ക്രൂക്ക്ഡ് ക്രോസ് ‘നഷ്ടനോവൽ’ തിരിച്ചുവരുന്നു
നാസി ഭീകരത വിവരിക്കുന്ന ഒരു ചരിത്രനോവൽ പുനഃപ്രസിദ്ധീകരണത്തിനൊരുങ്ങുന്നു

സാലി കാർസൺ
ചരിത്രത്തിലെന്നോ സ്ഥാനം നഷ്ടപ്പെട്ടുപോയൊരു നോവലാണ് സാലി കാർസണിന്റെ "ക്രൂക്ക്ഡ് ക്രോസ്". ഡോർസെറ്റിൽ നിന്നുള്ള യുവ എഴുത്തുകാരിയായിരുന്നു സാലി കാർസൺ. യൂറോപ്പിൽ നാസി പാർട്ടി അധികാരത്തിലെത്തിയാലുണ്ടാകുന്ന അപകടങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന കാർസണിന്റെ നോവൽ ഒരിക്കൽക്കൂടി വെളിച്ചം കാണുകയാണ്. ആദ്യ പ്രസിദ്ധീകരണത്തിന് 80 വർഷങ്ങൾക്കിപ്പുറം, കാലത്തിന്റെ മറവിയിൽ വഴുതിവീണ ചരിത്രത്തിന്റെ ഈ നഷ്ടനോവൽ പുനഃപ്രസിദ്ധീകരണത്തിനൊരുങ്ങുകയാണ്. രണ്ടാം ലോക യുദ്ധം അവസാനിച്ചതിന്റെ വാർഷികത്തിന് മുന്നോടിയായാണ് ഈ ഉയിർത്തെഴുന്നേൽപ്പ് എന്ന പ്രത്യേകതയുമുണ്ട്.
1930കളുടെ തുടക്കത്തിൽ, നാസി പാർട്ടി അധികാരത്തിലേക്ക് ഉയർന്നുവരുന്ന കാലഘട്ടമാണ് നോവലിന്റെയും പശ്ചാത്തലം. ഒരു ജൂത ഡോക്ടറുമായി വിവാഹനിശ്ചയം നടക്കുന്ന അലക്സ എന്ന ജർമൻ യുവതിയുടെ കഥയാണ് നോവലിന്റെ ഇതുവൃത്തം. നാസി പാർട്ടിയുടെ ആധിപത്യം വളരുന്നതിനനുസരിച്ച് അലക്സയുടെ കുടുംബത്തിനും സമൂഹത്തിനും അവളുടെ പ്രതിശ്രുതവരനോടുള്ള വിദ്വേഷവും വളരുന്നു. ഇരുവരും കടുത്ത സമ്മർദങ്ങൾക്കും പീഡനങ്ങൾക്കുമിടയിലൂടെ കടന്നുപോകേണ്ടി വരുന്നു.
ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള വിമുഖത, അഭിപ്രായസ്വാതന്ത്ര്യത്തെയും വിയോജിപ്പിനെയും അടിച്ചമർത്തൽ, മനുഷ്യത്വരഹിതമായ പ്രത്യയശാസ്ത്രത്തിന്റെയും അവയുടെ പ്രചാരണത്തിന്റെയും പ്രത്യാഘാതങ്ങൾ എന്നിവയുൾപ്പെടെ നാസി ഭരണത്തിൻ കീഴിലുള്ള ക്രൂരമായ ജീവിതയാഥാർത്ഥ്യങ്ങളിലേക്ക് അലക്സയുടെ കഥയിലൂടെ കാർസൺ വെളിച്ചം വീശുന്നു. വംശീയ നിലപാടുകളുടെ വിപത്തുകളെക്കുറിച്ചും വിദ്വേഷത്തിനും അസഹിഷ്ണുതക്കുമെതിരെ നിലകൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശക്തമായ മുന്നറിയിപ്പാണ് ഈ പുസ്തകം.
1934-ൽ ക്രൂക്ക്ഡ് ക്രോസ് പ്രസിദ്ധീകരിച്ചുകൊണ്ട്, നാസി ഭരണകൂടത്തിനെതിരെ ധീരമായ നിലപാട് സ്വീകരിക്കുകയായിരുന്നു കാർസൺ. ലണ്ടനിലെ വെസ്റ്റ് എൻഡിൽ നാടകരൂപത്തിലും നോവൽ അവതരിപ്പിക്കപ്പെട്ടു. പക്ഷെ, നാടകം സെൻസർ ചെയ്യപ്പെടുകയും ‘ഹെയ്ൽ ഹിറ്റ്ലർ’ എന്നതുമായി ബന്ധപ്പെട്ട എല്ലാ പരാമർശങ്ങളും നീക്കം ചെയ്യേണ്ടിയും വന്നു. സെൻസർ ചെയ്ത രൂപത്തിൽ പോലും, നാടകം ബ്രിട്ടനിലെ വലതുപക്ഷ ഗ്രൂപ്പുകളിൽനിന്ന് പ്രതിഷേധത്തിന് കാരണമായി. അവർ അതിനെ ജർമൻവിരുദ്ധ പ്രചാരണമായി കണ്ടു. എന്നിരുന്നാലും ഫാഷിസത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള ധീരവും സമയോചിതവുമായ മുന്നറിയിപ്പായി അവരുടെ പുസ്തകം കണക്കാക്കപ്പെട്ടു. പുസ്തകത്തിന്റെ പ്രമേയങ്ങളും സന്ദേശങ്ങളും ഇന്നും പ്രസക്തമാണ്. നോവലിന്റെ പുനഃപ്രസിദ്ധീകരണം ചരിത്രത്തിൽനിന്ന് പഠിക്കേണ്ടതിന്റെ ആവശ്യകതയും സഹിഷ്ണുതയും സഹാനുഭൂതിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യവും ഓർമിപ്പിക്കുന്നതാണ്.
പെർസെഫോൺ ബുക്സിന്റെ സ്ഥാപകയായ നിക്കോള ബ്യൂമാനാണ് നോവൽ വീണ്ടും കണ്ടെത്തിയത്. പുസ്തകത്തിന്റെ പ്രാധാന്യവും ശക്തിയും തിരിച്ചറിഞ്ഞ് അവരതിനെ കൈപിടിച്ചുയർത്തുകയായിരുന്നു. പുസ്തകത്തിന്റെ പേര് ‘ക്രൂക്ക്ഡ് ക്രോസ്’ നാസി പാർട്ടി ഉപയോഗിച്ചിരുന്ന സ്വസ്തിക ചിഹ്നത്തിന്റെ ആകൃതിയെ സൂചിപ്പിക്കുന്നു.