Begin typing your search above and press return to search.

എഴുത്തുകുത്ത്

letters
cancel

അത്​ വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ​ം

തിരുവനന്തപുരത്ത് നടന്ന സിനിമ കോൺക്ലേവിന്‍റെ രണ്ടാം ദിവസത്തെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഞാൻ നടത്തിയ പ്രസംഗത്തിൽ എന്തോ വിവാദപ്രസ്​താവന നടത്തിയെന്ന മുഖവുരയോടെയുള്ള പുഷ്പവതിയുടെ അഭിമുഖം കണ്ടു. യഥാർഥത്തിൽ നടന്ന കാര്യം പറയട്ടെ. ഞാൻ പ്രവർത്തിക്കുന്ന ഒരു കർമരംഗത്തെപ്പറ്റി എന്‍റെ അറിവും അനുഭവവും മുൻനിർത്തിയാണ് ഞാൻ സംസാരിച്ചത്. സ്വാഭാവികമായും മലയാള സിനിമയുടെ മൊത്തത്തിലുള്ള അവസ്​ഥയെക്കുറിച്ചായി അത്. നമ്മുടെ സിനിമയിൽ അഭിനയമൊഴിച്ച് മറ്റൊരു വകുപ്പിലും വനിതകളുടെയോ പിന്നാക്ക വിഭാഗക്കാരുടെയോ സാന്നിധ്യം വേണ്ട രീതിയിലില്ല എന്ന ശോച്യാവസ്ഥക്ക് പരിഹാരം കാണുകയെന്ന ഉദാത്തമായ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച നിർമാണ സഹായ പദ്ധതിയെ സ്വാഗതം ചെയ്തുകൊണ്ടും കുറവുകൾ പരിഹരിച്ച് കൂടുതൽ ഫലപ്രദമാക്കാനുള്ള നിർദേശങ്ങൾ നൽകിയും ഞാൻ വേദി പങ്കിടുകയായിരുന്നു. എന്തെങ്കിലും വിവാദപ്രസ്​താവനയാണ് എന്‍റെ പക്ഷത്തുനിന്ന് ഉണ്ടായതെന്ന് ആരെങ്കിലും കരുതുമെന്ന് തുടർന്നുണ്ടായ ആരോപണാപവാദകോലാഹലങ്ങൾ ഉയരുന്നതുവരെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

മറിച്ച്, ഞാൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അതുവരെ നിശ്ശബ്ദമായിരുന്ന സദസ്സിൽ എവിടെയോനിന്ന് ആരോ അത്യാപത്തിൽപെട്ടു വിളിക്കുന്നതുപോലുള്ള ഒരു കരച്ചിൽ പൊങ്ങിക്കേട്ടു. എനിക്ക് വേദിയിൽനിന്ന് കാണാൻ കഴിയാത്ത മറവിലായിരുന്നു ശബ്ദത്തിന്‍റെ ഉറവിടം. സംഗതിയെന്തെന്നറിയാതെ ഞാൻ സംസാരം നിർത്തി ശ്രദ്ധിക്കുമ്പോൾ നിലവിളി കൂടുതൽ ഉച്ചത്തിലും അവ്യക്തതയിലും തുടർന്നുകേട്ടു. എന്തോ അപകടം നടന്നിട്ടുണ്ടെന്ന സംശയത്തിൽ വിളിച്ചു ചോദിച്ചു. അവർക്ക് മൈക്ക് കൊടുത്തിരിക്കയാണോ. അങ്ങനെയാണെങ്കിൽ എന്‍റെ ഭാഷണം നിർത്താമെന്ന ചിന്തയിലാണ് അത് ചോദിച്ചത്. ഉടൻ സദസ്സിൽനിന്ന് പലർ ഒരുമിച്ച് വിളിച്ചുപറഞ്ഞു, ഇല്ല, സാറ് സംസാരിക്കൂ.

എന്‍റെ സംസാരം തടസ്സപ്പെടുത്താനുള്ള ശ്രമത്തെ പ്രേക്ഷകർ ഇടപെട്ട് തടയുകയായിരുന്നുവെന്ന് പിന്നീടാണ് ഞാനറിയുന്നത്. പ്രധാനമായും രണ്ട് നിർദേശങ്ങളാണ് ഞാൻ മുന്നോട്ടുവെച്ചത്. ഒന്ന്, ഇപ്പോൾ ഒരുവക നിബന്ധനകളുമില്ലാതെ ഓരോ വകുപ്പിലും രണ്ടു പേർക്കുവീതമാണ് സഹായധനം നൽകിക്കൊണ്ടിരിക്കുന്നത്. മുൻ പരിചയമൊന്നുമില്ലാതെ ആദ്യമായി പടമെടുക്കുന്നവർക്ക് ഒന്നരക്കോടി വീതം നൽകുന്നത് ധാരാളിത്തമാണ്. ഇത് അഴിമതിക്ക് വഴി നൽകും. രണ്ട്, ഈ തുകയിൽനിന്ന് മൂന്നുപേർക്ക് അമ്പത് ലക്ഷം വീതം നൽകിയാൽ അത്രയും കൂടുതൽ നവാഗതർക്ക് രംഗത്തെത്താൻ കഴിയും. അമ്പത് ലക്ഷം രൂപ ആദ്യ ചിത്രമെടുക്കുന്ന ഒരാൾക്ക് ഒട്ടും കുറവല്ല. 60 കൊല്ലത്തെ എന്‍റെ സിനിമാജീവിതത്തിൽ ഒരിക്കൽ മാത്രമാണ് എന്‍റെ ബജറ്റ് അമ്പതു ലക്ഷത്തിന് മുകളിലേക്ക് പോയത്. താരങ്ങളെ പങ്കെടുപ്പിച്ചതു തന്നെയാണ് മുഖ്യ കാരണം. എന്‍റെ സുഹൃത്ത് ഗിരീഷ് കാസറവള്ളി സാക്ഷ്യപ്പെടുത്തിയത് അമ്പത് ലക്ഷത്തിൽ താഴെയാണ് തന്‍റെ ഇന്നോളമുള്ള സിനിമകളുടെ ബജറ്റ് എന്നാണ്. കമേഴ്സ്യൽ സിനിമ നിർമിക്കാൻ ഒരു സർക്കാറും പൊതുമുതൽ ചെലവഴിക്കുമെന്ന് തോന്നുന്നില്ല.

സിനിമ സ്വന്തം തൊഴിലിടമാക്കാനാഗ്രഹിക്കുന്ന ഒരു വ്യക്തി ആദ്യമായി ചെയ്യേണ്ടത് അതിന്‍റെ ഭാഷയും വ്യാകരണവും അടിസ്​ഥാനതലത്തിലെങ്കിലും പഠിക്കുകയാണ്. വിദഗ്ധർക്ക് ശിഷ്യപ്പെട്ട് ഏറെ നാളത്തെ ശ്രമംചെയ്തോ അക്കാദമികമായ സിനിമ പരിശീലനം നേടിയോ ആണ് ഇത് സാധ്യമാക്കേണ്ടത്. ഇവിടെ പകരമായുള്ള എന്‍റെ നിർദേശം കർശനമായ മാനദണ്ഡങ്ങൾ ഉപയോഗിച്ചുതന്നെ അപേക്ഷകരിൽനിന്ന് തെരഞ്ഞെടുപ്പു നടത്തി, തുടർന്ന് കുറഞ്ഞത് മൂന്നുമാസത്തെ താത്ത്വികവും പ്രായോഗികവുമായ വിദഗ്ധ പരിശീലനം നൽകി കൃത്യമായി ഒരുക്കിവേണം സഹായധനം നൽകാനെന്നാണ്.

പരിശീലനകാര്യം സൂചിപ്പിച്ചതാണ് ഏറെ പ്രതിഷേധങ്ങൾക്കും നീചാരോപണങ്ങൾക്കും ഞാനൊരു ഗർവിഷ്ഠനായ ഫ്യൂഡലിസ്റ്റാണെന്ന കണ്ടുപിടിത്തത്തിനും വഴിവെച്ചതെന്ന് തോന്നുന്നു. എന്‍റെ ഉദ്ദേശ്യശുദ്ധിപോലും ഇപ്പോൾ ചോദ്യംചെയ്യപ്പെട്ടിരിക്കയാണ്. ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും മികച്ച പരിശീലനം ലഭ്യമാക്കുന്ന രണ്ട് ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നാണ് കൽക്കത്തയിലുള്ളത്. അവിടെനിന്ന് മൂന്നു വർഷത്തെ ബിരുദാനന്തരപഠനം പൂർത്തിയാക്കിയ ക്രിസ്റ്റോ ടോമി എട്ടു വർഷമെടുത്തു തന്‍റെ ആദ്യചിത്രമായ ‘ഉള്ളൊഴുക്ക്’ നിർമിക്കാൻ. ആദ്യ ചിത്രമെടുക്കാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഗ്രാജ്വേറ്റായ എനിക്ക് ഏഴു വർഷം വേണ്ടിവന്നു. മറ്റ് പലർക്കും നീണ്ട വർഷങ്ങൾക്കു ശേഷവും ചലച്ചിത്രരചന ഒരു സ്വപ്നമായി ശേഷിച്ചിട്ടുള്ള അവസ്​ഥയാണ്. ഈ സത്യങ്ങളെപ്പറ്റി യൊന്നും പ്രാഥമിക ധാരണപോലും ഇല്ലാത്തവരാണ്, ഹ്രസ്വകാല പരിശീലനം നിർബന്ധമാക്കണമെന്ന എന്‍റെ നിർദേശം തങ്ങളുടെ കഴിവുകളെ ലഘൂകരിച്ചു കാണിക്കാനായി മനഃപൂർവം ചെയ്യുന്ന വിേദ്രാഹവൃത്തിയെന്നാരാപിച്ച് ഭർത്സനം നടത്തുന്നത്.

മറ്റേതു നാട്ടിലായാലും, രണ്ടുകൈയും നീട്ടി ആവേശപൂർവം സ്വീകരിക്കുമായിരുന്ന ഒരനുഗ്രഹത്തെ ഇവിടെ, അജ്ഞതയുടെ മറപിടിച്ച് ധിക്കാരപൂർവം നിഷ്കാസനം ചെയ്യുന്നു. സർക്കാറിന്‍റെ സദുദ്ദേശ്യം ഫലപൂർത്തിയിലെത്തണമെങ്കിൽ സഹായധനത്തിന്‍റെ സ്വീകർത്താക്കൾ തങ്ങൾ ഉത്സാഹപൂർവം നേടുന്ന അറിവും അനുശീലനവും ഉൾക്കരുത്താക്കി ഈ രംഗത്ത് തുടർന്നും പ്രവർത്തിക്കാൻ പ്രാപ്തരാണെന്ന് തെളിയിക്കേണ്ടതുണ്ട്. ആ ഉത്തരവാദിത്തത്തിൽനിന്ന് മാറി പകരം ഹീനമായ വ്യക്തിഹത്യയിലേർപ്പെടുന്നത് ഏതോ വിരുദ്ധശക്തികളുടെ സ്വാധീനത്തിലാണെന്ന സംശയം ചിന്തിക്കുന്നവരിൽ പടർന്നുകൊണ്ടിരിക്കുകയാണ്. തങ്ങൾ വളം​െവച്ച് വളർത്തുന്നത് വെറുപ്പിന്‍റെ രാഷ്ട്രീയമാണെന്നും അത് സമൂഹത്തിൽ അന്തശ്ഛിദ്രം പടർത്താനും വിനാശത്തിലേക്ക് വഴിതുറക്കാനും മാത്രമേ ഉപകരിക്കൂവെന്നും തിരിച്ചറിയാൻ താമസമരുത്.


Show More expand_more
News Summary - Letters-adoor gopalakrishnan