എഴുത്തുകുത്ത്

അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടി പേരാടുന്ന അമ്മിണിയെന്ന ധീര
ആദിവാസി ആക്ടിവിസ്റ്റ് അമ്മിണി കെ. വയനാടുമായുള്ള ദീർഘസംഭാഷണം (ലക്കം 1432-1433) വായിച്ചു. ജാതിവിവേചനവും അവസരനിഷേധവും ശാരീരികവും മാനസികവുമായ പീഡനങ്ങളും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഒരു സമൂഹത്തിൽനിന്ന് പ്രതികരിക്കാനും പ്രതിരോധിക്കാനുമുള്ള തന്റേടം സ്വായത്തമാക്കിയ അവരുടെ ജീവിതകഥ ആവേശദായകവും മാതൃകാപരവുമാണ്. വിശക്കുന്ന വയറുമായി വന്യമൃഗങ്ങൾ വിഹരിക്കുന്ന കാടുകളിലൂടെ കിലോമീറ്ററുകളോളം നടന്ന് വിദ്യാലയത്തിലെത്തുന്ന ആദിവാസിക്കുട്ടികൾക്ക് അധ്യാപകരിൽനിന്നും സഹപാഠികളിൽനിന്നും നേരിടുന്ന അവഹേളനവും അപരവത്കരണവും അവരുടെ മനസ്സിനെ എത്രമാത്രം വേദനിപ്പിക്കുമെന്ന് ഓർക്കാൻപോലും കഴിയില്ല.
വന്യമൃഗങ്ങൾക്ക് ലഭിക്കുന്ന പരിഗണനപോലും സ്വപ്നം കാണാൻ കഴിയാത്ത ഹതഭാഗ്യരാണ് ആദിവാസികളടക്കമുള്ള പ്രാന്തവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ. അവരുടെ ഉന്നമനത്തിനുവേണ്ടി തയാറാക്കപ്പെട്ട കോടികളുടെ ക്ഷേമപദ്ധതികൾ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടങ്ങുന്ന ഇടനിലക്കാർ തട്ടിയെടുക്കുകയാണെന്നത് രഹസ്യമായ വസ്തുതയല്ല. പല പദ്ധതികളും ഏടുകളിൽ മാത്രം നിലനിൽക്കുന്നതായിരിക്കും. അമ്മിണി തന്നെ സൂചിപ്പിച്ചതുപോലെ, തെരഞ്ഞെടുപ്പു കാലത്ത് ആദിവാസി ഊരുകളിൽ അന്തിയുറങ്ങുന്ന രാഷ്ട്രീയക്കാർ തെരഞ്ഞെടുപ്പാനന്തരം ദേശാടനപ്പക്ഷികളെ പോലെ അകലങ്ങളിലേക്ക് പ്രയാണംചെയ്യും. ഇത്തരം നെറികെട്ട രാഷ്ട്രീയ കപടതകൾക്കെതിരെ ശക്തമായി പ്രതികരിച്ച് അടിച്ചമർത്തപ്പെടുന്നവർക്ക് പിന്തുണയും പ്രോത്സാഹനവും നൽകി അവരെ മുഖ്യധാരയിലേക്ക് ആനയിക്കുകയും ചെയ്യേണ്ടതുണ്ട്. അതിന്‍റെ ഭാഗമായി കണക്കാക്കാവുന്ന ഈ സംഭാഷണം തയാറാക്കിയ അർഷഖിനും പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിനും നന്മ നേരുന്നു.
അബൂറമീസ് ചേന്ദമംഗലൂർ
‘ശലഭം’ ഒരു കാവ്യാനുഭൂതി
സുബിൻ അമ്പിത്തറയിൽ രചിച്ച ‘ശലഭം’ എന്ന കവിത (ലക്കം 1431) ഹൃദയസ്പർശിയായി തോന്നി. നിത്യസാധാരണമായ പുറംകാഴ്ചകൾക്കപ്പുറത്ത്, ചിന്താപരതയുടെ തെളിച്ചത്തിലേക്കും അത്യസാധാരണമായ കാണാപ്പുറങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകളിലേക്കും അനുവാചകരെ കവിത കൂട്ടിക്കൊണ്ടുപോകുന്നു. നിദ്രയിൽനിന്ന് ഉറവപൊട്ടുന്ന കൂർക്കങ്ങളെ അന്തരീക്ഷത്തിൽ അലഞ്ഞുതിരിയുന്ന ശലഭങ്ങളായും, നിദ്രയും കൂർക്കവും പരസ്പരമുള്ള നിഗൂഢമായ ആത്മബന്ധത്തെയുമെല്ലാം സ്പഷ്ടമായി ഇതിൽ ആവിഷ്കരിക്കുന്നു.
റിസ്‌വാൻ, മംഗലം ഡാം
‘ചെകുത്താൻ ചൂട്ട്’ കെട്ടുറപ്പുള്ള ഇതിവൃത്തം
മാധ്യമം ആഴ്ചപ്പതിപ്പിൽ പി.എസ്. ബിന്ദുമോൾ രചിച്ച ‘ചെകുത്താൻ ചൂട്ട്’ (ലക്കം 1431) കവിത വായിച്ചു. ഈ അടുത്ത് ഇത്ര അർഥപൂർണമായതും കെട്ടുറപ്പുള്ളതുമായ ഇതിവൃത്തം കൈകാര്യംചെയ്യുന്ന കവിത വായിച്ചിട്ടില്ല. സമകാലിക സമൂഹത്തിൽ സംഭവിക്കുന്ന കൊള്ളരുതായ്മകളിലേക്ക് ഏറെ സ്പഷ്ടമായിത്തന്നെ കവി ചൂണ്ടിക്കാണിക്കുന്നുണ്ട്.
കെ. മുഹമ്മദ് ആരിഫ്, മണ്ണാർക്കാട്
ഇര പിടിക്കുന്ന കവിത
ലക്കം 1432ൽ പ്രസിദ്ധീകരിച്ച, രതി കണിയാരത്ത് എഴുതിയ ‘ഇര പിടിക്കുന്നത് എങ്ങിനെ’ എന്ന കവിത വായിക്കാനിടയായി. ഈയിടക്ക് വായിച്ച അർഥവത്തായ കവിതയായി ഞാനിതിനേയും എണ്ണുന്നു. നവതലമുറക്കാർ അവരുടെ ചൂതാട്ടങ്ങളിലേക്കും ലഹരി ഇടപാടുകളിലേക്കും എങ്ങനെ നമ്മെ ഇരയായി വലിച്ചിഴക്കുന്നു എന്നതും, ആകർഷിപ്പിക്കുന്നതെന്നും, നമ്മുടെ സൗഹൃദ ബന്ധങ്ങളെ ഇല്ലാതാക്കുന്നു എന്നും എഴുത്തുകാരി കവിതയിൽ സൂചിപ്പിക്കുന്നു. ഇരകളായ നമ്മെ ഒരു മത്സ്യമായാണ് കവയിത്രി ചിത്രീകരിക്കുന്നത്. നാടൻ ഭാഷയും എന്നാൽ, ചിന്തിക്കാൻ ഒരു സമുദ്രം പോലെ അർഥങ്ങളും ഇതിൽ വായനക്കാർക്കായി ഒരുക്കിെവച്ചിട്ടുണ്ട്.
ഷമീം ചളവറ
വി.എസിന് അർപ്പിച്ച അക്ഷരാഞ്ജലി
വി.എസ്. അച്യുതാനന്ദൻ കാലയവനികക്കുള്ളിൽ മറഞ്ഞപ്പോൾ 1923 ഒക്ടോബർ 20ലെ തുലാവർഷത്തിൽ പെയ്തിറങ്ങി 2025 ജൂലൈ 21ലെ കാലവർഷത്തിൽ പെയ്തൊഴിഞ്ഞു എന്നേ കരുതാനാകുന്നുള്ളൂ. ആ പോരാട്ടജീവിതം വിടവാങ്ങുമ്പോൾ മാധ്യമം ആഴ്ചപ്പതിപ്പ് അർപ്പിച്ച ആദരം അക്ഷരാഞ്ജലി തന്നെയായി. എഴുതിത്തീർക്കാൻ പറ്റാത്തവിധം നീണ്ടു പരന്നുകിടക്കുന്ന ആ പോരാട്ട ജീവിതത്തെ ‘വി.എസ്’ എന്ന രണ്ടക്ഷരത്തിൽ ഒതുക്കി ‘തുടക്കം’ കുറിച്ചപ്പോൾ വിലാപയാത്രയിൽ കണ്ണെത്താത്ത ദൂരം പരന്ന് കിടന്ന ജനസഞ്ചയത്തിനുമേൽ ആ വിപ്ലവസൂര്യൻ ജ്വലിച്ചു നിൽക്കുന്നത് കാണാനായി.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
കലയുടെ രേഖയിൽ കരുണയുടെ ഹൃദയസ്പന്ദനം
ചിത്രങ്ങളിലൂടെ ഉജ്ജ്വല സാന്നിധ്യമായി പ്രത്യക്ഷപ്പെടുന്ന കലാകാരനാണ് വി.ആർ. രാഗേഷ്. എഴുത്തിന്റെയും ചിത്രകലയുടെയും ആഴങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട്, അനന്തമായ ധർമമുള്ള സന്ദേശങ്ങൾ പകരാനുള്ള അദ്ദേഹത്തിന്റെ കലാരൂപങ്ങൾ, നമ്മുടെ സാംസ്കാരിക ഭാവചിന്തകളെ വിപുലമാക്കുന്നത് മാത്രമല്ല, അവ മനസ്സിനെ പൊള്ളിക്കുന്ന ഗൂഢസത്യങ്ങളെ തുറന്നുകാട്ടാനും സഹായിക്കുന്നു. ലക്കം 1432ൽ, രാഗേഷ് ഒടുവിലായി വരച്ച ചിത്രം അത്യന്തം ഗൗരവമേറിയ ആധുനിക രാഷ്ട്രീയ ചിന്തകളെ ഉണർത്തുന്നതാണ്.
ഗസ്സയിലെ യുദ്ധഭീകരതകളിൽ തകർന്ന് തരിപ്പണമായ പിഞ്ചുകുഞ്ഞുങ്ങളെയും തീവ്രമായ അവഗണന ഏറ്റുവാങ്ങുന്ന ഫലസ്തീനിയൻ ജനതയെയും പ്രതിനിധാനംചെയ്ത ആ ചിത്രരൂപം, ഒരു ഭൂപ്രശ്നമല്ലാതെ ഒരു മനുഷ്യാവകാശബോധത്തിന്റെ പ്രതിരോധ ചിഹ്നമായി മാറുന്നു. ഇസ്രായേൽ നടത്തുന്ന അനുദിന കൊടുംക്രമങ്ങളുടെയും കൂട്ടഹത്യാശീലങ്ങളുടെയും നടുവിൽ, ലോകത്തിന്റെ കാഴ്ചയിലും നിശ്ശബ്ദതയിലും പതിയുകയാണ് നൂറുകണക്കിന് കുട്ടികൾ. ഈ ശബ്ദരഹിത ലോകത്തേക്ക് നൈതികതയുടെ പ്രകാശങ്ങൾ പരത്തുകയാണ് രാഗേഷിന്റെ ചിത്രങ്ങൾ. കാലഘട്ടം പ്രതിബദ്ധതയുള്ള ചിത്രകാരന്മാരെ കുറച്ച് വരുമ്പോഴും, സമൂഹത്തിന്റെ യാഥാർഥ്യങ്ങൾ എഴുത്തിലും വരകളും വഴി രേഖപ്പെടുത്തുന്ന ചില ധൈര്യശാലികൾ ഇനിയുമുണ്ട്. രാഗേഷ് ആ ധൈര്യശാലികളുടെ കൂട്ടത്തിലൊരാളാണ് .
മുഹമ്മദ് മിസ്ഹബ് കുന്നിക്കൽ, ഗുരുവായൂർ
കവിതകള്‍കൊണ്ട് സമ്പന്നമാകുന്ന ലക്കങ്ങൾ
അക്ഷരാർഥത്തിലുള്ള വാങ്മ യസാക്ഷ്യങ്ങളുമായി വരുന്ന കവിതകള്‍കൊണ്ട് സമ്പന്നമാണ് ഓരോ മാധ്യമം ആഴ്ചപ്പതിപ്പും. കവിതകളോട് ഇത്രയും അഭിനിവേശമുള്ള മറ്റൊരു ആഴ്ചപ്പതിപ്പ് മലയാളത്തില്‍ അപൂര്‍വം. ലക്കം 1432ല്‍ വന്ന നാലു കവിതകളും ഒന്നിനൊന്നു മെച്ചം. എങ്കിലും എന്റെ ഹൃദയത്തിൽ ഇടംനേടിയത് ‘ഭാരത ഭാഗ്യവിധാത’ എന്ന ഐഷു ഹഷ്ന കാണിച്ചുതന്ന കൈയിൽ നിറയെ ചായപ്പെൻസിലുമായി സിഗ്നലിൽ നിൽക്കുന്ന പെൺകുട്ടിയാണ്.
അവെളന്റെ മനസ്സ് തുറന്നു. അവളിലൂടെ മനുഷ്യജീവിതത്തിന്‍റെ നിരാലംബത ഞാനറിഞ്ഞു. അതൊരു പാവം പെണ്‍കുട്ടിയുടെ മാത്രം കഥയല്ല ഇന്നത്തെ ഇന്ത്യയുടെ നേര്‍ച്ചിത്രമാണ്. എവിടെയും ഒറ്റപ്പെട്ടവരുടെയും ഒഴിവാക്കപ്പെടുന്നവരുടെയും ഏകാന്ത സ്വരമാണ്. ആകാശം മാത്രം കൂട്ടിനുള്ളവരുടെ നിസ്സംഗതയാണ്. നിത്യേനയെന്നോണം കൈയില്‍ പിടിച്ച കളര്‍പെന്‍സിലുകളുമായി സിഗ്നലുകളിൽ നിൽക്കുന്ന ഇത്തരം പെണ്‍കുട്ടികളെ നമ്മള്‍ കാണുന്നുണ്ട്. പക്ഷേ, നമ്മള്‍ തന്നെയാണ് അവരെന്ന് തിരിച്ചറിയുന്നില്ലെന്നു മാത്രം. അനുപമമായ ലയഭംഗിയും, വൈകാരിക ഭാവങ്ങളും തുളുമ്പുന്ന അപൂര്‍വ സുന്ദരമായൊരു കവിതയായി ഇതിനെ ഞാന്‍ നെഞ്ചേറ്റുന്നു.ലുക്കാച്ചിയുടെ ‘ദൈവമുപേക്ഷിച്ച ലോകത്തിന്റെ ഇതിഹാസം’ എന്നൊരു പ്രസിദ്ധമായ പ്രയോഗമുണ്ട്. അത് ഈ കവിതക്ക് ഇണങ്ങുമെന്ന് തോന്നുന്നു.
സണ്ണി ജോസഫ്, മാള
‘കോൺഗ്രസും ആദർശവും’ അർഥവത്തായ വിശകലനം
കോൺഗ്രസിന്റെ ഐഡന്റിറ്റിയായ ഖദർവസ്ത്രം ധരിക്കാത്ത യൂത്ത് കോൺഗ്രസ് നേതാക്കളെ മുതിർന്ന നേതാവ് അജയ് തറയിൽ വിമർശിച്ചിരുന്നതിനെക്കുറിച്ചും അതിനെ തുടർന്നുള്ള വിവാദവും വായിച്ചു. ‘ഖദർ ഊരിമാറ്റിയാൽ കോൺഗ്രസിന് എന്ത് സംഭവിക്കും?’ (ലക്കം 1430) എന്ന മുതിർന്ന രാഷ്ട്രീയപ്രവർത്തകൻ പി.ടി. നാസറിന്റെ നിരീക്ഷണവും വിശകലനവും അർഥവത്തായി. പൊതുപ്രവർത്തകരും ബുദ്ധിജീവികളും കഴിയുന്നതും ഖദർ അഥവാ കൈത്തറി വസ്ത്രങ്ങൾ ധരിക്കണമെന്ന് ദക്ഷിണാഫ്രിക്കയിൽ വെച്ച് ഗാന്ധിജിയാണ് ആഹ്വാനംചെയ്തത്.
ഖദറിനെതിരെയുള്ള പടപ്പുറപ്പാടാണ് അജയ് തറയിലിന്റെ പ്രസ്താവനക്കുശേഷം കണ്ടത്. ഏതു വസ്ത്രം ധരിക്കണമെന്ന് ആരെയും നിർബന്ധിക്കാനാവില്ലല്ലോ എന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഇപ്പോൾ സ്വാതന്ത്ര്യസമരമൊന്നും നടക്കുന്നില്ലല്ലോ എന്ന് വി.ഡി. സതീശനും പ്രസ്താവനയിറക്കി. കോൺഗ്രസിന്റെ രണ്ടാം സ്വാതന്ത്ര്യസമരമാണ് എന്ന് കോൺഗ്രസ് പ്രസിഡന്റ് ഖാർഗെയും രാഹുൽ ഗാന്ധിയും പറയുകയും ചെയ്തിരിക്കുന്നു. വിദർഭയിലെ സേവാഗ്രാം ആശ്രമത്തിൽ ചേർന്ന വർക്കിങ് കമ്മിറ്റി യോഗവും രണ്ടാം സ്വാതന്ത്ര്യസമരത്തിന് ആഹ്വാനം ചെയ്യുന്നുണ്ട്. പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധിയും വിശദീകരിച്ചു. കോൺഗ്രസുകാർക്ക് വസ്ത്രത്തിലൂടെ ഒന്നാകാൻ സാധിക്കുമെന്നാണ് ഗാന്ധിജി പഠിപ്പിച്ചത്. അതിനുവേണ്ടി കോൺഗ്രസ് ഉണ്ടാക്കിയ ആചാരമാണ് ഖാദി ധരിക്കുക എന്നത്. ഇക്കാര്യമാണ് അജയ് തറയിൽ ഓർമിപ്പിച്ചതും.
കെ.ആർ. സദാശിവൻ നായർ, എരമല്ലൂർ
മാന്യ വനിത
ജേക്കബ് എബ്രഹാം വിവർത്തനംചെയ്ത കേറ്റ് ചോപ്പിന്‍റെ ‘മാന്യ വനിത’ എന്ന കഥ (ലക്കം 1431)ആസ്വാദ്യകരമായി. വിരസവും മൂലകൃതിയോട് നീതി പുലർത്താത്തതുമായ വിവർത്തനങ്ങളാണ് പൊതുവെ വായിക്കാൻ കിട്ടാറുള്ളത്. അതിനാൽതന്നെ അവ വായിക്കാൻ പലപ്പോഴും വിമുഖത തോന്നാറുണ്ട്. എന്നാൽ മൂന്ന് പേജിലൊതുങ്ങിയ ‘മാന്യ വനിത’ എന്ന മനോഹരമായ കഥ അതിനൊരപവാദമായി. ധ്വന്യാത്മകമായി കഥയിലെ സർഗാത്മകതയെ അതിന്‍റെ ലാവണ്യം ചോരാതെ മലയാള വായനക്കാർക്കുവേണ്ടി വാക്കുകളിലേക്ക് രൂപാന്തരപ്പെടുത്തുക എന്ന യത്നം വിജയകരമായി നിർവഹിച്ചപ്പോൾ മൂലകഥയെ വെല്ലുന്ന ഹൃദ്യമായ കലാസൃഷ്ടിയായി അത് മാറി. അഭിനന്ദനങ്ങൾ.
വത്സൻ അഞ്ചാംപീടിക, കണ്ണൂർ