എഴുത്തുകുത്ത്

നിലമ്പൂർ നൽകുന്ന ഓർമപ്പെടുത്തലും മുന്നറിയിപ്പും
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1424) തെരഞ്ഞെടുപ്പ് രംഗം വിശകലനംചെയ്ത് മുതിർന്ന മാധ്യമപ്രവർത്തകൻ ഇബ്രാഹിം കോട്ടക്കൽ നടത്തിയ വിശകലനവും നിരീക്ഷണവും എത്രകണ്ട് വസ്തുനിഷ്ഠവും പ്രസക്തവുമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതായി പുറത്തുവന്ന തെരഞ്ഞെടുപ്പു ഫലം. തെരഞ്ഞെടുപ്പു കഴിയുമ്പോൾ ചില പാർട്ടികളുടെയോ മുന്നണികളുടെയോ പ്രവചനങ്ങളും ലഭിക്കുന്ന ഭൂരിപക്ഷം എണ്ണിപ്പറഞ്ഞുള്ള വീമ്പിളക്കലും ജലരേഖപോലെയാകുന്നത് പലവുരി നമ്മൾ കണ്ടതാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും ഇതുതന്നെയാണ് സംഭവിച്ചത്. പരാജയം മുഖ്യമായും എൽ.ഡി.എഫിനു സ്വന്തമായി. അതാകട്ടെ അവരുടെ കൈയിലിരിപ്പുകൊണ്ടും. എന്തുകൊണ്ട് എൽ.ഡി.എഫിന് പരാജയം എന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഇതേ ലേഖകൻ ‘നിലമ്പൂർ പരാജയപ്പെടുത്തിയത് എന്ത്?’ എന്ന ലേഖനത്തിൽ കൃത്യമായി സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ കുറെ കാലങ്ങളായി തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴും തെരഞ്ഞെടുപ്പു പ്രചാരണവേളയിലും ഒളിഞ്ഞും തെളിഞ്ഞും വർഗീയത പുറത്തെടുക്കുന്നത് നാം കണ്ടുവരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇത്തരം വർഗീയ കാർഡ് ഒരു ഉളുപ്പുമില്ലാതെ പുറത്തിറക്കിയത് എൽ.ഡി.എഫാണെന്ന് വോട്ടർമാർ തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ പ്രതിഫലനംകൂടിയായി തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് ഫലത്തിനു മുമ്പും പിമ്പും ഇതേ ലേഖകൻ എഴുതിയ ലേഖനത്തിന്റെ അവസാന ഭാഗത്ത് പങ്കുവെക്കുന്ന കാഴ്ചപ്പാട് എത്രകണ്ട് പ്രസക്തമാണെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ മാത്രമല്ല ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെയും വിശകലനംചെയ്യുന്ന ആർക്കും മനസ്സിലാകും.
പ്രചാരണങ്ങളിലും പ്രലോഭനങ്ങളിലും വീഴാതെ യാഥാർഥ്യ ബോധത്തോടെ വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയാലേ അവരർഹിക്കുന്ന ഫലം പുറത്തുവരൂ എന്ന ഓർമപ്പെടുത്തലും ഉദ്ബോധനവും നൽകിയാണ് ആദ്യ ലേഖനം അവസാനിപ്പിക്കുന്നത്. എങ്ങനെയും അധികാരം കരഗതമാക്കാൻവേണ്ടി മറ്റെല്ലാം മാറ്റിവെച്ച് വർഗീയ കാർഡെന്ന ഒറ്റ ശീട്ടുമായാണ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നതെങ്കിൽ അതിന് ശക്തമായ മറുപടി നൽകുക കേരളത്തിലെ വോട്ടർമാരായിരിക്കും എന്ന മുന്നറിയിപ്പു നൽകിയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ടുള്ള ലേഖനം അവസാനിപ്പിക്കുന്നത്. ഓർമപ്പെടുത്തലായാലും ഉദ്ബോധനമായാലും മുന്നറിയിപ്പായാലും അത് ചെവികൊള്ളേണ്ടത് ഇവിടത്തെ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ മുന്നണികളുമല്ലാതെ മറ്റാരുമല്ല എന്ന തിരിച്ചറിവ് അവർക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിശകലനം ചിന്തോദ്ദീപകമായി
ഇബ്രാഹിം കോട്ടക്കല്‍ എഴുതിയ ‘നിലമ്പൂര്‍ പരാജയപ്പെടുത്തിയത് എന്ത്?’ (ലക്കം 1427) എന്ന ഉപതെരഞ്ഞെടുപ്പ് വിശകലനം ചിന്തോദ്ദീപകമായി. സത്യത്തില്‍ നിലമ്പൂരില്‍ വിജയിച്ചതാര് എന്ന് ചോദിച്ചാല്‍ താത്ത്വികമായ എന്റെ ഉത്തരം പി.വി. ആന്‍വര്‍ എന്നാണ്. 19,760 വോട്ടുനേടി അദ്ദേഹം ഇരു മുന്നണികളുടെയും യശസ്സിന് (അങ്ങനെയൊന്നുണ്ടെങ്കില്‍) കളങ്കം ചാര്‍ത്തി. ഇഷ്ടമില്ലാതിരുന്നിട്ടും സ്ഥാനാർഥിയാകാൻ നിയുക്തനായ എം. സ്വരാജിന്റെ മുഖഭാവങ്ങളിൽനിന്നും വായിച്ചറിയാൻ കഴിയുമായിരുന്നു അന്തിമഫലം. തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് അരിയാഹാരം മാത്രമല്ല ചപ്പാത്തിയും മുട്ടക്കറിയും കുഴിമന്തിയും ഷവർമയും കഴിക്കുന്നവർക്കുപോലും അറിയാമെന്നിരിക്കേ ഇടതുപക്ഷം അതു നിഷേധിക്കുന്നത് മറ്റൊരു തോൽവിയാണ്. നിലമ്പൂരിൽ അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കള്‍ക്കുപോലും അറിയാമായിരുന്ന പരസ്യമായ രഹസ്യമാണത്.
വോട്ടര്‍മാരെ അസ്വസ്ഥരാക്കിയ ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് ഒരു ഹിതപരിശോധന നടത്തിയാല്‍ അതില്‍ 100 ദിവസം പിന്നിട്ട ആശാവര്‍ക്കര്‍മാരുടെ കണ്ണീരില്‍ കുതിര്‍ന്ന സമരം, കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലൂടെ അനാഥരാക്കപ്പെട്ട കുടുംബം, സാമ്പത്തിക ക്രമക്കേടുകള്‍ മാത്രമല്ല തൃശൂര്‍ പൂരം കലക്കിയതിനും കാരണക്കാരനെന്ന് അന്വറാല് ആരോപിക്കപ്പെട്ട എ.ഡി.ജി.പി എം. അജിത്കുമാറിനെ സംരക്ഷിക്കാൻ കാണിച്ച തിടുക്കം; വനം, ആരോഗ്യം, പൊതുമരാമത്ത്, ഫിഷറീസ്, സാംസ്കാരികം വകുപ്പുകളുടെ അനാകർഷകമായ ഭരണം എന്നിവക്ക് നിലമ്പൂരിലെ വോട്ടർമാർ കൊടുത്ത ശിക്ഷയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കേ ഒരു വീണ്ടുവിചാരത്തിന് ഇനിയും സമയമുണ്ട്. അതൊന്നും കാണാതെ ‘‘ഞാന്‍... ഞാന്‍...’’ എന്നഹങ്കരിക്കാനാണ് പുറപ്പാടെങ്കില്‍ അടുത്ത മുഖ്യമന്ത്രിക്കസേരയില്‍ ഒരു വടക്കന്‍ പറവൂരുകാരന് ആസനസ്ഥനാകുന്നത് കാണാം.
സണ്ണി ജോസഫ്, മാള
ചരിത്രരേഖയായി സൂക്ഷിക്കാവുന്ന ആത്മസംഭാഷണം
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1427) മലയാള സിനിമയിലെ മികച്ച കാമറാമാനെന്ന് പറയാവുന്ന സാലു ജോർജുമായി റഷാദ് കൂരാട് നടത്തിയ ആത്മസംഭാഷണം ‘കാമറക്കാഴ്ചയിലെ ഇന്നലെകൾ’ ഹൃദ്യമായ വായനാനുഭവമായി. സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ജീവിതാനുഭവങ്ങൾ പലപ്പോഴും അറിയപ്പെടാതെ പോകുന്ന യാഥാർഥ്യമാണ്. ഓരോ ദൃശ്യവും മികവാർന്ന രീതിയിൽ ഒപ്പിയെടുക്കാൻ കാമറാമാൻ എടുക്കുന്ന പ്രയത്നം എത്രത്തോളമെന്നത് ഈ സംഭാഷണത്തിലൂടെ ബോധ്യമായി. കാമറാമാന്മാരുടെ ജീവിതത്തെ കുറിച്ചുള്ള വിവരണങ്ങൾ മലയാളത്തിൽ നന്നേ കുറവാണ്. അത്തരത്തിലെടുക്കുമ്പോൾ ഇതൊരു ചരിത്രരേഖയായി ഭാവിയിലേക്ക് സൂക്ഷിക്കാവുന്നതാണ്. വായനയിൽ ഏറെ ആകർഷിച്ചത് സാലു ജോർജിന്റെ രാഷ്ട്രീയ പശ്ചാത്തലമാണ്. അദ്ദേഹത്തിന്റെ കുടുംബ പാരമ്പര്യവും ‘നിർമല’ എന്ന സിനിമയുടെ പിറവിയും പി.ജെ. ചെറിയാൻ എന്ന മലയാളത്തിന്റെ ആദ്യത്തെ സ്വന്തം നിർമാതാവിനെ കുറിച്ചുമൊക്കെ ഈ സംഭാഷണം വ്യക്തമാക്കി തന്നെ വിവരിച്ചുതന്നു.
പഴയകാല ചലച്ചിത്ര സംസ്കാരത്തെ കുറിച്ചും അന്നത്തെ സാങ്കേതിക സംവിധാനങ്ങളെ കുറിച്ചും ലേഖകൻ ഹൃദയസ്പർശിയായി ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. കാമറയുടെ ഇന്നലെകളിൽ അദ്ദേഹത്തെ സ്വാധീനിച്ച ഗുരുക്കന്മാരെയും സഹപ്രവർത്തകരെയും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഓർത്തെടുത്ത സാലു ജോർജിന്റെ ജീവിതപാഠങ്ങൾ ഇന്നത്തെ തലമുറക്ക് വലിയ പ്രചോദനമാണ്. ഇത്തരത്തിലുള്ള ആത്മസംഭാഷണങ്ങൾ ആഴ്ചപ്പതിപ്പിനെ വേറൊരുതലത്തിലേക്ക് എത്തിക്കുമെന്നതിൽ സംശയമില്ല. തുടർന്നുള്ള സംഭാഷണങ്ങൾക്കായി കാത്തിരിക്കുന്നു. ലേഖകനും ആഴ്ചപ്പതിപ്പിനും ഹൃദയപൂർവമായ അഭിനന്ദനങ്ങൾ.
ഫാത്തിമ സഹ് ല
‘അത് മനോരാജ്യമല്ല, മലയാള രാജ്യം’
‘മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര നിരൂപക’ എന്ന ഞാൻ എഴുതിയ ലേഖനത്തിൽ (ലക്കം 1426) തിരുവനന്തപുരത്തെ ക്യാപിറ്റോൾ തിയറ്ററിനെപ്പറ്റിയുള്ള പരസ്യം ഉണ്ടായിരുന്നത് 1930ലെ ‘മലയാളരാജ്യം’ വിശേഷാൽ പ്രതിയിലാണ്. ‘മനോരാജ്യം’ എന്ന് ലേഖനത്തിലുള്ളത് തിരുത്തി വായിക്കാനപേക്ഷ.
ശിവകുമാർ ആർ.പി
മനുഷ്യന്റെ സ്വഭാവ വൈചിത്ര്യത്തെ കാണിക്കുന്ന ‘ലോക്കപ്പ്’
ആത്യന്തികമായി മനുഷ്യന്റെ നന്മയെക്കുറിച്ചും അതേ മനുഷ്യനിലെ തിന്മകളെയും സ്വർഥതകളെയും അതിരൂക്ഷമായ ഭാഷയിൽ സാഹിത്യമെന്ന വജ്രായുധമുപയോഗിച്ച് നേരിടുന്ന എഴുത്തുകാരനാണ് വി. ഷിനിലാൽ.
‘ലോക്കപ്പ്’ എന്ന നോവലിന്റെ തുടക്കത്തിൽതന്നെ മേൽപറഞ്ഞ മനുഷ്യന്റെ സ്വഭാവവൈചിത്ര്യത്തെ കാണാൻ കഴിയുന്നു. ഇവിടെ അമിത് ദയയോട് പറയുന്നു.
‘‘ഇനി എന്റെ കമ്മിറ്റ്മെന്റ് കർഷകരോടാണെന്ന് വെച്ചോളൂ, അങ്ങനെയെങ്കിൽ കിട്ടാവുന്ന ഏറ്റവും നല്ല ഡീൽ ഞാൻ അവർക്കായി തയാറാക്കും. ദൗർഭാഗ്യവശാൽ ഇവിടെ എന്റെ ക്ലയന്റ്സ് കോർപറേറ്റുകൾ ആണ്.’’ ചിന്തിക്കാനും രസിക്കാനുമുള്ള മികച്ച ഇടങ്ങൾ ‘ലോക്കപ്പി’ൽ നമുക്ക് കാണാൻ കഴിയുമെന്ന ബോധ്യത്തോടെ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു... ആശംസകൾ ‘മാധ്യമ’ത്തിനും വി. ഷിനിലാലിനും.
സുഭാഷ്, പയ്യാവൂർ
ഇവിടെ ഇങ്ങനെയൊരു കഥാകൃത്തുണ്ടായിരുന്നു
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1426) കഥാകൃത്ത് ഉണ്ണികൃഷ്ണൻ കിടങ്ങൂർ ജോർജ് ജോസഫ് കെ യെ കുറിച്ചെഴുതിയ ജീവിതാനുഭവം, ഇങ്ങനെയും ഒരു കഥാകൃത്ത് ഇവിടെയുണ്ടെന്നതിനെ ഓർമപ്പെടുത്തി. ഒന്നും മറയില്ലാതെ പറയാൻ സാധിക്കുന്നത് എഴുത്തിനോടെന്നപോലെ ജീവിതത്തോടും നീതി പുലർത്താനാകുന്നതുകൊണ്ടു കൂടിയാണ്. കെട്ടിടനിർമാണമടക്കമുള്ള തൊഴിലെടുക്കുമ്പോഴും ജീവിതത്തിന്റെ പരുക്കൻ ഭാവങ്ങളിൽ അന്തിച്ചുനിൽക്കുമ്പോഴും ഉള്ളത് എഴുത്തിനോടും അക്ഷരങ്ങളോടുമുള്ള അടങ്ങാത്ത അഭിനിവേശമാണ്. ശ്രദ്ധേയമായ കഥകളെഴുതിയിട്ടും തന്റെ പേര് എവിടെയും മുഴങ്ങണമെന്ന വാശിയില്ലാതെ പരിഭവങ്ങളില്ലാതെ പരാതികളില്ലാതെ ഒരു കഥാജീവിതം എല്ലാം ഉൾക്കൊണ്ട് ചേർത്തുപിടിക്കുന്ന നല്ലപാതിതന്നെയായിരിക്കും ഏത് പ്രതിസന്ധികളിലും എഴുതാനുള്ള പ്രചോദനം എന്നതിൽ സംശയമില്ല. ഉണ്ണികൃഷ്ണൻ കിടങ്ങൂർ ഒരുവിധ മൂടുപടവുമില്ലാതെ സൗഹൃദത്തെ വരച്ചിട്ടത് ഹൃദ്യമായ അനുഭവമായി. വി. ഷിനിലാലിന്റെ പുതിയ നോവൽ, അഭിമുഖം, മുക്താറിന്റെ വര എല്ലാം മികച്ചതായി.
ടി.പി. ഫൈസൽ, അഞ്ചച്ചവിടി
‘കുമാരനാശാന്റെ ഓട്ടുകമ്പനി ആലപ്പുഴയിൽ ആയിരുന്നില്ല’
മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന ആര്യാ ഗോപിയുടെ കവിത ‘കാശും കവിതയും’ (ലക്കം 1426) ഭാഗം 4ൽ ‘വീണപൂവേ നിന്റെ നൊമ്പരങ്ങൾ’...*മണ്ണോട്ടു കമ്പനി ക്ലിപ്തം... എന്ന് പറയുന്നുണ്ട്. അതിൽ എഴുത്തുകാരി പറയുന്നതുപോലെ കുമാരനാശാന്റെ ഓട്ടുകമ്പനി ആലപ്പുഴയിൽ ആയിരുന്നില്ല. ആലുവക്കടുത്ത് പൊയ്ക്കാട്ടുശ്ശേരിയിലായിരുന്നു, എന്നോർക്കുക. ആശാൻ മരിച്ചു കഴിഞ്ഞും ഭാര്യ ഭാനുമതി ഈ ഓട്ടു കമ്പനി കുറെനാൾകൂടി അവിടെ പ്രവർത്തിപ്പിച്ചു എന്നതും ഓർക്കുക. ‘‘മാറ്റുവിന്‍ ചട്ടങ്ങളെന്നു ചൊല്ലി കാറ്റേ, കടത്തിന് കണക്കുബുക്കില്‍, പൂജ്യമെന്നല്ലോ കിഴിച്ചുെവച്ചു, ഭാഗ്യമെന്നല്ലോ കുറിച്ചുെവച്ചു, സാക്ഷ്യങ്ങളെല്ലാം വിളക്കുെവച്ചു!’ ‘വീണപൂവേ, നിന്റെ നൊമ്പരങ്ങള്‍, ലീലാവിഷാദസുസഞ്ചയങ്ങള്, സീതയെ മാറ്റിത്തെളിച്ച കവി, ജാതിയില്ലാ ജലം കോരും കവി, കാശിയും കീശയും തേടും കവി’. കാലികമായ കാര്യങ്ങൾ കവിതയിലൂടെ വായനക്കാരന്റെ ഹൃദയം കവരാൻ ആര്യക്ക് കഴിഞ്ഞു. അഭിനന്ദനങ്ങൾ.
ബാബു കുന്നേൽ, കുമ്പളങ്ങി
‘രാജ്യത്ത് നിലവിലുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’
മാധ്യമം ആഴ്ചപ്പതിപ്പിലെ എഴുത്തുകുത്തിൽ ‘അടിയന്തരാവസ്ഥക്ക് 50 വയസ്സ്; ഓർമകൾ മരിക്കുമോ?’ എന്ന തലക്കെട്ടിൽ പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി എഴുതിയ കത്ത് (ലക്കം 1426) വായിച്ചു. ഞാനീ കത്തെഴുതുന്നത് അടിയന്തരാവസ്ഥക്ക് 50 വർഷം തികയുന്നതിന് ഒരുദിവസം മുമ്പാണ്. 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ എനിക്ക് 20 വയസ്സാണ്.
അന്നത്തെ പ്രഥമ പൗരൻ ഫക്രുദ്ദീൻ അലി അഹമ്മദിനെ കൊണ്ട് ഇന്ദിര ഗാന്ധി നിർബന്ധിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 21 മാസം നീണ്ട അടിയന്തരാവസ്ഥയുടെ ഭീകരത ഏറ്റവും കൂടുതൽ അനുഭവിച്ചത് കേരളത്തിന് പുറത്തും വടക്കേ ഇന്ത്യയിലുമാണ്. ഇതിൽ പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടിനെ പോലെ, അന്ന് 10 വയസ്സ് എങ്കിലുമുള്ളവർക്കേ അടിയന്തരാവസ്ഥയുടെ ഭീകരത അറിയൂ. ഇന്ന് ജീവിച്ചിരിക്കുന്ന ഭൂരിപക്ഷം പേരും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം ജനിച്ചവരാണ്. ജയപ്രകാശ് നാരായണൻ ഉൾപ്പെടെ അനേകം നേതാക്കളെ ജയിലിൽ അടച്ച് പ്രതികാരബുദ്ധിയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സ്വീകരിച്ചത്. പത്ര മാസിക ഉൾപ്പെടെ എല്ലാ രംഗങ്ങളും കർശനമായ സെൻസർഷിപ് ഏർപ്പെടുത്തി. പൗരന്റെ പല ജനാധിപത്യ അവകാശങ്ങളും ഇല്ലാതെയായി.
21 മാസം രാജ്യത്ത് നടന്ന പല കാര്യങ്ങളും ജനങ്ങൾക്ക് അറിയാൻ കഴിഞ്ഞില്ല. അലഹബാദ് ഹൈകോടതി വിധി ഇന്ദിര ഗാന്ധിക്ക് എതിരാകും എന്നതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പറയപ്പെടുന്നു. ഡൽഹിയിൽ പല പാവപ്പെട്ട ജനങ്ങളും കഴിയുന്ന സ്ഥലങ്ങളിൽ നിർബന്ധിത കുടുംബാസൂത്രണം നടപ്പാക്കി.
അനേകം വീടുകൾ ഇടിച്ചുനിരത്തി. കഠിനമായ ജനരോഷത്തിനൊടുവിൽ അടിയന്തരാവസ്ഥ പിൻവലിച്ചു. ഈ 21 മാസവും രാജ്യത്തെ 90 ശതമാനം സാധാരണക്കാരും പലതരത്തിലുള്ള കഷ്ടപ്പാടാണ് അനുഭവിച്ചത്.ഇന്ന് 2014 മുതലുള്ള ബി.ജെ.പി ഭരണത്തിൽ ഭാരതത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നത്. ഭരണഘടനയിലെ ഉയർന്ന ആദർശങ്ങൾ വലിയ വെല്ലുവിളി നേരിടുന്നു. മതന്യൂനപക്ഷങ്ങൾ (പ്രത്യേകിച്ച് മുസ്ലിംകൾ), ദലിതർ എന്നീ അവശജനങ്ങൾ സവർണ ഫാഷിസ്റ്റ് ഭരണത്തിൽ പലതരത്തിലുമുള്ള വിവേചനമാണ് നേരിടുന്നത്. ഇതിനെ ചെറുത്ത് തോൽപിക്കുകതന്നെ വേണം.
ആർ. ദിലീപ്, മുതുകുളം