എഴുത്തുകുത്ത്

ജാതി സെൻസസ്: പൊതുധാരണയെ ഇളക്കി പ്രതിഷ്ഠിക്കുന്ന ലേഖനം
മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം 1432) വായിച്ചു. ‘ജാതി സെൻസസ് സാമൂഹികനീതിയിലേക്കുള്ള മാന്ത്രിക വടിയോ?’ എന്ന ലേഖനം ജാതി സെൻസസിനെ കുറിച്ചുള്ള പൊതുധാരണയെ സമ്പൂർണമായി ഇളക്കി പ്രതിഷ്ഠിക്കുന്ന ഒന്നാണ്.
ജാതി സെൻസസിനുവേണ്ടി പ്രക്ഷോഭമുയർത്തിയപ്പോൾ ആദ്യം പിന്തിരിഞ്ഞുനിന്ന മോദി ഭരണകൂടം, പൊടുന്നനെ ജാതി സെൻസസ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ‘അത് സാമൂഹികനീതി രംഗത്ത് ചരിത്രനേട്ടം കൈവരിക്കും’ എന്ന് അമിത് ഷായുടെ നേതൃത്വത്തിൽ പ്രഖ്യാപിക്കുകയുംചെയ്ത സാഹചര്യത്തിൽ തികച്ചും വ്യത്യസ്തവും ചരിത്രപരവും വൈരുധ്യാത്മകവുമായി അതിനെ നോക്കിക്കാണുന്ന പി.എ. പ്രേംബാബുവിന്‍റെ വസ്തുനിഷ്ഠ വിവരണത്തോടെയുള്ള ലേഖനം വായിച്ചപ്പോൾ, ‘‘ശത്രു എതിർക്കുന്നതെന്തിനെയും നാം പിന്തുണക്കുകയും, ശത്രു പിന്തുണക്കുന്നതെന്തിനെയും എതിർക്കുകയും വേണം...’’ എന്ന മാവോ സെ തൂങ്ങിന്‍റെ വാക്കുകളാണ് ഓർമയിൽ വന്നത്.
രാജ്യത്തിന്‍റെ പൊതു സ്ഥിതിവിശേഷങ്ങൾ അറിയാൻ, വിഭവവിതരണം, ആരോഗ്യം എന്നിവയെ കുറിച്ച് പഠിക്കാൻ ഒരു ഗവേഷണ പദ്ധതി എന്നതിനപ്പുറം മുസ്ലിം, ദലിത്, ആദിവാസി വിഭാഗങ്ങൾക്ക് തങ്ങളുടെ ഭരണഘടനാപരമായ നീതിയും അവകാശങ്ങളും ലഭ്യമാക്കാൻ ജാതി സെൻസസ് ഒരു ഉപകരണം ആകേണ്ടതില്ല എന്ന് ആധികാരികമായി ഈ ലേഖനം വിവരണങ്ങളെ മുൻനിർത്തി ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒരു ഡേറ്റയുടെയും പിൻബലമില്ലാതെ സവർണ സംവരണം (ഇ.വി.എസ്) നടപ്പാക്കിയതും, എന്നാൽ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളായ എസ്.സി, എസ്.ടി, ഒ.ബി.സി സംവരണങ്ങൾക്കുവേണ്ടി തെരുവിൽ പോരാടേണ്ടിവരുന്ന സാഹചര്യവും ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഫാഷിസ്റ്റ് ഭരണകൂടത്തിന് ധാർമികബോധം ജനിപ്പിക്കാൻ, അല്ലെങ്കിൽ ദലിത് പിന്നാക്ക വിഭാഗങ്ങളെ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രക്ഷോഭ ഭരിതരാക്കാൻ, ജാതി സെൻസസിൽനിന്ന് ലഭ്യമായേക്കാവുന്ന ഡേറ്റകൾകൊണ്ട് കഴിയില്ല എന്ന് ചരിത്ര-വർത്തമാനകാല സന്ദർഭങ്ങളെ ചൂണ്ടിക്കാട്ടി ലേഖകന് സ്ഥാപിക്കാൻ കഴിയുന്നുണ്ട്. മാത്രമല്ല, ഇത്തരം സെൻസസ് ഡേറ്റകൾ വംശീയ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ കൈയിൽ ഏത് രീതിയിലാണ് ദുരുപയോഗിക്കപ്പെടുക എന്ന ആശങ്കയും പി.എ. പ്രേംബാബു മുന്നോട്ടുവെക്കുന്നുണ്ട്.
വംശീയ നരേറ്റിവുകളിലൂടെ, ദലിത് പിന്നാക്ക കീഴാള വിഭാഗങ്ങളിൽ സ്വാധീനം ചെലുത്തി അവരെ മുസ്ലിം വിരുദ്ധരാക്കി മാറ്റിയെടുക്കുന്ന ഗുരുതര സാഹചര്യവും, തെരഞ്ഞെടുപ്പ് രാഷ്ട്രീയവും, ജാതി സെൻസസും ഇവയെല്ലാം തമ്മിലുള്ള വൈരുധ്യങ്ങളും അത് സൃഷ്ടിക്കുന്ന സാമൂഹിക സാഹചര്യങ്ങളും സൂക്ഷ്മമായി ലേഖനം പ്രശ്നവത്കരിക്കുന്നുണ്ട്. വളരെ ഗൗരവതരവും വ്യത്യസ്തവുമായ ഉള്ളടക്കമുള്ള ലേഖനം പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിനും ലേഖകനും അഭിനന്ദനങ്ങൾ.
കെ.എൻ. സുജാത മുല്ലശ്ശേരിൽ, പത്തനംതിട്ട
രാഘവൻ അത്തോളിക്ക് കരുത്തേകാൻ സാഹിത്യലോകം തയാറാകണം
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1431 വായിച്ചു. വിപ്ലവപ്രസ്ഥാനത്തിന്റെ അവസാന കണ്ണിയെന്ന് വിശേഷിപ്പിക്കുന്ന വി.എസിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ലക്കം അക്ഷരങ്ങളിലൂടെ ഓർമകളിലൂടെ ആദരവേകുന്നു. പ്രേംചന്ദ് എഴുതിയ രാഘവൻ അത്തോളിയെ മറന്നതോ അറിയാത്തതോ? എന്ന ലേഖനം, രാഘവൻ അത്തോളിയെന്ന എഴുത്തുകാരന്റെ ശിൽപിയുടെ ദയനീയാവസ്ഥ സാംസ്കാരിക ലോകത്തിനു മുന്നിൽ തുറന്നിടുകയാണ്.
ചിലത് അങ്ങനെയാണ്, പ്രതിഭകൊണ്ട് മാത്രം പിടിച്ചുനിൽക്കാനാകില്ല. സംഘടനാബലവും അക്കാദമിക് വിവരവും ഇടിച്ച് കയറാനുള്ള സിദ്ധിയുംകൂടി ചേർന്നാലേ ശ്രദ്ധിക്കപ്പെടൂ. ആവതുള്ള കാലത്ത് സ്വന്തം പുസ്തകങ്ങളുമായി എവിടെയും കണ്ടിട്ടുണ്ടാകും ഈ കവിയെ. എത്രപേർ ഇദ്ദേഹത്തെ വായിച്ചിട്ടുണ്ടാകും.
മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്തെ ബോധി ബുക്സിന്റെ പ്രഥമ അവാർഡ് അദ്ദേഹത്തിനാണ് സമ്മാനിച്ചത്. ആ തുക അദ്ദേഹത്തിന് വലിയൊരാശ്വാസമായിരിക്കും എന്നതിൽ സംശയമില്ല. ഇങ്ങനെയുള്ള പുരസ്കാരങ്ങൾ അർഹതയുള്ളവരുടെ കൈകളിൽ എത്തിപ്പെടുമായിരുെന്നങ്കിൽ കനിവുള്ളവരുടെ കാരുണ്യത്തിനായി കാത്തിരിക്കേണ്ട ഗതികേടിലാവില്ലായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുന്ന, മാനിക്കുന്ന സഹൃദയർ കൈവിടില്ല എന്നുതന്നെ പ്രതീക്ഷിക്കാം.
പ്രതിഭകളെ സ്മരിക്കപ്പെടുന്ന ആത്മഭാഷണം: അഞ്ച് ലക്കങ്ങളിലായി കാമറാമാൻ സാലു ജോർജുമായി റഷാദ് കൂരാട് നടത്തിയ ആത്മഭാഷണം ഗംഭീരം. സിനിമകളുടെ പിന്നാമ്പുറ കാഴ്ചകൾ അധികമാരും ശ്രദ്ധിക്കാറില്ല. ‘തൂവൽസ്പർശം’ എന്ന ചിത്രത്തിനുവേണ്ടി ഒരു കുഞ്ഞിന്റെ ചിരിക്കും കളിക്കും വേണ്ടി ക്ഷമയോടെ കാമറയുമായി കാത്തിരുന്നത്, ആരിലും വാത്സല്യം ചൊരിയുന്ന ആ നിഷ്കളങ്കത എത്ര മനോഹരമായാണ് ഒപ്പിയെടുത്തത്. ഇന്നും കിങ്ങിണിയെന്ന കിലുക്കാംപെട്ടിയെ ഓർക്കപ്പെടുന്നുെണ്ടങ്കിൽ ആ ദൃശ്യങ്ങളും ഒരു കാരണമാണ്. നടൻ ഹക്കീം ആദ്യമായി സംവിധാനംചെയ്ത ‘ദി ഗാർഡി’ന്റെ ചിത്രീകരണാനുഭവം വായിക്കപ്പെടുന്നതാണ്. മരണത്തെ മുഖാമുഖം കണ്ടിട്ടും പതറാതെ മുന്നോട്ടു പോയത് ജോലിയോടുള്ള അർപ്പണബോധത്തെയാണ് വരച്ചിടുന്നത്. ‘മൂക്കില്ലാ രാജ്യത്ത്’, ‘മന്ത്രമോതിരം’, ‘തിളക്കം’, ‘വെട്ടം’ എന്നീ സിനിമകളിൽ ഹക്കീമിന് ലഭിച്ചത് ചെറുവേഷങ്ങളാണെങ്കിലും ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു. ഹക്കീം എന്ന പ്രതിഭയെ സ്മരിക്കപ്പെടുന്നവ കൂടിയായി ഈ ആത്മഭാഷണം.
ഫൈസൽ ടി.പി, അഞ്ചച്ചവിടി
കഥയെ വരയോടടുപ്പിച്ച ചിത്രകാരൻ
കഥയെ കവിതയോടടുപ്പിച്ച കഥാകൃത്ത് എന്ന് വിഖ്യാത എഴുത്തുകാരൻ ടി. പത്മനാഭനെ വിശേഷിപ്പിക്കാനുള്ള കാരണം അദ്ദേഹത്തിന്റെ കഥകൾ കവിതപോലെ അത്രമേൽ മനോഹരമായതുകൊണ്ടാണല്ലോ. ഇവിടെ കവിത കഥക്കൊപ്പം ഒരു സൗന്ദര്യവത്കരണം സാധ്യമാക്കുന്നു. ഇത്തരത്തിൽ ഒരു വേറിട്ട കഥയാണ് ചിത്രകാരൻ സതീഷ് ചളിപ്പാടം മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1430) എഴുതിയിട്ടുള്ളത്.
ഇവിടെ ഒരു അപൂർവത കഥാകൃത്ത് തന്നെയാണ് അതിന്റെ ചിത്രവും വരച്ചിരിക്കുന്നത്. മലയാളത്തിൽ ഇതുവരെ അങ്ങനെ കണ്ടിട്ടില്ല. ഇതിലെ വര കഥാപരിസരങ്ങൾക്കു യോജിച്ചതു തന്നെ. ആരംഭത്തിലെ പാടത്തെ അറ്റംകലായി കടക്കുന്ന കുഞ്ഞിരാമേട്ടന്റെ ആശയും ആശങ്കയും ഭീതിയുമെല്ലാം ഫീൽ ചെയ്യുന്ന തരത്തിലാണ് ആ സിറ്റുവേഷൻ ചിത്രീകരിച്ചിരിക്കുന്നത്. സത്യത്തിൽ ആ ഇരുട്ടാണ് ഈ കഥയുടെ നട്ടെല്ല്. മറ്റു ചിത്രങ്ങളും കാൽപനിക ഭംഗി സാധ്യമാക്കുന്നുണ്ട്. ‘കുഞ്ഞിരാമേട്ടൻ എന്ന പുരുഷൻ’ എന്നാണ് തലക്കെട്ട്. പേരിൽതന്നെ ഉണ്ടല്ലോ ഗ്രാമീണതയും മണ്ണിന്റെ മണവും. ഭാഷ നമ്മുടെ സാമ്പ്രദായിക അവതരണരീതിയുടെ ചുവട് പിടിച്ചാണെങ്കിലും നല്ല റീഡബിലിറ്റി ഉണ്ട്. വായിക്കുമ്പോൾ ഒരു ബഷീറിയൻ ടച്ചുമുണ്ട്.
ഇന്നത്തെ ചില ആനുകാലികങ്ങളിൽ വരുന്ന ചില കഥകൾ ഏറെയും ദുരൂഹമാണ്. ഭാഷാപരമായി സുതാര്യമല്ല. ഒരാവർത്തിയിൽ പെെട്ടന്നൊന്നും മനസ്സിലാകാത്തതാണ് അവ. കുറെ ദുർഗ്രാഹ്യമായ ഭാഷയും വികലമായ ആഖ്യാനരീതിയും വായിച്ചുതീർന്നാൽ മനസ്സിൽ ഒട്ടും ഫീൽ ഉണ്ടാകാത്ത ത്രെഡും ഒക്കെക്കൂടി മരക്കഷണംപോലെ വികാരവുമില്ലാത്തവയാണ് പലതും. അങ്ങനെ നോക്കുമ്പോൾ ഈ കഥ ഏത് സാധാരണക്കാരനും എളുപ്പത്തിൽ മനസ്സിലാകുന്ന തരത്തിൽ ലളിതവും വായനാസുഖം തരുന്നതുമാണ്. ഇന്ന് കഥപറയുമ്പോൾ പലരും മടിക്കുകയോ പേടിക്കുകയോ മോശമല്ലേ എന്നു കരുതുകയോ ചെയ്യുന്ന ഒരു പൊതുവായ ആവിഷ്കാര പരിമിതിയെയാണ് കഥാകൃത്ത് ധീരമായി മറികടന്നിരിക്കുന്നത്.
കുഞ്ഞിരാമൻ എന്ന അന്തർമുഖനും ഒരു പാവവും സൂത്രമില്ലാത്തവനുമായ നായക കഥാപാത്രത്തെ ഒടുവിൽ കഥാകൃത്ത് ഒരു ധീരനായാണ് അവതരിപ്പിക്കുന്നത്. തങ്കമണിയുടെ അവിഹിത ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായതിലൂടെ, ഒടുവിൽ തെല്ലു അനിശ്ചിതാവസ്ഥയിൽ, പെെട്ടന്ന് അവസാനിപ്പിക്കുന്നത് ഒഴിച്ചാൽ ഈ കഥ ഇപ്പോൾ പുറത്തുവരുന്ന ഗിമ്മിക് കഥകളേക്കാൾ എത്രയോ മെച്ചമാണ്. ആഴ്ചപ്പതിപ്പിനും കഥാകൃത്തിനും അഭിനന്ദനം.
ഇന്ദുകേഷ് തൃപ്പനച്ചി, മഞ്ചേരി
ശാശ്വതമൂല്യവത്തും മനോമോഹനവുമായ എസ്. ജോസഫിന്‍റെ വരികൾ
എസ്. ജോസഫ് എഴുതിയ ‘കാത്ത്’ എന്ന കവിത (ലക്കം 1427) ഏറെ ഹൃദ്യമായി. കുറച്ചു വാക്കുകളേ ഉള്ളൂവെങ്കിലും തങ്കത്തരികൾപോലെ അവ മനോ മോഹനങ്ങളാണ്. അവസാനമില്ലാത്ത കാത്തിരിപ്പാണ് ജീവിതമെന്ന് എം.ടി. വാസുദേവൻ നായർ ‘മഞ്ഞ്’ എന്ന നോവലിൽ നിരീക്ഷിക്കുന്നുണ്ടല്ലോ. കുട്ടികൾ വിദ്യാലയങ്ങളിൽ പോയാൽ മടങ്ങിവരുന്നത് വരെ വീട്ടിൽ കാത്തിരിക്കുന്ന രക്ഷിതാക്കൾക്ക് ഏറെ ഉത്കണ്ഠയുണ്ടാക്കുന്ന കാലമാണിന്ന്. അതുകൊണ്ട് ഈ കവിതക്ക് സമകാലികമായ പ്രസക്തിയുമുണ്ട്, സങ്കൽപത്തിന്‍റെ വർണദ്യുതികൾ വിതറുന്നതുകൊണ്ട് ശാശ്വത മൂല്യവും. കവിക്കും മാധ്യമം ആഴ്ചപ്പതിപ്പിനും സ്നേഹാർദ്രമായ നന്ദി.
പ്രഫ. ജിനൻ ചാളിപ്പാട്ട്, തൃത്തല്ലൂർ
ബഷീർ പതിപ്പും ആത്മഭാഷണവും വായന സമ്പന്നം
‘സമകാലിക ലോകത്തിനും എഴുത്തുകാർക്കും മൂന്നു പാഠങ്ങൾ’ എന്ന ബഷീർ പ്രത്യേക പതിപ്പ് (ലക്കം 1428) വായനസമ്പന്നമായി. ദീർഘവീക്ഷണ ദർശന സഹായിയായ സാഹിത്യ സൃഷ്ടികൾകൊണ്ട് വിശ്വവിഖ്യാതമാക്കിയ പാഠപുസ്തകമാണ് വൈക്കം മുഹമ്മദ് ബഷീർ. കൂടാതെ മലയാളത്തിന്‍റെ പ്രിയ കാമറാമാൻ സാലു ജോർജിന്‍റെ ആത്മഭാഷണം ‘കാമറക്കാഴ്ചയിലെ ഇന്നലെകൾ’ തീർത്തും ഒരു ഫ്ലാഷ് ബാക്ക് തന്നെയാണ്. നേർക്കാഴ്ചയുടെ അഭ്രപാളികളിൽ ഒരോർമപ്പെടുത്തലായി, അല്ല ഓർമച്ചെപ്പ് തന്നെ.
വിനോദ് കുമാർ വി, നറുകര
പൗരന്മാരെ അനുസരണശീലമുള്ളവരാക്കാൻ ശ്രമിക്കുന്ന പൊലീസ് സിനിമകൾ
നാടകപ്രവർത്തകൻ സ്വപ്നേഷ് ബാബുവിന്റെ ‘കമ’ എന്ന നാടകത്തിൽ പൊലീസ് കഥാപാത്രം തന്റെ യൂനിഫോം അഴിച്ച് നിലത്തെറിഞ്ഞ് ഈ വസ്ത്രത്തിന് ഒരു ആക്രമണ ഗന്ധമുണ്ടെന്ന് പറയുന്നുണ്ട്. പൊതുസമൂഹത്തെ പെട്ടെന്ന് ഭരണകൂട ടൂൾസായ പൊലീസ് സിസ്റ്റത്തിനോട് ഭയഭക്തി ബഹുമാനങ്ങൾ തീർത്ത് വിധേയരാക്കി തീർക്കാൻ ഏറ്റവും എളുപ്പമുള്ള ഇടമായി സിനിമ ഇൻഡസ്ട്രിയെ ഇന്ന് ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇൻസ്പെക്ടർ ബൽറാമുമാരും ഭരത്ചന്ദ്രൻ ഐ.പി.എസും ബാബാ കല്യാണിമാരും തൊട്ട് റിസർവ് പൊലീസ് ക്യാമ്പിലെ വർഗീസ് എന്ന സാദാ പൊലീസുകാരെ പോലും നെടുനീളൻ ഡയലോഗിന്റെയും അടിതടയുടെ അവസാനം അലിവിന്റെ നിറകുടങ്ങളാക്കി സിനിമ ഇൻഡസ്ട്രി രാജ്യ സ്നേഹത്തിന്റെയും നിയമ ബോധത്തിന്റെയും പൽചക്രത്തിലേക്ക് ഗ്രീസ് പോലെ ഒലിച്ചിറക്കി കൊടുക്കുമ്പോൾ അവർ ചെയ്യുന്നതെല്ലാം നമ്മുടെ രക്ഷക്കെന്ന നെടുവീർപ്പുമിട്ട് കസേര വിട്ട് വീടുകളിലേക്ക് പോവുമ്പോൾ ഇരക്കുമേലെ ചാടുന്ന ഒരു വേട്ടക്കണ്ണ് തക്കംപാർത്തിരിക്കുന്ന വഴിയിടങ്ങൾക്ക് അധികദൂരം ഇല്ലെന്ന് ഓർമപ്പെടുത്തുന്നതാണ് ‘റോന്ത്’ എന്ന സിനിമയെ കുറിച്ച് അജിത് എം. പച്ചനാടൻ എഴുതിയ ‘റോന്ത് ചുറ്റുന്ന കാമറയുടെ താളുകളിൽ തെളിയാത്തത്’ എന്ന പ്രതികരണ ലേഖനം.
പൊലീസ് സിനിമകൾ പൗരന്മാരെ അനുസരണശീലമുള്ളവരാക്കാൻ ശ്രമിക്കുന്ന ഗുണപാഠകഥകളാണ് പൊതുബോധത്തിന്‍റെ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതെന്ന് അജിത് എം. പച്ചനാടൻ നിരീക്ഷിക്കുകയും മൂർച്ചയുള്ള ഭാഷയിൽ സിനിമയിലെ പൊലീസിനെയും നാട്ടിലെ പൊലീസിനെയും തുറന്നുകാട്ടുകയും ചെയ്യുന്നു. പൊലീസ് വകുപ്പ് അവതരിപ്പിക്കുന്ന നന്മപ്പൊലീസുകാർ ക്രിഞ്ച് കഥാപാത്രങ്ങളാണെന്ന് സംശയലേശമന്യേ പുതുകാല ഭാഷയിലെ ‘ക്രിഞ്ച്’ എന്ന പദം ഉപയോഗിക്കുന്നതു കൂടാതെ, അടിത്തട്ടു മനുഷ്യർ പൊലീസ് ജീപ്പിനെ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന ‘കിറുക്കൻ ഗാഡി’ എന്ന വാക്കും ഒരു ലേഖനത്തിൽ പച്ചനാടൻ എഴുതുമ്പോൾ ജനവിരുദ്ധമായ സിനിമയെ പ്രത്യേകിച്ച് ഷാഹി കബീർ ഇന്നോളം എടുത്തിട്ടുള്ള സകല പൊലീസ് സംബന്ധമായ സാമൂഹിക വിരുദ്ധ ചലച്ചിത്രങ്ങളും മർദിതരുടെ കണ്ണിലൂടെ കാണുകയും അവരുടെ ഭാഷയിൽ വിലയിരുത്തപ്പെടുകയും ചെയ്യുന്നു.
അരുൺ ജി.എം, കോഴിക്കോട്