എഴുത്തുകുത്ത്

‘അശ്വതി’ നക്ഷത്രമായിരുന്നു!
മലയാള സിനിമയുടെ ആരംഭകാലത്തെ ചലച്ചിത്ര ഗ്രന്ഥങ്ങളെയും രചനകളെയും പരിചയപ്പെടുത്തി ശിവകുമാർ ആർ.പി ‘മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര നിരൂപക’ എന്ന തലക്കെട്ടിലെഴുതിയ ലേഖനം മലയാള സിനിമയെ സ്നേഹിക്കുന്നവർക്കും ചലച്ചിത്ര ചരിത്രം അന്വേഷിക്കുന്നവർക്കും ഏറെ വിലപ്പെട്ടതാണ് (ലക്കം 1426). മാതൃഭാഷയിലെ ആദ്യകാല ചലച്ചിത്ര ഗ്രന്ഥങ്ങളെയും കർത്താക്കളെയുമൊക്കെ പരിചയപ്പെടാനായി ഗൗരവമേറിയ ഈ വിഭവത്തിലൂടെ.
ഒരു ഖണ്ഡികയിൽ സ്ത്രീനാമങ്ങൾ സ്വീകരിച്ച ചലച്ചിത്ര നിരൂപകരെക്കുറിച്ചും പറയുന്നുണ്ട്. അദ്ദേഹം കുറെയേറെ അത് വായനക്കാരെ ആകർഷിക്കാൻ ആയിരുന്നുവെങ്കിലും അല്ലാത്തവയും ഉണ്ടായിരുന്നു. അതിലൊരാളാണ് പത്മനാഭൻ എന്ന യഥാർഥപേരുള്ള ‘അശ്വതി’. യഥാർഥത്തിൽ അദ്ദേഹത്തിന്റെ ജന്മനക്ഷത്രമാണ് തൂലികാനാമമായി സ്വീകരിച്ചതെന്ന് പലർക്കും അറിയാത്ത കാര്യമാണ്, ‘മഹർഷി’ എന്ന പേരിലും 1970-80 കാലഘട്ടങ്ങളിൽ മുഖ്യധാരയിലെ ആഴ്ചപ്പതിപ്പുകളിൽ സിനിമാനിരൂപണങ്ങൾ എഴുതിയിരുന്നു, പപ്പേട്ടൻ എന്ന് പ്രിയപ്പെട്ടവർ വിളിക്കുന്ന അദ്ദേഹം. സ്ത്രീ നാമങ്ങളിൽ വരുന്ന നിരൂപണങ്ങൾ വായിച്ച് പലരും എഴുതിയിരുന്ന ‘പഞ്ചാര കത്തു’കളും പല പത്രാധിപരുടെയും മേശപ്പുറത്തെത്തിയിരുന്ന കഥകളും ചലച്ചിത്രനിരൂപണ സാഹിത്യത്തിന് പറയാനുണ്ട്.
കെ.പി. മുഹമ്മദ് ഷെരീഫ്, കാപ്പ് പെരിന്തൽമണ്ണ
നിലമ്പൂരിലെ ആദിവാസികളെ ഇനിയും മഴയത്ത് നിർത്തണോ?
മുഹമ്മദ് കുട്ടി എളമ്പിലാക്കോട് എഴുതിയ ലേഖനം (ലക്കം 1429) ഭൂരഹിതരായ ആദിവാസികളോടുള്ള ഭരണകൂട വഞ്ചനയുടെ നേർവായനയായി. രാജ്യമൊട്ടുക്കും കുത്തക കോർപറേറ്റ് ഭൂമാഫിയകളും വികസന ഭീകരതപൂണ്ട ഭരണകൂടങ്ങളും ആദിവാസി, ദലിത് സമൂഹങ്ങളെ അവരുടെ തനത് ആവാസ വ്യവസ്ഥയിൽനിന്ന് പിഴുതെറിഞ്ഞുകൊണ്ടിരിക്കുന്നതും അതിനെതിരെയുള്ള അവരുടെ ദുർബലമായ അതിജീവന സമരങ്ങളും ഇന്ന് വാർത്തയല്ലാതായിരിക്കുകയാണ്. ഉത്തരാഖണ്ഡും ഛത്തിസ്ഗഢും മിസോറം ഉൾപ്പെടെയുള്ള രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കൽക്കരിപ്പാടങ്ങൾ ഉൾപ്പെടെയുള്ള കൂറ്റൻ ഖനന വ്യവസായങ്ങൾക്കുവേണ്ടി നൂറുകണക്കിന് ആദിവാസി, ദലിത് കുടുംബങ്ങളുടെ ഭൂമികൾ ഉൾപ്പെടെ കൈയേറി അവരെ കൂട്ടമായി കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തിലാകട്ടെ ഭരണകൂടങ്ങളുടെ ക്രൂര വഞ്ചനയുടെ ഇരകളുമാണ് ആദിവാസികൾ. 2009ലെ സുപ്രീംകോടതി വിധിപ്രകാരം ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ വർഷങ്ങൾക്കു മുമ്പ് റവന്യൂ വകുപ്പ് സർവേ ചെയ്ത് വേർതിരിച്ച ഭൂമി ഇനിയും വിതരണംചെയ്യാതെ പലവിധ സാങ്കേതികത്വവും പറഞ്ഞ് വൃദ്ധരും നിത്യരോഗികളുമായ ഈ പാവം മനുഷ്യരെ തങ്ങൾക്ക് അർഹതപ്പെട്ട ഭൂമിക്കുവേണ്ടി ഇങ്ങനെ നിരന്തരം സമരങ്ങളിൽനിന്നും സമരങ്ങളിലേക്ക് തള്ളിവിടുകയാണ്.
ക്രൂരമായ ഭരണകൂട അവഗണനയും ഒറ്റപ്പെടുത്തലും ഇങ്ങനെ നടക്കുമ്പോൾ തന്നെ കേരളത്തിന്‍റെ മലയോര മേഖലയിലെ ചില വൻകിട തോട്ടം ഉടമകളും റിസോർട്ട്, ക്വാറി മാഫിയകളും ആദിവാസി ഭൂമികൾ കൈയേറി കൈവശം വെച്ചിട്ടുണ്ടെന്നതും ഓർക്കണം. ഒരു ഭാഗത്ത് ഭരണകൂട അവഗണനക്കും മറുഭാഗത്ത് കുത്തക കോർപറേറ്റ് കമ്പനികളുടെ കൈയേറ്റങ്ങൾക്കും ഇരയായിക്കൊണ്ടിരിക്കുന്ന ഈ പാവം മനുഷ്യരുടെ അതിജീവനത്തിനു വേണ്ടിയുള്ള ഈ ചെറു പോരാട്ടങ്ങൾക്ക് നേരെ സാംസ്കാരിക പ്രബുദ്ധതയുണ്ടെന്ന് മേനി നടിക്കുന്ന കേരളീയ പൊതുസമൂഹം അങ്ങേയറ്റം കുറ്റകരമായ മൗനമാണ് നടിക്കുന്നത്. കേരളീയ പൊതു സമൂഹത്തിനോ സാംസ്കാരിക നായകർക്കോ ഇതൊരു ചർച്ചാ വിഷയമേ അല്ല. പിറന്നുവീണ മണ്ണിൽ ഒരു തുണ്ട് ഭൂമിക്കായി ഒരുപിടി പാവം മനുഷ്യർ അധികാരികൾക്ക് മുന്നിൽ ഇങ്ങനെ യാചിച്ചു കുടിൽ കെട്ടി സമരം ചെയ്യേണ്ടിവരുന്നത് എത്രനാൾ നമുക്ക് നോക്കിനിൽക്കാൻ കഴിയും?
വി.കെ. സുഭാഷ് കബീർ, നിലമ്പൂർ
ആദിവാസികളോടുള്ള അവഗണന പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല
ഉപതെരഞ്ഞെടുപ്പു കഴിഞ്ഞതോടെ നിലമ്പൂർ ശാന്തമായെന്ന് സ്വാഭാവികമായി പറയാമെങ്കിലും കോരിച്ചൊരിയുന്ന മഴയത്തും വിയർത്തൊലിക്കുന്ന ഒരു നിലമ്പൂർ ചിത്രം കാണാനാകുന്നുണ്ട് കഴിഞ്ഞ കുറെ നാളുകളായി അവിടെനിന്ന്. ആ ചിത്രത്തിന്റെ ഒരു നേർചിത്രമാണ് മുഹമ്മദ് കുട്ടി എളമ്പിലാക്കോട് ആഴ്ചപ്പതിപ്പിന്റെ വായനക്കാർക്കു മുന്നിൽ ‘നിലമ്പൂരിലെ ആദിവാസികളെ ഇനിയും മഴയത്ത് നിർത്തണോ?’ (ലക്കം 1429)എന്ന ലേഖനത്തിലൂടെ തുറന്നുവെക്കുന്നത്. ആദിവാസി വിഭാഗത്തിന് മഴയത്ത് നിൽക്കേണ്ട ഗതികേട് (മഴയെയും വെയിലിനെയും അവഗണിച്ച് ആദിവാസി വിഭാഗങ്ങൾ ചെയ്തുവരുന്ന സമരങ്ങൾ) ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; പതിറ്റാണ്ടുകളുടെ പഴക്കമുണ്ടതിന്. അത് നിലമ്പൂരിലെന്നല്ല, എവിടെ ആയിരുന്നാലും. സമരം നടത്തുന്നവർ ഒരുപക്ഷേ അറിയുന്നില്ലെങ്കിലും സമരത്തെ പ്രതിരോധിക്കുന്നവർക്ക് അത്യാവശ്യം ‘അറിയാവുന്ന’ ഒരു കാര്യമുണ്ട്. അത്, മറ്റൊന്നുമല്ല, ഏറ്റവും എളുപ്പം പറ്റിക്കാൻ പറ്റുന്ന വിഭാഗമാണ് ആദിവാസികൾ എന്നുള്ളതാണ്. വളച്ചുകെട്ടില്ലാതെ ഏറ്റവും ലളിതമായി പറഞ്ഞാൽ ഈ പറ്റിക്കൽതന്നെയാണ് പാവപ്പെട്ട ഇവരോട് കാലാകാലങ്ങളായി തുടരുന്നതും.
അതുകൊണ്ടുതന്നെ നിലമ്പൂരിൽ ഇപ്പോൾ നടക്കുന്നതും ഒറ്റപ്പെട്ട സമരമല്ല. സമരക്കാർ കോരിച്ചൊരിയുന്ന മഴയത്തുനിന്ന് ‘വിയർക്കു’മ്പോഴും സമരപ്പന്തലിലെ അടുക്കളയിൽ നിലമ്പൂർ ഭൂസമര നായിക (ബിന്ദു വൈലശ്ശേരി) പനി പിടിച്ച് വിയർക്കുമ്പോഴും ആവേശം ഒട്ടും ചോർന്നുപോകാത്ത ദൃശ്യങ്ങളാണ് സമരമുഖത്തുനിന്ന് കാണാനാവുന്നത്.
ഗ്രോ വാസുവിനെപ്പോലുള്ള മനുഷ്യസ്നേഹികളുടെയും മുന്നണി പോരാളികളുടെയും കൂടി പിന്തുണ ലഭിച്ച് സമരം മുന്നേറുമ്പോൾ സമരക്കാരുടെ പ്രഖ്യാപിത ലക്ഷ്യത്തിന് തടയിടാൻ ഇനിയും ശ്രമിക്കാതെ അവരുടെ മാന്യമായ ആവശ്യങ്ങളും അവകാശങ്ങളും വകവെച്ചു കൊടുത്തേ പറ്റൂ. അല്ലാതെ, എക്കാലവും അധികാര സ്ഥാപനങ്ങളുടെ മുന്നിൽ സമരപ്പന്തൽ കെട്ടി അനന്തമായി മഴയിലേക്കും വെയിലിലേക്കും തള്ളിവിടുന്നത്, അതും മണ്ണിന്റെ മക്കളായ ആദിവാസികളെ, ഒരു സമൂഹത്തിനും ഭൂഷണമല്ല. നിലമ്പൂർ ആദിവാസി ഭൂസമരം പരിഹരിക്കപ്പെടുക തന്നെ വേണം. ലേഖകനോട് ചേർന്നു നിന്നുകൊണ്ട് സാമാന്യ വായനക്കാരും ചോദിച്ചുപോകും നിലമ്പൂർ ആദിവാസികൾ ഇനിയും എത്രകാലം മഴയത്ത് നിൽക്കണമെന്ന്.
ദിലീപ് വി. മുഹമ്മദ്,മൂവാറ്റുപുഴ
കവിതയുടെ ഉള്ളുകള്ളികൾ
ഒറ്റവാക്കിന്റെ അർഥഭേദങ്ങളിലൂടെ വായനക്കാരെ വിവേകസഞ്ചാരികളാക്കുന്ന വിദ്യ നല്ലവണ്ണം അഭ്യസിച്ച കവിയാണ് രാവുണ്ണി. കള്ളി എന്ന വാക്കിനെ തലം മാറ്റി, സ്ഥലം മാറ്റി ബഹു മാനങ്ങളിലൂടെ യാത്രചെയ്യിപ്പിക്കുന്ന ധൈഷണികാഭ്യാസം വല്ലാതെ ഇഷ്ടപ്പെട്ടു. ‘കള്ളി’ എന്ന കവിത മസ്തിഷ്കവും ഹൃദയവും ചേർന്നുള്ള ജുഗൽബന്ദിയായി അനുഭവപ്പെട്ടു. ചിന്തയിൽനിന്നും മുളപൊട്ടി, വൈകാരിക പരിസരങ്ങളിലൂടെ സഞ്ചരിച്ച് വിചിന്തനങ്ങളിൽ ചെന്ന് മുട്ടിനിൽക്കുന്ന കാവ്യാനുഭൂതി ഒരുക്കിത്തന്ന രാവുണ്ണിക്കും മാധ്യമത്തിനും ഒത്തിരി നന്ദി.
ബൈജു ലൈലാ രാജ്, കോഴിക്കോട്
സോഷ്യലിസത്തെയും മതനിരപേക്ഷതയെയും ഭയക്കുന്ന ബി.ജെ.പി
അനിൽകുമാർ എ.വിയുടെ ‘ആരുടെ ഭാരതാംബ? ആരുടെ ഗോമാതാവ്?’ എന്ന ലേഖനം വായിച്ചു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള തത്രപ്പാടിലാണ് ബി.ജെ.പി. അതിന് ഉദാഹരണമാണ് ഭാരതാംബയെ രാജ്ഭവനിൽ വെക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചെയ്തത്. ഫാഷിസം പലരൂപത്തിലാണ് ഇന്ത്യയിലും വിശേഷാൽ കേരളത്തിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സോഷ്യലിസത്തെയും മതനിരപേക്ഷതയെയും ഭരണഘടനയിൽനിന്ന് എടുത്തുകളഞ്ഞ് ഹിന്ദു രാഷ്ട്രവും മനുസ്മൃതിയും കൊണ്ടുവരാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 400 സീറ്റിൽ കൂടുതൽ പിടിക്കുമെന്നായിരുന്നു മോദിയുടെയും കൂട്ടരുടെയും കാഴ്ചപ്പാട്. അതിന് കടകവിരുദ്ധമായി സംഭവിച്ചതിനാലാണ് മോദി തരംഗത്തിന് മങ്ങലേറ്റത്. മൂന്ന് തവണ അധികാരത്തിൽ തുടരുമ്പോഴും ദലിതരെയും ആദിവാസികളെയും പിന്നാക്കക്കാരെയും മോദിക്ക് സംരക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.
അന്താരാഷ്ട്ര യോഗദിനത്തിൽ രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം വെച്ച കേരളത്തിന്‍റെ പുതിയ ഗവർണറായ രാജേന്ദ്രനാഥ് ആർലേക്കർ ഫാഷിസത്തിന്‍റെ പുതിയ മുഖമാണ് നൽകുന്നത്. തുടർച്ചയായി വീണ്ടും മോദി അധികാരത്തിൽ വന്നതോടെ ഇത്തവണ അവർ ഹിന്ദുരാഷ്ട്രത്തിനായി ഓരോ ചുവടുംവെച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.
ഇതിന് തടയിടാൻ ഇൻഡ്യ മുന്നണിയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിന് ഇതുവരെയും സാധിച്ചിട്ടില്ല. പൗരത്വ ബിൽ, കശ്മീർപോലുള്ള വിഷയങ്ങളെ എതിർത്ത് വിജയിക്കാൻ എതിർപക്ഷത്തുള്ള രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞില്ല എന്നതാണ് നഗ്നസത്യം. ഇതിൽ കോൺഗ്രസിന് എന്തുപറ്റിയെന്നത് പുനർചിന്ത നടത്തേണ്ടതുണ്ട്.
സമരങ്ങൾ നോക്കുകയാണെങ്കിൽ പഞ്ചാബിലെ കർഷക സമരത്തിന് മുന്നിൽ മാത്രമാണ് മോദി അടിയറവ് പറഞ്ഞിട്ടുള്ളത്. 1905ൽ അബനീന്ദ്രനാഥ് വരച്ച ഭാരത് മാതയെ ബി.ജെ.പിയുടെ കുടക്കീഴിലാക്കുകയും അത് ആർ.എസ്.എസ് ശാഖയിലെ കാവിക്കൊടിയായി മാറുകയും ചെയ്തതെങ്ങനെയാണ് എന്ന് നമ്മൾ ആലോചിക്കേണ്ടതുമുണ്ട്.
ഗവർണർ രാജേന്ദ്രനാഥ് ആർലേക്കറുടെ പരിപാടികളിൽ അദ്ദേഹംതന്നെ വെച്ച ഭാരതാംബയുടെ ചിത്രം കണ്ട് എൽ.ഡി.എഫ് ബഹിഷ്കരിച്ചിട്ടും ഗവർണറുടെ ഭാഗത്തുനിന്ന് ഒരു കുലുക്കവും ഉണ്ടായിട്ടില്ല. ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കുന്ന കേന്ദ്രത്തിന്‍റെ നിർദേശപ്രകാരമാണ് കേരളത്തിലെ ഗവർണറായ രാജേന്ദ്രനാഥ് ആർലേക്കർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഗവർണറായ ആരിഫ് മുഹമ്മദ് ഖാൻ എൽ.ഡി.എഫുമായി കൊമ്പുകോർക്കുകയും പല നിയമങ്ങളിലും ഒപ്പിടാതെയും ഇടത് പക്ഷത്തിനെതിരെ പ്രവർത്തിക്കുകയാണ് ചെയ്തിരുന്നത്. നിലവിലെ ഗവർണർ രാജേന്ദ്രനാഥ് ഭാരതാംബയിലൂടെ കേരളത്തെ കാവിവത്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഗോമാതാവിന്‍റെ പേരിൽ ഉത്തരേന്ത്യയിൽ പാവപ്പെട്ട മുസ്ലിം സഹോദരങ്ങളെ കൂട്ടക്കൊല ചെയ്യുന്ന വാർത്തയാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വസ്ത്രം, ആഹാരം, പശു എന്നിവയുടെ പേരിൽ നിരന്തരമായ പീഡനം നടക്കുന്നുണ്ട്. അതു പുറത്തുവരുന്നില്ല എന്നതാണ് സത്യം. വരുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് കൂടുതൽ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം. എന്നാൽ, ആ പ്രതീക്ഷയുടെ മുന കോൺഗ്രസ് ഒടിച്ചില്ലെങ്കിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പ് പ്രവചനാതീതമായി മാറും.
ഹരികൃഷ്ണൻ ഓടനാവട്ടം,കൊല്ലം
വ്യത്യസ്ത വായനാനുഭവം തരുന്ന ബഷീർ പതിപ്പ്
ബഷീർ അനുസ്മരണ ലേഖനങ്ങൾ (ലക്കം 1428) വ്യത്യസ്ത വായനാനുഭവം പ്രദാനംചെയ്യുന്നതായിരുന്നു. മലയാളിയുടെ വായനസംസ്കാരത്തെ ത്രസിപ്പിച്ചുകൊണ്ടിരുന്ന ബഷീറിയൻ ശൈലി കാലം കഴിയുന്തോറും പൂർവാധികം പച്ചപിടിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്‍റെ വിമർശകർക്കുപോലും സമ്മതിക്കേണ്ടിവരും. അനിർവചനീയവും അഭൗമികവുമായ ആനന്ദാനുഭൂതി ഉളവാക്കുന്ന ആ മാസ്മരികശൈലിയെ അവഗണിച്ച് ഒരു മലയാള സാഹിത്യോപാസകന് മുന്നോട്ടുപോകാൻ കഴിയില്ല. മലയാള ഭാഷക്ക് ആ മഹാമനീഷി സംഭാവന നൽകിയ ശൈലികളും ആക്ഷേപഹാസ്യങ്ങളും ഉദ്ധരിക്കാതെ ഒരു സാധാരണക്കാരനുപോലും തന്‍റെ സംസാരവൈഭവം പ്രകടിപ്പിക്കാനാവില്ല. ‘ഇമ്മിണി ബല്യ ഒന്നും’, ‘വെളിച്ചത്തിന് എന്ത് വെളിച്ചവും’.... ആ പട്ടിക നീണ്ടു പോകുന്നതാണ്.
എട്ടുകാലി മമ്മൂഞ്ഞിനെ സ്മരിക്കാതെ സാമൂഹിക ഇടപെടലുകളും വിമർശനങ്ങളും കാമ്പുള്ളതാക്കാൻ മലയാളിക്ക് കഴിയുമോ? പൊള്ളയായ പൊങ്ങച്ച സംസ്കാരത്തെ തുറന്നു കാണിക്കാൻ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’ എന്നതിനേക്കാൾ കുറിക്ക് കൊള്ളുന്ന ഒരു ശൈലി മറ്റേതുണ്ട്! ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഉൾക്കൊള്ളാനും സ്വാംശീകരിക്കാനുമുള്ള അമാനുഷികമെന്ന് പറയാവുന്ന സർഗസിദ്ധി ഉടമപ്പെടുത്തിയ സുൽത്താനായിരുന്നു അദ്ദേഹം. അനുഭവങ്ങളുടെ ഭണ്ഡാരങ്ങളിൽനിന്ന് പെറുക്കിയെടുത്ത അക്ഷരമുത്തുകൾ കോർത്തിണക്കി അദ്ദേഹം അണിയിച്ചൊരുക്കിയ സാഹിത്യഹാരങ്ങളുടെ മനോഹാരിത കാലപ്പഴക്കംകൊണ്ട് മങ്ങുകയില്ല. അതിന്റെ പൊലിമ, പുതുമ നഷ്ടപ്പെടാതെ എന്നെന്നും നമ്മെ ആകർഷിച്ചുകൊണ്ടിരിക്കും. സുൽത്താന്റെ മഹിമക്കൊത്ത അനുസ്മരണ ലേഖനങ്ങൾ തയാറാക്കിയ എഴുത്തുകാർക്കും മാധ്യമം ആഴ്ചപ്പതിപ്പിനും ഒരായിരം ലൈക്ക്!
അബൂറമീസ്, ആയിപ്പൊറ്റമ്മൽ
മികച്ച കാവ്യാനുഭൂതി
സന്ധ്യ ഇ രചിച്ച ‘കുളവും കവിയും’ എന്ന കവിത (ലക്കം 1429) ഏറെ ചിന്തനീയമായി അനുഭവപ്പെട്ടു. അടുത്തിടെ വായിച്ച മികച്ച കവിതകളിലൊന്നായാണ് എനിക്ക് തോന്നിയത്. മികച്ച കാവ്യാനുഭവവും ഒപ്പം ഓരോ വായനയിലും ചിന്താപരതയുടെ വെളിച്ചവും പകരുന്ന കവിതകൾ താരതമ്യേന വിരളമാകുമ്പോൾ ഇതുപോലുള്ള കവിതകൾ വായിക്കാൻ കിട്ടുക എന്നത് ഉന്മേഷദായകമായ അനുഭവമാണ്.
നാട്ടുജീവിതത്തിന്റെ നിത്യകേന്ദ്രമായ കുളം, അതിന്റെ നിർവ്യാജമായ ഇടങ്ങൾ, കുളവും കവിയും പരസ്പരമുള്ള നിഗൂഢമായ ആത്മബന്ധം എന്നിവയെല്ലാം ഭാവനാലോകത്തു പോലും വളരെ സ്പഷ്ടമായി കവി ആവിഷ്കരിക്കുന്നു.
കെ. മുഹമ്മദ് ആരിഫ്, മണ്ണാർക്കാട്
കവിതയിലെ ഏകാന്തതയുടെ നീരാറ്റം
മാധ്യമം ആഴ്ചപ്പതിപ്പിൽ സന്ധ്യ ഇ എഴുതിയ കവിത (ലക്കം 1429) ‘കുളവും കവിയും’ ഏകാന്തതയെ വിശേഷിപ്പിക്കുന്നതായി എനിക്ക് തോന്നി. വളരെ മികച്ച ഭാഷയിൽ കുളത്തെയും കവിയെയും ഏകാന്തതയുടെ പര്യായമായി സാമ്യപ്പെടുത്തി. ‘കുളം മിണ്ടാതെ കിടന്നു’ എന്ന വരിയിൽ തുടങ്ങുന്ന കവിത വളരെ ഹ്രസ്വമായ ഭാഷയിൽ പ്രകൃതിയെയും മറ്റു സസ്യലതാദികളെയും വന്യമായി സൂചിപ്പിക്കുന്നതോടൊപ്പം കുളത്തിന്‍റെയും കവിയുടെയും നിശ്ശബ്ദത ആവിഷ്കരിക്കുകയുംചെയ്യുന്നു എന്നത് മറ്റൊരു വസ്തുത. ഈ കവിതയുടെ ശൈലി തന്നെ പുകഴ്ത്തപ്പെടേണ്ടേ മറ്റൊരു പ്രധാന കാര്യമാണെന്ന് പറയേണ്ടതാണ്.
മുഹമ്മദ് മിസ്ഹബ്, കുന്നിക്കൽ