സ്മൃതിധാരകളുടെ വ്യസനവിന്യാസം

സമകാലിക ലോക നോവലിന്റെ അവലോകനമായ ‘നിശ്ശബ്ദ താരാവലി’ എന്ന പംക്തിയിൽ ഇൗ ലക്കം ചിലിയിലെ ഡയമേല എൽറ്റിറ്റിന്റെ ‘Never Did the Fire’ എന്ന കൃതിയെ വായിക്കുന്നു, വിശകലനം ചെയ്യുന്നു.ലാറ്റിനമേരിക്കയിലെ പ്രതിഭാധനരായ എഴുത്തുകാരുടെ കൃതികളെ പരിഭാഷയിലൂടെയാണ് നാം സ്വന്തമാക്കിയത്. എന്നാൽ, ഇംഗ്ലീഷിലേക്കുള്ള മൊഴിമാറ്റത്തിന് വിധേയമാവാത്തതും എളുപ്പമല്ലാത്തതുമായ മികച്ച ആഖ്യാനങ്ങൾ ഇന്നും നമുക്ക് അപ്രാപ്യമാണ്. യഥാസമയത്തുള്ള വിവർത്തനത്തിന്റെ അഭാവത്തിൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
സമകാലിക ലോക നോവലിന്റെ അവലോകനമായ ‘നിശ്ശബ്ദ താരാവലി’ എന്ന പംക്തിയിൽ ഇൗ ലക്കം ചിലിയിലെ ഡയമേല എൽറ്റിറ്റിന്റെ ‘Never Did the Fire’ എന്ന കൃതിയെ വായിക്കുന്നു, വിശകലനം ചെയ്യുന്നു.
ലാറ്റിനമേരിക്കയിലെ പ്രതിഭാധനരായ എഴുത്തുകാരുടെ കൃതികളെ പരിഭാഷയിലൂടെയാണ് നാം സ്വന്തമാക്കിയത്. എന്നാൽ, ഇംഗ്ലീഷിലേക്കുള്ള മൊഴിമാറ്റത്തിന് വിധേയമാവാത്തതും എളുപ്പമല്ലാത്തതുമായ മികച്ച ആഖ്യാനങ്ങൾ ഇന്നും നമുക്ക് അപ്രാപ്യമാണ്. യഥാസമയത്തുള്ള വിവർത്തനത്തിന്റെ അഭാവത്തിൽ നാം അത്രകണ്ട് വായിക്കാതെ പോയ പ്രഗല്ഭയായ എഴുത്തുകാരിയാണ് ചിലിയിലെ ഡയമേല എൽറ്റിറ്റ്. സ്പാനിഷ് ഭാഷയിലും സംസ്കാരത്തിലും പ്രമുഖ സ്ഥാനമുള്ള നോവലിസ്റ്റായ എൽറ്റിറ്റ് ശക്തമായ നിലപാടുകളിലൂടെയും രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിലെ ഇടപെടലുകളിലൂടെയും ശ്രദ്ധേയയാണ്. അധികാരത്തിന്റെ ഭീകരതയെ ചെറുത്തുനിന്ന ലാറ്റിനമേരിക്കയിലെ സാഹിത്യ ചരിത്രത്തിൽ എൽറ്റിറ്റ് തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നു. അവരുടെ കൃതികളിൽ ബഹുവിധത്തിലുള്ള അധികാരപ്രതിനിധാനത്തിന്റെ രൂപങ്ങളെ നിരീക്ഷിക്കാം. സാമൂഹികാവസ്ഥകളും ശരീരവ്യവഹാരങ്ങളും ലിംഗഭേദങ്ങളും അടരുകൾ പാകുന്ന രാഷ്ട്രീയത്തിന്റെ ധാര ആഖ്യാനത്തിന്റെ അസ്തിവാരമാവുന്നു.
സ്വേച്ഛാധിപത്യാനന്തര കാലഘട്ടത്തിൽ ഒരു യുട്ടോപ്യ നിലവിൽ വരുമെന്ന പ്രതീക്ഷയൊന്നും എൽറ്റിറ്റ് ആഖ്യാനങ്ങളിൽ വെച്ചുപുലർത്തുന്നില്ല. ചിലിയിൽ 1973 മുതൽ 1990 വരെയുള്ള പിനോഷെയുടെ ഏകാധിപത്യത്തിന്റെ ഭരണത്തിലാണ് സെൻസർഷിപ്പും ഗുരുതരമായ സാമ്പത്തികനയങ്ങളും നടപ്പാക്കിയത്. ഇത്തരം ഒരു സന്ധിയിൽ, 1980കളിൽ, എൽറ്റിറ്റ് എന്ന എഴുത്താൾ ശ്രദ്ധനേടി തുടങ്ങി. പ്രസ്തുത കാലഘട്ടത്തിൽ കടുത്ത നിയന്ത്രണങ്ങളുടെയും അരാജകത്വത്തിന്റെയും വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷത്തിൽ അശാന്തമായ ചുറ്റുപാടിനെ അവർ എഴുത്തിലൂടെ പ്രതിരോധിച്ചു. വെല്ലുവിളി നിറഞ്ഞ നവീനമായ പ്രമേയങ്ങളും ശിൽപഘടനയും എൽറ്റിറ്റിന്റെ എഴുത്തിനെ വേറിട്ടതാക്കുന്നു. സർവാധിപത്യത്തിന്റെ സ്തൂപങ്ങളെ തന്നാലാവുന്നവിധം പിടിച്ചുകുലുക്കാനായി അവർ സർഗാത്മകരചനയിലൂടെ ലക്ഷ്യമിട്ടു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. സ്വാഭാവികമായും ചിലിയിലെ ചരിത്രവും അധികാരസമവാക്യങ്ങളും അവർ സംബോധനചെയ്യുന്നുണ്ട്.
രാജ്യത്തിന്റെ ഭീതിദമായ സ്ഥിതിയിൽനിന്ന് രക്ഷപ്പെടാൻ എഴുത്തും ചിന്തയും സഹായകമാകുമെന്ന് എൽറ്റിറ്റ് കണ്ടെത്തി. വിശദീകരിക്കാൻപോലും കഴിയാത്ത തരത്തിൽ, ഗർത്തങ്ങളിലേക്ക് നിപതിക്കുന്ന അവസ്ഥയിലെത്തിച്ചേരുന്ന മനുഷ്യരുടെ പ്രതിനിധിയായി അവർ വാക്കുകളിലൂടെ അതിജീവനം നടത്തുന്നു. കൃത്യതയുള്ള രാഷ്ട്രീയം മുറുകെ ചേർത്തുകൊണ്ട്, ആഴങ്ങളിലേക്ക് പരക്കുന്ന സൂക്ഷ്മഭേദങ്ങളുടെ ആഖ്യാനങ്ങൾ രചിക്കുക എന്നത് തന്റെ നിയോഗമായി എൽറ്റിറ്റ് ഏറ്റെടുത്തു. എൽറ്റിറ്റിന്റെ ‘Never Did the Fire’ എന്ന നോവലും ഈ ഗണത്തിൽപെടുന്നതാണ്. ഈ ആഖ്യാനം ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത് പ്രസിദ്ധ പരിഭാഷകനായ ഡാനിയേൽ ഹാൻ ആണ്. സ്ത്രീപക്ഷ കാഴ്ചപ്പാടിൽ എഴുതുന്ന എൽറ്റിറ്റ് പുരുഷന്റെ സ്ഥാനം അധികാരവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നതിന് എതിരെ കലഹിക്കുന്നു.
ഈ നോവലിലും ആഖ്യാതാവ് സ്ത്രീ ആണെന്നത് എടുത്തുപറയണം. സുതാര്യമായ തലത്തിൽ വായിക്കാൻ കഴിയാത്തതും അനേകം അടരുകളിലൂടെ അവ്യക്തത കലർന്നതുമായ ഒരു ആഖ്യാനമാണിത്. ഒരുകാലത്ത് സജീവമായ രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ടു മനുഷ്യർ ജീവിതത്തിന്റെ സായാഹ്നത്തിൽ ഒരു കൊച്ചുമുറിയിൽ തളയ്ക്കപ്പെട്ടതിന്റെ ചിത്രമാണ് ആഖ്യാനം വരച്ചുകാണിക്കുന്നത്. പ്രായംചെന്ന സ്ത്രീകഥാപാത്രത്തിന്റെ ചിന്തകളിലൂടെ മുന്നോട്ടുപോകുന്ന നോവലിൽ അവരെക്കാളും വയസ്സുകൊണ്ട് മൂപ്പുള്ള, അവരുടെ പങ്കാളിയായ പുരുഷകഥാപാത്രത്തിനും തുല്യമായ സ്ഥാനം വഹിക്കാനുണ്ട്. ഒറ്റമുറിയുടെ പരിധിയിൽ അകപ്പെട്ട ഇടത്ത്, അവരിരുവരുടെയും പതിഞ്ഞ സമ്പർക്കങ്ങളിൽകൂടിയാണ് നോവലിന്റെ കാതൽ വെളിപ്പെടുന്നത്. കൃതിയിൽ സൂചിപ്പിക്കുന്നതുപോലെ സമയം നിയന്ത്രിക്കുന്ന, സമയത്താൽ മാത്രം ചുറ്റപ്പെട്ട സ്ഥലത്ത് കെണിയിലകപ്പെട്ട ശരീരങ്ങളെ പോലെയായിരുന്നു അവർ.
രാഷ്ട്രീയത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച രണ്ടുപേരുടെ വാർധക്യജീവിതം ആനന്ദകരമല്ലാതാവുന്നതിന്റെ അന്തരീക്ഷമാണ് പൊതുവെ നോവലിലുള്ളത്. ഭൂതകാലവും വർത്തമാനകാലവുമായി ഇടകലരുന്ന ആഖ്യാനത്തിൽ, അധികാരശക്തികൾക്കെതിരെ പോരാടിയ പുരുഷനും സ്ത്രീയും ഇന്ന് ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. അവരെ സ്നേഹത്തേക്കാൾ ചരിത്രദശകളുടെ ബലമുള്ള ചങ്ങലകളാണ് ബന്ധിച്ചിരിക്കുന്നതെന്ന് അനുമാനിക്കാം. ഒളിവുജീവിതം അവർക്ക് കനത്ത നഷ്ടങ്ങൾ മാത്രമാണ് സമ്പാദിച്ചുകൊടുത്തത്. കൃത്യമായ സമയത്ത് ചികിത്സ നേടാൻ കഴിയാത്തതിനാൽ അവരുടെ മകൻ ചെറുപ്രായത്തിൽതന്നെ മരിക്കുകയുംചെയ്തു. വർഷങ്ങൾ കഴിഞ്ഞിട്ടും ആ രണ്ടുവയസ്സുകാരന്റെ മരണം സൃഷ്ടിച്ച ആഘാതത്തിൽനിന്നും കരകയറാൻ അവർക്കായില്ല. ജീവിതത്തിന്റെ ശിശിരകാലത്ത്, ആദർശങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറമായി പരസ്പരം തൊടുന്ന വാത്സല്യം അവരിൽ ബാക്കിനിൽക്കുന്നു.
മറ്റൊന്നും ചെയ്യാനാവാതെ, സമയപ്രവാഹത്തിന് സാക്ഷികളാവാനേ അവർക്ക് പറ്റുന്നുള്ളൂ. മകനെ കുറിച്ചോർക്കുമ്പോൾ ദുഃഖത്തിന്റെ നിലയില്ലാക്കടലിൽ വീണുപോകുന്ന അച്ഛനമ്മമാരായി അവർ മാറുന്നു. രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ഓമനത്തമുള്ള മുഖഭാവം ഒരുദിനം പോലും ഓർക്കാതെയിരിക്കാൻ അവർക്ക് കഴിഞ്ഞില്ല. അലച്ചിലിലും അല്ലലിലുംപെട്ട് ജീവിതത്തിന്റെ ‘നല്ല’ നാളുകൾ താണ്ടിയ അവർ രോഗവും വേദനയും ബാധിക്കുന്ന രണ്ടു ശരീരങ്ങളായി ചുരുങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. ഏറ്റവും അടുത്തിരുന്നിട്ടും അയാളുടെ മുഖത്തെ നിർജീവത മാത്രമേ ആഖ്യാതാവിനു തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ. ഓജസ്സും ചൈതന്യവുമുള്ള പഴയമുഖം മറവിയുടെ പുതപ്പിലേക്ക് ആഴ്ന്നുതുടങ്ങിയിരുന്നു. ശാരീരികമായി ദുർബലരായ അവസ്ഥയിലാണ് അവർ രണ്ടുപേരും.
എങ്കിലും അയാൾ കൂടുതൽ ക്ഷീണിതനും അനാരോഗ്യവാനുമാണ്. പണ്ട് അയാൾക്കൊപ്പം നൃത്തം ചവിട്ടിയ സ്ത്രീയെ കുറിച്ചും അവളുമായുള്ള അടുപ്പത്തെ പറ്റിയും ആഖ്യാതാവ് ചോദിക്കുന്നുണ്ട്. ലോകം ഒരു ചതുരമുറിയിലേക്ക് ചുരുക്കപ്പെടുന്നതോടെ ഭൂഖണ്ഡങ്ങളുടെയും മഹാസമുദ്രങ്ങളുടെയും പ്രക്ഷുബ്ധ വ്യവഹാരങ്ങളുടെ വിസ്തൃതി അളന്നെടുക്കാവുന്നതായി. ഓർമകൾ ശിഥിലമാണെങ്കിൽകൂടി, പരിസരതാളത്തെ ആവർത്തനവിരസവും അശാന്തവും ആക്കുന്നതാണെങ്കിൽ അവയെ കുറിച്ച് പറയാതിരിക്കുകയാവും ഭേദം എന്ന കരാറിലെത്തിച്ചേരുന്നുണ്ട് അവർ. ആരും നിർബന്ധിക്കാഞ്ഞിട്ടും ആർക്കും അനിവാര്യമായി തോന്നാഞ്ഞിട്ടും ആർക്കോ വേണ്ടി കൃത്യനിഷ്ഠ പാലിച്ചുകൊണ്ട് മടുപ്പിക്കുന്ന ലോകകാഴ്ചകളിൽ കണ്ണുകൾ ചേർത്തുവെക്കാനായിരുന്നു അവരുടെ ‘വിധി’.

ഡയമേല എൽറ്റിറ്റിന്റെ കൃതികൾ
കാഴ്ചയുടെ സൗന്ദര്യതലവും ഉൾക്കണ്ണിന്റെ നോട്ടങ്ങളും കൃത്യമായ തരത്തിൽ ആഖ്യാനത്തിൽ അപഗ്രഥനംചെയ്യുന്നുണ്ട്. അവയുടെ ഏറ്റവും വലിയ പൂർണതയിലോ അധഃപതനത്തിലോ ജലസദൃശമായതോ സ്ഫടികസംബന്ധമായതോ ആയ, ബുദ്ധിസാമർഥ്യത്തിന്റെ അടയാളപ്പെടുത്തലുകളുള്ള ഒരു രൂപമുണ്ടെന്നുള്ള പരാമർശം കണ്ണിന്റെ ആഴങ്ങളെ നിർവചിക്കുന്നു. ഭാവനാപരമായ ദർശനങ്ങളെ വ്യക്തതയോടെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ‘കണ്ണി’ന്റെ സാധ്യതകളെ വ്യാഖ്യാനിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. മറ്റൊരുവിധത്തിൽ, തത്ത്വചിന്താപരമായ ഉറ്റുനോട്ടങ്ങളെ സ്വായത്തമാക്കുന്ന അവയവത്തിന്റെ ഘടനയിലൂടെ മേൽപരാമർശിച്ച തോന്നലിനെ അവലോകനം ചെയ്യുകയാണ്. കാഴ്ചയുടെ രാഷ്ട്രീയവും ചരിത്രബന്ധങ്ങളും മുൻനിർത്തി ചരിത്രത്തിന്റെ മാറ്റങ്ങൾ ഭൂതകാലദൃശ്യങ്ങളുടെ സമവാക്യങ്ങളിൽ മാറ്റം വരുത്തുന്നതും ആഖ്യാതാവ് ബോധ്യപ്പെടുത്തുന്നു.
കാഴ്ച എഴുത്തായി പരിണമിക്കുന്ന പ്രക്രിയയിൽ അതീവജാഗ്രത പുലർത്തേണ്ടതുണ്ട്. ഒരു വാക്കിലോ അക്ഷരത്തിലോ വരുന്ന തെറ്റ് ചില സന്ദർഭങ്ങളിൽ അങ്ങേയറ്റത്തെ വിനാശം സൃഷ്ടിക്കുമെന്ന തിരിച്ചറിവ് പരമപ്രധാനമാണ്. ചിന്തകനായ ജോൺ ബെർജറിന്റെ കൃതിയായ ‘Ways of Seeing’ മുന്നോട്ടുവെച്ച വാദങ്ങളെ ഇവിടെ പരിശോധിക്കുന്നത് അഭികാമ്യമാണ്. കലയിലും പരസ്യങ്ങളിലും നമ്മൾ ചിത്രങ്ങളെ എങ്ങനെ കാണുന്നു എന്നത് കേവലം വസ്തുനിഷ്ഠമായ നിരീക്ഷണത്തിന്റെ കാര്യമല്ല, മറിച്ച് സാംസ്കാരികവും സാമൂഹികവുമായ സന്ദർഭങ്ങളാൽ രൂപപ്പെടുന്നതാണെന്നുള്ള അദ്ദേഹത്തിന്റെ നിഗമനം ആഖ്യാനത്തിലെ രംഗവുമായി ചേർത്ത് വായിക്കണം. രാഷ്ട്രീയപ്രവർത്തനവുമായി ബന്ധപ്പെട്ട് പകർത്തിയെഴുതുന്ന ജോലിചെയ്തിരുന്ന ആഖ്യാതാവ് അക്കാലത്തെ ചില നൈതികപ്രശ്നങ്ങളെ പറ്റിയും ചില വാക്കുകളും മറ്റും മാറിപ്പോയാൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ഓർമിക്കുന്നു. അതിജീവനത്തിന്റെ ശ്രമങ്ങൾക്ക് വാക്കുകൾ ദിശ പകരുന്നതും ശ്രദ്ധേയമാണ്.
അധികാരം നിയന്ത്രണത്തിലാക്കിയ മനുഷ്യരുടെ ലോകം എൽറ്റിറ്റ് ചിത്രീകരിക്കുന്നു. വ്യവസ്ഥകളുടെ സങ്കീർണവഴികൾ മൂല്യവിചാരത്തെ ബാധിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് എഴുത്താൾ വ്യക്തമാക്കുന്നത്. ഒരുപക്ഷേ പിനോഷെയുടെ ഏകാധിപത്യത്തിന്റെ ഇരകളായവരാണ് നോവലിലെ മുഖ്യ കഥാപാത്രങ്ങൾ എന്ന് കരുതുന്നതിൽ തെറ്റില്ല. ഒരവസരത്തിൽ, അധികാരവർഗത്തിനെതിരെയുള്ള ആഖ്യാതാവിന്റെ സ്വരം കൂടെയുണ്ടായിരുന്ന എട്ടുപേരെ സംഘർഷത്തിലാക്കി. വാക്കുകൾ പുറത്തുവന്നതിനു ശേഷമാണ് അതിന്റെ ആഘാതത്തെ പറ്റി ആഖ്യാതാവ് ചിന്തിച്ചത്. അന്ന് സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന അവരുടെ പങ്കാളി അപ്പോഴും അക്ഷോഭ്യനായി നിലകൊണ്ടു. വർഷങ്ങൾക്കിപ്പുറം അയാളാണ് ഇന്ന് കിടക്കയിൽതന്നെ മുഴുവൻ സമയവും ചെലവഴിക്കുന്നത്. പട്ടാളത്തിന്റെയും അധികാരികളുടെയും ഇച്ഛകൾക്കനുസൃതമായി ചലിക്കുന്ന പാവകളായി അവരിരുവരും പരിണമിക്കുകയായിരുന്നു. സത്യത്തിൽ, കഴിഞ്ഞ ദശകങ്ങളിലെ യാഥാർഥ്യങ്ങളിൽനിന്ന് തങ്ങൾ ഒഴിഞ്ഞുമാറി എന്ന് ആഖ്യാതാവ് കുമ്പസാരിക്കുന്നുണ്ട്.
നീതിയുടെ നിർവചനവും സ്വാതന്ത്ര്യത്തിന്റെ ന്യായീകരണവും പുതിയ യുക്തിവിചാരത്തിന്റെ വേഷമിടാനും തുടങ്ങി. ഇപ്പറഞ്ഞ സംഭവങ്ങളുടെ ചുറ്റളവിൽ മാത്രമേ തങ്ങൾക്ക് പങ്കെടുക്കാൻ കഴിഞ്ഞുള്ളൂ എന്ന അവരുടെ പരാതി നൈരാശ്യത്തിൽനിന്ന് ഉടലെടുത്തതാവാനേ വഴിയുള്ളൂ. ചരിത്രം അങ്ങനെയാണ് എപ്പോഴും നിർമിച്ചിരിക്കുന്നത് എന്നത് ആശ്വാസവാക്യമായി ഗണിക്കാം. വിശാലമായ ലോകത്തിന്റെ അരികുകളിൽ ജീവിതം ഹോമിച്ചവരെ പിൽക്കാല ചരിത്രം യാതൊരു കുറ്റബോധവുമില്ലാതെ മറന്നുകളയും. അസ്തിത്വം നഷ്ടപ്പെട്ടുകൊണ്ട് പഴയകാലത്തെ തിക്തമായ ഓർമകളെ അയവിറക്കുക എന്നത് ഒട്ടും ഗുണപ്രദമല്ല. മഹത്തായ കർമം ചെയ്തുവെന്നതിന്റെ അടയാളംപോലും അവശേഷിക്കാത്ത വിധത്തിൽ തുടച്ചു നീക്കപ്പെടുന്നതോടെ ‘മരണം’ മാത്രമേ കഴിഞ്ഞ കാലത്തിന്റെ ഇരകൾക്ക് ആഗ്രഹിക്കാനാവുകയുള്ളൂ എന്നുറപ്പാണ്. ‘‘നമ്മുടെ ശരീരം, ഒരൊറ്റ കോശത്തിലേക്ക്, നമ്മളായിരിക്കുന്ന കോശത്തിലേക്ക് ലയിക്കുകയും അത് ഇപ്പോൾ ഒരു കോശപ്രതിസന്ധിയിലേക്കോ അല്ലെങ്കിൽ വഷളായ കോശാവസ്ഥയിലേക്കോ നമ്മെ നയിക്കുകയും ചെയ്യുന്നു’’ എന്ന ആഖ്യാതാവിന്റെ വാക്കുകൾ അവരുടെ ഇന്നത്തെ ചുറ്റുപാടുകളെയും പങ്കാളിയുടെ മരണാസന്നമായ സാഹചര്യത്തെയും സൂചിപ്പിക്കുന്നു.
മരണം എന്ന യാഥാർഥ്യം അംഗീകരിക്കുന്നതോടെ, ശരീരം നശ്വരമായ ഭാഗങ്ങളാൽ കൂട്ടിച്ചേർക്കപ്പെട്ട ഘടനയാണെന്ന ബോധ്യവും ഉണ്ടാകുകയാണ്. രസതന്ത്രത്തിൽ നൊേബൽ സമ്മാനം ലഭിച്ച വെങ്കി രാമകൃഷ്ണന്റെ ‘Why We Die’ എന്ന വിഖ്യാത പുസ്തകത്തിൽ മരണത്തെ കോശങ്ങളുമായി ബന്ധപ്പെടുത്തി പഠിച്ചിട്ടുണ്ട്. അതുപ്രകാരം ജനനസമയം മുതൽതന്നെ ജൈവഘടികാരം പൂജ്യത്തിൽനിന്ന് മരണത്തിലേക്ക് മിടിച്ചുകൊണ്ടിരിക്കുകയാണ്. ചെറുപ്രായത്തിൽ പരിഹരിക്കപ്പെടുന്ന തകരാറുകളും കേടുപാടുകളും പ്രായമാകുമ്പോൾ പരിഹരിക്കപ്പെടാതെയാകുകയും അത് കോശങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഇങ്ങനെ കോശങ്ങൾ നശിച്ചുപോകുന്ന അവസ്ഥയാണ് മരണം. കോശങ്ങൾക്ക് സംഭവിക്കുന്ന രാസക്ഷയത്തിന്റെയും ക്ഷതങ്ങളുടെയും ആകത്തുകയായും മരണത്തെ കാണാം.
‘കോശം’ എന്ന അർഥംകൂടിയുള്ള ‘സെൽ’ എന്ന പദം നോവലിൽ പലപ്പോഴും പരാമർശിക്കുന്നുണ്ട്. ഒരു വിപ്ലവ പ്രസ്ഥാനത്തിൽ രഹസ്യമായി പ്രവർത്തിക്കുന്ന ഒരു സംഘം മനുഷ്യരെയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഈ സെല്ലുകൾക്ക് പ്രത്യേക ജോലികൾ ചെയ്യാൻ കഴിയുന്നു. നിശ്ചിത സെല്ലിന് പുറത്തുള്ളവരെ സ്നേഹിക്കാനോ വെറുക്കാനോ ഉള്ള അനുവാദം അംഗങ്ങൾക്കുണ്ടായിരുന്നില്ല. മൂന്നാമത്തെ സെല്ലിൽ ആയിരുന്നു ദമ്പതികൾ അംഗങ്ങളായിരുന്നത്. എന്നാൽ അത് രാഷ്ട്രീയ, ഭരണകൂട ഇടപെടലുകൾ കാരണം തകർന്നു. തുടക്കത്തിൽ ഒന്നിച്ചുനിന്ന സെല്ലുകളൊക്കെ ക്രമേണ വിഘടിക്കുകയുംചെയ്തു. ആന്തരിക അഭിപ്രായവ്യത്യാസങ്ങളും രാഷ്ട്രീയസമ്മർദങ്ങളും കാരണം പരാജയപ്പെട്ട വിപ്ലവത്തെ കുറിച്ചും വിശേഷിച്ച് മൂന്നാമത്തെ സെല്ലിന്റെ അവസ്ഥയെ കുറിച്ചും ആഖ്യാതാവ് പങ്കാളിയോട് വൈകാരികമായി സംസാരിക്കുന്നുണ്ട്. ഭരണകൂടം സുസംഘടിതമായി കെടുത്തിയ വിപ്ലവരശ്മികളെ കുറിച്ച് ജീവിതത്തിന്റെ അന്ത്യനാളുകളിൽ വിചിന്തനം നടത്തുന്ന ദമ്പതിമാരോട് അടുപ്പം തോന്നുന്നതിൽ അതിശയമില്ല.
അന്നത്തെ പതിവുകൾ ആലോചിച്ചെടുക്കുന്ന ആഖ്യാതാവ് ഭർത്താവിന്റെ ചില ശാഠ്യങ്ങളെ പറ്റി സംസാരിക്കുന്നുണ്ട്. സാങ്കേതികോപാധികൾ ഉപയോഗിക്കുന്നതിന് അയാൾ എതിരായിരുന്നുവെന്നും കാൽക്കുലേറ്റർപോലും നിഷിദ്ധമായിരുന്നുവെന്നും അവർ ഓർമിക്കുന്നു. ഇതിന്റെ ഭാഗമായി ടെലിവിഷനും അവർ ഉപേക്ഷിച്ചു. നിയതമായ അളവുകളുള്ള ചതുരമുറിയിലെ സ്ഥാവരജംഗമവസ്തുക്കളെ കണ്ടുകൊണ്ടുള്ള പകലുകളും കാഠിന്യമുള്ള മടുപ്പിക്കുന്ന രാത്രികളും അവരെ ഹതാശരാക്കി. ഗുരുതരമായ ത്വക് രോഗത്തിന്റെ പിടിയിലകപ്പെട്ട അയാൾ ശാരീരികവും മാനസികവുമായി ക്ഷീണിച്ചു. ശരീരത്തിലെ ഓരോ അവയവത്തിന്റെയും പ്രവർത്തനം നിലച്ചുപോകുന്ന അവസ്ഥ ഭയപ്പെടുത്തുന്നതാണ്. ഏകതാനതയും ഏകാന്തതയും അലട്ടുന്നതോടെ പ്രകാശത്തിന്റെ ഊഷ്മളതക്ക് കോട്ടംതട്ടുകയും ഇരുട്ട് വ്യാപിക്കുകയും ചെയ്യുന്നു. സി.ആർ. പരമേശ്വരന്റെ നോവലായ ‘പ്രകൃതിനിയമ’ത്തിലെ ‘അർശോരോഗികളുടെ കമ്യൂൺ’ ഈ ചുറ്റുപാടിൽ പരാമർശിക്കുന്നതിൽ സാംഗത്യമുണ്ട്. ‘‘വൈകുന്നേരമായതോടെ വീടുകളിൽനിന്ന് ഒറ്റയ്ക്കൊറ്റയ്ക്ക് ചിലർ പുറത്തുവന്നു. അനാഥരെപ്പോലെയോ ഒറ്റുകാരെപ്പോലെയോ അവർ തെരുവിലൂടെ നീങ്ങി’’ എന്ന വാക്യത്തിലെ പശ്ചാത്തലംതന്നെയാണ് എൽറ്റിറ്റും വികസിപ്പിക്കുന്നത്. അധികാരഗോപുരത്തിലിരിക്കുന്ന റിങ്മാസ്റ്റർമാരുടെ നിർദേശമനുസരിച്ച് ജനങ്ങൾക്ക് പെരുമാറേണ്ടിവരുന്നത് അങ്ങേയറ്റം അപലപനീയമാണ്.
മുതലാളിവർഗത്തിന്റെ സമ്പദ്വ്യവസ്ഥയും അതിന്റെ ഇടുങ്ങിയ ചിന്താഗതിയും ഒത്തുപോകുന്നില്ലെന്നുമുള്ള വിചാരം അവർ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. സമാധാനപൂർണമായ ഒരു ജനാധിപത്യ ഉടമ്പടിയെ പ്രായോഗികമാക്കാൻ വേണ്ടി യത്നിച്ച ഈ ദമ്പതികൾ ശബ്ദമില്ലാത്തവരുടെ ശബ്ദമായി വർത്തിച്ചു. എന്നാൽ ഇന്ന്, ഒരു ചെറിയ ശബ്ദംപോലും സഹിക്കാനാവാത്ത വിധം അവർ ജീവിതപുസ്തകത്തിൽ മറ്റൊരു അധ്യായം എഴുതിക്കൊണ്ടിരിക്കുന്നു. സ്ഥലകാലനിബദ്ധമല്ലാത്ത ഒരു ഇടത്തിലാണ് അവർ ഇപ്പോഴുള്ളത്. ചലനങ്ങളില്ലാത്ത, ഏതാണ്ട് നിശ്ചലമായ ജീവിതത്തിൽ സമയത്തിനും സ്ഥലത്തിനും പ്രസക്തി ഇല്ലാതാകുകയാണ്. ഒരു നല്ല നാളെ സ്വപ്നം കണ്ടുകൊണ്ട് തടവിൽ കഴിയേണ്ടിവന്ന മനുഷ്യർ അനുഭവിച്ച ശാരീരിക കഷ്ടതകൾ പരിതാപകരമായിരുന്നു. അസ്വാസ്ഥ്യത്തിന്റെ ഉപ്പുകടലുകളെ തീർക്കുന്ന മനോരാജ്യങ്ങൾ അക്കൂട്ടരെ കീഴടക്കുന്നു. വിപ്ലവ പരാജയത്തിന്റെ നാളുകളിൽനിന്ന് മറ്റൊരു ‘യുഗ’ത്തിലെത്തിച്ചേർന്ന മനുഷ്യരെ നോക്കി പരിഹസിച്ചുകൊണ്ട് ഭൂതകാലം നിലനിൽക്കുന്നു എന്ന വിചാരവും കരുത്താർജിക്കുന്നു.
സാഹിത്യരൂപമായ ‘നോവൽ’ തുറക്കുന്ന സർഗാത്മകസാധ്യതകളുടെ മാതൃകയായി എൽറ്റിറ്റിന്റെ ഈ കൃതിയെ സമീപിക്കാം. വൈയക്തികമായ ഭാവത്തോടെ ആഴ്ന്നിറങ്ങി സംവദിക്കുന്ന കഥാപാത്രങ്ങളുടെ ആന്തരിക പ്രതിസന്ധികളും സ്റ്റേറ്റിന്റെയും അധികാരത്തിന്റെയും ധ്വംസനങ്ങളും വല്ലാത്ത പ്രഹരശേഷിയോടെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. മനുഷ്യർ നേരിടുന്ന വെല്ലുവിളികളാണ് പ്രത്യക്ഷത്തിൽ ആഖ്യാനത്തിന്റെ അടരുകളെങ്കിലും അധികാരത്തിന്റെ സ്വാർഥപരമായ ദിശകളെ അപലപിക്കുന്ന തരത്തിലുള്ള ആശയങ്ങളുടെ അടിയൊഴുക്കുകൾ നോവലിൽ സമ്പന്നമാണ്.
ജീവിതസായാഹ്നത്തിൽ ഒരേ മുറിയിൽ ഒരു കട്ടിലിൽ കഴിയുന്ന പങ്കാളികൾക്കിടയിൽ രൂപം കൊള്ളുന്ന ‘രസതന്ത്രം’ തീർത്തും വേറിട്ടതാണ്. കാലുകൾ പരസ്പരം ഉരുമ്മുന്നതു വരെ ആഖ്യാതാവിൽ അസ്വസ്ഥത ജനിപ്പിക്കുന്നുണ്ട്. പങ്കാളിയുടെ കാലുറ ധരിച്ച കാലുകൾ തന്റേത് അല്ലായെന്നു ഉറപ്പിക്കാൻവേണ്ടി ഇരുവരുടെയും കാലുകൾ തമ്മിൽ സ്പർശിക്കരുതെന്ന വിചിത്രമായ വാശി അവർ പുലർത്തുന്നു. പ്രാഥമികമായും രണ്ടു മനുഷ്യർക്കിടയിലെ ശരീരങ്ങളുടെ സങ്കീർണവ്യവഹാരങ്ങളുടെ വിവരണമായി വായിക്കാവുന്ന നോവലിന്റെ മാനങ്ങൾ പലതാണ്. തന്നോടൊപ്പം ജീവിക്കുകയും പൊരുതുകയും സന്തോഷിക്കുകയും വിഷമിക്കുകയും ശ്വാസോച്ഛ്വാസം ചെയ്യുകയും നിരാശപ്പെടുകയും ചെയ്യുന്ന മനുഷ്യന്റെ സത്തയെ പൂർണമായും ഉൾക്കൊള്ളാൻ ആഖ്യാതാവിനേ സാധിക്കൂ എന്നുറപ്പാണ്. മകൻ മരിച്ചതിന്റെ ദുഃഖം അധികരിക്കുന്നത് അവനെ തക്കസമയത്ത് ചികിത്സിക്കാൻ കഴിഞ്ഞില്ല എന്നോർക്കുമ്പോഴാണ്. മകന്റെ നിശ്ചലമായ മുഖം തൊട്ടുകൊണ്ട് വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി നിൽക്കുന്ന അയാളെ ആശ്വസിപ്പിക്കാൻ അവൾ പകർത്തിയെഴുതിയ പരശ്ശതം വാക്കുകളിലൊന്നു പോലും സഹായത്തിനെത്തിയില്ല. അവന്റെ മുഖം കാണാനാവാതെ നീങ്ങുന്ന അയാൾ തന്റെ കൈമുട്ട് അവളുടെ വാരിയെല്ലുകളിൽ പൂഴ്ത്തുന്ന രംഗം അവൾ ഓർമിച്ചെടുക്കുന്നു. കരൾ കാർന്നു തിന്നുന്ന വേദനയാണ് അന്ന് അവർ രണ്ടുപേരും അനുഭവിച്ചത്.

ശീലങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യജീവിതത്തിന്റെ വിനിമയങ്ങളെ അധികാരം എങ്ങനെ കൈകാര്യംചെയ്യുന്നു എന്ന സൂചനയും നോവൽ പങ്കുവെക്കുകയാണ്. ‘‘നമ്മൾ മരിക്കാൻ പോകുന്നു, അല്ലെങ്കിൽ നമ്മൾ മരിച്ചു, അതുമല്ലെങ്കിൽ അവർ നമ്മളെ കൊന്നു’’ എന്ന് അയാൾ പറയുന്നുണ്ട്. വിശാലവും നിസ്വാർഥവുമായ ആഗ്രഹങ്ങൾ അധികാരത്തിന്റെ ‘തോക്കിൻകുഴലി’ൽ വീരചരമമടയുന്ന കാഴ്ചയാണിത്. നാലു ചുമരുകൾക്കുള്ളിൽ ചിന്തയുടെയും ഇച്ഛയുടെയും വിപ്ലവത്തിന്റെയും ദേശസ്നേഹത്തിന്റെയും അടരുകൾ കൃത്യതയോടെ രേഖപ്പെടുത്തേണ്ട ദൗത്യം ആഖ്യാതാവിലും പങ്കാളിയിലും നിക്ഷിപ്തമാവുന്നു. രാഷ്ട്രീയലക്ഷ്യത്തെ കുറിച്ചും വ്യവസായ ഉൽപാദനത്തെ സംബന്ധിച്ചും അവർക്ക് നയങ്ങളുണ്ടായിരുന്നു എന്നതും പ്രസക്തമാണ്. സമൂഹത്തിൽ മുതലാളിവർഗം ചുവടുറപ്പിക്കുന്നതോടെ കവിക്കും പുരോഹിതനും ഡോക്ടർക്കും അഭിഭാഷകനുമുള്ള പ്രത്യേക പദവി ഇല്ലാതാവുകയാണെന്നും ആഖ്യാതാവ് സൂചിപ്പിക്കുന്നു. അമേരിക്കപോലൊരു രാഷ്ട്രത്തിന്റെ കണ്ടെത്തലും പുരോഗതിയും ആധുനിക വ്യവസായം നവവിപണിയുടെ ഉദയത്തിനു വഴിയൊരുക്കിയ ചരിത്രവും അവരുടെ സംഭാഷണത്തിൽ കടന്നുവരുന്നുണ്ട്
ഓർമകളെ ഉച്ചാടനം ചെയ്യാൻ കഴിയുക എന്നത് ഒരനുഗ്രഹവുമാവുന്ന ഘട്ടങ്ങളുണ്ട്. ഒരുപക്ഷേ അത്തരം സന്ദർഭം അവർ ആഗ്രഹിച്ചിട്ടുണ്ടാവും. പീഡനങ്ങളുടേതായ ദിനങ്ങൾക്കൊടുവിൽ കുടുസ്സുമുറിയിലെ വേവും വേവലാതിയുംകൂടി വീണ്ടും തോൽപിക്കുന്ന രണ്ടു മനുഷ്യരാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. ശാരീരിക പീഡകൾക്കിടയിലും വിപ്ലവവീര്യത്തിന്റെ തീ അണയാതെ സൂക്ഷിക്കുന്ന പോരാളികളുടെ കഥയാണ് എൽറ്റിറ്റ് പറയുന്നത്. ഓർമയുടെ വ്യസനസ്തൂപം കെട്ടിയുയർത്തിക്കൊണ്ട് ത്യാഗഭരിതമായ ജീവിതങ്ങളുടെ മിടിപ്പുകളെയാണ് നോവലിൽ അവതരിപ്പിക്കുന്നത്. ആഭ്യന്തരമായ പ്രതിസന്ധികൾ അവർ കൃത്യമായി തിരിച്ചറിയുന്നുണ്ട്. എന്നാൽ, അവയെ തരണംചെയ്യാനാവാതെ അഭാവങ്ങളുടെ നിഴൽ മൂടിക്കൊണ്ട് ജീവിതം ദുർഘടസന്ധിയിൽ എത്തിച്ചേരുകയാണ്.
ഭാര്യയുടെ കരം പിടിച്ചുകൊണ്ട് പതുക്കെ നടന്നുനീങ്ങുന്ന അയാളുടെ മനസ്സിലെ ലോകത്തിന്റെ നിറം മങ്ങിയതാവാനാണ് സാധ്യത. അസ്തമയസൂര്യന്റെ കിരണങ്ങൾ അവർക്ക് മേൽ വീശിത്തുടങ്ങുകയുംചെയ്തു. ആദ്യമായും അവസാനമായും മകനുമായി കടൽത്തീരത്തു പോകുകയും ഫോട്ടോ എടുക്കുകയുംചെയ്തത് അവർ ഗദ്ഗദത്തോടെ സ്മരിക്കുന്നു. തിരയിളക്കങ്ങളുടെ കാലദൈർഘ്യം മാത്രമേ അവർക്ക് മകനെ കണ്ണുനിറച്ചു കാണാനായുള്ളൂവെന്ന വ്യസനം അലകളൊടുങ്ങാത്ത മഹാസാഗരമായി എന്നും അവരിരുവരിലും നിലനിന്നു. നശ്വരമായ ജീവിതത്തിൽ, ഇമചിമ്മി തുറക്കുന്ന നേരമേ ചില സത്യങ്ങൾ നിലനിൽക്കുകയുള്ളൂ എന്ന ബോധ്യമാണ് നോവലിസ്റ്റ് ആഖ്യാനത്തിലൂടെ ധ്വനിപ്പിക്കുന്നത്. അസ്വാസ്ഥ്യത്തിന്റെ ബിംബങ്ങളെ വെളിച്ചത്തുനിന്ന് മായ്ച്ചുകളയാൻ ശ്രമിക്കുന്നത് ആന്തരികമായ വെല്ലുവിളികളെ നേരിടാൻ കരുത്തില്ലാതെ വരുമ്പോഴാണ്. ഭരണകൂട നയങ്ങൾക്കെതിരെ പോരാടാൻ ആയുസ്സ് മുഴുവൻ ഉഴിഞ്ഞുവെച്ച സത്യസന്ധരായ മനുഷ്യരുടെ പരിണതിയാണ് ‘Never Did the Fire’ന്റെ പരോക്ഷപ്രമേയം എന്ന് പറയുന്നതിൽ തെറ്റില്ല. വിപ്ലവസ്വപ്നങ്ങളുടെ തകർച്ച ആശാഭംഗത്തിന്റെ അഗാധതലങ്ങൾ സൃഷ്ടിക്കുന്നത് എൽറ്റിറ്റ് വ്യാഖ്യാനിക്കുന്നു. വിശദമായി പറഞ്ഞാൽ, കഥാപാത്രങ്ങളുടെ ഭൂതകാല സ്മൃതികളെ സമർഥമായി വിന്യസിച്ചുകൊണ്ട് ഏകാധിപത്യ ചായ്വുകളെ നോവലാക്കി മാറ്റുന്ന വാക്കുകളുടെ തീജ്വാലയാണ് ഈ ആഖ്യാനം.