ആ രാജിക്കത്ത് നാടകീയ നീക്കം

സാന്ത ഖുറൈ കെ.എൽ.എഫിൽ പെങ്കടുക്കാൻ കോഴിക്കോട് എത്തിയപ്പോൾ-
ചിത്രങ്ങൾ: പി. അഭിജിത്ത്
മണിപ്പൂരിലെ പ്രശസ്ത ആക്ടിവിസ്റ്റും എഴുത്തുകാരിയുമാണ് സാന്ത ഖുറൈ. വടക്കു കിഴക്കിൽ ട്രാൻസ്ജെൻഡർ സമൂഹത്തിന് ദൃശ്യത നൽകുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ച അവർ മണിപ്പൂരിലെ അവസ്ഥകളെക്കുറിച്ചും ട്രാൻസ്ജെൻഡർ സമൂഹത്തെപ്പറ്റിയും തന്നെപ്പറ്റിയും സംസാരിക്കുന്നു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ട്രാൻസ്ജെൻഡർ സമൂഹത്തിന് ദൃശ്യത നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും എഴുത്തുകാരിയുമാണ് സാന്ത ഖുറൈ. മണിപ്പൂരിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ ബ്യൂട്ടി സലൂൺ തുടങ്ങിയ വ്യക്തി സാന്തയാണ്. ഓൾ മണിപ്പൂർ നൂപി മാൻബി അസോസിയേഷൻ (അമാന) സെക്രട്ടറിയായ സാന്ത ‘ദി യെലോ സ്പാരോ’ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ രചയിതാവാണ്. മെയ്തേയി വംശജയാണ് സാന്ത ഖുറൈ.
മണിപ്പൂർ സംസ്ഥാന വനിത കമീഷന്റെ നേതൃത്വത്തിൽ ട്രാൻസ് സ്ത്രീകളോടുള്ള ഘടനാപരവും സ്ഥാപനപരവുമായ വിവേചനം ഇല്ലാതാക്കാനും മണിപ്പൂരിലെ ജുഡീഷ്യൽ, നിയമ നിർവഹണ സംവിധാനങ്ങൾ ആക്സസ് ചെയ്യാനും മണിപ്പൂരിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ വിമൻസ് ഗ്രീവൻസ് സെൽ സ്ഥാപിക്കുന്നതിലും സാന്ത ഖുറൈ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നാഷനൽ ട്രാൻസ്ഫ്യൂഷൻ കൗൺസിലും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനും പുറപ്പെടുവിച്ച 2017ലെ രക്തദാതാക്കളുടെ തിരഞ്ഞെടുപ്പിനെയും രക്തദാതാക്കളുടെ റഫറലിനെയും സംബന്ധിച്ച മാർഗനിർദേശങ്ങളുടെ 12, 51 വകുപ്പുകളുടെ ഭരണഘടനാ സാധുതയെ ചോദ്യംചെയ്തുകൊണ്ട് അവർ സുപ്രീംകോടതിയിൽ ഒരു പൊതു താൽപര്യ ഹരജി (PIL) ഫയൽചെയ്തു. 2021 സെപ്റ്റംബറിൽ ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ 48ാമത് മനുഷ്യാവകാശ കൗൺസിൽ സമ്മേളനത്തിലും സാന്ത ഒരു പ്രസ്താവന അവതരിപ്പിച്ചു. ഗ്ലോബൽ ഈസ്റ്റ്, ഗ്ലോബൽ സൗത്ത് എന്നിവിടങ്ങളിൽനിന്നുള്ള 14 രാജ്യങ്ങളിലെ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ഇന്റർസെക്സ് വ്യക്തികൾക്ക് വേണ്ടിയാണ് ഈ പ്രസ്താവന നടത്തിയത്.
2019ലെ നാഗാലാൻഡ് ഫിലിം ഫെസ്റ്റിവലിൽ ഫിക്ഷൻ ഇതര ചലച്ചിത്ര മത്സര വിഭാഗത്തിൽ മികച്ച ചലച്ചിത്ര പുരസ്കാരം നേടിയ ‘നവ –ദി സ്പിരിറ്റ് ഓഫ് ആറ്റെ’, അൺ ഹേർഡ് വോയ്സ് എന്നീ ഡോക്യുമെന്ററികൾ അവർ നിർമിച്ചിട്ടുണ്ട്. കോഴിക്കോട്ടെത്തിയ സാന്ത ഖുറൈയുമായി നടത്തിയ സംഭാഷണത്തിൽനിന്ന്.
നമുക്ക് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിയിൽനിന്ന് തന്നെ തുടങ്ങാം. നിരവധിതവണ പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിട്ടും രാജിവെക്കാതിരുന്ന മുഖ്യമന്ത്രി ഇപ്പോൾ രാജി വെച്ചിരിക്കുകയാണ്?
മുഖ്യമന്ത്രിയും നിരവധി പ്രാദേശിക എം.എൽ.എമാരും തങ്ങളുടെ രാജിക്കത്ത് പരസ്യമായി പ്രദർശിപ്പിച്ചു. മണിപ്പൂരിൽ ഇതൊരു പുതിയ തന്ത്രമല്ല, പൊതു വിയോജിപ്പുകളെ അടിച്ചമർത്താനും ഉത്തരവാദിത്തം ഒഴിവാക്കാനും രാജിക്കത്ത് ഒരു കൃത്രിമ ഉപകരണമായി ഉപയോഗിക്കുന്നതായി തോന്നുന്നു. എന്റെ അഭിപ്രായത്തിൽ, ഒരു രാജിക്കത്ത് ടോയ്ലറ്റ് പേപ്പർപോലെ ഉപയോഗപ്രദമായിത്തീർന്നിരിക്കുന്നു. അത് അധികാരത്തിലുള്ളവരെ അവരുടെ പിടി നിലനിർത്താൻ അനുവദിക്കുന്ന അർഥശൂന്യമായ ആംഗ്യമാണ്.
ഈ താൽക്കാലിക പ്രവൃത്തി സമയം വാങ്ങാനും യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനും അവരെ പ്രാപ്തരാക്കുന്നു. നിയമസഭ സമ്മേളനത്തിന്റെ തലേന്ന് സമർപ്പിച്ച രാജിക്കത്ത് ഈ നാടകീയനീക്കത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഓരോ തവണയും ഈ രാജിക്കത്ത് നാടകം വികസിക്കുമ്പോൾ, അത് പുതിയതും കൂടുതൽ അസ്ഥിരവുമായ വെല്ലുവിളി കൊണ്ടുവരുന്നു, ഇത് പൊതുജനങ്ങളെ ആഘാതത്തിലാക്കുകയും ഉത്തരങ്ങൾക്കായി തിരയുകയും ചെയ്യുന്നു.
മണിപ്പൂരിന്റെ ഹൃദയത്തിലേറ്റ മുറിവാണ് ഈയിടെയുണ്ടായ സംഘർഷങ്ങൾ. അതേ കുറിച്ച് എന്താണ് പറയാനുള്ളത്?
മണിപ്പൂർ ഇപ്പോൾ രാഷ്ട്രീയപരമായും സാമ്പത്തികപരമായും അസ്ഥിരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മണിപ്പൂരിൽ ഉണ്ടായ സംഘർഷത്തെക്കുറിച്ച് ഓർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഈ സമയം ശരിയാകാൻ ഏറെ നാളുകൾ എടുക്കും. ഒരു വർഷമാകുന്നു അവിടെ അനിഷ്ട സംഭവങ്ങൾ നടന്നിട്ട്. പിന്നീട് ഇടക്കിടക്ക് കുഴപ്പങ്ങൾ ഉണ്ടായി. കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറും ഇപ്പോഴും നിശ്ശബ്ദരാണ്. ഈ സംഘർഷം നിയന്ത്രിക്കാനുള്ള പദ്ധതിയുമായി അവർ മുന്നോട്ടുവന്നിട്ടില്ല. പ്രശ്നം പരിഹരിക്കാത്തതിനാൽ ജനങ്ങൾ ഇപ്പോഴും ദുരിതത്തിലാണ്. സംസ്ഥാന സർക്കാറും കേന്ദ്രസർക്കാറും മുൻകൈയെടുത്താൽ മാത്രമേ സമാധാനം പുലരുകയുള്ളൂ. മുമ്പ് ഞങ്ങൾ ജീവിച്ചപോലെ സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം.
മണിപ്പൂർ സംഘർഷം പരിഹരിക്കുന്നതിൽ കേന്ദ്രവും സംസ്ഥാന സർക്കാറും പൂർണ പരാജയമാണെന്ന് പല കോണുകളിൽനിന്നും ആരോപണം ഉയർന്നിരുന്നു. ബിരേൻ സർക്കാർ പൂർണ പരാജയമായിരുന്നോ?
മണിപ്പൂരിൽ നിലനിൽക്കുന്ന സംഘർഷം പരിഹരിക്കുന്നതിൽ പ്രാദേശികമായും കേന്ദ്രമായും ഭരിക്കുന്ന സർക്കാർ തികഞ്ഞ പരാജയമാണ്. അവരുടെ മൗനം അവരുടെ രാഷ്ട്രീയ അജണ്ടയെക്കുറിച്ച് സംസാരിക്കുന്നു, അത് മതേതരത്വത്തിന്റെയും വൈവിധ്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളെക്കാൾ ‘രാഷ്ട്രം’ എന്ന പരമ്പരാഗത സങ്കൽപത്തിന് മുൻഗണന നൽകുന്നു. ഈ നിശ്ശബ്ദത വടക്കു കിഴക്കൻ ഇന്ത്യയിലെ ജനങ്ങളോടുള്ള അസ്വസ്ഥമായ മനോഭാവം വെളിപ്പെടുത്തുന്നു. പ്രത്യേകിച്ച് മണിപ്പൂരിൽ, അവർ അവഗണിക്കപ്പെട്ടവരും താഴ്ന്നവരും മൂന്നാംതരം പൗരന്മാരുമായി കണക്കാക്കപ്പെടുന്നു. ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതിനു പകരം, മണിപ്പൂരിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഭൗമരാഷ്ട്രീയ നേട്ടത്തിനും സ്വയം സേവക താൽപര്യങ്ങൾക്കുംവേണ്ടി ചൂഷണം ചെയ്യുന്നതിലാണ് സർക്കാറിന് കൂടുതൽ താൽപര്യം.
മണിപ്പൂരിലെ തദ്ദേശീയ സമൂഹങ്ങളെ ഇല്ലാതാക്കാനുള്ള അവരുടെ ഉദ്ദേശ്യത്തെ ഒറ്റിക്കൊടുക്കുന്ന നിശ്ശബ്ദ ഭാഷയാണ് സർക്കാറിന്റെ മൗനം. ഇത് നേടിയെടുക്കുന്നത് ജനങ്ങളെ ദുഷിപ്പിക്കുകയും മലിനമാക്കുകയും വിഷലിപ്തമാക്കുകയും ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയവും കൃത്രിമ തന്ത്രങ്ങളും പ്രയോഗിച്ച് പരസ്പര വൈരുധ്യങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, മണിപ്പൂരിലെ ജനങ്ങളെ ദീർഘകാലമായി നിർവചിക്കുന്ന ശക്തമായ സാമൂഹിക ബന്ധങ്ങളും സാമുദായിക ഘടനയും തകർക്കുകയാണ് അവർ ലക്ഷ്യമിടുന്നത്.
‘യെലോ സ്പാരോ’ ആണ് സാന്തയെ അടയാളപ്പെടുത്തുന്നത്. സത്യത്തിൽ സ്വന്തം കഥ എഴുതാൻ പ്രചോദനം എങ്ങനെയാണ് ഉണ്ടാവുന്നത്?
‘യെലോ സ്പാരോ’ എന്റെ ഓർമക്കുറിപ്പുകളാണ്. എന്റെ ജീവിതത്തെ കുറിച്ചാണ് ഞാൻ എഴുതിയിട്ടുള്ളത്. എന്റെ വളർച്ചയുടെ പല ഘട്ടങ്ങളും ഞാൻ നേരിട്ട പ്രതിസന്ധികളും എനിക്കെതിരെയുള്ള എന്റെ അച്ഛന്റെ പ്രതികരണങ്ങളും, ട്രാൻസിഷൻ സമയത്ത് ഞാൻ നേരിട്ട പ്രയാസങ്ങൾ എല്ലാം പുസ്തകത്തിൽ കാണാം. എഴുത്ത് എന്റെ പാഷൻ ആയിരുന്നു. എന്റെ വിഷമങ്ങളും സന്തോഷങ്ങളും എല്ലാം സമൂഹവുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന കാലത്ത് ഞാൻ എന്നെ തന്നെ കണ്ടെത്തിയത് എഴുത്തിലൂടെയാണ്.
ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നതിനാൽ പുസ്തകം എഴുതുന്ന സമയത്ത് എന്റെ ഓർമകളിലേക്ക് പോകാൻ എന്നെ അത് സഹായിച്ചു. ഞാൻ നേരിട്ട് അനുഭവങ്ങൾ സമൂഹവുമായി പങ്കുവെച്ചില്ലെങ്കിൽ പിന്നെ ആര് പങ്കുവെക്കും? എന്റെ ജീവിതംതന്നെ പണയംവെച്ച് ഞാൻ എഴുതുന്നത് എന്നെപ്പോലെയുള്ള നിരവധി ആളുകളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ്. അതുകൊണ്ടാണ് എല്ലാം തുറന്ന് എഴുതാൻ ഞാൻ തീരുമാനിച്ചത്.
മണിപ്പൂരിനെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി നടന്ന പ്രതിഷേധത്തിൽ സാന്ത ഖുറൈ
ഏറെ പ്രതിസന്ധികൾ നിറഞ്ഞ ജീവിതാവസ്ഥയിൽനിന്നാണ് സാന്ത എഴുത്തുകാരി ആയത്? മണിപ്പൂരിലെ മറ്റു ട്രാൻസ്ജെൻഡർ എഴുത്തുകാരുടെ അവസ്ഥയെ കുറിച്ച് പറയാമോ?
ട്രാൻസ്ജെൻഡർ എഴുത്തുകൾ മണിപ്പൂരിൽ കുറവാണ്. എന്നെ കൂടാതെ മറ്റ് രണ്ടുപേരുടെ പുസ്തകങ്ങൾ മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. കുറെ എഴുത്തുകാർ ട്രാൻസ്ജെൻഡർ സമൂഹത്തിനകത്തുണ്ട്. പക്ഷേ, നല്ല പിന്തുണ അവർക്ക് കിട്ടുന്നില്ല. കൂടുതൽ പേരും എഴുതുന്നത് മണിപ്പൂരിയിലാണ്. മണിപ്പൂർ ദരിദ്ര സംസ്ഥാനമായതിനാലും സംഘർഷങ്ങൾ പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നതും എഴുത്തുകാരുടെ കരിയറിനെ ബാധിക്കുന്നുണ്ട്.
ട്രാൻസ്ജെൻഡർ എഴുത്തുകാർ മാത്രമല്ല ഹെട്രോ സെക്ഷ്വൽ ആളുകൾ എഴുതുന്നതിനും മറ്റ് സംസ്ഥാനങ്ങളിലെ എഴുത്തുകാർക്ക് കിട്ടുന്നപോലുള്ള സ്വീകാര്യത കിട്ടുന്നില്ല. വൈകാരികമായ പിന്തുണയും സാമ്പത്തിക പിന്തുണയും വേണം. അതുണ്ടെങ്കിലേ ട്രാൻസ്ജെൻഡർ മനുഷ്യരുടെ രചനകൾ പ്രസിദ്ധീകരിച്ചു വരികയുള്ളൂ. പ്രസിദ്ധീകരിക്കാൻ കഴിയാത്തവരുടെ എഴുത്തുകൾ സമാഹരിച്ച് ഒരു പ്രസാധകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാൻ. അത് മണിപ്പൂരിൽ മാത്രമല്ല നോർത്ത് ഈസ്റ്റ് മുഴുവൻ ഉള്ള ട്രാൻസ്ജെൻഡർ-ക്വിയർ എഴുത്തുകാർക്കുവേണ്ടി ചെയ്യാനുള്ള ശ്രമത്തിലാണ്.
മണിപ്പൂരിലെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ജീവിതാവസ്ഥ എങ്ങനെയാണ്?
മണിപ്പൂരിലെ ജനങ്ങൾ ട്രാൻസ്ജെൻഡർ മനുഷ്യരെ പൂർണമായും അംഗീകരിക്കുന്നവരൊന്നുമല്ല. അതേസമയം മണിപ്പൂർ ഒരു ട്രാൻസ്ഫോബിക് സംസ്ഥാനവുമല്ല. ട്രാൻസ്ജെൻഡർ വ്യക്തികൾ ഭൂരിഭാഗവും കുടുംബത്തോടൊപ്പമാണ് ജീവിക്കുന്നത്. ട്രാൻസ്ജെൻഡർ സമൂഹം ഇന്ത്യയുടെ വിവിധഭാഗത്ത് വിവിധ ഖരാനാ രീതികൾ പിന്തുടർന്ന് ഒരുമിച്ചാണ് ജീവിക്കുന്നത്. ഇവിടെ ‘ഖരാന സിസ്റ്റം’ (ട്രാൻസ്ജെൻഡർ സമൂഹത്തിലെ പരമ്പരാഗത സമ്പ്രദായം) ഞങ്ങൾ പിന്തുടരുന്നില്ല. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന വൈകാരികമായ സംസ്ഥാനമാണ് മണിപ്പൂർ. സാംസ്കാരികപരമായും സാമൂഹികപരമായും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തരാണ് മണിപ്പൂരിലെ ട്രാൻസ്ജെൻഡർ മനുഷ്യർ.
സാമ്പത്തികമായും അല്ലാതെയും പിന്നാക്കം നിൽക്കുന്ന സംസ്ഥാനം എന്നനിലയിൽ ജീവിക്കാനുള്ള പണം കണ്ടെത്താൻ ഞങ്ങൾ വിഷമിക്കുന്നുണ്ട്. വീട്ടിനുള്ളിൽനിന്ന് അക്രമവും വിവേചനവും ഉണ്ടാകുമെങ്കിലും മണിപ്പൂരിലെ വീടുകളിൽനിന്ന് രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ഇറക്കിവിടാറോ ആട്ടിപ്പായിക്കാറോ ഇല്ല. കുടുംബത്തോടൊപ്പം ആയതിനാൽ ഒരു നേരത്തെ ഭക്ഷണം കിട്ടും. മണിപ്പൂരിലെ ട്രാൻസ്ജെൻഡർ വ്യക്തികൾ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ ഭിക്ഷയെടുക്കാറില്ല. ജോലി ചെയ്യുന്നവരാണ് മിക്കവരും. കൂടുതൽ പേരും ബ്യൂട്ടിപാർലറുകൾ നടത്തുന്നവരാണ്.
അഫ്സ്പ നിയമം എങ്ങനെയാണ് മണിപ്പൂരിലെ ജനങ്ങളെ ബാധിച്ചത്. സാന്തയുടെ സ്വന്തം അനുഭവവും പങ്കുെവക്കാമോ?
സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA) ഒരു രാഷ്ട്രീയ ശക്തിയാണ്, അഴിമതിയും ഭരണകൂട ശിക്ഷാനടപടിയും പ്രോത്സാഹിപ്പിക്കുന്ന ഒരു വംശീയ നിയമമാണ്, വടക്കുകിഴക്കൻ ഇന്ത്യയിലെ, പ്രത്യേകിച്ച് മണിപ്പൂരിലെ ജനങ്ങളെ ശത്രുതയിലാക്കുന്നു. സംസ്ഥാനത്തിന് സമ്പൂർണ അധികാരം നൽകുന്നതിലൂടെ, ജനങ്ങളുടെ വികാരങ്ങൾ കൈകാര്യംചെയ്യാനും ഭൂമിയും വിഭവങ്ങളും ചൂഷണംചെയ്യാനും ജനങ്ങളുടെ ശബ്ദത്തെയും സ്വാതന്ത്ര്യത്തെയും അടിച്ചമർത്താനും AFSPA ഭരണകൂടത്തെ അനുവദിക്കുന്നു. മണിപ്പൂരിൽ, സൈനിക ക്യാമ്പുകൾ കൈവശപ്പെടുത്തിയ ഭൂമി ഉൾപ്പെടെ, സംസ്ഥാനത്തിന്റെ 75 ശതമാനം വിഭവങ്ങളും വിനിയോഗിക്കുന്ന ഒരു വലിയ സൈനികവിന്യാസത്തിന്റെ സാന്നിധ്യം, രാത്രിജീവിതത്തിന്റെ അഭാവത്തിനും ഭയത്തിനും ശ്രദ്ധിക്കപ്പെടാത്ത കർഫ്യൂകൾക്കും കാരണമായി.
വംശീയ സംഘട്ടനങ്ങളും ക്രൂരമായ കൊലപാതകങ്ങളും യുവാക്കളെ ആയുധ സംസ്കാരത്തിൽ കുരുക്കുന്നതും മണിപ്പൂരിലെ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു. തടങ്കലിൽ വെക്കൽ, നിർബന്ധിത ലൈംഗിക പ്രവർത്തനങ്ങൾ, ക്രൂരമായ മർദനങ്ങൾ എന്നിവയിലൂടെ ഇതിനകംതന്നെ ദുർബലരായ ട്രാൻസ്ജെൻഡർ സമൂഹം കൂടുതൽ പാർശ്വവത്കരണം നേരിടുന്നു. സൈനിക സാന്നിധ്യം സൃഷ്ടിച്ച നിരന്തരമായ ഭയം ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചു, അവ പലപ്പോഴും അവഗണിക്കപ്പെടുന്നു. ആളുകൾക്ക് AFSPAയെ വെല്ലുവിളിക്കാൻ കഴിയാത്തതിനാൽ, അവരുടെ കോപവും നിരാശയും ഉള്ളിലേക്ക് പുറന്തള്ളപ്പെടുന്നു, ഇത് ഒരു ദുഷിച്ച ചക്രം സൃഷ്ടിക്കുന്നു. ഈ അക്രമാസക്തമായ ഊർജം സംസ്ഥാനത്ത് നാശം വിതക്കുന്നു, ട്രാൻസ്ജെൻഡറുകൾ ഹൈപ്പർ-വിസിബിൾ ആകുകയും സംസ്ഥാന, ഇതര സംസ്ഥാന അഭിനേതാക്കളാൽ ടാർഗറ്റ് ചെയ്യപ്പെടുകയുംചെയ്യുന്നു.
വ്യക്തിപരമായി, സൈന്യത്തിന്റെ ക്രൂരമായ മർദനങ്ങൾ, ഇതര സംസ്ഥാന അഭിനേതാക്കളിൽനിന്നുള്ള വധഭീഷണി, വിമോചന പ്രസ്താവനകൾ നടത്തിയതിന് ഭരണകൂടത്തിന്റെ അറസ്റ്റ് ശ്രമങ്ങൾ എന്നിവ ഞാൻ നേരിട്ടിട്ടുണ്ട്. ഈ അനുഭവങ്ങൾ എനിക്ക് ആവർത്തിച്ചുള്ള ഭയവും ആഘാതവും നൽകി, എന്റെ ആത്മവിശ്വാസത്തെയും മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള കഴിവിനെയും ഭീഷണിപ്പെടുത്തുന്നു. മണിപ്പൂരിലെ പ്രതിഭാധനരായ നിരവധി വ്യക്തികൾ സമാനമായ ആഘാതത്തിലും ഭയത്തിലും ആത്മവിശ്വാസക്കുറവിലും കുടുങ്ങിക്കിടക്കുകയാണ്.
മണിപ്പൂരിൽ, ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ ബ്യൂട്ടി പാർലറുകൾ അവരുടെ ബിസിനസ് നിലനിർത്തുന്നതിൽ കാര്യമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു. വലിയ തുകകൾ ആവശ്യപ്പെടുകയും ഫലപ്രദമായി കൊള്ളയടിക്കുകയുംചെയ്യുന്ന ആയുധധാരികളായ അക്രമികൾ നിരന്തരം ഉയർത്തുന്ന ഭീഷണിയാണ് ഒരു പ്രധാന ആശങ്ക. ഈ അപകടകരമായ സാഹചര്യം അവരുടെ ഉപജീവനത്തെ ബാധിക്കുക മാത്രമല്ല, ഭയത്തിന്റെയും ദുർബലതയുടെയും സംസ്കാരം നിലനിർത്തുകയും ചെയ്യുന്നു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന ട്രാൻസ്ജെൻഡർ പേഴ്സൻസ് പ്രൊട്ടക്ഷൻ ബില്ലിനെ കുറിച്ച് എന്താണ് പറയാനുള്ളത്?
നിയമത്തിന് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. കേന്ദ്രം പോളിസി കൊണ്ടുവന്നാൽ അത് ഞങ്ങളുടെ ജീവിതത്തിന് അനുസരിച്ചുള്ള നിയമമായിരിക്കണം. ട്രാൻസ്ജെൻഡർ റൈറ്റ്സ് ബില്ലിൽ അവർ പറയുന്നത് പുനരധിവാസകേന്ദ്രങ്ങളെപ്പറ്റിയാണ്. മാനസികമായി തകരാറുള്ള ആളുകളെ, അതല്ലെങ്കിൽ ലഹരി ഉപയോഗിക്കുന്നവരെയാണ് പുനരാധിവാസ കേന്ദ്രത്തിലേക്ക് അയക്കേണ്ടത്. ഞങ്ങൾ അത്തരത്തിൽ മാനസിക തകരാർ ഉള്ളവരല്ല. കുടുംബത്തിനകത്ത് ജീവിക്കുന്ന ഞങ്ങൾ എന്തിനാണ് പുനരധിവാസ കേന്ദ്രത്തിലേക്ക് പോകേണ്ടത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അതിന്റെ ആവശ്യമില്ല. കേന്ദ്രം ഒരു നിയമം കൊണ്ടുവരുമ്പോൾ കൃത്യമായ പഠനം ആവശ്യമാണ്. ബില്ലിൽ സർജറി ചെയ്യാൻ നിർബന്ധിക്കുകയാണ്.
സർജറി വേണോ വേണ്ടയോ എന്നുള്ളത് ഒരു വ്യക്തി തീരുമാനമെടുക്കേണ്ട കാര്യമാണ്. എല്ലാ ഒഫീഷ്യൽ രേഖകളിലുമുള്ള ജെൻഡർ മാർക്കർപോലും ഏകീകരിച്ചിട്ടില്ല. ഏകീകരിച്ചില്ലെങ്കിൽ ഒരു ഐ.ഡി കാർഡിൽ ടി.ജി എന്നും മറ്റൊരു ഐ.ഡി കാർഡിൽ തേർഡ് ജെൻഡർ എന്നിങ്ങനെയാണ് ഉണ്ടാവുക. ആധാറിലും പാസ്പോർട്ടിലും പാൻകാർഡിലും മണിപ്പൂരിലുള്ള പലർക്കും പല ജെൻഡർ മാർക്കർ ആണുള്ളത്. ആദായ നികുതി ഉൾെപ്പടെ സമർപ്പിക്കുന്നതിന് ഇത് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇങ്ങനെ നിരവധി കാര്യങ്ങളുണ്ട്. ഞങ്ങളെ സംബഡിച്ച് ഒരു ഗുണവുമില്ലാത്ത ബില്ലാണിത്.
ചെറുപ്പകാലത്തെക്കുറിച്ച് പറയാമോ?
വേദന നിറഞ്ഞ കുട്ടിക്കാലമായിരുന്നു. അച്ഛൻ എന്റെ സ്ത്രൈണ സ്വഭാവത്തിന് എതിരായിരുന്നു. എപ്പോഴും ഒരു ആൺകുട്ടിയെപ്പോലെ പെരുമാറാൻ അച്ഛൻ എന്നെ പ്രേരിപ്പിക്കുമായിരുന്നു. അത് അച്ഛനുമായുള്ള സംഘർഷത്തിന് വഴിെവച്ചു. അച്ഛനെ കുറിച്ച് ഞാനെഴുതിയ കവിത ‘മൈ ഫാദർ’ ഹാപ്പർ കോളിൻസാണ് പ്രസിദ്ധീകരിച്ചത്. സ്കൂളിലും എനിക്ക് വേദന നിറഞ്ഞ അനുഭവങ്ങളാണ് ഉണ്ടായിരുന്നത്. എന്റെ ഐഡന്റിറ്റിയെക്കുറിച്ച് ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. ഞാൻ സ്വാഭാവികമായി പുറത്തുവരുകയായിരുന്നു. വീട്ടിലെ പ്രതികരണം വളരെ മോശമായിരുന്നു. അതൊക്കെ നീണ്ട കഥയാണ്. പ്രയാസമേറിയ അനുഭവങ്ങൾ ഉണ്ടായ കാലം. അന്നൊക്കെ പലപ്പോഴും ഞാൻ ഒരുപാട് കരഞ്ഞിരുന്നു.
വല്ലാത്ത ട്രോമയിൽ അകപ്പെട്ട എനിക്ക് മദ്യത്തിലും മയക്കുമരുന്നിലും അഭയംതേടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ആരോഗ്യം മോശമായപ്പോൾ രക്ഷപ്പെടാൻ വേണ്ടിയാണ് പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത്. ചെറുപ്പകാലത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അന്നത്തെ കാര്യങ്ങൾ ഓർക്കാൻതന്നെ ഞാൻ ഇഷ്ടപ്പെടുന്നില്ല. ആ ദിവസങ്ങൾ മറക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അച്ഛനും അമ്മക്കും ഞങ്ങൾ എട്ടു മക്കളായിരുന്നു. എനിക്ക് മൂത്ത മൂന്ന് സഹോദരിമാരും ഇളയ രണ്ടു സഹോദരന്മാരും പിന്നെ ഒരു ഇളയ സഹോദരി. ഞാൻ നാലാമത്തെ ആളായിരുന്നു. ഇളയ സഹോദരൻ അപകടത്തിൽ മരിച്ചു. അവന് മൂന്ന് കുട്ടികളാണ്. അവരെ ഞാനാണ് നോക്കുന്നത്.
വിവാഹജീവിതത്തെക്കുറിച്ച്?
ഏഴു വർഷം നീണ്ട ദാമ്പത്യമായിരുന്നു ഞങ്ങളുടേത്. ഭർത്താവ് വളരെ ടോക്സിക് ആയ മനുഷ്യനായിരുന്നു. മാനസികവും ശാരീരികവുമായുള്ള പീഡനങ്ങൾക്ക് വിധേയമാകേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും ആ ബന്ധം നിലനിർത്താൻ പരമാവധി സഹിച്ചുനിന്നു. ആദ്യമൊക്കെ സമാധാനപരമായും സ്നേഹത്തോടെയുമാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. പിന്നീട് സ്വഭാവത്തിൽ മാറ്റം വന്നുതുടങ്ങി. സുഹൃത്തുക്കളും മറ്റു ചിലരും ചേർന്ന് പരിഹസിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിൽ മാറ്റം പ്രകടമായി. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങി. സഹിക്കാൻ കഴിയാതായപ്പോൾ പൊലീസിൽ പരാതിപ്പെടേണ്ടി വന്നു. ഒടുവിൽ ആ ബന്ധം പിരിഞ്ഞു.
എൻ.ജി.ഒകളെ കുറിച്ച് എന്താണ് അഭിപ്രായം? എൻ.ജി.ഒകളുടെ പ്രവർത്തനം ട്രാൻസ് കമ്യൂണിറ്റിയെ ശക്തിപ്പെടുത്തുന്നുണ്ടോ?
എൻ.ജി.ഒകൾ കാരണം ട്രാൻസ്ജെൻഡർ സമൂഹത്തിന് വളർച്ച ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയുടെ പോരാട്ടങ്ങൾക്ക് ഊർജം നൽകാൻ എൻ.ജി.ഒകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഫണ്ടിന്റെ കാര്യം വരുമ്പോൾ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നിസ്വാർഥമായി ഈ സമൂഹത്തിനുവേണ്ടി വർക്ക് ചെയ്യുന്ന കമ്യൂണിറ്റി മെംബർമാരും അഭ്യുദയകാംക്ഷികളുമുണ്ട്. അല്ലാത്തവരുമുണ്ട്. ഞാൻ സെക്രട്ടറിയായ ‘അമാന’ മണിപ്പൂരിലെ ആറ് ജില്ലകളിലുണ്ട്. ഞങ്ങൾ പ്രവർത്തിക്കുന്നത് ട്രാൻസ്ജെൻഡർ മനുഷ്യർക്കിടയിൽ മാത്രമല്ല. സമൂഹത്തിലെ പ്രയാസങ്ങൾ നേരിടുന്ന എല്ലാവർക്കും വേണ്ടി ‘അമാന’ പ്രവർത്തിക്കുന്നുണ്ട്.
ട്രാൻസ്ജെൻഡർ കമ്യൂണിറ്റിക്ക് അകത്ത് പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ പ്രകടമായി കാണാറുണ്ട്. വളരെ ന്യൂനപക്ഷമായ കമ്യൂണിറ്റി അംഗങ്ങൾ തമ്മിൽ ഐക്യമില്ലാത്തത് നിങ്ങൾ നടത്തുന്ന പോരാട്ടങ്ങളെ ബാധിക്കില്ലേ?
ഇത് എല്ലായിടത്തും സംഭവിക്കുന്നുണ്ട്. ഞങ്ങൾക്കിടയിൽ മാത്രമല്ല. ഹെട്രോ സെക്ഷ്വൽ മനുഷ്യർക്കിടയിലും ഇത് സംഭവിക്കുന്നുണ്ട്. വ്യത്യസ്ത വീക്ഷണങ്ങളും വിമർശനങ്ങളും നല്ലതാണ്. എങ്ങനെയാണ് നമ്മൾ ആ വീക്ഷണങ്ങളെ കാണുന്നതെന്നതാണ് കാര്യം. അത്തരം കാര്യങ്ങൾ ഒരു മേശക്ക് ചുറ്റുമിരുന്ന് ആരോഗ്യകരമായി ചർച്ചചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. എല്ലാവരും ഒരുപോലെ ചിന്തിക്കുക എന്നുള്ളത് സാധ്യമല്ലാത്ത കാര്യമാണ്. എപ്പോഴും വ്യത്യസ്തമായി ചിന്തിക്കുന്നതും അഭിപ്രായങ്ങൾ പറയുന്നതുമാണ് നല്ലത്. പക്ഷേ അത് ട്രാൻസ് കമ്യൂണിറ്റിക്ക് കോട്ടം വരുത്തുന്ന തരത്തിലാകരുത്.
കോഴിക്കോട് കെ.എൽ.എഫിൽ ശീതൾ ശ്യാമിനും പ്രകാശ് രാജിനുമൊപ്പം സാന്ത ഖുറൈ
സാന്ത നിരവധി നിയമ പോരാട്ടങ്ങളുടെ ഭാഗമായിട്ടുണ്ട്. അതേക്കുറിച്ച്..?
പുരുഷന്മാരുമായി (MSM), ട്രാൻസ്ജെൻഡർ വ്യക്തികൾ, ലൈംഗികത്തൊഴിലാളികൾ എന്നിവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാരുടെ രക്തദാനം ശാശ്വതമായി നിരോധിക്കുന്നതിനെ ചോദ്യംചെയ്തുകൊണ്ട് ഒരു സുപ്രധാന വ്യവഹാരം ഫയൽ ചെയ്തുകൊണ്ട് ഞാൻ 2021ൽ ചരിത്രം സൃഷ്ടിച്ചു. ഈ ധീരമായ നടപടി ഈ വിവേചനപരമായ നിയമത്തെ നിയമപരമായി നേരിടുന്ന രാജ്യത്തെ ആദ്യത്തെ വ്യക്തിയാക്കി. അതേ വർഷംതന്നെ, പാൻഡമിക് സമയത്ത് സമൂഹത്തിന്റെ ഉയർന്ന പരാധീനത തിരിച്ചറിഞ്ഞ്, ട്രാൻസ്ജെൻഡർ വ്യക്തികളെ സംസ്ഥാനത്തിന്റെ COVID-19 പിന്തുണ പദ്ധതിയിൽ ഉൾപ്പെടുത്താൻ മണിപ്പൂർ ഹൈകോടതിയിലും ഞാൻ അപേക്ഷിച്ചു.
മാത്രമല്ല, 2023ൽ ട്രാൻസ്ജെൻഡർ ക്ഷേമനിധികളുടെ വിനിയോഗത്തെയും സുതാര്യതയെയും ചോദ്യംചെയ്തുകൊണ്ട് സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളെ ഞാൻ വെല്ലുവിളിച്ചു. ഈ നിയമപോരാട്ടങ്ങളിൽ ഉടനീളം സങ്കീർണമായ നിയമ പദങ്ങൾ മനസ്സിലാക്കുക, സംസ്ഥാനത്തെ അനുകൂല അഭിഭാഷകരെയും സുരക്ഷിതമാക്കുക, ട്രാൻസ്ജെൻഡർ സൗഹൃദമല്ലാത്ത ഒരു കോടതി അന്തരീക്ഷം നാവിഗേറ്റ് ചെയ്യുക എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ഞാൻ നേരിട്ടു. നീതി തേടുന്ന പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് കൂടുതൽ പിന്തുണയും വിഭവങ്ങളും ആവശ്യമാണെന്ന് ഈ തടസ്സങ്ങൾ അടിവരയിടുന്നു.
എഴുത്തിലും ലിറ്ററേച്ചർ ഫെസ്റ്റിവലുകളിലും സജീവമാണല്ലോ. പുതിയ വർക്കുകൾ ഏതൊക്കെയാണ്?
ആന്തോളജിയുടെ വർക്കിലാണ്. ഏതാണ്ട് പൂർത്തിയായി. ഞാനും എന്റെ ട്രാൻസ്മാൻ പാർട്ണർ ജോൺ ജോൺ നൊമയ്ത്തിമും ചേർന്നാണ് എഴുതിയിരിക്കുന്നത്. അത് കഴിഞ്ഞാൽ ‘ആക്ഷൻസ്’ ഒരു ഫിക്ഷൻ പുസ്തകമാണ്. കൂടാതെ മുംബൈയിലെ കാലാഘോഡ ഫെസ്റ്റിവൽ, ബ്രഹ്മപുത്ര ലിറ്ററേച്ചർ ഫെസ്റ്റിവൽ, കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ തുടങ്ങി നിരവധി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്തു. എഴുത്തും ഇത്തരം ഫെസ്റ്റിവൽ യാത്രകളും ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്.