Begin typing your search above and press return to search.

എഴുത്തുകുത്ത്

letters
cancel

മുഹമ്മദ്‌ അബ്ദുറഹിമാന്‍റെ അസാധാരണ ജീവിതത്തെ തുറന്നുകാട്ടിയ എഴുത്ത്

അസാധ്യമെന്ന് കരുതുന്നത് സാധ്യമാക്കിയ അസാധാരണ ജീവിതമാണ്, പ്രേംചന്ദ് തന്‍റെ കോഴിക്കോടന്‍ അനുഭവമെന്ന അനുസ്മരണത്തിലൂടെ കോറിയിട്ടത് (ലക്കം 1441). അനര്‍ഗളമായി നിര്‍ഗളിക്കുന്ന വര്‍ഷകാലത്തെ നിളാനദിപോലെ അതെന്‍റെ മനസ്സില്‍ പൂക്കളും മൊട്ടും തളിരും നിറച്ചു. മനോഹരമായ ഒരു എം.ടി കഥപോലെയാണ് പ്രേംചന്ദ് കുറിച്ചിട്ട മുഹമ്മദ്‌ അബ്ദുറഹിമാന്‍റെ ജീവിത കഥ. അതാണ് പ്രേംചന്ദിന്‍റെ പ്രതിഭാവിലാസം. മരുഭൂമിയില്‍ മലര്‍ വിരിയിക്കുന്ന ഭാഷാശൈലിയും ശിൽപഭദ്രതയും ദര്‍ശനഗരിമയും തെളിയുന്ന ഈ എഴുത്തിന്‍റെ മുന്നില്‍ ഞാൻ നമ്രശിരസ്കനാകുന്നു. ഇതിലൂടെ ഞാനിന്നുവരെ അറിയാത്ത മുഹമ്മദ് അബ്ദുറഹിമാന്‍ എന്‍റെ മനസ്സില്‍ കൂടുകൂട്ടി.

അമ്പലമുറ്റത്തെ കറുകനാമ്പുപോലെ അതെന്‍റെ ഹൃദയം വേവിച്ച് പൊള്ളുന്ന കണ്ണീരായി അടര്‍ന്നു വീണു. അരനൂറ്റാണ്ടിന്‍റെ കലാ-സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ മേഖലയിൽ വ്യക്തിമുദ്ര ചാർത്തിയ എല്ലാവരെയും ഇതിൽ നിരത്താൻ പ്രേംചന്ദിന് കഴിഞ്ഞിരിക്കുന്നു. അസാധാരണമായ ആർജവവും വാക്പ്രയോഗ ചാരുതയുംകൊണ്ട് അറിയാത്തതും അറിയേണ്ടതുമായ കാര്യങ്ങൾ ഇതിൽ നിറച്ചിരിക്കുന്നു. അമൂല്യമെന്ന് തോന്നുന്ന വാരികകൾ സൂക്ഷിച്ചുവെക്കുന്ന ഒരു ഷെൽഫുണ്ടെനിക്ക്. അതിലേക്ക് ഈ ലക്കം മാധ്യമം ആദരവോടെ എടുത്തുവെക്കുന്നു.

സണ്ണി ജോസഫ്‌, മാള

‘ഓർമകളുടെ മ്യൂസിയം’–അനുഭവങ്ങളെ കേന്ദ്രീകരിച്ചു മുന്നേറുന്ന ആഖ്യാനങ്ങൾ

ഓർമയുടെ നിറങ്ങളും ഗന്ധങ്ങളും വാക്കുകളായി രൂപപ്പെടുന്നവയാണ് സ്വന്തം അനുഭവങ്ങളെ കേന്ദ്രീകരിച്ചു മുന്നേറുന്ന ആഖ്യാനങ്ങളിൽ പലതും. അത്തരത്തിലുള്ളവയിലൊന്നാണ് സ്വന്തം ജീവിതത്തിലെ സന്ദർഭങ്ങളെയും ചരിത്രത്തെയും അവതരിപ്പിക്കുന്ന ഗബ്രിയേല വീനറുടെ ‘UNDISCOVERED’ എന്ന നോവൽ. ഈ രചന എങ്ങനെയൊക്കെയാണ് സമകാലിക ജീവിതാവസ്ഥകളെ ആവിഷ്കരിക്കുന്നതെന്ന് വീക്ഷിക്കുകയാണ് ‘ഓർമകളുടെ മ്യൂസിയം’ (ലക്കം 1441) എന്ന ലേഖനത്തിലൂടെ രാഹുൽ രാധാകൃഷ്ണൻ.

വടക്കൻ പെറുവിൽ നിലനിന്ന മോച്ചെ സംസ്കൃതിയിലെ ജീവിതരീതി ശ്രദ്ധ നേടിയത് കളിമണ്ണ്, ലോഹം, തുണിത്തരങ്ങൾ എന്നിവ ഉപയോഗിച്ചുള്ള കരകൗശല പ്രവർത്തനങ്ങളിലൂടെയാണ്. പെറുവിനെയും ബൊളീവിയയെയും കുറിച്ച് പഠനങ്ങൾ തയാറാക്കിയ നരവംശ ശാസ്ത്രജ്ഞനായ ചാൾസ് വീനറിന്റെ കണ്ടെത്തലുകളും നിഗമനങ്ങളും ആശയങ്ങളും ഉൾപ്പെടുത്തിയ പ്രദർശനം കാണാൻ പോകുന്ന ആഖ്യാതാവിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. മോച്ചെ സംസ്കൃതിയുടെ ഭാഗമായ മാനുഷിക ബിംബങ്ങളെയും രൂപങ്ങളെയും ആ പ്രദർശനത്തിൽ ഗബ്രിയേലക്ക് കാണാൻ കഴിയുന്നു. നരവംശ ശാസ്ത്ര മ്യൂസിയത്തിലെ പ്രതിമകളെയും ബിംബങ്ങളെയും ഗബ്രിയേലയുമായി താരതമ്യം ചെയ്ത് കളിയാക്കുക അവളുടെ കൂട്ടുകാരുടെ വിനോദമായിരുന്നു.

പലതരം പരിഹാസങ്ങൾക്കും അവഹേളനങ്ങൾക്കും വിധേയയായ അവളെ അകാരണമായ അപകർഷതാബോധവും ശല്യം ചെയ്തിരുന്നു. സഹോദരിയും അമ്മയും താനുമടങ്ങുന്ന തങ്ങളുടെ കുടുംബത്തെ കൂടാതെ മറ്റൊരു ബന്ധം അച്ഛനുണ്ടെന്നും മുപ്പതിലേറെ വർഷങ്ങളായി തുടരുന്ന ആ ബന്ധത്തിൽ അച്ഛനു മറ്റൊരു മകൾ ജനിച്ചിരുന്നുവെന്നുമുള്ള വസ്തുത ഏറെ വൈകി ഗബ്രിയേല തിരിച്ചറിയുന്നു. അച്ഛന്റെ രണ്ടാമത്തെ കുടുംബത്തെക്കുറിച്ചുള്ള വിവരം ജീവിതത്തെ സംബന്ധിച്ച ചില കാഴ്ചപ്പാടുകളിലേക്ക് അവളെ നയിക്കുന്നു. അർബുദം ബാധിച്ച് മരിച്ച അച്ഛന്റെ ഫോണും കണ്ണടയും സ്പർശിക്കാൻ ആഖ്യാതാവ് വൈമുഖ്യം പ്രകടിപ്പിക്കുന്നുണ്ട്. അച്ഛന്റെ വിരലടയാളങ്ങൾ മായാതിരിക്കാൻ വേണ്ടിയുള്ള കരുതൽ കൂടിയായി ഇതിനെ കണക്കാക്കാമെന്ന് രാഹുൽ പറയുന്നു. അച്ഛന്റെ സ്വകാര്യത ലംഘിക്കുന്നത് അനുയോജ്യമായ തീരുമാനമാണോ എന്നവൾ സംശയിക്കുകയും ചെയ്യുന്നു.

അധിനിവേശം, കുടിയേറ്റം, ക്ലേശകരമായ മാനുഷിക ബന്ധങ്ങൾ, സങ്കീർണമായ ലൈംഗിക വ്യവഹാരങ്ങൾ എന്നീ ഘടകങ്ങളുടെ അസ്തിവാരത്തിൽ നിർമിച്ച ആഖ്യായികയാണ് ‘Undiscovered’ എന്ന് ലേഖനത്തിന്റെ അവസാന ഭാഗത്തിൽ രാഹുൽ രാധാകൃഷ്ണൻ പറയുന്നു. വെളുപ്പ്/കറുപ്പ് എന്നതിൽ അധിഷ്ഠിതമായ അധിനിവേശ സംവിധാനത്തിൽ വെളുപ്പിന് ലഭിക്കുന്ന മുൻകൈയെപ്പറ്റി ഗബ്രിയേല ആലോചിക്കുന്നുണ്ട്. വെളുത്ത നിറമുള്ള ദൈവത്തെക്കുറിച്ചും വെളുത്ത അച്ഛനെക്കുറിച്ചും അവൾ പറയുന്നു. അവളുടെ നോട്ടത്തിൽ അധിനിവേശകരുടെ നിറവും വെളുത്തതാണ്.

മറ്റൊരർഥത്തിൽ പറഞ്ഞാൽ ചരിത്രം വെളുത്തതും പുരുഷനുമാണെന്നാണ് ആഖ്യാതാവിന്റെ വീക്ഷണം. സ്കൂളിലെ കുട്ടികൾ ‘കറുത്തവളെ’ എന്ന് ഗബ്രിയേലയെ വിളിച്ചിരുന്നു. ആഴത്തിലുള്ള അപമാനമായി ആ വിളി കേട്ട അവൾ കറുത്ത വർഗക്കാരനല്ലാത്ത അച്ഛന്റെ കൈപിടിച്ചു കൊണ്ടായിരുന്നു അഭയം തേടിയത്. ചുരുക്കത്തിൽ, വർണവിവേചനത്തിന്റെ ഇരയായി അവൾ മാറി. ഒരു ഫ്രീലാൻസ് പത്രപ്രവർത്തകയായ, സ്പെയിനിൽ ജീവിക്കുന്ന ഗബ്രിയേലക്ക് ഒരു മകളും രണ്ടു പങ്കാളികളുമാണുള്ളത്. ഭർത്താവിനെ കൂടാതെ പുസ്തകശാലയിൽ ജോലിചെയ്യുന്ന റോസിയോ എന്ന ഒരു പെൺകുട്ടിയുമായും ഗബ്രിയേല ലൈംഗികബന്ധം പുലർത്തുന്നു. ഒരേ വീട്ടിൽ താമസിച്ച് അവർ ഗബ്രിയേലയുടെ കൗമാരക്കാരിയായ മകളെ വളർത്തുകയും ചെയ്യുന്നു. റോസിയോയുടെ വെളുത്ത നിറമുള്ള ശരീരത്തോടുള്ള ഗബ്രിയേലയുടെ ആസക്തിക്കു പിന്നിൽ വംശീയമായ കാരണങ്ങൾ നിലയുറപ്പിച്ചതോടെ ശരീര വ്യവഹാരങ്ങൾ സങ്കീർണമാകുന്നു. ഗബ്രിയേല വീനറുടെ UNDISCOVERED എന്ന നോവലിനെ വായനക്കാരുടെ മനസ്സിൽ പ്രതിഷ്ഠിക്കുന്നതിന് രാഹുൽ രാധാകൃഷ്ണന്റെ ‘നിശ്ശബ്ദതാരാവലി’ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

മുരളീ മനോഹർ എം.എസ്, പൗഡിക്കോണം

പുതുതലമുറക്കും സുപരിചിതൻ ആർട്ടിസ്റ്റ് സുജാതൻ

നാടകങ്ങൾ കണ്ടു തുടങ്ങിയ കാലം മുതൽ ഉത്സവ പറമ്പുകൾ ഉൾപ്പെടെ പ്രഫഷനൽ നാടകങ്ങൾ അരങ്ങേറുന്ന വേദികളിൽ നിന്നെല്ലാം സ്ഥിരമായി മുഴങ്ങി കേൾക്കുന്ന ഒരു തൊഴിലും പേരുമാണ് ‘രംഗപടം’ ആർട്ടിസ്റ്റ് സുജാതൻ. കഴിഞ്ഞ കാലത്തെയോ ഇക്കാലത്തെയോ നാടക പ്രേമികൾ മാത്രമല്ല പുതുതലമുറയും ആർട്ടിസ്റ്റ് സുജാതനെ എത്രമാത്രം അറിയുന്നുവെന്നതിന്റെ നേർസാക്ഷ്യമായി ബസിലെ യാത്രാനുഭവം. പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണിന്റെ റിങ് ട്യൂൺ കേട്ടപ്പോൾ ‘അടുത്ത ബെല്ലിന് നാടകം ആരംഭിക്കുമെന്ന്’ ഒരു കോളജ് വിദ്യാർഥിയും അതു കേട്ട മറ്റൊരു വിദ്യാർഥി ‘രംഗപടം’ ആർട്ടിസ്റ്റ് സുജാതൻ എന്ന് പ്രതികരിച്ചതും ആ വലിയ കലാകാരനു കിട്ടിയ ഏതൊരു ബഹുമതിയേക്കാളും വലിയ അംഗീകാരം തന്നെയാണ്.

വി.എം. വിനോദ് ലാലുമായി സുജാതൻ മനസ്സു തുറന്നപ്പോൾ മലയാള പ്രഫഷനൽ നാടക ചരിത്രംതന്നെ അനാവരണം ചെയ്യ​െപ്പടുകയായിരുന്നു. അതിൽ നമുക്ക് പരിചയമുള്ളതും അല്ലാത്തതുമായ നിരവധി പ്രഫഷനൽ നാടക ട്രൂപ്പുകളും അഭിനേതാക്കളും നാടകകൃത്തുക്കളും സംവിധായകരും ഗാനരചയിതാക്കളും സംഗീത സംവിധായകരുമെല്ലാം കടന്നുവരുന്നുണ്ട്. അങ്ങനെ സുദീർഘമായ സംഭാഷണത്തിലൂടെ ഇന്നു വരെയുള്ള മലയാള നാടക ലോകം തന്നെ വായനക്കാരുടെ മുന്നിൽ തുറക്കുന്നു. നടക്കാത്ത ആഗ്രഹങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് നൽകുന്ന മറുപടി ഏറെ ചിന്തനീയം. ജാതിയുടെയും മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരിൽ തമ്മിൽ തല്ലി മരിക്കാതെ മനുഷ്യർ സ്നേഹത്തോടെ കഴിയുന്ന ഒരു ലോകമാണ് നടക്കാനൊട്ടും സാധ്യതയില്ലാത്ത ഒരാഗ്രഹമായി അദ്ദേഹം മനസ്സിൽ കാണുന്നത്. അതെ, അങ്ങനെ ഒരു ലോകമായിരിക്കണം നമ്മൾ ഓരോരുത്തരും ആഗ്രഹിക്കേണ്ടത്.

ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ

നിരൂപക സാഹിത്യത്തിലെ വാക്കിന്‍റെ വൻകര

മാധ്യമം ആഴ്ചപ്പതിപ്പിൽ ഡോ. പി.കെ. രാജശേഖരനുമായി എം.എൻ. സുഹൈബ് നടത്തിയ അഭിമുഖം (ലക്കം 1440) വായിച്ചു. സുകുമാർ അഴീക്കോട്, എം.എൻ. വിജയൻ, കെ.പി. അപ്പൻ, എം. കൃഷ്ണൻ നായർ തുടങ്ങിയ നിരൂപക സാഹിത്യത്തിലെ പൂർവസൂരികളുടെ പാതയിൽ വേറിട്ട ചിന്തകളുമായി മുൻപന്തിയിലുണ്ട് പി.കെ. രാജശേഖരനടക്കമുള്ള നിരൂപകർ. ഒരു പുസ്തകം വായിപ്പിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യം നിരൂപകനില്ല എന്ന പറച്ചിൽ നിരൂപണത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളെ മാറ്റുക കൂടിയാണ്. പുതിയ അറിവുകളോടെ വായന കൂടുതൽ മെച്ചപ്പെടുത്താൻ ഈ അഭിമുഖം കാരണമാകും എന്നതിൽ സംശയമില്ല.

ഫൈസൽ ടി.പി, അഞ്ചച്ചവിടി

ആലാപന വിശുദ്ധികൊണ്ട് വേറിട്ടുനിന്ന വാണി ജയറാം

‘മലയാള ചലച്ചിത്രഗാന ചരിത്രം’ എന്ന ശ്രീകുമാരൻ തമ്പിയുടെ പരമ്പരയിൽ (ലക്കം 1440) 1974ൽ പുറത്തിറങ്ങിയ ‘ആയിരം ജന്മങ്ങൾ’ എന്ന ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച് എഴുതിയത് വായിച്ചു. വാണി ജയറാം പാടിയ ‘‘മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ...’’ എന്ന ഏറ്റവും ജനപ്രീതി നേടിയ ഗാനം ആലാപനത്തിന്‍റെ വിശുദ്ധികൊണ്ട് വേറിട്ടുനിൽക്കുന്നുവെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞത് എത്രയോ ശരിയാണ്. വാണി ജയറാമിന്‍റെ അതീവ ഹൃദ്യമായ ഈ ഗാനം വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ല. ‘‘തിരുവോണപ്പുലരി തൻ തിരുമുൽക്കാഴ്ച വാങ്ങാൻ’’, ‘‘ആഷാഢമാസം ആത്മാവിൻ മോഹം’’, ‘‘കുങ്കുമപ്പൊട്ടിലൂറും കവിതേ’’, ‘‘തിരയും തീരവും ചുംബിച്ചുറങ്ങി’’ എന്നീ ഗാനങ്ങളോടൊപ്പം ചേർത്തുവെക്കേണ്ട ഗാനമാണിത്.

‘ദീർഘസുമംഗലി’ എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കാണല്ലോ ‘ആയിരം ജന്മങ്ങൾ’. മലയാളം കൂടാതെ, തെലുഗുവിൽ ‘ദീർഘസുമംഗലി’ (1974), കന്നടയിൽ ‘ഭാഗ്യവന്തരു’ (1977), ഹിന്ദിയിൽ ‘സദാ സുഹാഗൻ’ (1986) എന്നീ പേരുകളിൽ റീമേക്ക് ചെയ്തിട്ടുണ്ട്.

‘ദീർഘസുമംഗലി’യിൽ വാണി ജയറാം പാടിയ ‘‘മല്ലിഗൈ എൻ മന്നൻ മയങ്കും/ പൊന്നാന മലർ അല്ലവോ/ എന്നേരവും ഉൻ ആശൈ പോൽ/ പെൺ പാവൈ നാൻ പൂ ചൂടി കൊള്ളവോ’’ എന്ന ഗാനം സൂപ്പർ ഹിറ്റായി. എം.എസ്. വിശ്വനാഥന്‍റെ സംഗീത സംവിധാനത്തിൽ വാണി ജയറാം ആദ്യമായി പാടിയ പാട്ടാണിത്. എം.എസ്. വിശ്വനാഥന്‍റെ ഈണത്തിലുള്ള ‘‘മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ’’ എന്ന ഗാനവും പാടാൻ വാണി ജയറാമിനായിരുന്നു നിയോഗം.ഒരു രാത്രിയിൽ, ഭർത്താവിന്‍റെ പിണക്കം മാറ്റാൻ ഭാര്യ പാടുന്നതാണ് ഗാനം. ‘ദീർഘസുമംഗലി’യിൽ മുത്തുരാമനും കെ.ആർ. വിജയയുമാണ് ഗാനരംഗത്ത്. ‘ആയിരം ജന്മങ്ങളിൽ’ പ്രേംനസീറും കെ.ആർ. വിജയയും. ഭർത്താവിന് മുല്ലപ്പൂക്കൾ ദൗർബല്യമായതിനാൽ ഭാര്യ മുല്ലമാല ചൂടി വന്നാണ് ഗാനമാലപിക്കുന്നത്. ഭർത്താവിന്‍റെ തലയിലൂടെ മുല്ലപ്പൂക്കൾ വാരിവിതറുന്നുമുണ്ട്. ‘‘മുല്ലമാല ചൂടിവന്ന വെള്ളിമേഘമേ/ ഇന്നു നിന്‍റെ പൂർണചന്ദ്രൻ പിണങ്ങി നിന്നല്ലോ’’ -പി. ഭാസ്കരന്‍റെ ഈ വരികൾ ഗാനസന്ദർഭത്തോട് നീതിപുലർത്തി. ഹിന്ദി പതിപ്പായ ‘സദാ സുഹാഗൻ’ എന്ന ചിത്രത്തിൽ ജിതേന്ദ്രയും രേഖയുമാണ് ഭർത്താവും ഭാര്യയും. പിണക്കം മാറുന്നത് ‘‘യഹ് ഗുസ്സാ കബ് ഉതരേഗാ...’’ എന്ന യുഗ്മഗാനത്തിലൂടെയാണെന്ന് മാത്രം. പാടിയത് മുഹമ്മദ് അസീസും ആശാ ഭോസ് ലെയും ചേർന്ന്.

ഇ.ജി. വസന്തൻ, മതിലകം

അനശ്വര പ്രണയം പങ്കിടുന്ന കവിത

സമകാലിക സാഹചര്യങ്ങളോട് നന്നായി ഇണങ്ങുന്ന കവിതയായി തോന്നി ജയശ്രീ പള്ളിക്കലിന്‍റെ (ലക്കം 1439) ‘പലമതിൽ ദൂരം’. പ്രണയത്തിന്‍റെ ഉന്മാദത്തിൽ അലിഞ്ഞുചേർന്ന കമിതാക്കളെ പറ്റി, വൈകാരികതയുടെ സാഹചര്യത്തിലും അവഗണിച്ച് അടിച്ചമർത്തലുകളെ ഒരു ദ്വാരത്തിലൂടെ പ്രണയമെന്ന ലഹരിയെ പങ്കിടുകയാണ് ഇരുവരും. പ്രിയതമനെ ഭാവിയിൽ തന്‍റെ പക്ഷത്തേക്ക് കൊണ്ടുവരുമെന്ന ആത്മവിശ്വാസത്തിൽ അടങ്ങാത്ത ആഗ്രഹങ്ങളാലും, തളരാത്ത സ്നേഹത്താലും അനശ്വരമായ പ്രണയത്താലും ആത്മാഭിമാനം കൊള്ളുകയാണ് പ്രിയതമ. കവിതയുടെ രണ്ടാമൂഴത്തിൽ ഭ്രാന്തിന്‍റെ നിർവചനവും ഇരുവരുടെ പ്രതീക്ഷകളും ഹൃദയസ്പർശിയാണ്. പ്രയാസങ്ങളിലും അടിച്ചമർത്തലുകളിലും വിട്ടുകൊടുക്കാത്ത സ്നേഹത്തെ ഇവിടെ സങ്കൽപിക്കാം.

അൻഷിഫ് കോട്ടക്കൽ

Show More expand_more
News Summary - Letters