എഴുത്തുകുത്ത്

മരണാനന്തരം വയലാർ ഗാനങ്ങൾ
1975 ഒക്ടോബർ 27ന് വയലാർ രാമവർമ മൺമറഞ്ഞതിനുശേഷവും അദ്ദേഹമെഴുതിയ പല ഗാനങ്ങളും ഒട്ടനവധി മലയാള സിനിമകളിലൂടെ പല സംവിധായകരും ഉൾപ്പെടുത്തുകയുണ്ടായി. മാസങ്ങളും പല കാരണങ്ങൾകൊണ്ട് ചിലപ്പോൾ വർഷങ്ങളും എടുത്ത് പൂർത്തിയായ ചിത്രങ്ങൾ മലയാള സിനിമയുടെ സുവർണ കാലഘട്ടമായ 1970കളിൽ ധാരാളമുണ്ടായിട്ടുണ്ട്. ശ്രീകുമാരൻ തമ്പി ഈ വിഷയത്തിൽ തന്റെ ‘സംഗീതയാത്രകൾ’ പരമ്പരയിലൂടെ പ്രതിപാദിച്ചു പോകുമ്പോൾ ആശങ്കപ്പെടുന്നത് കാണുന്നു (ലക്കം 1442). പ്രത്യേകിച്ച് ജി. ദേവരാജനും വയലാറും ഒന്നിച്ച ഗാനങ്ങളെക്കുറിച്ച് പറയുമ്പോൾ അവയുടെ പലതിന്റെയും കൈയെഴുത്ത് പ്രതികൾ സംഗീതസംവിധായകർ സൂക്ഷിച്ചിരിക്കാം! അനുകൂലമായ അവസരം വന്നപ്പോൾ അത് ഉപയോഗിച്ചിരിക്കാം!, അത് തനിക്ക് ജി. ദേവരാജനോട് ചോദിക്കാൻ പറ്റിയിട്ടില്ല!, ഈ അറിവ് സത്യമാണോ എന്ന് നിശ്ചയമില്ല! എന്നൊക്കെ അദ്ദേഹം പറഞ്ഞുപോകുന്നു. എന്താണ് ഇതിലിത്ര അത്ഭുതപ്പെടാൻ?
വയലാറിനെയും ദേവരാജനെയും ‘ചതുരംഗ’ത്തിലൂടെ ആദ്യമായി സിനിമയിൽ അവതരിപ്പിച്ച ജെ.ഡി. തോട്ടാൻ എന്ന സംവിധായകന്റെ ‘നുരയും പതയും’ എന്ന സിനിമപോലും വയലാർ മരിച്ച് ഒന്നര വർഷമാകുമ്പോഴാണ് റിലീസ് ആയത്. അതിലും ഈ കൂട്ടുകെട്ടിന്റെ പാട്ടുണ്ട്. പി.എ. ബക്കറിന്റെ ‘പ്രേമലേഖനം’ വരുന്നതാകട്ടെ 1985ൽ!
‘‘താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടിൽ...’’ എന്ന ഗാനം മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. വയലാർ മരിച്ചിട്ട് നീണ്ട കാലയളവിനുശേഷം അദ്ദേഹത്തിന്റെ ‘‘സുഭഗേ സുഭഗേ’’ എന്ന് തുടങ്ങുന്ന വരികൾ ദേവരാജൻ മാഷിന്റെ സംഗീതത്തിൽ യേശുദാസിന്റെ ശബ്ദത്തിൽ സിനിമാഗാനമായി വരുന്നത് 1991-92 കാലഘട്ടത്തിൽ ‘എന്റെ പൊന്നുതമ്പുരാനി’ലൂടെയാണ്. ‘ധ്വനി’ അടക്കമുള്ള സിനിമകളിലൂടെ മികച്ച ഗാനങ്ങൾ അവതരിപ്പിച്ച സംഗീതബോധമുള്ള സംവിധായകനായിരുന്ന എ.ടി. അബുവിന്റെ പ്രത്യേക താൽപര്യമാണ് ആ ഗാനവും ഒപ്പം വയലാറിന്റെ മകൻ ശരത്ചന്ദ്രന് പ്രസ്തുത സിനിമയിലെ മറ്റു ഗാനങ്ങൾ എഴുതാനും അവസരവും കൊടുത്തത്. ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. ദേവരാജൻ മാസ്റ്റർ മാത്രമല്ല അർജുനൻ മാസ്റ്റർ, ശങ്കർ ഗണേഷ്, വി. ദക്ഷിണാമൂർത്തി അടക്കമുള്ളവരും വയലാറിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയ സംഗീതസംവിധായകരാണ്. ശശികുമാർ സംവിധാനംചെയ്ത ‘സന്ധ്യാവന്ദന’ത്തിലെ (1983) എൽ.പി.ആർ. വർമ ചിട്ടപ്പെടുത്തിയ ‘‘സ്വർണ ചൂഡാമണി ചാർത്തി’’, ‘‘സന്ധ്യാവന്ദനം...’’ എന്നിവയെല്ലാം ആകാശവാണിയിൽ ഇന്നും ശ്രോതാക്കൾ നിരന്തരം ആവശ്യപ്പെടുന്ന പാട്ടുകളാണ്.
കെ.പി. മുഹമ്മദ് ഷെരീഫ്, കാപ്പ്, പെരിന്തൽമണ്ണ
ലേഖനത്തിന് രണ്ട് തിരുത്ത്
മാധ്യമം ആഴ്ചപ്പതിപ്പിൽ ‘അബ്ദുറഹിമാന്റെ 60 പ്രഹേളികാവർഷങ്ങൾ’ എന്ന അനുസ്മരണം (ലക്കം 1441) വായിക്കാനിടയായി. േലഖനത്തിൽ പറഞ്ഞിരിക്കുന്ന മുല്ലവീട്ടിൽ അബ്ദുറഹിമാൻ സാഹിബിന്റെ മൂന്നാമത്തെ മകൻ പരേതനായ ഹംസയുടെ (ബാപ്പുട്ടി) മകനാണ് ഞാൻ. വളരെ മനോഹരമായി വിശദീകരിച്ച ലേഖനത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതിനോടൊപ്പം ഒരു പിഴവ് ചൂണ്ടിക്കാണിക്കാനും ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പേര് ‘എം. അബ്ദുറഹിമാൻ സാഹിബ്’ അഥവാ ‘മുല്ലവീട്ടിൽ അബ്ദുറഹിമാൻ സാഹിബ്’ എന്നാണ്. ആഴ്ചപ്പതിപ്പിന്റെ ആദ്യ പേജുൾെപ്പടെ ഏഴിലധികം ഇടങ്ങളിൽ ഈ പേര് തെറ്റി ‘മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്’ എന്നാണു പരാമർശിച്ചിട്ടുള്ളത്.
ഒരാളുടെ ഏറ്റവും പ്രധാനപ്പെട്ട ഐഡന്റിറ്റി അയാളുടെ പേര് ആകയാൽ ഇത്തരമൊരു തെറ്റ് വന്നതിൽ വിഷമം രേഖപ്പെടുത്തുന്നു. കൂടാതെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് എന്ന പേരിൽ ഇദ്ദേഹത്തിന് മുമ്പ് ജീവിച്ചു മരിച്ച പ്രശസ്തനായ ഒരു സ്വാതന്ത്ര്യ സമര സേനാനി നമുക്ക് ഉള്ള സാഹചര്യത്തിൽ, ലേഖനം വായിക്കുന്നവർക്ക് തെറ്റിദ്ധാരണ നേരിടാനും സാധ്യതയുണ്ട്. സാഹിബിന്റെ മൂത്തമകനായ മൊയ്തീൻ മുല്ലവീട്ടിൽ, ‘ബാവക്ക’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ലേഖനത്തിൽ അത് ബാവുക്ക എന്നാണ് കാണുന്നത്. വളരെ ചെറിയ ഒരു അക്ഷരപ്പിശകാണെന്നേ ഉള്ളൂ അത്. നല്ല രീതിയിൽ ഗവേഷണം നടത്തി എഴുതിയിട്ടുള്ള ഈ ലേഖനം തീർച്ചയായും വരുംകാലത്തേക്കുള്ള ഒരു മുതൽക്കൂട്ടാണ്. ഒരിക്കൽകൂടി ആശംസകൾ നേരുന്നു.
ഡോ. റമീസ് റഹ്മാൻ മുല്ലവീട്ടിൽ (അസി. പ്രഫസർ, കൊച്ചിൻ കോളജ്, കൊച്ചി)
സത്യസന്ധനായ കമ്യൂണിസ്റ്റുകാരൻ
മാധ്യമം ആഴ്ചപ്പതിപ്പിൽ തുടർച്ചയായി വന്ന ജി. സുധാകരൻ-വി.എം. ഇബ്രാഹീം സംഭാഷണം ഒരർഥത്തിൽ സത്യത്തിലേക്കുള്ള നടപ്പാതയാണ്. ബംഗാളിലെയും ത്രിപുരയിലെയും ദുരന്തം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടാകാതിരിക്കാനുള്ള മാർഗനിർദേശങ്ങളാണ് സുധാകരൻ ആത്മാർഥമായി പറയുന്നത്. നിർഭാഗ്യവശാൽ പിണറായിക്കുശേഷം കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി തകർന്ന് തരിപ്പണമാകണം എന്ന നിർബന്ധബുദ്ധി പിണറായിയുടെ ഭരണത്തിൽ തെളിഞ്ഞുകാണാം. വി.എസിന്റെ വഴിയേ പോകാൻ ആഗ്രഹിക്കുന്ന ഏക വ്യക്തി സുധാകരൻ മാത്രമാണ്. കോൺഗ്രസിലെ സുധീരനും സുധാകരനും ഒരേ തൂവൽപക്ഷികളാണ്.
62 വർഷത്തെ പാർട്ടി ജീവിതം പൂർത്തിയാക്കിയ സുധാകരൻ തലമുറയുടെ മാറ്റം ആഗ്രഹിക്കാൻ തയാറാകാത്തത് പിണറായി വിജയന്റെയും പാർശ്വവർത്തികളുടെയും കുറ്റമായി കാണാൻ കഴിയില്ല. 1960ൽ തന്നെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുകയും ആ തത്ത്വസംഹിതകളിൽ ആകൃഷ്ടനാകുകയും ചെയ്ത സുധാകരന് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽനിന്ന് വ്യതിചലിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ സുധാകരനെപ്പോലുള്ള നീതിബോധമുള്ള യഥാർഥ കമ്യൂണിസ്റ്റുകാരന് സ്വസ്ഥം ഗൃഹഭരണമാണ് ഉത്തമം. കാരണം, പിണറായിയുടെ നേതൃത്വം തെറ്റുകളിൽനിന്ന് തെറ്റുകളിലേക്ക് കൂപ്പുകുത്തുകയാണ്. ഏത് ചെകുത്താനെ കൂട്ടുപിടിച്ചും അധികാരം നിലനിർത്തുക, മരുമകന്റെ രാഷ്ട്രീയ ജീവിതം സുരക്ഷിതമാക്കുക എന്നതിലപ്പുറം നിലവിലെ നേതാവിന് മറ്റൊരു ലക്ഷ്യവും ഇല്ല.
സർ സി.പിയുടെ പുതിയ അവതാരമാണ് പിണറായി വിജയനും മോദിയും. ഇവരെ തിരുത്തുക അസാധ്യമാണ്. തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ, തോപ്പിൽ കൃഷ്ണപിള്ള, കെ.പി.എ.സി സുലോചന, പുതുശ്ശേരി രാമചന്ദ്രൻ എന്നിവരുടെ നാട്ടിൽ ജനിച്ച് വളർന്ന ജി. സുധാകരൻ, കേരളത്തിൽ അവശേഷിക്കുന്ന കൈവിരലിൽ എണ്ണാവുന്ന യഥാർഥ കമ്യൂണിസ്റ്റുകാരിൽ ഒരാളാണെന്നത് നാടിന് അഭിമാനമാണ്.
ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി
ന്യൂനപക്ഷങ്ങളുടെ നിലനിൽപിനെ ചോദ്യം ചെയ്യുന്ന നിയമങ്ങൾ
മതന്യൂനപക്ഷങ്ങളെയും പ്രത്യേകിച്ച് മുസ്ലിംകളെയും പ്രാന്തവത്കരിക്കപ്പെട്ട സമുദായങ്ങളെയും ഉന്മൂലനം ചെയ്യുക എന്നതിൽ മാത്രമാണ് കേന്ദ്രസർക്കാർ മുഴുവൻ ശ്രദ്ധയും ഊന്നലും നൽകുന്നത്. രാജ്യനിവാസികൾ അനുഭവിക്കുന്ന ജീവൽപ്രശ്നങ്ങളുടെ പരിഹാരം സർക്കാറിന്റെ അജണ്ടയിൽ ഒരിക്കലും സ്ഥാനം പിടിക്കാറില്ല. ഇക്കാലയളവിൽ കേന്ദ്രസർക്കാർ പാസാക്കിയ പ്രധാന നിയമങ്ങളെല്ലാം മുസ്ലിംകളുടെ നിലനിൽപിനെ ചോദ്യംചെയ്യുന്നതും അവരുടെ സ്വൈരജീവിതത്തെ തടസ്സപ്പെടുത്തുന്നതുമാണെന്ന് വളരെ വ്യക്തമാണ്. തങ്ങളുടെ ദേശക്കൂറും ആത്മാർഥതയും നിരന്തരം തെളിയിച്ചുകൊണ്ടിരിക്കേണ്ട ഗതികേടിലാണ് മുസ്ലിം സമുദായം.
വിവാദമായ വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയുടെയും (എസ്.ഐ.ആർ) ഉന്നം മറ്റൊന്നല്ല. സർക്കാറിന്റെ കഴിവുകേട് മറച്ചുവെക്കാൻ അനാവശ്യമായ വിവാദവിഷയങ്ങൾ ചുട്ടെടുത്ത് ലൈവ് ആയി നിലനിർത്തുകയും ജനങ്ങളുടെ പ്രതികരണശേഷിയെ മരവിപ്പിക്കുകയും ചെയ്യുന്നതിൽ ഫാഷിസത്തിന്റെ മിടുക്ക് അസൂയാർഹമാണ്. ഇതിനെതിരെ സംഘടിതവും ശക്തവുമായ പ്രതിരോധം ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. ഈ സവിശേഷ സാഹചര്യത്തിലാണ് കേരള നിയമസഭയുടെ പ്രമേയം പ്രസക്തമാകുന്നത്. നിയമസഭ പ്രമേയത്തെ പ്രമേയമാക്കി തയാറാക്കിയ ‘തുടക്കം’ (ലക്കം 1441) പ്രശ്നത്തിന്റെ മർമം അടയാളപ്പെടുത്തുന്നതാണ്.
അബൂറമീസ് ചേന്ദമംഗലൂർ
അനുകരണത്തിനുമപ്പുറം നിറഞ്ഞുനിന്ന വാർഷികപ്പതിപ്പ്
ഇപ്രാവശ്യവും മാധ്യമം വാർഷികപ്പതിപ്പ് വാങ്ങി. ഇതിൽ പറയുന്നപോലെ ഇത് ചരിത്രപതിപ്പ് തന്നെ. മനോരമ, മാതൃഭൂമി, ജന്മഭൂമി തുടങ്ങിയവയുടെയും വാർഷികപ്പതിപ്പ് വാങ്ങാറുണ്ട്. ചരിത്രപതിപ്പിനെ വർത്തമാനകാലത്തേക്ക് കാണിച്ചുകൊടുക്കൽ അത്ര നിസ്സാരമല്ല. ഇതിനുപിന്നിൽ കഠിനപ്രയത്നംതന്നെ നടത്തിയിട്ടുണ്ടെന്നത് വ്യക്തമാണ്.
ഇവിടത്തെ പഴയ ചരിത്രം, പല രീതിയിലാണ് പറയുന്നത് എന്നതിനാൽ വായിക്കുന്നവർ ഏത് ശരി എന്ന് സംശയിക്കുന്നു. മൺമറഞ്ഞ പ്രതിഭാശാലികളുടെ (എം.ടി. വാസുദേവൻ നായർ, കെ.ടി. മുഹമ്മദ്, ടി. ദാമോദരൻ, തിക്കോടിയൻ ഉൾപ്പെടെ), വലിയ എഴുത്തുകാരുടെ പംക്തിയും ഉണ്ടല്ലോ. എന്നാൽ, ചരിത്രകാരൻമാർ ഭൂരിപക്ഷവും സവർണർ ആയതിനാൽ പലപ്പോഴും അവരുടെ തെറ്റായ ചരിത്രമാണ് ആളുകൾ ശരി എന്ന് കരുതി വായിക്കുന്നത്. കാലം കാത്തുവെച്ച കാവ്യനീതി (ദീദി), മറവിയുടെ വഴിയമ്പലം (പ്രേംചന്ദ്) തുടങ്ങിയ രചനകളെല്ലാം ശ്രദ്ധേയം. പ്രത്യേകിച്ച് രവി മേനോന്റെ ‘ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾ’ പംക്തി. കവിതകൾ സച്ചിദാനന്ദൻ, അക്ബർ, പ്രദീപ് രാമനാട്ടുകര, കെ.ആർ. ടോണി എന്നിവരുടേത് ഉയർന്ന നിലവാരം പുലർത്തി.
ആർ. ദിലീപ്, ശ്രീവിഹാർ, മുതുകുളം
ജീവിതയാത്ര പറയുന്ന ‘വെന്തിങ്ങ’
മാധ്യമം ആഴ്ചപ്പതിപ്പിൽ സജിൻ പി.ജെ എഴുതിയ ‘വെന്തിങ്ങ’ എന്ന കവിത (ലക്കം 1442) വായിക്കാനിടയായി. കവി തന്റെ കവിതയിലൂടെ നമ്മളോട് പങ്കുവെക്കുന്നത് നമ്മളോരോരുത്തരുടെയും ജീവിതയാത്രയും അതിൽ നമ്മൾ കടന്നുപോകുന്ന സന്ദർഭങ്ങളെയും സാഹചര്യങ്ങളെയും കുറിച്ചാണ്. നമ്മുടെ ജീവിതത്തെ ഒരു കാറിൽ നമ്മൾ സഞ്ചരിക്കുന്നപോലെയും യാത്ര ചെയ്യുന്നതിനെ ജീവിതയാത്രയായുമാണ് കവി സങ്കൽപിക്കുന്നത്. നമ്മൾ കടന്നുപോകുന്നതും കണ്ടതുമായ സാഹചര്യങ്ങളെയും ഉയർച്ചയായും താഴ്ചയായും കവി വിവരിക്കുന്നു. കവി നമ്മൾ ആദ്യമായി ഒരു വെന്തിങ്ങയുടെ അടുത്തുകൂടെയാണെന്ന് പറയുന്നു. അതുപോലെത്തന്നെ കവി തന്റെ കവിതയിലൂടെ നമ്മോട് കൂടെ സഞ്ചരിച്ചവരാരും നമ്മോട് കൂടെ എത്തില്ല എന്നും അവർ നമ്മൾ ആദ്യമായി സഞ്ചരിച്ച വെന്തിങ്ങയുടെ അടുത്തു മാത്രമേ എത്താനാവൂ എന്നും പറയുന്നു. കവി പറയുന്നത് ഇങ്ങനെ, ‘‘നമ്മെ തേടി വരുന്നവർക്കു വെന്തിങ്ങയോളം മാത്രമേ എത്താനാവൂ.’’
ശമീം ചളവറ
ലവ് ഈസ് ബ്ലൈൻഡ്
ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച, ജെനി ആൻഡ്രൂസ് രചിച്ച ‘ചിലപ്പോൾ ഒരു പൂവിനെ’ എന്ന കവിത (ലക്കം 1441) പ്രത്യേക പ്രശംസ അർഹിക്കുന്നു. ചില ജീവിതം അങ്ങനെയാണ്. അന്ധകാരത്തിൽനിന്നും പ്രശസ്തമല്ലാത്ത പ്രണയലാളിത്യം ലഭിച്ചാൽ പിന്നെ മന്ദഹാസ പൂന്തോപ്പിലേക്ക് എത്തും. അതെ, പ്രണയം അതൊരു ഹലാക്കാണ്. ഏതിനെയും നന്മയിലേക്കും തിന്മയിലേക്കും നയിക്കാൻ കെൽപുള്ള എന്തോ ഒന്ന്.
‘‘നിയമാവലികൾ ഞാൻ പഠിക്കുന്നില്ല/ ഹൃദയം അവനിൽ ചേർന്നാൽ/ നിയമാവലി താനെ ഉരുവാകും/
നിയമങ്ങൾ പാലിക്കപ്പെടും.’’ ശരിയാണ്, ഹൃദയം തമ്മിൽ ചേർന്നാൽ പരസ്പരം നിയമാവലി താനേ ഉരുവാകും. ഒരാളും നിയമങ്ങൾ പഠിക്കാതെ തന്നെ നിയമങ്ങൾ പാലിക്കപ്പെടും. തണ്ടുകളിലൂടെ ഉയർന്ന വേരുകളിലേക്ക് എത്തിയ സ്നേഹത്തെ പിഴുതെറിയാൻ കഷ്ടമാണ്. ഇത്തരം ജീവിതതലങ്ങളെയാണ് കവിത കൈയൊപ്പ് ചാർത്തേണ്ടത്.
റിസ്വാൻ, മംഗലം ഡാം
