ്ങള്‍ നല്ലതാണ്. പഴഞ്ചൊല്ലില്‍ വരുന്ന കാര്യങ്ങള്‍ തള്ളിക്കളയാന്‍ പറ്റില്ല. പഴയ സമൂഹം അന്ധവിശ്വാസങ്ങളുടെ കാലത്ത് ജീവിച്ചിരുന്നവരായിരുന്നു. ഇന്നത്തെ കുട്ടികള്‍ ശാസ്ത്രം വളര്‍ന്ന കാലത്താണ് ജീവിക്കുന്നത്.

സൈക്കോളജിയുമായി ബന്ധപ്പെട്ടുവരുമ്പോള്‍ ചില മന്ത്രവാദങ്ങള്‍ ആവശ്യമായി വരുന്നു. അതുപയോഗിച്ചു ചിലര്‍ക്ക് ചികിത്സ നടത്തുന്നുണ്ട്. ലോകം മുഴുവനും പാരമ്പര്യ ചികിത്സാരീതിതന്നെയാണ് തുടക്കം മുതലേ നടത്തിയിട്ടുള്ളത്. പണ്ടൊക്കെ മന്ത്രവാദിയും വൈദ്യനും ഒരാളായിരുന്നു. പഴയ എല്ലാ സമൂഹങ്ങളിലും അത് കാണാന്‍ കഴിയും. സൈക്കോളജി പുതിയ തലങ്ങളിലേക്ക് പോകുകയാണ്. ഇനിയും അത് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. ഒരുവിഭാഗം ആളുകള്‍ മാത്രമാണ് മന്ത്രവാദത്തിന്‍റെ വലയില്‍ കുടുങ്ങുന്നത്.

ഫോക്​േലാറും രാഷ്ട്രീയവും

രാഷ്ട്രീയം ഫോക്​േലാറില്‍ പ്രധാന ഘടകംതന്നെയാണ്. ഒരു കാര്യത്തിനെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന കാര്യത്തില്‍ രാഷ്ട്രീയം വരും. വസ്തുതകള്‍ ശേഖരിച്ച് വ്യാഖ്യാനിക്കുക ഇന്ന് വളരെ പ്രയാസമാണ്. പുതിയ ടൂള്‍സ് കിട്ടുമ്പോള്‍ ഇതിന്‍റെ വ്യാഖ്യാനം വിപുലമാകും. ഇതുവരെ കിട്ടിയിട്ടുള്ള കാര്യങ്ങളില്‍നിന്നും എന്തൊക്കെ കൂടുതലായി കണ്ടെത്താനാകും എന്നുള്ള അന്വേഷണങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബാക്കിയൊക്കെ അടുത്ത തലമുറകള്‍ക്ക് വിട്ടുനല്‍കുകയാണ്.

News Summary - Prof. Uttaramkode Sasi about his literature life