ആ കാരണം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല

കേരളത്തിലെ പ്രതിപക്ഷ നേതാവും കോൺഗ്രസിന്റെ ശബ്ദവുമായ വി.ഡി. സതീശൻ സംസാരിക്കുന്നു. തന്റെ രാഷ്ട്രീയ വഴികൾ, പാർട്ടിയിലെ പ്രശ്നങ്ങൾ, സാധ്യതകൾ, തിരിച്ചടികൾ എന്നിവയെപ്പറ്റി അദ്ദേഹം മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും ഗ്രന്ഥകർത്താവുമായ ലേഖകനോട് സംസാരിക്കുന്നു. താങ്കൾ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽനിന്നാണ് വരുന്നത്. നിയമത്തിൽ ബിരുദാനന്തര ബിരുദം. നല്ലനിലയിൽ അഭിഭാഷകനായി പ്രാക്ടിസ് ചെയ്തു. പിന്നീട് കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തി. ഇപ്പോൾ പ്രതിപക്ഷ നേതാവ് രാഷ്ട്രീയത്തിൽ സജീവമായപ്പോൾ മുന്നോട്ടുള്ള വഴിയെക്കുറിച്ച് സന്ദിഗ്ധത ഉണ്ടായിരുന്നോ? ഞാൻ ചെറുപ്പം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കേരളത്തിലെ പ്രതിപക്ഷ നേതാവും കോൺഗ്രസിന്റെ ശബ്ദവുമായ വി.ഡി. സതീശൻ സംസാരിക്കുന്നു. തന്റെ രാഷ്ട്രീയ വഴികൾ, പാർട്ടിയിലെ പ്രശ്നങ്ങൾ, സാധ്യതകൾ, തിരിച്ചടികൾ എന്നിവയെപ്പറ്റി അദ്ദേഹം മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും ഗ്രന്ഥകർത്താവുമായ ലേഖകനോട് സംസാരിക്കുന്നു.
താങ്കൾ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽനിന്നാണ് വരുന്നത്. നിയമത്തിൽ ബിരുദാനന്തര ബിരുദം. നല്ലനിലയിൽ അഭിഭാഷകനായി പ്രാക്ടിസ് ചെയ്തു. പിന്നീട് കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തി. ഇപ്പോൾ പ്രതിപക്ഷ നേതാവ് രാഷ്ട്രീയത്തിൽ സജീവമായപ്പോൾ മുന്നോട്ടുള്ള വഴിയെക്കുറിച്ച് സന്ദിഗ്ധത ഉണ്ടായിരുന്നോ?
ഞാൻ ചെറുപ്പം മുതൽതന്നെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. സ്കൂൾ ലീഡറായിരുന്നു. കോളജിൽ ചേരും മുമ്പ് തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു. കോളജ് യൂനിയൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു, നിരവധിതവണ ജയിച്ചു യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറായി, കേരള/ മഹാത്മാഗാന്ധി സർവകലാശാല യൂനിയനുകളിൽ. 1986-87ൽ ഗാന്ധി യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനായി. അതിനുശേഷം വലിയൊരു പ്രവർത്തന ഗ്യാപ്പ് വന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി പേര് നിർദേശിക്കപ്പെട്ടിരുന്നു. പക്ഷേ, തള്ളപ്പെട്ടു. അതുപോലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി പേര് വന്നു.
ആ ചുമതലയും കിട്ടിയില്ല. രണ്ട് സംഘടനകളിലും സംസ്ഥാന ഭാരവാഹിപോലും ആയില്ല. വളരെ വൈകി എൻ.എസ്.യുവിന്റെ ജനറൽ സെക്രട്ടറിയായി. ആ സമയമാകുമ്പോഴേക്കും ഹൈകോടതിയിൽ പ്രാക്ടിസ് ആരംഭിച്ചു. ആ സമയത്ത് രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നെങ്കിലും അനിശ്ചിതത്വം നിലനിന്നിരുന്നു. ഒരർഥത്തിൽ പാർട്ടിക്ക് പുറത്തുതന്നെയായിരുന്നു. മുഖ്യധാരയിൽനിന്നും മാറിപ്പോയിരുന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹം അഭിഭാഷകനാകുക എന്നതായിരുന്നു. പത്ത് വർഷം ഹൈകോടതിയിൽ, പിന്നീട് സുപ്രീംകോടതിയിൽ പോയി പ്രാക്ടിസ് ചെയ്യുക എന്നതായിരുന്നു ആലോചന. അഭിഭാഷകവൃത്തി നല്ലനിലയിൽ മുന്നോട്ടുപോയി. ഈ സമയത്താണ് 1996ൽ സ്ഥാനാർഥിയാവുന്നത്, അപ്പോൾ ഞാൻ എൻ.എസ്.യു സെക്രട്ടറിയായിരുന്നു.
ചെറുപ്പത്തിൽതന്നെ രാഷ്ട്രീയജീവിതത്തിൽ അനിശ്ചിതത്വം ഉണ്ടായപ്പോൾ, അതിനെ നേരിട്ടത് എങ്ങനെയാണ്!
ആ സന്ദർഭത്തിൽ നല്ല വിഷമമുണ്ടായിരുന്നു. ഒരു കാരണവുമില്ലാതെയാണ് എന്നെ മാറ്റിനിർത്തിയത്. എന്നെ കുറിച്ച് പാർട്ടിക്കുള്ളിേലാ പുറത്തോ ഒരാക്ഷേപവും ഉണ്ടായിരുന്നില്ല. എന്റെ പേര് ഏതെങ്കിലും സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ എല്ലാവരും ചേർന്ന് വെട്ടും. ഇത്രയും ചെറിയ പ്രായത്തിലേ എന്തിനാണ് ഇങ്ങനെ പ്രവർത്തകരെ മാറ്റിനിർത്തപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അക്കാലത്ത് ഒരുപാട് വിഷമവും വേദനയുമുണ്ടായിരുന്നു. വിദ്യാർഥി-യുവജന പ്രവർത്തനകാലത്താണ് ഏറ്റവും കൂടുതൽ രാഷ്ട്രീയ സംഭാവന ചെയ്യാൻ കഴിയുന്നത്. കെ.എസ്.യുവിന് സർവകലാശാല യൂനിയൻ സ്വപ്നം കാണാൻപോലും കഴിയാത്ത കാലത്താണ് ഞാൻ ചെയർമാനായത്. എന്നിട്ടും അവഗണിച്ചു. ഒരുപാട് പ്രയാസത്തിലൂടെയാണ് ആ കാലം കടന്നുപോയത്. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു അന്ന്. കുറച്ചുകാലം അത് നീണ്ടുനിന്നു.
എഴുപതുകളുടെ അവസാനത്തോടെ കലാലയങ്ങളിലെ കെ.എസ്.യു ആധിപത്യം അവസാനിച്ചു. ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങൾ പ്രത്യേകിച്ച് എസ്.എഫ്.ഐ ശക്തമായി. ഈ സന്ദർഭത്തിലാണ് താങ്കൾ കെ.എസ്.യു പ്രവർത്തനം നടത്തുന്നത്. അക്കാലം എങ്ങനെ ഓർക്കുന്നു?
കെ.എസ്.യുവിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി നിറഞ്ഞ കാലമായിരുന്നു അത്. പ്രസ്ഥാനത്തിന്റെ പ്രഭാവം കുറഞ്ഞുപോയ കാലമാണ്. അന്നത്തെ കെ.എസ്.യു പ്രവർത്തനം എന്നത് വളരെ പ്രയാസമുള്ളതായിരുന്നു. കാമ്പസിലും നഗരത്തിലും ആക്രമണങ്ങൾ നേരിടേണ്ടിവന്നു. ഞങ്ങൾ അന്ന് സംഘം ചേർന്നാണ് നടക്കുന്നത്. അന്ന് ഞങ്ങൾ ശക്തമായി ചെറുത്തുനിന്നു. ഒരു വലിയ നിരതന്നെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
താങ്കൾ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ പാർട്ടിയിൽ നിരവധി സീനിയർ നേതാക്കളും, നിരവധി പ്രമുഖരായ യുവ നേതാക്കളുമുണ്ട്. അവർക്കിടയിലൂടെ മുന്നിലേക്ക് എത്താൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നോ?
ഞാൻ 2001ൽ ആദ്യമായി നിയമസഭയിൽ വരുമ്പോൾ 63 കോൺഗ്രസ് എം.എൽ.എമാർ ഉണ്ടായിരുന്നു. ഞാൻ അറുപത്തിമൂന്നാമത്തെയാളാണ്. അത്രയും പ്രഗല്ഭരായ കോൺഗ്രസ് നേതാക്കളുടെ നിര അവിടെയുണ്ടായിരുന്നു. ഞാൻ അസംബ്ലി പ്രവർത്തനം നന്നായി ശ്രദ്ധിക്കുമായിരുന്നു. ആദ്യത്തെ മൂന്ന് ആഴ്ചക്കാലം നിയമസഭാ പ്രവർത്തനം നന്നായി നിരീക്ഷിച്ചിരുന്നു. ഒരു കാര്യം മനസ്സിലായി. പ്രധാനമായും ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയണം. അതിന് ബുദ്ധിമുട്ടില്ല. ഞാൻ വക്കീലാണ്. നിയമവിദ്യാർഥിയാണ്, അതുകൊണ്ട് അത്തരം കാര്യങ്ങളിൽ ബുദ്ധിമുട്ടില്ല. കാര്യങ്ങൾ എനിക്കറിയാം. പക്ഷേ, ധനകാര്യ വിഷയങ്ങൾ എനിക്കറിയില്ല. ഫിനാൻഷ്യൽ ബിസിനസ്, അത് ശരിയായി പഠിക്കാതെ നല്ല സാമാജികനാകാൻ കഴിയില്ല എന്ന് മനസ്സിലായി. എനിക്ക് ടാക്സിനെ കുറിച്ചുള്ള പ്രാഥമിക പാഠങ്ങൾപോലും അറിയില്ല. ശരിയായ ഒരു വിദ്യാർഥിയെ പോലെ ആ വിഷയങ്ങൾ പഠിക്കാൻ തുടങ്ങി.
നന്നായി ഗൃഹപാഠംചെയ്തു. തിരു-കൊച്ചി പ്രജാമണ്ഡലത്തിൽ തുടങ്ങി നിയമസഭാ പ്രസംഗങ്ങൾ മുഴുവൻ വായിക്കാൻ തുടങ്ങി. കേരളമായശേഷം ഇ.എം.എസ് സർക്കാർ വന്നതിന് ശേഷമുള്ള പ്രസംഗങ്ങൾ വായിച്ചു. പട്ടം താണുപിള്ള, സി. നാരായണ പിള്ള തുടങ്ങിയവരുടെ പ്രസംഗങ്ങൾ വായിച്ച നിയമസഭാ ലൈബ്രറി നന്നായി പ്രയോജനപ്പെടുത്തി. ഓരോ പാർലമെന്റേറിയന്റെയും സമീപനം എങ്ങനെയാണ്, ഇതൊക്കെ മനസ്സിലാക്കി. പിന്നീട് ധനകാര്യ പഠനങ്ങൾ ഗൗരവമായി നടത്തി. പലരുടെയും ധാരണ എനിക്ക് ഇക്കണോമിക്സിൽ ബിരുദാനന്തരബിരുദം ഉണ്ടെന്നാണ്. കെ. ശങ്കരനാരായണൻ ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് പ്രസംഗിക്കാനുള്ള അവസരങ്ങൾ മനഃപൂർവം തന്നു. എനിക്ക് പേടിയാണ്. അപ്പുറത്ത് തോമസ് ഐസക്കിനെപ്പോലുള്ളവർ ഉണ്ട്. കെ.എം. മാണി, ടി.എം. ജേക്കബ് അവരൊക്കെ പ്രോത്സാഹിപ്പിച്ചിരുന്നു. എല്ലാ ബില്ലിലും ഞാൻ സംസാരിക്കും. പലരുടെയും അവസരങ്ങൾ ഞാൻ ചോദിച്ചു വാങ്ങും. എല്ലാ വിഷയങ്ങളും മാറിമാറി സംസാരിക്കും. ഓരോ വിഷയം സംസാരിക്കുമ്പോഴും നന്നായി ഗൃഹപാഠംചെയ്യും. അതെല്ലാം അവിടെ പറയാൻ കഴിയില്ല. പക്ഷേ, പഠിച്ച കാര്യങ്ങൾ മനസ്സിൽ കിടക്കും. ഞാൻ തന്നെ ഓരോ വിഷയത്തെ കുറിച്ചള്ള ഫയൽ ഉണ്ടാക്കും.
ഇതോടെ നിയമസഭയിൽ ഞാൻ പതിയെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. എസ്.എൻ.സി ലാവലിൻ ചർച്ച വന്നു. പങ്കെടുക്കുന്നവരെല്ലാം സീനിയേഴ്സാണ്. സി.വി. പത്മരാജനും ജി. കാർത്തികേയനും എന്നോട് പറഞ്ഞു, ഈ വിഷയത്തിൽ സതീശൻകൂടി സംസാരിക്കണമെന്ന്. അത് എനിക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു. അന്ന് ആ ചർച്ച ലൈവ് ടെലികാസ്റ്റാണ്. ചർച്ച കഴിഞ്ഞപ്പോൾ സി.വി. പത്മരാജൻ പറഞ്ഞു, അന്ന് സംസാരിച്ചവരിൽ ഏറ്റവും മികച്ച പെർഫോമൻസ് സതീശന്റേതായിരുന്നു എന്ന്. ഇങ്ങനെ ഒരുപാട് അവസരങ്ങൾ കിട്ടി. അതോടെ ഇത്തരം സന്ദർഭങ്ങളിൽ നിരവധി കാര്യങ്ങൾ ഏൽപിക്കാൻ തുടങ്ങി.
അടുത്തപ്രാവശ്യം 2006ൽ വന്നപ്പോഴേക്കും ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായി. അതായിരുന്നു എന്റെ സുവർണകാലം. 2006 മുതൽ 2011 വരെ ഏറ്റവും കൂടുതൽ അടിയന്തരപ്രമേയങ്ങൾ തന്നത് എനിക്കാണ്. ഏറ്റവും കൂടുതൽ അടിയന്തരപ്രമേയങ്ങൾ ഒരു പ്രത്യേക കാലയളവിൽ അവതരിപ്പിച്ചതിന്റെ റെേക്കാഡ് എന്റെ പേരിലുണ്ട്. അന്ന് എട്ട് മന്ത്രിമാർക്ക് എതിരെ അഴിമതി ആരോപണങ്ങൾ കൊണ്ടുവന്നു. ഭൂമി സംബന്ധമായ പ്രശ്നങ്ങൾ, ലോട്ടറി, മർക്കിസ്റ്റൻ, എച്ച്.എം.ടി, തോഷിബ, ഹാരിസൺ മലയാളം തുടങ്ങി എത്രയോ പ്രശ്നങ്ങൾ നിയമസഭയിൽ കൊണ്ടുവന്നു. അന്ന് സർക്കാറിനെതിരെ ശക്തമായി തന്നെ ആഞ്ഞടിച്ചു.
ഇത്തരം വലിയ നിയമസഭാ പ്രവർത്തനങ്ങൾ നടത്തിയിട്ടും തുടർന്നുവന്ന സർക്കാറിൽ മന്ത്രിസ്ഥാനം കിട്ടിയില്ലല്ലോ?
ശരിയാണ്. 2012ൽ യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ ഞാൻ മന്ത്രിയാവുമെന്ന് കരുതി. കെ.പി.സി.സി പ്രസിഡന്റും മുഖ്യമന്ത്രിയും അത്തരം സൂചനകൾ തന്നിരുന്നു. അന്ന് ധാരാളം മുതിർന്ന നേതാക്കൾ ജയിച്ചുവന്നിട്ട് ഉണ്ടായിരുന്നു. എന്നിട്ടും എനിക്ക് അവസരം കിട്ടും എന്ന് എല്ലാവരും പറഞ്ഞു. കാരണം ഈ സർക്കാർ അധികാരത്തിൽ വന്നതിൽ താങ്കൾക്ക് വലിയ പങ്കുണ്ട് എന്ന് പലരും പറഞ്ഞു. പക്ഷേ, മന്ത്രിമാരുടെ ലിസ്റ്റ് വന്നപ്പോൾ എന്റെ പേര് ഉണ്ടായില്ല.
എന്തായിരുന്നു അതിന് കാരണം? സാമുദായിക സമവാക്യമാണോ, ഗ്രൂപ് സമവാക്യമാണോ? എന്തായിരുന്നു?
അതിന്റെ കാരണം ഞാൻ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എന്നെ ഒഴിവാക്കണമെന്ന് നിർബന്ധത്തോടെ മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്തി മാറ്റിയതാണ്. എന്നെ ശരിക്ക് വെട്ടിയതാണ്. കുറച്ചുദിവസം പ്രയാസമുണ്ടായിരുന്നു. പിന്നീട് മാറി. ആ സർക്കാറിനുവേണ്ടി മുൻനിരയിൽനിന്ന് തന്നെ പോരാടി. ഞാൻ ഒരു വോട്ടുപോലും ചെയ്യാതിരുന്നിട്ടില്ല. ഒരു അനിഷ്ടവും ഞാൻ കാണിച്ചില്ല. ഞാൻ ഇടപെട്ട എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്.
കോൺഗ്രസിൽ ഓരോ കാലത്തും വ്യത്യസ്ത ശാക്തിക ചേരികളുണ്ട്. താങ്കൾക്ക് അതിന്റെ ഭാഗമായി നിൽക്കേണ്ടിവന്നിട്ടില്ലേ?
ഞാൻ അതിന്റെ ഭാഗമായിട്ടുണ്ട്. അതിന്റെ ഭാഗമല്ലാതെ പാർട്ടിയിൽ നിൽക്കാൻ കഴിയില്ല. ഞങ്ങളൊക്കെ പഴയ ഐ ഗ്രൂപ്പുകാരാണ്. പിന്നീട് രമേശ് ചെന്നിത്തലയും ജി. കാർത്തികേയനുമൊക്കെ തിരുത്തൽവാദം ഉന്നയിച്ചപ്പോൾ അതിന്റെ ഭാഗമായി. അന്നൊന്നും എനിക്ക് ഗ്രൂപ്പിൽ വലിയ സ്ഥാനമൊന്നുമില്ല. രമേശ് ചെന്നിത്തലയുമായി വളരെ അടുത്തുനിന്ന് പ്രവർത്തിച്ചിട്ടുണ്ട്. എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ജി. കാർത്തികേയനാണ്. 96ലും 2001ലും എനിക്ക് സീറ്റ് കിട്ടാൻ ഏറ്റവും കൂടുതൽ സഹായിച്ചത് അദ്ദേഹമാണ്. എന്നെ കൈപിടിച്ച് ഉയർത്തിയത് അദ്ദേഹമാണ്. വലിയ കടപ്പാടുണ്ട്, എ.കെ. ആന്റണിയോട് പറഞ്ഞിട്ടാണ് എനിക്ക് സീറ്റ് വാങ്ങി തന്നത്. കെ. കരുണാകരൻ അതിനെ എതിർത്തില്ല. പാർട്ടി നടത്തിയ പഠനത്തിലും ഞാനാണ് മികച്ച സ്ഥാനാർഥി എന്ന് മനസ്സിലാക്കിയിരുന്നു.
ഈയിടെ കെ. മുരളീധരൻ പറഞ്ഞു, കെ. കരുണാകരന്റെ ശാപമേൽക്കാത്ത നേതാവാണ് താങ്കൾ എന്ന്?
എന്റെ സീറ്റിന്റെ കാര്യത്തിൽ രണ്ട് സന്ദർഭത്തിലും കെ. കരുണാകരൻ ഒരു എതിർപ്പും പ്രകടിച്ചിരുന്നില്ല. തിരുത്തൽവാദത്തിന് ശേഷവും ഞാൻ അദ്ദേഹവുമായി നല്ലബന്ധം പുലർത്തിയിരുന്നു. എന്നോട് വാത്സല്യവും സ്നേഹവുമുണ്ടായിരുന്നു. ഞാൻ ലോ കോളജ് വിദ്യാർഥിയായിരിക്കുന്ന കാലം മുതൽ നല്ല ബന്ധമായിരുന്നു. അന്ന് എന്നെ കാറിൽ കയറ്റി ഗുരുവായൂർ കൊണ്ടുപോയിട്ടുണ്ട്.
അന്നത്തെ തിരുത്തൽവാദത്തെ ഇന്ന് എങ്ങനെ കാണുന്നു? അതിലൂടെ പാർട്ടിക്കോ വ്യക്തികൾക്കോ എന്തെങ്കിലും ഗുണമുണ്ടായോ?
ഞാൻ ചിന്തിച്ച് ഉറപ്പിച്ച് അതിൽ പോയതല്ല. നമ്മളോട് ഒപ്പം നിന്നവർ അത്തരം നിലപാട് എടുത്തപ്പോൾ ഞാനും അങ്ങോട്ട് പോയി എന്നുമാത്രം. ഇന്ന് നോക്കുമ്പോൾ അന്നത്തെ ആ പ്രവർത്തനം പരിധിവിട്ടിരുന്നു. പരസ്യമായി പാർട്ടി നേതൃത്വത്തെ വെല്ലുവിളിക്കുക, സർക്കാറിനെ പരസ്യമായി എതിർക്കുക തുടങ്ങിയ കാര്യങ്ങൾ ഉണ്ടായി. ഇതൊക്കെ പരിധിവിട്ട കാര്യങ്ങളാണ്. പാർട്ടിക്കകത്തെ തെറ്റായ പ്രവണതകൾക്കെതിരായ പോരാട്ടമായിരുന്നെങ്കിലും അത് പാർട്ടിക്ക് പുറത്തേക്ക് പോയി. കോൺഗ്രസിൽ അനൈക്യമാണ് എന്ന പ്രതിച്ഛായയാണ് ഉണ്ടായത്. ഇത് പാർട്ടിക്ക് ദോഷംചെയ്തു.
താങ്കൾക്ക് പാർട്ടിയിൽ ഗോഡ്ഫാദർമാർ ഉണ്ടായിരുന്നോ?
ഞാൻ നേരത്തേ പറഞ്ഞില്ലേ ജി. കാർത്തികേയനോടാണ് എന്റെ കടപ്പാട്. എ.കെ. ആന്റണിയും കെ. കരുണാകരനും ചേർന്ന് സീറ്റ് തന്നില്ലായിരുന്നുവെങ്കിൽ എന്റെ രാഷ്ട്രീയജീവിതം ബുദ്ധിമുട്ടായേനെ. ഞാൻ അക്ഷരാർഥത്തിൽ കുപ്പത്തൊട്ടിയിൽ കിടക്കുകയായിരുന്നു. അതിൽ എന്നെ മോചിപ്പിച്ചത് ഇവരാണ്. പിന്നീട് ധാരാളം അവസരങ്ങൾ വന്നു. പലതവണ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് വന്നു. മന്ത്രിയായി പരിഗണിച്ചു.
താങ്കളെ സ്പീക്കർ ആകാനും പരിഗണിച്ചു അല്ലേ?
ജി. കാർത്തികേയനെ സ്പീക്കറായി പരിഗണിച്ചു. പക്ഷേ, അദ്ദേഹം തയാറായില്ല. എന്നെക്കൊണ്ടുകൂടി നിർബന്ധിപ്പിച്ചു. പിന്നീട് എ.കെ. ആന്റണിയും കൂടി നിർബന്ധിച്ചപ്പോൾ അദ്ദേഹം തയാറായി. പക്ഷേ, ഞാൻ മന്ത്രിയല്ലാതെ വന്നപ്പോൾ എന്നെ സ്പീക്കറാകാൻ നിർബന്ധിച്ചു. ഞാൻ അതിന് തയാറായില്ല. കാരണം ഞാനുംകൂടി പോയി പറഞ്ഞ് നിർബന്ധിച്ചിട്ടാണ് അദ്ദേഹം സ്‌പീക്കർ ആയത്. എന്റെ മെന്ററായ അദ്ദേഹത്തിന് കൊടുത്ത സ്ഥാനം എനിക്കു വേണ്ട. അദ്ദേഹം താഴെയും ഞാൻ മുകളിലും ഇരിക്കുന്നത് ശരിയെല്ലന്ന് തോന്നി. സ്പീക്കർ സ്ഥാനം ഞാൻ നിരസിച്ചതാണ്. സ്പീക്കർ സ്ഥാനം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. അത് ഞാൻ പിടിച്ചുവാങ്ങിക്കുന്നത് ശരിയല്ല. അന്നത്തെ കാലത്ത് എന്റെ ആ പ്രായത്തിൽ അത് വലിയ സ്ഥാനമായിരുന്നു. എനിക്ക് ആ സ്ഥാനത്തിരുന്ന് ശോഭിക്കാൻ കഴിയുമായിരുന്നു. പക്ഷേ, ഞാൻ ആരെയും ചതിക്കില്ല.
താങ്കൾ തുടക്കം മുതൽതന്നെ അവഗണിക്കുന്നതിനെ കുറിച്ച് പറയുന്നു. ഇതിന്റെയെല്ലാം യഥാർഥ ഉറവിടം എന്തായിരിക്കും? ജാതി സമവാക്യങ്ങളാണോ?
ഞാൻ ഇതിന് മറുപടി പറയില്ല. എനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ ഈ സ്ഥാനത്തിരുന്നുകൊണ്ട് പറയുന്നത് ശരിയല്ല. ഇത്തരം അനുഭവങ്ങൾ ഞാൻ നേരിട്ടതുകൊണ്ട്, ഈ സ്ഥാനത്തേക്ക് വന്നശേഷം ചെറുപ്പക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. നല്ല കഴിവുള്ളയാളുകളെ പ്രോത്സാഹിപ്പിക്കും. ഞാൻ ഗ്രൂപ്പോ മറ്റൊന്നും പരിഗണിക്കില്ല. പാർട്ടിക്കുവേണ്ടി പോരാളികളായി നിന്നാൽ ഞാൻ അവരോടൊപ്പം ഉണ്ടാവും. കോൺഗ്രസിൽ കരുത്തുറ്റ രണ്ടാം നിരയും മൂന്നാം നിരയും ഉണ്ടാവണം. ഇത് എന്റെ അനുഭവത്തിൽനിന്ന് ഉണ്ടായതാണ്. അവർ എന്നെ മറികടന്നുപോകണം. അപ്പോൾ എനിക്ക് വിഷമമുണ്ടാവില്ല. ഇവർ എന്നെ മറികടന്നുപോകുന്നത് നിറകണ്ണുകളോടെ എനിക്ക് കാണണം. കാലം ആവശ്യപ്പെടുന്ന നേതൃഗുണമുള്ളവരാണ് അവർ. എല്ലാ കാലത്തും ഒരു സ്ഥലത്ത് തൂങ്ങിക്കിടക്കരുത്. നമ്മളെക്കാൾ നല്ല ടീം വരുമ്പോൾ നാം മാറിക്കൊടുക്കണം.
അത്തരം ഒരു മനോഭാവം കോൺഗ്രസിനകത്ത് ഉണ്ടാകാൻ സാധ്യതയുണ്ടോ?
ഉണ്ടായേ മതിയാവൂ. എന്റെ ജീവിതാനുഭവങ്ങൾ, രാഷ്ട്രീയാനുഭവങ്ങൾ എന്നെ പഠിപ്പിച്ചതാണത്. ഒരു നേതാവിനും പറയാൻ കഴിയാത്ത ധൈര്യത്തോടെ ഞാൻ പറയും. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതൽതന്നെ നെഹ്റൂവിയൻ ആശയങ്ങളുടെ വക്താവായാണ് ഞാൻ മനസ്സിലാക്കുന്നത്. പാർട്ടിക്കുള്ളിൽ ഒരു ക്രിട്ടിക്കൽ ഇൻസൈഡറായി പ്രവർത്തിക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ടോ?
തീർച്ചയായും ഞാൻ ചില കാര്യങ്ങൾ ചോദ്യംചെയ്തിട്ടുണ്ട്. കെ.പി.സി.സി, നിയമസഭാ കക്ഷി യോഗങ്ങളിൽ ശക്തമായ വിമർശനങ്ങൾ നടത്തിയിട്ടുണ്ട്. ഭൂമിപ്രശ്നത്തിൽ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. കുറെ കാലത്തിനു ശേഷം ഞങ്ങളുടെ ഒരു നിര വന്ന ശേഷമാണ് നെഹ്റൂവിയൻ പുരോഗമന വീക്ഷണം പാർട്ടിയിൽ വന്നത്. അതുകൊണ്ടാണ് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പാർട്ടി കൃത്യമായ പ്രതികരണം നടത്തിയത്. ഞങ്ങളെ ഗ്രീൻ എം.എൽ.എമാർ എന്ന് വിളിച്ചിരുന്നു. പരിസ്ഥിതിക്കെതിരായി സർക്കാർ എടുക്കുന്ന ഏതു തീരുമാനത്തെയും എതിർത്തിരുന്നു. എമർജിങ് കേരള വന്നപ്പോൾ ചില നിർദേശങ്ങൾ സംശയാസ്പദമായിരുന്നു. ഞങ്ങൾ അത് എതിർത്തു. 24 പദ്ധതികൾ അതിൽനിന്ന് നീക്കംചെയ്തു. ആ സർക്കാറിന്റെ അവസാന കാലങ്ങളിൽ ധാരാളം തെറ്റായ തീരുമാനങ്ങൾ വന്നു. ഞങ്ങൾ എതിർത്തു. മുഖ്യമന്ത്രി അതെല്ലാം പിൻവലിച്ചു.
അത്തരം സമീപനങ്ങൾ പാർട്ടിക്കുള്ളിൽ ശത്രുക്കളെ സൃഷ്ടിക്കില്ലേ?
അധികാരത്തിന് ചുറ്റും നിൽക്കുന്ന ധാരാളം ആളുകൾ ഉണ്ടാവും. നമ്മൾ എപ്പോഴും സൂക്ഷിക്കേണ്ടത് അവരെയാണ്. അധികാരകേന്ദ്രങ്ങളോട് അടുത്തു നിൽക്കുന്നവർ നമ്മളെ മറ്റ് രീതികളിൽ ചിത്രീകരിക്കാൻ ശ്രമിക്കും –അതിൽ നേതൃത്വം വീണു പോകരുത്. ചിലപ്പോൾ വീണുപോകും.

മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം വി.ഡി. സതീശൻ
നെഹ്റൂവിയൻ ആശയങ്ങളെ പാർട്ടിക്കുള്ളിലേക്ക് കടത്തിവിടാനും അതിന്റെ സ്വാധീനം സൃഷ്ടിക്കാനും താങ്കൾക്ക് കഴിഞ്ഞിട്ടുണ്ടോ?
ഉറപ്പായും സാധിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട വിഷയത്തിൽ നമ്മൾ പറയുന്ന സമീപനങ്ങൾ ഗൗരവമായി എടുക്കാറുണ്ട്. പ്രതിപക്ഷ നേതാവ് ആകുന്നതിന് മുമ്പും. അതുപോലെ നയങ്ങളുടെ കാര്യത്തിൽ തീവ്ര വലതു പക്ഷത്തേക്ക് പോകാതെ സൂക്ഷിക്കാറുണ്ട് –അതിന് സഹായമായി ചെറുപ്പക്കാരുടെ ഒരു നിര കൂടെയുണ്ടാവും. ഇടതുപക്ഷത്തേക്കാൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് കോൺഗ്രസാണ്. കെ.െറയിൽ സമരം പാർട്ടിയെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. മാത്രമല്ല, യു.ഡി.എഫിലും സ്വാധീനം ചെലുത്താൻ കഴിഞ്ഞു. കെ.െറയിൽ വിരുദ്ധ സമരം വിജയിച്ച സമരമാണ്. സർക്കാറിന്റെ നയപരിപാടികളെ വിമർശിക്കും. അതോടൊപ്പം ക്രിയാത്മകമായ പരിപാടികെള സംഘടിപ്പിക്കും. കേരളത്തെ മുന്നോട്ടു നയിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്.
കേരളം ഒരു ആധുനിക സമൂഹമാെണന്ന് പറയാറുണ്ട്. പലതലങ്ങളിലും വളർച്ച പ്രാപിച്ച സമൂഹമാെണന്ന് സൂചിപ്പിക്കാറുണ്ട്. എന്നാൽ, നമ്മുടെ അവസ്ഥ അത്തരത്തിലുള്ള ഒന്നാണോ?
ഞാൻ പലപ്പോഴും പറയാറുണ്ട്, വർഗീയതയുടെ കാര്യത്തിൽ പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന നാടാണ് കേരളം എന്ന്. ചിലർ തീപിടിപ്പിക്കാൻ നോക്കിയിരിക്കയാണ്. അതിന്റെ അപകടത്തെ കുറിച്ച് ഏറ്റവും ബോധ്യമുള്ളയാളാണ് ഞാൻ. കേരളത്തിലെ ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് നമ്മൾ സൂക്ഷിക്കണം. സാമൂഹികമായി പുരോഗമന സ്വഭാവമുള്ള ഈ സംസ്ഥാനത്താണ് ഇത്തരം ശക്തികൾ സ്വാധീനം ചെലുത്തുന്നത് എന്ന് ഓർക്കണം.
കേരളത്തിലെ ജാതി മത ശക്തികൾക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുത്തത് ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ തന്നെയല്ലേ?
തീർച്ചയായും. കുറെക്കാലം മുമ്പ് ഞാൻ പറഞ്ഞു, കേരളത്തിലെ സമുദായ നേതാക്കളെല്ലാം നല്ല മനുഷ്യരാണ്. പക്ഷേ, രാഷ്ട്രീയ നേതാക്കളെ കാണുമ്പോൾ ഇരിക്കാൻ പറയുമ്പോൾ അവർ കിടക്കും. രാഷ്ട്രീയ നേതാക്കളെ അവർ അണ്ടർ എസ്റ്റിമേറ്റ് ചെയ്യും. ഞാൻ പൂർണമായും സെക്കുലറാണ്. മതങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യൻ സെക്കുലറിസത്തിൽ വിശ്വസിക്കുന്ന ആളാണ്. ഏതെങ്കിലും മതവിഭാഗങ്ങൾക്ക് പ്രശ്നമുണ്ടായാൽ അവരോടൊപ്പം നിൽക്കും. അതിനപ്പുറത്ത് അവരുടെ തീരുമാനങ്ങൾ നമ്മളുടെ മേൽ അടിച്ചേൽപിക്കുന്ന നില വന്നാൽ എതിർക്കും. നമ്മുടെ സെക്കുലർ നിലപാടിനെ കുറിച്ച് അവർക്ക് വിശ്വാസം ഉണ്ടാവണം. വിശ്വാസ്യതയാണ് വേണ്ടത്. അതിലേക്ക് കൊണ്ടുവരാൻ കഴിയും. രാഷ്ട്രീയ പാർട്ടികൾ ഉറച്ച നിലപാട് എടുത്താൽ മത സംഘടനകളെ അതിനടിയിൽ കൊണ്ടുവരാൻ കഴിയും. ഞാൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ എത്തിയപ്പോൾതന്നെ ഈ നിലപാടാണ് എടുത്തത്.
എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും മുഖ്യ നേതാക്കന്മാർ താങ്കളെ നിശിതമായി വിമർശിച്ചിട്ടുണ്ട്. വെള്ളാപ്പള്ളിയുെട വിമർശനം അതിരുകടക്കുകയുംചെയ്യുന്നു. എന്താണിതിന് കാരണം?
നേരത്തേ വിമർശിച്ചിരുന്ന ചിലർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. നമ്മൾ എടുക്കുന്ന നിലപാടുകൾ അവർക്കിഷ്ടമല്ല. ആ നിലപാടുകളിൽ വെള്ളം ചേർക്കാൻ കഴിയില്ല. അങ്ങനെ ഉണ്ടായാൽ ഞാൻ ഞാനല്ലാതെയായി. കോൺഗ്രസ് കോൺഗ്രസല്ലാതെയായി. ഞാൻ കോൺഗ്രസിന്റെ ആശയഘടനക്കകത്തുനിന്ന് പ്രവർത്തിക്കുന്ന ആളാണ്. അതിൽ എനിക്ക് വിശ്വാസമുണ്ട്. മരിക്കുമ്പോൾ മൂവർണ പതാക പുതച്ചേ പോകൂ. രാഷ്ട്രീയത്തിൽ എത്ര തിരിച്ചടി കിട്ടിയാലും നമ്മൾ ഒന്നും ആയിെല്ലങ്കിലും കോൺഗ്രസ് ആയേ മരിക്കൂ. പുതിയ മേച്ചിൽപുറങ്ങൾ തേടിപ്പോവില്ല. സാധാരണ കോൺഗ്രസുകാരനായി മരണംവരെ തുടരാനുള്ള ആശയപരമായ ഇച്ഛാശക്തിയുണ്ട്. ഈ കാലത്ത് നമ്മൾ അത് പറഞ്ഞിെല്ലങ്കിൽ മറ്റാര് അത് പറയും. നെഹ്റൂവിയൻ ആശയങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരാൾക്ക് ഇങ്ങനെയേ ചിന്തിക്കാൻ കഴിയൂ.
താങ്കളെപ്പോലെ രാഷ്ട്രീയബോധവും പ്രത്യയശാസ്ത്ര നിലപാടുമുള്ള ഒരു തലമുറ കോൺഗ്രസിൽ ഉയരാതെ പോകുന്നത്?
അത്തരം ഒരു തലമുറ ഉയർന്നുവരുന്നുണ്ട്. കൃത്യമായ വീക്ഷണമുള്ള ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ സജീവമായിത്തീരുന്നുണ്ട്. പ്രത്യയശാസ്ത്ര ബോധമില്ലാതെ കാര്യങ്ങൾ ചെയ്താൽ ഫലപ്രദമാവില്ല. ഞാൻ ആഗ്രഹിക്കുന്നത് രാഷ്ട്രീയ സംവാദങ്ങൾ ഉണ്ടാവണം. ഇത്തരം സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ഇത്തരം സംവാദങ്ങൾ പൊതുസമൂഹത്തിന് ഗുണപരമാവണം.
’96ലെ തെരഞ്ഞെടുപ്പിൽ താങ്കൾ പരാജയപ്പെട്ടപ്പോൾ ഒരു രാഷ്ട്രീയ അനിശ്ചിതത്വം തോന്നിയോ?
ഞാൻ എൻ.എസ്.യു ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് മത്സരിച്ചത്. വെറും പതിനാല് ദിവസമാണ് മണ്ഡലത്തിൽ പ്രവർത്തിക്കാൻ സമയം കിട്ടിയത്. പരാജയപ്പെട്ടതോടെ ജയിക്കണമെന്ന വാശിയായി. ജയിക്കാൻ പറ്റും എന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. 1996ൽ എന്നെ പരാജയപ്പെടുത്തിയ എം.എൽ. എയെ 2001ൽ ഞാൻ പരാജയപ്പെടുത്തി. ഓരോ വർഷം കഴിയുന്തോറും ഭൂരിപക്ഷം കൂടുകയാണ് ചെയ്യുന്നത്. ഞാൻ ഒരു കുടുംബംപോലെയാണ് നിയോജക മണ്ഡലം നോക്കുന്നത്. സി.പി.എം വോട്ടുകൾപോലും എനിക്ക് കിട്ടാറുണ്ട്.

പൊതുവേദിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ആശ്ലേഷിക്കുന്ന വി.ഡി. സതീശൻ. ടി. സിദ്ദിഖ്, കെ.പി.എ. മജീദ്, ഷാഫി പറമ്പിൽ, സന്ദീപ് വാര്യർ, വി.കെ. ശ്രീകണ്ഠൻ തുടങ്ങിയവർ സമീപം
നിരന്തരമായ പോരാട്ടമാണ് താങ്കളുടെ ജീവിതം. നിയമസഭയിലും പൊതുസമൂഹത്തിലും പോരാടുന്നു. ഇതിന്റെ ഊർജത്തിന്റെ ഉറവിടം എന്താണ്?
വായനയാണ് എന്റെ പൊതുജീവിതത്തിന്റെ ഇന്ധനം. വായിച്ചിെല്ലങ്കിൽ ഡിപ്രഷൻ വരും. രണ്ടു ദിവസംവരെ പിടിച്ചുനിൽക്കാം. മൂന്നുദിവസം കഴിഞ്ഞാൽ ഡൗണായിപ്പോകും. സൗഹൃദങ്ങൾ, യാത്രകൾ എല്ലാം ഊർജമാണ്. എനിക്ക് ഒരു നിശ്ചയദാർഢ്യമുണ്ട്. ഇപ്പോഴത്തെ എന്റെ ലക്ഷ്യം യു.ഡി.എഫിനെ അധികാരത്തിൽ എത്തിക്കുക എന്നതാണ്. അത് ഒരു ഊർജമാണ്. ഞാൻ തികഞ്ഞ ഈശ്വരവിശ്വാസിയാണ്. പലരുടെയും ദൈവവിശ്വാസംപോലെ ഒന്നല്ല. മറ്റൊരു സങ്കൽപമാണ്. എന്റെ ഉള്ളിൽ എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയാണത്. അതും എന്നെ മുന്നോട്ടു നയിക്കുന്നു.
ഇപ്പോൾ കിട്ടിയ പ്രതിപക്ഷ നേതാവ് സ്ഥാനം സ്വർണത്തളികയിൽ വെച്ചുനീട്ടിയതൊന്നുമല്ലല്ലോ? പോരാടിത്തന്നെ നേടിയതല്ലേ?
എന്നോടൊപ്പം ജയിച്ചുവന്ന ഒരുപറ്റം യുവസാമാജികരാണ് എന്നെ ഇതിലേക്ക് നയിച്ചത്. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിനും എന്നെ അവഗണിക്കുന്നു എന്ന തോന്നൽ ഉണ്ടായി. പിന്നെ ഇത് ഒരു മാറ്റമാണ്. വർഷങ്ങൾക്കുശേഷം എനിക്ക് കിട്ടിയ അവസരമാണ്. ഞാൻ എപ്പോഴും നവീകരിച്ചുകൊണ്ടിരിക്കുന്ന ആളാണ്. വ്യക്തിയധിഷ്ഠിത തീരുമാനത്തിനപ്പുറത്ത് കൂട്ടായ ചിന്തകളിലേക്കും തീരുമാനങ്ങളിലേക്കുമാണ് ഞാൻ ഇപ്പോൾ എത്തുന്നത്. നമ്മുടെ സംസാരത്തിലും സമീപനത്തിലും ധാരാളം കുറവുകളുണ്ട്. അത് നാം സ്വയം കണ്ടെത്തണം. ഒരുപാട് മാറ്റങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. നാലുവർഷം മുമ്പുള്ളയാളല്ല ഇന്നത്തെ ഞാൻ.
ഇടതുപക്ഷത്തോട് ശക്തമായ പോർമുഖം തീർത്തുകൊണ്ടിരിക്കുന്ന ഒരാളാണ് താങ്കൾ. പക്ഷേ, അവിടെ വ്യക്തിപരമായ സൗഹൃദത്തിന് സാധ്യതയുണ്ടോ?
രാഷ്ട്രീയ വിയോജിപ്പുകൾ വ്യക്തിവിദ്വേഷത്തിലേക്ക് പോകാറില്ല. മുഖ്യമന്ത്രിയുമായി ഒരിക്കലും വ്യക്തിപരമായി അകലംപാലിച്ചിട്ടില്ല. നേരിട്ട് കാണുമ്പോൾ സംസാരിക്കാറുണ്ട്. ചികിത്സക്ക് പോകുന്നതിന് തലേദിവസം ഞാൻ വിളിച്ചിരുന്നു. പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കാറുണ്ട്. തോമസ് ഐസക്കുമായി വിവിധ വിഷയങ്ങളിൽ എത്രയോ തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പക്ഷേ, വലിയ ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. അതുപോലെ വി.എസ്. സുനിൽകുമാർ അടുത്ത സുഹൃത്താണ്.
ജീവിതം രാഷ്ട്രീയമാക്കുകയും രാഷ്ട്രീയം ജീവിതമാക്കുകയും ചെയ്തു. ഇതിനിടയിലൂടെ നഷ്ടപ്പെട്ടതെന്താണ്?
ചിലപ്പോൾ സ്വകാര്യത നഷ്ടപ്പെടുന്നതായി തോന്നും. പക്ഷേ നമ്മൾ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തങ്ങൾ വലുതാണ്. അതിനാണ് പ്രാധാന്യം നൽകുന്നത്.

