‘നാം ജനങ്ങൾ’ എന്ന ദർശനം സഫലമാകാതെ ശേഷിക്കുന്നു; നമ്മൾ നേർവിപരീതത്തിലേക്ക് ചരിക്കുന്നു

രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ ചിന്തകനും നിയമജ്ഞനും അക്കാദമിഷ്യനുമായ പ്രഫ. (ഡോ.) ജി. മോഹൻ ഗോപാൽ സംസാരിക്കുന്നു. ഭരണഘടന, ഇന്ത്യയിലെ ജാതികൾ, ഈഴവ മുന്നേറ്റം, ശ്രീനാരായണ പ്രസ്ഥാനം, ഹിന്ദുത്വം തുടങ്ങിയ വിവിധ വിഷയങ്ങളിലെ തന്റെ നിലപാടുകൾ, സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ സുദേഷ് എം. രഘുവുമായി അദ്ദേഹം പങ്കുവെക്കുന്നു. സുപ്രീംകോടതിയുടെ നാഷനൽ ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്ടറും ബംഗളൂരുവിലെ നാഷനൽ ലോ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുമായിരുന്നു പ്രഫ. (ഡോ.) ജി. മോഹൻ ഗോപാൽ. അമേരിക്കയിലെ ഹാർവഡ് യൂനിവേഴ്സിറ്റിയിൽനിന്നു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ ചിന്തകനും നിയമജ്ഞനും അക്കാദമിഷ്യനുമായ പ്രഫ. (ഡോ.) ജി. മോഹൻ ഗോപാൽ സംസാരിക്കുന്നു. ഭരണഘടന, ഇന്ത്യയിലെ ജാതികൾ, ഈഴവ മുന്നേറ്റം, ശ്രീനാരായണ പ്രസ്ഥാനം, ഹിന്ദുത്വം തുടങ്ങിയ വിവിധ വിഷയങ്ങളിലെ തന്റെ നിലപാടുകൾ, സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ സുദേഷ് എം. രഘുവുമായി അദ്ദേഹം പങ്കുവെക്കുന്നു.
സുപ്രീംകോടതിയുടെ നാഷനൽ ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്ടറും ബംഗളൂരുവിലെ നാഷനൽ ലോ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുമായിരുന്നു പ്രഫ. (ഡോ.) ജി. മോഹൻ ഗോപാൽ. അമേരിക്കയിലെ ഹാർവഡ് യൂനിവേഴ്സിറ്റിയിൽനിന്നു നിയമത്തിൽ ഡോക്ടറേറ്റ്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുവേണ്ടി സുപ്രീംകോടതിയിലും ഇതര ഹൈകോടതികളിലും സൗജന്യമായി വാദിക്കുന്ന സുപ്രീംകോടതി അഭിഭാഷകൻ. ഇന്ന് ദേശീയതലത്തിൽ നിയമരംഗത്ത് സുപ്രധാന പങ്കുവഹിക്കുന്നു.
കേരളത്തിലെ മുൻ പൊലീസ് മേധാവി (പിന്നാക്ക/ ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ള ആദ്യത്തെ കേരള പൊലീസ് മേധാവി) ഐ.ജി എം. ഗോപാലന്റെ മകൻ. എൻ.എസ്.യുവിന്റെ രണ്ടാമത്തെ ദേശീയ പ്രസിഡന്റ് ആയിരുന്നു മോഹൻ ഗോപാൽ. ഇന്ദിര ഗാന്ധി മുതൽ രാഹുൽ-പ്രിയങ്ക ഗാന്ധി വരെയുള്ള കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തി.
കോൺഗ്രസിൽ പിന്നാക്ക സമുദായങ്ങളുടെ മതിയായ പ്രാതിനിധ്യത്തിനുവേണ്ടി ശ്രമിച്ചു. അതു നടപ്പില്ലെന്നു കണ്ട് അദ്ദേഹം കോൺഗ്രസിനെയും പ്രത്യക്ഷ കക്ഷി രാഷ്ട്രീയത്തെയും ഉപേക്ഷിക്കയാണുണ്ടായത്. കേരളത്തിൽ സജീവമാവുകയും സമാന മനസ്കരുമായി ചേർന്ന് ശ്രീനാരായണ മാനവധർമം ട്രസ്റ്റ് എന്ന സംഘടനക്കു രൂപംനൽകുകയും ചെയ്തു. ഹിന്ദുത്വത്തിനും അപരത്വത്തിനും എതിരായ ശ്രീനാരായണഗുരുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിലും പ്രാതിനിധ്യ ജനാധിപത്യത്തിനു വേണ്ടി രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലും പാർശ്വവത്കൃതരായ ജനതയുടെ അവകാശങ്ങൾക്കുവേണ്ടി നീതിന്യായ സംവിധാനങ്ങളിലും നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. പ്രഫ. മോഹൻ ഗോപാലുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണു ചുവടെ:
ഇന്ത്യയിലെ അറിയപ്പെടുന്ന ഭരണഘടന വിദഗ്ധൻകൂടിയാണ് താങ്കൾ. അതുകൊണ്ട് ആദ്യത്തെ ചോദ്യം, ഭരണഘടനയെ മുൻനിർത്തിയുള്ളതാകാമെന്നു കരുതുന്നു. ജനങ്ങൾ ജനങ്ങൾക്കു നൽകിയ ഒരു കരാറാണല്ലോ ഭരണഘടന. ഈ കരാർ മാനിക്കുന്നതിൽ, അല്ലെങ്കിൽ പാലിക്കുന്നതിൽ 75 വർഷത്തെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അനുഭവം എന്താണ്? അഥവാ ഇന്ത്യൻ ഭരണഘടനയുടെ ഇതുവരെയുള്ള ജീവിതചരിത്രം ചുരുക്കത്തിൽ പറയാമോ?
“ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാർക്കെല്ലാം, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും ആരാധനക്കുമുള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കാനും, അവർക്കെല്ലാമിടയിൽ, വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ടുള്ള സാഹോദര്യം പുലർത്താനും ദൃഢമായി തീരുമാനിച്ചിട്ടുള്ള പ്രഖ്യാപന”മാണ് ഇന്ത്യൻ ഭരണഘടന.

ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ നടന്ന രണ്ടാം കൺവെൻഷനിൽ പ്രഫ. ജി. മോഹൻ ഗോപാൽ പെങ്കടുത്തപ്പോൾ
ഈ ദർശനം സാക്ഷാത്കരിക്കാൻ, ശക്തമായ നിരവധി സംവിധാനങ്ങളും ഭരണഘടന നമുക്കു നൽകിയിട്ടുണ്ട്. എന്നാൽ, 75 വർഷവും മൂന്നു തലമുറയും പിന്നിട്ടിട്ടും, ഈ ദർശനം സഫലമാകാതെ അവശേഷിക്കുകയാണ്. യഥാർഥത്തിൽ, അതിന്റെ നേരെ വിപരീതത്തിലേക്കു നാം പോയിക്കഴിഞ്ഞു. ഇങ്ങനെ സംഭവിക്കാൻ കാരണം, ബ്രിട്ടീഷുകാർ പോയതിനുശേഷം രാജ്യത്തിന്റെ ഭരണം, പഴയ ചാതുർവർണ്യ സാമൂഹിക ക്രമം നിലനിർത്താൻ വേണ്ടി ശ്രമിക്കുന്ന, ഒലിഗാർക്കി വിഭാഗത്തിന്റെ കൈയിലേക്കു വന്നതാണ്. ഒലിഗാർക്കി എന്നാൽ, ഒരു ചെറിയ വിഭാഗം ആളുകളുടെ അധികാരക്കുത്തകയാണ്. 95 വർഷം മുമ്പ് അതായത് 1930ൽ, ഡോക്ടർ അംബേദ്കർ ഇക്കാര്യം പ്രവചിച്ചിരുന്നു.
പഴയ ഫ്യൂഡൽ സാമൂഹികക്രമം തൂത്തെറിയാനും സമൂഹത്തെ ജനാധിപത്യവത്കരിക്കാനും സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിൽ വലിയ അഭിവൃദ്ധി കൊണ്ടുവരാനും ലക്ഷ്യമാക്കിയുള്ള ഭരണഘടനാ വ്യവസ്ഥകൾ നടപ്പാക്കാൻ തടസ്സം നിൽക്കുന്നത് ഈ ഒലിഗാർക്കിയാണ്. കഴിഞ്ഞ 75 വർഷത്തിനുള്ളിൽ, ഈ ഒലിഗാർക്കിയുടെ അധികാരവും സമ്പത്തും വൻതോതിൽ വർധിച്ചു; അവരുടെയും സാധാരണ ജനങ്ങളുടെയും ഇടയിലുള്ള അസമത്വവും വർധിച്ചു.
സാമ്പത്തിക സൂചികകൾ െവച്ചുനോക്കിയാൽ, ഏറ്റവും അടിത്തട്ടിലുള്ള 50 ശതമാനം ഇന്ത്യക്കാരുടെയും വരുമാനവിഹിതം, 1951ലെ 20.6 ശതമാനത്തിൽനിന്ന് 2023ൽ 15 ശതമാനത്തിലേക്കു താഴുകയാണുണ്ടായത്. അവരുടെ സമ്പത്തിന്റെ വിഹിതമാണെങ്കിൽ, 1961ൽ 11.4 ശതമാനമായിരുന്നത് 2024ൽ 6.5 ശതമാനമായി കുറഞ്ഞു. മറുവശത്ത്, ഏറ്റവും മുകൾത്തട്ടിലുള്ള 10 ശതമാനം പേരുടെ വരുമാനവിഹിതം, സ്വാതന്ത്ര്യം കിട്ടിയ കാലത്ത് 36.7 ശതമാനമായിരുന്നത് 2023ൽ 57 ശതമാനമായി കൂടി. അവരുടെ സമ്പത്തിന്റെ വിഹിതം, 1966ലെ 44.9 ശതമാനത്തിൽനിന്ന് 2022ൽ, 64.6 ശതമാനമായി വർധിച്ചു (ആഗോള പ്രശസ്തനായ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റി ഉൾപ്പെടെ, നാലു പ്രശസ്ത ഗ്രന്ഥകാരന്മാർ തയാറാക്കിയ, ‘ഇൻകം ആൻഡ് വെൽത്ത് ഇനീക്വാലിറ്റി ഇൻ ഇന്ത്യ 1922-2023: ദ റൈസ് ഓഫ് ദ ബില്യനയർ രാജ്’ എന്ന പഠനപ്രബന്ധം കാണുക).
ലോകത്ത് ഏറ്റവും അസമത്വം നിറഞ്ഞ, വിവേചനങ്ങൾ ഉള്ള, നിരക്ഷരതയും ദാരിദ്ര്യവും കൂടുതലുള്ള സമൂഹമായി ഇപ്പോഴും ഇന്ത്യ നിലനിൽക്കുന്നു. ഈ കാര്യത്തിൽ ഭരണഘടനയുടെ പങ്കെന്താണ്? അഥവാ ഭരണഘടന എങ്ങനെ ഇതിനു മൂകസാക്ഷിയായി?
ഇന്നു നാം ഇന്ത്യയിൽ കാണുന്നത് ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഉണ്ടാക്കിയ, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ ‘ഭരണഘടന’യും, ഒലിഗാർക്കിക്കുവേണ്ടി, ഒലിഗാർക്കിയാൽ ഉണ്ടാക്കിയ ‘വർണഘടന’യും തമ്മിലുള്ള വലിയ യുദ്ധമാണ്. ഈ രണ്ടിനുംകൂടി ഒരുമിച്ചുനിൽക്കാൻ സാധിക്കില്ല; കാരണം ഇവ രണ്ടും വ്യത്യസ്ത ഭരണ സംവിധാനങ്ങളാണ്. ഒലിഗാർക്കി സമുദായങ്ങൾ നിയന്ത്രിക്കുന്ന വർണഘടനയെ ഉന്മൂലനം ചെയ്യാനാണ് ഭരണഘടന ശ്രമിക്കുന്നത്. ഈ വർണഘടന പക്ഷേ, ഭരണഘടനയെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ശക്തമായ നമ്മുടെ ഭരണഘടനയെ, ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ് അവർ.
വർണഘടന എന്നുപറയുന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?
ഈ ചോദ്യത്തിന്റെ ഉത്തരം തുടങ്ങേണ്ടത് കാസ്റ്റ്, ജാതി, വർണം –ഇവ എന്താണെന്നുള്ള ചോദ്യത്തിൽനിന്നാണ്. ആദ്യം നമുക്ക് അതു പരിശോധിക്കാം: ഈ മൂന്നു പ്രയോഗങ്ങളുടെ അർഥത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണയുണ്ട്. പ്രമുഖരായ പണ്ഡിതർപോലും ഇതിനെക്കുറിച്ച് വ്യക്തമായ നിർവചനം നൽകിയിട്ടില്ല. ഇന്ത്യൻ സോഷ്യോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രഫ. ജി.എസ്. ഖുര്യേ (G. S. Ghurye) പോലും ജാതി, വർണം ഇവയെ സ്പഷ്ടമായി നിർവചിക്കാൻ സാധിക്കില്ലെന്നു പറഞ്ഞിട്ടുണ്ട്. ശ്രീനാരായണഗുരുവിൽനിന്നാണ് ഈ പ്രയോഗങ്ങളെ സംബന്ധിച്ച ക്ലാരിറ്റി നമുക്കു ലഭിക്കുന്നത്.
‘ജാതി’ എന്നാൽ ‘സമുദായം’ ആണെന്ന് എല്ലാവരും കരുതുന്നു. ഇതു തെറ്റാണ്. ‘ജാതിനിർണയം’ എന്ന കൃതിയിൽ ശ്രീനാരായണഗുരു പറഞ്ഞത് ഇങ്ങനെയാണ്:
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്ത്യേസ്യൈവം
ഹാ! തത്ത്വം വേത്തി കോfപി ന.
ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരം
ഒരു ഭേദവുമില്ലതില്‍.
‘ജാതി’ എന്ന വാക്കിന്റെ അർഥം, ‘ഒരേ ജന്മരീതിയിലൂടെ ജനിക്കുന്ന വിഭാഗം’ എന്നാണെന്ന് ഈ കൃതിയിലൂടെ ഗുരു പ്രസ്താവിക്കുന്നു. അതായത് ജാതി എന്നാൽ ‘ജന്മരീതി’ അഥവാ സ്പീഷീസ് മാത്രമാണ്. എല്ലാ മനുഷ്യരും ഒരേ ജന്മരീതിയിൽ സൃഷ്ടിക്കപ്പെടുന്നതുകൊണ്ട് എല്ലാ മനുഷ്യരും ഒരു ജാതിയാണ്. ഋഗ്വേദത്തിലെ പുരുഷസൂക്തത്തിൽ പക്ഷേ, നാലു ജന്മരീതികൾ ഉണ്ടെന്നു പറയുന്നുണ്ട് –വിരാട് പുരുഷന്റെ ശിരസ്സിൽനിന്നും ഭുജങ്ങളിൽനിന്നും തുടകളിൽനിന്നും പാദങ്ങളിൽനിന്നും ജനിക്കുന്ന, ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ ഈ നാലിനങ്ങൾ. അതായത് ഋഗ്വേദം, നാലു ‘ജാതികൾ’ സൃഷ്ടിച്ചിരിക്കുന്നു. ഈ ജാതികളെ ശ്രേണീകരിച്ച് ഓരോ ജാതിയുടെയും പദവി, അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, ധർമങ്ങൾ എന്നിവ വർണിക്കുകയുംചെയ്യുന്നു. ആ വർണനം (description) ആണ് ‘വർണം’.
‘‘മനുഷ്യർക്ക് ഒരേയൊരു ജന്മരീതിയേ ഉള്ളൂ എന്നറിയാത്ത ആരും (കോപി ന) ഈ ലോകത്തില്ല; ഈ ബ്രാഹ്മണാദികളൊഴികെ, ഹാ കഷ്ടം!’’ എന്നാണു ഗുരു പരിഹസിക്കുന്നത്. ഇങ്ങനെ, ‘ഒരു ജാതി മനുഷ്യന്’ ഈ മൂന്നു വാക്കുകളിലൂടെ ഗുരു, വർണ-ജാതി മിത്തുകളെ തകർക്കുകയാണ്. പോർചുഗീസ് പദമായ കാസ്റ്റയും (casta) ജാതി, വർണം ഈ സംസ്‌കൃത വാക്കുകളും ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ ഈ വിഭാഗങ്ങളിൽപെട്ടവർക്കു മാത്രമേയുള്ളൂ. മറ്റുള്ളവർ ‘ഔട്ട്-കാസ്റ്റ്’ (out-caste) ആണല്ലോ; അതായത് ‘ഔട്ട് ഓഫ് കാസ്റ്റ്’. അതുകൊണ്ട് അവർക്കു ജാതിയും അതിന്റെ വർണവുമില്ല. അവർ ജാതികളാണെന്നു പറയുന്നത് (ഉദാഹരണത്തിന്, ഈഴവ ജാതി, പുലയ ജാതി, സാംബവ ജാതി). ജാതിവ്യവസ്ഥിതി അനുസരിച്ചും തെറ്റാണ്.
അങ്ങനെയെങ്കിൽ, സമുദായം എന്നാൽ എന്താണ്? എങ്ങനെയാണ് അവ വർണവ്യവസ്ഥയുടെ ഭാഗമായത്?
എല്ലാ രാജ്യങ്ങളിലും മനുഷ്യർ കുടുംബങ്ങൾ ഉണ്ടാക്കുന്നു; കുടുംബങ്ങൾ ചേർന്നു സമുദായങ്ങൾ (സോഷ്യൽ ഗ്രൂപ്സ്) ഉണ്ടാക്കുന്നു. ഒരേ സങ്കൽപങ്ങളിൽ ഉത്ഭവിക്കുന്ന ഒരു കൂട്ടത്തെ സമുദായം (സമ ഉദയം) എന്നു പറയാം. സമുദായങ്ങൾ (communities) നിരന്തരം ഉണ്ടാകുന്നു, പിരിയുന്നു, ലയിക്കുന്നു, മാറുന്നു. വ്യക്തികളാണ് സമുദായങ്ങളുണ്ടാക്കുന്നത്. വ്യക്തികളും കുടുംബങ്ങളും സമുദായങ്ങളും സാമൂഹിക വ്യവസ്ഥയുടെ ഭാഗമാണ്.
രാജ്യത്തെ ഭരിക്കാൻ വേണ്ടി സമൂഹത്തിലെ നൂറു കണക്കിനുള്ള സമുദായങ്ങളെ ശ്രേണീകരിച്ച് അഞ്ച് കാറ്റഗറികളായി തരംതിരിച്ച് സമുദായാംഗങ്ങളുടെ മനുഷ്യാവകാശങ്ങൾ (സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-സിവിൽ അവകാശങ്ങൾ) സംരക്ഷിക്കുകയും എടുത്തുകളയുകയും ചെയ്യുന്ന രാഷ്ട്രീയ വ്യവസ്ഥയാണ് വർണവ്യവസ്ഥ. കാറ്റഗറി 1 ലും 2 ലും പെടുന്ന സമുദായങ്ങളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നു.
കാറ്റഗറി 3ൽ പെടുത്തുന്ന സമുദായങ്ങളുടെ അവകാശങ്ങൾ, കുറച്ചു പരിമിതപ്പെടുത്തി സംരക്ഷിക്കുന്നു. കാറ്റഗറി 4ൽ പെടുന്ന സേവക സമുദായങ്ങളുടെ ചുരുങ്ങിയ അവകാശങ്ങൾ സംരക്ഷിക്കുന്നു. കാറ്റഗറി 5ൽ പെടുന്ന സമുദായങ്ങളുടെ സകല അവകാശങ്ങളും എടുത്തുകളയുന്നു. ഇതിനെല്ലാം മതപരമായ ന്യായീകരണമുണ്ടെങ്കിലും അവകാശങ്ങൾ സംരക്ഷിക്കുകയും എടുത്തുകളയുകയും ചെയ്യുന്ന ഈ വ്യവസ്ഥ, രാഷ്ട്രീയ ഭരണ വ്യവസ്ഥയാണ്; മതവ്യവസ്ഥയല്ല; സാമൂഹിക വ്യവസ്ഥയുമല്ല.
ഇന്ത്യൻ ഭരണഘടന എങ്ങനെയാണ് ജാതിവ്യവസ്ഥിതിക്കെതിരെ നിലകൊള്ളുന്നതെന്നു വിശദീകരിക്കാമോ?
വർണഘടന എന്ന ജാതിവ്യവസ്ഥിതിയെ ഉന്മൂലനം ചെയ്യാൻ വേണ്ടിയുള്ള നിർണായക ചുവടുവെപ്പ്, ഭരണഘടനയിലൂടെ ഡോ. അംബേദ്കർ എടുത്തിട്ടുണ്ട്. വർണവ്യവസ്ഥ, വ്യക്തികളുടെ അവകാശങ്ങൾ നിഷേധിക്കുന്നു; എന്നാൽ ഭരണഘടന, ജാതി-മത ഭേദമില്ലാതെ, എല്ലാ വ്യക്തികൾക്കും തുല്യാവകാശങ്ങൾ നൽകുന്നു: അത്, കാറ്റഗറി സമ്പ്രദായം നിർത്തലാക്കുന്നു. 1 മുതൽ 4 വരെ കാറ്റഗറിയിലുള്ള സമുദായങ്ങളുടെ അവകാശങ്ങൾ (group rights) എടുത്തു കളയുന്നു. കാറ്റഗറി 5 ലുള്ള, ഏറ്റവും ദുർബലരായ, പട്ടികവർഗ-പട്ടികജാതി-ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങൾക്ക് ഗ്രൂപ് റൈറ്റ്സ് നൽകുന്നു. ഓരോ വ്യക്തിക്കും, അയാൾ ജനിച്ച സമുദായത്തിലുൾപ്പെടെ ഏതു സാമൂഹിക വിഭാഗത്തിലും സമുദായത്തിലും അംഗമാകാനുള്ള സ്വാതന്ത്ര്യം നൽകുന്നു. എല്ലാ അധികാരവും ജനങ്ങൾക്കു നൽകുന്നു.
വർണഘടനയെ സമ്പൂർണമായി തകർക്കുന്നതുകൊണ്ടാണ് ഭരണഘടനയെ വലിച്ചെറിയുക എന്നത് സംഘ്പരിവാറിനും സഖ്യശക്തികൾക്കും അനിവാര്യ ലക്ഷ്യമായിരിക്കുന്നത്. എന്നാൽ, നിയമ വ്യാഖ്യാനങ്ങളിലൂടെയും ഭരണസംവിധാനങ്ങളിലൂടെയും ഒലിഗാർക്കി വിഭാഗം, ജാതി ഉന്മൂലനത്തിനുള്ള ആയുധങ്ങളെ ഇതിനകംതന്നെ, നിർവീര്യമാക്കിയിട്ടുണ്ട്.
വർണഘടന എന്നും ജാതി വ്യവസ്ഥിതി എന്നും അറിയപ്പെടുന്ന രാഷ്ട്രീയ വ്യവസ്ഥ നിലനിൽക്കുന്ന കാലത്തോളം, ഭരണഘടനയുടെ വിപ്ലവകരമായ ജനാധിപത്യ ലക്ഷ്യം (revolutionary democratic intent) നേടിയെടുക്കാൻ നമുക്കു സാധിക്കില്ല. ഒലിഗാർക്കിക്കെതിരെ മുന്നറിയിപ്പ് നൽകിയ ബാബാസാഹബ് അതിനെതിരായ പ്രതിവിധിയും നിർദേശിച്ചിരുന്നല്ലോ!
തീർച്ചയായും. ഒലിഗാർക്കിക്കെതിരായ ഏറ്റവും നല്ല മറുമരുന്നായി ഡോ. അംബേദ്കർ കണ്ടത് പ്രാതിനിധ്യ ജനാധിപത്യത്തെയാണ് (representative democracy). ലെജിസ് ലേച്ചർ, എക്സിക്യൂട്ടിവ്, ജുഡീഷ്യറി ഈ മണ്ഡലങ്ങളിലും സമ്പദ് വ്യവസ്ഥയിലും എല്ലാ സമുദായങ്ങൾക്കും അർഹവും മതിയായതുമായ പങ്കുനൽകുക എന്നതാണ് അതിന്റെ അർഥം.
നമ്മുടെ ഭരണഘടന ഫലപ്രദമായി പ്രവർത്തിക്കണമെങ്കിൽ, ആദ്യം വേണ്ടത് എല്ലാ സമുദായങ്ങൾക്കും, ലെജിസ് ലേച്ചർ, എക്സിക്യൂട്ടിവ്, ജുഡീഷ്യറി ഇവിടങ്ങളിൽ, അർഹവും മതിയായതുമായ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നുള്ളതാണ്.പ്രാതിനിധ്യത്തിന്റെ അഭാവമാണ് (lack of representation) ഇന്ന് നാം അഭിമുഖീകരിക്കുന്ന ജനാധിപത്യ പ്രതിസന്ധിയുടെ മൂല കാരണം.
എല്ലാ വ്യക്തികൾക്കും തുല്യമായ മൗലിക അവകാശങ്ങൾ നൽകുന്നതും 1 മുതൽ 4 വരെയുള്ള വിഭാഗങ്ങൾക്കു ഗ്രൂപ് റൈറ്റ്സ് നിഷേധിക്കുന്നതുമായ നമ്മുടെ ‘ഭരണഘടന’യും ഏകദേശം 90-95 ശതമാനം വരുന്ന അഞ്ചാമത്തെ കാറ്റഗറിക്കാരുടെ എല്ലാ അവകാശങ്ങളെയും എടുത്തുകളഞ്ഞ് 1-4 വരെയുള്ളവർക്കു മാത്രം എല്ലാ അവകാശങ്ങളും നിലനിർത്തുന്ന ‘വർണഘടന’യും തമ്മിലുള്ള ഐതിഹാസികമായ യുദ്ധത്തിനാണ് വാസ്തവത്തിൽ നാമിന്നു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
താങ്കളുടെ നേതൃത്വത്തിൽ ശ്രീനാരായണ മാനവ ധർമം ട്രസ്റ്റ് എന്ന സംഘടനയും കൂട്ടായ്മയും രൂപവത്കരിക്കുകയും കേരളീയ സമൂഹത്തിൽ ഇടപെടലുകൾ നടത്തിവരുകയും ചെയ്യുകയാണല്ലോ. എസ്.എൻ.ഡി.പി യോഗവും ശിവഗിരി ധർമസംഘം ട്രസ്റ്റും നാരായണ ഗുരുകുലവും മറ്റും സജീവമായി പ്രവർത്തിക്കുമ്പോൾ, താങ്കളുടെ നേതൃത്വത്തിൽ പുതിയ ഒരു ശ്രീനാരായണ മൂവ്മെന്റ് അല്ലെങ്കിൽ കൂട്ടായ്മയുടെ പ്രസക്തി എന്താണ്?
ജാതിഭേദത്തിനും മതദ്വേഷത്തിനും എതിരായുള്ള ശ്രീനാരായണഗുരുവിന്റെ യഥാർഥ സന്ദേശത്തെ നിർവീര്യമാക്കാൻ വേണ്ടി, ഹിന്ദുത്വശക്തികൾ ഗുരുവിന്റെ സന്ദേശങ്ങളെ വളച്ചൊടിക്കുകയും ഹൈജാക്ക് ചെയ്യുകയുമാണെന്ന ഉത്കണ്ഠ, ഗുരുവിന്റെ അനുയായികളിൽ ഭൂരിപക്ഷത്തിനുമുണ്ട്. ശ്രീനാരായണഗുരുവിന്റെ പാരമ്പര്യം (legacy) മുന്നോട്ടു കൊണ്ടുപോകാൻ ഉത്തരവാദിത്തമുള്ള, ഗുരുവിന്റെ പേരു വഹിക്കുന്ന സംഘടനകൾ, സംഘ്പരിവാർ നുഴഞ്ഞുകയറി പിടിച്ചെടുത്തതിനാൽ, അവ സംഘ്പരിവാറിന്റെ ഉപകരണങ്ങളായാണു പ്രവർത്തിക്കുന്നത്. പകരമായി അവർക്കു ചില പാരിതോഷികങ്ങളും ലഭിക്കുന്നുണ്ട്.
സമുദായങ്ങൾക്കിടയിൽ വെറുപ്പു വളർത്തുന്നതിനും വർണ (ജാതി) അടിസ്ഥാനത്തിലും മതപരമായും വിഭജനം ഉണ്ടാക്കുന്നതിലും, ജനങ്ങളെയും സമുദായങ്ങളെയും അപരവത്കരിച്ച് പരസ്പരം ശത്രുക്കളാക്കുന്നതിലുമാണ് അവർ ഏർപ്പെട്ടിരിക്കുന്നത്.
‘‘അവനവൻ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം’’ എന്നതിലൂടെ ശ്രീനാരായണഗുരു ലക്ഷ്യമാക്കിയ, അപരത്വത്തിനെതിരായ ഗുരുവിന്റെ ജീവിത സന്ദേശത്തിനും കാഴ്ചപ്പാടിനും ലക്ഷ്യത്തിനും പൂർണമായും എതിരാണിത്. ഇക്കാരണങ്ങളാലാണ്, ശ്രീനാരായണ ഗുരുവിന്റെ കൃതികളെ നേരിട്ടു വായിക്കാനും ഗുരുവിനെ ഹിന്ദു സന്യാസിയായി അവതരിപ്പിക്കുന്ന വ്യാഖ്യാതാക്കളെ തള്ളിക്കളയാനും ഗുരുവിന്റെ അനുയായികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പുതിയൊരു പ്രസ്ഥാനത്തിനു ഞങ്ങൾ തുടക്കമിട്ടത്.

പ്രഫ. ജി. മോഹൻ ഗോപാൽ പൊതുവേദിയിൽ
ശ്രീനാരായണഗുരു ഹിന്ദു സന്യാസിയല്ല എന്ന വ്യാഖ്യാനം മുമ്പും പലരും ഉന്നയിച്ചിട്ടുണ്ടെങ്കിലും അതിന് സമുദായത്തിനുള്ളിൽ സ്വീകാര്യത കിട്ടിയിട്ടില്ല. വീണ്ടും താങ്കളുടെ നേതൃത്വത്തിൽ അത്തരമൊരു വാദം ഉന്നയിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്?
1925ൽ, നാഗ്പൂരിൽ ആർ.എസ്.എസ് രൂപവത്കരിച്ച് 11ാം ദിവസം, “ഹിന്ദു എന്ന ഒരു മതമേ ഇല്ലല്ലോ” എന്നു പറഞ്ഞ ആളാണു ശ്രീനാരായണ ഗുരു. അതുകൊണ്ട് ഗുരുവിനെ ഹിന്ദുവായി അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പാഠങ്ങളെ പ്രത്യക്ഷമായിതന്നെ തിരസ്കരിക്കലാണ്. മതദ്വേഷം കർശനമായും വർജിക്കണമെന്നാണ് ഗുരുവിന്റെ അനുയായികളോട്, ഞങ്ങളുടെ പ്രസ്ഥാനം ശക്തമായി ആവശ്യപ്പെടുന്നത്.
ആത്മീയവും മതപരവും തത്ത്വചിന്താപരവുമായ വ്യത്യസ്തതകൾകൊണ്ട് ഒരു മനുഷ്യനെയും മറ്റൊരു മനുഷ്യനിൽനിന്ന് അന്യവത്കരിക്കാത്ത, വ്യത്യസ്തവും വൈരുധ്യമുള്ളതുമായ വിശ്വാസങ്ങളും അഭിപ്രായങ്ങളുമുള്ള മനുഷ്യർക്ക് സമാധാനത്തോടെയും സ്നേഹത്തോടെയും സാഹോദര്യത്തോടെയും ഒരുമിച്ചു ജീവിക്കാനുള്ള, അന്യാദൃശമായ രൂപഘടന പ്രദാനംചെയ്യുന്ന ശ്രീനാരായണഗുരുവിന്റെ ഫിലോസഫിയെ, ഇതര വിശ്വാസങ്ങളിൽനിന്നും തത്ത്വചിന്തകളിൽനിന്നും വേറിട്ട്, അതിന്റെ യഥാർഥവും മൗലികവുമായ രൂപത്തിൽ മനസ്സിലാക്കാനും പഠിക്കാനുമുള്ള ഘടനാപരമായ പ്രക്രിയ (systematic process) തന്നെ, ശ്രീനാരായണ മാനവധർമം ട്രസ്റ്റ് ആരംഭിച്ചിട്ടുണ്ട്. അതിനനുസൃതമായി, വൈക്കം, തിരുവനന്തപുരം, ചെറായി, തൃശൂർ ഇവിടങ്ങളിൽ ഞങ്ങൾ കൺവെൻഷനുകൾ നടത്തി. അടുത്ത കൺവെൻഷൻ ജനുവരി മാസം 19ന് കോഴിക്കോട് നടത്തുകയാണ്. ഹിന്ദൂയിസത്തിൽനിന്ന് ശ്രീനാരായണിസം എങ്ങനെയാണു വ്യത്യസ്തമായിരിക്കുന്നതെന്ന് അവിടെ ഞങ്ങൾ ചർച്ചചെയ്യും.
ജാതിവ്യവസ്ഥിതിയെ തകർക്കാനായി ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച ഫിലോസഫി എന്തായിരുന്നു?
ജാതിവ്യവസ്ഥിതിയെ ഇല്ലായ്മചെയ്യുന്നതിനു വേണ്ടി തികച്ചും മൗലികമായ, തത്ത്വചിന്താപരമായ പുതിയ രൂപഘടന (theoretical framework) ശ്രീനാരായണഗുരു വികസിപ്പിച്ചിട്ടുണ്ട്. വിശദമായി പറയേണ്ട കാര്യമാണെങ്കിലും ചുരുക്കി ഇങ്ങനെ പറയാം:
ഒന്നാമതായി, എല്ലാ മതപര ജ്ഞാനവും (religious knowledge) ബ്രാഹ്മണരിലാണുള്ളതെന്ന ബ്രാഹ്മണിസ്റ്റ് ഫിലോസഫിക്ക് മാരക പ്രഹരമായിരുന്നു, ‘മതം എന്നാൽ, ഓരോ വ്യക്തിയുടെയും വ്യക്തിപരമായ അഭിപ്രായമാണെ’ന്ന ശ്രീനാരായണ ഗുരുവിന്റെ സിദ്ധാന്തം. വ്യക്തികളുടെ ആ അഭിപ്രായം, ഏതെങ്കിലും പുണ്യഗ്രന്ഥത്തിൽനിന്നോ ബാഹ്യ സ്രോതസ്സിൽനിന്നോ വിശ്വാസത്തിൽനിന്നോ വിശ്വാസമില്ലായ്മയിൽനിന്നോ ഉത്ഭവിച്ചതാവാം, അല്ലായിരിക്കാം. ഹിന്ദുമതാനുയായികളുമായി സംസാരിക്കുമ്പോൾ, രാമന്റെയും കൃഷ്ണന്റെയും മതം ഒന്നല്ലെന്നും യഥാർഥത്തിൽ 20 കോടി1 മതങ്ങൾ ഉണ്ടെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം ഈ സിദ്ധാന്തം പ്രയോഗവത്കരിക്കുകയുംചെയ്തു.
രണ്ടാമതായി, എല്ലാ മതങ്ങളുടെയും പരമമായ ലക്ഷ്യം, ഏതെങ്കിലും ആത്മീയ സാക്ഷാത്കാരം നേടുക എന്നതാണല്ലോ. ഈ പരമലക്ഷ്യം എങ്ങനെ നേടും എന്നതു സംബന്ധിച്ചുള്ളതാണ് സമീപനങ്ങൾ തമ്മിലുള്ള വ്യത്യാസം. ഫലത്തിൽ ഒരു മതം മാത്രമേ ഉള്ളൂവെന്നും അതുകൊണ്ട് മതങ്ങൾ തമ്മിൽ കലഹിക്കുന്നതിൽ ഒരു അടിസ്ഥാനവും ഇല്ലെന്നും ഗുരു പറഞ്ഞു.
മൂന്നാമതായി, ഓരോ വ്യക്തിയുടെയും മതവിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും അതിൽ മറ്റുള്ളവർക്ക് ഇടപെടേണ്ട കാര്യമില്ലെന്നുമായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്. ഗുരു എല്ലാ വിശ്വാസങ്ങളെയും –അത് കുട്ടിച്ചാത്തനിലുള്ള വിശ്വാസമായാലും പേഗൻ അമ്പലങ്ങളിലുള്ള വിശ്വാസമായാലും ബ്രാഹ്മണിസ്റ്റ് വിശ്വാസമായാലും ക്രൈസ്തവ-ഇസ്‍ലാം മുതലായ സംഘടിത മതവിശ്വാസം ആയാലും –ആദരിക്കുകയും വ്യക്തിപരമായി അതിലെല്ലാം പങ്കുകൊള്ളുകയുംചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീനാരായണഗുരു ക്ഷേത്രങ്ങൾ ഉണ്ടാക്കിയതും ജനങ്ങളുടെ വിശ്വാസങ്ങൾക്ക് അനുസൃതമായി (ഗുരുവിന്റെ വിശ്വാസങ്ങൾക്ക് അനുസൃതമായല്ല) പ്രാർഥനകളും മന്ത്രങ്ങളും രചിച്ചത്. അതുകൊണ്ടാണ് ശ്രീനാരായണഗുരു പറഞ്ഞത്, ആരെങ്കിലും ആവശ്യപ്പെട്ടിരുന്നുവെങ്കിൽ, അവർക്കായി അദ്ദേഹം ചർച്ചുകളും പള്ളികളും ഉണ്ടാക്കുമായിരുന്നുവെന്ന്. ഈ പ്രവൃത്തികളിലൂടെ, ശ്രീനാരായണഗുരു സ്വന്തം വിശ്വാസങ്ങളെയല്ല പ്രകടിപ്പിച്ചത്; മറിച്ച് മറ്റുള്ളവരുടെ വിശ്വാസങ്ങളെ പിന്തുണക്കുകയും പ്രകടിപ്പിക്കുകയുമായിരുന്നു.
ഏതെങ്കിലും വിശ്വാസം പിന്തുടരാൻ തന്റെ ഭക്തരോട് ഗുരു ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഓരോ വ്യക്തിയുടെയും വിശ്വാസം പ്രകടിപ്പിക്കാനുള്ള ഗുരുവിന്റെ ഈ കഴിവ്, മറ്റൊരു പ്രവാചകനിലും കാണാൻ കഴിയാത്ത, അന്യാദൃശമായ സവിശേഷതയാണ്. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ വെറുക്കുന്നതിനും ഒരാളുടെ വിശ്വാസത്തിന്റെ പേരിൽ അയാളെ അപരനായി പരിഗണിക്കുന്നതിനും എതിരെയാണ് ശ്രീനാരായണഗുരു പോരാടിയത്.

നാലാമതായി, ഹിന്ദു എന്ന പദത്തിന് ശ്രീനാരായണഗുരു അതുല്യമായ നിർവചനം നൽകി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്തുള്ള ആളുകൾ, ഈ ഉപഭൂഖണ്ഡത്തിലെ ജനങ്ങളെ പരാമർശിക്കാനുള്ള, ഭൂമിശാസ്ത്രപരമായ പേരായിട്ടാണ് ഹിന്ദു എന്ന പദം പ്രയോഗിച്ചുപോന്നതെന്ന് ശ്രീനാരായണഗുരു വിശദീകരിച്ചു. പിന്നീടത്, 11 ആര്യൻ ബ്രാഹ്മണിക മത2ങ്ങളുടെ പൊതു പേരായി.മതങ്ങളുടെ പൊതു പേര് മതം അല്ല. (ഉദാഹരണമായി, സെമിറ്റിക് എന്നത് മൂന്നു പ്രമുഖ മതങ്ങളുടെ പൊതു പേരാണ്; അല്ലാതെ സെമിറ്റിക് എന്നത് ഒരു മതമല്ല).
ഒരു പ്രത്യേക ഗണം മതങ്ങളുടെ പൊതു പേരിനെ ഹിന്ദുമതം എന്ന രീതിയിൽ പ്രയോഗിക്കുന്നത്, ഇതര മതങ്ങളുമായി അന്യവത്കരണത്തിനും അപരവത്കരണത്തിനും കാരണമാകുന്നു; മതങ്ങൾ തമ്മിലുള്ള മത്സരത്തിനും സംഘട്ടനത്തിനും ഇടയാക്കുന്നു. അപരവത്കരിക്കുന്ന, ഹിന്ദു എന്ന പൊതുപേരിനു പകരം, എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന പൊതുപേരാണു നമ്മൾ ഉപയോഗിക്കേണ്ടതെന്നു ഗുരു പഠിപ്പിച്ചു. അത്തരം പൊതു പേരുകളിലൊന്ന് ഗുരു നിർദേശിച്ചു: മാനവധർമം; നമുക്കറിയാവുന്നപോലെ ഒരു പൊതുപേര് ഏതെങ്കിലും മതമല്ലെന്നതിനാൽ, ‘മാനവധർമം’ എന്നതും ഒരു മതമല്ല. രാജ്യത്ത് മതത്തിന്റെ പേരിൽ അപരത്വം ഉണ്ടാകാതിരിക്കാൻ എല്ലാ മതങ്ങൾക്കുമുള്ള പൊതുപേര് മാത്രമാണത്.
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെയും ഘടനയെയും വെല്ലുവിളിക്കുന്ന വിധിന്യായങ്ങൾ സുപ്രീംകോടതികളിൽനിന്നും വിവിധ ഹൈകോടതികളിൽനിന്നും നിരന്തരം വരുന്നതായി ശക്തമായ ആരോപണം പല കോണുകളിൽനിന്നും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ബാബരി മസ്ജിദ് മുതൽ ഇ.ഡബ്ല്യൂ.എസ് വരെയുള്ള കേസുകളിലെ വിധികളെ വിമർശിച്ചുകൊണ്ട് ദുഷ്യന്ത് ദവെ മുതൽ ജസ്റ്റിസ് നരിമാൻ വരെയുള്ളവർ ശക്തമായ വിമർശനം ഉന്നയിച്ചത് ഈയിടെ ആണല്ലോ. താങ്കൾ മുമ്പൊരിക്കൽ വിമർശിച്ചതുപോലെ, കോൺസ്റ്റിറ്റ്യൂഷനലിസ്റ്റ് ജഡ്ജിമാരിൽനിന്ന് തിയോക്രാറ്റിക് ജഡ്ജിമാരിലേക്കുള്ള പരിവർത്തനം സംഭവിച്ചുകഴിഞ്ഞോ? അതുപോലെതന്നെ, സുപ്രീംകോടതി, ജാതിവ്യവസ്ഥിതി നിലനിർത്തുന്നു എന്ന, അതിശക്തമായ വിമർശനം പരസ്യമായി ഉന്നയിച്ച ഇന്ത്യയിലെ ആദ്യത്തെ നിയമജ്ഞൻ താങ്കളാണെന്നു തോന്നുന്നു. എന്തടിസ്ഥാനത്തിലാണ് താങ്കൾ ഈ വിമർശനം ഉന്നയിക്കുന്നത്?
75 കൊല്ലക്കാലമായി നമ്മുടെ സുപ്രീംകോടതിയിലെ ജഡ്ജിമാരിൽ വളരെ വലിയ വിഭാഗം, നാലു ‘യോഗ്യതകൾ’ ഉള്ളവരാണ്:
അവരെല്ലാം; പുരുഷന്മാരാണ്, പ്രായംചെന്നവരാണ്, മധ്യവർഗത്തിലോ ഉയർന്ന വർഗത്തിലോ പെട്ടവരാണ്, യാഥാസ്ഥിതികരും പാരമ്പര്യവാദികളുമാണ്. പ്രിവിലിജ്ഡ് സമുദായങ്ങളിൽപെട്ടവരാണ്
1932-38 കാലത്ത് അമേരിക്കൻ സുപ്രീംകോടതിയിലെ ജഡ്ജി ആയിരുന്ന ജസ്റ്റിസ് ബെഞ്ചമിൻ എൻ. കാർഡസൊ പറഞ്ഞിട്ടുണ്ട്: “ജഡ്ജിയോ പരാതിക്കാരനോ ആകട്ടെ, ഓരോ മനുഷ്യനും അവനവന്റെ ഇഷ്ടാനിഷ്ടങ്ങളും പക്ഷപാതങ്ങളും മുൻവിധികളും ജന്മവാസനകളും വികാരങ്ങളും ബോധ്യങ്ങളും’’ ഉണ്ടാകും. അവ ജഡ്‌ജിമാരുടെ ഉപബോധതലത്തിൽ അവരുടെ വിധിന്യായങ്ങളെ സ്വാധീനിക്കും.
ജസ്റ്റിസ് കാർഡസൊ തിരിച്ചറിഞ്ഞതുപോലെ, ഇന്ത്യയിലെ പ്രിവിലിജ്ഡ് സമുദായങ്ങളുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും, അതിൽപ്പെട്ട ആളുകളുടെ മൈൻഡ് സെറ്റും ലോകവീക്ഷണവും രൂപവത്കരിക്കുന്നതിൽ ഒരു പങ്കുണ്ടാവും.
ഉദാഹരണം പറഞ്ഞാൽ, 2011 മേയ് 1ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഇന്റർവ്യൂവിൽ, ഇന്ത്യയുടെ ഒരു മുൻ ചീഫ് ജസ്റ്റിസ്, സായിബാബയെ പരാമർശിച്ചുകൊണ്ട് ഇങ്ങനെ പറയുകയുണ്ടായി: “ഓരോ സമയത്തും രാവിലെ 5 മണിക്ക് ജഡ്ജ്മെന്റ് എഴുതാൻ ഇരിക്കുമ്പോൾ, എന്റെ ദൈവം എനിക്കു പറഞ്ഞു തന്നതാണ് ഞാൻ എഴുതിയിരുന്നത്. ഭഗവാൻ എന്റെ കൈ പിടിച്ച് പേനകൊണ്ട് പേപ്പറിൽ എഴുതിപ്പിക്കുകയായിരുന്നു.” മറ്റൊരു മുൻ ചീഫ് ജസ്റ്റിസ് 2024ൽ പറഞ്ഞത്, തന്റെ മുന്നിലുള്ള അയോധ്യ കേസിൽ തീരുമാനമെടുക്കാൻ ദൈവത്തിനോട് അപേക്ഷിച്ചു എന്നാണ്. മൂന്നാമതൊരു ചീഫ് ജസ്റ്റിസ് വിധിന്യായത്തിൽ എഴുതിയത്, ഹിന്ദുത്വ എന്നത് ഒരു ജീവിതരീതിയാണെന്നും അതാണ് ഇന്ത്യയുടെ വഴിയെന്നുമാണ്.
സുപ്രീംകോടതി, പല സന്ദർഭങ്ങളിലും, ഹിന്ദു ടെക്സ്റ്റുകളും സ്മൃതികളും നോക്കി വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഹിന്ദു സ്വത്വത്തെ, മതപരമായ സ്വത്വമായി സ്ഥാപിക്കുന്നതിലും വർണവ്യവസ്ഥയെ നിലനിർത്തുന്നതിലും സംരക്ഷിക്കുന്നതിലും സുപ്രീംകോടതിയുടെ ജൂറിസ് പ്രൂഡൻസിനു നിർണായക പങ്കുണ്ട്. ഇതിലൂടെ, ഇന്ത്യയിലെ ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. വിധി എഴുതുന്നതിന് കോടതികൾ, മൂല്യങ്ങളുടെ ഏറ്റവും ഉന്നതമായ സ്രോതസ്സായി, ഭരണഘടനയേക്കാൾ, മതത്തെ നോക്കിക്കാണുന്ന സമീപനരീതി ഉയർന്നുവരുന്നതാണ് നാം ഇപ്പോൾ കാണുന്നത് (കോൺസ്റ്റിറ്റ്യൂഷനലിസ്റ്റ് ജഡ്ജിങ് വേഴ്സസ് തിയോക്രാറ്റിക് ജഡ്ജിങ്). ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഒരു കാരണം, സുപ്രീംകോടതിയിൽ വൈവിധ്യവും പ്രാതിനിധ്യവും ഇല്ലാത്തതാണ്. 1930ൽ ഡോ. അംബേദ്കർ മുന്നോട്ടുെവച്ച, എല്ലാ സമുദായങ്ങളുടെയും അർഹവും മതിയായതുമായ പ്രാതിനിധ്യംകൊണ്ടു മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ.
ഇന്ത്യയിൽ നിലനിന്നിരുന്നത് കപട മതേതരത്വമാണെന്നും മതേതരത്വത്തിന്റെ പേരിൽ ന്യൂനപക്ഷ (വിശേഷിച്ച് മുസ്ലിം) പ്രീണനമാണു നടക്കുന്നതെന്നുമുള്ള നരേറ്റിവ്, വർഷങ്ങളായുള്ള സംഘ് പരിവാർ പ്രചാരണത്തിലൂടെ, ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സെക്കുലറിസം എന്ന സങ്കൽപനത്തിന് സെമിറ്റിക് മതജീവിതങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നും ഇന്ത്യയിൽ നിലനിൽക്കുന്ന മതേതരത്വം എന്ന സങ്കൽപനം, (ഹിന്ദു) മെജോറിറ്റേറിയൻ വാദത്തിനെ ശക്തിപ്പെടുത്തുന്ന ഒന്നാണെന്ന വിമർശനം ന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്നുമുണ്ട്. വാസ്തവത്തിൽ എന്താണു മതേതരത്വം? സെക്കുലറിസം എന്ന സങ്കൽപനത്തെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഭരണഘടനയുടെ ആമുഖത്തിൽ ഉള്ള സെക്കുലറിസം എന്ന വാക്ക്, ഭരണഘടനയുടെ ഹിന്ദി പതിപ്പിൽ ‘പന്ത് നിരപേക്ഷത’ എന്നാണു വിവർത്തനംചെയ്തിട്ടുള്ളത്. അതിന്റെ അർഥം, സ്റ്റേറ്റ് പോളിസിയിലും അതിന്റെ നടപ്പാക്കലിലും ഭരണകൂടം മതം കണക്കിലെടുക്കരുത് എന്നാണ്.
ഇത് മതവും സ്റ്റേറ്റും തമ്മിൽ കർശനമായി വേർതിരിക്കുന്ന ഒരു ‘മതിൽ’ ഉണ്ടായിരിക്കണമെന്ന ഫ്രഞ്ച് സങ്കൽപത്തിനെയാണു സൂചിപ്പിക്കുന്നത്. എന്നാൽ, ഇന്ത്യൻ സ്റ്റേറ്റ് പ്രാവർത്തികമാക്കിയിരിക്കുന്നത് സെക്കുലറിസത്തിന്റെ മറ്റൊരു സങ്കൽപത്തെയാണ്; സർവമത സമഭാവന. അതായത് സ്റ്റേറ്റിനു മതഭാവം ഉണ്ടാകാം; പക്ഷേ എല്ലാ മതങ്ങളോടും സ്റ്റേറ്റ് സമഭാവന പുലർത്തും. സർവമത സമഭാവന എന്ന ആശയം പക്ഷേ, ഭരണഘടനയിൽ പരാമർശിക്കുന്നില്ല.
ഭൂരിപക്ഷ മതത്തിന്റെ ഒലിഗാർക്കി അധികാരത്തിൽനിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കലാണ് മതേതരത്വം എന്ന സങ്കൽപനത്തിന്റെ മുഖ്യലക്ഷ്യം. ഭൂരിപക്ഷ മതാധിപത്യത്തിന്റെ ആക്രമണത്തിൽനിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ, മുൻചൊന്ന രണ്ടു നിർവചനങ്ങളും ഫലപ്രദമായിരുന്നില്ല. ഭരണഘടന മുന്നോട്ടുവെക്കുന്ന ‘മതേതരത്വ’ത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കേണ്ടതും അതു പ്രചരിപ്പിക്കേണ്ടതും അനുപേക്ഷ്യമാണ്. മതേതരത്വത്തെക്കുറിച്ച ഭരണഘടനാ ആശയത്തിനു നാലു ഘടകങ്ങളുണ്ട്. ആദ്യത്തെ ഘടകം, മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, ഭരണഘടന പരസ്യമായി അനുമതി നൽകാത്ത നടപടി ഉണ്ടാകാൻ പാടില്ല എന്നതാണ്. കോൺസ്റ്റിറ്റ്യൂഷനലിസം എന്ന തത്ത്വത്തിൽനിന്നാണ് ഈ ഘടകം വരുന്നത്. അതായത്, സ്റ്റേറ്റിന്റെ എല്ലാ അധികാരങ്ങളും ഭരണഘടനയാൽ പരിമിതപ്പെടുത്തണം. സ്റ്റേറ്റിന് ഭരണഘടനയിൽനിന്നു മാത്രമേ അധികാരം ലഭിക്കാവൂ; മറ്റൊരു സ്രോതസ്സിൽനിന്നും പാടില്ല.
മതേതരത്വത്തിന്റെ രണ്ടാമത്തെ ഘടകം, മതവുമായി ബന്ധപ്പെട്ട് സ്റ്റേറ്റിന്റെ നടപടി (ഭരണഘടന അനുശാസിക്കുന്ന പരിധിക്കുള്ളിൽനിന്നുകൊണ്ട്), പ്രത്യേക മതവിഭാഗത്തിലെ (ന്യൂനപക്ഷം) അംഗമായി എന്നതിന്റെ പേരിൽ മാത്രം, സിവിൽ, രാഷ്ട്രീയ, സാമ്പത്തിക, മനുഷ്യാവകാശങ്ങൾ അനുഭവിക്കാൻ സാധിക്കാത്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രം പരിമിതപ്പെടുത്തണമെന്നതാണ്. സ്റ്റേറ്റ് ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ പ്രോത്സാഹിപ്പിക്കുകയോ ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ നൃശംസിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാൻ പാടില്ല. ഇതും കോൺസ്റ്റിറ്റ്യൂഷനലിസം എന്ന തത്ത്വത്തിൽനിന്നാണു വരുന്നത്.
മൂന്നാമത്തെ ഘടകം, അനുഛേദം 25, 26 പ്രകാരം, മതപരമായ മൗലികാവകാശം സംരക്ഷിക്കപ്പെടണം (ഭരണഘടന അനുശാസിക്കുന്ന പരിധികൾക്കുള്ളിൽനിന്ന്) എന്നുള്ളതാണ്. അനുഛേദം 29, 30 പ്രകാരമുള്ള ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങളും, അനുഛേദം 14 (നിയമത്തിനു മുന്നിലുള്ള തുല്യതയും നിയമത്തിന്റെ തുല്യ സംരക്ഷണവും), അനുഛേദം 19 (സ്വാതന്ത്ര്യത്തിനുള്ള അവകാശം), അനുഛേദം 21 (ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള പരിരക്ഷ) ഇവയിലുള്ള അവകാശങ്ങളും പൂർണമായും സംരക്ഷിക്കപ്പെടണം. സെക്കുലറിസത്തിന്റെ നാലാമത്തെ ഘടകം, അനുഛേദങ്ങൾ 15, 16, 29 പ്രകാരം, മതത്തിന്റെയോ ജാതിയുടെയോ പേരിലുള്ള ഒരു വിവേചനവും ഉണ്ടാകുന്നില്ലെന്ന് സ്റ്റേറ്റ് ഉറപ്പുവരുത്തണം എന്നതാണ്.
ഭരണഘടനാവകാശങ്ങളെ സംബന്ധിച്ചിടത്തോളം, ‘ന്യൂനപക്ഷം’ എന്ന പ്രയോഗത്തിന് ജനസംഖ്യാപരമായ ന്യൂനപക്ഷം എന്ന അർഥമല്ലെന്നു താങ്കൾ പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ട്. വിശദീകരിക്കാമോ?
ശരിയാണ്. ഇലക്ഷനുകളിൽ/ വോട്ടെടുപ്പുകളിൽ, ആളുകളുടെ തലയെണ്ണമെടുത്താണ് ‘ഭൂരിപക്ഷ-ന്യൂനപക്ഷ’ പ്രയോഗങ്ങളെങ്കിൽ, ഭരണഘടനാ അവകാശങ്ങളും മനുഷ്യാവകാശങ്ങളും നേടിയെടുക്കുന്ന സന്ദർഭത്തിൽ അതിനു വളരെ വ്യത്യസ്തമായ അർഥമാണ്. ഒരു തടസ്സവുമില്ലാതെ, സിവിൽ-രാഷ്ട്രീയ-സാമ്പത്തിക അവകാശങ്ങൾ പൂർണാർഥത്തിൽ അനുഭവിക്കുന്ന ഒന്നോ അതിലധികമോ വിഭാഗങ്ങളാണ് അവിടെ ‘ഭൂരിപക്ഷം’. എന്നാൽ, ഒരു വിഭാഗത്തിലെ അംഗമായതുകൊണ്ടു മാത്രം, ഈ അവകാശങ്ങൾ പൂർണാർഥത്തിൽ അനുഭവിക്കാനാകാത്തവരാണു ‘ന്യൂനപക്ഷം’. അങ്ങനെയാണ്, ഒരു പുരുഷമേധാവിത്വ സമൂഹത്തിൽ, എണ്ണത്തിൽ പുരുഷന്മാരേക്കാൾ കൂടുതലുണ്ടെങ്കിൽപ്പോലും, സ്ത്രീകളെ ‘ന്യൂനപക്ഷ’മായി പരിഗണിക്കുന്നത്.
ഇതു മുൻനിർത്തിയാണ് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ചുമതലപ്പെടുത്തിയ എട്ടു പ്രധാന സമിതികളിൽ ഒന്ന് സർദാർ വല്ലഭ് ഭായി പട്ടേലിന്റെ അധ്യക്ഷതയിലുള്ള, ‘മൗലികാവകാശങ്ങൾ, ന്യൂനപക്ഷങ്ങൾ, ഗോത്രവർഗ, ഒഴിവാക്കപ്പെട്ട പ്രദേശങ്ങൾ എന്നിവക്കായുള്ള ഉപദേശക സമിതി’ ആയത്.
ഈ സമിതിക്കുകീഴിൽ, ഹരേന്ദ്ര കുമാർ മുഖർജിയുടെ അധ്യക്ഷതയിൽ ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക ഉപസമിതിയും ഉണ്ടായിരുന്നു. ഇവിടെ, ‘ന്യൂനപക്ഷങ്ങൾ’ എന്നതുകൊണ്ടു വിവക്ഷിക്കപ്പെട്ടത് ജനസംഖ്യയിൽ 50 ശതമാനത്തിൽ താഴെയുള്ളവരെയല്ല. മറിച്ച് അവർ ഇന്ത്യയിൽ 90-95 ശതമാനം ജനസംഖ്യയുള്ളവരായിരുന്നു. എന്നാൽ, സിവിൽ, രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക അവകാശങ്ങൾ പൂർണമായി അനുഭവിക്കാൻ കഴിയാത്തവരായിരുന്നു അവർ.
ഇതിന്റെ അടിസ്ഥാനത്തിൽ, 1947 ആഗസ്റ്റിൽ, സർദാർ പട്ടേൽ അധ്യക്ഷനായ ഉപദേശക സമിതി, കേന്ദ്രത്തിലെയും പ്രവിശ്യകളിലെയും നിയമസഭകളിലേക്കുള്ള എല്ലാ തെരഞ്ഞെടുപ്പുകളും, ചില പ്രത്യേക ന്യൂനപക്ഷങ്ങൾക്ക് ജനസംഖ്യാനുപാതികമായി സീറ്റുകൾ സംവരണം ചെയ്തിട്ടുള്ള ജോയിന്റ് ഇലക്ട്രേറ്റ് അടിസ്ഥാനത്തിലായിരിക്കണമെന്ന കാര്യം ഉൾക്കൊള്ളുന്ന ചില രാഷ്ട്രീയ സുരക്ഷകൾ ന്യൂനപക്ഷങ്ങൾക്കുണ്ടാവണമെന്നു ശിപാർശ ചെയ്യുകയും കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി അതു സ്വീകരിക്കുകയുംചെയ്തു. ഈ സംവരണം 10 വർഷത്തേക്കു തുടരണം.
അതിനുശേഷം മാത്രമേ പുനഃപരിശോധന നടത്താവൂ. പ്രത്യേക വെയ്റ്റേജൊന്നുമുണ്ടാവില്ലെങ്കിലും സീറ്റുകൾ സംവരണംചെയ്തിട്ടുള്ള ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങൾക്ക് പൊതുസീറ്റിൽ മത്സരിക്കാനും അവകാശമുണ്ടായിരിക്കും. മുസ്‍ലിംകൾ, പട്ടിക ജാതിക്കാർ, ഇന്ത്യൻ ക്രിസ്ത്യാനികൾ (മൂന്നാമത്തെ വിഭാഗത്തിന് മദ്രാസ്, ബോംബെ പ്രവിശ്യ സഭകളിൽമാത്രം) –ഇവരാണ് സീറ്റ് സംവരണം അനുവദിക്കേണ്ട സമുദായങ്ങൾ.’’ എന്നാൽ, 1948 ഡിസംബറിൽ, സർദാർ പട്ടേൽ അധ്യക്ഷനായ ഉപദേശക സമിതി ഈ തീരുമാനം മാറ്റുകയും പട്ടിക ജാതി, വർഗങ്ങൾക്കു മാത്രമായി സംവരണം പരിമിതപ്പെടുത്തുകയുംചെയ്തു.

പ്രഫ. ജി. മോഹൻ ഗോപാൽ പൊതുവേദിയിൽ സുദേഷ് എം. രഘുവിനൊപ്പം
കേരളത്തിൽ (ഇന്ത്യയിലും) ഇസ്‍ലാമോഫോബിയ ഉണ്ടാക്കി വളർത്തി നിലനിർത്തുന്നതിന്റെ താൽപര്യം, സവർണ മേധാവിത്വം നിലനിർത്താനും വാസ്തവത്തിൽ ഉണ്ടാവേണ്ട ‘ഹിന്ദുഫോബിയ’ ഇല്ലാതെയാക്കാനുമാണെന്നും താങ്കൾ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിൽ ഇസ്‍ലാമോഫോബിയ വളർത്തുന്നതിൽ ഇടതുപക്ഷം, വിശേഷിച്ച് സി.പി.എം ശ്രമിക്കുന്നുണ്ടെന്ന ശക്തമായ വിമർശനം, മുസ്ലിം ബുദ്ധിജീവികളും സംഘടനകളും ഉയർത്തുന്നുണ്ട്. ഈ വിമർശനത്തോടുള്ള താങ്കളുടെ പ്രതികരണം എന്താണ്?
സംഘ്പരിവാറും വർണോക്രസിയെ പിന്തുണക്കുന്നവരും എബ്രഹാമിക് മതങ്ങളെ തുറന്നെതിർക്കുന്നത്, ഈ മതങ്ങളുടെ അടിസ്ഥാന തത്ത്വങ്ങൾ, വർണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളുമായി പൊരുത്തപ്പെടാത്തതുകൊണ്ടാണ്. തദ്ഫലമായി, അബ്രഹാമിക്, ബുദ്ധ, ജൈന, സിഖ്, പാർസി മതങ്ങളും വർണഘടനയും തമ്മിൽ തുറന്ന സംഘട്ടനം നിലവിലുണ്ട്. ഫാഷിസ്റ്റ് വർണഘടനയിലേക്ക് നമ്മെ തിരികെ നടത്താൻ, മറ്റു മതങ്ങളെയെല്ലാം ഇന്ത്യയിൽനിന്ന് ഉന്മൂലനംചെയ്യണം. അബ്രഹാമിക് മതങ്ങൾക്കോ മറ്റു സംഘടിത മതങ്ങൾക്കോ തുല്യാവകാശങ്ങൾ ഉറപ്പുവരുത്തിയാൽ ‘വർണഘടന’ക്കു നിലനിൽക്കാൻ സാധിക്കില്ല.
ഇക്കണോമിക് ലെഫ്റ്റിന്റെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം, പണ്ടുമുതലേ, മതം എന്ന സ്ഥാപനത്തിനും മതങ്ങൾക്കും എതിരാണ്. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും ഇപ്പോൾ എടുത്തിട്ടുള്ള പ്രായോഗിക നിലപാട്, മതങ്ങളെ എതിർക്കില്ല എന്നതാണ്. ഇടതുപക്ഷത്തിന് ഇസ്‍ലാമിനോടോ ക്രിസ്ത്യാനിറ്റിയോടോ ഇന്ത്യയിലെ ഇതര മതങ്ങളോടോ എന്തെങ്കിലും പ്രത്യേക പ്രത്യയശാസ്ത്ര ശത്രുത ഇല്ലെന്നു നാം മനസ്സിലാക്കേണ്ടതു പ്രധാനമാണ്. അതുപോലെ തന്നെ, പേഗൻ സമുദായങ്ങൾക്കും, ഏതെങ്കിലും മതങ്ങളോട് പ്രത്യേകിച്ച് എതിർപ്പൊന്നുമില്ല –അവരെ സംബന്ധിച്ചിടത്തോളം, സ്വന്തം വിശ്വാസവും അതു പ്രാക്ടിസ് ചെയ്യാനുമുള്ള സ്വാതന്ത്ര്യവും മതി.എന്നിരുന്നാലും, കൂടുതൽ ഗുരുതരമായ പ്രശ്നമുണ്ടെന്നതു യാഥാർഥ്യമാണ്.
ദൗർഭാഗ്യവശാൽ, സംഘ്പരിവാറിന്റെ തുടർച്ചയായ ഇസ്ലാമോഫോബിക് പ്രചാരണങ്ങളെ, ചില ശ്രീനാരായണ സംഘടനകളിലെ വ്യക്തികളും സമാനസംഘടനകളും പിന്തുണക്കുന്നതായി കാണുന്നു. അതിന് ജനങ്ങളുടെ ഇടയിൽ സ്വാധീനവുമുണ്ട്. ഇസ്‍ലാമോഫോബിയ, സമുദായങ്ങൾക്കുള്ളിൽ പലപ്പോഴും പുറത്തുനിന്നാണു കുത്തിവെക്കപ്പെടുന്നത്. ഇസ്‍ലാമോഫോബിയക്ക് ഒരു പൊതുരീതിയുള്ളതായി ഞങ്ങൾ കണ്ടിട്ടുണ്ട്. വ്യാജനിർമിതികളെ ഫലപ്രദമായി ചെറുത്ത് സാമൂഹിക സൗഹാർദവും ഐക്യവും സമാധാനവും സംരക്ഷിക്കേണ്ട അടിയന്തര ആവശ്യം തന്നെയുണ്ട്.
മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് സമീപകാലത്ത് വലിയ തോതിലുള്ള വിദ്വേഷപ്രചാരണം നടക്കുന്നുണ്ട്. വഖഫ് നിയമത്തെക്കുറിച്ചും അതിൽ കേന്ദ്രസർക്കാർ വരുത്താൻ പോകുന്ന ഭേദഗതിയെക്കുറിച്ചും എന്താണു താങ്കളുടെ അഭിപ്രായം?
നേരത്തേ സൂചിപ്പിച്ചതുപോലെ, പേഗൻ സമുദായങ്ങളെയും അവയുടെ സ്വത്വങ്ങളെയും തകർത്ത് അവരെ, ഹിന്ദു സ്വത്വത്തിനു കീഴിൽ ഒരുമിപ്പിച്ചാലേ, ഇന്ത്യയിൽ ഭരണഘടന എടുത്തുകളഞ്ഞ് പകരം വർണഘടന സ്ഥാപിക്കാനാകൂ. മനുഷ്യസമത്വത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്ന, അതുകൊണ്ടുതന്നെ, മനുഷ്യർ നാലു കാറ്റഗറികളിൽ ദൈവത്താൽ വിഭജിക്കപ്പെട്ടവരാണെന്നു വിശ്വസിക്കാത്ത മതന്യൂനപക്ഷങ്ങളെ, വിശിഷ്യാ, അബ്രഹാമിക് മതങ്ങളെ അടിച്ചമർത്തുന്നത് ഈ തന്ത്രത്തിന്റെ ഭാഗമാണ്.
ഈ ലക്ഷ്യത്തിനുവേണ്ടി, ഹിന്ദുക്കളുടെ സ്വത്തുക്കൾ കവർന്നെടുക്കാൻ വഖഫ് ഉപയോഗിക്കുന്നുവെന്ന തെറ്റായ ധാരണ പരത്തി, ഇസ്‍ലാമോഫോബിയ പടർത്താനുള്ള ഏറ്റവും പുതിയ ആയുധമാണു വഖഫ് വിഷയം. ജാതി ഒലിഗാർക്കിക്കു പകരം പ്രാതിനിധ്യ ജനാധിപത്യമായിരുന്നു ഇവിടെയെങ്കിൽ, ഭരണഘടനക്കു കീഴിൽ, ഹിന്ദു ക്ഷേത്രങ്ങൾക്കു ലഭിച്ചിട്ടുള്ള സ്വത്തുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതുപോലെ, വഖഫ് സ്വത്തുക്കളെയും സ്റ്റേറ്റ് സംരക്ഷിക്കുമായിരുന്നു. ക്ഷേത്ര സ്വത്തുക്കൾ നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ, വഖഫ് സ്വത്തുക്കൾ ഏകപക്ഷീയമായി ഡീനോട്ടിഫൈ ചെയ്തുകൊണ്ട് അപകടകരമായ പാതകളാണു ഒലിഗാർക്കി ഭരണകൂടം വെട്ടിത്തുറക്കുന്നത്.
ഇന്ന് ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ ഉണ്ടെന്നു പലരും പറയുന്നുണ്ട്. അതിനുപരി, സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യയിലാദ്യമായി അപ്രഖ്യാപിത മതരാഷ്ട്രം ഉടലെടുത്തു കഴിഞ്ഞിരിക്കുകയാണ് –പ്രാരംഭഘട്ടത്തിലുള്ള (nascent) ഹിന്ദുരാഷ്ട്രം. അതുകൊണ്ടാണ് വഖഫ് വിഷയത്തെ, സ്റ്റേറ്റ് സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇസ്‍ലാമോഫോബിയയും ക്രിസ്ത്യൻഫോബിയയും പരത്താൻ ഉപയോഗിക്കുന്നത്. ഒലിഗാർക്കി സ്പോൺസർ ചെയ്തിട്ടുള്ള നിർദിഷ്ട വഖഫ് ഭേദഗതി ബില്ലിൽ, വഖഫ് ബോർഡുകളിൽ അമുസ്ലിം അംഗങ്ങൾ വേണമെന്നതു നിർബന്ധമാക്കിയിരിക്കുകയാണ്. ഹിന്ദുക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിക്കുന്ന, ദേവസ്വം ബോർഡുകളിലും സമാനമായ മറ്റ് ബോർഡുകളിലും ഹിന്ദുക്കൾ മാത്രമാകണമെന്ന് അനുശാസിക്കുന്ന, 1950ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയമംപോലെയുള്ള നിയമങ്ങളിൽ ഇതേ യുക്തി സംഘ്പരിവാർ പ്രയോഗിക്കുമോ? അവയിലും മുസ്ലിം, ക്രിസ്ത്യൻ അംഗങ്ങൾകൂടി വേണമെന്നു പറയുമോ?
=============
1. ഒരു നൂറ്റാണ്ടു മുമ്പ്, അബ്രഹാമിക് മതങ്ങൾ, ബുദ്ധിസം, ജൈനിസം, പാർസി-സിഖ് മതങ്ങൾ എന്നിവയുടെ അനുയായികളല്ലാത്തവരുടെ ജനസംഖ്യ അത്രയുമായിരുന്നു.
2. പൗരാണിക മതം, വൈദിക മതം, ശൈവമതം, വൈഷ്ണവ മതം, അദ്വൈത മതം, ദ്വൈത മതം, വിശിഷ്ടാദ്വൈത മതം, ശാക്തേയ മതം, വൈശേഷിക മതം, സാംഖ്യമതം, മീമാംസ മതം ഇവയാണ് ഗുരു പരാമർശിച്ച 11 ആര്യൻ ബ്രാഹ്മണിക മതങ്ങൾ.