എഴുത്തുകുത്ത്

കൂടുതൽ ജീർണിക്കുന്ന നവമാധ്യമ ഇടങ്ങളും മാധ്യമപ്രവർത്തനവും
സ്വതന്ത്രവും വസ്തുനിഷ്ഠവും സത്യസന്ധവുമായ മാധ്യമപ്രവർത്തനം ജനായത്തത്തിന്‍റെ വിജയത്തിന് അനിവാര്യമാണ്. എന്നാൽ, ആ മൂല്യങ്ങളൊക്കെ ബലികഴിച്ച് ഭരണവർഗത്തിന്‍റെയും കോർപറേറ്റ് ഭീമന്മാരുടെയും കൊള്ളരുതായ്മക്കും അക്രമത്തിനും അനീതിക്കും കുടപിടിക്കുന്ന ഒന്നായി തീർന്നിരിക്കുന്നു മുഖ്യധാരാ മാധ്യമങ്ങൾ. ഇത്തരം ഒരവസ്ഥയിൽ സമൂഹമാധ്യമങ്ങളെങ്കിലും നന്നായി വർത്തിക്കുമെന്ന് വിചാരിച്ചതും വെറുതെയായി എന്ന് വിവരിക്കുകയാണ് ‘അച്ചാണി’ എന്ന കുറിപ്പിൽ (ലക്കം 1439) വിജു വി. നായർ.
നവമാധ്യമങ്ങളുടെ വരവോടെ മാധ്യമപ്രവർത്തനം ജനകീയമാവുകയും സാധാരണ വ്യക്തിയും മാധ്യമ പ്രവർത്തകനാകുന്നതോടുകൂടി മാധ്യമവിശ്വാസ്യത കൂടുമെന്ന് കരുതിയെങ്കിലും കൂടുതൽ ജീർണിക്കുകയാണുണ്ടായത്. അദ്ദേഹം പറയുന്നത് കാണുക ‘‘ഏഷണിയും ദുഷിപ്പും ഊഹവെടിയും മേമ്പൊടി. പച്ചയും കത്തിയും മിനുക്കുമൊക്കെ അരങ്ങത്തുണ്ട്. മുന്തി നിൽപത് പക്ഷേ പീതം. പഴയ മഞ്ഞ പത്രത്തിന്‍റെ പുതുരൂപം. ഭാവം ജേണലിസം; ഫലം ജീർണലിസം.’’
മുഖ്യധാരാ മാധ്യമങ്ങളുടെ അപചയത്തിന്‍റെ കാരണങ്ങളിലൊന്നായി അനുകരണഭ്രമത്തെ അദ്ദേഹം കാണുന്നു. തലക്കെട്ട് മുതൽ താൾ വിന്യാസം വരെ ഒന്നാമനെ അനുകരിച്ചപ്പോൾ അവന്‍റെ മൂല്യങ്ങളും അവരറിയാതെ കയറിപ്പറ്റി എന്നദ്ദേഹം നിരീക്ഷിക്കുന്നു. സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളെ സാമ്പത്തികമായി ഞെരിച്ചും കോർപറേറ്റ് ശിങ്കിടികളെ വിട്ട് അപ്പാടെ വിഴുങ്ങിയും സർക്കാർ വരുതിയിലാക്കുന്നു.അങ്ങനെ ജനാധിപത്യത്തിന്‍റെ നാലാം തൂൺ വെറും പൊയ്ക്കാലായ് ശോഷിച്ചിരിക്കുന്നു എന്നദ്ദേഹം ശരിയായി വിലയിരുത്തുന്നു.
രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ടർപട്ടിക ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ മുഹമ്മദ് ഹനീൻ എഴുതിയ ‘വോട്ട് ചോരിയും വോട്ടർ അധികാർ യാത്രയും രാജ്യത്തോട് പറയുന്നത്’ എന്ന ലേഖനം വായിച്ചു. ഒരു ഭാഗത്ത് വോട്ടർപട്ടികയിൽ ആയിരക്കണക്കിന് കള്ളവോട്ടുകൾ ചേർത്ത് ബി.ജെ.പിക്ക് ലഭ്യമാക്കുക; മറുഭാഗത്ത് ബി.ജെ.പി വിരുദ്ധ വോട്ടുകൾ എന്ന് കരുതപ്പെടുന്ന പതിനായിരക്കണക്കിന് മുസ്ലിംകളെയും ദലിതരെയും പിന്നാക്കക്കാരെയും വോട്ടർപട്ടികയിൽനിന്നും ഒഴിവാക്കുക -അങ്ങനെ ബി.ജെ.പി സ്ഥാനാർഥികളുടെ വിജയം ഉറപ്പുവരുത്തുന്ന ഒരു ഭരണകൂട ഏജൻസിയായി തെരഞ്ഞെടുപ്പ് കമീഷൻ അധഃപതിച്ച കാഴ്ചയാണ് കാണുന്നത്.
സംഘ്പരിവാർ ഒരിക്കലും ബഹുകക്ഷി ജനാധിപത്യം അംഗീകരിക്കുന്നവരല്ല. അത് ആർ.എസ്.എസിന് കീഴിലുള്ള ഒരു ഏകകക്ഷി ബ്രാഹ്മണിക്കൽ ഹിന്ദു രാഷ്ട്രമാണ് വിഭാവനംചെയ്യുന്നത്. അതിന് ഇന്ത്യയിലെ നിലവിലുള്ള ജനാധിപത്യ സംവിധാനം തകർക്കേണ്ടതുണ്ട്. വോട്ട് കൃത്രിമത്വത്തിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽതന്നെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുത്തിക്കൊണ്ട് അത് സാധിക്കാമെന്ന് സംഘ്പരിവാർ കണക്കുകൂട്ടുന്നു എന്ന ലേഖകന്‍റെ നിരീക്ഷണം പ്രസക്തമാണ്.
പ്രസാദ് കുറ്റിക്കോടിന്‍റെ ‘ഭഗത് സിങ് ചിരിക്കുന്നു’ എന്ന കവിത വായിച്ചിട്ട് ഞാനും ചിരിച്ചുപോയി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവനും ജീവിതവും ഹോമിച്ച മഹാരഥന്മാരെ പിന്നിലേക്ക് തള്ളി, മാപ്പെഴുതി കാലു നക്കിയവരെയൊക്കെ മുന്നിൽ പ്രതിഷ്ഠിച്ച് ജനഗണമന പാടി സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ എങ്ങനെ ചിരിക്കാതിരിക്കും.
ഇ.സി. മുഹമ്മദ്കുഞ്ഞി,കാസർകോട്
ഒറ്റുകാരൻ ചിരിക്കുന്ന വർത്തമാനകാല ഇന്ത്യ
‘ഭഗത് സിങ് ചിരിക്കുന്നു’ എന്ന പ്രസാദ് കുറ്റിക്കോടിന്റെ കവിത വായിച്ചപ്പോൾ (ലക്കം 1439) രണ്ടു വരിയെങ്കിലും കുറിക്കാതിരിക്കാനാവുന്നില്ല. രാഷ്ട്രപിതാവ് ഗാന്ധിജിയും മറ്റ് രണ്ട് ധീര വിപ്ലവകാരികളായ ഭഗത് സിങ്ങും സുഭാഷ് ചന്ദ്രബോസും കണ്ടുമുട്ടുന്ന അപൂർവ നിമിഷം. ഗാന്ധിജിയും ഭഗത് സിങ്ങും രണ്ടു ദിക്കുകളിൽനിന്ന് പുറപ്പെട്ട് മധ്യകേരളത്തിലെ കൊച്ചു ഗ്രാമത്തിലെത്തി ചായപ്പീടികയിലെത്തിയപ്പോൾ പീടികക്കാരൻ ‘‘മൂന്നാൾക്കും എന്താ വേണ്ട്’’ എന്ന് ചോദിക്കുന്ന മാത്രയിൽ തിരിഞ്ഞുനോക്കുമ്പോൾ തൊട്ടുപിറകിൽ അതാ, സാക്ഷാൽ സുഭാഷ് ചന്ദ്രബോസ്. വായനക്കാർ അഭിമാനപുളകിതരാകുന്ന അപൂർവ നിമിഷം. ബാപ്പു ആവശ്യപ്പെട്ട ആട്ടിൻപാലും ഭഗത് സിങ് ആവശ്യപ്പെട്ട കടുപ്പത്തിലൊരു ചായയും ബോസിന്റെ നാരങ്ങാവെള്ളവും അവരുടെ തന്നെ പ്രതീകങ്ങളാകുന്നു.
മൂവരും കടക്ക് പുറത്തിറങ്ങി നടക്കുമ്പോൾ തൊട്ടടുത്ത എൽ.പി സ്കൂളിൽനിന്നു കേൾക്കുന്ന ദേശീയഗാനവും ചെങ്കുത്തായ റോഡിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ബോർഡും കണ്ടതിനുശേഷം ഇവർക്ക് മൂന്നുപേർക്കും മുകളിൽ തെളിയുന്നത് വർത്തമാനകാല ഇന്ത്യതന്നെയല്ലേ എന്ന് ശങ്കിച്ചുപോകുന്നു. അതെ, അവിടെയിരുന്ന് ഒറ്റുകാരന്റെ ചിത്രം പല്ലിളിക്കുന്നു; ഒറ്റുകാരന്റെ പിന്മുറക്കാർ ഇന്നും ആ പല്ലിളിക്കൽ തുടരുമ്പോൾ ബാപ്പുജിക്ക് തുള വീണ നെഞ്ചിൽ കൈ അമർത്താനേ കഴിയൂ. ബോസിന് ബൂട്ടിലെ രക്തക്കറ നോക്കി തലകുനിക്കാനും ഭഗത് സിങ്ങിന് ഓർമകളുടെ പുസ്തകവും ചുവന്ന തുവാലയും ഉയർത്തിപ്പിടിച്ച് പൊട്ടിച്ചിരിക്കാനുമേ കഴിയൂ. കാരണം, ഇന്ത്യ മാറിയിരിക്കുന്നു. ആ മാറിയ ഇന്ത്യയിൽ നമുക്ക് മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക എന്ന ചോദ്യമേ അവശേഷിക്കുന്നുള്ളൂ. ഒറ്റ വായനയിൽ തന്നെ വായനക്കാരുടെ മനസ്സിൽ ചേക്കേറുംവിധം ഗാന്ധിജിയെയും ഭഗത് സിങ്ങിനെയും സുഭാഷ് ചന്ദ്രബോസിനെയും മധ്യ കേരളത്തിലെ കൊച്ചു ഗ്രാമത്തിലേക്ക് ഇറക്കി കൊണ്ടുവന്ന പ്രസാദ് കുറ്റിക്കോട് എന്ന കവിയിൽ ശോഭനമായ ഭാവി കാണുന്നു.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
സമകാലിക സ്പന്ദനം കൃത്യമായി ആവാഹിക്കപ്പെട്ട കവിത
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1439) ജയശ്രീ പള്ളിക്കലിന്റെ ‘പല മതിൽദൂരം’ എന്ന കവിത വായിച്ചു. സമകാലിക സ്പന്ദനം കൃത്യമായി ആവാഹിക്കപ്പെട്ട എഴുത്ത്. മനുഷ്യമനസ്സിന്റെ വൈകാരിക സന്നിവേശങ്ങൾ അതിന്‍റെ അതിരുകൾക്കുള്ളിൽ ഭദ്രമാക്കി ഘടിപ്പിച്ച രചന, വായനസുഖത്തിന്റെ ലഹരി ഒട്ടും ചോരാതെ കവിതയിൽ നിലനിർത്തി. ഒറ്റവായനയിൽ അവിഹിതത്തിനായി വേവുന്ന രണ്ടു മനസ്സുകളായി തോന്നും. മതിലെന്ന അതിർവരമ്പിൽ തളക്കപ്പെട്ടവർ. എന്നാൽ, കവിതയെ ആഴത്തിൽ സമീപിച്ചാൽ നമ്മുടെ ചിന്തകളിലും പ്രവർത്തനപഥങ്ങളിലും മതിലുകൾ സൃഷ്ടിക്കുന്ന വിലങ്ങുകളുടെ മുൾമുനകളിലേക്ക് എഴുത്തുകാരി സൂചികകൾ സ്ഥാപിക്കുന്നു. കവിതയിൽ രതിയുടെ സാന്നിധ്യം വ്യക്തമാക്കിയത് അനിവാര്യ വികാരങ്ങളുടെ പ്രതീകാത്മകമായി തോന്നി. തന്നെയുമല്ല അത് കവിതയെ ആകർഷണീയമാക്കി. അത് കവയിത്രിയുടെ രചനാവൈഭവം തന്നെ.
‘‘എന്‍റെ പരിസരങ്ങൾ ചപ്പുചവറുകളാൽ നിറഞ്ഞു, എന്റെ മേൽക്കൂരകളിൽ എണ്ണമറ്റ പഴുതാരകളും പല്ലികളും ഇഴഞ്ഞു. ചില അവയവങ്ങൾക്ക് ചിതലുകൾ മതിപ്പുവിലയിട്ടു.’’
അസ്വസ്ഥതകളുടെ തീവ്രമായ അക്ഷരങ്ങളാണ് ഇവ. കൂടാതെ മറ്റുള്ളവരുടെ വൈകാരികതകളെ മനസ്സിലാക്കാനും സ്വീകരിക്കാനും വെമ്പുന്ന മാനസിക ശ്രേഷ്ഠതയും ഈ കവിതയിൽ നമുക്ക് കാണാം.
അജയൻ കടനാട് (തിരക്കഥാകൃത്ത്)
