Begin typing your search above and press return to search.

എഴുത്തുകുത്ത്

letters
cancel

ഒരു പരാമർശത്താൽ നിലംപൊത്തുന്നതല്ല ആരോഗ്യരംഗത്തെ മികവ്

കേവലം ഒരു ഡോക്ടറുടെ പരാമർശത്താൽ മാത്രം മൂക്കുകുത്തി വീഴുന്നതല്ല കേരളത്തിലെ ആരോഗ്യരംഗം കൈവരിച്ച മികവ് എന്നു മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ ഡോ. ഹാരിസ് ചിറക്കൽ നടത്തിയ പരാമർശവും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം സംബന്ധിച്ചുണ്ടായ വിഷയവും. എന്നാൽ, ഈ പ്രശ്നം പിടികിട്ടാതെ കൈവിട്ടു പോയത് ഡോക്ടറുടെ പരാമർശത്തിൽ കുറച്ച് കഴമ്പുണ്ടെന്ന് മനസ്സിലാക്കാനോ തിരിച്ചറിയാനോ ഉത്തരവാദപ്പെട്ടവർക്ക് കഴിയാതെപോയതുകൊണ്ടു തന്നെയാണ്. ഡോ. ഹാരിസ് പറഞ്ഞതിലെ നിജസ്ഥിതി അന്വേഷിക്കാനും അത് യാഥാർഥ്യമാണെങ്കിൽ പരിഹരിക്കാനും ശ്രമം നടത്തിയിരുന്നെങ്കിൽ ഇപ്പോഴുണ്ടായ നാണക്കേട് (അത് ആർക്കായാലും) ഒഴിവാക്കാമായിരുന്നു. അല്ലാതെ, ആശുപത്രി ഉപകരണങ്ങളിൽ കുറച്ച് കുറവുണ്ടായി, രോഗികൾ ബുദ്ധിമുട്ടിലാകുന്നു എന്ന പരാമർശം വന്നപ്പോൾ ആരോഗ്യ രംഗത്തെ സൽപ്പേരിന് കളങ്കം ചാർത്തി എന്നു മുറവിളി കൂട്ടുന്നവർ ‘താൻപിടിച്ച മുയലിന് കൊമ്പ് മൂന്ന്’ എന്ന പഴമ്പുരാണത്തിൽ കടിച്ചു തൂങ്ങി കിടക്കുന്നു എന്നേ പറയാനുള്ളൂ. നോക്കൂ, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ ചികിത്സക്ക് ഏറെ പേരുകേട്ടത് കോട്ടയം മെഡിക്കൽ കോളജാണെന്നത് തർക്കമറ്റ വസ്തുതയാണ്.

കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സ സൗകര്യത്തിലെ പോരായ്മയെക്കുറിച്ച് കാര്യമായിട്ട് എന്തെങ്കിലും അപശ്രുതികൾ കേട്ടിട്ടുണ്ടോ? (അടുത്തിടെ കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ഒരു സ്ത്രീ അതി ദാരുണമായി മരണപ്പെട്ട ദൗർഭാഗ്യകരമായ സംഭവം മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. അത് ചികിത്സ പിഴവിന്റെയോ ആശുപത്രിയിലെ ചികിത്സ അസൗകര്യങ്ങളുടെയോ പേരിലല്ല, അഡ്മിനിസ്ട്രേഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലമാണ്).

അപ്പോൾ പിന്നെ ഒരു അപാകത അല്ലെങ്കിൽ പോരായ്മ ചൂണ്ടിക്കാണിച്ചപ്പോൾ എന്തിന് വിറളി പിടിക്കണം? അതുകൊണ്ടുതന്നെയാണ് വീണ്ടും പറയേണ്ടിവരുന്നത്, മെഡിക്കൽ കോളജിലെ ഒരു ഡോക്ടർ ചൂണ്ടിക്കാണിച്ച പോരായ്മകൾ അന്വേഷിച്ച് പരിഹരിക്കാൻ തയാറായിരുന്നുവെങ്കിൽ നാം പൊക്കിക്കെട്ടിയ ആരോഗ്യരംഗം പൊതുനിരത്തിലേക്ക് ഇത്ര വലിച്ചിഴക്കേണ്ടി വരില്ലായിരുന്നുവെന്ന്. ഇനിയും ഇത്തരം കാര്യങ്ങൾ ഉത്തരവാദപ്പെട്ടവർ സമചിത്തതയോടെ തിരിച്ചറിഞ്ഞ് ചെയ്യേണ്ടിയിരിക്കുന്നു. ഇത്രയും കുറിക്കാൻ പ്രേരിപ്പിച്ചത് ആഴ്ചപ്പതിപ്പിന്റെ ‘ആരോഗ്യ മോഡലിലെ പാളിച്ചകൾ’ എന്ന തുടക്കം (ലക്കം 1428) പംക്തിയാണ്. തുടക്കം നല്ലതിനുള്ള തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കാം.

ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ

ചേ​തോ​ഹ​ര​മാ​യൊ​രു വാ​യ​നസു​ഖം ന​ൽ​കു​ന്ന ക​ഥ

ഹി​മ​വെ​ണ്മ​പോ​ലെ​യോ ന​ന്ദി​നി​പ്പ​ശു​വി​ന്‍റെ അ​കി​ട്ടി​ല്‍നി​ന്ന് ക​റ​ന്നെ​ടു​ത്ത ന​റു​പാ​ല്‍പോ​ലെ​യോ വി​ശു​ദ്ധി​നി​റ​ഞ്ഞ ‘നി​ശ്ശ​ബ്ദ​ത മാ​ത്രം’ എ​ന്ന ജോ​ര്‍ജ് ജോ​സ​ഫ്‌ കെ ​യു​ടെ ക​ഥ വാ​യി​ച്ച് ഞാ​ന്‍ ആ​ഴ്ച​പ്പ​തി​പ്പ് (ല​ക്കം 1426) മ​ട​ക്കി​വെ​ക്കു​ന്നു. ഈ ​ക​ഥ​യു​ടെ ചൊ​രു​ക്ക് മാ​റാ​തെ ഇ​നി ഒ​ന്നും വാ​യി​ക്കാ​ന്‍ എ​നി​ക്കാ​വി​ല്ല. ചേ​തോ​ഹ​ര​മാ​യ ഒ​രു വാ​യ​ന​സു​ഖ​മാ​ണ് ക​ഥാ​കൃ​ത്ത്‌ പ​ക​ര്‍ന്നു​ന​ല്‍കി​യ​ത്. ക​ഴു​കി​യെ​ടു​ത്ത വെ​ള്ളാ​രം​ക​ല്ലു​ക​ള്‍ പോ​ലു​ള്ള വാ​ക്കു​ക​ള്‍കൊ​ണ്ടാ​ണ് ക​ഥ കോ​ര്‍ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഥാ​കാ​ര​നും വാ​യ​ന​ക്കാ​ര്‍ക്കു​മി​ട​യി​ല്‍ ക​ടും ചു​വ​പ്പു​നി​റ​മു​ള്ള സൂ​ര്യ​ന്മാ​രാ​യി ക​ഥാ​പാ​ത്ര​ങ്ങ​ള്‍ തൂ​ങ്ങി​ക്കി​ട​ക്കു​ന്നു. ബൈ​ബി​ളി​ലെ ‘ഉ​ത്ത​മ​ഗീ​ത’​കാ​ര​നെ​പ്പോ​ലും അ​ത്ഭു​ത​സ്ത​ബ്ധ​നാ​ക്കു​ന്ന ‘‘ഓ... ​പ്രി​യ​നേ നീ​യു​റ​ങ്ങി​യോ?..’’ എ​ന്നൊ​രു പ്ര​ണ​യ​ഗീ​ത​വും ക​ഥ​ക്ക് അ​മ​ര​ത്വം ന​ൽ​കി​യി​രി​ക്കു​ന്നു. ഈ ​അ​ടു​ത്തകാ​ല​ത്ത് ‘മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി’ൽ വ​ന്ന അ​ത്യ​പൂ​ര്‍വ ചാ​രു​ത​യാ​ര്‍ന്ന ക​ഥ​യാ​ണ്‌ ഇ​തെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു. ഇ​രു​ൾ അ​ക​ത്തി വെ​ളി​ച്ചം പ​ര​ത്തു​ന്ന ഈ ​ക​ഥ മ​ല​യാ​ള ക​ഥാ​സാ​ഹി​ത്യ​ത്തി​ലെ ഒ​രു പു​ഷ്യ​രാ​ഗ​മാ​യി എ​ന്നെ​ന്നും നി​ല​നി​ല്‍ക്കു​മെ​ന്നു ഞാ​ന്‍ വി​ല​യി​രു​ത്തു​ന്നു.

സ​ണ്ണി ജോ​സ​ഫ്‌, മാ​ള

ബാല്യകാല ചരിതമുണർത്തുന്ന സിനിമാഗാന ചരിത്രം

ശ്രീകുമാരൻ തമ്പിയുടെ മലയാള ചലച്ചിത്രഗാന ചരിത്രം -സംഗീത യാത്രയിൽ (ലക്കം 1427) അരനൂറ്റാണ്ട് മുമ്പത്തെ കാര്യങ്ങൾപോലും വള്ളിപുള്ളി വിടാതെ അവതരിപ്പിക്കുന്നു. തമ്പി സാറിന്‍റെ ആ ഓർമച്ചെപ്പിനു മുന്നിൽ ശിരസ്സ് നമിക്കുന്നു. സിനിമയുടെ ഗാനചരിത്രം മാത്രമല്ല, മുക്കാൽ നൂറ്റാണ്ട് കാലത്തെ മലയാള സിനിമ ചരിത്രത്തിന്‍റെ ദൃക്സാക്ഷിയും പങ്കാളിയുമാണ് തമ്പി സാർ എന്നുപറയട്ടെ. ഓരോ ഗാനവും അവയുടെ സിനിമ രംഗങ്ങളുമാണ് ഓരോ ലക്കങ്ങളിലൂടെയും വായനക്കാരന് ലഭിക്കുന്നത്. അക്കാലത്തെ സിനിമ പ്രേമികൾക്കാകട്ടെ കൊഴിഞ്ഞുപോയ നല്ലൊരു ഭൂതകാല സ്മരണ അയവിറക്കാനുള്ള അവസരവും ലഭിക്കുന്നു.

‘ചീനവല’യും ‘അഭിമാന’വും ‘കുട്ടിച്ചാത്തനും’ റിലീസ് ചെയ്ത 1975 ഡിസംബറിലെ ക്രിസ്മസ് ആഘോഷവേള അമ്പതു കൊല്ലങ്ങൾക്കുശേഷം വീണ്ടും മനസ്സിലേക്ക് വരാനിടയായി, തമ്പി സാറിന്‍റെ കഴിഞ്ഞ ലക്കത്തെ സംഗീതയാത്രയിലൂടെ. 1975 ഡിസംബറിലെ ക്രിസ്മസ് നാളിൽ കോഴിക്കോട്ടെ കണ്ണഞ്ചേരി തെരുവിലെ ക്ഷേത്രോത്സവം കാണാൻ 25 കിലോമീറ്റർ ദൂരെയുള്ള ബാലുശ്ശേരിയിൽനിന്ന് 14ഉം 16ഉം വയസ്സുള്ള ഞാനും എന്‍റെ സഹോദരനുംകൂടി 15 രൂപയുമായി (ഞങ്ങൾ തന്നെ മാസങ്ങളെടുത്ത് സ്വരൂപിച്ചത്) കോഴിക്കോട്ടേക്ക് പോയത് ഈ വായനയിൽ ഓർത്തു പോകുകയാണ്. അന്ന് ഉത്സവത്തിനു പോകുകയെന്നത് വീട്ടുകാരെ കേൾപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു. സിനിമ കാണലായിരുന്നു പ്രധാന ലക്ഷ്യം. ഉച്ചക്ക് പുറപ്പെടുന്ന യാത്ര കോഴിക്കോട്ട് എത്തിയാൽ ആദ്യം തിയറ്ററിലേക്കാണ് ഓടുക. അന്ന് മിഠായിതെരുവിലെ രാധ തിയറ്ററിലായിരുന്നു ക്രോസ്ബെൽറ്റ് മണിയുടെ ‘കുട്ടിച്ചാത്തൻ’ റിലീസായത്. രാത്രിയിലെ ഫസ്റ്റ് ഷോ കാണാൻ നാലു മണിക്കേ വരിനിൽക്കേണ്ടിവന്നു. മന്ത്രവും ഹാസ്യവുമൊക്കെയായി പക്കാ ഒരു എന്‍റർടെയിൻമെന്‍റ് ചിത്രമായിരുന്നു അത്.

വെട്ടൂർ പുരുഷനായിരുന്നു കുട്ടിച്ചാത്തനായി അഭിനയിച്ചത്. അന്നത്തെ ഉയരം കുറഞ്ഞ നടൻ. ഫസ്റ്റ് ഷോ കഴിഞ്ഞ് ഉടനെതന്നെ അപ്സര തിയറ്ററിലേക്ക് ഓടി. സെക്കൻഡ് ഷോ കാണാൻ. അവിടെ ഉദയായുടെ ‘ചീനവല’ റിലീസ് ആണ്. വൻ തിരക്ക്. ഏറ്റവും മുന്നിലെ ടിക്കറ്റിനായി ഗുസ്തി നടത്തിയാണ് വളഞ്ഞുപുളഞ്ഞു നീണ്ടു കിടക്കുന്ന ടിക്കറ്റ് കൗണ്ടറിനുള്ളിലേക്ക് എത്തിയത്. ടിക്കറ്റ് കിട്ടുമ്പോൾ സീറ്റുകളെല്ലാം നിറഞ്ഞിരുന്നു. സ്ക്രീനിനു മുന്നിൽ ഇരുന്നും സൈഡിൽനിന്നും ‘ചീനവല’ കണ്ടുതീർത്തത് ഇന്നും ഓർമയിലുണ്ട്. സിനിമയിലെ ഓരോ പാട്ടും അതിന്‍റെ സീനും അന്ന് കാണികളെ ഇളക്കി മറിക്കുന്നതായിരുന്നു. സെക്കൻഡ് ഷോ കഴിഞ്ഞ് കല്ലായി റോഡിലൂടെ നടന്ന് ഞങ്ങൾ കണ്ണഞ്ചേരിയിലെ ക്ഷേത്രത്തിലെത്തി. പിന്നെ പുലരുംവരെ ഉത്സവപ്പറമ്പിലാണ്. പുലർച്ചെ വീണ്ടും കല്ലായി റോഡിലൂടെ നടന്ന് കോഴിക്കോട് ബസ് സ്റ്റാൻഡിൽ, ബാലുശ്ശേരിയിലേക്കുള്ള ആദ്യത്തെ ബസ് കയറാൻ.

നാട്ടിലെത്തിയാൽ പിന്നെ സുഹൃത്തുക്കളോടുള്ള സിനിമാകഥ പറച്ചിൽ. ഈ കഥപറച്ചിലിനും കൂടിയാണ് കോഴിക്കോട് പോയി സിനിമ കാണുന്നതുതന്നെ. ഒരുമാസം പിന്നിട്ടതിനുശേഷമാണ് ശശികുമാറിന്‍റെ ‘അഭിമാനം’ ബാലുശ്ശേരിയിലെ ബി ക്ലാസ് തിയറ്ററായ സന്തോഷ് ടാക്കീസിൽവെച്ചാണ് കണ്ടത്. ‘‘പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്‍റെ കുറ്റങ്ങൾ സമ്മതിക്കാം’’ എന്ന പാട്ട് സ്കൂൾ നോട്ടുപുസ്തകത്തിൽ എഴുതിവെക്കാൻപെട്ട പാട് ചില്ലറയൊന്നുമല്ല. ആ പാട്ടിന്‍റെ സമയം നോക്കി ടാക്കിസീന് മുന്നിൽ വന്നുനിന്ന്, പുറത്തേക്ക് ഒഴുകുന്ന പാട്ടിന്‍റെ രണ്ടോ മൂന്നോ വരികൾ ആരും കാണാതെ കടലാസിൽ എഴുതി കൊണ്ടുപോകും. അങ്ങനെ പാട്ട് മുഴുമിപ്പിക്കാൻ ദിവസങ്ങളെടുത്തു. പാട്ടുപുസ്തകം വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാത്തത് ഗുണകരമാകുകയും ചെയ്തു. ആ പാട്ട് മുഴുവൻ അതേ ഈണത്തിൽ വരികൾ തെറ്റാതെ പാടാൻ കഴിഞ്ഞതും ആ കേട്ടെഴുത്തിലൂടെ തന്നെ. തമ്പി സാറിന്‍റെ സിനിമാഗാന ചരിത്രം സിനിമാപ്രേമികളായ ഞങ്ങളുടെ ബാല്യകാല ചരിതം കൂടിയായിത്തീരുകയാണ്.

രാജൻ ബാലുശ്ശേരി

ഇളനീരുപോലെ ശുദ്ധം ഇളവൂർ ശശിയുടെ കഥ

ഇളവൂർ ശശിയുടെ കഥകൾ ഇളനീരു പോലെ ശുദ്ധവും പനിനീരുപോലെ പവിത്രവുമാണ്. കാലം നമുക്കിടയിൽനിന്നും കടപുഴക്കിക്കളയാൻ വെമ്പുന്ന സംശുദ്ധിയുടെ ചേരുവകൾ അവയിലുണ്ട്. ‘ഹസ്താമലകം’ (ലക്കം 1427) എന്ന കഥ, എഴുത്തുകാർ പൊതുവായി നേരിടുന്നതോ നേരിടാൻ ആഗ്രഹിക്കുന്നതോ ആയ ഒരവസ്ഥയെ അനായാസം അവതരിപ്പിക്കുന്നു. എഴുത്തുകാർ, പൊതുവിൽ ഒരു വ്യക്തി മാത്രമായോ ഒരേയൊരു ജീവിതത്തിന്‍റെ ഉടമ മാത്രമായോ ചുരുങ്ങിപ്പോകാതിരിക്കാൻ ആഗ്രഹിക്കുന്നവരാകയാലാണവർക്ക് വിപുലവും വ്യത്യസ്തവുമായ പ്രമേയങ്ങളും കഥാപരിസരങ്ങളും കണ്ടെത്തി വായനക്കാരുടെ പ്രിയപ്പെട്ടവരാകാൻ സാധിക്കുന്നത്.

എന്നാൽ, പൊതുവായി നമ്മുടെ ജീവിതപരിസരങ്ങൾ പരിഗണിക്കുമ്പോൾ ഒരു സാധാരണക്കാരിയായ ഭാര്യ എന്നാൽ ഭർതൃമതി എന്ന സംശുദ്ധിയിൽ മാത്രം ലയിച്ച് അവൾക്കെല്ലാമെല്ലാമായ ഭർത്താവ് മാത്രമായിത്തീരുന്നു അവളുടെ ലോകം. അതുകൊണ്ടുതന്നെ അവൾ ആ ലോകത്തിന്‍റെ ഉള്ളറകളിലേക്ക് സർവതത്ര സ്വതന്ത്രയായി ആഴത്തിലാഴത്തിൽ സഞ്ചരിക്കുന്നു. പ​ക്ഷേ, അവരിൽ ഏറെപ്പേരും തിരിച്ചറിയപ്പെടാതെയും പരിഗണിക്കപ്പെടാതെയും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. പരസ്പരം മനസ്സിലാക്കാനായി ഏതിടം വരെയും ഒന്നുചേർന്നൊഴുകുന്ന പുഴയായിരുന്നു നമുക്ക് ദാമ്പത്യബന്ധം. എന്നാലിന്ന് അതൊക്കെ നമുക്കിടയിൽ നിന്നും ചോർന്നൊലിച്ചു പോകുന്നതിന്‍റെ ലക്ഷണങ്ങൾ ഏറെക്കാണാനാകുന്നുണ്ട്.

സാങ്കേതികവിദ്യയുടെയും സുഖാന്വേഷണങ്ങളുടെയും നീരാളിപ്പിടിത്തത്തിലമർന്ന് നമ്മുടെ ജീവിതം വേഗത്തിന്റെ പുതുപാതകൾ തേടിയോടുമ്പോൾ, ലിവിങ് ടുഗതറും കുട്ടികൾ വേണ്ടെന്നുവെക്കലും ഒക്കെയായി ശരീരംമാത്രം പങ്കുപറ്റുന്ന ഒരു ജീവിതരീതി നമ്മെ പിടിമുറുക്കുന്ന വേളയിൽ ഇളവൂർ ശശിയുടെ കഥയുടെ പ്രസക്തി ഏറുന്നു.

ഇടക്കാട് സിദ്ധാർഥൻ, അടൂർ

അകം പൊരുളറിയിച്ച കാർട്ടൂൺ

മാധ്യമം ആഴ്ചപ്പതിപ്പിൽ വി.ആർ. രാഗേഷിന്‍റെ ‘പൊരുൾവര’ (ലക്കം 1426) ചിന്തനീയം. യുദ്ധമുണ്ടാക്കുന്നവർതന്നെയാണ് സമാധാനദൂതുമായി രംഗത്തുവരുന്നത്. പക്ഷേ ഭൂരിഭാഗം പേരും ഇതറിയുന്നില്ല. ഇറാനെതിരെ ഇസ്രായേൽ യുദ്ധം ചെയ്യുമ്പോഴും പിന്നണിയിൽ അമേരിക്കയായിരുന്നല്ലോ. പിന്നെ ഒത്തുതീർപ്പാക്കാൻ വരുന്നതും അമേരിക്ക തന്നെ. അതിനാൽ, ലോകത്തിനു മുന്നിൽ അമേരിക്ക സമാധാനരാജ്യമായി വിചാരിക്കപ്പെടുന്നു. ലോകത്തെ മൊത്തം സംഭവങ്ങളെടുത്താലും ഇതുതന്നെ സ്ഥിതി. അകം പൊരുളറിയിച്ച കാർട്ടൂണിസ്റ്റിന് ഭാവുകങ്ങൾ.

നഈം ഇ.കെ, ചേന്ദമംഗലൂർ

മനുഷ്യന്റെ വേലിയേറ്റവും ഇറക്കവും

‘മിടിപ്പ്’ എന്ന തലക്കെട്ടിൽ വിജു വി. നായർ മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1428) എഴുതിയ നിരീക്ഷണം ജീവിതാനുഭവങ്ങളുടെ പൊള്ളുന്ന അർഥതലങ്ങളെ ഓർമപ്പെടുത്തി. പള്ളിക്കൂടക്കാലത്തെ കണക്കുകൾ മുതൽ പൈതഗോറസിന്റെ മരണമൊഴിവരെ നീളുന്ന യാഥാർഥ്യങ്ങൾ സംസ്കരിച്ചുനൽകുന്ന പുത്തൻ അഭിനിവേശം ഹൃദ്യമാക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. സത്യങ്ങൾ വിളിച്ചുകൂവാൻ ഭയമില്ലാത്ത ഈ വാക്കുകൾ ഒരു മാതൃകയാണ്. ജീവിതത്തിന്റെ കല്ലുപാകിയ തെരുവുകളിൽ സ്വബോധം നഷ്ടപ്പെടുമ്പോഴും താളത്താൽ സ്ഫുടംചെയ്തെടുത്ത വാക്കുകൾ മുഴങ്ങുന്നു. വിജു വി. നായരുടെ ‘മിടിപ്പും’ ഷിനിലാലിന്റെ ‘ലോക്കപ്പും’ പൊരുൾവരയിലെ രാഗേഷിന്റെ വരയും അഭിനന്ദനാർഹമാണ്. സത്യങ്ങൾ വിളിച്ചുകൂവാൻ ഭയമില്ലാത്ത ഈ വാക്കുകൾ ഒരു മാതൃകയാണ്.

മുസ്തഫ മുറ്റിച്ചൂർ

Show More expand_more
News Summary - Letters