പശ്ചിമേഷ്യയുടെ പ്രതികാരം

മലയാളിയായ സ്റ്റാൻലി ജോണി എഴുതിയ ‘ഒറിജിനൽ സിൻ: ഇസ്രായേൽ-ഫലസ്തീൻ ആൻഡ് ദി റിവഞ്ച് ഓഫ് ഓൾഡ് വെസ്റ്റ് ഏഷ്യ’ എന്ന പുസ്തകം വായിക്കുന്നു. മാനവചരിത്രത്തിലെ ഏറ്റവും നീതിരഹിതമായ ഒരധിനിവേശത്തിന്റെ ചരിത്രവും രാഷ്ട്രീയവും ആഴത്തിൽ അപഗ്രഥിക്കുന്ന ഗ്രന്ഥമാണിതെന്ന് ലേഖകൻ. ‘ദ ഹിന്ദു’ പത്രത്തിന്റെ ഇന്റർനാഷനൽ അഫയേഴ്‌സ് എഡിറ്റർ, സ്റ്റാൻലി ജോണി, ഫലസ്തീൻ വിഷയത്തിൽ എഴുതിയ ഏറ്റവും പുതിയ പുസ്തകമാണ് ‘ഒറിജിനൽ സിൻ; ഇസ്രായേൽ-ഫലസ്തീൻ ആൻഡ് ദി റിവഞ്ച് ഓഫ് ഓൾഡ് വെസ്റ്റ് ഏഷ്യ’. മാനവചരിത്രത്തിലെ ഏറ്റവും നീതിരഹിതമായ ഒരധിനിവേശത്തിന്റെ ചരിത്രവും രാഷ്ട്രീയവും ആഴത്തിൽ അപഗ്രഥിക്കുന്ന ഗ്രന്ഥം. ഒരു മാധ്യമപ്രവർത്തകൻ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മലയാളിയായ സ്റ്റാൻലി ജോണി എഴുതിയ ‘ഒറിജിനൽ സിൻ: ഇസ്രായേൽ-ഫലസ്തീൻ ആൻഡ് ദി റിവഞ്ച് ഓഫ് ഓൾഡ് വെസ്റ്റ് ഏഷ്യ’ എന്ന പുസ്തകം വായിക്കുന്നു. മാനവചരിത്രത്തിലെ ഏറ്റവും നീതിരഹിതമായ ഒരധിനിവേശത്തിന്റെ ചരിത്രവും രാഷ്ട്രീയവും ആഴത്തിൽ അപഗ്രഥിക്കുന്ന ഗ്രന്ഥമാണിതെന്ന് ലേഖകൻ.
‘ദ ഹിന്ദു’ പത്രത്തിന്റെ ഇന്റർനാഷനൽ അഫയേഴ്‌സ് എഡിറ്റർ, സ്റ്റാൻലി ജോണി, ഫലസ്തീൻ വിഷയത്തിൽ എഴുതിയ ഏറ്റവും പുതിയ പുസ്തകമാണ് ‘ഒറിജിനൽ സിൻ; ഇസ്രായേൽ-ഫലസ്തീൻ ആൻഡ് ദി റിവഞ്ച് ഓഫ് ഓൾഡ് വെസ്റ്റ് ഏഷ്യ’. മാനവചരിത്രത്തിലെ ഏറ്റവും നീതിരഹിതമായ ഒരധിനിവേശത്തിന്റെ ചരിത്രവും രാഷ്ട്രീയവും ആഴത്തിൽ അപഗ്രഥിക്കുന്ന ഗ്രന്ഥം. ഒരു മാധ്യമപ്രവർത്തകൻ എന്നനിലക്ക് അദ്ദേഹം, ഫലസ്തീനിലേക്ക് നടത്തിയിട്ടുള്ള നിരവധി യാത്രകളുടെ അനുഭവം, പുസ്തകത്തെ കേവലം വിശകലനത്തിനപ്പുറത്തേക്ക് ജീവിക്കുന്ന അനുഭവമാക്കുന്നു. അത്തരമൊരു യാത്രക്കിടെ വെസ്റ്റ്ബാങ്കിൽെവച്ച് ജോർജി എന്നൊരു ഫലസ്തീനി ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണം അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്.
“മൈ ഫ്രണ്ട്, ഹൗ ഇസ് ഫലസ്തീൻ?” എന്ന ചോദ്യത്തിന്, എങ്ങനെയുണ്ട് ഞങ്ങളുടെ നാട് എന്ന കുശലാന്വേഷണത്തിനു സാധാരണ ഏതൊരു നാട്ടിൽ ചെല്ലുമ്പോഴും നമ്മൾ കൊടുക്കുന്ന മറുപടിയാണ് അദ്ദേഹം നൽകിയത്–
“ഇറ്റ്‌സ് ഗുഡ്.” എന്നാൽ ജോർജിയുടെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു: “ഇറ്റ്‌സ് നോട്ട് ഗുഡ്” എന്നാണ് അദ്ദേഹം പറഞ്ഞത്. ആ പ്രതികരണം ഒരു നാടും അവിടത്തെ ജനതയും അകപ്പെട്ടിരിക്കുന്ന ഹതാശമായ യാഥാർഥ്യത്തിൽനിന്നും ഉയിർകൊണ്ടതാണ്. സ്റ്റാൻലിയുടെ പുസ്തകത്തിന്റെ അനന്യതയും ഇതുതന്നെയാണ്, പലതവണ ഫലസ്തീനിൽ നടത്തിയ യാത്രകളുടെയും, കണ്ടുമുട്ടിയ മനുഷ്യരുടെയും കഥകളിലൂടെ വൈയക്തികമായ അനുഭവങ്ങളെ പണ്ഡിതോചിതമായ രാഷ്ട്രീയ വിശകലനങ്ങളോട് ചേർത്ത്, പശ്ചിമേഷ്യയുടെ സമകാലിക സാഹചര്യം അനാവരണംചെയ്യുന്നു. അനുഭവസാക്ഷ്യങ്ങളുടെ കരുത്തു തന്നെയാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നതും.
പശ്ചിമേഷ്യയിലേക്ക് ഒരു പാത
ഒരു രാഷ്ട്രമെന്ന ഫലസ്തീൻ നിലനിൽക്കുന്നില്ല. അവിടേക്ക് പോകുന്നവരുടെ പാസ്‌പോർട്ടിൽ പതിക്കുന്നത് ഇസ്രായേലി വിസയാണ്. പൂർണമായും അധിനിവേശത്തിന് കീഴിലാണ് ആ ഭൂപ്രദേശം. ജനത വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിങ്ങനെ രണ്ടു തുരുത്തുകളിലായി ജീവിക്കുന്നു. വെസ്റ്റ്ബാങ്കിൽ പി.എൽ.ഒയും ഗസ്സയിൽ ഹമാസുമാണ് അധികാരത്തിലുള്ളത്. അധികാരം എന്നുപറഞ്ഞാൽ നമ്മുടെ നാട്ടിലെ ഒരു മുനിസിപ്പാലിറ്റിക്കുള്ള അധികാരങ്ങൾപോലുമില്ല –ഗ്രന്ഥകാരൻ വിശദീകരിക്കുന്നു. അപ്പാർതൈറ്റ് മതിൽ, ഇസ്രായേലി ചെക്പോയന്റുകളിൽ ദിവസേന അപമാനിക്കപ്പെടുന്ന ഫലസ്തീനികൾ, സ്വന്തം രാജ്യത്ത് ദുരിതപൂർണമായ ഘെറ്റോകളിൽ കഴിയേണ്ടി വരുന്നവർ; അതേ സമയംതന്നെ കൊടിയ പീഡനങ്ങൾക്കു മുന്നിലും ആത്മധൈര്യം ചോർന്നുപോകാതെ, പിറന്ന നാടിനുവേണ്ടി പൊരുതുന്നവർ, അങ്ങനെ ഫലസ്തീൻ ജനതയുടെ ജീവിതാവസ്ഥകളുടെ വിവിധ തലങ്ങളിലേക്ക് പുസ്തകം നമ്മെ കൊണ്ടുപോകുന്നുണ്ട്.
റാമല്ലയിലെ കച്ചവടക്കാരൻ, വെസ്റ്റ്ബാങ്കിലെ സർവകലാശാല വിദ്യാർഥിനി, ബത്‌ലഹേമിലെ ക്രിസ്ത്യാനി, വിവിധ ഫലസ്തീനിയൻ ഉദ്യോഗസ്ഥർ തുടങ്ങി അധിനിവേശ ഭൂമിയിലെ ഒരുപാട് സാധാരണ മനുഷ്യരുടെ വർത്തമാനങ്ങൾ നമ്മൾ കേൾക്കുന്നു. പുസ്തകത്തിൽ ഇവരുടെ ജീവിതം കേവലം അടിക്കുറിപ്പുകളല്ല, ആഖ്യാനത്തിന്റെ കേന്ദ്രബിന്ദുവാണ്. ഫലസ്തീനിയൻ ചരിത്രവും സംസ്കാരവുമെല്ലാം തുടച്ചുനീക്കാനുള്ള അധിനിവേശ ശക്തികളുടെ ബോധപൂർവമായ ശ്രമത്തിന്റെ ഇരകളാണ് ഇവർ.
സ്റ്റാൻലി ജറൂസലം സന്ദർശിക്കുന്നുണ്ട്. മൂന്ന് അബ്രഹാമിക് മതങ്ങളുടെയും പുണ്യഭൂമിയായ നഗരം. യഹൂദർക്ക് തങ്ങളുടെ രണ്ടാം ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ ഇവിടെയാണ്, ക്രിസ്ത്യാനികൾക്ക് ക്രിസ്തുവിനെ കുരിശിലേറ്റിയ ഇടം, പ്രവാചകൻ സ്വർഗത്തിലേക്ക് യാത്രതിരിച്ച സ്ഥലം എന്ന നിലക്ക് മക്കക്കും മദീനക്കും ശേഷം മൂന്നാമത്തെ പ്രധാനപ്പെട്ട ആരാധനാലയമാണ് മുസ്‍ലിംകൾക്ക് അൽ അഖ്സ മോസ്ക്. “അതുതന്നെയാണ് ആ നഗരത്തിന്റെ സൗന്ദര്യവും ദുരന്തവും.” ആദിന എന്ന ഫലസ്തീനിയൻ വിദ്യാർഥിനി പറയുന്നു. ഇവിടത്തെ ദൈവങ്ങൾപോലും നിസ്സഹായരാണെന്നാണ് അവൾ വിലപിക്കുന്നത്. ചരിത്രത്തിൽ ഒരിക്കലും സമാധാനം എന്തെന്നറിഞ്ഞിട്ടില്ലാത്ത ഒരു നഗരമാണത്.
സ്തോഭജനകവും ഏകപക്ഷീയവുമായ ആഖ്യാനങ്ങളുടെ കാലത്ത് ‘ഒറിജിനൽ സിൻ’ എന്ന പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് വിശദാംശങ്ങളിലുള്ള ശ്രദ്ധയാണ്. ഇസ്രായേൽ രാഷ്ട്ര സ്ഥാപനത്തിന്റെ ഹിംസാത്മകതയും അതിനു കൂട്ടുനിൽക്കുന്ന പാശ്ചാത്യ ശക്തികളും, ഫലസ്തീനിയൻ ജനതയുടെ ഒടുങ്ങാത്ത പോരാട്ടവീര്യവും ചേർന്ന സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. അതേസമയം, ഇസ്രായേലിന് ആഭിമുഖ്യമുണ്ടായിരുന്ന ഇസ്‍ലാമിക് സെന്ററും മുസ്‍ലിം ബ്രദർഹുഡുമായി ബന്ധപ്പെടുത്തിയ ഹമാസിന്റെ ചരിത്രവും പുസ്തകത്തിന്റെ ഭാഗമാണ്. യാസർ അറഫാത്തിന്റെ നേതൃത്വത്തിലുള്ള ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ ദുർബലപ്പെടുത്തുന്നതിന് വേണ്ടിയാവാം ഇസ്‍ലാമിക് സെന്ററിനെ ഒരു ചാരിറ്റിയായി അംഗീകരിച്ച് 1970കളിലും 80കളിലും ഫണ്ട് ചെയ്യാൻ ഇസ്രായേൽ തയാറായത്.
ഹമാസിന്റെ അക്രമപാതയോട് ഗ്രന്ഥകാരന് വിയോജിപ്പുകളുണ്ടെങ്കിലും അതിനെ ഒരു ഭീകര സംഘടനയായി കണക്കാക്കാൻ അദ്ദേഹം തയാറാകുന്നില്ല. അടിസ്ഥാനപരമായി ഹമാസ് ഒരു ദേശീയ വിമോചന പ്രസ്ഥാനമാണ്, സ്വീകരിക്കുന്ന ഹിംസാത്മകമായ മാർഗത്തെക്കുറിച്ചാണെങ്കിൽ, അതിലും എത്രയോ മടങ്ങ് ഹിംസയാണ് ഇസ്രായേൽ നടത്തുന്നത് എന്ന ചോദ്യമുയർത്തുന്നു. അളവറ്റ സമ്പത്തും അത്യാധുനിക സൈനിക ശക്തിയുമുള്ളൊരു അധിനിവേശ രാഷ്ട്രവും അതിജീവനത്തിനായി പൊരുതുന്ന രാജ്യരഹിതരായ ജനതയും തമ്മിലുള്ള വ്യത്യാസം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ഈ ഗ്രന്ഥം.

സ്റ്റാൻലി ജോണി
ഈ പുസ്തകത്തിലൂടെ, സുദൃഢവും സുവ്യക്തവുമായ ഭാഷയിൽ പശ്ചിമേഷ്യയുടെ ഭൗമരാഷ്ട്രീയം വിവരിക്കാൻ സ്റ്റാൻലിക്ക് കഴിയുന്നുണ്ട്. ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന അധ്യായത്തിൽ, സംഘർഷങ്ങളിലെ അന്താരാഷ്ട്ര പക്ഷങ്ങളും വിവിധ സമാധാന ശ്രമങ്ങളും ഇറാൻ, സിറിയ, ഹിസ്ബുല്ല, ഹൂതികൾ തുടങ്ങിയവരുടെ ഇടപെടലുകളും വിലയിരുത്തപ്പെടുന്നു. ഫലസ്തീനിയൻ പ്രശ്നത്തെ അവഗണിച്ചുകൊണ്ട്, അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ഗൂഢപദ്ധതിയെ അദ്ദേഹം വിമർശിക്കുന്നു. ഒപ്പം, ഹമാസ്, ഹിസ്ബുല്ല തുടങ്ങി വിവിധ രാഷ്ട്രേതര പ്രസ്ഥാനങ്ങളിലൂടെ മേഖലയിലാകെ സ്വാധീനമുറപ്പിച്ചിട്ടുള്ള ഇറാന്റെ ‘സ്ട്രാറ്റജിക് ഒക്ടോപ്പസ്’ എന്ന നിലക്കുള്ള പ്രാധാന്യവും അടയാളപ്പെടുത്തുന്നു.
കൊളോണിയലിസത്തിന്റെയും ഭൗമ രാഷ്ട്രീയബാന്ധവങ്ങളുടെയും കൃത്യതയാർന്ന വിശകലനത്തിലൂടെ, പശ്ചിമേഷ്യയുടെ സങ്കീർണമായ രാഷ്ട്രീയബലതന്ത്രത്തിൽ ഫലസ്തീൻ പ്രശ്നത്തെ പ്രതിഷ്ഠിക്കുന്നുവെന്നത് അഭിനന്ദനീയമായ കാര്യമാണ്. യൂറോപ്പിലെങ്ങും വ്യാപകമായിരുന്ന ജൂതവിരുദ്ധതയും വേട്ടയാടലും ഒടുവിൽ ഹോളോകോസ്റ്റും സയണിസത്തിന്റെ വളർച്ചക്ക് കാരണമായത് എങ്ങനെയെന്ന് നമ്മോട് പറയുന്നു. ആദ്യകാലത്ത് ജൂതരാഷ്ട്രം സ്ഥാപിക്കുന്നത് ഫലസ്തീനിൽ ആയിരിക്കണമെന്ന ആവശ്യംപോലും സയണിസ്റ്റുകൾക്ക് ഉണ്ടായിരുന്നില്ല. അർജന്റീനയും യുഗാണ്ടയും ഒക്കെയായിരുന്നു പരിഗണനയിൽ. ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി മുന്നോട്ടുെവച്ച യുഗാണ്ടൻ പദ്ധതി ലോക സയണിസ്റ്റ് കോൺഗ്രസ് അംഗീകരിച്ചതുമാണ്. എന്നാൽ യുഗാണ്ടയിലെ ഇംഗ്ലീഷുകാർ അതിനെ എതിർത്തു. പിന്നീടാണ് ഫലസ്തീനിലേക്ക് എത്തുന്നത്.
യൂറോപ്പിലാകെ ജൂതവേട്ട നടക്കുമ്പോഴും യഹൂദർക്ക് സമാധാനപരമായി അഭയം കൊടുത്ത നാടാണത്. ഒന്നാം ലോകയുദ്ധത്തിനു മുമ്പ് ഫലസ്തീൻ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരിക്കവേയാണ്, ബ്രിട്ടീഷുകാർ ബാൽഫർ പ്രഖ്യാപനം നടത്തുന്നത്. അന്ന്, ഫലസ്തീൻ ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിലാണ്, ബ്രിട്ടീഷ് കോളനി പോലുമല്ല. എന്നിട്ടാണ്, തങ്ങൾക്ക് ഒരു അധികാരവുമില്ലാത്ത പ്രദേശത്ത്, തദ്ദേശ ജനതയെ ആകെ അവഗണിച്ചുകൊണ്ട് മറ്റൊരു രാഷ്ട്രമുണ്ടാക്കാം എന്ന വാഗ്ദാനം ബ്രിട്ടൻ നൽകുന്നത്. അസംബന്ധപരമായ ഈ പ്രഖ്യാപനം ചരിത്രത്തിലെ രക്തപങ്കിലമായ ഒരേടിനാണ് തുടക്കംകുറിച്ചത്. ജൂതർക്കെതിരെ വിവേചനപരമായ നിയമങ്ങളും ശത്രുതാപരമായ സാമൂഹിക അന്തരീക്ഷവും ഉണ്ടായിരുന്ന യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ‘ജൂതപ്രശ്നം’ ഒഴിവാക്കാനുള്ള മാർഗംകൂടിയായാണ് അവരതിനെ കണ്ടത്. സയണിസ്റ്റ് ആശയാഭിലാഷങ്ങളുടെ സാക്ഷാത്കരണം മാത്രമല്ല, യൂറോപ്യൻ സാമ്രാജ്യത്വം നടപ്പാക്കിയ ഒരു പദ്ധതികൂടിയാണ് ഇസ്രായേലി രാഷ്ട്ര രൂപവത്കരണം. അതിന്റെ വില കൊടുക്കേണ്ടിവന്നത് നിരപരാധികളായ ഫലസ്തീൻ ജനതയും.
ചരിത്രവിവരണങ്ങൾക്കപ്പുറം, ഇന്ന് നടക്കുന്ന സംഘർഷത്തെ, പശ്ചിമേഷ്യയുടെ പ്രതികാരമായാണ് പുസ്തകം അടയാളപ്പെടുത്തുന്നത്. മർദിത ജനത, പ്രതിരോധ ശൃംഖലകളിലൂടെയും സായുധ കലാപത്തിലൂടെയും സാമ്രാജ്യത്വവും കൊളോണിയലിസവും അടിച്ചേൽപിച്ച അധികാരഘടനകളെ വെല്ലുവിളിച്ചുകൊണ്ടേയിരിക്കുകയാണെന്ന് സ്റ്റാൻലി എഴുതുന്നു.
ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാർ ഉണ്ടാക്കുന്നതിനു മുമ്പാണ് ഈ പുസ്തകം പ്രസിദ്ധീകൃതമായത്. എന്നിരുന്നാലും 2023ൽ ആരംഭിച്ച യുദ്ധത്തിന്റെ നയതന്ത്ര പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ വിവരണം ഇതിലുണ്ട്. ആക്രമണം ആരംഭിച്ചപ്പോൾ ഇസ്രായേൽ മുന്നോട്ടുെവച്ച ലക്ഷ്യങ്ങളൊന്നും നേടാൻ അവർക്ക് കഴിഞ്ഞില്ല. മാത്രവുമല്ല, ഇസ്രായേൽ താൽപര്യങ്ങൾക്ക് വിരുദ്ധമായി ചർച്ചകളിൽ ഫലസ്തീൻ പ്രശ്നം വീണ്ടും കേന്ദ്രബിന്ദുവാകുന്നതിന് കാരണവുമായി. ഇസ്രായേൽ പ്രതീക്ഷിച്ചതുപോലെ ഹമാസ് യുദ്ധത്തിൽ ഇല്ലാതായില്ല, ഹിസ്ബുല്ല തകർന്നില്ല, ഇതര മാർഗങ്ങളിലൂടെ മാത്രം പ്രതികരിച്ചിരുന്ന ഇറാൻ നേരിട്ട് ഇസ്രായേലിൽ ആക്രമണം നടത്തുന്ന സാഹചര്യവുമുണ്ടായി, ഫലസ്തീൻ പ്രശ്നം അവഗണിച്ചുകൊണ്ട് അറബ് രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാനുള്ള സാധ്യതയുമടഞ്ഞു. ലോകനയതന്ത്ര വിചാരങ്ങളിൽ ഇസ്രായേലി അധിനിവേശം പ്രധാന വിഷയമായി മാറിക്കഴിഞ്ഞു.
ഇസ്രായേലിന്റെ അക്രമം വംശഹത്യയിലേക്ക് വിരൽചൂണ്ടുന്നുവെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിലയിരുത്തി. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി ഇസ്രായേലി ചെയ്തികളെ നിരവധിതവണ വിമർശിച്ചു. പ്രധാനമന്ത്രി നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലനാറിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു, ആംനസ്റ്റി ഇന്റർനാഷനൽ മുതൽ നിരവധി ഏജൻസികൾ ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണെന്ന് പ്രഖ്യാപിച്ചു.
ഗ്ലോബൽ സൗത്തിലെ ഏകദേശം എല്ലാ രാജ്യങ്ങളും ഇസ്രായേൽ നിലപാടുകൾക്കെതിരെ നിലകൊണ്ടു. ഫലസ്തീൻ പ്രശ്നത്തെ അവഗണിച്ചുകൊണ്ട് അന്താരാഷ്ട്ര രംഗത്ത് പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും മെച്ചപ്പെടുത്താനുമായിരുന്നു ഇസ്രായേലിന്റെ പദ്ധതി. ഇനി എന്തായാലും അത് നടക്കില്ല. ഒരു പ്രത്യാഘാതവും നേരിടേണ്ടി വരാത്ത അധിനിവേശമായിരുന്നു, കഴിഞ്ഞ ദശകങ്ങളിൽ ഇസ്രായേലിന്റേത്. എന്നാലത് മാറുകയാണ്. അധിനിവേശത്തിന് വില കൊടുക്കേണ്ടിവരുമെന്ന് ഇസ്രായേലിനും ബോധ്യപ്പെട്ടിട്ടുണ്ടാവണം. അതാണ് പഴയ പശ്ചിമേഷ്യയുടെ പ്രതികാരം.
ഇസ്രായേലിനോടുള്ള ഇന്ത്യൻ സമീപനത്തിലെ മാറ്റങ്ങളും പുസ്തകത്തിന്റെ പരിഗണനാ വിഷയമാണ്. അതിൽ ഒരു നൈരന്തര്യവും എന്നാൽ, സൂക്ഷ്മാംശങ്ങളിൽ വ്യതിയാനവും ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. കൊളോണിയൽ കാലഘട്ടം മുതൽ ഫലസ്തീൻ പക്ഷത്താണ് ഇന്ത്യ. അതൊരു ധാർമിക നിലപാട് കൂടിയാണ്. ഗാന്ധിയും നെഹ്റുവും ഉൾപ്പെടെ ദേശീയ പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളെല്ലാം ഫലസ്തീൻ ഫലസ്തീനികളുടേതാണ് എന്ന നിലപാടാണ് സ്വീകരിച്ചുപോന്നത്. ബ്രിട്ടീഷുകാർ ഫലസ്തീൻ വിട്ട അന്ന് അർധരാത്രിയിൽ പുതിയ രാഷ്ട്രം രൂപവത്കരിച്ചതായി സയണിസ്റ്റുകൾ പ്രഖ്യാപിച്ചു.
11 മിനിറ്റുകൾക്കുള്ളിൽ അമേരിക്ക ഇസ്രായേലിന് അംഗീകാരം നൽകി. ഉടനെ തന്നെ സോവിയറ്റ് യൂനിയനും പുതിയ രാഷ്ട്രത്തെ അംഗീകരിച്ചു. എന്നാൽ, ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചില്ല. പതിറ്റാണ്ടുകൾക്കുശേഷം 1990കളിലാണ് ഇസ്രായേലുമായുള്ള പൂർണനയതന്ത്ര ബന്ധം ഇന്ത്യ സ്ഥാപിക്കുന്നത്. എന്നിരുന്നാലും, ഇസ്രാേയൽ-ഫലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്നതാണ് ഇപ്പോഴും ഇന്ത്യയുടെ നിലപാട്. ജറൂസലം തലസ്ഥാനമാക്കി ഒരു ഫലസ്തീൻ രാജ്യം, 1967ലെ അതിർത്തികൾ അംഗീകരിച്ചുകൊണ്ടുള്ള പരിഹാരം.
നരേന്ദ്ര മോദി അധികാരത്തിൽ എത്തിയതിനുശേഷം, ആശയപരമായ ചില മാറ്റങ്ങൾ രാഷ്ട്രീയരംഗത്ത് ഉണ്ടായിട്ടുണ്ട്. നെഹ്റുവിന്റെ കാലം മുതൽ ഇസ്രായേലുമായി പിൻവാതിൽ ബന്ധങ്ങളും ആയുധ ഇടപാടുകളും ഉണ്ടായിരുന്നെങ്കിലും ഇസ്രായേലിന്റെ ആയുധ ഇടപാടുകളിലെ ഏറ്റവും വലിയ ഉപഭോക്താവായി രാജ്യം മാറുന്നത് സമീപകാലത്താണ്. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെ സംബന്ധിച്ച് പ്രധാനമന്ത്രി ഈയിടെ നടത്തിയ പ്രസ്താവനയിൽ, ഇരു രാഷ്ട്രങ്ങൾ ഉണ്ടാകണമെന്ന് ആവർത്തിക്കുന്നുവെങ്കിലും സൂക്ഷ്മപരിശോധനയിൽ ‘ജറൂസലം’, ‘1967ലെ അതിർത്തി’ എന്നീ വാക്കുകൾ ഒഴിവാക്കിയിട്ടുള്ളതായി മനസ്സിലാകും. ഇതൊരു നിലപാട് മാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിക്കാവുന്നതാണ്.

സ്റ്റാൻലി ജോണി
ഇസ്രായേലിനോടുള്ള നിലപാട് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസും വിദേശകാര്യ മന്ത്രാലയവും തമ്മിൽ നിലനിൽക്കുന്ന വിയോജിപ്പുകളും പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്. എന്നിരുന്നാലും, ഇസ്രായേലും അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ഒരു ഭീകരസംഘടനയായി കണക്കാക്കുന്ന ഹമാസിനെ, നമ്മുടെ രാജ്യം ഭീകരസംഘടന എന്ന് വിളിക്കുന്നില്ല. അടിസ്ഥാനപരമായി ഫലസ്തീനിയൻ വിമോചനത്തിനൊപ്പം എന്ന നിലപാടിന് മാറ്റവുമില്ല. സൂക്ഷ്മാംശങ്ങളിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഫലസ്തീൻ രാഷ്ട്രത്തിന് അനുകൂലമായ നിലപാടിന്റെ തുടർച്ച നമുക്ക് കാണാൻ കഴിയുമെന്ന് സാരം. നയതന്ത്ര ബന്ധങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല എന്നുകൂടി സ്റ്റാൻലി സൂചിപ്പിക്കുന്നുണ്ട്. ആഗോള നിലപാട് മാറ്റങ്ങളുടെ ഭാഗംകൂടിയാണത്. ധാർമികതയെ മറികടന്ന്, പ്രായോഗികവും തന്ത്രപരവുമായ ബന്ധങ്ങൾക്ക് രാജ്യങ്ങൾ പ്രാധാന്യം കൊടുക്കുന്ന കാലമാണല്ലോയിത്. അറബ് ലോകത്തും ഈ മാറ്റം ദൃശ്യമാണ്.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് സ്റ്റാൻലി ജോണിയുടെ ‘ഒറിജിനൽ സിൻ’ ഒരു അവശ്യ വായനയാണ്. പണ്ഡിതോചിതമായ വിശകലനങ്ങളിലൂടെ, അനുതാപപൂർണമായ ഭാഷയിലൂടെ, രാഷ്ട്രീയ ധാർമികതയിലൂന്നിയ ആഖ്യാനത്തിലൂടെ, നമ്മുടെ നിസ്സംഗതയെ ചോദ്യംചെയ്യുന്നുണ്ട് ഈ പുസ്തകം. അടിച്ചമർത്തപ്പെട്ടവരോട് ഐക്യദാർഢ്യപ്പെടാനും എല്ലാ മനുഷ്യർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും ഉറപ്പുവരുത്തുന്ന ഒരു ലോകം സ്വപ്നം കാണാനും ഇത് നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.