Begin typing your search above and press return to search.

എഴുത്തുകുത്ത്

letters
cancel

വർത്തമാന സാമൂഹിക സാഹചര്യങ്ങളും കഥകൾക്ക് വിഷയമാകണം

‘‘നമ്മുടേത് കഥയുടെ കാലമാണെന്നും രാജ്യവും കാലവും കഥക്ക് നല്ല പ്ലോട്ടാണെന്നുമുള്ള’’ കഥാപതിപ്പിലെ (ലക്കം 1437) ‘തുടക്കം’ നടത്തിയ നിരീക്ഷണം പൂർണമായും ശരിയാണ്. പക്ഷേ, പുതുകാല കഥകളിൽ അവയൊന്നും കാര്യമായി പ്രതിപാദിച്ചു കാണുന്നില്ല. പുതുതലമുറയിലെ ഒമ്പത് പ്രശസ്ത എഴുത്തുകാരുടെ മിക്ക കഥകളും വ്യക്തി, കുടുബം, അനുഭവം എന്നീ പരിധിക്കുള്ളിൽ വരുന്നതാണ്. വളരെ ലളിതമായി, ഹൃദ്യമായി ഒതുക്കി എഴുതിയ കഥകളിൽ കൃത്യമായ അനുഭവ, ജീവിതാവിഷ്‌കാരമൊക്കെയുണ്ട്. വർത്തമാന ഇന്ത്യയുടെ, ലോകത്തിന്റെ രാഷ്ട്രീയ, വർഗീയ, സാമ്പത്തിക, യുദ്ധ ദുരന്തങ്ങളൊന്നും അവതരിപ്പിച്ചു കണ്ടില്ല. ഈ കഥകളിൽ മാത്രമല്ല, പൊതുവെ യുവ കഥകളിൽ മിക്കതിലും അതൊന്നും കാര്യമായി ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു. കഥയൊക്കെ ഇഷ്ടമായി. അഭിനന്ദനങ്ങൾ, പ്രത്യേകിച്ച് യുവ കഥാകാരന്മാർക്ക് നല്ല പ്രോത്സാഹനം നൽകുന്ന മാധ്യമത്തിന്.

രാജു പാലത്തായി, തലശ്ശേരി

ഇബ് ലീസിന്‍റെ പറുദീസയാകുന്ന ലോകം

‘‘നുണ പറയാനറിയാത്ത ഭരണാധികാരി സത്യസന്ധനല്ലെ’’ന്ന് നീത്ഷെ പറഞ്ഞപ്പോള്‍ ‘‘നുണകള്‍ക്ക് കാഞ്ഞിരത്തിന്‍കായപോലെ കൈപ്പാണെ’’ന്നാ ആമി അലീമയുടെ ഉമ്മച്ചി പറയുന്നത്‌ (ലക്കം 1438). ‘ഇബ് ലീസിന്റെ പറുദീസ’യെന്ന ആമി അലീമയുടെ കവിതയില്‍ കവിതയുണ്ട്, കഥയുണ്ട്, ചിന്തയുണ്ട്, തത്ത്വശാസ്ത്രവും ഭാവനയുമുണ്ട്. ‘‘വെട്ടിമുറിക്കുന്തോറും സുഗന്ധം പരത്തുന്ന കുന്തിരിക്കമരംപോലെ ഒരിക്കല്‍ ഉമ്മച്ചി പറഞ്ഞു...’’ എന്ന വരിയില്‍നിന്നും പടരുന്ന ഈ കവിതാവള്ളികള്‍ ‘‘കാഞ്ഞിരപ്പൂക്കളില്‍നിന്ന് തേന്‍ കണങ്ങള്‍ ഇറ്റി’’ എന്ന വരികളിൽ എത്തിനില്‍ക്കുമ്പോഴേക്കും നുണക്കൂമ്പാരങ്ങളിലൂടെ കടന്നുപോകുന്ന അനുവാചകൻ ഇബ് ലീസിന്‍റെ പറുദീസയാണ് ഈ ലോകമെന്ന് തിരിച്ചറിയുന്നു. നല്ലൊരു കവിത ആസ്വദിച്ച സുഖത്തില്‍ ഞാന്‍ നുണകളായ നുണകളൊക്കെ പൂക്കളെ പെറ്റുകൂട്ടുന്നതും നോക്കിയിരുന്നു. എഴുതുക, ഇനിയുമിനിയും എഴുതുക. ആസ്വദിക്കാന്‍ ഇവിടെ ഒരുപാടു പേരുണ്ട്.

സണ്ണി ജോസഫ്‌, മാള

വേടനായി പ്രതിരോധം തീർക്കേണ്ടത് ജനാധിപത്യവാദികളുടെ ബാധ്യത

മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1424)ൽ വന്ന ‘നവജനാധിപത്യത്തിന്റെ സംഗീതവും കവിതയും’, ‘നരിവേട്ട: ചരിത്രത്തിന്റെ കുരുതിയും ഓർമയും’ എന്നീ ലേഖനങ്ങളാണ് ഈ കുറിപ്പിനാധാരം ഡോ. എ.കെ. വാസുവും ഡോ. എം.ബി. മനോജുമാണ് യഥാക്രമം ലേഖനകർത്താക്കൾ. പാർശ്വവത്കരിക്കപ്പെട്ടവരുടെ കലയുടെ രാഷ്ട്രീയവും ഭൂമിയുടെ രാഷ്ട്രീയവും നിലവിലെ സാമൂഹിക ഘടനയിൽ ജാതിയും അധികാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രണ്ട് ലേഖനങ്ങളും ഭംഗിയായി തന്നെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. വേടനെതിരെ ഹിന്ദുത്വവാദികൾ ആക്രോശിക്കുമ്പോൾ പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങൾ വേടന് ചുറ്റും പ്രതിരോധം തീർക്കേണ്ടതിന്റെ ആവശ്യകതയാണ് എ.കെ. വാസുവിന്റെ ലേഖനത്തിന്റെ കാതൽ.

ശാസ്ത്രീയ സംഗീതവും കഥകളിയും കൂടിയാട്ടവും മാത്രമാണ് കല എന്ന പരികൽപനയിൽ വരുകയുള്ളൂവെന്നും കീഴ്ജാതി സമൂഹങ്ങളുടെ കലയൊന്നും കലയല്ലെന്നും അതൊക്കെ അധ്വാനഭാരം ലഘൂകരിക്കാൻ കീഴാളർ കണ്ടെത്തിയ സൂത്രവിദ്യ മാത്രമാണെന്നും ഫോക് ലോർ പഠനങ്ങളും പുരോഗമന സാഹിത്യകാരന്മാരും പറയുന്നതിനെ പൊളിച്ചടുക്കുന്നതാണ് എ.കെ. വാസുവിന്റെ ലേഖനം. ചിലർ വേടനെ കലാഭവൻ മണിയുമായി താരതമ്യംചെയ്യുന്നത് കണ്ടു. മണി പാടിയ പല പാട്ടുകളും യഥാർഥ നാടൻപാട്ടുകളല്ല. പലതും ദലിത് വിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. മണി സഹതാപത്തിനായി ദാരിദ്ര്യത്തി​ന്റെ കഥപറഞ്ഞ് സവർണ ബ്രാഹ്മണ്യത്തിന് മുന്നിൽ കെഞ്ചിനിന്നപ്പോൾ വേടൻ മഹാത്മാ അയ്യൻകാളിയുടെ കരളുറപ്പുള്ള രാഷ്ട്രീയം പറഞ്ഞവനാണ്.

അംബേദ്കർ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച വേടൻ സംഘ്പരിവാറിന്റെ വി​ദ്വേഷ രാഷ്ട്രീയത്തിന് വെല്ലുവിളി ഉയർത്തിയിരുന്നു. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും രണ്ടും നാടിനാപത്താണെന്ന പതിവ് സമീകരണ യുക്തിയാണ് ഇടതുപക്ഷംപോലും ഇവിടെ സ്വീകരിച്ചത്. ഹിന്ദുത്വ ഫാഷിസത്തിന്റെ ഭീകരതയും ബു​ൾഡോസർ രാഷ്ട്രീയവും കണ്ടിട്ടും പുരോഗമനക്കാർ ഹിന്ദുത്വ ഫാഷിസം ക്ലാസിക്കൽ ഫാഷിസമല്ല വെറും ഏകാധിപത്യ പ്രവണത മാത്രമാണെന്നും പറയുന്ന ലളിത യുക്തിയിൽ അഭിരമിക്കുമ്പോഴാണ് വേടൻ അയ്യൻകാളിയുടെ തലപ്പാവിന്റെ രാഷ്ട്രീയവും ഗസ്സയിൽ പിടഞ്ഞുമരിക്കുന്ന കുഞ്ഞുങ്ങളുടെ വേദനയെക്കുറിച്ചും പാടുന്നത്. ഹിന്ദുത്വ ഫാഷിസത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തെ വേടൻ കലയിലെങ്കിലും നിഷ്പ്രഭമാക്കുന്നുണ്ട്. മലയാള സിനിമയും സാഹിത്യവും സംഗീതവുമൊക്കെ സവർണതയെ ആഘോഷിക്കാനുള്ളതാണ്. കറുത്ത നിറം തന്നെ ഇവിടെ അപശകുനവും ഭീകരവുമാണ്.

വാർപ്പ് മാതൃകയിൽനിന്ന് വ്യത്യസ്തമായി സിനിമയിലോ സാഹിത്യത്തിലോ സംഗീതത്തിലോ ഒരു പുതുവഴി വെട്ടിയാൽ വെട്ടിയവനെ ഞങ്ങൾ കശാപ്പ് ചെയ്യുമെന്നാണ് ആഢ്യന്മാർ ആ​ക്രോശിക്കുന്നത്. വെണ്ണ തോൽക്കുന്ന ഉടലും ഇളനീർ കുടവും, കാർവർണനും പൗർണമി ചന്ദ്രികയുമില്ലാത്ത റാപ് സംഗീതം ഏത് സംഗീതമാണെന്നാണ് മ്യൂസിക് അക്കാദമിയിൽ പഠിച്ച ഒരു ദലിത് ഉദ്യോഗസ്ഥൻ ചോദിച്ചത്. എല്ലാ തടസ്സങ്ങളും വകഞ്ഞുമാറ്റി വേടൻ മുന്നോട്ടുതന്നെ കുതിക്കട്ടെ. നായർ, നമ്പൂതിരി, സുറിയാനി ക്രിസ്ത്യാനി കഥാപാത്രങ്ങൾമാത്രം അരങ്ങുവാണിരുന്ന മലയാള സിനിമയിൽ ഇപ്പോൾ കറുത്ത ശരീരങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ആറാം തമ്പുരാനെയും ആര്യനെയും നീലകണ്ഠനെയും കണ്ടുമടുത്ത പുതുതലമുറ ജീവിത യാഥാർഥ്യങ്ങൾ നിറഞ്ഞ കഥകൾക്ക് പ്രാധാന്യം കൊടുത്തുതുടങ്ങി. എം.ബി. മനോജ് കൃത്യമായി നിരീക്ഷിച്ചതുപോലെ കുറവുകൾ എന്തുതന്നെയായാലും ആദിവാസികളു​െട ജീവിതത്തിന്റെ ദൈന്യതയും ഭൂമിയുടെ രാഷ്ട്രീയം ഉയർത്തുന്ന അവരോട് ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാണിക്കുന്ന അനീതിയും ക്രൂരതയും ‘നരിവേട്ട’ എന്ന സിനിമ തുറന്നുകാണിക്കുന്നുണ്ട്. പൊലീസ് ഭരണകൂടത്തിന്റെ മർദക ഉപകരണം മാത്രമല്ല ഇന്ത്യൻ സാഹചര്യത്തിൽ അത് ബ്രാഹ്മണ മേധാവിത്വത്തിന്റെ കാവൽനായ്കൂടിയാണ്. ഈ യാഥാർഥ്യം ‘നരിവേട്ട’ സിനിമ തുറന്നുകാണിക്കുന്നുണ്ട്.

ഇന്ത്യൻ ബ്യൂറോക്രസിയിലും പൊലീസിലും ജുഡീഷ്യറിയിലും ജാതിമേൽക്കോയ്മയുടെ അധികാരം നിറഞ്ഞുനിൽക്കുന്നുണ്ട്. ‘നരിവേട്ട’യിലെ ശാന്തനായ പൊലീസ് ഓഫിസറും ബഷീറിനെ കൊല്ലുന്ന ക്രിമിനൽ പൊലീസുകാരനും ഇതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. എന്നാൽ മനോജിന്റെ ലേഖനത്തിൽ ഒരിടത്തും മുത്തങ്ങയിലെ പൈശാചിക നരവേട്ടക്ക് ഉത്തരവ് നൽകിയ എ.കെ. ആന്റണിയെക്കുറിച്ച് പരാമർശംപോലും കണ്ടില്ല. ഇ.എം.എസിനെപ്പോലെയുള്ളവരെ വിമർശിക്കുന്നതിൽ ആയിരം നാവുള്ള മനോജ് ആന്റണിയെക്കുറിച്ച് മൗനം ദീക്ഷിച്ചത് അദ്ദേഹം ആദർശധീരനായതുകൊണ്ടായിരിക്കും. വേടനെക്കുറിച്ചും ‘നരിവേട്ട’ സിനിമയെക്കുറിച്ചും പ്രൗഢഗംഭീരമായ ലേഖനങ്ങൾ കാഴ്ചവെച്ച മാധ്യമത്തിനും ലേഖകൻമാർക്കും അഭിനന്ദനങ്ങൾ.

സി.പി. രമേശൻ, തൃപ്പൂണിത്തുറ

പ്രതികരിക്കേണ്ടത് പട്ടികജാതിക്കാർ ഒരുമിച്ചുനിന്നു തന്നെ

മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1435) അഡ്വ. സജി കെ. ചേരമൻ എഴുതിയ ലേഖനം ‘മുക്കാൽ നൂറ്റാണ്ട് മുമ്പത്തെ ഉത്തരവും പട്ടികജനതയും’ ശ്ര​​​ദ്ധേയമായി. ഇതിൽ പറഞ്ഞതുപോലെ 1950 ആഗസ്റ്റ് 10ന് പുറപ്പെടുവിച്ച തെറ്റായ ഉത്തരവിനെതിരെ പ്രതികരിക്കേണ്ടത് പട്ടികജാതി ക്രിസ്ത്യാനികൾ അല്ല, മറിച്ച് പട്ടികജാതിക്കാർ ഒന്നാകെ തന്നെയാണ് എന്ന് ലേഖകൻ വാദിക്കുന്നത് നൂറുശതമാനവും ശരിയാണ്.

ഇന്ത്യയിലെ രണ്ടര ശതമാനം ക്രിസ്ത്യാനികളിൽ രണ്ടു ശതമാനവും ദലിതർ ക്രിസ്ത്യാനികളായവരാണ്. സർക്കാർ ജോലിക്കോ മറ്റോ ​അപേക്ഷിച്ചാൽ പട്ടികജാതി ക്രിസ്ത്യാനി എന്ന് കണ്ടാൽ ഉദ്യോഗസ്ഥർ അവരെ മാറ്റിനിർത്തി വിവേചനം കാണിക്കുന്നു. ക്രിസ്ത്യാനിയായാൽ പിന്നാക്ക പദവി നഷ്ടപ്പെടും എന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തുന്നു. ഇത് അവരെ തിരികെ പട്ടികജാതി വിഭാഗത്തിലേക്ക് കൊണ്ടുവരാനുള്ള ആസൂത്രിത ശ്രമമാണ്. ഇത് എതിർക്കപ്പെടേണ്ടതാണ്. 1911ലെ സെൻസസിൽ ജാതി ഹിന്ദുക്കളിൽനിന്നും അയിത്തക്കാരാക്കപ്പെട്ട ജാതിക്കാരെ വേർതിരിച്ച് കണക്കാക്കുന്നതിനായി സെൻസസ് കമീഷണർ നിശ്ചയിച്ച 10 മാനദണ്ഡങ്ങളെ കുറിച്ച് ലേഖനത്തിൽ പറയുന്നുണ്ടല്ലോ. 1956ൽ ഡോ. അംബേദ്കർ വെറും മൂന്ന് ലക്ഷം ​മാത്രം ജനസംഖ്യയുള്ള ബുദ്ധമതം സ്വീകരിച്ചത് എന്തുകൊണ്ടാണ്.

കഠിന സവർണ പീഡനം സഹിക്കാതെ വന്നപ്പോഴാണല്ലോ അദ്ദേഹത്തിന് ആ തീരുമാനം എടുക്കേണ്ടിവന്നത്. ഹിന്ദുമതം നശിക്കാതെ ഇന്ത്യ ഉയരില്ല എന്ന് ഡോ. അംബേദ്കർ പറഞ്ഞത് ഇന്നും 100 ശതമാനം ശരിതന്നെ. ജാതി ഹിന്ദുക്കളിൽനിന്നും അയിത്തജാതിക്കാരെ വേർതിരിച്ച് കാണാൻ യഥാർഥത്തിൽ 10 ശതമാനംപോലുമില്ലാത്ത സവർണർ (ബ്രാഹ്മണർ, ക്ഷത്രിയർ, കേരളത്തിലെ നായർ) മാത്രം ആണ് യഥാർഥ ഹിന്ദുക്കൾ. പക്ഷേ, ബാക്കി 68 ശതമാനം താഴെ അവശഹിന്ദുക്കൾകൂടിയുണ്ട്. ഇവിടെ എടുത്തിട്ടുള്ള ജാതി സെൻസസ് പൂർണമായും ശരി എന്നുപറയാൻ കഴിയില്ല. ഏതാനും മാസം മുമ്പ് ആർ.എസ്.എസിന്റെ മുഖവാരികയായ ‘കേസരി’യിൽ പറയുന്ന കണക്കനുസരിച്ച് അഞ്ചര ശതമാനം ക്രിസ്ത്യാനികൾ ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നാണ്. എന്നാൽ, സർക്കാർ കണക്ക് ക്രിസ്ത്യാനികൾ രണ്ടര ശതമാനത്തിന് താഴെ മാത്രവും. ഇതിൽ ഏതാണ് ശരി?

ആർ. ദിലീപ്, ശ്രീവിഹാർ, മുതുകുളം

Show More expand_more
News Summary - Letters