ഓർമകളുടെ ബലികുടീരങ്ങൾ

‘മാധ്യമം ബുക്സ്’ പ്രസിദ്ധീകരിച്ച, പ്രേംചന്ദിന്റെ ‘കാലാന്തരം’ എന്ന പുസ്തകം വായിക്കുകയാണ് ലേഖകൻഓർമകൾകൊണ്ട് നിർമിച്ച സാംസ്കാരിക/ രാഷ്ട്രീയ ചരിത്രമാണ് പ്രേംചന്ദിന്റെ ‘കാലാന്തരം’. വ്യക്തികളും സമൂഹവും, അനുഭവവും യാഥാർഥ്യവും, സംഘടനയും സമരവും, നീതിയും ജനാധിപത്യവും തമ്മിലുള്ള സംഘർഷത്തിന്റെയും പാരസ്പര്യത്തിന്റെയും രേഖകളാണിത്. കാലം കടന്നുപോയ വഴികൾ തിരിച്ചുപിടിക്കുന്നതിന്റെയും ചരിത്രം സന്ദിഗ്ധമാകുന്ന സന്ദർഭങ്ങളുടെയും സാക്ഷ്യമാണിത്. അനുഭവങ്ങൾ കാലാന്തരമാകുമ്പോൾ, ചരിത്രം പ്രകാശിക്കുന്നത് എങ്ങനെയെന്ന് തെളിയിക്കുക കൂടി ചെയ്യുന്നു. മലയാളിയുടെ സവിശേഷമായ ഒരു കാലം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘മാധ്യമം ബുക്സ്’ പ്രസിദ്ധീകരിച്ച, പ്രേംചന്ദിന്റെ ‘കാലാന്തരം’ എന്ന പുസ്തകം വായിക്കുകയാണ് ലേഖകൻ
ഓർമകൾകൊണ്ട് നിർമിച്ച സാംസ്കാരിക/ രാഷ്ട്രീയ ചരിത്രമാണ് പ്രേംചന്ദിന്റെ ‘കാലാന്തരം’. വ്യക്തികളും സമൂഹവും, അനുഭവവും യാഥാർഥ്യവും, സംഘടനയും സമരവും, നീതിയും ജനാധിപത്യവും തമ്മിലുള്ള സംഘർഷത്തിന്റെയും പാരസ്പര്യത്തിന്റെയും രേഖകളാണിത്. കാലം കടന്നുപോയ വഴികൾ തിരിച്ചുപിടിക്കുന്നതിന്റെയും ചരിത്രം സന്ദിഗ്ധമാകുന്ന സന്ദർഭങ്ങളുടെയും സാക്ഷ്യമാണിത്. അനുഭവങ്ങൾ കാലാന്തരമാകുമ്പോൾ, ചരിത്രം പ്രകാശിക്കുന്നത് എങ്ങനെയെന്ന് തെളിയിക്കുക കൂടി ചെയ്യുന്നു. മലയാളിയുടെ സവിശേഷമായ ഒരു കാലം സ്പന്ദിക്കുന്നു, ജീവിതസമരത്തിന്റെ രണപാതകൾ പൂത്തുനിൽക്കുന്നു. കാലാന്തരം എത്രയേറെ ചരിത്രസന്ദർഭങ്ങളാണ് വായനയുടെ ഏകാന്തതയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്.
എഴുപതുകളുടെ മധ്യം മുതൽ എൺപതുകളുടെ മധ്യം വരെയുള്ള ചരിത്രകാലത്തിൽ നിന്നുകൊണ്ടാണ് പ്രേംചന്ദ് ‘കാലാന്തരം’ രൂപപ്പെടുത്തിയിരിക്കുന്നത്. സംഭവങ്ങളിലൂടെ, സമരങ്ങളിലൂടെ, വ്യക്തികളിലൂടെ, സിനിമകളിലൂടെ, കവിതകളിലൂടെ, ദേശാടനങ്ങളിലൂടെ, സംഘടനാ നിർമിതിയിലൂടെ, മാധ്യമവിചാരങ്ങളിലൂടെ, മനുഷ്യ സാഹോദര്യത്തിലൂടെയാണ് ഈ രചന നിർവഹിച്ചിരിക്കുന്നത്. ‘കാലാന്തര’ത്തിന്റെ ഓരോ താളിലും പ്രേംചന്ദിന്റെ രാഷ്ട്രീയ നൈതികതയും സാമൂഹിക പ്രതിബദ്ധതയും ജീവിതാവബോധവും കലാ സമീപനവും പ്രതിഫലിക്കുന്നുണ്ട്. രാഷ്ട്രീയ സന്ദർഭങ്ങൾ പുനരാനയിക്കുക മാത്രമല്ല, അതിന്റെ ചരിത്രപരമായ പ്രസക്തി വരികൾക്കിടയിൽ സൂക്ഷിക്കുന്നുണ്ട്.
വ്യക്തികളെ ആവിഷ്കരിക്കുമ്പോൾ അവരുടെ വ്യക്തിത്വത്തിലെ രാഷ്ട്രീയ ധാരണകൾ, സാമൂഹിക വിവക്ഷകൾ, ആന്തരിക സംഘർഷങ്ങൾ എല്ലാം സൂക്ഷ്മരേഖകളായി പകർത്തിവെക്കുന്നു. സാമൂഹിക സംഘർഷങ്ങളോട് ചേർത്തുനിർത്തിയാണ് വ്യക്തിത്വങ്ങളെ അടയാളപ്പെടുത്തുന്നത്. ഓരോരുത്തരും പ്രേംചന്ദിന്റെ ആത്മജീവിതത്തിലൂടെയും രാഷ്ടീയ സമരസന്ദർഭങ്ങളിലൂടെയും സംവാദ സന്ധ്യകളിലൂടെയും കടന്നുപോയവരാണ്. അതുകൊണ്ട് ആ പോർെട്രയ്റ്റുകളിൽ പാരസ്പര്യത്തിന്റെ നിഴലും വെളിച്ചവും പടർന്നിട്ടുണ്ട്.
കാലത്തിന് തീക്ഷ്ണ സൗന്ദര്യം നൽകിയവരുടെ ചാരു ചിത്ര പടങ്ങളാണ് കാലാന്തരം. മന്ദാകിനി നാരായണൻ, ജോൺ ഏബ്രഹാം, എ.സി.കെ. രാജ, എ. സോമൻ, മധു മാസ്റ്റർ, രവീന്ദ്രൻ, ചെലവൂർ വേണു, എ. നന്ദകുമാർ, ശോഭീന്ദ്രൻ മാഷ്, രാമചന്ദ്രൻ മോകേരി, ശാന്തൻ, ബലറാം മട്ടന്നൂർ, ടി.പി. രാജീവൻ, ടി.കെ. രാമചന്ദ്രൻ എങ്ങനെ എത്രപേർ ‘കാലാന്തര’ത്തിൽ കൊത്തിവെക്കപ്പെട്ടിട്ടുണ്ട്. ഓരോരുത്തരും കേരളീയ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ സൃഷ്ടിച്ച ആത്മജ്വാലകളുടെ ചൂടും പ്രകാശവും ‘കാലാന്തര’ത്തിൽ ഉണ്ട്. സാമ്പ്രദായിക ചരിത്ര നിർമിതിക്ക് പുറത്ത് നിർത്തിയിരിക്കുന്ന ഈ കാലാനുരാഗികളുടെ ആന്തരിക സമരത്തിന്റെ ഊർജപ്രവാഹം ഈ രചനകളിലൂടെ കണ്ടെത്താം.
അടിയന്തരാവസ്ഥക്ക് ശേഷമുള്ള കേരളീയ രാഷ്ട്രീയ സാമൂഹികാവസ്ഥയുടെ പരിണാമം ‘കാലാന്തര’ത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. വ്യക്തിയിലും സമൂഹത്തിലും സംഭവിച്ച മാറ്റങ്ങളുടെ ചിത്രങ്ങൾ ഇതിൽ പതിഞ്ഞിട്ടുണ്ട്. ജനകീയ സാംസ്കാരിക വേദിയും പാർട്ടിയും തമ്മിലുണ്ടായിരുന്ന ആശയസംഘർഷങ്ങളും വേദിക്ക് പിന്നീട് ഉണ്ടായ തകർച്ചയും ഇതിൽ ഉണ്ട്. മാത്രമല്ല, സാംസ്കാരിക വേദി കേരളീയ സമൂഹത്തിൽ പ്രസരിപ്പിച്ച ധൈഷണിക സംവേദനത്തിന്റെ അനുരണനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അനുഭവത്തിന്റെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രേംചന്ദ് ഈ കാലഘട്ടം ചിത്രീകരിക്കുന്നത്.
കോഴിക്കോടൻ സാംസ്കാരിക ജീവിതത്തിന്റെ വിവിധ വഴികൾ വരച്ചിടുന്നുണ്ട്. സാഹിത്യം, സിനിമ, രാഷ്ട്രീയം, മാധ്യമ പ്രവർത്തനം, സാംസ്കാരിക പ്രവർത്തനങ്ങൾ, സമരങ്ങൾ എല്ലാം അടയാളപ്പെടുത്തുന്നു. മാനാഞ്ചിറയെ ചുറ്റിനടന്ന ചരിത്രജീവിതം വിശദീകരിക്കുന്നു. പ്രേംചന്ദ് എഴുതുന്നു, ‘‘1977 മാർച്ച് 23നാണ് അടിയന്തരാവസ്ഥ പിൻവലിച്ച വാർത്ത വരുന്നത്. തൊട്ടുപിറകെ നീണ്ട പ്യൂപ്പ ഘട്ടം പിന്നിട്ട് ഞങ്ങൾ മാനാഞ്ചിറക്ക് ചുറ്റും പിച്ചവെച്ചു. ജോയ് മാത്യു ആയിരുന്നു കൂട്ട്.’’ പിന്നീട് എഴുതുന്നു, ‘‘മാനാഞ്ചിറയിലേക്ക് തിരിച്ചു വരാം. ഭൂപടത്തിൽ എവിടെയോ കിടന്നിരുന്ന സോവിയറ്റ് യൂനിയൻ എന്ന രാഷ്ട്രം മലയാളി വായനക്കാരോട് കാട്ടിയ കാരുണ്യമായി പ്രഭാത് ബുക്ക് ഹൗസ് ആയിരുന്നു ഞങ്ങളുടെ ഒരത്താണി. മറ്റൊന്ന് ലക്കി ഹോട്ടലിന്റെ അടുത്തുള്ള മഹാരാജാ പാലസ് ഹോട്ടൽ. പുതിയമ്പലത്തിനടുത്തുള്ള മഹാരാജാ പാലസ് ലോഡ്ജിന്റെ ടെറസിലായിരുന്നു അമ്മയുടെ റിഹേഴ്സൽ ക്യാമ്പ്.’’ ‘‘ഓരോ തലമുറക്കും പറയാനുണ്ടാവും നഗരത്തിന്റെ പരിണാമ കഥ. ഓരോന്നും ഓരോന്നായതുകൊണ്ടു തന്നെ അതിന് അവസാനമുണ്ടാകില്ല.’’ (മാനാഞ്ചിറ 1977).
ജോൺ എബ്രഹാമിന്റെ ജീവിതത്തിലൂടെ പ്രേംചന്ദ് നിരവധി തവണ കടന്നുപോകുന്നുണ്ട്. ‘അമ്മ അറിയാന്റെ’ കാലം അടുത്തറിയുന്നുണ്ട്. ജോണിനെ കുറിച്ച് നിരവധി അടയാളപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. ജോണിനെ ഇവിടെ ആഴത്തിൽ അറിയുന്നുണ്ട്. പ്രേംചന്ദ് എഴുതുന്നു, ‘‘അമ്മ അറിയാൻ എന്ന സിനിമയെക്കാൾ ആ സിനിമാ സംരംഭമാണ് ചരിത്രം. മൂലധനത്തിന്റെ ആധിപത്യത്തെ നിരാകരിച്ചും ഒരു സിനിമ സാധ്യമാണ് എന്നതിന്റെ ചലച്ചിത്ര മാതൃക, അതിന് ജോൺ ഒരു നിമിത്തമാവുകയായിരുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും അതിന്റെ അവകാശികൾ ഉണ്ട്.’’ ജോൺ എന്ന ചലച്ചിത്രം പ്രേംചന്ദ് നിർമിച്ചു. അദ്ദേഹം എഴുതുന്നു, എന്തിന് ഇങ്ങനെയൊരു സിനിമയെന്ന് ഞാനും സ്വയം ചോദിച്ചിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ടവർ മരിച്ചിട്ടും നമ്മൾ പിന്നെയും തുടർന്നു ജീവിക്കുന്നു എന്നാണല്ലോ മഹാഭാരതം നമ്മോട് പറഞ്ഞുതന്ന ജീവിതത്തിലെ ഏറ്റവും വലിയ മഹാത്ഭുതം. എന്റെ ജീവിതത്തിൽ എന്തെങ്കിലും അടയാളങ്ങളുണ്ടാക്കിയ മനുഷ്യരിൽ ഏറ്റവും വലിയ ആഘാതമുണ്ടാക്കിയ മരണങ്ങളിലൊന്ന് ജോൺ എബ്രഹാമിന്റേതായിരുന്നു.’’ (പല ജോൺ)
കെ.സി.എസ്. പണിക്കരുടെ പിന്തുടർച്ചയാവും എന്ന് കരുതിയ എ.സി.കെ. രാജയുടെ അധികം ആരും അറിയാത്ത ജീവിത ചിത്രം പ്രേംചന്ദ് അവതരിപ്പിക്കുന്നു, പ്രത്യേകിച്ച് ദുരിതമനുഭവിച്ച അവസാന നാളുകൾ. എ. നന്ദകുമാർ എന്ന കഥാകൃത്തിന്റെ ജീവിതത്തിന്റെ അജ്ഞാത ജീവിതരേഖകൾ പകർത്തിയിട്ടുണ്ട്. ഒരു ധിഷണാശാലിയായി കേരളീയ സമൂഹത്തിൽ ജീവിക്കേണ്ട നന്ദകുമാറിന്റെ പതർച്ചയും തകർച്ചയും വായിക്കാം. എൺപതുകളിൽ കേരളത്തിൽ സംഭവിച്ച ജനകീയ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് എഴുതുന്നുണ്ട്. ജനകീയ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമായി സംഭവിച്ച കോഴിക്കോട്ടെ ജനകീയ വിചാരണയുടെ തീക്ഷ്ണ സന്ദർഭങ്ങൾ ഓർമിപ്പിക്കുന്നു. അതിനോടനുബന്ധിച്ചുണ്ടായ തുടർചലനങ്ങളും വിശദീകരിക്കുന്നു. പ്രേംചന്ദ് അത് ഇങ്ങനെ സമാഹരിക്കുന്നു, ‘‘1981ലെ അഴിമതിക്കാരനായ ഡോക്ടറെ ജനകീയ വിചാരണ ചെയ്ത സംഭവം ഉണ്ടാക്കിയ തുടർചലനങ്ങൾ പലതാണ്. നല്ല ഡോക്ടർമാരും നല്ല ഗവേഷകരും നല്ല മനുഷ്യരുമായിരിക്കുക എന്നതും ഒരു പോരാട്ടമാണ്. ആ വിചാരണയെ അതുകൊണ്ട് തന്നെ ഒരു ചരിത്രവിജയമാെണന്ന് പറയാം.’’
ജനകീയ സാംസ്കാരിക വേദിക്കുള്ളിലെ ആശയസമരത്തിന്റെ സന്ദർഭങ്ങൾ, വ്യക്തികളും പാർട്ടിയും തമ്മിലുണ്ടായ സംഘർഷത്തിന്റെ കാരണങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തുന്നു. കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ ആന്തരിക ശൈഥില്യം കണ്ടെത്താനുള്ള പാതകൾകൂടിയാണിത്. പ്രേംചന്ദ് ആ കാലത്തിന്റെ സാക്ഷി കൂടിയാണ്. അതുകൊണ്ട് ആ നാൾവഴികൾ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. .
പ്രേംചന്ദിന്റെ പത്രപ്രവർത്തക ജീവിതത്തിന്റെ സംഘർഷഭരിത സന്ദർഭങ്ങളും രേഖപ്പെടുത്തുന്നു. 1986ൽ മാതൃഭൂമിയിൽ ചേർന്നതു മുതൽ വിരമിച്ച കാലംവരെ നേരിട്ട വിവിധ അനുഭവങ്ങളുണ്ട്. മാനേജ്മെന്റുമായി ഇണങ്ങിയും പിണങ്ങിയും ജീവിച്ചതിന്റെ വിവരണങ്ങൾ. അതിൽ പലതും കേരളത്തിലെ മാധ്യമചരിത്രത്തിന്റെ ഭാഗംകൂടിയാണ്. ഇങ്ങനെ ഓർമകളുടെ നിരവധി അടരുകൾ ചേർത്തുവെച്ചാണ് ‘കാലാന്തരം’ സൃഷ്ടിച്ചിരിക്കുന്നത്. ഓർമകൾ അവസാനിക്കുന്നില്ലല്ലോ. പ്രേംചന്ദ് ഒടുവിൽ എഴുതുന്നു, ‘‘ഓർമയുടെ പാളങ്ങൾക്ക് അറ്റമില്ല.
പുറപ്പെട്ടിടത്തേക്കല്ല തിരിച്ചുപോകുന്നതെങ്കിലും അതൊരു അറ്റം കാണാ യാത്രയാണ്. എത്ര ആഴത്തിലേക്ക് പാതാളക്കരണ്ടി ആഴ്ത്തിയാലും അറ്റമെത്തില്ല. അപ്പോൾ എവിടെയെങ്കിലും നിർത്താതെ വയ്യ. ഓർമക്കും മറവിക്കും അതിന്റേതായ ഒരു തിരഞ്ഞെടുപ്പുണ്ട്. ബോധത്തിന്റെയും അബോധത്തിന്റെയും അൽഗോരിതം.‘കാലാന്തരം’ കാലത്തിന്റെ വ്യാഖ്യാനവും കണ്ടെത്തലുമാണ്. ഓർമകളുടെ വിക്ഷുബ്ധമായ തിരയിളക്കമാണ്. ചരിത്രം മായ്ച്ചു കളഞ്ഞുകൊണ്ടിരിക്കുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിത തുരുത്താണ്. അതാണ് ഈ രചനയുടെ പ്രസക്തി.