(അ/ആ) പ്രിയ സുഹൃത്തിന് ഒരു കത്ത്...

അകാലത്തിൽ വിടപറഞ്ഞ കവി സുഹൃത്ത് എ.സി. ശ്രീഹരിക്ക് എഴുത്തുകാരൻ വി.എച്ച്. നിഷാദ് എഴുതുന്ന ഒരു കത്ത്. (അ) പ്രിയ സുഹൃത്തേ, 2006 ഡിസംബര്‍ ആറിന്, അതോ അഞ്ചോ? ഏറിയാല്‍ എഴിന് പയ്യന്നൂരുനിന്ന് ചെന്നൈയിലെ ‘ഇന്ത്യടുഡേ’ ഓഫിസിലേക്ക് താങ്കള്‍ അയച്ച ഒരു കത്തിന് 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുന്ന് മറുപടി എഴുതുകയാണ് ഞാന്‍. ആദ്യംതന്നെ ഈ അഭിസംബോധന താങ്കളുടെതന്നെ ശൈലിയില്‍ ചെറുതായി മാറ്റട്ടേ. (അ)പ്രിയ സുഹൃത്തേ... അല്ല സോറി, (ആ) പ്രിയ സുഹൃത്തേ... രണ്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് താങ്കള്‍ എഴുതിയ ഒരു കത്തും ‘വായനാ വികൃതി’ എന്ന പുസ്തകവും എന്റെ മുന്നില്‍ നിങ്ങളുടെ ‘ഭയോഡാറ്റ’ പോലെ ഇപ്പോഴും ഇരിക്കുന്നുണ്ട്. അന്ന് ‘ഇന്ത്യ ടുഡേ’യില്‍...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അകാലത്തിൽ വിടപറഞ്ഞ കവി സുഹൃത്ത് എ.സി. ശ്രീഹരിക്ക് എഴുത്തുകാരൻ വി.എച്ച്. നിഷാദ് എഴുതുന്ന ഒരു കത്ത്.
(അ) പ്രിയ സുഹൃത്തേ,
2006 ഡിസംബര്‍ ആറിന്, അതോ അഞ്ചോ? ഏറിയാല്‍ എഴിന് പയ്യന്നൂരുനിന്ന് ചെന്നൈയിലെ ‘ഇന്ത്യടുഡേ’ ഓഫിസിലേക്ക് താങ്കള്‍ അയച്ച ഒരു കത്തിന് 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുന്ന് മറുപടി എഴുതുകയാണ് ഞാന്‍. ആദ്യംതന്നെ ഈ അഭിസംബോധന താങ്കളുടെതന്നെ ശൈലിയില്‍ ചെറുതായി മാറ്റട്ടേ. (അ)പ്രിയ സുഹൃത്തേ... അല്ല സോറി, (ആ) പ്രിയ സുഹൃത്തേ...
രണ്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് താങ്കള്‍ എഴുതിയ ഒരു കത്തും ‘വായനാ വികൃതി’ എന്ന പുസ്തകവും എന്റെ മുന്നില്‍ നിങ്ങളുടെ ‘ഭയോഡാറ്റ’ പോലെ ഇപ്പോഴും ഇരിക്കുന്നുണ്ട്. അന്ന് ‘ഇന്ത്യ ടുഡേ’യില്‍ സബ് എഡിറ്ററായിരുന്ന എനിക്ക് ‘ATTENTION: V H NISHAD, ITM’ എന്ന തലക്കെട്ടോടുകൂടി അയച്ച കടലാസ് ഇന്നു വീണ്ടും വായിക്കുമ്പോള്‍ ഇ.പി. രാജഗോപാലന്‍ മാഷ് ഒരിക്കല്‍ നിങ്ങളുടെ കവിതകളെ പറ്റി പറഞ്ഞതുതന്നെ വീണ്ടും ആവര്‍ത്തിക്കാന്‍ തോന്നുന്നു: പൂർണമായും bookish!
ഓര്‍ക്കുന്നുണ്ടോ, മലയാളികള്‍ക്കിടയില്‍ മാഞ്ഞുപോകുന്ന കത്തെഴുത്തു ശീലത്തെ പറ്റി ‘ഇന്ത്യ ടുഡേ’യില്‍ ഒരു ഫീച്ചര്‍ തയാറാക്കുന്നതിന്റെ ഭാഗമായി ഞാന്‍ വിളിച്ചത്. അതിനു പ്രതികരണമായി/മറുപടിയായി എഴുതിയ ഒരു കത്തായിരുന്നു അത്. ആ കത്തു വീണ്ടും വായിക്കവെ, തൊണ്ണൂറുകളുടെ അവസാനം എ.സി. ശ്രീഹരി എന്ന കവിയെ ആദ്യം അച്ചടിമഷിയില്‍ മുഖാമുഖം കണ്ട നിമിഷങ്ങള്‍ ഓര്‍ക്കുന്നു.
‘ഉണ്ടേയിന്ത്യന്‍ തപാലെന്‍ പ്രിയ സഖിയിനി നീ ഈ പോസ്റ്റ് ചെയ്യൂ ഹൃദന്തം...’ എന്ന് സ്വകാര്യവത്കരിക്കുന്ന തപാല്‍ വകുപ്പിന് സമസ്യാപൂരണം ആക്കിയവന്‍ നീ (ഭാഷാപോഷിണിയില്‍ എന്നോർമ).
അക്കാലത്തൊരിക്കല്‍, ‘മകളേ/പ്രണയം വാന്‍ഗോഗിന്റെ മുറിച്ചുനീട്ടിയ ചെവിയല്ല/ ടൈസണ്‍ കടിച്ചു തുപ്പിയ ചോരച്ചെവിയാണ്/ പ്രണയം...’ എന്ന് നിങ്ങള്‍ എഴുതിയപ്പോഴാണ് ആരാണ് ഈ കവി എ.സി. ശ്രീഹരി എന്ന് അത്ഭുതംകൊണ്ടത്. അടുത്ത കവി സുഹൃത്ത് അബ്ദുല്‍സലാം തന്നെ ആയിരിക്കണം ആദ്യം നിങ്ങളെ എന്റെ ശ്രദ്ധയിലേക്ക് വലിച്ചിട്ടത്. എന്നും അവന്‍ അങ്ങനെതന്നെ ആയിരുന്നല്ലോ.
നിങ്ങളെ ഒരിക്കലും ഞാന്‍ ‘മാഷേ...’ എന്നോ ‘സാര്‍...’ എന്നോ വിളിച്ചിട്ടില്ല. തുടക്കകാലം മുതല്‍ ‘സുഹൃത്തേ...’ എന്നോ ‘സഹോ’ എന്നോ മാത്രമേ പരസ്പര അഭിവാദ്യങ്ങളില്‍ നമ്മള്‍ പ്രയോഗിച്ചിട്ടുള്ളൂ. പിന്നീട് അത് ‘ബ്രോ...’യായും ‘ഏയ്...’ ആയും പരിണമിച്ചു. സംഭാഷണത്തിലും ആശയവിനിമയത്തിലും ഇന്നത്തെ ജെന്‍സിയെക്കാള്‍ ജെന്‍സിയായിരുന്നു കാലങ്ങള്‍ക്കു മുമ്പേ നിങ്ങള്‍. ഹോ, എന്തൊരു തിരക്കായിരുന്നു (hurry) എല്ലാത്തിലും നിങ്ങള്‍ക്ക്!
2006ലെ കത്തില്‍ ഒരുപാട് കത്തുവിശേഷങ്ങള്‍ ബ്രോ എഴുതി:
‘എസ്.എം.എസ്’ എന്നാല്‍ ‘സ്വന്തം മേഘ സന്ദേശം’ എന്ന് ഇ.പി. രാജഗോപാലന്‍ മാഷ് ഇതിനെ കാൽപനികവത്കരിക്കുന്നുണ്ട് ‘ഭാഷാപോഷിണി’യില്‍… മാധവന്‍ പുറച്ചേരിയുടെ ‘പെയിന്‍ കില്ലര്‍’ എന്ന പുതുസമാഹാരം ‘തപാല്‍പെട്ടി’യെ മുന്‍നിര്‍ത്തി ഗൃഹാതുരമാകുന്നു. പീപ്പീ രാമചന്ദ്രന്റെ ‘കത്തുകള്‍’ (കവിത) വായിച്ചിരുന്നില്ലേ? എം.എസ്. സചീന്ദ്രനും കത്തു-കവിതയെഴുതി.
‘An author's success can be estimated by the number of letters he receives from readers. It is the acid test’ എന്ന് പി.ജി. വുഡ്ഹൗസ് എഴുതിയത് ഉദ്ധരിച്ച കത്ത് –രാജഗോപാലന്‍ മാഷ് അയച്ചത്– ഞാനിപ്പോഴും സൂക്ഷിക്കുന്നത് അത് ചരിത്രരേഖപോലെ ആയതിനാലാണ് (dt. 8th March 1990).
A netizen's success can be estimated by the number of scraps s/he receives from the friends എന്ന് കെ.ജി. ബാലുവിന് ഇന്നലെ orkutല്‍ scrap ചെയ്തത് ഞാന്‍. നിഷാദ് തന്നെ കത്തിനെക്കുറിച്ച് വിവരമാരാഞ്ഞത് ഫോണിലൂടെയല്ലേ? എന്തൊരു വിരോധാഭാസം! ആഭാസ വിരോധം?
മാര്‍ച്ച് എട്ടിലെ കത്തില്‍ e-p തുടര്‍ന്നെഴുതുന്നു: ‘‘കത്തുകള്‍ കിട്ടുമ്പോഴാണ് തന്നെ സാമൂഹികാസ്തിത്വം അംഗീകരിക്കപ്പെടുന്നതെന്ന അർഥത്തില്‍ കുഞ്ഞുണ്ണി മാഷ് എങ്ങോ എഴുതിയിട്ടുണ്ട്. ഇക്കാരണത്താല്‍ ഇഷ്ടന് ഞായറാഴ്ചകളെ തീരെ പഥ്യദ്ധമല്ല.
ഇതേ വിഷയത്തെക്കുറിച്ച് മാര്‍കേസ് ‘No one writes to the Colonel’ എന്നൊരു നോവലെഴുതിയിട്ടുണ്ട്.’’
‘...അച്ഛനും അഫനുമൊക്കെ കേകയില്‍ കത്തെഴുതിയ കാലമുണ്ടായിരുന്നു. ഒരു നോവലുപോലെ അതിലും ബൃഹത്തായ ഒന്നായി സമാഹരിക്കാവുന്ന കത്തുകള്‍ ഞങ്ങളുടെ ചായ്പില്‍ ചാക്കില്‍ക്കെട്ടിയിരിപ്പുണ്ട്. സാമുവല്‍ റിച്ചാര്‍ഡ്‌സന്റെ ‘പമീല’ പോലെയൊന്നിന് സാധ്യതയുണ്ട്.’
ആട്ടെ, ഈ കത്ത് ഞാന്‍ പോസ്റ്റ് ചെയ്യണോ, ഫാക്‌സ് ചെയ്യണോ? എന്ന ചോദ്യവുമായാണ് ആ ശ്രീഹരിക്കത്ത് അവസാനിച്ചത്. ‘ശേഷം ഫോണില്‍’, എന്നും ‘കത്തുക വല്ലപ്പോഴും’ എന്നും കൂട്ടിച്ചേര്‍ത്തു. മാര്‍ജിനിലും ഉണ്ടായിരുന്നു കുറിപ്പുകള്‍: ‘കിട്ടിയ വിവരത്തിന്/വിവരക്കേടിനും മിസ്ഡ്‌കോള്‍ അയക്കുക’, ‘എതിര്‍ദിശ കാണാറുണ്ടോ? കഴിഞ്ഞ ലക്കം എന്റെ പതിപ്പാണ് (ഇ.പിയുടെ അഭിപ്രായം)’, ഡോ. ഇ.വി. രാമകൃഷ്ണന്റെ ഇംഗ്ലീഷ് കവിത a post-card poem കിടിലനാണ്’ എന്നൊക്കെ.
പ്രിയ സഹോ, 20 വര്‍ഷങ്ങള്‍ക്കിപ്പുറം കാലത്തിന്റെ കടത്തുതോണിയിലിരുന്ന് നിങ്ങളെ ഞാന്‍ തിരിഞ്ഞുനോക്കുന്നു. എന്തൊരു വികൃതിയായിരുന്നു നിങ്ങള്‍? അല്ല തകൃതിയായിരുന്നു നിങ്ങള്‍, അതുമല്ല എത്രമേല്‍ സുകൃതിയായിരുന്നു!
പ്രിയ സുഹൃത്തേ, പരിചയപ്പെട്ട നാള്‍ മുതല്‍ വാക്കുകള്‍കൊണ്ട് നിങ്ങള്‍ വാക്പയറ്റ് നടത്തി. ഏതു സംഭാഷണവും കുഞ്ചന്‍ നമ്പ്യാരുടെയോ വി.കെ.യെന്നിന്റെയോ നാവുകൊണ്ട് ഉടക്കി. സഞ്ജയനെ വാക്കുകള്‍ക്കിടയില്‍ തട്ടിയെടുത്തു കിടത്തി. സ്വന്തമായ ഒരു ശ്രീഹരി(hurry)ത്വം ഭാഷയില്‍ ഉണ്ടാക്കി, ഇടയിലെ ചേരി... അഥവാ ഇടച്ചേരി! ഭാഷയെ അതിന്റെ നാട്ടിടവഴികളില്‍നിന്ന് തട്ടിയെടുത്തു, ചിരി ചാലിച്ചു മറ്റൊരു പുതിയ വിഭവമാക്കി മാറ്റി. വാക്കുകളെയും സംഭാഷണങ്ങളെയും അരിഞ്ഞു ചേര്‍ക്കുന്നതില്‍ നിങ്ങളോളം വിദഗ്ധന്‍ ആരുണ്ടായിരുന്നു?
ഓര്‍ക്കുന്നു, ഏതു ഉത്സാഹത്തിനും സർഗാത്മക ഇടപാടുകള്‍ക്കും ഒപ്പം നില്‍ക്കുന്ന കൂട്ടുകാരനായിരുന്നു നിങ്ങള്‍. എന്നെക്കാള്‍ ആവേശത്തില്‍ ഓരോന്നും ബ്രോ ആഘോഷിച്ചു.
ചെന്നൈയിലെ പത്രപ്രവര്‍ത്തന കാലത്ത് അവിടെ സന്ദര്‍ശനത്തിന് എത്തിയ നിങ്ങളെ എസ്. സുന്ദര്‍ദാസ് മാഷും എഴുത്തുകാരായ ശ്യാം സുധാകറും വി.എം. ദേവദാസും അബ്ദുൽസലാമും എന്‍.ജി. നയനതാരയും സുരേഷ്ബാബു മാങ്ങാടും ഹരിയും രശ്മിയും ഷിയാസും (നടന്‍) കെ. മാലിനിയും ഞാനുമെല്ലാമുള്ള ‘മറീനാക്കൂട്ടം’ കൂട്ടായ്മ ഒപ്പമിരിക്കാന്‍ ക്ഷണിച്ചു.
അതൊരു ജോലി ദിനമായിരുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ വരവില്‍ പെട്ടെന്ന് ‘അവൈലബിള്‍ പോളിറ്റ്ബ്യൂറോ’ വിളിക്കേണ്ടിവന്നു. ചെന്നൈ മറീന ബീച്ചില്‍വെച്ച് കാണാനായിരുന്നു തീരുമാനമെങ്കിലും ഏതോ ചെറുകിട ഭൂകമ്പ മുന്നറിയിപ്പില്‍ ആ ഇടം പെട്ടെന്ന് മാറ്റി ചെന്നൈ രാധാകൃഷ്ണശാലയിലെ ‘ഇന്ത്യ ടുഡേ’ ഓഫീസിനു സമീപത്തുള്ള സിറ്റി സെന്ററില്‍ കൂടിക്കാഴ്ച െവച്ചു. സലാമും നയനയും ശ്യാമും ഞാനും മാത്രമേ എത്തിയുള്ളൂ. എങ്കിലും ഒരു കപ്പ് ചായക്കുമേലെ ആ സായാഹ്നം നാം ‘ടീ ടോക് വിത്ത് എ.സി. ശ്രീഹരി’ എന്നപേരില്‍ കുഞ്ഞുപ്രോഗ്രാമാക്കി. എന്തു സാധ്യതകളും അതിസാധ്യതകള്‍ ആക്കിയിരുന്നവരായിരുന്നല്ലോ അന്ന് ഞങ്ങള്‍ മറീനാ കൂട്ടുകാര്‍!
ജീവിതത്തിന്റെ അടുത്ത ഇന്നിങ്സിങ്ങില്‍ അധ്യാപക വേഷമിട്ട് ആദ്യം കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയിലും പിന്നീട് തളിപ്പറമ്പ് സർ സയ്യിദ് കോളജിലും എത്തിയ കാലത്താകണം നമ്മുടെ വിനിമയം മറ്റൊരുതലത്തില്‍ സജീവമാകുന്നത്. മലബാറില്‍ വിദ്യാഭ്യാസത്തിലൂടെ മുസ്‍ലിം പെണ്‍കുട്ടികള്‍ ആർജിച്ചെടുത്ത പുതിയ വിദ്യാഭ്യാസത്തെയും ആത്മാഭിമാനത്തെയും ധൈര്യത്തെയും ഈ വിധത്തില്‍ 2020 ജനുവരി 15നു ‘ഉമ്മച്ചിത്തെയ്യം’ എന്ന കവിതയാക്കി മാറ്റി വാട്‌സ്ആപ്പില്‍ അയച്ചതോര്‍ക്കുന്നുവോ, സഹോ?

വി.എച്ച്. നിഷാദ്, അജീഷ് ദാസൻ, എ.സി. ശ്രീഹരി, കെ.പി.എ. ഹസീന
ഉമ്മച്ചിത്തെയ്യം / എ.സി. ശ്രീഹരി
നെല്ലുകുത്തുന്നതിനിടയില്‍
കണ്ണൂരില്‍നിന്നും
ജാമിയമില്ലിയയിലേക്ക്
വണ്ടികേറിപ്പോയ
ഒരുമ്മച്ചിത്തെയ്യം
ഒരിക്കല്‍ ചരിത്രത്തിനു നേരെ ഒലക്കപോലത്തെ
തന്റെ ചൂണ്ടുവിരല്‍ നീട്ടി.
കോലോത്തെ കാര്യസ്ഥന്റെ
നടുവൊടിഞ്ഞു.
കാമ്പസ്സായ കാമ്പസ്സെല്ലാം
കോലത്ത്മ്മക്കോലം കെട്ടാന്‍ തുടങ്ങിയത്
അന്നുമുതലാണ്.
അങ്ങനെ മാപ്പിള തെയ്യത്തിനു കൂട്ടായി ഒരു മാപ്പിളച്ചി തെയ്യത്തെകൂടി നിങ്ങളുണ്ടാക്കി. കവിതയിലെ, മുസ്‍ലിം തെയ്യത്തിലെ യഥാർഥ ലിംഗസമത്വം!
കോവിഡുകാലത്തു നമ്മള്‍ മത്സരിച്ചു ഓണ്‍ലൈന്‍ വെബിനാറുകളില്‍ കയറിപ്പറ്റി. ഇടക്കെല്ലാം ‘ഏയ്..., പരമദുഷ്ടാ...ടെ വെബിനാര്‍ ഉണ്ടായിരുന്നോ? അതെന്തേ പറയായിനി?’ എന്ന് സ്‌നേഹ പരിഭവം പറഞ്ഞു എനിക്ക് മെസേജുകള്‍ അയച്ചു. അക്കാലത്തു ഓണ്‍ലൈനില്‍ പയ്യന്നൂര്‍ കോളജിലെ എന്‍.എസ്.എസ് യൂനിറ്റ് ‘ആശ്ശേഷം’ എന്ന പേരില്‍ ഒരു സൂം മീറ്റിങ് സംഘടിപ്പിച്ചപ്പോള്‍ അതിലേക്ക് ക്ഷണിച്ചുകൊണ്ട് ‘ഓണ്‍ലൈനില്‍ /കവിതകള്‍കൊണ്ട് /'ആശ്ലേഷി'ക്കുന്നു /സാമൂഹിക അകലം പാലിക്കാനായി /ലോക്ഡൗണില്‍ നാം /അകറ്റിനിര്‍ത്തിയ /മനസ്സുകള്‍’ എന്ന് വീരാന്‍കുട്ടി മാഷെ പാരഡിപ്പെടുത്തിയെഴുതി.
കോവിഡും നാലുവര്‍ഷ ബിരുദവും പുറത്തുവിട്ട വിദ്യാ-ആഭാസ ഭൂതങ്ങളെക്കുറിച്ചു നാം രണ്ടു പേരും പലപ്പോഴും അധ്യാപകരുടെ ആകുലതകള്‍ പങ്കുവെച്ചിരുന്നു. ഒരിക്കല്‍ കവിതാ ബാലകൃഷ്ണന്റെ ഫോണ്‍നമ്പര്‍ ചോദിച്ചെഴുതിയപ്പോള്‍ ‘കവിതാ ബാലകൃഷ്ണന്‍, ബാലകവിതാ കൃഷ്ണന്‍’, എന്നെഴുതി വെട്ടിയശേഷം ‘യുവ കവിതാ രാജേഷ്’ എന്ന് എഴുതിയ വികൃതിക്കൈയക്ഷരങ്ങളില്‍ നമ്പര്‍ പങ്കുവെച്ചു.
പ്രിയ സഹോ, ‘വാക്കുമർഥവും തമ്മിലിണചേര്‍ന്നിരിക്കവെ/ വാക്കിനെയമ്പെയ്തിട്ട വേടനീ ഞാനേ കവി /..മുപ്പതു വെള്ളിക്കാശു മോഹിച്ചു വാക്കിന്‍പൊരുള്‍/ പത്രമാസികയ്ക്കൊറ്റു കൊടുത്ത ഞാനേ കവി...’ എന്ന് സെല്‍ഫ് ട്രോളാന്‍ മലയാളത്തില്‍ നിങ്ങള്‍ക്കേ ആവുമായിരുന്നുള്ളൂ. ശരിക്കും മലയാള കവിതയിലെ A/C (Alternating Current / Air Conditioner) ശ്രീഹരി തന്നെയായിരുന്നു നിങ്ങള്‍.

2025 നവംബര്‍ 22ന് ഫേസ്ബുക്കില്‍ ‘പെന്‍ഷന്‍ പ്രായം’ എന്നെഴുതി ഒരു ഫോട്ടോ ചെയ്തില്ലേ? എത്രയെത്ര കമന്റുകളാണ് അതിനുകീഴില്‍ വന്നത്. 29 ആഴ്ചകള്‍ക്ക് ശേഷം ‘പെന്‍ഷന്‍ ബുക്’ എന്നൊരു കമന്റ് കൂടി ബ്രോ അതിനു താഴെയിട്ടു. ആ സമയം വിരലില്‍ എ.സി. ശ്രീഹരി വിളഞ്ഞതിനാല്‍ ‘ടെന്‍ഷന്‍ ലുക്ക്’ എന്ന് ഞാന്‍ മറുപടിയിട്ടു. ബ്രോ അതിനെഴുതിയ മറു കമന്റ് ഇപ്പോള്‍ ഒരിക്കല്‍കൂടി വായിക്കുമ്പോള്‍ വല്ലാത്തൊരു ഞെട്ടല്‍ എന്റെ ശരീരത്തെ വിറപ്പിക്കുന്നു: ‘Retiring is just practicing up to be dead. That doesn't take any practices’ എന്ന് Paul Havey യെ ഉദ്ധരിച്ച് എന്തിനാണ് നിങ്ങള്‍ അന്നെഴുതിയതെന്നോര്‍ത്ത്.
Lets hurry, slowly… എന്ന് ഇ-മെയിലുകള്‍ക്കൊടുവില്‍ ഇപ്പോഴും നിങ്ങളെഴുതി. നിങ്ങള്‍ ഇത്ര നേരത്തേ പോവണ്ടായിരുന്നു ബ്രോ, ദിനേശാ... എന്നേ പറയാനാകുന്നുള്ളൂ.
നിങ്ങളെ പോലെ ‘വായനാ വികൃതി’യായൊരു കൂട്ടുകാരനെ ജീവിതത്തില്‍ കിട്ടിയിട്ടില്ല. റിട്ടയര്‍മെന്റിനുശേഷം കൃഷി ചെയ്യാനായി ഒരുക്കിയിട്ട കൃഷിഭൂമിപോലെ കവിതയില്‍ നിങ്ങള്‍ ഉണ്ടാക്കിയെടുത്ത ‘ഇട-ച്ചേരി’യില്‍ ഇനിയാര് കൃഷിയിറക്കും? അവിടം ശൂന്യമാണ്, കൂട്ടുകാരാ..!
പ്രിയ സുഹൃത്തേ… ഈ കത്ത് എന്തുചെയ്യണം ഞാന്‍? e-മെയില്‍ ചെയ്യണോ? അതോ തപാലില്‍ അയക്കണോ? അതുമല്ലെങ്കില്‍ നാം പങ്കുവെച്ചിരുന്ന/ഒരു കൂട്ടം സുഹൃത്തുക്കളുമായി നിങ്ങള്‍ പങ്കിട്ടിരുന്ന ആ ഇടച്ചേരിയിലേക്ക് സങ്കടത്തോടെ പോസ്റ്റു ചെയ്യണോ?

