ഈഴവര്‍ ഹിന്ദുക്കളാണോ?

‘ഈഴവര്‍ ഹിന്ദുക്കളല്ല’ എന്ന പ്രഖ്യാപനത്തിലൂടെ പ്രശസ്തമായ, ഇ. മാധവന് രചിച്ച ‘സ്വതന്ത്ര സമുദായ’ത്തിന് 90 വയസ്സ്. ആ പശ്ചാത്തലത്തിൽ ആ കൃതിയെയും അന്നത്തെ സാമൂഹിക സാഹചര്യത്തെയും ഇന്നത്തെ അവസ്ഥകളെയും പരിശോധിക്കുകയാണ് ലേഖകൻ. പൊതുസമൂഹത്തില്‍ പുരോഗമനത്തിന്റെ ഉടുപ്പണിയുകയും സ്വകാര്യജീവിതത്തില്‍ ജാത്യാചാരങ്ങള്‍ കൃത്യമായി പാലിക്കുകയും അത് ബോധമായും അബോധമായും വ്യക്തി, സാംസ്കാരിക ശരീരത്തില്‍ ആക്രോശത്തോടെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘ഈഴവര്‍ ഹിന്ദുക്കളല്ല’ എന്ന പ്രഖ്യാപനത്തിലൂടെ പ്രശസ്തമായ, ഇ. മാധവന് രചിച്ച ‘സ്വതന്ത്ര സമുദായ’ത്തിന് 90 വയസ്സ്. ആ പശ്ചാത്തലത്തിൽ ആ കൃതിയെയും അന്നത്തെ സാമൂഹിക സാഹചര്യത്തെയും ഇന്നത്തെ അവസ്ഥകളെയും പരിശോധിക്കുകയാണ് ലേഖകൻ.
പൊതുസമൂഹത്തില്‍ പുരോഗമനത്തിന്റെ ഉടുപ്പണിയുകയും സ്വകാര്യജീവിതത്തില്‍ ജാത്യാചാരങ്ങള്‍ കൃത്യമായി പാലിക്കുകയും അത് ബോധമായും അബോധമായും വ്യക്തി, സാംസ്കാരിക ശരീരത്തില്‍ ആക്രോശത്തോടെ ആധിപത്യമുറപ്പിക്കുകയുംചെയ്യുന്ന സമകാലിക സന്ദര്‍ഭമാണിത്. ഈ ഘട്ടത്തില്‍ ഇ. മാധവന് എഴുതിയ ‘സ്വതന്ത്ര സമുദായം’ എന്ന കൃതി എന്തുകൊണ്ട് പുനര്‍വായിക്കണം എന്ന ചോദ്യം പ്രസക്തമാണ്. ബ്രാഹ്മണ്യം അതിന്റെ എല്ലാ ക്രൂരതയോടുംകൂടി ജാത്യാധിപത്യമായി കീഴാള സമൂഹങ്ങള്‍ക്കുമേല്‍ ആക്രമണം അഴിച്ചുവിട്ട കാലഘട്ടത്തിലാണ് (1934ല്‍) ഈ കൃതി പിറവികൊള്ളുന്നത്.
2025ല്‍ ഈ പുസ്തകം പുറത്തിറങ്ങിയിട്ട് തൊണ്ണൂറ് വയസ്സ് പൂര്‍ത്തിയായി തൊണ്ണൂറ്റി ഒന്നിലേക്ക് കടന്നു. അന്ന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ സര്‍ക്കാറുകള്‍ ഈ കൃതി നിരോധിച്ചു. വിപ്ലവാത്മക ചിന്തകള്‍ പുസ്തകത്തിലുണ്ടായിരുന്നു എന്നതായിരുന്നു കാരണം. നാരായണ ഗുരുവും അയ്യന്‍കാളിയും സമകാലികരായ മറ്റു നവോത്ഥാന നായകരും തുടക്കമിട്ട പുരോഗമന ശ്രമങ്ങളുടെ തുടര്‍ച്ചയിലാണ് മാധവനും സാമൂഹിക പ്രവര്‍ത്തനരംഗത്ത് സജീവമാകുന്നതും ഈ കൃതി പുറത്തുവരുന്നതും. മാധവനുംകൂടി സജീവമായിരുന്ന എസ്.എന്‍.ഡി.പി യോഗത്തെ ജാതി പ്രസ്ഥാനമാക്കാനും ഹിന്ദുത്വത്തിന്റെ വാലില്‍ കെട്ടാനും വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ‘ഈഴവര്‍ ഹിന്ദുക്കളല്ല’ എന്ന വാദം മുന്നോട്ടുവെച്ച മാധവന്റെ പുസ്തകവും നിരീക്ഷണങ്ങളും പ്രശസ്തമാകുന്നത്.
ജാതിവാലായും (ഇപ്പോള്‍ കുട്ടികളുടെ പേരിന് പിന്നിലും) സമഗ്രാധിപത്യമായും ജനാധിപത്യ സമൂഹത്തിനുമേല്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഈ കൃതി വീണ്ടും സമകാലികാവസ്ഥയില്‍ പുനര്വായിക്കേണ്ടി വരുന്നത്. നാരായണഗുരുവിന്റെ സവര്‍ണാധിപത്യ വിരുദ്ധനിലപാടുകളാണ് മാധവനെയും ആകര്‍ഷിച്ചത്. ഹിന്ദുമതത്തിനുള്ളിലെ ജാത്യാചാരങ്ങളെ ശക്തമായി എതിര്‍ത്ത മാധവന്റെ നിരീക്ഷണങ്ങള്‍ പുരോഗമനപരവും യുക്തിവാദപരവുമാണ്. മതത്തിനും ജാതിക്കുമെതിരായ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതോടെ ബ്രാഹ്മണിക്കല്‍ ബോധം പുലര്‍ത്തുന്നവര്‍ വിറളിപിടിക്കുകയും പുസ്തകം തിരുവിതാംകൂര്‍, മലബാര്‍, കൊച്ചി സര്‍ക്കാറുകള്‍ നിരോധിക്കുകയുംചെയ്തു.
‘ഈഴവര്‍ ഹിന്ദുക്കളല്ല’ എന്ന പ്രഖ്യാപനത്തിലൂടെ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ വലിയൊരു വിപ്ലവത്തിനാണ് മാധവന് തുടക്കമിട്ടത്. തീണ്ടലും തൊടീലും നിർമിച്ച സവര്‍ണത ഈഴവര്‍, പുലയര്‍, പറയര്, മറ്റു പിന്നാക്ക ജാതിക്കാര്‍ എന്നിവര്‍ക്കെല്ലാം ‘ഇത്രയടി’യെന്ന് വഴിയിലെ അകലം നിശ്ചയിച്ചപ്പോള്‍ ഇതിനെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പോരാട്ടങ്ങളാണ് നടത്തിയത്. ഇത്തരം ചരിത്രാനുഭവങ്ങളും അതിന്റെ പശ്ചാത്തലവും സവര്‍ണത സൃഷ്ടിച്ച സാംസ്കാരിക സമഗ്രാധിപത്യവും നിരന്തരം പഠനത്തിന് വിധേയമാക്കിയ ശേഷമാണ് ‘ഈഴവര്‍ ഹിന്ദുക്കളല്ല’ എന്ന പ്രഖ്യാപനം മാധവന് മുന്നോട്ടുവെച്ചത്. അതുകൊണ്ടുതന്നെ ജാതി ആധിപത്യങ്ങളെയും അവയുടെ സൗന്ദര്യനിർമിതികളെയുമെല്ലാം എതിര്‍ത്ത് പുതിയൊരു കാഴ്ചപ്പാട് മുന്നോട്ടുവെക്കാനാണ് മാധവന് ശ്രമിച്ചത്.

അന്ധവിശ്വാസങ്ങളെല്ലാം കുടഞ്ഞെറിയണമെന്ന് പറയുമ്പോഴും പാരമ്പര്യം തികട്ടിവരുമ്പോള്‍ പുരോഗമന കാഴ്ചപ്പാടില്‍നിന്നും കുതറിമാറുകയും ജാതി നിർമിതികളെ വാരിപ്പുണരുകയുംചെയ്യുന്ന ജാതിവാദികള്ക്കു നേരെ സൈദ്ധാന്തികമായും പ്രായോഗികമായും ആക്രമണം അഴിച്ചുവിടുകയായിരുന്നു അദ്ദേഹം.‘വര്‍ണവ്യവസ്ഥയും ജാതിയും’ എന്ന അധ്യായത്തില്‍ ഹിന്ദുമതം നിർമിച്ച ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് വിവരിക്കുന്നു. വര്‍ണാശ്രമധർമ സൗധം കെട്ടിപ്പടുത്തിരിക്കുന്നത് ഗുണകർമത്തിലല്ല. ജനനമാകുന്ന അസ്തിവാരത്തിന്മേലാണെന്ന് സ്ഥാപിക്കാന്‍ ഇതുപോലെ അനിഷേധ്യമായ ഒരു പരമാര്‍ഥിക ദൃഷ്ടാന്തം ഉണ്ടാകുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇത്രത്തോളം നിന്ദ്യമായും നിഷ്ഠുരമായും വര്‍ത്തിക്കുന്ന ഹിന്ദുമതത്തിലെ വര്ണവ്യവസ്ഥകളെയാണ് ഗാന്ധിയും കൂട്ടരും സര്‍വസിദ്ധി പ്രദായകമായി കൊണ്ടുനടക്കുന്നത് എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. വര്ണാശ്രമമില്ലാത്ത ജാതിയും ജാതിയില്ലാത്ത വര്ണാശ്രമധർമവുമില്ല എന്ന നിരീക്ഷണമൊക്കെ ജാതിക്കെതിരായ സമഗ്രമായ വീക്ഷണമാണ് മുന്നോട്ടുവെക്കുന്നത്.
സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ വൈകുണ്ഠ സ്വാമിയുടെയും നാരായണ ഗുരുവിന്റെയും അയ്യന്‍കാളിയുടെയും പൊയ്കയില്‍ കുമാര ഗുരുവിന്റെയും പ്രവര്‍ത്തനങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കേരള നവോത്ഥാനം ആരംഭിക്കുന്നത് അവര്‍ണ മുന്നേറ്റത്തോടെയാണെന്ന ചരിത്രപാഠം മറക്കാനാണ് സവര്‍ണ കേന്ദ്രീകൃതമായ വ്യവഹാരമണ്ഡലവും ശ്രമിച്ചത്. അതുകൊണ്ട് മാധവനെപ്പോലുള്ളവരെയും എഴുത്തുകാര്‍ പരിഗണിക്കാതെ പോയി. ചരിത്രം സൃഷ്ടിക്കുകയും അതിന്റെ ഭാഗമാകുകയുംചെയ്ത ജനതയുടെ ചരിത്രമെഴുതിയപ്പോഴും അത് ബോധപൂർവം മറന്നു. 1934ല്‍ പുറത്തിറങ്ങിയ പുസ്തകം പ്രത്യേകിച്ചും അത് മുന്നോട്ടുവെച്ച പുരോഗമന ആശയങ്ങള്‍ക്ക് തിരിച്ചടി നേരിടുകയോ പ്രതിലോമശക്തികള്‍ ഇതിനെ തമസ്കരിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന അവസരത്തിലാണ് ചരിത്രത്തിന്റെ അനിവാര്യത എന്ന നിലയില്‍ ഈ പുസ്തകം പുനര്‍വായിക്കേണ്ടത്.
സവര്‍ണതയുടെ എല്ലാ ആഘോഷങ്ങളും അടയാളങ്ങളും പ്രത്യക്ഷവും പരോക്ഷവുമായി പൊതുജീവിതത്തില്‍ അടിച്ചേല്പിക്കുകയും മതേതരത്വ മുഖംമുടി അണിഞ്ഞ് പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന സാംസ്കാരിക അധിനിവേശം കേരളത്തിന്റെ സാധാരണ ജീവിതം മുതല്‍ സാംസ്കാരിക ജീവിതത്തില്‍ വരെ ആധിപത്യമുറപ്പിക്കുകയാണ്. നമ്മളറിയാതെ സവര്‍ണത കപട മതേതരത്വ വേഷമണിഞ്ഞ് എല്ലാ ആഘോഷങ്ങളെയും പുല്കുകയും കീഴാള സമൂഹങ്ങള്‍ സ്വത്വപരമായി എവിടെയെങ്കിലും ജാതി പറഞ്ഞാല്‍ (അതൊരിക്കലും ജാത്യാധിപത്യമായി മാറിയ ചരിത്രമില്ല) മാനവികത/ മതേതരത്വം തകരുമെന്ന് ചില ബുദ്ധിജീവികള്‍ പറഞ്ഞ് നടക്കുകയുമാണ്. ജാതിയെ ഇല്ലാതാക്കുക എന്നത് ജാതി നിർമിച്ചവരുടെയും ജാത്യാധിപത്യം പേറുന്നവരുടെയും കടമയാണ്. ജാതിമേല്‍ക്കോയ്മയും ജാതി വംശീയവാദവും ജാതി ഉന്മൂലനത്തിന് ഗുണകരമല്ല. ‘സ്വതന്ത്ര സമുദായം’ വീണ്ടും വായിക്കുമ്പോള്‍ ഇത്തരം ചില സാംസ്കാരിക ചോദ്യങ്ങള്‍ മുന്നിലെത്തുന്നുണ്ട്. സവര്‍ണ ഹിന്ദു സമൂഹത്തിന്റെ ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായ തിയ്യ (ഈഴവ സമൂഹം) ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്നും അവര്‍ ഒരു സ്വതന്ത്ര സമൂഹമായി മാറണമെന്നുമാണ് മാധവന് മുന്നോട്ടുവെച്ച പ്രധാന ആശയം. എന്നാല്‍, ഈ ആശയം ആരും മുന്നോട്ടുകൊണ്ടുപോകാന്‍ തയാറായില്ല.

വെള്ളാപ്പള്ളി നടേശന്
‘സ്വതന്ത്ര സമുദായം’ എഴുതുന്ന കാലഘട്ടത്തില്‍നിന്നും വളരെയധികം മാറ്റത്തിന് വിധേയമായ പുതിയകാലത്തിലാണ് ഈ പുസ്തകം വീണ്ടും വായിക്കേണ്ടത്. സവര്‍ണാധിപത്യവും ജാതിമേല്‍ക്കോയ്മയും മതാധിപത്യവും ജനാധിപത്യ സമൂഹത്തിനുമേല്‍ കടന്നാക്രമണം നടത്തുമ്പോഴാണ് ഈ പുസ്തകത്തിന്റെ പുനര്‍വായനയുടെ പ്രസക്തി വര്‍ധിക്കുന്നത്. ‘ഈഴവര്‍ ഹിന്ദുക്കളല്ല’ എന്ന അധ്യായത്തില്‍ തുടങ്ങി ‘മതവും ദൈവവും’ ഭരിച്ച ലോകത്തില്‍ അവസാനിക്കുമ്പോള്‍ പുരോഗമന ചിന്തകള്‍ നഷ്ടപ്പെട്ട് ജാതീയതയിലേക്ക് നടന്നുനീങ്ങുന്ന സമൂഹത്തെയാണ് കാണാന്‍ കഴിയുന്നത്. നാരായണ ഗുരുവിന്റെ ആശയങ്ങളെ വ്യാഖ്യാനിച്ച് പ്രതിലോമകരമായ രീതിയില്‍ അവതരിപ്പിക്കാനാണ് ജാതിവാദികളും ബുദ്ധിജീവികളും ഇപ്പോള്‍ ശ്രമിക്കുന്നത്. ഈഴവര്‍ ഹിന്ദുക്കളല്ല എന്ന് പറഞ്ഞതിന്റെ പേരിലാണ് മാധവന് ആക്രമിക്കപ്പെട്ടത്. സവര്‍ണത നിർമിച്ച ജാതിവ്യവഹാരത്തില് ഏറ്റവും കൂടുതല്‍ പീഡനം ഏല്‍ക്കേണ്ടിവന്നത് ദലിതുകള്‍ക്കും ഈഴവര്ക്കുമായിരുന്നു. അതുകൊണ്ടുതന്നെ ബ്രാഹ്മണ്യത്തിനെതിരെ തുറന്ന സമരമാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്. എന്നാല്‍, ഇന്ന് എസ്.എന്‍.ഡി.പി യോഗത്തെ ഹൈന്ദവവത്കരിച്ച് സംഘ്പരിവാറിന്റെ ഭാഗമാക്കുകയാണ് പുതിയ നേതൃത്വം. നാരായണഗുരുവും ഡോ. പല്പുവും കുമാരനാശാനും സഹോദരന് അയ്യപ്പനും നയിച്ച നവോത്ഥാന-ജനാധിപത്യ പ്രസ്ഥാനത്തിനാണ് ഈ ദുര്‍ഗതി വന്നിരിക്കുന്നത്.

‘ഹിന്ദുമത പരിഷ്കരണം’ എന്ന അധ്യായത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്. ‘‘ദുഷിച്ചുപോയ ഹിന്ദുമതത്തെ സവര്‍ണരും അവര്‍ണരും യോജിച്ചു പരിഷ്കരിച്ച്, അതില്‍നിന്ന് തന്നെ രക്ഷനേടുകയാണ് വേണ്ടത്’’ എന്നാണ് പിന്നൊരു കൂട്ടരുടെ വാദം. ‘‘ശവക്കുഴിയേക്കാള്‍ ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം വമിക്കുന്ന ഈ ഹിന്ദുമതം പരിഷ്കരിക്കുകയോ? ഹിന്ദുമതത്തെ പരിഷ്കരിക്കുന്നതിലും എളുപ്പം ചെമ്പിന്റെ ക്ലാവ് മാറ്റി ശുദ്ധീകരിക്കുകയാണ്.’’ പുരാതനവും സനാതനവും പരമ പാവനവുമായ ഹിന്ദുമതത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയെന്നത് നമ്മുടെ ഹിന്ദുത്വവാദികളുടെ പ്രത്യേകതയാണെന്ന് ഈ പുസ്തകം അടിവരയിടുന്നു. അംബേദ്കറെപ്പോലെ, ബ്രാഹ്മണിക്കല്‍ ആധിപത്യങ്ങളെ നേരിടാന്‍ സമഗ്രമായൊരു സൈദ്ധാന്തിക സമീപനമാണ് ഇ. മാധവനും സ്വീകരിക്കുന്നത്. അത് വെറുമൊരു പരിഷ്കരണ വാദം മാത്രമല്ല. പുതിയൊരു ചിന്താപദ്ധതി തന്നെയാണ്.
ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടുകയോ അതിനെ അതിന്റെ അര്‍ഥത്തില്‍ മനസ്സിലാക്കുകയോ ആണ് മാധവന് ചെയ്യുന്നത്. വിമര്ശനങ്ങളിലൂടെയും അതത് സമയങ്ങളിലെ ഇടപെടലിലൂടെയും ആശയങ്ങള്‍ ഭയമില്ലാതെയും അവതരിപ്പിക്കാന്‍ കഴിയുന്നുവെന്നതാണ് മാധവന്റെ പ്രത്യേകത. നിലവിലെ മൂര്‍ത്തമായ യാഥാര്‍ഥ്യങ്ങള്‍ തെറ്റാണെന്ന് ഉത്തമബോധ്യമുള്ള സമയത്തും ഇത്തരം യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയാതെ അതുമായി ചേരുന്ന സമീപനമാണ് നമ്മുടെ ബുദ്ധിജീവികള്‍ വെച്ചുപുലര്‍ത്താറുള്ളത്. എന്നാല്‍, മൂര്ത്തമായതിനപ്പുറം സമൂര്‍ത്തമായത് മറഞ്ഞിരിക്കുന്നുവെന്ന് തിരുത്തി വായിക്കാനും അത് പറയാനും ധൈര്യം കാണിച്ച സാമൂഹിക പ്രവര്‍ത്തകനായിരുന്നു മാധവന്.

പൊയ്കയിൽ അപ്പച്ചൻ,ശ്രീനാരായണ ഗുരു
മതത്തിനെതിരായ മാധവന്റെ നിലപാടുകള്‍ യുക്തിവാദികള്‍ ഉള്‍പ്പെടെ പുരോഗമനകാരികളെ ആകര്‍ഷിക്കുന്നതും യാഥാസ്ഥിതിക മതവിശ്വാസികളെ ചൊടിപ്പിക്കുന്നതും അതുകൊണ്ടാണ്. മതത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഒരുഭാഗത്ത് അത് സൃഷ്ടിച്ച കൂട്ടക്കുരുതികള്‍ എത്ര ഭയാനകമാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ലോകത്ത് മതങ്ങള്‍ ചെയ്തുകൂട്ടിയ അനീതികള്‍ ന്യായീകരിക്കാന്‍ കഴിയിെല്ലന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം മതനിരാസത്തിന്റെ വീക്ഷണവും തള്ളിക്കളയുന്നില്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ സമൂഹം നേരത്തേ തള്ളിക്കളഞ്ഞ അന്ധവിശ്വാസങ്ങളെ മറ്റൊരു തലത്തില്‍ സ്വീകരിക്കുകയാണ് പല പ്രസ്ഥാനങ്ങളും. ‘ശ്രീനാരായണഗുരുവും മതവും’ എന്ന അധ്യായത്തില്‍ നാരായണഗുരുവിന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന വീക്ഷണത്തിന് പുരോഗമനപരമായ വ്യാഖ്യാനമാണ് മാധവന് നല്‍കുന്നത്. ‘സ്വതന്ത്ര സമുദായ’ത്തിനു നേരെ ഉയരാവുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം കൃത്യമായ മറുപടിയും നല്‍കുന്നുണ്ട്.
നമ്മുടെ വ്യവഹാരമണ്ഡലത്തില്‍ വലിയൊരു ചോദ്യചിഹ്നമാകുമെന്ന കാരണംകൊണ്ടാണ് ജനാധിപത്യസമൂഹം പൂര്‍ണമായും വികസിക്കുന്നതിനു മുമ്പുള്ള ഭരണകൂടം പുസ്തകം നിരോധിച്ചത്. മതത്തിന്റെ ഉദ്ഭവവും വളര്‍ച്ചയും ചൂണ്ടിക്കാട്ടുന്നതിനൊപ്പം ദൈവത്തെക്കുറിച്ചും ‘സ്വതന്ത്ര സമുദായ’ത്തില്‍ ചില നിരീക്ഷണങ്ങള്‍ മാധവന് മുന്നോട്ടുവെക്കുന്നുണ്ട്. ദൈവവിശ്വാസത്തെ സംബന്ധിച്ച അവരുടെ വീക്ഷണങ്ങള്‍ ഉള്ളിലൊതുക്കി ഭയത്തോടെ ഇരിക്കുമ്പോള്‍ ഇതുസംബന്ധിച്ച തന്റെ നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കാന്‍ മാധവന് കഴിയുന്നുണ്ട്. സാമൂഹികവിമര്‍ശനം പ്രതിലോമകരമാകുകയും യാഥാസ്ഥിതിക പക്ഷം ചേരലുമാകുമ്പോള് സമൂഹത്തിനെ ഏത് ദിശയിലേക്ക് പരിവര്ത്തനംചെയ്യണമെന്ന കാഴ്ചപ്പാടാണ് മാധവന് മുന്നോട്ടുവെക്കുന്നത്. പൗരോഹിത്യത്തിനെതിരെയും ശക്തമായ നിലപാടാണ് മാധവന്റേത്. യാഥാസ്ഥിതികര്ക്കുമുള്ള താക്കീതും പുരോഗമനകാരികള്ക്കുള്ള ദാര്‍ശനിക പദ്ധതിയുമാണ് മാധവന്റെ നിലപാടുകള്‍. ‘സ്വതന്ത്ര സമുദായം’ ഇനിയും പഠനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വിധേയമാക്കേണ്ടതാണ്.

