Begin typing your search above and press return to search.

‘എവിടെപ്പോയാലും എനിക്ക് നാട്ടി​ലേക്ക് മടങ്ങണം’

‘എവിടെപ്പോയാലും എനിക്ക് നാട്ടി​ലേക്ക്   മടങ്ങണം’
cancel

അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയാൻ ഒരിക്കലും മടികാണിക്കാത്ത ടി. പത്മനാഭൻ സംസാരിക്കുന്നു –കഥയെപ്പറ്റി, കഥാപാത്രങ്ങളെപ്പറ്റി, ജീവിതത്തെപ്പറ്റി. ടി. പത്മനാഭന്‍റെ ഏറ്റവും ഒടുവിലിറങ്ങിയ കഥാസമാഹാരം ‘കരുവന്നൂരി’നെ അതിന്‍റെ പുറംചട്ടയില്‍ പ്രസാധകരായ മാതൃഭൂമി ബുക്സ് വിശേഷിപ്പിക്കുന്നത്, മലയാള കഥയുടെ ഏകാന്ത വിസ്മയം തൊണ്ണൂറ്റിയാറാം വയസ്സില്‍ എഴുതിയ കഥകള്‍ എന്നാണ്. ഇന്നും മലയാളി ഏറെ ആര്‍ത്തിയോടെ വായിക്കുന്ന കഥകള്‍ എഴുതുന്നു ടി. പത്മനാഭന്‍. പ്രായം ഒരിക്കലും ഈ പ്രതിഭയെ തളര്‍ത്തുന്നില്ല, പത്മനാഭനും അദ്ദേഹത്തിന്‍റെ കഥകള്‍ക്കും പ്രായമാവുന്നില്ല. ആ അക്ഷരങ്ങളില്‍ ഇപ്പോഴും അനുഭവങ്ങളുടെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയാൻ ഒരിക്കലും മടികാണിക്കാത്ത ടി. പത്മനാഭൻ സംസാരിക്കുന്നു –കഥയെപ്പറ്റി, കഥാപാത്രങ്ങളെപ്പറ്റി, ജീവിതത്തെപ്പറ്റി.

ടി. പത്മനാഭന്‍റെ ഏറ്റവും ഒടുവിലിറങ്ങിയ കഥാസമാഹാരം ‘കരുവന്നൂരി’നെ അതിന്‍റെ പുറംചട്ടയില്‍ പ്രസാധകരായ മാതൃഭൂമി ബുക്സ് വിശേഷിപ്പിക്കുന്നത്, മലയാള കഥയുടെ ഏകാന്ത വിസ്മയം തൊണ്ണൂറ്റിയാറാം വയസ്സില്‍ എഴുതിയ കഥകള്‍ എന്നാണ്. ഇന്നും മലയാളി ഏറെ ആര്‍ത്തിയോടെ വായിക്കുന്ന കഥകള്‍ എഴുതുന്നു ടി. പത്മനാഭന്‍. പ്രായം ഒരിക്കലും ഈ പ്രതിഭയെ തളര്‍ത്തുന്നില്ല, പത്മനാഭനും അദ്ദേഹത്തിന്‍റെ കഥകള്‍ക്കും പ്രായമാവുന്നില്ല. ആ അക്ഷരങ്ങളില്‍ ഇപ്പോഴും അനുഭവങ്ങളുടെ കെടാത്ത ഊര്‍ജമുണ്ട്. സ്നേഹത്തിന്‍റെ നനുത്ത സംഗീതമുണ്ട്. എഴുത്തില്‍ എഴുപത്തഞ്ചാണ്ട് പിന്നിടുക കൂടിയാണ് മലയാളത്തിന്‍റെ ഒറ്റനക്ഷത്രമായ പ്രിയ കഥാകാരന്‍. അദ്ദേഹം സംസാരിക്കുന്നു.

കെ.പി. അപ്പന്‍ എഴുതിയിരുന്നു, തന്‍റെ അഭിപ്രായങ്ങള്‍ അതിവേഗം പൊതുരംഗത്ത് അവതരിപ്പിക്കുന്നയാളാണ് പത്മനാഭന്‍. പരസ്യജീവിതത്തില്‍ അദ്ദേഹം കാര്യങ്ങള്‍ തുറന്നടിക്കുന്നു. എന്നാല്‍, കഥ അദ്ദേഹത്തിന് അത്യന്തം വ്യക്തിപരമായ കാര്യമാണ്. ഇതിപ്പോള്‍ വീണ്ടും ഓര്‍ക്കാനുണ്ടായ കാരണം അടുത്തിടെയുണ്ടായ താങ്കളുടെ പ്രസ്താവനയാണ്. എഴുത്തുകാരന്‍ ഭരണകക്ഷിയുടെ ഭാഗത്തുനിന്ന് സംസാരിക്കേണ്ടവനാണെന്ന എം. മുകുന്ദന്‍റെ അഭിപ്രായത്തോട് താങ്കള്‍ നടത്തിയ പ്രതികരണം.

അത് ചര്‍ച്ച ആയോ? സോഷ്യല്‍ മീഡിയയില്‍ ഉണ്ടോ..? എനിക്കറിയില്ല. ഞാന്‍ അതൊന്നും കാണലില്ല. എന്നാല്‍, ആ അഭിപ്രായം ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അതുപോലെ എത്രയോ പേര്‍ക്ക് തോന്നുന്നുണ്ടാകും. അപ്പോള്‍ നിങ്ങളെക്കാളൊക്കെ അധികമായിട്ട് എനിക്ക് തോന്നും. കാരണം ഞാനൊരു എഴുത്തുകാരനാണ്. അത് സ്വാഭാവികമായിട്ടും അങ്ങേയറ്റം തെറ്റായ പ്രസ്താവനയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്‍റെ അഭിപ്രായം എനിക്ക് പറയണ്ടേ? ഞാന്‍ പറഞ്ഞു, അത്രയേള്ളൂ. വേറെ ഒന്നുമില്ല.

എഴുത്തുകാരില്‍ ഭൂരിഭാഗം പേരും ഇടതുപക്ഷത്തോട് കൂടുതല്‍ അനുഭാവം കാണിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടോ? അതായത് ഇടതുപക്ഷം ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്കുവേണ്ടി പ്രതികരിക്കേണ്ട വിഷയങ്ങളില്‍ അവര്‍ സംസാരിക്കുന്നില്ല എന്ന്...

അത് നിങ്ങള്‍ തീരുമാനിക്ക്. ഞാനിത് പറയുന്നത് പേടികൊണ്ടൊന്നുമല്ല കേട്ടോ. അങ്ങനെ വിചാരിക്കണ്ട.

അടുത്ത നാട്ടുകാരന്‍കൂടിയ​േല്ല അദ്ദേഹം. ഇങ്ങനെ അഭിപ്രായം പറഞ്ഞപ്പോള്‍ വിളിക്കുകയോ മറ്റോ ഉണ്ടായോ?

എന്നെ വിളിച്ചില്ല; ഞാന്‍ അങ്ങോട്ടും. എന്‍റെ കൈയില്‍ നമ്പറുമില്ല. കണ്ടാല്‍ ലോഹ്യം പറയും. അത്രേയുള്ളൂ. ഇന്നുവരെ ഞാനദ്ദേഹത്തിന്‍റെ വീട്ടില്‍ പോയിട്ടുമില്ല. വളരെ പണ്ട് മുകുന്ദേട്ടനും കുഞ്ഞിക്കയും (പുനത്തില്‍ കുഞ്ഞബ്ദുള്ള) ഇവിടെ വന്നിരുന്നു. അല്ലാതെ വേറെ അടുത്ത ബന്ധമൊന്നുമില്ല. പിന്നെ മുകുന്ദേട്ടന്‍ തന്നെ ഈയൊടുവില്‍ വന്ന ആത്മകഥയില്‍ (എന്‍റെ എംബസിക്കാലം) അത് പറയുന്നുണ്ട്.

ഞാനെത്രയോ കാലം സ്ഥിരമായി ഡല്‍ഹിയില്‍ പോകാറുണ്ടായിരുന്നു. ഔദ്യോഗികാവശ്യത്തിനായിരുന്നു. ഞാന്‍ ജോലിയിലുള്ളപ്പോള്‍. കോട്ടും കാല്‍സരായിയും ഒക്കെ ഇട്ടാണ് പോകുക. കേന്ദ്ര കാബിനറ്റ് മന്ത്രിയെ കാണണം എല്ലാ മാസവും. എന്തിനാണെന്ന് വെച്ചാല്‍, ഞാന്‍ എഫ്.എ.സി.ടി കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. എഫ്.എ.സി.ടി കൃത്രിമ വളമുണ്ടാക്കുന്ന കമ്പനിയാണ്. ഇന്ത്യാ ഗവണ്‍മെന്‍റ് അംഗീകരിച്ച നമ്പര്‍ വണ്‍ കമ്പനി. ഈ വളം മുഴുവന്‍ ഉണ്ടാക്കുന്നതിന്‍റെ റോ മെറ്റീരിയല്‍ വിദേശത്തുനിന്ന് വരുന്നതാണ്. പൊട്ടാഷും അമോണിയവും വിദേശത്തുനിന്നാണ് വരുന്നത്. ഇതിനൊക്കെ വലിയ ഫോറിന്‍ എക്സ്ചേഞ്ച് വേണം. ഇന്ത്യ വളരെ സാമ്പത്തികമായ ഞെരുക്കത്തിലാണ്. അന്ന് വിദേശത്ത് പോകുന്ന ഒരാള്‍ക്ക് പരമാവധി 20 ഡോളറേ കൊടുക്കുകയുള്ളൂ.

20 ഡോളറെന്നു പറഞ്ഞാല്‍ ലണ്ടനില്‍ രണ്ടു ചായ കുടിച്ചാല്‍ തന്നെ 20 ഡോളര്‍ തീരും. അപ്പോള്‍ ഓരോ മാസവും പോയിട്ട് കാബിനറ്റ് മിനിസ്റ്ററോട് കെഞ്ചണം. സെക്രട്ടറിയോടൊന്നുമല്ല കാബിനറ്റ് മിനിസ്റ്ററോട് നേരിട്ടുതന്നെ. അപ്പൊ അദ്ദേഹം അതില്ല, ഇതില്ല, എന്തിനാ ഇത്ര എന്നൊ​െക്ക ചോദിക്കും. അതേസമയം ഒരുമാസം ഉല്‍പാദനം കുറഞ്ഞാല്‍ അതിന്‍റെ ചുമതലയുള്ള മന്ത്രി ചോദിക്കും എന്തുകൊണ്ടാണ് ഇത്ര കുറഞ്ഞത് എന്ന്. ഇങ്ങനെ എത്രയോ വര്‍ഷങ്ങള്‍ ഞാന്‍ തുടര്‍ച്ചയായി ഡല്‍ഹിയില്‍ പോയിട്ടുണ്ട്. എന്നിട്ടും കേരള ക്ലബ് എവിടെയാണെന്ന് എനിക്കറിയില്ല. ഡല്‍ഹിയിലെ ഒരു സാഹിത്യകാരനെയും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, ഒരൊറ്റയാളെ ഞാന്‍ അങ്ങോട്ട് തേടിപ്പിടിച്ച് പോയിക്കണ്ടിട്ടുണ്ട്; ഒ.വി. വിജയന്‍. അദ്ദേഹത്തിനോടുള്ള ബഹുമാനംകൊണ്ടാണത്. പിന്നീട്​ വിജയന്‍ ഡല്‍ഹി വിട്ടു കുറെ കാലം കോട്ടയത്ത് ഉണ്ടായിരുന്നു. അന്നേരവും ഞാന്‍ കോട്ടയം വഴി പോയാല്‍ അദ്ദേഹത്തെ കാണുമായിരുന്നു.

ഞങ്ങള്‍ക്ക് സ്വന്തം ​െഗസ്റ്റ് ഹൗസുണ്ട് ഡല്‍ഹിയില്‍. ഏത് ഫൈവ് സ്റ്റാറിനെയും തോൽപിക്കുന്ന സൗകര്യങ്ങളുള്ള ​െഗസ്റ്റ് ഹൗസ്. വാഹനവും ഉണ്ട്. വല്ല കാരണവശാലും നമ്മുടെ​ െഗസ്റ്റ് ഹൗസ് ഫുള്‍ ആണെങ്കില്‍ വേറെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാം. പക്ഷേ, എനിക്ക് അവിടത്തെ ഭക്ഷണം ഇഷ്ടമല്ല. ഞാന്‍ പുറത്തുപോയി കഞ്ഞിയോ മറ്റോ കഴിക്കും. അവിടെ പഞ്ചാബി ഡാബകള്‍ ഉണ്ടാവും. അവിടെ പോയി അങ്ങനെ ഒപ്പിക്കും. സുരേഷ് കുറുപ്പ് രണ്ട് തവണ പാര്‍ലമെന്‍റ് അംഗമായിരുന്നു. ആ കാലത്ത് വൈകുന്നേരം സുരേഷ് കുറുപ്പിനൊപ്പം ഒന്നിച്ചു ഭക്ഷണം കഴിക്കും. സ്ഥിരമായി കഞ്ഞിയാണ് എനിക്കിഷ്ടം. ഒരിക്കല്‍ പക്ഷേ മുകുന്ദേട്ടന്‍ എഴുതി, ‘‘ഞാനൊന്ന് വന്ന് കണ്ടോട്ടെ ഗസ്റ്റ് ഹൗസില്‍’’ എന്ന്. ഞാന്‍ പറഞ്ഞു, ‘‘വേണ്ട.’’ ഈ സംഭവം എനിക്ക് ഓര്‍മയില്ല. സത്യമാണ്, എനിക്കത് ഓർമയില്ല.

വി.കെ.എന്‍, സക്കറിയ... അങ്ങനെ കുറേ ആളുകള്‍ ഡല്‍ഹിയില്‍ വന്നിട്ടുണ്ട്. ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. കഞ്ഞികുടി കഴിഞ്ഞാല്‍പ്പിന്നെ പഴയ ഗ്രാമഫോണ്‍ റെക്കോഡുകളും പഴയ പുസ്തകങ്ങളും വില്‍ക്കുന്ന തെരുവുകളിലേക്കാണ് പോവുക. ഡല്‍ഹിയിലെ വലിയ മുതലാളിമാര്‍ പോകുന്ന, മ്യൂസിക്കും നൃത്തവും അരങ്ങേറുന്ന, നല്ല ക്ലാസിക് കലകള്‍ക്കായി മാത്രമുള്ള ഓഡിറ്റോറിയമുണ്ട്. അതാണെങ്കിലോ മികച്ച ഓഡിറ്റോറിയമാണ്.

എവിടെ പോയി ഇരുന്നാലും ഒരേ ശബ്ദത്തിലും ക്ലാരിറ്റിയിലും കേള്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് ആ ഓഡിറ്റോറിയത്തിലെ സജ്ജീകരണം. സംഗീതജ്ഞന്‍ നമ്മുടെ മുന്നില്‍ നിന്ന് പാടുന്നപോലെ തോന്നും. എനിക്ക് ഇഷ്ടമുള്ള ആളുടെ കച്ചേരി എവിടെയാന്ന് നോക്കും. അവിടെ പോയിരിക്കും. രാത്രി 12 മണിയാകും ​െഗസ്റ്റ് ഹൗസിലേക്ക് മടങ്ങാന്‍. പറഞ്ഞുവന്നത് ഇതാണ്, ഇഷ്ടമില്ലാത്ത ആളുമായി അല്ലെങ്കില്‍ പുതിയ ആളുമായിട്ട് പെരുമാറാന്‍ എനിക്ക് പ്രയാസമാണ്. വിജയനെ കാണാന്‍ പോയത് അതത്രയും ഇഷ്ടമുണ്ടായിരുന്നതുകൊണ്ടാണ്...

 

മിക്ക കഥകളിലും യാത്ര ഒരു പ്രധാന വിഷയമായി വരാറുണ്ടല്ലോ. ഈ യാത്രകള്‍ എഴുത്തിനെ എത്രമാത്രം സഹായിച്ചിട്ടുണ്ട്?

യാത്രകള്‍ നല്ലതാണ്. ഞാന്‍ വളരെ ചെറുപ്പംമുതലേ വൈകുന്നേരങ്ങളില്‍ നടക്കുമായിരുന്നു. എനിക്കറിയുന്ന വഴിയിലൂടെ ഒന്നും ആവണമെന്നില്ല, ഏതു വഴിയിലൂടെയും നടക്കും. മടക്കം ആ വഴിയിലൂടെ ആവണമെന്നുമില്ല. മംഗലാപുരത്തെ നാലു കൊല്ലക്കാലവും –വളരെ ചെറിയ ക്ലാസിൽ പഠിക്കുന്ന കാലമാണത്– വൈകുന്നേരങ്ങളില്‍ നടക്കുമായിരുന്നു. ഒറ്റക്കായിരുന്നു. നടന്നു നടന്നു ഒരു ചെറിയ പുഴയരികിലെത്തും. തോണിക്കാരന് ചെറിയ പൈസ കൊടുത്താല്‍ അപ്പുറം എത്തിക്കും.

പാലം ഇല്ല. ആ നടത്തം എനിക്ക് നല്ല ഓര്‍മയാണ്. ഈ പുഴ കടന്നങ്ങുപോകുമ്പോള്‍ കരിമ്പിന്‍ പാടങ്ങളായിരുന്നു. അതിനുള്ളിലൂടെ നടക്കും. അങ്ങനെ നടക്കും ഒരുദ്ദേശ്യവുമില്ലാതെ. പലതും ആലോചിച്ചിട്ടും മൂളിയിട്ടും ഒക്കെ. ഒരിക്കലും കൂട്ടായി നടന്നിട്ടില്ല. പിന്നീട് മദ്രാസില്‍ ഉണ്ടായിരുന്ന കാലത്തും നടക്കുമായിരുന്നു. എഫ്.എ.സി.ടിയില്‍ ചേര്‍ന്നതിനു ശേഷവും –25 കൊല്ലക്കാലം– അമ്പലമേട്ടില്‍ നടക്കുമായിരുന്നു. ഇവിടെ (കണ്ണൂര്‍) തിരിച്ചുവന്നപ്പഴാണ് നടത്തം നിന്നത്. കാരണം നടക്കാന്‍ സ്ഥലമില്ല. നിങ്ങള്‍ ഇങ്ങോട്ട് വന്ന വഴിയൊക്കെ അന്ന് കുണ്ടനടയായിരുന്നു.

എഫ്.എ.സി.ടിയില്‍ ഉള്ളപ്പോള്‍ എങ്ങനെയാണ് നടത്തം എന്നറിയാമോ... നാലുമണിക്ക്, പുലര്‍ച്ച എഴുന്നേല്‍ക്കും. ഭാര്യ നല്ല ഉറക്കമായിരിക്കും. അവര്‍ ഉറങ്ങാന്‍ കാരണമുണ്ട്. ഉറങ്ങാന്‍ പോകാന്‍ രാത്രി 12 മണിയാകും. അതുവരെ വായിക്കും. നാലു ബെഡ്റൂം ഉള്ള ബംഗ്ലാവാണ്. പിന്നെ ഡ്രോയിങ് റൂം അറ്റാച്ച്ഡ്. ​െസര്‍വന്‍റ് ക്വാർട്ടേഴ്സ്, കാര്‍ഷെഡ് ഇതൊക്കെയുള്ള ഗംഭീര ഏര്‍പ്പാടായിരുന്നു. ഇവര്‍ സുഖനിദ്ര ആയിരിക്കും. ഞാന്‍ നേരത്തേ കിടക്കും. പുലര്‍ച്ചെ എണീറ്റ് പുറത്ത് ഇറങ്ങുമ്പോള്‍ പുറത്തുനിന്ന് വാതില്‍ പൂട്ടും. എന്നിട്ട് ഒരു പ്രത്യേകസ്ഥലത്ത് താക്കോല്‍ വെക്കും. അവിടെ 150 ഏക്കറിനുള്ളില്‍ ഒരു തടാകം ഉണ്ട്. ശുദ്ധജല തടാകം. കമ്പനി ഉണ്ടാക്കിയതാണ്. നാച്ചുറല്‍ അല്ല, മാന്‍ മെയ്ഡാ. അതിന്‍റെ പുറത്തോട്ട് ഔട്ടര്‍ ലിവിങ് ഏരിയ ഉണ്ട്.

ഡല്‍ഹിയില്‍ ഒക്കെ ഔട്ട് റിങ് റോഡ് എന്ന് പറയുന്നപോലെ. തടാകത്തിന്‍റെ ഒരു ഭാഗത്ത് എത്തിയാല്‍ കാട് പോലെയാണ്. ഈയൊരു കാരണംകൊണ്ട് നിർമാതാവും സംവിധായകനുമായ കുഞ്ചാക്കോ നാലു സിനിമകള്‍ അവിടെവെച്ച് എടുത്തിട്ടുണ്ട്. കാരണം ഊട്ടിയിലും നീലഗിരിയിലും ഒന്നും പോകേണ്ട. പൈസ വളരെ കുറച്ച് മതി. ആ സമയത്ത് താരങ്ങളൊക്കെ എന്‍റെ വീട്ടിലാണ് താമസിക്കാറ്. താമസിക്കുക എന്ന് പറഞ്ഞാല്‍ ആതിഥേയന്‍ എന്ന നിലക്ക്... അവര്‍ക്ക് ആകെ വേണ്ടത് കുടിക്കാനുള്ള വെള്ളമാണ്. അതേ വേണ്ടൂ. എന്‍റെ വീട്ടില്‍ ഞാനും ഭാര്യയുമല്ലേ ഉള്ളൂ. വീടാണെങ്കില്‍ വലിയ സൗകര്യങ്ങള്‍ ഉള്ളത്. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. പ്രേംനസീറിന്‍റെ നായികമാരായിരുന്ന വിജയ നിര്‍മലയും വിജയശ്രീയും അങ്ങനെ അന്ന് ഒരുമാതിരിപ്പെട്ട സിനിമാക്കാരൊക്കെ അവിടെ താമസിച്ചിട്ടുണ്ട്. അന്ന് ഞാന്‍ കണ്ടതില്‍വെച്ചേറ്റവും ജെന്‍റില്‍മാന്‍ പ്രേംനസീറാണ്. അടിമുതല്‍ മുടി വരെ ജെന്‍റില്‍മാന്‍. മര്യാദക്കാരന്‍. വിനയക്കാരന്‍.

ഇതു സാന്ദര്‍ഭികമായി ഓര്‍ത്തുവെന്നേയുള്ളൂ. ഞാന്‍ പുലര്‍ച്ച നടക്കുന്ന സമയത്ത് എല്ലാവരും ഉറങ്ങിക്കിടക്കുകയായിരിക്കും. ഫാക്ടറിയിലെ മെഷിനറിയുടെ ശബ്ദം മാത്രം ഉണ്ടാകും. ഇടക്ക് ഞാന്‍ ഓടും. കര്‍ക്കടകത്തിലും ഘോരമായ മഴയുള്ളപ്പോഴും ഓടും. ഒരു ദിവസംപോലും മുടങ്ങിയിട്ടില്ല. ഓടി ഓടി ഒരഞ്ചര മണിയാകുമ്പോള്‍ എന്‍റെ വീടിന്‍റെ വാതില്‍ക്കല്‍ വന്നിട്ട,് ഇനിയും ഓടാന്‍ എനിക്ക് ശക്തിയുണ്ട് എന്ന് കാണിക്കാന്‍ രണ്ടു ഫര്‍ലോങ് പിന്നെയും മുന്നോട്ട് ഓടും. എന്നിട്ട് തിരിച്ചു വരും. ഞാന്‍ വീട്ടില്‍ തിരിച്ചുകയറുമ്പോഴും ഭാര്യ ഉറക്കമായിരിക്കും. ഞാന്‍ താക്കോല്‍ എടുത്ത് വാതില്‍ തുറന്നു ബാക്കി കർമങ്ങള്‍ ഒക്കെ ചെയ്യും. ഞായറാഴ്ചകളില്‍ രണ്ടു മണിക്ക് നടക്കാനിറങ്ങും. എവിടേക്കാന്നറിയാമോ? കൊച്ചിന്‍ ഹാര്‍ബറിലേക്ക്. പേഴ്സ് എടുക്കൂല. വാച്ച് കെട്ടൂല. ഫൗണ്ടന്‍പേന ഉണ്ടാവില്ല. നയാ പൈസ കൈയിലുണ്ടാവില്ല.

എന്താ കാരണം എന്നുവെച്ചാല്‍ കൊച്ചിന്‍ റിഫൈനറി കഴിഞ്ഞ് പിന്നെ ഒരിറക്കമാണ്. വലിയ ഇറക്കമാണ്. ബ്രഹ്മപുരം വയല്‍. കവര്‍ച്ചക്കാര്‍ സ്ഥിരം തമ്പടിക്കുന്ന ഇടമാണ്. തൊഴിലാളികള്‍ക്കൊക്കെ രണ്ടാഴ്ച കൂടുമ്പോള്‍ പൈസ കൊടുക്കുന്ന സമ്പ്രദായമുണ്ടായിരുന്നു ആ കാലത്ത്. പണവുമായി വരുന്ന തൊഴിലാളികളെ അവര്‍ മര്‍ദിക്കും. പണം കവരും. അപ്പോള്‍ ഏതെങ്കിലും ഒരുത്തന്‍ ആ വഴി വന്നാല്‍ ഒറ്റക്കാണെങ്കില്‍ ഒന്ന് പിടിച്ചുനോക്കാം എന്ന് കവര്‍ച്ചക്കാര്‍ കരുതും. അതുകൊണ്ടാണ് വാച്ച് ഇല്ലാതെ, പഴ്സും ഒന്നുമില്ലാതെ നടക്കുന്നത്. തൃപ്പൂണിത്തുറ എത്തുമ്പോള്‍ നേരം പുലരാറാകും. ഞാന്‍ വളരെവേഗം വിയര്‍ക്കുന്ന ആളാണ്. ഷര്‍ട്ടും മുണ്ടും വിയര്‍പ്പില്‍ കുളിച്ചിട്ടുണ്ടാവും. അപ്പോള്‍ ചിലരിങ്ങനെ നോക്കും; ഇതെന്താ ഭ്രാന്തനാണോ എന്ന്! ശരംവിട്ടതുപോലെയാണ് ഞാന്‍ നടക്കുക. ഒരിക്കലും ജീവിതത്തില്‍ പതുക്കെ നടക്കില്ല. പതുക്കെ നടക്കുന്നത് നടത്തമല്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍.

 

അന്ന് കപ്പല്‍ നിർമാണശാല വന്നിട്ടില്ല. അതിന്‍റെ പ്രവര്‍ത്തനങ്ങളിങ്ങനെ തുടങ്ങാന്‍ പോകുന്നു. അതുകഴിഞ്ഞ് മട്ടാഞ്ചേരി പാലമൊക്കെ കഴിഞ്ഞ് കൊച്ചിന്‍ ഹാര്‍ബറില്‍ കപ്പലിനായി ആറു വാര്‍ഫില്‍ ഞങ്ങള്‍ സ്ഥിരമായി വാടകക്കെടുത്തിരുന്നു. അവിടെ 24 മണിക്കൂറും പണിയെടുക്കുന്ന ഓഫിസുണ്ട്. ഞാന്‍ ഞായറാഴ്ച അതുവഴി വരുമെന്ന് അവിടെയുള്ളവര്‍ക്കറിയാം. അവിടെ ഷിഫ്റ്റ് കഴിഞ്ഞുവരുന്ന എന്‍ജിനീയര്‍മാരുടെ കാര്‍ ഉണ്ടാകും. അതില്‍ കയറിയാണ് തിരിച്ചുവരുക.

എനിക്ക് വേണമെങ്കില്‍ ഇങ്ങോട്ട് നടക്കാനും ഒരു വിഷമവുമില്ല. 19 തവണ ഞാന്‍ യു.എ.ഇയില്‍ പോയിട്ടുണ്ട്. അവിടെയും നടന്നിരുന്നു. അവിടെ ഒന്നേ ശ്രദ്ധിക്കേണ്ടതുള്ളൂ അറബിക്ക് ഇഷ്ടമല്ലാത്തത് ചെയ്യരുത്; മുണ്ട് മാടിക്കയറ്റരുത്. ഞാന്‍ ന്യൂയോര്‍ക്കില്‍ നടക്കുമ്പോഴും ഷികാഗോയില്‍ നടക്കുമ്പോഴും വലിയ അമേരിക്കന്‍ ടൗണിലും മറ്റു ടൗണില്‍ നടക്കുമ്പോഴും ലണ്ടനിലും പാരീസിലും ഒക്കെ മുണ്ട് മാടിക്കെട്ടിയേ നടന്നിട്ടുള്ളൂ. ഈ യാത്രകളിലും നടത്തത്തിലും പലതും കഥക്ക് കാരണമായിട്ടുണ്ട്. പക്ഷേ, അധികമൊന്നും ഞാന്‍ എഴുതിയിട്ടില്ല. ‘ഉമ്മര്‍ ഭായ്’ എന്ന പ്രസിദ്ധമായിട്ടുള്ള കഥയുണ്ട്. അത് നടക്കുന്നത് അബൂദബിയിലാണ്.

പലയിടത്തും പഠനത്തിന്‍റെ ഭാഗമായിട്ടും ജോലിയുടെ ഭാഗമായിട്ടും താമസിച്ചിട്ടുണ്ട്. മദ്രാസില്‍, മംഗലാപുരത്ത്, എറണാകുളത്ത്, കണ്ണൂര്... മനസ്സിനോട് ഏറ്റവും അടുത്ത സ്ഥലം ഏതായിരിക്കും...

എനിക്ക് എവിടെപ്പോയാലും കണ്ണൂരിലേക്ക് വരണം. ഒരുദാഹരണം പറയാം. ഒരുമാതിരിപ്പെട്ട ഉദ്യോഗസ്ഥന്മാരൊക്കെ എഫ്.എ.സി.ടിയിലെ ഉദ്യോഗം കഴിഞ്ഞാലും അവിടെ വലിയ വീടുവെച്ച് താമസിക്കുമായിരുന്നു. ഞങ്ങളുടെ കമ്പനിയിലെ നിയമപ്രകാരം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ റിട്ടയര്‍ ചെയ്താലും അയാള്‍ താമസിക്കുന്ന വീട്ടിൽ ആറുമാസം പിന്നെയും താമസിക്കാം. വാടക കൊടുക്കേണ്ട. ഇലക്ട്രിസിറ്റിക്കും വെള്ളത്തിനും പണംകൊടുക്കേണ്ട. അവരുടെ ചരിത്രത്തില്‍ റിട്ടയര്‍ ചെയ്തതിന്‍റെ പിറ്റേദിവസം കണ്ണൂരിലേക്ക് മടങ്ങിയ ഏക വ്യക്തി ഞാനാണ്.

ഞാന്‍ ജനിച്ചു വളര്‍ന്ന നാട് എന്നുള്ള നിലയില്‍ എനിക്ക് ഇവിടം ഇഷ്ടമാണ്. ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യങ്ങളില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്കോ പോലെ അതിമനോഹരമായ സ്ഥലങ്ങളില്‍. അവിടെയൊക്കെ പോവുക, കാണുക, രണ്ടുദിവസമോ നാലുദിവസമോ ഒക്കെ നില്‍ക്കുക. അതു കഴിഞ്ഞ് കണ്ണൂരിലേക്ക് തന്നെ മടങ്ങിവരുക.

ആഗ്രഹിച്ചിട്ടും പോകാനാവാത്തത് അന്നത്തെ റഷ്യയല്ലേ ഉള്ളൂ?

ഇല്ല സാധിച്ചിട്ടില്ല. അതിനുവേണ്ടി കുറെ പരിശ്രമിക്കുകയും ചെയ്തിരുന്നു. അന്ന് വിസകിട്ടില്ല. ഒരിക്കല്‍ പി. ഗോവിന്ദപ്പിള്ളയെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു– (ഗോവിന്ദപ്പിള്ളയും ഞാനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു) ഒരു വിസ ശരിയാക്കിത്താ എനിക്ക് എന്ന്. അപ്പോള്‍ പി.ജി തിരിച്ചുപറഞ്ഞത്, നീ എങ്ങനെയെങ്കിലും ഒരു വിസ തരമാക്കിയാല്‍ എനിക്കും അതില്‍ ഒന്ന് താ എന്നാണ്. കാരണം അന്ന് വിസ കിട്ടുന്നത് വലതു കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമായിരുന്നു.

കഥകളില്‍ ‘ഗൗരി’, ‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി’ തുടങ്ങിയവയിലെ കഥാപാത്രങ്ങളെപ്പറ്റി വിശദമായി താങ്കള്‍ പറഞ്ഞിട്ടുണ്ട്. അധികം പറയാതിരുന്നത് ‘കടലി’നെ കുറിച്ചാണ്?

ശരിയാണ്. യാതൊന്നും കേട്ടിട്ടില്ലാത്ത ആള്‍ക്കാര്‍ക്കുപോലും ഗൗരിയുടെ പേരറിയാം. പക്ഷേ, വായിച്ചവര്‍ക്കും ചിന്തിച്ചവര്‍ക്കുമൊക്കെ ഗൗരിയെക്കാളും ഇഷ്ടം കടലാണ്. എനിക്കും അത് ഇഷ്ടമാണ്. ഒരു കറതീര്‍ന്ന ശിൽപം എന്ന നിലയില്‍ കടലാണ് മികച്ചത്. പക്ഷേ ജനം ഇഷ്ടപ്പെട്ടത് ‘ഗൗരി’യാണ്. രണ്ടിലെയും പ്രധാന കഥാപാത്രം ഒന്നുതന്നെയാണ്.

ലളിതാംബിക അന്തർജനം,ഒ.വി. വിജയൻ,മാധവിക്കുട്ടി

 

ഗൗരിയുടെ തുടര്‍ച്ചതന്നെയാണല്ലോ കടല്‍?

എഴുതിയപ്പോള്‍ തുടര്‍ച്ചയായി. പക്ഷേ ആദ്യഭാഗം അതാണ്. പഠിക്കുന്നതൊക്കെ ‘കടലി’ല്‍ പറയുന്നുണ്ടല്ലോ. അവരുടെ അന്ത്യത്തെക്കുറിച്ചും ‘കടലി’ല്‍ പറയുന്നുണ്ട്. ഇതു വായിച്ചിട്ട് തന്നെ അങ്ങനെ മനസ്സിലാക്കിയവരുണ്ട്.

തമാശയല്ലാത്ത നടന്ന കാര്യം പറയാം. ഇപ്പോള്‍ വാട്സ്ആപ് കൂട്ടായ്മകളുണ്ടല്ലോ, ചര്‍ച്ചയും ഒക്കെയായിട്ട്. രണ്ടുമൂന്നു കൊല്ലം മുമ്പ് തെക്കേ മലബാറിലെ ഒരു കൂട്ടായ്മ എന്നെ ഫോണില്‍ വിളിച്ചു. അവര്‍ സ്ഥിരമായി മാസത്തില്‍ ഇഷ്ടമുള്ള ഒരു കൃതിയോ കവിതയോ നാടകമോ ലേഖനമോ ചര്‍ച്ച ചെയ്യാറുണ്ട്. ഞങ്ങള്‍ ഈ മാസം എടുക്കുന്നത് ‘കടലാ’ണ്. അതിനെക്കുറിച്ച് എന്തെങ്കിലും വാട്സ്ആപ്പില്‍ അയച്ചുതരണം. ഞാന്‍ ശരി എന്ന് പറഞ്ഞു അയച്ചുകൊടുക്കുകയും ചെയ്തു. അപ്പോള്‍ ആ ചര്‍ച്ചയില്‍ അറിയപ്പെടുന്ന ഒരു ഫെമിനിസ്റ്റ് എഴുത്തുകാരി പൂരത്തെറി ടി. പത്മനാഭനെ. ഇതൊക്കെ എന്തോന്നാണ്, ഇതിലൊക്കെ എന്ത് ചുക്കാ ഉള്ളത്. എനിക്ക് ലജ്ജ തോന്നുന്നു, ഈ കാലത്തും ഇത്തരം കഥകളെ കുറിച്ച് ചര്‍ച്ചചെയ്ത് നാം നമ്മുടെ എനര്‍ജി നഷ്ടപ്പെടുത്തുന്നല്ലോ എന്ന്. പക്ഷേ അവര്‍ക്ക് അതിനിശിതമായ ചവിട്ട് ബാക്കിയുള്ള സ്ത്രീകള്‍ കൊടുത്തു.

കുറച്ചു ദിവസം മുമ്പ് വന്ന അഭിമുഖത്തില്‍ ‘ഗൗരി’ വീണ്ടും ചര്‍ച്ചയായല്ലോ. ഗൗരിയെക്കുറിച്ച് ആരും നേരിട്ട് ചോദിച്ചില്ലേ..?

എന്നോട് ആരും ഒന്നും ചോദിച്ചിട്ടില്ല. ചോദിക്കാന്‍ ആരും ധൈര്യപ്പെടുകയും ഇല്ല.

ധൈര്യപ്പെടാത്തതിനു കാരണം എന്താവാം?

ഞാനാരെയും എന്‍റര്‍ടെയിൻ ചെയ്യാറില്ല. അത് ‘ഗൗരി’യുടെ വിഷയമല്ല ഏത് വിഷയമായാലും. വായിക്കാത്ത ആളുകളാണ് ചോദിക്കുന്നത് ഗൗരി ആരാണ് എന്നൊക്കെ. ഒരിക്കല്‍ ഒരു യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ അയാളുടെ ഏറ്റവും ബ്രില്യന്‍റ് ആയ, ഏറ്റവും സഹൃദയരായ നാല് കുട്ടികള്‍ക്ക് നിങ്ങളെ കണ്ട് സംസാരിച്ചേ പറ്റൂ എന്ന് അറിയിച്ചു. ഈ പ്രഫസറെ എനിക്കിഷ്ടമായതുകൊണ്ട് ശരി വന്നോട്ടെ എന്ന് പറഞ്ഞു. ഞാനിവരെ വളരെ വേഗത്തില്‍ ചൂഴ്ന്നു നോക്കും. ടി. പത്മനാഭന്‍ പോകട്ടെ എം.ടി വാസുദേവന്‍ നായരെ വരെ മലയാളത്തിലെ ഒരാളെയും അവര്‍ ഒന്നും വായിച്ചിട്ടില്ല. ഞാന്‍ പിന്നെ എങ്ങനെ പ്രതികരിക്കും എന്നുള്ളത് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ?

ഇനി വേറെ ഒന്ന്. ഒരാള് വന്നു. നല്ല ജോറായ പണ്ഡിതനായ ഒരാള്‍ വന്നു. എനിക്ക് വളരെ വേഗത്തില്‍ മനസ്സിലായി, അദ്ദേഹത്തിന്റെയും ഉള്ളുപൊള്ളയാണെന്ന്. എന്‍റെ ഒരൊറ്റ കഥപോലും വായിച്ചിട്ടില്ല. നോട്ട് എ സിംഗിള്‍ സ്റ്റോറി. ഞാന്‍ കഠിനമായിട്ട് പറഞ്ഞു, പൈസ ഇല്ലെങ്കില്‍ ഞാന്‍ തരാം. ഇവിടെ ഡി.സി ബുക്സിന്‍റെ ഔട്ട്ലെറ്റ് ഉണ്ട്, മാതൃഭൂമി ബുക്സിന്‍റെ ഔട്ട്ലെറ്റ് ഉണ്ട്. പോയാല്‍ പുസ്തകം കിട്ടും. പക്ഷേ അയാള്‍ വളരെ മര്യാദയോടെ പ്രതികരിച്ചു. അബദ്ധം പറ്റിപ്പോയി. നിങ്ങള്‍ ആരോടും പറയരുത്. ഞാന്‍ പോയി എല്ലാം വായിച്ചിട്ടേ ഇനി വരൂ. പിന്നീട് ഇന്നുവരെ വന്നിട്ടില്ല. ഇവരോടൊക്കെ എന്താ പറയേണ്ടത്.

‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി’യുടെ കഥയെ കുറിച്ച് പറയുന്നവേളയില്‍ താങ്കള്‍ ആ കുട്ടി ആത്മഹത്യചെയ്യാനുണ്ടായ സന്ദര്‍ഭം എഴുതുന്ന സമയത്ത് എഴുത്തുകാരനും അതേ അനുഭവം ഉണ്ടായിരുന്നു എന്നു പറഞ്ഞിരുന്നല്ലോ. പക്ഷേ ആ അനുഭവം എന്താണെന്നുള്ളത് പറഞ്ഞിട്ടില്ല..?

അതെന്തിനാ പറയുന്നത്? അതിന് പ്രത്യേകം ഒരു അനുഭവം വേണമെന്നൊന്നുമില്ല.

സ്ത്രീകളെ വളരെ ബഹുമാനിക്കുന്ന ആളാണ്, ജീവിതത്തിലും എഴുത്തിലും..?

അതും ശരിയല്ല. കാരണം, മൂന്നുകൊല്ലം മുമ്പ് എന്നെ സ്ഥിരമായി കേരളത്തിലെ ഒരു ഫെമിനിസ്റ്റ് അതിഭയങ്കരമായി എതിര്‍ക്കലുണ്ടല്ലോ. ഞാന്‍ സ്ത്രീവിരോധിയാണ്. പെണ്ണുങ്ങളെ അപമാനിക്കുന്ന ആളാണ് എന്നൊക്കെ. പക്ഷേ എന്‍റെ അറിവില്‍ ഇല്ല. പലരും സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ എന്നാണ് പറഞ്ഞിട്ടുള്ളത്.

എം. മുകുന്ദൻ,പുനത്തിൽ കുഞ്ഞബ്ദുള്ള,വി.കെ.എൻ

 

എഴുത്തുകാരികളെ കുറിച്ച് പറയുകയാണെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടത് മാധവിക്കുട്ടിയെ തന്നെയല്ലേ?

ഞാന്‍ ചുരുക്കം ചില പ്രസംഗങ്ങള്‍ എഴുതിവായിച്ചതാണ്. എനിക്ക് വാചാപ്രസംഗങ്ങള്‍ ചെയ്യാന്‍ കഴിയാഞ്ഞിട്ടല്ല. ചില തര്‍ക്കങ്ങള്‍ പിന്നീട് വരും. അപ്പോള്‍ ഏറ്റവും പ്രസിദ്ധനായ സാഹിത്യകാരനും പറയും, ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല, വളച്ചൊടിച്ചതാണ് എന്ന്. രാഷ്ട്രീയക്കാര്‍ അങ്ങനെയേ പറയൂ. എന്‍റെ കാരൂര്‍ പ്രസംഗവും എഴുതിവായിച്ചതാണ്. എനിക്കറിയാം തര്‍ക്കമുണ്ടാകും എന്ന്. അപ്പോള്‍ മാറ്റിപ്പറയാന്‍ എനിക്കാവില്ല. അതുകൊണ്ടാണ് ഞാന്‍ എഴുതിവായിച്ചത്. ‘കലാകൗമുദി’ ഇരുപത് ആഴ്ച അതിന്‍റെ പ്രതികരണം കൊടുത്തു. അതിനുശേഷം എന്‍റെ മറുപടി പ്രസിദ്ധീകരിച്ചു. നിങ്ങള്‍ മാധവിക്കുട്ടിയെ കുറിച്ച് ചോദിച്ചു. മാധവിക്കുട്ടിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു.

മാധവിക്കുട്ടി മരിച്ചപ്പോള്‍ എഴുതിയിട്ടുണ്ട്. മാധവിക്കുട്ടിയെ കുറിച്ച് എത്രയോ പുസ്തകങ്ങള്‍ അവരുടെ മരണത്തിനു ശേഷം വന്നു. ഒന്നിലും ടി. പത്മനാഭനെ കുറിച്ച് പറഞ്ഞിട്ടില്ല. പക്ഷേ, മാധവിക്കുട്ടി ജീവിച്ചിരിക്കുമ്പോള്‍ ഒരു എഴുത്തുകാരനെയേ ബഹുമാനിച്ചിട്ടുള്ളൂ, അത് ഞാനാണ്. അത് അവര്‍ എഴുതിയതുണ്ട്. എന്നിട്ടും എത്ര മനോഹരമായിട്ടാണ് നമ്മള്‍ ഇതൊക്കെ മറച്ചുവെക്കുന്നത്. വാചകം ഇതാണ് –പതിവുപോലെ ഓണപ്പതിപ്പുകളൊക്കെ വന്നു. എല്ലാറ്റിലും ടി. പത്മനാഭന്‍ മുന്നില്‍. ഗുരുവായൂര്‍ കേശവന്‍ ആദ്യം ബാക്കി ആനകളൊക്കെ പിറകില്‍. എനിക്ക് ഈ ജന്മത്തില്‍ പത്മനാഭന്‍റെ ഔന്നത്യം നേടിയെടുക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഒരു പ്രാർഥനയേയുള്ളൂ, അടുത്ത ജന്മത്തിലെങ്കിലും ആ ഔന്നത്യം എനിക്ക് തട്ടിയെടുക്കണം. ഇത് എഴുതുന്ന കാലത്ത് ഞാന്‍ മാധവിക്കുട്ടിയെ കണ്ടിട്ടില്ല. പരിചയപ്പെട്ടിട്ടില്ല. മാധവിക്കുട്ടിയെ കുറിച്ച് എത്രയോ ആന്തോളജികള്‍ വന്നിട്ടുണ്ട്. എന്‍റെ പേരേ അതില്‍ കാണില്ല.

മാധവിക്കുട്ടിയെപ്പോലെ റെസ്പെക്ട് അങ്ങോട്ട് തോന്നിയ വേറെ എഴുത്തുകാരികള്‍? ലളിതാംബിക അന്തര്‍ജനം...

അന്തർജനവും മാധവിക്കുട്ടിയും വ്യക്തിപരമായി ഒരു സാദൃശ്യവും ഇല്ല കേട്ടോ. അന്തർജനത്തിന്‍റെ സാഹിത്യങ്ങളെക്കാള്‍ എനിക്കിഷ്ടം അവരുടെ അതിശുഭ്രമായിട്ടുള്ള ജീവിതം. അവര്‍ എഴുതിയ ചുറ്റുപാട്. അതെല്ലാംകൊണ്ട് അവരോട് വലിയ ബഹുമാനമാണ്. എന്‍റെ ലേഖനസമാഹാരങ്ങളില്‍ അന്തർജനത്തെ കുറിച്ചുള്ള പ്രസംഗമുണ്ട്. എഴുതിവായിച്ചതാണത്. അതിന്‍റെ തലക്കെട്ട് ഭരണിയും കാര്‍ത്തികയും എന്നാണ്. എന്‍റെ നക്ഷത്രം ഭരണിയാണ്. കാര്‍ത്തിക അവരുടെ നക്ഷത്രവും. അവരുടെ പേരിലുള്ള അവാര്‍ഡ് വളരെ വിലമതിച്ചതാണ്. അതും ഇപ്പോള്‍ നിലച്ചു.

തൊണ്ണൂറ്റിയാറിലാണ്. ഇപ്പോഴത്തെ ജീവിതം, ആരോഗ്യം എങ്ങനെയാണ്?

ഇന്ന് രാവിലെ ഓര്‍ത്തത്, ചാനലുകളിലെ അവതാരകര്‍ എത്ര സമയം നിന്നിട്ടാണ് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത് എന്നാണ്. ഞാനിങ്ങനെ അസൂയപ്പെടുകയാണ്, എങ്ങനെയാണ് ഇങ്ങനെ നിന്ന് ഇത്രനേരം പറയാനാവുക. വീണുപോവില്ലേ... ഞാന്‍ നിന്നാല്‍ വീഴും. ഞാനപ്പോള്‍ എനിക്ക് 96ാം വയസ്സാണെന്ന് മറന്നുപോവുകയാണ്. അതേസമയം അവര്‍ ഇരുപതുകളിലോ മുപ്പതുകളിലോ ആണ്.

 

ഇപ്പോഴും കഥയെഴുതുമ്പോള്‍ അന്നത്തെപ്പോലെ ഫ്രഷ്നസ് അനുഭവപ്പെടുന്നുണ്ടോ?

ഒരു വിഷമവും ഇല്ല. എല്ലാം മനസ്സില്‍ അടുക്കി ശരിപ്പെടുത്തിയേ ഞാന്‍ എഴുതൂ, അന്നും ഇന്നും. എന്‍റെ കൈയെഴുത്ത് നോക്കൂ. അതിപ്പോഴും വളയാതെ... വൃത്തിയായിരിക്കുന്നത് കണ്ടില്ലേ. ഈ തൊണ്ണൂറ്റാറിലും ഇതിന് വിഷമം വന്നിട്ടില്ല. വായിക്കാന്‍ വിഷമം ഉണ്ട്. എന്നാലും നാല് പത്രം വായിക്കാറുണ്ട്. എന്‍റെ വലതുകണ്ണിന്‍റെ കാഴ്ച നഷ്ടമായിട്ട് 50 വര്‍ഷത്തിലധികമായി. തെങ്ങിന്‍റെ വേര് ചീഞ്ഞുപോകുംപോലെ ആ കണ്ണിന്‍റെ ഞരമ്പുകള്‍ ഇല്ലാതായിരിക്കുന്നു. ലോകത്ത് എവിടെയും അതിന് മരുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ പത്രക്കാര്‍ തലക്കെട്ടുകളൊക്കെ കറുപ്പ് ഒഴിവാക്കി നീലയും ചുകപ്പും അക്ഷരങ്ങളാക്കി. അത് വായിക്കാന്‍ വിഷമമാണ്.

ഓര്‍മശക്തിയും കൂടുതലാണ്..?

ഒന്നും മറക്കില്ല. അത് ഒരേസമയം വരവുമാണ് ഒരു ശാപവുമാണ്. ഓര്‍മിക്കാന്‍ ആവശ്യമില്ലാത്ത സാധനം പരിപൂര്‍ണമായും ഡിലീറ്റ് ചെയ്യണം. പക്ഷേ എല്ലാം കെട്ടിക്കിടക്കും മനസ്സില്‍. നല്ലതും ചീത്തയും ഉള്ളിലുണ്ടാകും.

ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ച സ്ത്രീകള്‍... അമ്മയെ കുറിച്ചും സഹോദരിയെ കുറിച്ചും പറഞ്ഞിട്ടുണ്ട്...

മൂത്ത ജ്യേഷ്ഠത്തിയെ കുറിച്ച് പറഞ്ഞിരുന്നു ഞാന്‍. നിങ്ങള്‍ പറഞ്ഞു, എന്‍റെ കൃതികളില്‍ സ്ത്രീകളെ ബഹുമാനത്തോടെയേ മെന്‍ഷന്‍ ചെയ്തിട്ടുള്ളൂ എന്ന്. ചെറിയ കുട്ടികളാണെങ്കില്‍ മാത്രമേ അവള്‍ എന്ന് പറയാറുള്ളൂ. ഞാനെന്‍റെ അമ്മയെയും പെങ്ങളെയും ഒക്കെ കണ്ട് വളര്‍ന്നവനാണ്. അമ്മ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ബ്രോഡ്മൈൻഡഡ് സ്ത്രീയായിരുന്നു. കൊടുക്കുന്നതിലാണ് വാങ്ങുന്നതിനേക്കാള്‍ സായുജ്യം എന്ന് വിശ്വസിച്ചിരുന്ന ആളാണ്. ജാതി-മത വ്യത്യാസം ഒന്നിലും കാണിച്ചിരുന്നില്ല.

പ്രിയപ്പെട്ട ആളായിട്ടും ഗൗരിയുടെ യഥാര്‍ഥ പേര് ഒരിടത്തും പറഞ്ഞിട്ടില്ല. അവരും ഏറെ സ്വാധീനിച്ച ആളായിരുന്നല്ലോ..?

അവരേയും വലിയ ബഹുമാനമായിരുന്നു എനിക്ക്. വലിയ വായനക്കാരിയായിരുന്നു. ആ പുസ്തകം ഞാന്‍ സമര്‍പ്പിച്ചത് അവര്‍ക്കാണ്. പേരൊന്നും പറഞ്ഞിട്ടില്ല – സ്നേഹത്തിന്‍റെ അഗാധമായ ആഴവും പരപ്പും എനിക്ക് മനസ്സിലാക്കി തന്നവര്‍ക്ക് –അവര്‍ വലിയ വിദ്യാഭ്യാസം നേടിയ ആളായിരുന്നു. ഇങ്ങോട്ട് അങ്ങ് എന്നാണ് അഭിസംബോധന ചെയ്തിരുന്നത്.

കത്തെഴുതുമായിരുന്നില്ലേ... അവര്‍?

ആയിരത്തിലധികം കത്തുണ്ടാകും. അതില്‍ കുറെയെണ്ണം ഞാന്‍തന്നെ നശിപ്പിച്ചു. ബാക്കി ഇപ്പോഴും ഉണ്ട്... മതി. ഇനി കൂടുതല്‍ ഇതിനെക്കുറിച്ച് നമുക്ക് സംസാരിക്കേണ്ട.

മൃഗങ്ങളുടെ കൂടി സംരക്ഷകനാണ്. ഇപ്പോള്‍ അങ്ങനെ എത്ര അംഗങ്ങളുണ്ട് വീട്ടില്‍?

അഞ്ചു നായകളുണ്ട്. രണ്ടുപേര് അകത്താണ് താമസം. ബാക്കി മൂന്നു പേര്‍ പുറത്തും. ഒന്നി​െനയും ഞാന്‍ കൊണ്ടുവന്ന് വളര്‍ത്തിയതല്ല. അവരെല്ലാം ഇവിടെ വന്നുചേര്‍ന്നവരാണ്. ഇവിടെ എത്തിയവരെ ഞാന്‍ ഉപേക്ഷിക്കാറില്ല. പാലക്കാട്ട് ഷെല്‍ട്ടര്‍ എന്ന പ്രസ്ഥാനമുണ്ട്. വളരെ നല്ലരീതിയില്‍ നടക്കുന്നതാണ്. അവര്‍ കുറെയെണ്ണത്തിനെ ഇവിടെ വന്ന് കൊണ്ടുപോയി. എന്നിട്ട് എന്‍റെ മനസ്സിന്‍റെ ഒരു സമാധാനത്തിനുവേണ്ടി നല്ലൊരു തുകയുടെ ചെക്കങ്ങ് കൊടുത്തു. അതില്‍ ബാക്കിയുള്ളവരാണ് ഇപ്പോഴത്തെ അഞ്ചുപേര്‍. ഇവിടെ സ്ഥിരമായി വരുന്ന കാക്കകളുണ്ടായിരുന്നു.

ഒരു ഒറ്റക്കാലന്‍ കാക്ക. കൃത്യസമയത്ത് ഇവിടെ ഭക്ഷണം കഴിക്കാനെത്തും. ഒരുദിവസം മൂന്ന് തവണ വരും. അവരെ കുറിച്ച് ഞാന്‍ കഥ എഴുതിയിട്ടുണ്ട്. അമ്പലമേട്ടിലുള്ളപ്പോള്‍ കുറേ പൂച്ചകളുണ്ടായിരുന്നു. അതില്‍ നാരായണന്‍ എന്നൊരു പൂച്ചയുണ്ടായിരുന്നു. ഭാര്യയുമായി നല്ല സ്നേഹമാണ്. കുറച്ച് കാലമായപ്പോള്‍ അവനെ കാണാനില്ല. ഭാര്യക്ക് വിഷമമായി. ഒരുദിവസം അമ്പലത്തില്‍ പോയപ്പോള്‍ പൂജാരി ചോദിച്ചു –നിങ്ങളുടെ പൂച്ചയല്ലേ അത്. നോക്കുമ്പോള്‍ നാരായണനാണ്. എന്‍റെ വീട്ടിലെ പച്ചക്കറി കഴിച്ച് നാരായണന് മടുത്തിരുന്നു. അതാണ് അമ്പലത്തില്‍ പോയത്. അവിടെ വിളക്ക് വെക്കുന്ന എണ്ണ കഴിക്കാം; പിന്നെ ആ പരിസരത്ത് വരുന്ന എലികളെയും. അതിനാണ് പോയത്. ഭാര്യ ചോദിച്ചു, നാരായണാ നീയെന്തായീ കാണിച്ചത്. അവന്‍ തലചെരിച്ച് അവരെ നോക്കി. പിന്നെ ഭാര്യയുടെ കൂടെ വീട്ടിലേക്ക് തിരിച്ചുവന്നു...

 

ജീവിതത്തില്‍ ഏകാന്തത അനുഭവപ്പെടാറുണ്ടോ?

എന്‍റെ മദ്രാസ് ജീവിതകാലമെന്നത് പഠിക്കുന്ന കാലം മാത്രമല്ല. അവിടെ കുറേ സ്നേഹിതന്മാരുണ്ടായിരുന്നു. അവരുമായി ആത്മാർഥമായി മനസ്സിണങ്ങിയ ബന്ധമായിരുന്നു. അവരിലിപ്പോള്‍ ശേഷിച്ചിരിക്കുന്നത് ആരുമില്ല. ഞാനേയുള്ളൂ. കലാഗ്രാമത്തിന്‍റെ സ്ഥാപകന്‍ കുഞ്ഞിക്കണ്ണനും ഞാനുമായിരുന്നു ഏറ്റവും അടുത്ത ചങ്ങാതിമാര്‍. കുഞ്ഞിക്കണ്ണന്‍ പറയുമായിരുന്നു, നിങ്ങളതൊക്കെ വിട്ടിട്ട് ഇവിടെ വന്ന് താമസിക്കൂ എന്ന്. അവിടെയുള്ള നായകളെയും പൂച്ചകളെയും അവിടേക്ക് കൊണ്ടുവരാം എന്നും പറയും. അവിടെയുള്ള സുഹൃത്തുക്കള്‍ ഓരോരുത്തരായി മരിക്കുമ്പോള്‍ കുഞ്ഞിക്കണ്ണന്‍ വിളിച്ചുപറയും, ദാ ഇന്നയാള് പോയി. ഇനി നമ്മളേയുള്ളൂ.

News Summary - T. Padmanabhan interview