എഴുത്തുകുത്ത്

എന്തിന് സയണിസം ജൂതസംരക്ഷണം ഏറ്റെടുക്കണം?
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1435) അനിൽകുമാർ എ.വി എഴുതിയ ‘ഗസ്സയിലും ഇന്ത്യയിലും ട്രംപ് വിതച്ച റിയൽ എസ്റ്റേറ്റ് വിത്തുകൾ’ ലേഖനം ശ്രദ്ധേയം. നേരേത്ത വിശാല ഇസ്രായേലിന് തടസ്സം നിൽക്കുന്ന ഘടകങ്ങളെ ഉന്മൂലനംചെയ്യുക, ഇസ്രായേലിന്റെ കോളനീകരണ ശ്രമങ്ങളെയും യുദ്ധഭ്രാന്തിനെയും ക്രൂരതകളെയും തുറന്ന് പിന്തുണക്കുകയും ഇവയൊക്കെ ദൈവേച്ഛയാണെന്ന് പ്രചരിപ്പിക്കുകയുംചെയ്യുക എന്നിവയാണ് ക്രിസ്ത്യൻ സയണിസത്തിന്റെ പ്രധാന ദൗത്യങ്ങൾ. ദൈവനിശ്ചയമനുസരിച്ചാണ് അമേരിക്ക ഇസ്രായേലിന് പിന്തുണ നൽകുന്നത് എന്നും ഇതാണ് അമേരിക്കൻ പുരോഗതി, മേധാവിത്വം എന്നിവയുടെ അടിത്തറയെന്നും ഇക്കൂട്ടർ കലവറയില്ലാതെ പ്രഖ്യാപിക്കുന്നു.
അമേരിക്കയിലെ ഏറ്റവും ശക്തമായ ലോബി ക്രിസ്ത്യൻ സയണിസ്റ്റുകളുടേതാണെന്ന് വിദഗ്ധർ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നു. ചുരുങ്ങിയത് പത്തിലൊന്ന് അമേരിക്കക്കാർ തങ്ങളുടെ അനുയായി വൃന്ദത്തിലുൾപ്പെടുന്നുവെന്ന് അവർ അവകാശപ്പെടുന്നു. (Grace Halsell, Forcing God's Hand, Crossroads publishing, Washington 1999, പേജ് -50, ഉദ്ധരണി, ക്രൈസ്തവ സയണിസം). അമേരിക്കയിൽ മാത്രം 25 മില്യണും 30 മില്യണും ഇടക്ക് ക്രിസ്ത്യൻ സയണിസ്റ്റുകൾ ഉണ്ടെന്നാണ് കണക്ക്. ആഴ്ചയിലൊരിക്കലുള്ള പ്രോഗ്രാമിലൂടെ ജോൺ ഹാഗി എന്ന ക്രിസ്ത്യൻ സയണിസ്റ്റ് പാസ്റ്റർ 99 മില്യൻ ക്രിസ്ത്യാനികൾക്ക് സന്ദേശം നൽകുന്നതായി കണക്കാക്കപ്പെടുന്നു. എന്തിന് ഈ ക്രിസ്ത്യൻ സയണിസം ജൂത സംരക്ഷണം ഏറ്റെടുക്കണം? പ്രസക്തമായ ചോദ്യം അല്ലേ. യേശുവിന്‍റെ വരവിന് മുമ്പായി ഇസ്രായേൽ രാഷ്ട്രം (ഇന്നത്തെ മിഡിലീസ്റ്റ് അടക്കം) യേശു എന്ന മിശിഹായെ സ്വീകരിക്കുമെന്ന് ഇവർ പ്രത്യാശിക്കുന്നു. ആ ഘട്ടം വരുന്നതിനു മുമ്പ് ജൂതർ മാത്രം വസിക്കുന്ന ഒരു വംശീയ രാഷ്ട്രമായി ഇസ്രായേൽ ഉയരണം (Charles Caldwell Ryrie, Dispensationalism Today, moody press Chicago, 1965 -ഉദ്ധരണി അതേ പുസ്തകം, പേജ് -25).
ട്രംപിന്റെ പുതിയകാലത്ത് ഗസ്സയെ പ്രത്യേകം ഉന്നംവെക്കുന്നു എന്ന് അനിൽകുമാർ എ.വി തന്റെ ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ മെഡിറ്ററേനിയൻ കടലിനോട് ചേർന്നുള്ള മധ്യപൂർവ ദേശത്തെ യുദ്ധമേഖലയിലെ ചെറിയ പ്രദേശം ‘കടൽത്തീര പറുദീസ’ യാവാൻ എല്ലാ സാധ്യതയുമുണ്ട്. അത് ദീർഘകാല ഉടമസ്ഥാവകാശ സ്ഥാനത്തിന് അർഹരായിരിക്കുമെന്ന വായ്‌ത്താരികൾ അതിന്റെ തെളിവും ഗസ്സ സ്വന്തമാക്കാനുള്ള പദ്ധതി കേന്ദ്രീകരിച്ചുള്ള പരാമർശങ്ങൾ കോൺഗ്രസ് റിപ്പബ്ലിക്കന്മാരെ പോലും അമ്പരപ്പിച്ചു. ഗസ്സയിൽനിന്ന് തദ്ദേശവാസികളെ കുടിയൊഴിപ്പിച്ചാൽ മാത്രമേ ട്രംപിന്റെ സ്വപ്നപദ്ധതി അവിടെ സാധ്യമാകൂ. അതിനായി അതിനിഷ്ഠുരമായി കൊന്നൊടുക്കുന്ന വൻ കർമപദ്ധതിതന്നെ ബിന്യമിൻ നെത്യനാഹുവിന്റെ നേതൃത്വത്തിൽ അവിടെ ലോക രാഷ്ട്രങ്ങളെ മുഴുവൻ നോക്കുകുത്തിയാക്കി തുടരുന്നു. ചുരുക്കത്തിൽ സയണിസത്തിന്റെ പഴയ പദ്ധതിയും ട്രംപിന്റെ പുതിയ പദ്ധതിയും ചേർന്നതാണ് ഇപ്പോഴത്തെ ഫലസ്തീൻ പ്രശ്നമെന്നുകൂടി അനിൽകുമാർ എ.വിയുടെ ലേഖനത്തിൽനിന്നും വായിച്ചെടുക്കാം.
കെ. മുസ്തഫ കമാൽ, മൂന്നിയൂർ
വേർപാടുകൾ കവിതയായി പെയ്യുന്നു
ലക്കം 1435ൽ പ്രസിദ്ധീകരിച്ച ‘ഇൻഫിനിറ്റി’ എന്ന കവിത വായിക്കാനിടയായി. തനിക്ക് പ്രിയപ്പെട്ടവൾ തന്റെ ജീവിതയാത്രയുടെ ഏതോ ഒരു തുമ്പത്ത് തന്നിൽ നിന്നും മറഞ്ഞതിന്റെ അടിക്കുറിപ്പെന്നപോലെ മെലിൻ നോവ ഒരു കവിത എഴുതുന്നു. ജീവിതത്തിൽ ഒരാൾക്കും മറച്ചുവെക്കാനാവാത്ത എന്നാൽ അക്ഷരം തെറ്റാതെ സംഭവിക്കുന്ന ഒന്ന് ‘മരണം’ തനിക്കേറ്റവും പ്രിയപ്പെട്ടവരെ ഹൃദയത്തിൽ സൂക്ഷിക്കുന്നപോലെ കവി ഈ കവിതയും ഹൃദയത്തിൽ തൊട്ടെഴുതിയപോലെ തോന്നുന്നു. എന്തോ മറ്റൊരു കവിതക്കും ഇല്ലാത്ത സ്വാധീനം ഈ കവിതയിലുണ്ടെന്ന് തോന്നുന്നു. ഭൂമിക്ക് സർവതിന്റെയും മേലുള്ള ഗുരുത്വാകർഷണംപോലെ എന്നെ ഈ കവിത ആകർഷിക്കുന്നു.
ഷമീം ചളവറ
കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര ചാർത്തിയ സാനു മാഷ്
സാനു മാഷിനെ ഓർത്തുകൊണ്ട് മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1433) വന്ന എഴുത്തുകളെല്ലാം ഒന്നിനൊന്ന് മെച്ചം. അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചവരുടെ ഓർമക്കുറിപ്പുകളിലൂടെ ആ ജീവിതം കൂടുതലറിയാൻ സാധിച്ചു. എഴുത്തുകാരൻ, പ്രഭാഷകൻ, ജീവചരിത്രകാരൻ, അധ്യാപകൻ, സാമൂഹികപ്രവർത്തകൻ തുടങ്ങി കൈവെച്ച മേഖലയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വിശ്വ പണ്ഡിതൻ കൂടിയാണദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ വചനങ്ങൾ ജീവിതചര്യയാക്കി മാനുഷിക മൂല്യങ്ങൾക്ക് അദ്ദേഹം വിലകൽപിച്ചു. നിങ്ങൾക്ക് ആത്മാവിഷ്കാരപരമായി സാഹിത്യരചനയിൽ ഏർപ്പടാം, പക്ഷേ സമൂഹം എന്നൊന്ന് ഉെണ്ടന്ന ഓർമവെച്ച് പ്രവർത്തനത്തിലൂടെയോ രചനകളിലൂടെയോ ആ സമൂഹത്തെ നിങ്ങൾ തിന്മയിൽനിന്ന് നന്മയിലേക്ക് മാറ്റാനുള്ള പരിവർത്തനത്തിനുള്ള പരിശ്രമംകൂടി നടത്തണം. ഒരു അഭിമുഖത്തിൽ പറഞ്ഞ ഈ വചനങ്ങളിലുണ്ട് ആ ജീവിതം.
ഞാെനന്ന ഭാവമില്ലാതെ; പദവികളുടെ, പാണ്ഡിത്യത്തിന്റെ, പ്രതിഭയുടെ അഹങ്കാരമില്ലാതെ ഏതൊരാൾക്കും ഒരുപോലെ ഹൃദയത്തിലിടം നൽകി ചേർത്തുപിടിച്ചു അദ്ദേഹം. നന്മകളാഗ്രഹിച്ച് ജീവിതത്തോടും പ്രവർത്തനങ്ങളോടും നീതി പുലർത്തി. പൊങ്ങച്ചങ്ങളില്ലാതെ, വിവാദങ്ങളില്ലാതെ, വെറുപ്പുകൾക്കിടം നൽകാതെ എല്ലാവർക്കും സ്നേഹപാത്രമായി ശിഷ്യന്മാരുടെ പ്രിയ ഗുരുവായി മനസ്സുകളിൽ നിറഞ്ഞുനിന്നു. കുടുംബത്തിനും സമൂഹത്തിനും നികത്താനാവാത്ത ശൂന്യതയേകി ആ സുകൃതജീവിതം ഇനി ഓർമകളിൽ. സ്നേഹാദരവുകളോടെ പ്രണാമം.
ഫൈസൽ ടി.പി, അഞ്ചച്ചവിടി
മാജിക്കൽ റിയലിസത്തിന്‍റെ ദർശനം നൽകുന്ന കവിത
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1433) വന്ന വി.എം. അരവിന്ദാക്ഷന്‍റെ ‘ഇരുട്ട് പൊട്ടിച്ചിതറി വെളിച്ചത്തിന് വഴിമാറുമ്പോൾ’ എന്ന കവിത വായിച്ചു. നന്നായിട്ടുണ്ട്. മാർകേസിന്‍റെ ‘Light is like water’ എന്ന കഥക്ക് ഒരനുബന്ധം എന്ന് പറഞ്ഞുകൊണ്ട് വന്ന കവിതയിൽ മാർകേസിന്റെ കൃതികളിൽ കാണുന്നതുപോലുള്ള മാജിക്കൽ റിയലിസം ദർശിക്കാം. അതിൽ അച്ഛനമ്മമാർ പുറത്തുപോയ ശേഷം വീട്ടിനുള്ളിൽ പ്രകാശജലം പരന്ന് അടച്ചിട്ട ജനൽവഴി പുറത്തേക്ക് ഒഴുകി നിറഞ്ഞു കവിയുകയാണെങ്കിൽ, ഇവിടെ സ്കൂൾ അടച്ച് എല്ലാവരും പോയശേഷം, വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽനിന്നും മൺമറഞ്ഞുപോയ പലരും തിരിച്ചു വരുകയാണ്. സ്കൂൾ ജീവിതകാലത്ത് തങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാൻ വേണ്ടി അവർ ഇരുട്ടിന്‍റെ മറവിൽ സ്കൂളിന്‍റെ അടച്ചിട്ട വാതിലിനുള്ളിലൂടെ അകത്ത് പ്രവേശിക്കുകയും അവരുടെ ഒരു ലോകം സൃഷ്ടിക്കുകയുംചെയ്യുന്നു. തങ്ങൾക്ക് നിഷേധിക്കപ്പെട്ടതെല്ലാംതന്നെ അവർ വീണ്ടെടുക്കുന്നു. അധ്യാപകരില്ലാത്ത ക്ലാസ് മുറികൾ, അടുക്കും ചിട്ടയുമില്ലാത്ത ബെഞ്ചും െഡസ്കും, ക്ലാസ് മുറിക്കുള്ളിലെ ഡാൻസും പാട്ടും എല്ലാം.
ചെവിക്ക് പിടിച്ച അധ്യാപകരെ ചീത്ത വിളിച്ചും, ബ്ലാക്ക്ബോർഡിൽ തന്നിഷ്ടത്തിന് കുത്തിവരച്ചും അവർ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. രാത്രി, അവരുടെ നഷ്ടപ്പെട്ട പകലുകളായി പരിണമിക്കുന്നു. ഇരുട്ട് വെളിച്ചത്തിന് വഴിമാറുമ്പോൾ എല്ലാം പഴയപടിയാകുന്നു. സ്കൂൾ വീണ്ടും കർക്കശമായ നിയമങ്ങൾ പാലിക്കുന്ന പട്ടാളക്യാമ്പ് ആയി മാറുന്നു. ഇവിടെ കവി നമ്മുടെയെല്ലാം (അധ്യാപകരുടെ) ക്ലാസിൽ ഇരിക്കുന്ന നല്ലൊരു ശതമാനം കുട്ടികളുടെ ആഗ്രഹങ്ങളെ അവതരിപ്പിക്കുകയാണ്. അവർ സ്വാതന്ത്ര്യം ശ്വസിക്കാൻ ആഗ്രഹിക്കുന്നവരാണ്. നിയമങ്ങളെ നിരാകരിക്കാൻ ആഗ്രഹിക്കുന്നവരാണ്, ജീവിതം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ്, പക്ഷേ ഇവരെയെല്ലാം നമ്മൾ സ്കൂൾ എന്ന ചട്ടക്കൂട്ടിൽ പൂട്ടിയിടുന്നു. നിലവിലെ വ്യവസ്ഥിതിയിൽ അവകാശ സംരക്ഷണം എന്ന് മുറവിളി കൂട്ടുന്നവർപോലും കുട്ടികളുടെ മനഃശാസ്ത്രത്തെ മാനിക്കാത്ത ചട്ടക്കൂടുകൾ പടച്ചുവിടുന്നു എന്നുകൂടി കവിത പറയാതെ പറയുന്നു. നല്ലൊരു കവിത അവതരിപ്പിച്ച കവിക്കും മാധ്യമം ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
നിഷ ആർ, കോഴിക്കോട്
‘ആരാണിവൾ’? എന്ന ചോദ്യത്തിന് ‘ആരാണ് നീ’? എന്ന ചോദ്യമായിരിക്കണം മറുപടി
തിരുവനന്തപുരത്ത് നടന്ന സിനിമ കോൺക്ലേവിൽ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണെന്റ പ്രസംഗവുമായി ബന്ധെപ്പട്ട് പുഷ്പവതിക്കെതിരെ ഉയർന്ന ‘ആരാണിവൾ’ എന്ന ചോദ്യം സവർണ മനോഭാവത്തിന്റെ ചട്ടക്കൂട്ടിൽനിന്നും പുറത്തുചാടിയതാണെന്ന് ആരും പറയാതെ തന്നെ മനസ്സിലാക്കാം. പുഷ്പവതി തന്റെ ജീവിതാനുഭവങ്ങൾ അനുശ്രീയുമായി പങ്കിടുമ്പോൾ അതിൽ പലതും പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളായിട്ടു തന്നെയാണ് വായനക്കാർക്ക് അനുഭവപ്പെടുന്നത്. മലയാള സിനിമ ലോകത്ത് അടുത്തകാലത്തുണ്ടായ സംഭവ വികാസങ്ങളിൽ പലതും ആണധികാരത്തിന്റെയും സവർണ മനോഭാവത്തിന്റെയുമെല്ലാം പ്രതിഫലനമായിരുന്നുവെന്ന് കൃത്യമായി മനസ്സിലാക്കിത്തരുന്നുണ്ട് പുഷ്പവതിയുടെ വാക്കുകൾ.
മലയാള സിനിമയിൽ സ്ത്രീ നിരാസത്തിന്റെ ചരിത്രം തുടങ്ങുന്നത് മലയാളത്തിലെ ആദ്യ ചിത്രത്തോടു കൂടി തന്നെയാണ്; അത് കേവലം സ്ത്രീ നിരാസത്തിന്റെ ചരിത്രം മാത്രമല്ല, ദലിത് സമൂഹത്തെ മലയാള സിനിമയിൽനിന്ന് ആട്ടിപ്പുറത്താക്കിയതിന്റെ ആദ്യപടി കൂടിയാണ്. മലയാള സിനിമയുടെ അമ്മ പി.കെ. റോസിയെ ദലിത് സ്ത്രീ ആയതിന്റെ പേരിൽ പടിക്കു പുറത്താക്കിയത് ആഴ്ചപ്പതിപ്പ് ഇതിനകം പലവുരു ചർച്ചചെയ്തിട്ടുണ്ടെങ്കിലും ‘ആരാണിവൾ’ എന്ന ധിക്കാര ചോദ്യം ഉയർന്നു കേൾക്കുന്ന അവസരത്തിൽ പുഷ്പവതിയുമായുള്ള അഭിമുഖത്തെ തുടർന്ന് തൊട്ടടുത്ത പേജിൽ ‘പി.കെ. റോസിയുടെ പ്രേതസഞ്ചാരങ്ങൾ’ എന്ന തലക്കെട്ടിൽ ദീദിയുടെ ലേഖനം സ്ഥാനംപിടിച്ചതും ഏറെ ഉചിതമായി. ദീദി തന്റെ ലേഖനത്തിൽ അടൂർ ഗോപാലകൃഷ്ണന്റെയും ശ്രീകുമാരൻ തമ്പിയുടെയും പേര് എടുത്തു പറഞ്ഞുകൊണ്ടുതന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. കോടികളുടെ അഴിമതികളാലും പങ്കുവെക്കലുകളാലും നാട് ഉലയുമ്പോൾ അത്തരം അന്യായങ്ങൾക്കെതിരെയുള്ള നിരന്ന നിരയിൽ ഇവരെ കണ്ടിട്ടുണ്ടോ എന്നതാണ് ആ ചോദ്യം.
അങ്ങനെയുള്ളവർ സംസ്ഥാന ബജറ്റിൽ ദലിതർക്കും സ്ത്രീകൾക്കും സിനിമയെടുക്കാൻ ഒന്നരക്കോടി വകയിരുത്തിയപ്പോൾ അവർക്ക് പരിശീലനം നൽകിയില്ലെങ്കിൽ അഴിമതിക്ക് വഴിയൊരുക്കലാകും എന്നൊക്കെ പറയേണ്ടിവരുന്നത് സർക്കാറിന്റെ പണം അഴിമതിയിലൂടെ നഷ്ടമാകുമെന്ന ഭയപ്പാടു കൊണ്ടൊന്നുമല്ല എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. ഇത്തരം ചെയ്തികളിലൂടെ യഥാർഥത്തിൽ പുറത്തുവരുന്നത് പാർശ്വവത്കരിക്കപ്പെട്ട പട്ടികജാതി-പട്ടികവർഗ-ദലിത് വിഭാഗങ്ങളെ പല മേഖലകളിലും കൈപിടിച്ച് ഉയർത്താൻ ക്ഷേമ സർക്കാറുകൾ യഥാവിധി പ്രവർത്തിക്കുമ്പോൾ അത്തരം കാര്യങ്ങൾക്കെതിരെയുള്ള തുരങ്കം വെക്കലാണ്.
ജാതിയിൽ പൊതിഞ്ഞെടുത്ത ‘വര്യേണ വർഗ’ത്തിന്റെ ചടുല നൃത്തം നിറഞ്ഞാടുമ്പോൾ പൊതുവേദികളിൽപോലും പാർശ്വവത്കരിക്കപ്പെട്ടവർ ജാതിയുടെയും നിറത്തിന്റെയും പേരിൽ ചോദ്യം ചെയ്യപ്പെടുന്നുവെന്നത് നിസ്സാര കാര്യമല്ല. തൊലിനിറത്തിന്റെ പേരിൽ ആർ.എൽ.വി. രാമകൃഷ്ണനെ പോലുള്ള സമുന്നത കലാകാരൻ പരിഹസിക്കപ്പെട്ടത് സാംസ്കാരിക കേരളത്തിലാണ്. കെട്ടിപ്പൊക്കിയ നവോത്ഥാന സാംസ്കാരിക മൂല്യങ്ങളൊക്കെ എവിടെ എന്നു ചോദിക്കുന്നവർപോലും അംഗുലീ പരിമിതമായ വർത്തമാനകാലത്തിലൂടെയാണ് നമ്മൾ പോയി ക്കൊണ്ടിരിക്കുന്നത്. ആണധികാരത്തിന്റെ ചൂഴ്ന്നുനോട്ടത്തിൽ നിന്നും രക്ഷപ്പെടാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ നാമനിർദേശം നൽകാൻ പർദയണിഞ്ഞ് സാന്ദ്രാ തോമസ് എത്തിയതും ഇവിടെ ചേർത്തു വായിക്കേണ്ടതാണ്. ‘‘ആരാണിവൾ?’’ എന്ന ചോദ്യത്തിന് ‘‘ആരാണ് നീ?’’ എന്ന മറുചോദ്യമായിരിക്കണം ഉത്തരം. എങ്കിൽ മാത്രമേ പല സന്ദർഭങ്ങളിലായി പാർശ്വവത്കരിക്കപ്പെട്ട പട്ടികജാതി-പട്ടികവർഗ ദലിത് പിന്നാക്ക വിഭാഗങ്ങൾ കലയിൽ നേരിട്ട അവഗണനക്കുള്ള, പ്രതിരോധത്തിന്റെ തുടക്കമെങ്കിലും ആവുകയുള്ളൂ.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ