എഴുത്തുകുത്ത്

വിഭവസമൃദ്ധം, ഓരോ ലക്കവും
ഒരാഴ്ച എടുത്ത് വായിച്ചാലും തീരാത്തത്ര വിഭവങ്ങൾ കൊണ്ട് സമൃദ്ധമാണ് മാധ്യമം ആഴ്ചപ്പതിപ്പ് ഓരോ ലക്കവും. ലക്കം 1435ന്റെ തുടക്കം ‘ആസാദിയുടെ നിരോധനം’ മുതൽ ഒടുക്കം –വോട്ട് മോഷ്ടിച്ച് ഓടുന്ന തെരഞ്ഞെടുപ്പ് കമീഷനെ ടോർച്ചടിച്ച് വെളിച്ചത്ത് കൊണ്ടുവരുന്ന വി.ആർ. രാഗേഷിന്റെ കാർട്ടൂൺ വരെ ഗൗരവതരമായ വായന അർഹിക്കുന്നു. തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായ മന്ത്രിമാർ ലക്ഷങ്ങൾ വിലവരുന്ന ആഡംബര വസ്തുക്കൾ ഉപയോഗിക്കുന്നതിനെ പ്രശ്നവത്കരിക്കുന്നു വിജു വി. നായർ തന്റെ ഒറ്റാലും തെറ്റാലിയും പംക്തിയിലെ ‘ഒയ്യാര’ത്തിൽ. ലാളിത്യത്തിലും ആഡംബരത്തിന് സാധ്യതയുണ്ട് എന്ന് ഗാന്ധിജിയെ മുൻനിർത്തി പറയുന്നത് രസാവഹമാണ്. അതിന് അദ്ദേഹം സരോജിനി നായിഡുവിനെ ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്.
‘‘ഹിന്ദുമതത്തിൽ ഉൾപ്പെടാത്തവർ ആരുംതന്നെ പട്ടികജാതി പദവിക്ക് യോഗ്യരല്ല’’ എന്ന 1950ലെ പ്രസിഡൻഷ്യൽ ഉത്തരവിനെതിരെ ഈയിടെ കേരളത്തിലെ പട്ടികജാതി ക്രിസ്ത്യാനികൾ പ്രതിഷേധിച്ചതിനെക്കുറിച്ചാണ് അഡ്വ. സജി കെ. ചേരമന്റെ ലേഖനം. ക്രിസ്ത്യാനികളായ പട്ടികജാതിക്കാർ മാത്രമല്ല മുഴുവൻ പട്ടികജാതിക്കാരും ആ ഉത്തരവിനെതിരെ പ്രതിഷേധിക്കണം എന്ന ലേഖകന്റെ നിലപാടിനോട് യോജിക്കുന്നു. കാരണം, നമ്മുടെ നാട്ടിലെ ദലിതരും ഗോത്രവർഗക്കാരും ആദിവാസികളും ഒന്നുംതന്നെ യഥാർഥ ഹിന്ദുമത വിശ്വാസികളോ, അതനുസരിച്ചുള്ള ആചാരാനുഷ്ഠാനങ്ങളുള്ളവരോ അല്ല. അവരെ ഹിന്ദുമതക്കാരാക്കിയതാണ്.
എങ്കിലും പ്രസക്തമായ ഒരു ചോദ്യമുണ്ട്: സമൂഹത്തിൽ നേരിടുന്ന അയിത്തത്തിൽനിന്നും, വിവേചനത്തിൽനിന്നും, പിന്നാക്കാവസ്ഥയിൽനിന്നും മോചനം നേടാൻ വേണ്ടിയാണല്ലോ പട്ടികജാതിക്കാരായ ഹിന്ദുക്കൾ ക്രിസ്തുമതം സ്വീകരിച്ചത്. എന്നിട്ടും അവരുടെ ഈ ദുരവസ്ഥയൊന്നും മാറിയിട്ടില്ല; പട്ടികജാതിക്കാർക്കുള്ള ആനുകൂല്യമെല്ലാം തരണം എന്നാണെങ്കിൽ പിന്നെ ഇവർ മതം മാറിയതെന്തിനാണ്? മതംമാറ്റംകൊണ്ട് സാമൂഹിക സാമ്പത്തിക മാറ്റമൊന്നുമുണ്ടായിട്ടില്ല എന്നാണോ? ആത്മകഥ എന്നാൽ ഒരു വ്യക്തിയുടെ ജീവിതകഥ മാത്രമല്ല, അദ്ദേഹം ജീവിച്ച കാലത്തിന്റെയും പരിതോവസ്ഥകളുടെയുംകൂടി കഥയാണ്. സലിം കുമാറിന്റെ ആത്മകഥ ‘കടുത്ത’ വായിച്ചു തീരുമ്പോൾ കണ്ണ് നനയും. ഉയർന്ന ജാതിക്കാരാൽ ബലാത്സംഗം ചെയ്യപ്പെടുന്ന ആദിവാസി പെൺകുട്ടി കോടതിയിൽ വിചാരണ എന്ന പ്രഹസനത്തിൽ വീണ്ടും പിച്ചിച്ചീന്തപ്പെടുന്ന ദുരവസ്ഥ, ഇന്നും മാറ്റമില്ലാത്ത അവസ്ഥ. ലേഖനത്തിൽ ഒരു പിഴവുണ്ട്. സ്വതന്ത്രചിന്തകനായ ബർട്രന്റ് റസ്സൽ അമേരിക്കക്കാരനല്ല; ബ്രിട്ടീഷുകാരനാണ്. സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ ജൊഹാനസ്ബർഗിലൂടെയുള്ള യാത്രാവിവരണവും ആസ്വാദ്യകരമാണ്. ഗാന്ധിജി നിർമിച്ച ടോൾസ്റ്റോയി പാർക്കിൽ ടോൾസ്റ്റോയിയുടെ പ്രതിമയും അവിടത്തെ ലൈബ്രറിയിൽ ഗാന്ധിജിയുടെ ഗ്രന്ഥങ്ങളും ഇല്ലാത്തത് കൗതുകമായി.
ഇ.സി. മുഹമ്മദ് കുഞ്ഞി,കാസർകോട്
സമഭാവ ദർശനത്തിന്റെ പ്രതീകം
പ്രഫ. എം.കെ. സാനു മാഷിന്റെ ദേഹവിയോഗാനന്തരം ഓർമക്കുറിപ്പുകളുടെ പ്രളയമാണ് മാധ്യമലോകത്ത് കാണാൻ കഴിഞ്ഞത്. ഡോ. സുമിജോയി, ഡോ. രതി മേനോൻ, ജോൺ ടി. വേക്കൻ എന്നിവരുടെ അനുസ്മരണക്കുറിപ്പിൽ ഡോ. രതിമേനോന്റെ എഴുത്ത് ആത്മാവിൽ നിന്നാണെന്ന് മനസ്സിലാക്കാം (ലക്കം- 1433). സാഹിത്യ വിമർശനത്തിലും രാഷ്ട്രീയ സാംസ്കാരിക ജീവിതത്തിലും സ്നേഹഭാജനമായി വിളങ്ങിയ സാനു മാഷിന്റെ കുടുംബപുരാണം ലളിതഭാഷയിൽ അവതരിപ്പിച്ചത് ഡോ. രതിമേനോൻ മാത്രമാണ്. എട്ടാം കേരള നിയമസഭയിൽ എറണാകുളത്തിന്റെ പ്രതിനിധിയായി പരിലസിച്ച സാനു മാഷിന് കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നൂറോളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
തന്റെ മകന് കത്തെഴുതുമ്പോൾപോലും മനുഷ്യസ്നേഹത്തെ നെഞ്ചോടു ചേർത്തുപിടിച്ചതിലൂടെ മാനവികതയിലൂന്നിയ സമഭാവ ദർശനം അദ്ദേഹത്തിൽ കാണാം. ഒരു നൂറ്റാണ്ടിന്റെ ധന്യജീവിതത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോഴാണ് മാഷിനെ മരണം കവർന്നെടുക്കുന്നത്. മലയാളിയുടെ സാമൂഹിക ജീവിത്തിന്റെ സർവതലങ്ങളിലും കൈയൊപ്പു ചാർത്തിയ അപൂർവപ്രതിഭകളിൽ ഒരാളായ സാനു മാഷിന്റെ ജീവിതം ഒരു പാഠപുസ്തകമാണെന്ന് തന്നെ പറയാം. കാരണം, ഒരു ഗുരുനാഥന്റെ സ്ഥാനം സമൂഹത്തിൽ എന്തായിരിക്കണമെന്ന് തെളിയിച്ചു തന്ന മഹാ പ്രതിഭാശാലിയായിരുന്നു അദ്ദേഹം. സാനു എന്ന പേരിന്റെ അർഥം കൊടുമുടി എന്നാണെങ്കിലും വലിയവരോടും ചെറിയവരോടും ഒരുപോലെ പെരുമാറി താഴ്വാരത്തിലൂടെ സഞ്ചരിച്ച അണയാത്ത സൗമ്യ ദീപ്തിക്ക് പ്രണാമം.
ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളുന്തുരുത്തി
പി.കെ. റോസിയുടെ ‘പ്രേതസഞ്ചാരങ്ങൾ’
ആഴ്ചപ്പതിപ്പിൽ (ലക്കം 1434) ദീദി എഴുതിയ ലേഖനം പഴയകാലത്ത് നിലനിന്ന ദലിതർക്കെതിരെയുള്ള കഠിന ജാതിവിവേചനത്തെ (ഇപ്പോഴും ഇത് പൂർണമായി മാറിയിട്ടില്ല) തുറന്നുകാണിക്കുന്നു. ദലിത് ക്രിസ്ത്യാനിയായതിനാൽ റോസിക്ക് നാടുവിട്ട് പോകേണ്ടിവന്നു. അവരുടെ വീട് സവർണർ തീവെച്ച് നശിപ്പിച്ചു. അവർ അഭിനയിച്ച സിനിമയോടിയ തിയറ്റർപോലും ജാതിഹിന്ദുക്കൾ തീവെച്ച് നശിപ്പിച്ചു. എന്നാലിപ്പോൾ പുതിയ സ്ത്രീശബ്ദം ഉയർന്നുവരുന്നു. അതിന് ഉദാഹരണമാണ് സാന്ദ്രാ തോമസിന്റെ പ്രതിഷേധം.
എവിടെയും സ്ത്രീകൾ രണ്ടാംതരം പൗരന്മാരായി കഴിയേണ്ടിവരുന്നു. ഇപ്പോൾ കുറേ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പഴയതിൽ സ്ത്രീകൾ, ദലിതർ എന്നിവർക്ക് സിനിമ നിർമിക്കാൻ ഒന്നരക്കോടി രൂപ നൽകാനുള്ള സർക്കാർ തീരുമാനം അടൂർ ഗോപാലകൃഷ്ണനെ പോലെയുള്ള സവർണ സിനിമ പ്രവർത്തകർക്ക് അത്ര രസിച്ചില്ല. ഇതു വലിയ പ്രതിഷേധമുണ്ടാക്കി. ദലിതർ ആയതിനാൽ അന്തരിച്ച കലാഭവൻ മണി, മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി. രാമകൃഷ്ണൻ, നടൻ തിലകൻ, പൂജാരി നിയമനത്തിന് ചെന്നപ്പോൾ പ്രദീപ്കുമാർ, ഉണ്ണി പൊന്നപ്പ എന്നിവർക്ക് സവർണരിൽനിന്നുണ്ടായ വിവേചനം ജാതിപരമായിരുന്നു. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കാൻ ഇന്ന് കാര്യമായി ആരുമില്ല. പണ്ട് ശ്രീനാരായണഗുരു, ആറാട്ടുപുഴ വേലായുധ പണിക്കർ, അയ്യൻകാളി, ടി.കെ. മാധവൻ എന്നിവർ ജാതിവ്യവസ്ഥക്കും സവർണ ആധിപത്യത്തിനുമെതിരെ പോരാടിയവരാണ്. അത്തരത്തിലുള്ള തുറന്ന പോരാട്ടങ്ങൾ ഇന്ന് അനിവാര്യമാണ്.
ആർ. ദിലീപ്, ശ്രീവിഹാർ, മുതുകുളം
സാനു മാഷ് ജാഗ്രത്തായ മനീഷി
സാനു മാഷിനെക്കുറിച്ച് ഇനി ഒന്നും എഴുതാനില്ലെന്നാണ് ഓരോ അനുസ്മരണം വായിക്കുമ്പോഴും തോന്നിയത്. എന്നാൽ, എത്ര എഴുതിയാലും തീരാത്ത ഒരു മഹാമനീഷിയായിരുന്നു അദ്ദേഹമെന്ന് ബോധ്യമാവുകയുംചെയ്തു. ഏതൊരാൾക്കും സഹായഹസ്തം നീട്ടുന്നതിൽ ജാതി-മത-ലിംഗ, കക്ഷി ഭേദങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് ഡോ. രതി മേനോൻ (ലക്കം 1433)എഴുതി. ആരുടെ ഏത് അഭ്യർഥനയും അവഗണിക്കാത്ത പ്രകൃതമായിരുന്നുവെന്നും അനുകമ്പ അദ്ദേഹത്തിന്റെ സഹജഭാവമായിരുന്നുവെന്നും ലേഖിക ഓർക്കുന്നു. നന്മ മാത്രം കായ്ക്കുന്ന ഒരു പൂമരമായിരുന്നു സാനു മാഷ് എന്ന വിശ്വാസമാണ് ലേഖികക്കുള്ളത്. എല്ലാവരുടെയും സുഖത്തിലും ദുഃഖത്തിലും അദ്ദേഹം കൂടെ നിൽക്കുമായിരുന്നു. മാഷിന്റെ സൗമ്യഭാവം എല്ലാവർക്കും സാന്ത്വനമായിരുന്നുവെന്നും ലേഖിക എഴുതുന്നു. തന്റെ അധ്യാപനത്തിലൂടെയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും എന്നും ഇതിനുവേണ്ടി അദ്ദേഹം അനുഭവിച്ച ജീവിത സംഘർഷങ്ങൾക്ക് അതിരില്ലെന്നും ലേഖിക പറയുന്നു.
സ്നേഹത്തിന്റെയും ക്ഷമയുടെയും ആൾരൂപമായിരുന്നു അദ്ദേഹത്തിന്റെ പ്രിയപത്നിയായ രത്നമ്മയെന്നും മാഷിന്റെ ആത്മബലം അവർ തന്നെയായിരുന്നെന്നും ആ കുടുംബത്തിന്റെ കടിഞ്ഞാൺ അവർ തന്നെയായിരുന്നുവെന്നും ആ മഹതിയുടെ ത്യാഗവും പ്രതിബദ്ധതയുമായിരുന്നു മാഷുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിപകർന്നതെന്നും ലേഖിക എഴുതി. സൗഹൃദങ്ങൾക്ക് ഏറെ വിലകൽപിച്ചിരുന്ന വ്യക്തിയാണ് മാഷ്. എഴുതി തെളിഞ്ഞവരുടെ മാത്രമല്ല, എഴുതി തുടങ്ങുന്നവരോടുപോലും മാഷ് കാണിക്കുന്ന താൽപര്യം മാതൃകാപരമായിരുന്നു.
മലയാളത്തിൽ ഏറ്റവും കൂടുതൽ ജീവചരിത്രം എഴുതിയിട്ടുള്ള മഹദ് വ്യക്തിയാണ് സാനു മാഷ്. വായനക്കാരെ വ്യക്തിയുടെ സവിഷേതകളിലേക്ക് ആനയിക്കുന്ന ഒരു എഴുത്തുരീതിയാണ് ജീവചരിത്ര രചനയിൽ അദ്ദേഹം അവലംബിച്ചിരുന്നത്. എല്ലാ കാര്യത്തിലും മാഷിന് കൃത്യമായ നിലപാടുകൾ ഉണ്ടായിരുന്നു. പ്രഭാഷണത്തിൽ ഇത്രമാത്രം ഓർമശക്തിയും പ്രത്യുന്നമതിത്വവും പ്രകടിപ്പിച്ചവർ സാനു മാഷും ലീലാവതി ടീച്ചറും എന്ന് ലേഖിക. ലേഖനത്തിന്റെ സാരാംശം ചോരാതെ സംക്ഷിപ്തമായി എങ്ങനെ അവതരിപ്പിക്കാമെന്ന് തന്നെ മനസ്സിലാക്കിത്തന്നത് സാനു മാഷ് ആണെന്ന് ശിഷ്യ വ്യക്തമാക്കിത്തരുന്നു. ‘ഉറങ്ങാത്ത മനീഷി’ എന്ന ഡോ. സുമി ജോയി മാലിപ്പുറത്തിന്റെ ലേഖനം മാഷിനെ കുറിച്ച വ്യക്തവും സമഗ്രവുമായ ചിത്രം നൽകുന്നുണ്ട്. മാഷെ സമഗ്രതയോടെ അനുസ്മരിച്ച എല്ലാ എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.
കെ.ആർ. സദാശിവൻ നായർ, എരമല്ലൂർ
‘ഒരു ചെമ്പരത്തി’ ചിന്തിപ്പിച്ച കാവ്യാനുഭൂതി
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1435) പ്രസിദ്ധീകരിച്ച ജസ്ന സിയുടെ ‘ഒരു ചെമ്പരത്തി’ എന്ന കവിത വളരെ ഹൃദയസ്പർശിയായി അനുഭവപ്പെട്ടു. ചിരുത എന്ന സ്ത്രീയെ ജനങ്ങൾ ഒരു ഭ്രാന്തിയായി കണക്കാക്കി, ഭ്രാന്തിന് മീതെ അവർ വ്രണങ്ങൾ സൃഷ്ടിച്ചു. എന്നെ ഏറെ ചിന്തിപ്പിച്ച ഒരു കാവ്യാനുഭൂതിയായി ഈ കവിത അനുഭവപ്പെട്ടു. ‘‘സ്നേഹിക്കുന്നവർ അടുത്തില്ലെങ്കിൽ വരുന്നതാണ് ഭ്രാന്ത്’’ എന്ന രണ്ടു വരികൾ എന്നെ ഏറെ നിമിഷം നിശ്ചലനാക്കി. കാലങ്ങൾക്കപ്പുറം മൺകൂനക്കു മീതെ ഒരു ചെമ്പരത്തി അർപ്പിച്ച് ചിരുതക്കൊപ്പം കവയിത്രിയും മടങ്ങുന്നു. കൂടുതൽ ഉയരത്തിലെത്താൻ കവയിത്രിക്ക് സാധിക്കട്ടെ, ആശംസകൾ.
സബീൽ അലനല്ലൂർ
നോവ് പെയ്യുന്ന ഫലസ്തീൻ
ഫലസ്തീനിന്റെ പട്ടിണിയും നോവും പറയുന്ന ‘തിരക്കഥയിൽ കൂട്ടിച്ചേർത്ത മൂന്നു സീനുകൾ’ എന്ന കവിത (ലക്കം 1436) പ്രസിദ്ധീകരിച്ചത് വായിക്കാനിടയായി. ഇസ്രായേലിന്റെ അധിനിവേശം കാരണം ഫലസ്തീൻ ജനത അനുഭവിക്കുന്ന വിഷമങ്ങളും പട്ടിണിയും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവുമെല്ലാം ഒരു ഫലസ്തീൻ പൗരന്റെ മനോഭാവത്തോടെ ഏറെ വ്യക്തമായി തന്നെയാണ് ജയശങ്കർ പി.എ അറയ്ക്കൽ ഇതിലൂടെ വിവരിച്ചിട്ടുള്ളത്. ഫലസ്തീൻ ഇന്ന് അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം വിശപ്പ് എന്നത് ഇതിൽ ഒരു കവിതയായി ചേർത്തതിൽ കവിയോട് ബഹുമാനം തോന്നുന്നു. ഫലസ്തീന് വേണ്ടി ഒരു ഐക്യദാർഢ്യമായി ഈ കവിതയെ പ്രഖ്യാപിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഷമീം ചളവറ
