എഴുത്തുകുത്ത്

ബഷീർ അന്ന് നശിപ്പിച്ചത് പോൾകൂടി വായിക്കേണ്ടിയിരുന്ന പുസ്തകം
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1428) വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് എഴുതിയ ‘സമകാലിക എഴുത്തുകാർക്ക് ബഷീറിൽനിന്ന് മൂന്നു പാഠങ്ങൾ’ വഴി സോഷ്യൽ മീഡിയ കാലത്തെ സാഹിത്യപരമായ ഉത്തരവാദിത്തമില്ലായ്മയെയും പ്രതികരണ തിടുക്കത്തെയും നിശിതമായ വിമർശനത്തിനു വിധേയമാക്കുകയാണ് പി.കെ. രാജശേഖരൻ. ഒപ്പം ഇന്നലെകളുടെ ധാരണകളിലും ബിംബകൽപനകളിലുമായി നിലനിർത്തി അബോധാത്മകമായോ ബോധപൂർവമോ ബഷീറിനെ വ്യാഖ്യാനിച്ചുവരുന്ന സമ്പ്രദായങ്ങളിൽനിന്ന് മോചിപ്പിക്കുകയുമാണ് അദ്ദേഹംചെയ്തത്. ജീവിതത്തിന്റെ മറുപുറം നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുന്ന തത്ത്വവിചാരകനു കാലികമായ രാഷ്ട്രീയശരികളെക്കുറിച്ചുള്ള വേവലാതിയോ അധികാരസ്ഥാനങ്ങളോടുള്ള കടന്ന വിധേയത്വമോ ബാധകമല്ലെന്ന് ബഷീറിനെെവച്ചുകൊണ്ട് പി.കെ.ആർ വാദിക്കുന്നുണ്ട്.
എന്നാൽ, അതിനേക്കാളേറെ പ്രാധാന്യം, രചനാഗുണം എന്ന സവിശേഷതക്ക് തന്റെ സാഹിത്യജീവിതത്തിലുടനീളം ബഷീർ നൽകിയ പ്രാധാന്യത്തെ എം.പി. പോളും ബഷീറും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി പി.കെ. രാജശേഖരൻ വിശദീകരിക്കുന്നതിനാണ്. എഴുത്തുകാരന് നിരൂപകനും മാർഗദർശിയുമായ കൂട്ടുകാരനോടുള്ള ഹൃദ്യമായ ബന്ധം വ്യക്തമാക്കുന്ന ഒരു രചനയാണ് എം.പി. പോൾ (1991) എന്ന പുസ്തകം. അങ്ങനെ ചെയ്ത ഒരു നോവലിസ്റ്റ് ബഷീറാണ്. ‘ഞാൻ കണ്ട കേസരി’ (1961) എന്ന ‘പഠനഗ്രന്ഥ’മെഴുതിയ കെടാമംഗലം പപ്പുക്കുട്ടിയാണ് മലയാളത്തിൽനിന്നുള്ള മറ്റൊരു ഉദാഹരണം. ഏതാണ്ട് 75 വർഷങ്ങൾക്കു മുമ്പും പോളിനെപ്പറ്റി ഗ്രന്ഥമെഴുതാൻ ബഷീർ ആരംഭിച്ചിരുന്നു. അത് പകുതിയായപ്പോഴാണ് പോൾ മരിക്കുന്നത്. ആ വാർത്ത അറിഞ്ഞ അന്നുതന്നെ ബഷീർ അതു നശിപ്പിച്ചു കളഞ്ഞു.
ഒരർഥത്തിൽ അതും എഴുത്തുകാരനും നിരൂപകനും തമ്മിലുള്ള ‘മനസ്സുകളുടെ ഐക്യത്തിന്റെ’ (ബഷീറിന്റെ പ്രയോഗം) തെളിവാണ്. പോൾകൂടി വായിക്കേണ്ടിയിരുന്ന പുസ്തകമാണ് അദ്ദേഹം അന്ന് നശിപ്പിച്ചത്. പോളിനെപ്പറ്റി വായനക്കാർ അറിയേണ്ടതുമാത്രമായ പുസ്തകമാണ് രണ്ടാമത്തെ ‘എം.പി. പോൾ’! അതിന്റെ രചനാകാലം 1981 ആണെന്ന് അതിൽതന്നെ സൂചനയുണ്ട്. പ്രസിദ്ധീകരിച്ചത് പത്തുവർഷം കഴിഞ്ഞും. പോളുമായുള്ള ബന്ധത്തെ പല നിലയിൽ വിശദീകരിക്കുന്ന ‘എം.പി. പോളി’ൽ ‘സാഹിത്യപരം’ എന്ന വാക്ക് ബഷീർ പ്രധാനപ്പെട്ട അർഥത്തിലാണ് പ്രയോഗിക്കുന്നത്. അതിങ്ങനെയാണ്:
‘‘കഥകളെല്ലാം കൊള്ളാം. വികാരത്തിനു തീപിടിച്ചിരിക്കുന്നു. ചിലതു സഭ്യതയുടെ അതിർത്തി കടന്നുപോയി. ലേശം നിയന്ത്രണം ആവാം. അതാണ് അദ്ദേഹം എനിക്കു സാഹിത്യപരമായി തന്ന ഏക ഉപദേശം. അതു ഞാൻ മിക്കപ്പോഴും ഓർക്കും!’’ ആവിഷ്കാരപരമായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ സഹായിച്ചത് എന്നതിനേക്കാൾ ബഷീറിന്റെ രചനാഗുണങ്ങളിലൊന്നായ മിതത്വശേഷിയെ സ്വാധീനിച്ച നിർദേശമായി പോളിന്റെ വാക്കുകളെ പരിഗണിക്കുന്നതായിരിക്കും നല്ലത്. എഴുതിയതെല്ലാം അദ്ദേഹത്തെ കാണിച്ചിരുന്നില്ല. സംശയമുള്ളതുമാത്രമെന്നു ബഷീർ തുടർന്നു പറയുന്നതിൽ ആ വാസ്തവമാണ് കൂടുതലായുള്ളത്.
എം.പി. പോൾ എന്ന പുസ്തകത്തിൽ ബഷീർ പോളിനെ മാത്രമല്ല, സാന്ദർഭികമായി കേസരി ബാലകൃഷ്ണപിള്ളയെയും എം. ഗോവിന്ദനെയും അനുസ്മരിക്കുന്നുണ്ട്. എഴുത്തുകാരും നിരൂപകരും തമ്മിലുള്ള ആത്മബന്ധത്തിന്റെ വ്യത്യസ്തമായ വശങ്ങൾ വരച്ചിടാൻ, ഇവരുമായുള്ള സഹവാസത്തിന്റെ ഓർമ പങ്കുവെക്കുന്നതിലൂടെ ബഷീർ ശ്രമിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. ഈ വ്യക്തിത്വങ്ങൾക്കു നേരെ എതിർവശത്ത് ബാല്യകാലസഖിയിലെ മാർക്ക കല്യാണവർണനയെ എതിർത്ത പി. ദാമോദരൻ പിള്ളയും പുസ്തകത്തിൽ പേരുപറഞ്ഞിട്ടില്ലാത്ത ക്ലെപ്ടോമാനിയാക്കും പ്രായോഗികവാദിയും ‘മാന്യനു’മായ ഒരു വിമർശകനെപ്പറ്റിയുള്ള ഓർമകളുമുണ്ട്. ഇവരെ രണ്ടു പേരെയും വിമർശകർ എന്ന പദംകൊണ്ടാണ് ബഷീർ വിശേഷിപ്പിക്കുന്നത്. പോളിനെയും കേസരിയെയും വിവരിക്കുന്നിടത്ത് ആ പദം ഇല്ല. അത് ബോധപൂർവം തന്നെയല്ലേ?
പോളിനെ പ്രോത്സാഹകനായ നിരൂപകൻ എന്ന നിലയിൽ മാത്രമല്ല ബഷീർ ഉൾക്കൊള്ളുന്നത്. അല്ലെങ്കിൽ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല എന്ന കാരണത്താൽ എഴുതി പൂർത്തിയാക്കിയ ചെറുനോവൽ വേമ്പനാട്ടു കായലിൽ കളയുകയില്ലല്ലോ. വിമർശനമല്ല, ദിശാബോധമുള്ള അഭിരുചിയാണ് പ്രധാനമെന്ന് ബഷീറും തീരുമാനിച്ചിരുന്നു എന്നാണതിനർഥം. പി.കെ. രാജശേഖരൻ ഈ കാര്യത്തെയാണ് ‘അപ്രിയസത്യങ്ങൾ ഉറക്കെ പറയാനുള്ള നിരൂപകന്റെ വാഗ്ധീരത’യെന്ന് വിളിക്കുന്നത്. ബഷീറിന്റെ അഭിപ്രായത്തിൽ പോൾ മഹാപണ്ഡിതനാണ്. എന്തിനെക്കുറിച്ചും അദ്ദേഹവുമായി സംസാരിക്കാം. ഈ ഗുണത്തെയാണ് കാലത്തിനനുസരിച്ച് പി.കെ.ആർ ‘സൈദ്ധാന്തിക പരിശോധനയുടെയും വിശാലമായ സാഹിത്യ വായനാനുഭവത്തിന്റെയും വെളിച്ചം’ എന്ന വരിയിൽ സ്വാംശീകരിക്കുന്നത്. മലയാള സാഹിത്യത്തിനും മറ്റേത് സാഹിത്യവുംപോലെതന്നെ ‘നിരൂപണ’ത്തിന്റെ (മലയാളത്തിൽ നിരൂപണം എന്ന വാക്കിന് പത്തിലധികം അർഥവിവക്ഷകളുണ്ട്) വിശാലമേഖലയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. എഴുത്തുകാർക്കും വായനക്കാർക്കും ഇടയിലുള്ള മധ്യസ്ഥരുടെ പ്രസക്തി ചോദ്യംചെയ്യപ്പെട്ടു തുടങ്ങിയത് നവസാക്ഷരരുടെ പ്രവേശനത്തോടെയാണ്. രചനയിൽ ആവിഷ്കരിക്കപ്പെട്ട അനുഭവങ്ങളുമായി അക്ഷരം കൂട്ടിവായിച്ചു നേരിട്ടു ബന്ധം സ്ഥാപിക്കാനാവുമെങ്കിൽ അധികച്ചെലവായി ഇടയിൽ വ്യാഖ്യാതാക്കൾ എന്തിനെന്നായിരുന്നു ചോദ്യം. അനുഭവവൈവിധ്യങ്ങളുടെ ധാരാളിത്തത്തിനുള്ള ഉദാഹരണമായി രചനകളെ പരിഗണിക്കുന്നതിൽ കുഴപ്പമുണ്ട്. ‘രചനാഗുണ’വും ‘അഭിരാമത്വ’വുമൊക്കെ അപ്രസക്തമാവുന്ന സങ്കൽപമേഖലയാണത്.
ബഷീറിന്റെ രചനകളുടെ കാലാന്തരവായനകൾ അവ ലളിതങ്ങളായ അനുഭവാഖ്യാനങ്ങൾ മാത്രമല്ലെന്നാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇടനില ആവശ്യമില്ലെന്ന് വാദിക്കുമ്പോൾതന്നെ, മലയാളത്തിൽ ഏറ്റവുമധികം പഠനങ്ങൾ നടക്കുന്നതും ബഷീർ സാഹിത്യത്തിലാണ്. ആ നിലക്ക് പി.കെ. രാജശേഖരൻ ബഷീറിലൂടെ വീണ്ടെടുക്കുന്നത്, അത്യാവേശത്താൽ മലയാളി ഭാവുകത്വം മറന്നുപോകുന്ന സാഹിത്യ-സാംസ്കാരിക നിരൂപണത്തിന്റെ അന്തസ്സിനെ കൂടിയാണ്.
ശിവകുമാർ ആർ.പി തിരുമല, തിരുവനന്തപുരം
കഥാവഴിയിലെ കാഴ്ചകൾ അവസാനിച്ചതിൽ നിരാശ
കഥാകൃത്ത് ഇ.പി. ശ്രീകുമാർ ആഴ്ചപ്പതിപ്പിൽ എഴുതിയ ‘കഥാവഴിയിലെ കാഴ്ചകൾ’ അവസാനിക്കുന്നു എന്നറിയുമ്പോൾ വല്ലാത്തൊരു നിരാശ. കഥയുടെ വഴികളിലൂടെയുള്ള സഞ്ചാരം അത്രക്ക് ഇഷ്ടമായിരുന്നു. പല അനുഭവങ്ങളും വായിക്കുമ്പോൾ ഞാൻ എന്റെ കഥാവഴികളെക്കുറിച്ചും ആലോചിക്കാറുണ്ടായിരുന്നു. ഒരു കഥ പിറവിയെടുക്കുന്നതിനു പിന്നിൽ ആ കഥാകൃത്ത് അനുഭവിക്കുന്ന മാനസിക സംഘർഷം കൃത്യമായി ഇ.പി. ശ്രീകുമാർ രേഖപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും വിപരീതമായിപ്പോകാനിടയുള്ള ശാരീരികമായും മാനസികമായും കഥാകൃത്തിന് പീഡനമേൽക്കാൻ ഇടയുള്ള കഥാസന്ദർഭങ്ങളിലൂടെ ഒരു ഞാണിൻമേൽ കളിക്കാരന്റെ വിരുതോടെ അദ്ദേഹം നടന്നുകയറിയിട്ടുണ്ട്.
അനുഭവങ്ങളുടെ ഖനിയിൽനിന്നും (ഞാനൊക്കെ ഒരു കഥയിൽത്തന്നെ രണ്ട് അനുഭവ പശ്ചാത്തലങ്ങളെ ചേർത്തിണക്കിയാണ് കഥയുണ്ടാക്കാറ്) വൈകാരിക പിരിമുറുക്കത്തോടുകൂടി കഥ അവസാനിപ്പിക്കാൻ –യഥാർഥ സംഭവങ്ങളെ അതേപടി നിലനിർത്തി എഴുതാൻ കാണിക്കുന്ന ധൈര്യത്തിന് നല്ല നമസ്കാരം. ഇനിയും കഥയനുഭവങ്ങൾ വരട്ടെ. പുതിയ എഴുത്തുകാർക്കത് വലിയ അനുഗ്രഹമായിരിക്കും.
നാരായണൻ അമ്പലത്തറ
കാലികപ്രസക്തം ‘രാഖി’
കാലികപ്രസക്തിയുള്ള ‘രാഖി’ എന്ന കഥയെഴുതി (ലക്കം 1428) ഫൈസല്‍ വൈത്തിരി വായനക്കാരെ ഞെട്ടിച്ചിരിക്കുന്നു. ചെറുകഥകളില്‍ ഒരു കഥയുണ്ടായിരിക്കണം, അത് ചെറുതായിരിക്കണം, ഒരു നിര്‍ഝരിപോലെ അത് ആത്മാവിലേക്ക് ഒഴുകി പരക്കണം, ബീജഗണിത നിര്ധാരണംപോലെ ബുദ്ധികൊണ്ട് ചര്വണംചെയ്യേണ്ടതല്ല സര്‍ഗാത്മക സൃഷ്ടികൾ എന്നൊക്കെ അറിയാവുന്ന ഒരു കഥാകൃത്താണ് ഫൈസല്‍ വൈത്തിരിയെന്ന് ഈ കഥ പറഞ്ഞുതരുന്നു. അനുവാചകർ കടന്നുപോകുന്ന സങ്കടങ്ങളുടെ ലോകത്തുനിന്നും കുറച്ചു നേരമെങ്കിലും ദുഃഖങ്ങളില്ലാത്ത ഒരു മായികലോകത്തിലേക്ക് നടത്തിക്കൊണ്ടുപോയാല്‍ ആ സാഹിത്യസൃഷ്ടിയുടെ ദൗത്യം നിറവേറി എന്ന് വിശ്വസിക്കുന്ന എനിക്ക് ഈ കഥ ഇഷ്ടപ്പെട്ടു. ഒരാളുടെ മുഖലക്ഷണവും ശരീരഭാഷയും നോക്കി അയാളിലെ നന്മ-തിന്മകളെ കാണുന്നവര്‍ക്കുള്ള ഒരു പ്രഹരമാണ് ഈ കഥ. ഇതിലെ ചേതന്‍ ഖരെ തമ്പാക്ക് ചവക്കുന്നതും, കൈയില്‍ രാഖി കെട്ടിയിരിക്കുന്നതും കണ്ടിട്ട് അയാളൊരു മത തീവ്രവാദിയാണെന്നു കരുതി ആധിപിടിച്ച കഥാനായികയുടെ മനസ്സ് കൃത്യമായി വരച്ചിട്ടുണ്ട് ഫൈസല്‍. മുകളില്‍ ഞാൻ എഴുതിയിരിക്കുന്ന കഥയുടെ കൃത്യമായ മീറ്റർ പിടിച്ച് എഴുതിയിരിക്കുന്ന ഈ കഥ വായിച്ച് ഞാൻ അൽപനേരം ചിന്താധീനനായി. അതാണ് ഈ കഥയുടെ പ്ലസ് പോയന്റ്.
സണ്ണി ജോസഫ്, മാള
മനസ്സു നിറക്കുന്ന സാലു ജോർജിന്റെ ആത്മഭാഷണം
ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന ഛായാഗ്രാഹകൻ സാലു ജോർജുമായുള്ള സംഭാഷണം വായിക്കുകയായിരുന്നു. യൂട്യൂബും ഫേസ്ബുക്കും തുറന്നാൽ സിനിമ അനുഭവങ്ങളുടെ പറച്ചിലുകളാണ് സ്ഥിരം കാണുന്നത്. ഓരോരുത്തരുടെ വീമ്പുകളും വായാടിത്തങ്ങളും കേട്ട് മടുത്തിട്ടാണ് പുസ്തകമെടുത്ത് എന്തെങ്കിലുമൊന്ന് വായിക്കാൻ തീരുമാനിച്ചത്. കൈയിൽ കിട്ടിയതോ മാധ്യമവും. പേജ് മറിക്കവെ സാലു ജോർജുമായുള്ള സംഭാഷണം ശ്രദ്ധയിൽപെട്ടു. ഇതിലും സിനിമ സംഭാഷണമോ എന്ന് ചിന്തിച്ച് വായിക്കവെ, വെറുമൊരു സംഭാഷണമല്ലിതെന്നും ഒരാളുടെ ഉള്ളിൽനിന്ന് വന്ന വാക്കുകൾക്കപ്പുറം അയാൾ ചെയ്തുവെച്ച ഒരുപിടി നല്ല സിനിമകളുടെ കാണാക്കാഴ്ചകളാണ് തുറന്നുവെച്ചതെന്ന് ബോധ്യമായി. കൂടാതെ കേരള രാഷ്ട്രീയത്തിലും മലയാള സിനിമ ചരിത്രത്തിലും സാലു ജോർജ് എന്ന കാമറാമാന്റെ കുടുംബത്തിനുള്ള ആഴത്തിലുള്ള ബന്ധവും വ്യക്തതയോടെ മനസ്സിലായി. തനിയാവർത്തനത്തിന്റെ ഇന്നെലകളെ കുറിച്ച് എഴുതിയത് തീർത്തും മനസ്സ് നിറച്ചുള്ളതായി തോന്നി.
അബ്ദുൽ നാസർ, മഞ്ചേരി
ഇടവപ്പാതിക്ക് കുടയില്ലാതെ
ശ്രീകുമാരൻ തമ്പിയുടെ സംഗീതയാത്ര ആസ്വാദകർക്ക് വിലയേറിയ അറിവുകൾ പകർന്ന് തുടരുകയാണ്. ‘പാൽക്കടൽ’, ‘അമ്മ’, ‘അപ്പൂപ്പൻ’ എന്നീ മൂന്നു സിനിമകളിലെ ഗാനചരിത്രമാണ് മുൻ ലക്കത്തിൽ (ലക്കം 1429) പ്രതിപാദിച്ചിരിക്കുന്നത്.
‘പാൽക്കടൽ’ എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച ‘കുങ്കുമപ്പൊട്ടിലൂറും കവിതേ’, ഇന്ദ്രനീലാംബരമെന്നുമിന്നും’ എന്നിവ ഞാനേറെ ഇഷ്ടപ്പെടുന്ന ഗാനങ്ങളാണ്. ‘കുങ്കുമപ്പൊട്ടിലൂറും കവിതേ...’ വാണി ജയറാം പാടിയ മികച്ച ഗാനങ്ങളിലൊന്നാണ്. ചിത്രത്തിലെ ഏറ്റവും ഹിറ്റായ ഗാനവും ഇതു തന്നെ. ‘‘എല്ലാ സ്മരണയും വിടർത്തി എന്നിൽ/എല്ലാ മോഹവും ഉണർത്തി’’ എന്ന് വാണി ജയറാം പാടുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി പടരും. വരികളിലും ഈണത്തിലും ആലാപനത്തിലും വ്യത്യസ്തത തോന്നിയ ഗാനമാണ് പി. ജയചന്ദ്രൻ പാടിയ ‘‘ഇന്ദ്രനീലാംബരമെന്നുമിന്നും.’’
‘അമ്മ’ എന്ന സിനിമയിലെ പി. സുശീല പാടിയ ‘‘പൂത്തുലയും പൂമരമൊന്നക്കരെ’’ എന്ന ഗാനവും എനിക്ക് പ്രിയപ്പെട്ടതാണ്. ഗ്രാമഫോൺ റെക്കോഡിലൂടെ കൂടെക്കൂടെ കേൾക്കുന്ന ഗാനവുമാണ്.
‘ചരിത്രം ആവർത്തിക്കുന്നില്ല’ എന്ന പേരിൽ ഗ്രാമഫോൺ കമ്പനി, പാട്ടുകളുടെ റെക്കോഡ് പുറത്തിറക്കിയതിന് ശേഷമാണ് നിർമാതാക്കൾ സിനിമയുടെ പേര് ‘അപ്പൂപ്പൻ’ എന്നാക്കി മാറ്റിയത്. പാട്ടുപുസ്തകം പുറത്തിറങ്ങിയതും അപ്പൂപ്പൻ എന്ന പേരിലാണ്. ഈ ചിത്രത്തിലെ പ്രശസ്തമായ ഗാനമാണ് ‘‘ഇടവപ്പാതിക്ക് കുടയില്ലാതെ ഇലഞ്ഞി മരച്ചോട്ടിൽ നിന്നില്ലേ...’’ (ശ്രീകുമാരൻ തമ്പി ഇക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്). സ്വന്തം ഗാനത്തിൽനിന്നുതന്നെ പ്രചോദനമായി പി. ഭാസ്കരൻ എഴുതിയ ഗാനമാണെന്ന ചരിത്രം കൂടിയുണ്ട് ഈ ഗാനത്തിന്. 1975ൽ പുറത്തിറങ്ങിയ സിനിമയാണ് ‘ആരണ്യകാണ്ഡം’. ഗാനരചന: പി. ഭാസ്കരൻ. സംഗീതം: എ.ടി. ഉമ്മർ. ഇതിലെ ഏറ്റവും ഹിറ്റായ പ്രണയഗാനമാണ്: ‘‘ഈ വഴിയും ഈ മരത്തണലും/ പൂവണിമരതകപ്പുൽമെത്തയും കൽപനയെ പുറകോട്ടു ക്ഷണിക്കുന്നു/ കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു’’ (പാടിയത് യേശുദാസ്). ഗാനത്തിന്റെ അനുപല്ലവി ശ്രദ്ധിക്കൂ:
‘‘ഇടവപ്പാതിയിൽ കുടയില്ലാതെ/ ഇലഞ്ഞിമരച്ചോട്ടിൽ ഇരുന്നു നമ്മൾ/ പണ്ടിരുന്നു നമ്മൾ/ കുടവുമായ് വന്ന വർഷമേഘസുന്ദരി/ കുളിപ്പിച്ചു നമ്മെ കുളിപ്പിച്ചു.’’ ഇതിലെ വരികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതാണ് ‘അപ്പൂപ്പനി’ലെ ഗാനത്തിന്റെ പല്ലവി. വരികൾ നോക്കൂ:
‘‘ഇടവപ്പാതിക്കു കുടയില്ലാതെ ഇലഞ്ഞിപ്പൂമരച്ചോട്ടിൽ നിന്നില്ലേ/ നാം ഇലഞ്ഞിപ്പൂമരച്ചോട്ടിൽ നിന്നില്ലേ/ കുടവുമെടുത്തൊരു കാർമുകിൽ നമ്മെ കുളിപ്പിച്ചില്ലേ/ പെണ്ണേ കുളിപ്പിച്ചില്ലേ...’’
‘അപ്പൂപ്പൻ’ പ്രദർശനത്തിനെത്തിയത് 1976ലാണെങ്കിലും പാട്ടുകളുടെ റെക്കോഡ് പുറത്തിറങ്ങിയത് 1975ലാണ്. അതായത് ‘ആരണ്യകാണ്ഡം’ പുറത്തിറങ്ങിയ അതേ വർഷംതന്നെ!
ഇ.ജി. വസന്തൻ, മതിലകം