Begin typing your search above and press return to search.

ഭയം നമ്മുടെ കൂട്ടാളിയായി മാറിയിരിക്കുന്നു

Rona Wilson
cancel
camera_alt

റോണ വിൽസൺ

ഭീമ​-കൊറേഗാവ്​ കേസിൽ പ്രതിചേർക്കപ്പെട്ട്​ മലയാളിയും ആക്​ടിവിസ്​റ്റും ഗവേഷകനുമായ റോണ വിൽസൺ ആറു വർഷവും ഏഴു മാസവും 18 ദിവസവും ജയിലിലടക്കപ്പെട്ടു. വിചാരണ വൈകുന്ന വേളയിൽ ജയിൽമോചിതനായ അദ്ദേഹം ത​ന്റെ ജയിൽവാസത്തെക്കുറിച്ചും തടവ​റകളെക്കുറിച്ചും ഭരണകൂടത്തി​ന്റെ നയങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

ഇ​ന്ത്യ ച​രി​ത്ര​ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭ​വ​മാ​യി​രു​ന്നു ഭീ​മാ കൊ​റേ​ഗാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​റ​സ്റ്റ്. രാ​ജ്യ​ത്തെ പ്ര​മു​ഖ അ​ക്കാ​ദ​മി​ഷ്യ​രും, എ​ഴു​ത്തു​കാ​രും ആ​ക്ടി​വി​സ്റ്റു​ക​ളു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​ത്. വ​ര്‍ഷ​ങ്ങ​ള്‍ക്ക് ശേ​ഷ​വും ഇ​വ​രി​ല്‍ പ​ല​രും ജ​യി​ലി​ല്‍ തു​ട​രു​ന്നു. രോ​ഗാ​വ​സ്ഥ​യി​ലും ജാ​മ്യം കി​ട്ടാ​തെ സ്റ്റാ​ന്‍ സ്വാ​മി ത​ട​വ​റ​യി​ല്‍ മ​രി​ച്ചു. ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട റോ​ണാ വി​ല്‍സ​ന്റെ ലാ​പ് ടോ​പി​ല്‍ കൃ​തൃ​മ​മാ​യി തെ​ളി​വു​ക​ള്‍ സ്ഥാ​പി​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ന്ന​ത​ട​ക്ക​മു​ള്ള റി​പ്പോ​ര്‍ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നു.

ആ​റ് വ​ര്‍ഷ​വും ഏ​ഴു​മാ​സ​വും നീ​ണ്ട വി​ചാ​ര​ണ​ത്ത​ട​വി​ന് ശേ​ഷ​മാ​ണ് റോ​ണാ വി​ല്‍സ​ണ് അ​ടു​ത്തി​ടെ ജാ​മ്യം ല​ഭി​ക്കു​ന്ന​ത്. 2018 ജൂ​ൺ ആ​റി​ന് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​മ്പോ​ൾ രാ​ഷ്ട്രീ​യ ത​ട​വു​കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി ​ആ​ർ പി ​പി (ക​മ്മി​റ്റി ഫോ​ർ റി​ലീ​സ് ഓ​ഫ് പൊ​ളി​റ്റി​ക്ക​ൽ പ്രി​സ​ണേ​ഴ്‌​സ്) സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു കൊ​ല്ലം സ്വ​ദേ​ശി കൂ​ടി​യാ​യ റോ​ണ. ജാ​മ്യം കി​ട്ടി​യ​തി​ന് ശേ​ഷം ഒ​രു മ​ല​യാ​ള മാ​ധ്യ​മവുമായി റോണ നടത്തുന്ന ആദ്യ സംഭാഷണമാണിത്​. താ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ശ​ത്രു​വാ​യ​തെ​ങ്ങ​നെ​യെ​ന്നും ജ​യി​ലി​ല്‍ വി​ചാ​ര​ണ ത​ട​വ​കാ​ര്‍ കൈ​കാ​ര്യം ചെ​യ്യ​പ്പെ​ടു​ന്ന​തെ​ങ്ങ​നെ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കു​ക​യാ​ണ് അദ്ദേഹം.

ആറു വർഷത്തിലേറെ കഴിഞ്ഞിരിക്കുന്നു റോണ ജയിലിലടക്കപ്പെട്ടിട്ട്​. തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് താങ്കൾ ഈ കാലയളവിൽ എല്ലാം വാദിച്ചുകൊണ്ടേയിരുന്നത്. പിന്നീട് ആഴ്സനൽ കൺസൽട്ടിങ് ആ വാദത്തെ സ്ഥിരീകരിക്കുന്ന തെളിവുകളുമായി രംഗത്തുവന്നു. എന്നാൽ, അതിനുശേഷവും നീണ്ടകാലം നിങ്ങൾക്ക് ജാമ്യം നിഷേധിക്കപ്പെട്ടു. ഇത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് എന്ത് സന്ദേശമാണ് നൽകുന്നത്?

ആറു വർഷവും ഏഴു മാസവും 18 ദിവസവും ഞാൻ തടവിൽ കഴിഞ്ഞു. സമീപഭാവിയിലൊന്നും വിചാരണ ആരംഭിക്കാനിടയില്ലെന്ന കാരണത്താലാണ് എനിക്ക് ഒടുവിൽ ജാമ്യം കിട്ടിയത്. വിചാരണ വൈകുമെന്ന കാര്യം പ്രോസിക്യൂഷന് കോടതിയിൽ അംഗീകരിക്കേണ്ടി വന്നു. എന്നാൽ അതിന് ആറര വർഷത്തിലധികം വേണ്ടിവന്നുവെന്നത് ഭരണകൂടത്തിന്റെ പ്രതികാര സമീപനമാണ് കാണിക്കുന്നത്. കേസിന്റെ തുടർനടപടികളെ ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് ആഴ്‌സനൽ കൺസൽട്ടിങ്ങിന്റെ കണ്ടെത്തലിനെക്കുറിച്ച് എനിക്ക് പ്രതികരിക്കാൻ കഴിയില്ല.

ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ ആഴ്സനൽ റിപ്പോർട്ടിനെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും യു.എന്നും കേട്ടുകേൾവിയില്ലാത്ത ഈ സംഭവത്തെക്കുറിച്ച് പ്രസ്താവനകൾ ഇറക്കിയിരുന്നു. എന്നിട്ടും സത്യത്തിനുവേണ്ടി നിലകൊള്ളുന്നവർക്കും, ബി.ജെ.പി സർക്കാറിന്റെ ഫാഷിസ്റ്റ്-ജനവിരുദ്ധ-വൻകിട മൂലധന അനുകൂല സമീപനങ്ങളെ തുറന്നുകാട്ടുന്നവർക്കുമെതിരായ നടപടി എങ്ങനെയായിരിക്കുമെന്നതിന്റെ സൂചകമാക്കി അധികാരികൾ ഈ കേസിനെ മാറ്റുകയായിരുന്നു. അങ്ങനെ ഈ കേസിൽ നിയമത്തെക്കാൾ രാഷ്ട്രീയത്തിന് മേൽക്കൈ ലഭിച്ചു.

അന്വേഷണ ഏജൻസികൾ നിങ്ങളെ പ്രത്യേകമായി ലക്ഷ്യമിടാനുള്ള കാരണം എന്താണെന്നാണ് കരുതുന്നത്? ഒപ്പം അധാർമിക മാർഗത്തിലൂടെയെങ്കിലും നിങ്ങൾ ജയിലിൽ തുടരുന്നുവെന്ന് ഉറപ്പാക്കാനും ഭരണകൂടം ശ്രമിച്ചല്ലോ. എന്താകും അതിനവരെ പ്രേരിപ്പിച്ചിട്ടുണ്ടാകുക?

മനുഷ്യാവകാശ പ്രവർത്തകരും അക്കാദമിക് പണ്ഡിതരും, മാധ്യമപ്രവർത്തകരും ബുദ്ധിജീവികളും ജെ.എൻ.യുവിലെയും ഡൽഹി സർവകലാശാലയിലെയും വിദ്യാർഥികളുമെല്ലാം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് സുപ്രധാനമായ വിഷയങ്ങൾ ഉയർത്തിയപ്പോൾ ഞാനും അവരോടൊപ്പം ചേർന്നിരുന്നു. പരേതനായ പ്രഫ. ജി.എൻ. സായ്ബാബ, പ്രഫ. എസ്.എ.ആർ. ഗീലാനി, ഡോ. ബി.ഡി. ശർമ, പ്രമുഖ നാടക വ്യക്തിത്വമായ സംഗീത നാടക അക്കാദമി രത്ന ഗുർഷരൺ സിങ്, അരുന്ധതി റോയി, പ്രഫ. ഹരഗോപാൽ തുടങ്ങി നിരവധി ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവർത്തകരും ചേർന്നാണ് ഈ പ്രചാരണത്തിന് തുടക്കം കുറിച്ചത്.

സർക്കാറുകളുടെ, അന്നത്തെ യു.പി.എ സർക്കാരോ മോദിയുടെ നേതൃത്വത്തിലുള്ള ഇന്നത്തെ ബി.ജെ.പി സർക്കാരോ ആകട്ടെ, അവരുടെയെല്ലാം ജനവിരുദ്ധ സമീപനങ്ങൾക്കെതിരെയായിരുന്നു ഈ പ്രതിഷേധങ്ങൾ. ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിതാവശ്യങ്ങൾക്ക് നിരക്കാത്ത, ഇന്ത്യയിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്ന വൻകിട മൂലധനത്തിന്റെ താൽപര്യത്തിനനുസരിച്ച് ചിട്ട​െപ്പടുത്തിയ വികസന മാതൃകക്കെതിരെയായിരുന്നു ഞങ്ങൾ ഉയർത്തിയ വിമർശനം.

പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കാൻ ഭൂമി ഏറ്റെടുക്കുകയും തദ്ദേശീയരെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നതിനും മധ്യ-കിഴക്കൻ ഇന്ത്യയിലെ വനങ്ങളിൽ ഖനനം നടത്തി അപരിഹാര്യമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനുമെതിരെ പ്രതിഷേധം 2000ത്തിന്റെ പകുതിയോടെ ശക്തമായി.

മികച്ച വിളവ് നൽകുന്ന ഫലഭൂയിഷ്ഠമായ കൃഷിഭൂമിപോലും വികസനത്തിന്റെ മറവിൽ ഏറ്റെടുക്കപ്പെട്ടു. ആർക്കുവേണ്ടിയാണ് വികസനം? കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് വികസനത്തിന്റെ ഒരംശംപോലും അനുഭവിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ഏറെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന അരിച്ചിറങ്ങൽ പ്രതിഭാസം (Trickle Down logic) അനുസരിച്ചുപോലും അവരിലേക്ക് വികസന നേട്ടങ്ങൾ ഇറ്റിറ്റു വീഴാത്തതെന്തുകൊണ്ട്? അവരുടെ സംസ്‌കാരത്തിനും ഭാഷക്കും എന്താണ് സംഭവിക്കുന്നത്? അവർക്ക് ഈ രാജ്യത്ത് തുല്യ പൗരന്മാരായി, അന്തസ്സുള്ള മനുഷ്യരെന്ന നിലയിൽ ജീവിക്കാൻ കഴിയുന്നുണ്ടോ? നാടുകടത്തൽ, വിനാശം, മരണം എന്നീ മൂന്ന് ഭയാനകമായ അവസ്ഥകളിൽ അധിഷ്ഠിതമായ വികസനം ഭാവിയിലേക്കുള്ള സുസ്ഥിര മാതൃകയാണോ?

ഭരണഘടനാപരമായി ഉറപ്പുനൽകുന്ന അവകാശങ്ങൾക്കായി നിലകൊള്ളുന്ന ആദിവാസികളെ മാവോവാദികളെന്ന് മുദ്രകുത്തി കൊലപ്പെടുത്തുന്നത് എന്തുകൊണ്ടാണ്? വനങ്ങളിലെ അവരുടെ സ്വാഭാവിക ജീവിതരീതിയെ ക്രിമിനൽവത്കരിക്കുന്നത് എന്തിനാണ്? സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുമിച്ചുകൂട്ടിയ വേദികളിലൂടെയെല്ലാം ഞങ്ങൾ ഉയർത്തിയ പ്രധാന ചോദ്യങ്ങളായിരുന്നു ഇവ. അടിച്ചമർത്തപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന, വിവേചനം അനുഭവിക്കുന്ന വിവിധ വിഭാഗങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് നടത്തിയ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട ഭാവിക്കായി വിമർശനാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനും ജനങ്ങളെ പ്രേരിപ്പിച്ചു. അത്തരം മുന്നേറ്റങ്ങൾ അധികാരികളെ രോഷാകുലരാക്കി.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത്തരം ചിന്താഗതികൾ പുലർത്തിയതിന് തടവിലാക്കപ്പെട്ടവരെക്കുറിച്ചും ഞങ്ങൾ സംസാരിച്ചുവെന്നതാണ്. ഇരപിടിയൻ മൂലധനത്തിന്റെ വ്യാപനം കൂടുതൽ സാധ്യമായ പ്രദേശങ്ങളിലുള്ളവരെയും ചില പ്രത്യേക വിഭാഗത്തിൽപെട്ടവരെയുമാണ് സർക്കാർ ലക്ഷ്യംവെച്ചത്. മാവോവാദികളായി മുദ്രകുത്തപ്പെടുന്ന ആദിവാസി വിഭാഗത്തിൽപെട്ടവരെയും അതുപോലെ, ദലിതർ, മുസ്‍ലിംകൾ, അടിച്ചമർത്തപ്പെട്ട ദേശീയ ജനവിഭാഗങ്ങൾ എന്നിവരിൽപെട്ടവരെയും ഭരണകൂടം തടവിലാക്കി.

ഞങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾ അടിസ്ഥാനപരമായി ജനാധിപത്യത്തെ കൂടുതൽ ആഴത്തിലുള്ളതാക്കാൻ വേണ്ടിയുള്ളതായിരുന്നു. എല്ലാവർക്കും അന്തസ്സോടെ, സമത്വത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന ബോധവത്കരണമായിരുന്നു ഞങ്ങളുടെ പ്രവർത്തനം. എന്നാൽ അത്തരത്തിലുള്ള സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഏറ്റവും നീചവും കേട്ടുകേൾവിയില്ലാത്തതുമായ മാർഗത്തിലൂടെ എനിക്കെതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. സമാനമായ രീതിയിൽ ആശയങ്ങളും സ്വപ്നങ്ങളുമുള്ള സമൂഹത്തിലെ മറ്റുള്ളവർക്കുള്ള മുന്നറിയിപ്പ് നൽകുകയായിരുന്നു ഇതിലൂടെ ഭരണകൂടം ലക്ഷ്യമിട്ടത്.

ആഴ്‌സനൽ റിപ്പോർട്ട് അനുസരിച്ച്, താങ്കൾക്കെതിരായ ‘തെളിവുകൾ’ 2016ൽതന്നെ ഭരണകൂടം താങ്കളുടെ ലാപ്‌ടോപ്പിലേക്ക് ഒളിച്ചുകടത്തിയിരുന്നു. താങ്കൾക്കെതിരെ നീങ്ങാൻ ഏറ്റവും ശരിയായ സമയത്തിനായി ഭരണകൂടം കാത്തിരിക്കുകയായിരുന്നോ എന്ന ഗൗരവമായ ചോദ്യം ഇത് ഉയർത്തുന്നുണ്ട്. ഭീമ-കൊറേഗാവ് അങ്ങനെയൊരു അവസരമാക്കി മാറ്റപ്പെടുകയായിരുന്നോ?

മേൽപറഞ്ഞതിന്റെ തുടർച്ചയെന്നോണം പറയുകയാണെങ്കിൽ എന്നെ നിശ്ശബ്ദനാക്കാനുള്ള അവസരമായിട്ട് ഭീമ-കൊറേഗാവ് സംഭവത്തെ ഭരണകൂടം ഉപയോഗിക്കുകയായിരുന്നു. ആ അസംബന്ധ നാടകത്തിന്റെ തിരക്കഥ പിന്നണിയിൽ നേരത്തേ ഒരുങ്ങുന്നുണ്ടായിരുന്നു. അവസരോചിതമായ നിമിഷത്തിൽ അവരത് ഉപയോഗിച്ചു. ആഴ്സനൽ കൺസൽട്ടിങ്ങിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഞാൻ റിട്ട് പെറ്റീഷനുകൾ സമർപ്പിച്ചെങ്കിലും മൂന്നു വർഷങ്ങൾക്ക് ശേഷവും അതിലൊരു തീർപ്പുണ്ടാക്കാൻ ഹൈകോടതിക്ക് സാധിച്ചിട്ടില്ല.

ഹരജിയുടെ പ്രാരംഭഘട്ടത്തിൽതന്നെ നിരവധി ജഡ്ജിമാർ (ഓർമ ശരിയാണെങ്കിൽ കുറഞ്ഞത് അഞ്ചോ ആറോ പേർ) പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിന്മാറുകയായിരുന്നു. ഓരോ തവണ ജഡ്ജി പിന്മാറുമ്പോൾ ഹരജി മറ്റൊരു ബെഞ്ചിന് മുന്നിൽ ലിസ്റ്റുചെയ്യാൻ രജിസ്ട്രി മുഖാന്തരം വീണ്ടും പരിശ്രമിക്കേണ്ടി വന്നു. അത് മാസങ്ങളുടെ കാലതാമസവും ഉണ്ടാക്കി.

ഭീമ-കൊറേഗാവ് അറസ്റ്റിനു ശേഷം സാഹചര്യങ്ങളിൽ എന്ത് മാറ്റമാണുണ്ടായത്? വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ നീക്കം വിജയിച്ചിരിക്കുകയാണോ?

ഭീമ-കൊറേഗാവുമായി ബന്ധപ്പെട്ട അറസ്റ്റുകൾക്ക് പിന്നാലെ, പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശങ്ങൾക്കു മേലുള്ള നിയന്ത്രണം ഭരണകൂടം കൂടുതൽ ശക്തമാക്കി. കഴിഞ്ഞ ആറര വർഷത്തിനിടയിൽ സമാനമായ നിരവധി കേസുകൾ ഉയർന്നുവന്നിട്ടുണ്ട്. പ്രത്യേകിച്ച് ഭരണകൂടത്തിനെതിരായ വിയോജിപ്പുകളും വിമതശബ്ദങ്ങളും അടിച്ചമർത്താൻ ഉപയോഗിക്കുന്ന യു.എ.പി.എക്ക് കീഴിൽ. ഒരു ജനാധിപത്യ സംവിധാനത്തിൽ കൂട്ടംചേരാനുള്ള പൗരന്റെ അടിസ്ഥാന അവകാശത്തിനെതിരെ ഭരണകൂടം കൂടുതൽ ജാഗരൂകരാകുന്നത് നമുക്ക് കാണാൻ കഴിയും. എല്ലാവിധ ജനകീയ പ്രവർത്തനങ്ങളും ക്രിമിനൽവത്കരിക്കപ്പെടുമ്പോഴും, സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വർത്തമാന കാലത്തെയും ഭാവിയെയും കുറിച്ചുള്ള ആശങ്കയും പ്രതിഷേധങ്ങളും ജനങ്ങൾ പ്രകടിപ്പിക്കുന്നത് പലമടങ്ങ് വർധിച്ചിട്ടുണ്ട്.

സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ജീവിതത്തെ നിരന്തരം അടിച്ചമർത്തുകയും ജനങ്ങൾ പരസ്പരം ജീവിതാനുഭവങ്ങൾ പങ്കിടുന്നതുപോലും തടയാനും ഭരണകൂടം ശ്രമിക്കുകയാണ്. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾ, ഡൽഹി കലാപം, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള പ്രതിഷേധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വ്യാപകമായ അറസ്റ്റുകളാണുണ്ടായത്. ഭയം നമ്മുടെ കൂട്ടാളിയായി മാറിയിരിക്കുന്നു. എന്നാൽ, ജനം അതേ ഭയത്തോട് പോരാടി, അതിനെ മുറിച്ചുകടക്കുന്നത് നാം കണ്ടുകഴിഞ്ഞു. അവരനുഭവിക്കുന്ന, യഥാർഥ പ്രശ്‌നങ്ങളാണ് അതിനവരെ പ്രേരിപ്പിച്ചത്.

കൊല്ലം ജില്ലയിൽ ജനിച്ച റോണ, മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പോരാടാൻ തീരുമാനിക്കുന്നത് എപ്പോഴാണ്? ഒരു ആക്ടിവിസ്റ്റായുള്ള വികാസം എങ്ങനെയായിരുന്നു?

തൊണ്ണൂറുകളുടെ മധ്യത്തിലാണ് ഞാൻ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ചേരുന്നത്. അന്നുമുതലാണ് മനുഷ്യാവകാശ മുന്നേറ്റങ്ങളുടെ ഭാഗമാകുന്നതും. വിവിധ വസ്തുതാന്വേഷണ ദൗത്യങ്ങളിൽ ഞാൻ അംഗമായിരുന്നു. അതിലൂടെ നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം അഭിമുഖീകരിക്കുന്ന അടിച്ചമർത്തലിന്റെയും ചൂഷണത്തിന്റെയും വിവേചനങ്ങളുടെയും വിവിധ തലങ്ങൾ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു.

പാർലമെന്റ് ആക്രമണ കേസിൽ അറസ്റ്റിലായ ഡൽഹി സർവകലാശാല പ്രഫസർ സയ്യിദ് അബ്ദുറഹ്‌മാൻ ഗീലാനിക്കായി അഖിലേന്ത്യാ തലത്തിൽ സമിതി സംഘടിപ്പിക്കുന്നതായിരുന്നു ആദ്യത്തെ പ്രധാന ദൗത്യം. ആ കാമ്പയിനും പ്രഫ. ഗീലാനിയുടെ മോചനവും എനിക്ക് ആത്മവിശ്വാസം നൽകി. അപ്പോഴും നിയമസഹായം ആവശ്യമുള്ള നിരവധി തടവുകാർ ജയിലുകളിൽനിന്ന് നിയമസഹായം തേടുന്നുണ്ടായിരുന്നു. അങ്ങനെയാണ് തടവുകാരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിന് ട്രസ്റ്റ് രൂപവത്കരിക്കുന്നത്. നേരത്തേ സൂചിപ്പിച്ചതുപോലെ, കുടിയൊഴിപ്പിക്കലിനും ഖനനത്തിനുമെതിരെ പ്രതിഷേധിക്കുന്നവർ തടവിലാക്കപ്പെടുന്ന കാലമായിരുന്നു അത്.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം രൂപപ്പെട്ട ‘ഭീകരതക്കെതിരായ യുദ്ധം’ എന്ന രാഷ്ട്രീയത്തെയും ഇരപിടിയൻ വൻകിട മുതലാളിത്തം കൂട്ടുപിടിച്ചിരുന്നു. അതുപയോഗിച്ചവർ ലോകത്തെ വിവിധങ്ങളായ ഭരണകൂടങ്ങളുടെ പിന്തിരിപ്പൻ നയങ്ങളെ വെള്ളപൂശുകയും ആഗോള ജനതയെയും അവരുടെ വിഭവങ്ങളെയും ചൂഷണം ചെയ്യുന്നതിനെ മറച്ചുപിടിക്കുകയുംചെയ്തു.

ഉദാരീകരണം, സ്വകാര്യവത്കരണം, ആഗോളീകരണം എന്നീ നയങ്ങളുടെ വ്യാപനത്തോടെ, സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ വർധിച്ചുകൊണ്ടിരുന്നു. ഇത് അധ്വാനിക്കുന്ന ജനങ്ങളെ വലിയതോതിൽ ബാധിച്ചു. തുടർന്നുണ്ടായ പ്രതിഷേധങ്ങളും പാവപ്പെട്ടവർക്കും തൊഴിലാളിവർഗത്തിനും ഇടയിൽ വർധിച്ചുവരുന്ന ഐക്യവും അധികാരവർഗത്തിനെ ചൊടിപ്പിച്ചു.

അവരുടെ പ്രതികരണം അക്രമാസക്തമായിരുന്നു. മുസ്‍ലിംകളും ദലിതുകളും വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടു. ഭരണകൂടം വേട്ടയാടുന്ന ആ മനുഷ്യരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നിയമസഹായങ്ങൾക്കും ഒരു പൊതുവേദി അങ്ങനെ രാജ്യത്ത് ആവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ‘കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ്’ അഥവാ സി.ആർ.പി.പി രൂപവത്കരിക്കപ്പെടുന്നത്.

സി.ആർ.പി.പിയെ കുറിച്ച് വിശദീകരിക്കാമോ? എന്തുകൊണ്ടാണ് ആ സംഘടനക്കു മേൽ മാവോവാദി ബന്ധം ആരോപിക്കപ്പെടുന്നത്?

സി.ആർ.പി.പി രൂപവത്കരിക്കപ്പെട്ട പശ്ചാത്തലം ഞാൻ മേൽ സൂചിപ്പിച്ചു. പ്രത്യേക വ്യക്തികൾ, സമുദായങ്ങൾ, സ്വത്വങ്ങൾ (മതം, ജാതി), ദരിദ്ര-തൊഴിലാളി വർഗം എന്നിവയെ ഭരണകൂടം ലക്ഷ്യംവെക്കുന്നതിന് പിന്നിൽ ദേശീയമോ അന്തർദേശീയമോ ആയ കുത്തക മൂലധനത്തിന്റെ താൽപര്യ സംരക്ഷണമാണെന്ന് വ്യക്തമാക്കാൻ സംഘടനക്ക് കഴിഞ്ഞിരുന്നു.

മൂലധന ശക്തികൾക്കായി നയങ്ങൾ നടപ്പാക്കുന്നതിനെ മറയ്ക്കാനാണ് ഈ അറസ്റ്റുകളെന്നും ബോധ്യപ്പെടുത്താൻ സി.ആർ.പി.പിക്കായി. ഭരണകൂടത്തിന്റെ വാദങ്ങൾക്കെതിരെ മറ്റൊരു ആഖ്യാനം ഉണ്ടാക്കിയെടുക്കാൻ ഇതിലൂടെ ഇരകളാക്കപ്പെട്ട വിഭാഗങ്ങൾക്ക് കഴിഞ്ഞു. ഭരണകൂടം ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിരുന്ന പൊതു ആഖ്യാനത്തിൽ അത് വിള്ളൽ വീഴ്ത്തി.

പലയിടത്തും ഭരണകൂടം മൂലധനത്തിന്റെ താൽപര്യത്തിനുവേണ്ടി, ചില വിഭാഗത്തിൽപെട്ടവരെ ക്രിമിനൽവത്കരിക്കുകയും പൈശാചികവത്കരിക്കുകയും, അവരെ ചില വാർപ്പുമാതൃകയിൽപെടുത്തുകയുംചെയ്തു. നീതിക്ക് മുന്നിൽ വിഭാഗീയതയില്ല. അതിനാൽ രാഷ്ട്രീയ തടവുകാർക്കായുള്ള പ്രവർത്തനങ്ങളിൽ സി.ആർ.പി.പിയും വിവേചനം കാണിച്ചിരുന്നില്ല. ഭരണകൂടത്തിന്റെ ഇരകളായിത്തീർന്ന എല്ലാ സാമൂഹിക-രാഷ്ട്രീയ വിഭാഗങ്ങളുടെയും സംരക്ഷണത്തിനായി സംഘടന പ്രവർത്തിച്ചു.

രാഷ്ട്രീയ പ്രവർത്തകരുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച താങ്കൾ ഒടുവിൽ അറസ്റ്റ് ചെയ്യപ്പെടുകയും ‘അർബൻ നക്‌സൽ’ എന്ന് മുദ്രകുത്തപ്പെടുകയുംചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട ആ ദിനം - 2018 ജൂൺ ആറിനെ എങ്ങനെ ഓർക്കുന്നു?

അനന്തരവളുടെ പേരിടൽ ചടങ്ങിൽ പങ്കെടുത്തശേഷം ഞാൻ കേരളത്തിൽനിന്ന് മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ജൂലൈ അഞ്ചിന് രാത്രി 10.30 -11 നാണ് ഡൽഹിയിൽ വിമാനമിറങ്ങിയത്. ആ വർഷം ഏപ്രിൽ 17ന് എന്റെ ഡൽഹിയിലെ വീട്ടിൽ പരിശോധന നടന്നിരുന്നു. അന്ന് എന്റെ ഇ-മെയിൽ, ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയവ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ചക്കുള്ളിൽ തിരികെ തരാമെന്നായിരുന്നു പറഞ്ഞത്. എന്നാൽ അതൊന്നും തിരികെ ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തുനിന്ന് വിമാനം കയറും മുമ്പ് അന്നത്തെ ഇൻവെസ്റ്റിഗേഷൻ ഓഫിസർ (ഐ.ഒ) ശിവാജി പവാറിനെ വിളിക്കുകയും പിടിച്ചെടുത്തവ തിരികെ തരണമെന്ന് ഓർമിപ്പിക്കുകയുംചെയ്തിരുന്നു.

ഒന്നര മാസത്തിനും മൂന്ന് ഓർമപ്പെടുത്തലുകൾക്കും ശേഷവും അദ്ദേഹം വാക്ക് പാലിച്ചിരുന്നില്ല. വിമാനത്താവളത്തിൽനിന്ന് അദ്ദേഹത്തെ വിളിച്ചപ്പോഴും തിരികെ തരുമെന്ന പതിവ് പല്ലവിയായിരുന്നു മറുപടി. പിറ്റേന്ന് രാവിലെ (ജൂലൈ ആറ്) ഏകദേശം ആറേകാൽ മണിയോടെ ഒരു സംഘം പൊലീസ് ഞാൻ താമസിക്കുന്ന സ്ഥലത്തെത്തി. പുണെയിൽനിന്നുള്ള രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര പൊലീസിന്റെ ഒരു സംഘവും ഡൽഹി സ്‌പെഷൽ സെൽ അംഗങ്ങളും അടങ്ങിയതായിരുന്നു ആ ടീം. അവർ വാതിലിൽ ശക്തിയായി ഇടിച്ചു. അറസ്റ്റ് ചെയ്യുകയാണോ, ആണെങ്കിൽ എന്നോട് പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഒടുവിൽ, ഒരുപാട് കോലാഹലങ്ങൾക്ക് ശേഷം എന്നെ അറസ്റ്റ് ചെയ്യുകയാണെന്ന കാര്യം അവർ എന്നെ അറിയിച്ചു.

സെൻസേഷനലായ ഇത്തരം കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരെ മുദ്രകുത്തുന്ന രീതി, അറസ്റ്റ് നാടകങ്ങൾക്ക് പിന്നിലെ ക്രിമിനൽ താൽപര്യങ്ങളെ വെളിപ്പെടുത്തുന്നതാണ്. പദ്യ രൂപത്തിൽ പറഞ്ഞാൽ,

‘‘അവർ ആരെയെങ്കിലും എന്തിനെയെങ്കിലും നിയമവിരുദ്ധമായ രീതിയിൽ അടയാളപ്പെടുത്തുകയാണെങ്കിൽ ആ വസ്തുവും മനുഷ്യരും അവരല്ലാതായിത്തീരും. പുതിയ അടയാളത്തിലൂടെ മാത്രമാകും അവർ അറിയപ്പെടുക.’’

അധികാരവർഗത്തിന്റെ ആഖ്യാനങ്ങൾക്ക് വിരുദ്ധമായ ഏത് തരത്തിലുള്ള ജനകീയ മുന്നേറ്റത്തെയും ക്രിമിനൽവത്കരിക്കുകയാണ് ‘അർബൻ നക്‌സൽ’ എന്ന മുദ്രകുത്തലിന് പിന്നിൽ.

ഇന്ത്യൻ ജയിലുകൾ തടവുകാരാൽ നിറഞ്ഞിരിക്കുകയാണ്. അതിൽതന്നെ വിചാരണ തടവുകാരാണ് അധികവും. ജയിലുകൾക്കുള്ളിലെ പ്രതികൂല സാഹചര്യങ്ങളെ മറികടക്കുന്നത് എങ്ങനെയാണ്? കോവിഡ് കാലഘട്ടത്തിലെ അനുഭവങ്ങളെക്കുറിച്ചുകൂടി വിശദീകരിക്കാമോ? നിങ്ങളോടുള്ള ജയിൽ അധികൃതരുടെ മനോഭാവം എന്തായിരുന്നു?

2018 ജൂൺ മുതൽ 2020 ഫെബ്രുവരി വരെ ഞാനും സുധീർ ധാവലെയും അരുൺ ഫെരേരയും യെർവാഡ സെൻട്രൽ ജയിലിലെ തീവ്രസുരക്ഷയുള്ള അണ്ട സെല്ലിലായിരുന്നു. എൻ.ഐ.എ കേസ് ഏറ്റെടുത്തതിനുശേഷം, ബി.കെ 16ലെ ഒമ്പത് പേരെ ആദ്യം ആർതർ റോഡ് സെൻട്രൽ ജയിലിലേക്ക് മാറ്റി, തൊട്ടുപിന്നാലെ തലോജ സെൻട്രൽ ജയിലിലേക്കും. ഞങ്ങളെ താമസിപ്പിക്കാൻ ആർതർ റോഡ് സെൻട്രൽ ജയിലിൽ സ്ഥലമില്ലെന്ന് മുൻ സൂപ്രണ്ട് എൻ.ഐ.എ കോടതിയെ അറിയിച്ചതാണ് പിന്നീടുണ്ടായ മാറ്റത്തിന് കാരണം. തലോജ സെൻട്രൽ ജയിലിലെത്തിച്ച ഞങ്ങളെ ജനറൽ ബാരക്കുകളിലാണ് പാർപ്പിച്ചത്.

യെർവാഡ സെൻട്രൽ ജയിലിൽ എഴുത്തും വായനയുമൊക്കെയായിട്ടായിരുന്നു സമയം ചെലവഴിച്ചിരുന്നത്. അണ്ട സെല്ലിന്റെ രൂപകൽപന വളരെ പ്രത്യേകതയുള്ളതാണ്. മറ്റുള്ള തടവുകാരുമായി ഇടപെടാൻ വളരെ ബുദ്ധിമുട്ടുള്ള രീതിയിലായിരുന്നു അണ്ട സെൽ. അവിടം അതിജീവിക്കണമെങ്കിൽ ഒരാൾക്ക് ഉറച്ച നിശ്ചയദാർഢ്യവും ആത്മവിശ്വാസവും അനിവാര്യമായിരുന്നു. നിങ്ങൾക്ക് വായിക്കാനും എഴുതാനും താൽപര്യമുണ്ടെങ്കിൽ കുറെയൊക്കെ അതിനെ മറികടക്കാനാകുമെങ്കിലും, പുസ്തകം ലഭിക്കുക എന്നത് അവിടെ മറ്റൊരു പോരാട്ടമാണ്.

ജയിലിൽ ഒന്നിനുമൊരു ഉറപ്പില്ല. നിങ്ങളുടെ ഇടം സ്വയം കണ്ടെത്തണം. അതായത് അവകാശങ്ങൾക്കായി പോരാടിയാൽ മാത്രമേ അവ ലഭിക്കുവെന്ന് ചുരുക്കം. ജാഗരൂകരായിരുന്ന സിവിൽ സമൂഹവും പുരോഗമന മൂല്യങ്ങൾ പുലർത്തുന്ന ലിബറൽ പുരോഗമന മാധ്യമങ്ങളിലെ ഒരു വിഭാഗവും ഞങ്ങളുടെ ശബ്ദം കൂടുതൽ പേരിലേക്കെത്തിച്ചു. ഇത് പല സന്ദർഭങ്ങളിലും ഞങ്ങൾക്ക് സഹായകരമായിട്ടുണ്ട്.

മരണത്തോട് അടുക്കുംവിധം മോശമായ വരവര റാവുവിന്റെ ആരോഗ്യസ്ഥിതി (ജാമ്യം കിട്ടിയിരുന്നില്ലെങ്കിൽ അദ്ദേഹത്തെ ഞങ്ങൾക്ക് നഷ്ടമാകുമായിരുന്നു), ഹാനി ബാബുവിന്റെ ഇടതുകണ്ണിലുണ്ടായ മാരക വൈറൽ അണുബാധ, വെർണോൺ ഗോൺസാൽവസിന്റെ ന്യൂമോണിയ ബാധ, കോവിഡ് കാലത്ത് ഗൗതം നവലഖക്കായി വീട്ടിൽനിന്ന് കൊടുത്തയച്ച കണ്ണട അദ്ദേഹത്തെ അറിയിക്കുകപോലും ചെയ്യാതെ തിരിച്ചയച്ചത്, സുരേന്ദ്ര ഗാഡലിങ്ങിന് ആവശ്യമായിരുന്ന ജീവൻരക്ഷാ മരുന്നുകൾ നിഷേധിക്കപ്പെട്ടത്, ഫാദർ സ്റ്റാൻ സ്വാമി അഭിമുഖീകരിച്ച മോശം പെരുമാറ്റങ്ങളും അപമാനവും എന്നിങ്ങനെയുള്ള വിഷയങ്ങളിൽ മാധ്യമങ്ങൾ നിശ്ശബ്ദത പാലിച്ചപ്പോൾ പുരോഗമന സമൂഹത്തിലെ ഒരു വിഭാഗം പ്രതിഷേധം ഉയർത്തിയിരുന്നു. അതേസമയം, കേസിനെക്കുറിച്ചും അതിനുപിന്നിലെ രാഷ്ട്രീയ ഗൂഢാലോചനകളെപ്പറ്റിയും അറിവുണ്ടായിരുന്ന താഴ്ന്ന റാങ്കിലുള്ള ജയിൽ ജീവനക്കാർ ഞങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു.

തലോജ ജയിലിലേക്ക് ഞങ്ങളെ മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ലോക്ഡൗൺ ആരംഭിച്ചത്. 2020 മാർച്ചിലെ അവസാനത്തെ ആഴ്ചയായിരുന്നു അത്. കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു ആ ജയിൽമാറ്റം. കോവിഡിന്റെ ഭീകരത ദിനംപ്രതി വർധിച്ചു. ഞങ്ങളുടെ ജയിൽ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു അത്. ലോകത്തെ മുഴുവനായി പിടികൂടിയ കോവിഡിനെ നേരിടാൻ ഞങ്ങളെ പാർപ്പിച്ചിരുന്ന ജയിൽ ഒട്ടും തയാറായിരുന്നില്ല. രാജ്യത്തെ മറ്റ് ജയിലുകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

അസാധാരണമായ നടപടികൾ ആവശ്യമായി വന്ന അത്യപൂർവ സാഹചര്യമായിരുന്നു അത്. പക്ഷേ മഹാമാരിയെ എങ്ങനെ നേരിടണമെന്നുള്ള കാര്യങ്ങൾ കടലാസിൽ മാത്രമായി ഒതുങ്ങി. ശാരീരിക അകലം പാലിക്കൽ, സാനിറ്റൈസറുകളുടെ പതിവായ ഉപയോഗം, ശുചിമുറികളുടെ വൃത്തി, മാസ്‌കുകളുടെ വിതരണം, അടിയന്തര വൈദ്യ ഉപകരണങ്ങളുള്ള ക്വാറന്റീൻ സൗകര്യങ്ങൾ, പകർച്ചവ്യാധിയെ നേരിടാൻ ആവശ്യമായ സംവിധാനങ്ങളുള്ള ജയിൽ ആശുപത്രി, ദേശീയ ദുരന്തനിവാരണ നിയമത്തിന് കീഴിലുള്ള നിയമങ്ങളും പ്രവർത്തന രൂപരേഖകളും അങ്ങനെ ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു.

എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, പകർച്ചവ്യാധി സമയത്ത് ഒരൊറ്റ നിയമവും കർശനമായി നടപ്പാക്കപ്പെട്ടില്ല. എല്ലാ ആഴ്ചയും സൂപ്രണ്ടിന്റെ പരിശോധനയുണ്ടായിരുന്നു. പക്ഷേ ഒരിക്കൽപോലും അവർ ബാരക്കുകളിലേക്ക് വന്നില്ല. പരിശോധന നടക്കുമ്പോഴെല്ലാം സെല്ലുകൾ പൂട്ടിയിടുമായിരുന്നു. തടവുകാരുടെ അവസ്ഥയെക്കുറിച്ച് ഒരു താൽപര്യവുമില്ലാത്ത രീതിയിൽ, സൂപ്രണ്ടിനോ മുതിർന്ന ജയിലർക്കോ ഒപ്പം പൻവേൽ സെഷൻസ് കോടതിയിലെ ജഡ്ജി ഇടക്കിടെ ജയിലിൽ ചുറ്റിനടക്കാറുണ്ടായിരുന്നു.

വർഗം/ ജാതി, നിറം, പ്രദേശം, മതം എന്നീ വിവേചനങ്ങളൊന്നും പകർച്ചവ്യാധിക്കുണ്ടായിരുന്നില്ല. അതെല്ലാവരെയും ബാധിച്ചു. ആ കാലയളവിൽ ശാസ്ത്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി കൂടുതൽ നിയന്ത്രണങ്ങൾ ജയിലിൽ നടപ്പാക്കി. എന്നാൽ, ശുചിത്വം നിലനിർത്തുന്നതിനോ മതിയായ ജലവിതരണം ഉറപ്പാക്കുന്നതിനോ ശുചിമുറികൾ ഇടവേളകളിൽ വൃത്തിയാക്കുന്നതിനോ ഒന്നും ആരും മെനക്കെട്ടില്ല.

ശാസ്ത്രീയമായ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടിരുന്ന ബാരക്കുകളിലെ തിരക്ക് കുറക്കാനും ജയിൽ അധികൃതർ തയാറായില്ല. ബന്ധുക്കളെ കുറിച്ച് തടവുകാർക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല. അതുണ്ടാക്കിയിരുന്ന മാനസിക ബുദ്ധിമുട്ടുകൾ പരിഹരിക്കുക അധികൃതരുടെ വിഷയമേ ആയിരുന്നില്ല. ശാസ്ത്രീയമായ ക്വാറന്റീനോ മാസ്‌ക്കുകളോ ഒന്നും തടവുകാർക്ക് ലഭിച്ചിരുന്നില്ല.

തടവുകാരുടെ ജീവിതത്തിന് ഒരു മൂല്യവും കൽപിക്കപ്പെട്ടിരുന്നില്ല. ഒരു സുതാര്യതയും ഉത്തരവാദിത്തവും ജയിൽ അധികൃതർ കാണിച്ചില്ല. മാനുഷിക പരിഗണനകൾപോലും തടവുകാർക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല, സ്വന്തം ജീവിതത്തെ പോലും വെറുത്തുപോകുമായിരുന്ന തരം അനുഭവങ്ങളായിരുന്നു കോവിഡ് ഓരോ തടവുകാരനും നൽകിയത്. അവർ ശരിക്കും അന്യവത്കരിക്കപ്പെടുകയായിരുന്നു.

ജയിൽമോചിതരായ റോണാവിൽസണെയും സുധീർ ധവാലെയെയും മനുഷ്യാവകാശ പ്രവർത്തകർ സ്വീകരിക്കുന്നു

ഭീമ-കൊറേഗാവ് കേസിൽ കുറ്റാരോപിതരായ പലരും ഇപ്പോഴും ജയിലിലാണ്. ഇന്ത്യൻ ജുഡീഷ്യറിയിൽ നിങ്ങൾ ഇപ്പോഴും പ്രതീക്ഷ പുലർത്തുന്നുണ്ടോ? എക്‌സിക്യൂട്ടിവിന്റെ രാഷ്ട്രീയ ആഗ്രഹങ്ങൾക്കനുസൃതമായാണ് ജുഡീഷ്യറി പ്രവർത്തിക്കുന്നതെന്ന് പലരും കുറ്റപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ ചോദ്യം.

ജനാധിപത്യപരമെന്ന് കരുതുന്ന ഒരു സംവിധാനത്തിൽ, അധികാരത്തിന് നിയന്ത്രണങ്ങളും പരിധികളും ഏർപ്പെടുത്തുന്ന സംവിധാനങ്ങൾ നശിച്ചുകൊണ്ടിരിക്കുമ്പോൾ പ്രതീക്ഷ അവശേഷിക്കുന്നത് നീതിന്യായ സംവിധാനങ്ങളിലാണ്. എന്നാൽ, ഇത് സാധ്യമാകുന്നത് ജനങ്ങളുടെ ജാഗ്രതയും ഇച്ഛാശക്തിയും ആശ്രയിച്ചാണ്. വൻകിട മൂലധന താൽപര്യവുമായി ചേർന്നുപോകുന്ന ഭൂരിപക്ഷാധിപത്യ പൊതുബോധത്തിനെതിരെയുള്ള ജനങ്ങളുടെ ജാഗ്രതയെയും ഇച്ഛാശക്തിയെയും ആശ്രയിച്ചാണ് ഈ പ്രതീക്ഷ നിലനിൽക്കുക. കാരണം നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ, പാരിസ്ഥിതികമായി നിലനിൽക്കുന്ന മനുഷ്യന്റെ പൊതുവായ ഭാവിയെക്കുറിച്ച് ഒരുതരത്തിലുള്ള പരിഗണനയും ഇല്ലാത്തതാണ് നിലനിൽക്കുന്ന ഇപ്പോഴത്തെ പൊതുബോധം.

ജയിലനുഭവങ്ങളെ കുറിച്ചെഴുതുന്നത് ചിന്തയിലുണ്ടോ?

അറസ്റ്റിന് മുമ്പ് രാഷ്ട്രീയ തടവുകാർക്ക് വേണ്ടിയായിരുന്നു ഞാൻ പ്രവർത്തിച്ചിരുന്നത്. ഇന്ത്യൻ ജയിലുകളിലെ അവസ്ഥകളെ കുറിച്ച് പുറത്തുനിന്ന് നിരീക്ഷിക്കുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഞാനൊരു രാഷ്ട്രീയ തടവുകാരനായി മാറിയപ്പോൾ അതെല്ലാം നേരിട്ട് അനുഭവിക്കുകയായിരുന്നു.

ഞാൻ എന്റെ കുടുംബത്തിനയച്ച കത്തിൽ എഴുതിയതുപോലെ, ജയിലുകളിലെ പൊതുവായ പ്രശ്‌നങ്ങൾ ഞാൻ കാണുകയും മനസ്സിലാക്കുകയുംചെയ്തു. തീർച്ചയായും എനിക്ക് അതേക്കുറിച്ച് പറയേണ്ടതുണ്ട്. ‘‘നിങ്ങളുടെ സംസ്‌കാരം എത്രത്തോളം മികച്ചതാണെന്നറിയാൻ നിങ്ങളുടെ തടവറകൾ പരിശോധിക്കൂ’’ എന്ന ദസ്ത​േയവിസ്‌കിയുടെ സൂക്ഷ്മ നിരീക്ഷണത്തെ മനസ്സിലാക്കാനെങ്കിലും അത് ചെയ്യണമെന്ന് ഞാൻ സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നു.

അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ്, ‘The Fiction of the Muslim Other: State, Law and The Politics of Naming in Contemporary India’ എന്ന വിഷയത്തിൽ ഒരു പിഎച്ച്.ഡി പ്രബന്ധത്തിനായി പ്രവർത്തിക്കുകയായിരുന്നല്ലോ. ഈ വിഷയം വർത്തമാന ഇന്ത്യയിൽ എത്രത്തോളം പ്രസക്തമാണ്?

ഇംഗ്ലണ്ടിലെ സറി സർവകലാശാലയിൽ മുകളിൽ സൂചിപ്പിച്ച വിഷയത്തിൽ പിഎച്ച്.ഡി പഠനത്തിന് പോകാൻ തയാറെടുക്കുമ്പോഴായിരുന്നു അറസ്റ്റ്. ഒരു വർഷത്തിലേറെ ഈ വിഷയവുമായി ഞാൻ വിവിധ സർവകലാശാലകളെ സമീപിച്ചു. എല്ലാവരും പ്രപ്പോസലിൽ സന്തുഷ്ടരായിരുന്നു. പക്ഷേ പഠനത്തിനും താമസത്തിനുമുള്ള ഫണ്ട് കുറവായിരുന്നു. ചിലർ കുറച്ചു പണം തന്ന് സഹായിക്കാൻ തയാറായിരുന്നു.

എന്നാൽ, എന്റെ കാര്യം നോക്കാൻപോലും കൈയിൽ പണമുണ്ടായിരുന്നില്ല. കുടുംബത്തെ ബുദ്ധിമുട്ടിക്കാനും മനസ്സു വന്നില്ല. അതുകൊണ്ട് മതിയായ സ്‌കോളർഷിപ് ലഭിക്കാൻ ഞാൻ കാത്തിരുന്നു. അങ്ങനെയിരിക്കെയാണ് സറി സർവകലാശാലയിലെ സോഷ്യോളജി വിഭാഗം പ്രഫസർ ജോൺ ഗാർലൻഡ് എന്റെ പ്രപ്പോസൽ അംഗീകരിക്കുകയും 2019 തുടക്കത്തോടെ ആരംഭിക്കുന്ന സ്‌കോളർഷിപ്പിനായി അപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത്.

അപ്പോഴേക്കും പക്ഷേ, ഞാൻ തടവിലാക്കപ്പെട്ടു. ആറര വർഷത്തിൽ ഏറെയുള്ള ജയിൽജീവിതത്തിനിടെ, മുസ്‍ലിംകളിൽ ഒരു വലിയ വിഭാഗം തടവിലാക്കപ്പെടുന്നതിന് ഞാൻ സാക്ഷ്യംവഹിച്ചിരുന്നു. ഒരുപക്ഷേ ഇന്ത്യയിൽ അവർക്ക് മതിയായ അളവിലോ അതിൽ കൂടുതലോ പ്രാതിനിധ്യം ലഭിക്കുന്ന ഒരേയൊരു സ്ഥലം ജയിലുകളായിരിക്കാം. അതുകൊണ്ടുതന്നെ മുസ്‍ലിംകളെ അന്യവത്കരിക്കുകയും പൈശാചികവത്കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കേണ്ടത് ആവശ്യമാണെന്ന കാര്യത്തിൽ എനിക്ക് നല്ല ബോധ്യമുണ്ട്.

Show More expand_more
News Summary - Rona Wilson in Bhima Koregaon violence