എഴുത്തുകുത്ത്

വസ്തുതാ വിശകലനം നൽകുന്ന തമിഴക രാഷ്ട്രീയ വർത്തമാനം
തമിഴ്നാട് രാഷ്ട്രീയത്തെ കുറിച്ച് ഒ.കെ. സന്തോഷിന്റെ വിശകലനവും നിരീക്ഷണവും (ലക്കം: 1438) വസ്തുതാപരമാണ്. കാരണം ചുരുങ്ങിയ കാലമാണെങ്കിലും തമിഴ്നാട്ടിൽ ജീവിച്ച എനിക്ക് തമിഴരുടെ വികാര വിചാരങ്ങളെ തൊട്ടറിയാൻ സാധിച്ചിട്ടുണ്ട്. സിനിമാതാരം, രാഷ്ട്രീയക്കാരൻ എന്നതിലുപരി എം.ജി.ആർ ഒരു യുഗപുരുഷനാണ്. അദ്ദേഹവുമായി മറ്റൊരു നടനെയും രാഷ്ട്രീയക്കാരെയും താരതമ്യം ചെയ്യേണ്ടതില്ല. എം.ജി.ആറിന്റെ സമകാലികനായിരുന്ന ശിവാജി ഗണേശൻ, ജൂനിയർ ആർട്ടിസ്റ്റുകളായിരുന്ന കമൽഹാസൻ, രജനികാന്ത് എന്നിവർക്കും വിജയകാന്തിനും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് വെന്നിക്കൊടി പാറിക്കുമെന്നത് കേവലം ദുഃസ്വപ്നം മാത്രമാണ്. ‘സെലിബ്രിറ്റി’ എന്ന നിലയിൽ വിജയ് പ്രത്യക്ഷപ്പെടുന്നിടത്ത് ജനക്കൂട്ടം സ്വാഭാവികമാണ്. അതൊന്നും വോട്ടായി മാറില്ല. ആത്മവിശ്വാസത്തിന്റെയും കഴിവിന്റെയും ബൗദ്ധികതയുടെയും രൂപമായി കരുണാനിധിയെ ചിത്രീകരിച്ച പ്രഫ. ഡാൻകാൻ ഫോറെസ്റ്റർ പ്രത്യേക അനുമോദനം അർഹിക്കുന്നു. ആ, കരുണാനിധിയുടെ മകനാണ് ഇന്ന് തമിഴ്നാടിന്റെ സാരഥി. തവളക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കണോ? അതിനാലാണ് രജനികാന്ത് രാഷ്ട്രീയ പാർട്ടി രൂപവത്കരണത്തിൽനിന്നും തന്ത്രപരമായി പിന്മാറിയത്.
സംസ്ഥാനങ്ങളുടെ ഭരണപരമായ അവകാശങ്ങൾ ഗവർണർമാരിലൂടെ കൈയടക്കാനുള്ള നരേന്ദ്ര മോദിയുടെ കുതന്ത്രങ്ങൾപോലും തമിഴ്നാട്ടിൽ ഫലിക്കാതെ പോകുന്നതിന്റെ കാരണവും മറ്റൊന്നല്ല. രാഷ്ട്രീയത്തിലെ സമസ്ത അടവുകളും സ്വഭവനത്തിൽനിന്നും പിതാവിൽനിന്നും പകർന്നുകിട്ടിയ സ്റ്റാലിന്റെ മുന്നിൽ വിജയ് നിഷ്പ്രഭനാകുമെന്നതിന് യാതൊരു സംശയവുമില്ല. കൃത്യമായ രാഷ്ട്രീയ പരിപാടിയും അതിനെ ജനങ്ങളിൽ എത്തിക്കാനുള്ള സംഘടനാശക്തിയും ഒരുകാലത്തും ആർജിക്കാൻ കഴിയാത്ത തമിഴക വെട്രികഴകത്തിന്റെ ഗതിയും അധോഗതിതന്നെ!
ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി
‘ഒറ്റാലും തെറ്റാലിയും’ അറിവിന്‍റെ തുറസ്സുകളിലേക്കുള്ള ജ്ഞാനായനം
വിജു വി. നായരുടെ ‘ഒറ്റാലും തെറ്റാലിയും’ പംക്തി അറിവിന്‍റെ നിസ്സീമമായ തുറസ്സുകൾ അനുവാചകർക്കു മുന്നിൽ മലർക്കെ തുറന്നിടുന്നു. വിഷയവൈവിധ്യംകൊണ്ട് പൊലിമയാർന്ന ഈ പ്രതിവാര വിചാരഗതിയെ പിൻപറ്റുമ്പോൾ വിജ്ഞാന മഹാസാഗരത്തിന്‍റെ ആഴപ്പരപ്പുകളിലൂടെയുള്ള പ്രഭാമയമായ ധൈഷണിക തീർഥയാത്രയിൽ അണിചേരുന്ന അപൂർവമായ അനുഭവ ധന്യതയാണ് കരഗതമാകുന്നത്. ചില നിലപാടുകളോട് വിയോജിക്കേണ്ടി വന്നാൽപോലും ജാഗ്രത്തായ ചേതനയിൽ, ഗ്രാഹ്യത്തിന്‍റെ സൂക്ഷ്മസ്പർശിനികളെല്ലാം ഉണർന്നിരിക്കുന്ന വായനക്കാർക്ക് നവീനമായ അറിവും അനുഭൂതിയും പകരാതിരിക്കില്ല ഈ ജ്ഞാനായനം.
ഓരോ ചുവട് കയറുമ്പോഴും വിസ്മയാവഹമായ ഓരോ ശൈലശൃംഗവും അഭിരാമമായ ഓരോ കന്യാപുഷ്പ നികുഞ്ജവും പ്രത്യക്ഷമാകുന്ന വനഭാഗ ഭംഗിപോലെ, ഓരോ ആഴ്ചയിലും തീർത്തും വ്യത്യസ്തമായ വിഷയങ്ങളുടെ നിവർന്നതും നിഗൂഹനം ചെയ്യപ്പെട്ടതുമായ വിചാരതലങ്ങളെയെല്ലാം സൂക്ഷ്മമായി ഗുണിച്ചും ഖനിച്ചും തുടരുന്ന ഈ ജ്ഞാനപ്രവാഹത്തിൽ മുങ്ങിനിവരുമ്പോൾ മാനസികമായൊരു നവ്യോർജം കൈവരുന്നതായി അനുഭവിച്ചറിയുന്നു. അസ്തിത്വവാദ ദാർശനികനായ സാർത്രിനെ ഉണ്മയും ഇല്ലായ്മയും (Being and nothingness) സിദ്ധാന്തത്തെ മുൻനിർത്തി അസാന്നിധ്യത്തിൽ രൂപമാളുന്ന സാന്നിധ്യത്തെയും അഭാവത്തിൽ നിറയുന്ന ഭാവത്തെയും പംക്തികാരൻ ഗഹനമായി വിശകലനം ചെയ്യുന്നത് വായിച്ചപ്പോൾ, ‘എന്നെന്നുമെൻ പാനപാത്രം നിറക്കട്ടെ, നിന്നസാന്നിധ്യം പകരുന്ന വേദന’ എന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ വരികളുമോർത്തു. കുടത്തിന്‍റെ ശൂന്യമായ അകം കാണുമ്പോൾ അതിനകത്ത് ഉണ്ടായിരുന്ന അല്ലെങ്കിൽ ഉണ്ടായേക്കാവുന്ന കുടിവെള്ളത്തിന്‍റെ സാന്നിധ്യമറിയുന്നത് കാവ്യദൃഷ്ടിയാണ്. ‘ഒന്നുമില്ലൊന്നുമില്ല അടരുമലർ മാത്രം പടരുമിരുൾ മാത്രം’ എന്ന് ദിവ്യ ദുഃഖത്തിന്‍റെ നിഴലിൽ നിരീക്ഷിച്ച കവി ആർ. രാമചന്ദ്രന്‍റെ വരികൾ വായിക്കുമ്പോഴും ആ ഒന്നുമില്ലായ്മയുടെ ശൂന്യതയിൽ നിറഞ്ഞൊഴുകുന്ന ദിവ്യമായ ഉണ്മയെയും വേണമെങ്കിൽ, അഭാവത്തിലെ ഭാവം കണ്ടെടുക്കുന്ന കാവ്യദൃഷ്ടിക്ക്, വായിച്ചെടുക്കാനാവും. കുറിയ വാക്കുകൾ, കുത്തും കോമയുംപോലും അർഥപൂർണം. അലസമായല്ല, അതീവ ശ്രദ്ധയോടെ വായിച്ചാലേ ആ ആശയഗതിയെ പിന്തുടരാനാകൂ. ‘മാധ്യമം’ ആഴ്ചപ്പതിപ്പിന്‍റെ ഗൗരവ വായനക്ക് മാറ്റുകൂട്ടുന്നു ഈ പംക്തി.
മുഹമ്മദ്കുട്ടി എളമ്പിലാക്കോട്
ആദ്യം വായിക്കുന്നത് ‘ഒറ്റാലും തെറ്റാലിയും’
മാധ്യമം ആഴ്ചപ്പതിപ്പ് കിട്ടിയാൽ ആദ്യം വായിക്കുക വിജു വി. നായരുടെ ‘ഒറ്റാലും തെറ്റാലിയും’ തന്നെ. ലക്കം 1438ലെ പൊട്ടിച്ചൂട്ട് ഒന്നാന്തരമൊരു വായനാനുഭവമായി. കാഴ്ച കുറവും കേൾവി അധികവുമായ പുതിയ കാലത്തിന്റെ പരിതോവസ്ഥകളെ വളരെ കൃത്യമായി വരച്ചുകാട്ടുന്നുണ്ടതിൽ. ചില പദപ്രയോഗങ്ങൾ മലയാളം തന്നെയോ എന്ന് തോന്നിപ്പോകും. ‘‘സാക്ഷര ചിന്ത പുറങ്കാലീനടിച്ച ഒരുവൻ ലോക രാഷ്ട്രങ്ങളെ പമ്പരം കറക്കുന്നത് നാം ട്രംപിൽ കാണുന്നു. ഭരണഘടനയെ ഭംഗ്യന്തരേണ ചവറ്റുകൊട്ടയിലാക്കുന്ന ഒരു മത രാഷ്ട്രീയ പ്രസ്ഥാനം ജനാധിപത്യത്തെ ഓലപ്പീപ്പി ആക്കുന്നത് ഇന്ത്യയിൽ കാണുന്നു. അനുഭാവി കൂട്ടങ്ങൾ ഇക്കൂട്ടരിൽ ന്യായവിധിയോ നൈതികമൂല്യമോ നോക്കുന്നില്ല. തങ്ങളുടെ ഗ്രാഹ്യത്തിനപ്പുറമുള്ള എന്തോ വിശേഷശക്തി അവരിൽ ഉണ്ടെന്ന് കരുതുകയാണ്. ഇതാണ് സംഘടിതമായ ആത്മനിഷ്ഠ വിശ്വാസം. ഇരുട്ടിൽ വഴിതെളിക്കും എന്ന് തോന്നിച്ചു യാത്രക്കാരെ വഴിതെറ്റിക്കുന്ന ആ ഗ്രാമ്യസങ്കൽപം ഉണ്ടല്ലോ.’’ ‘പൊട്ടിച്ചൂട്ട്’ -അതാണ് ചില ജനപ്രിയ ബിംബങ്ങൾ.
വി.ടി. സൂപ്പി, മരുതോങ്കര
‘ആരാണ് നീ’ എന്ന പ്രതികരണത്തെ ഗൗരവതരമായി തന്നെ കാണണം
ആരാണിവൾ? എന്ന ചോദ്യത്തിന് ആരാണ് നീ? എന്ന ചോദ്യമായിരിക്കണം മറുപടി എന്ന് മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1437) ദിലീപ് പി. മുഹമ്മദ് മൂവാറ്റുപുഴ എഴുതിയ പ്രതികരണം ഗൗരവതരമായി കാണണം. കഴിഞ്ഞ ദിവസങ്ങളിൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ശ്രീകുമാരൻ തമ്പി എന്നിവർ തങ്ങളുടെ പ്രസ്താവനയിലൂടെ സവർണ മുഖമാണ് സമൂഹത്തിന് മുന്നിൽ തുറന്നു കാണിച്ചത്. സിനിമാരംഗത്ത് ആണധികാരവും സവർണ സ്വാധീനവും ശക്തമാണ്. ഇവിടെ ദലിത് സമുദായത്തെ ആട്ടിപ്പായിക്കുന്ന രീതിതന്നെയാണ് തുടരുന്നത്.
ഈ കത്ത് എഴുതുമ്പോൾ ബിന്ദു എന്ന ദലിത് യുവതി പേരൂർക്കടയിലെ ഓമന ഡാനിയേലിന്റെ വീട്ടിൽ വേലക്ക് നിന്നപ്പോൾ (മൂന്നുദിവസം മാത്രം) രണ്ടര പവന്റെ മാല മോഷ്ടിച്ചുവെന്ന് പറഞ്ഞ് കള്ളക്കേസിൽ കുടുക്കി പൊലീസ് സ്റ്റേഷനിൽ 20 മണിക്കൂർ നിർത്തി പീഡിപ്പിച്ചതും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ടോയ് ലറ്റിൽ പോയി കുടിക്കാൻ പൊലീസ് പറഞ്ഞതും വലിയ കോളിളക്കം സൃഷ്ടിച്ച വാർത്തയായിട്ടുണ്ട്.
സ്ത്രീകൾ, ദലിതർ എന്നിവർക്ക് ഒന്നരക്കോടി രൂപ സിനിമാ നിർമാണത്തിന് കൊടുക്കാൻ തീരുമാനിച്ചപ്പോൾ സവർണർ ഉണ്ടാക്കിയ എതിർപ്പ് നമ്മൾ കണ്ടു. ഇതുപോലുള്ള അവശജനങ്ങൾ എന്നും തങ്ങളുടെ അടിമകളായി കഴിയണമെന്നാണ് 90 ശതമാനം സവർണരും ആഗ്രഹിക്കുന്നത്. ഹിന്ദുമതത്തിലെ അനാചാരങ്ങൾ ചെറുത്ത് തോൽപിച്ചെങ്കിൽ മാത്രമേ ഈ വിവേചനത്തിന് അറുതിയുണ്ടാകൂ.
ആർ. ദിലീപ്, ശ്രീവിഹാർ, മുതുകുളം
‘രംഗപടം’ ജീവിത യാഥാർഥ്യങ്ങളുടെ സത്യസന്ധമായ ആവിഷ്കാരം
ഇoഗ്ലീഷില്‍ ‘ലൈക് ഫാദര്‍ ലൈക് സണ്‍’ എന്നൊരു ചൊല്ലുണ്ട്. അച്ഛനെപ്പോലെ തന്നെ മകനും എന്നാണതിനര്‍ഥം. അതായത് അച്ഛന്‍റെ സ്വഭാവങ്ങളും പ്രവൃത്തികളും അപ്പാടെ മകനിലും കാണപ്പെടുമ്പോഴാണ് അങ്ങനെ പറയാറ്. ‘രംഗപടം’ എന്ന ശീര്‍ഷകത്തില്‍ ആര്‍ട്ടിസ്റ്റ് സുജാതനുമായി അദ്ദേഹത്തിന്‍റെ ബന്ധുവും കഥാകൃത്തുമായ വി.എം. വിനോദ് ലാൽ നടത്തിയ ദീർഘഭാഷണം (ലക്കം: 1439) വായിച്ചപ്പോള്‍ എനിക്കങ്ങനെയാണ് തോന്നിയത്. കേരളം മുഴുവന്‍ അറിയപ്പെടുന്ന രംഗപട ചിത്രകാരനായിരുന്ന ആര്‍ട്ടിസ്റ്റ് കേശവന്‍റെ മകന് അച്ഛന്‍റെ കഴിവുകള്‍ മുഴുവന്‍ കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ കണ്ടാലറിയാം.
പലപ്പോഴും നാടകങ്ങളേക്കാള്‍ ആസ്വാദകരെ ഭ്രമിപ്പിക്കാറുണ്ട് ചേതോഹരമാം ആ കലാസൃഷ്ടികള്‍. പ്രതിഭാധനരായ അച്ഛന്റെയും മകന്റെയും ജീവിതം പകര്‍ത്തിയിരിക്കുന്ന ‘രംഗപടം’ ചന്ദനമഴ പെയ്തിറങ്ങിയതുപോലെ അതീവ ഹൃദ്യമായിരിക്കുന്നു. ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’പോലെ അതെന്നെ ഏറെനേരം വിസ്മയത്തുമ്പില്‍ നിർത്തി. ഇന്നത്തെ തലമുറ തീര്‍ച്ചയായും ഇരുത്തി വായിച്ച് ഉള്‍ക്കൊള്ളേണ്ട ജീവിത യാഥാർഥ്യങ്ങളുടെ സത്യസന്ധമായ ആവിഷ്കാരമാണത്. ഒരു നീണ്ട സംഭാഷണത്തിന്‍റെ തുടക്കം മാത്രം. തുടക്കം നന്നായാല്‍ ഒടുക്കവും നന്നാവും എന്ന ചൊല്ലിനെ അന്വർഥമാക്കട്ടെ ഈ സംഭാഷണമെന്ന് ആശംസിക്കുന്നു. ആഴ്ചതോറും ഇറങ്ങുന്ന എല്ലാ മുഖ്യധാര മലയാള വാരികകളും വായിക്കുകയും, അതിന്‍റെ പ്രതികരണങ്ങള്‍ പത്രാധിപര്‍ക്കുള്ള കത്തിലൂടെ അറിയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന എനിക്കിപ്പോള്‍ മാധ്യമം ആഴ്ചപ്പതിപ്പ് ഒരു ലഹരിയാണെന്ന് പറഞ്ഞുകൊള്ളട്ടെ.
സണ്ണി ജോസഫ്, മാള
‘പലമതിൽ ദൂരം’: വിവിധ മാനങ്ങളിൽ വായിച്ചെടുക്കാവുന്ന കവിത
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം: 1439 പൊതുവെ നല്ല നിലവാരം പുലർത്തി. ജയശ്രീ പള്ളിക്കൽ എഴുതിയ കവിത ‘പലമതിൽ ദൂരം’ പ്രത്യേക പരാമർശമർഹിക്കുന്നു. പരസ്പരം പൂരകങ്ങളാകേണ്ട, എന്നാൽ നാം ജീവിക്കുന്ന വ്യവസ്ഥിതിയിൽ അതിന് അവസരമില്ലാതെ ദുരിത ജീവിതം നയിക്കേണ്ടിവരുന്നവരുടെ എത്രയോ വിഷയങ്ങളിലേക്ക് കവിത വിരൽചൂണ്ടുന്നു.
അക്കൗണ്ടുകളിൽ ബാക്കിയാകുന്ന ഉടമസ്ഥനില്ലാത്ത എത്രയോ നിക്ഷേപങ്ങൾ ഒരിടത്ത്! അടിയന്തരമായി പണം ആവശ്യമുള്ള മനുഷ്യർ മറ്റൊരിടത്ത്, ഒറ്റപ്പെട്ടു പോയ, ഒരു കൂട്ടോ അതിന്റെ സാന്ത്വനമോ തീവ്രമായി ആഗ്രഹിക്കുന്ന എന്നാൽ അതിനാവാത്ത വിധം വിലക്കുകൾ നേരിടുന്ന എത്രയോ മനുഷ്യർ, ആർക്കെങ്കിലും വിശപ്പടക്കാൻ ഉതകേണ്ടതെങ്കിലും പാഴാക്കപ്പെടുന്ന ഭക്ഷണം, വിശപ്പടക്കാൻ നിവൃത്തിയില്ലാതെ പിടഞ്ഞു ചാകുന്ന കുഞ്ഞുങ്ങൾ ഉൾപ്പെട്ട ഹതഭാഗ്യർ... അങ്ങനെ വിവിധ മാനങ്ങളിൽ വായിച്ചെടുക്കാവുന്ന കവിതയാണ് ഉടമസ്ഥൻ ഇല്ലാത്ത വീടിന്റെയും വീടില്ലാത്ത നിസ്വന്റെയും നിസ്സഹായതയിലൂടെ പറഞ്ഞുവെക്കുന്ന ‘പലമതിൽ ദൂരം’.
ജീവിതത്തിന്റെ അനിവാര്യമായ, എന്നാൽ നാം മനസ്സുെവച്ചാൽ നിവാരണംചെയ്യാവുന്ന സങ്കീർണ ദുരന്തങ്ങളെ ഭാവതീവ്രമായ ഭാഷയിൽ തികഞ്ഞ അവധാനതയോടെ അവതരിപ്പിച്ചിരിക്കുന്നു കവയിത്രി. നിഴൽപ്പാടുകളിൽ നിൽക്കുന്ന ഇത്തരം ജീവിതങ്ങളിലേക്ക് തന്നെയാണ് കവിത വെളിച്ചം വീഴ്ത്തേണ്ടത്. ജയശ്രീ പള്ളിക്കലിനും ഈ കവിത വായനക്കാരിലേക്ക് എത്തിച്ച മാധ്യമം ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
ടി.കെ.ആർ. നായർ, അലനല്ലൂർ
