കീഴാള നവോത്ഥാനത്തെ ‘സരസ്വതീവിജയം’ അട്ടിമറിച്ചതെങ്ങനെ?

കീഴാള നവോത്ഥാനത്തിന് വഴിയൊരുക്കിയ നോവലായി വിലയിരുത്തപ്പെടുന്ന, 19ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ രചിക്കപ്പെട്ട ‘സരസ്വതീവിജയം’ പുനർവായിക്കുകയാണ് ഗവേഷക കൂടിയായ ലേഖിക. നോവലിലെ അപരവത്കരണത്തിന്റെ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നു. യഥാർഥത്തിൽ ഇൗ നോവൽ ആരെയാണ് പ്രതിസ്ഥാനത്ത് നിർത്തുന്നത്? ബ്രിട്ടീഷ് മലബാറിന്റെ സാമൂഹിക പശ്ചാത്തലത്തിൽ 1892ൽ പോത്തേരി കുഞ്ഞമ്പു രചിച്ച ‘സരസ്വതീവിജയം’ ബ്രാഹ്മണ്യത്തിനും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കീഴാള നവോത്ഥാനത്തിന് വഴിയൊരുക്കിയ നോവലായി വിലയിരുത്തപ്പെടുന്ന, 19ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ രചിക്കപ്പെട്ട ‘സരസ്വതീവിജയം’ പുനർവായിക്കുകയാണ് ഗവേഷക കൂടിയായ ലേഖിക. നോവലിലെ അപരവത്കരണത്തിന്റെ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നു. യഥാർഥത്തിൽ ഇൗ നോവൽ ആരെയാണ് പ്രതിസ്ഥാനത്ത് നിർത്തുന്നത്?
ബ്രിട്ടീഷ് മലബാറിന്റെ സാമൂഹിക പശ്ചാത്തലത്തിൽ 1892ൽ പോത്തേരി കുഞ്ഞമ്പു രചിച്ച ‘സരസ്വതീവിജയം’ ബ്രാഹ്മണ്യത്തിനും ജാതിമർദനങ്ങൾക്കുമെതിരായ നവോത്ഥാനാശയങ്ങൾ പങ്കുവെക്കുന്ന നോവലായാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.
“19ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ദേശീയപ്രസ്ഥാനത്തിൽ രൂപംകൊണ്ട കുടുംബപരിഷ്കരണവും രാഷ്ട്രീയപരിഷ്കരണവും മലയാള നോവലുകളിൽ നായർ കുടുംബ പരിഷ്കരണവും സാമുദായിക രാഷ്ട്രീയവാദവുമായി മാറിയപ്പോൾ, ദേശീയ പ്രസ്ഥാനത്തിലെ സമാന്തരധാരയായ ജാതിനിർമാർജനം ഉള്ളടക്കമായുള്ള സാമൂഹിക പരിഷ്കരണം ആവിഷ്കരിച്ച് രൂപംകൊണ്ട നോവലാണ്, 1892ൽ ഒന്നാംപതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട പോത്തേരി കുഞ്ഞമ്പുവിന്റെ ‘സരസ്വതീവിജയം’ ’’ (കെ.കെ. കൊച്ച്, കേരളം മറന്ന സാമൂഹ്യപരിഷ്കരണം.)
‘ഇന്ദുലേഖ’ ഉൾപ്പെടെയുള്ള മലയാള നോവലുകൾ ഉൽപാദിപ്പിച്ച കൊളോണിയൽ രാഷ്ട്രീയബോധത്തിന് ബദലായി ഉയർന്നുവന്ന കീഴാള നവോത്ഥാനത്തിന് വഴിയൊരുക്കിയ നോവലായാണ് കെ.കെ. കൊച്ച് ഉൾപ്പെടെയുള്ള സാഹിത്യനിരൂപകർ ‘സരസ്വതീവിജയ’ത്തെ കണ്ടത്. സ്മൃതിനിയമങ്ങളുടെ പൊള്ളത്തരത്തെയും മനുഷ്യത്വവിരുദ്ധമായ ജാതിബോധത്തെയും ജീർണത ബാധിച്ച സാമൂഹികാചാരങ്ങളെയും തുറന്നുകാട്ടുകയും കീഴ്ജാതിക്കാരുടെ വിമോചനത്തിനുള്ള വഴി വിദ്യാഭ്യാസമാണെന്നു വിളിച്ചുപറയുകയും ചെയ്യുന്ന ഈ നോവൽ കീഴാള നവോത്ഥാന ബോധത്തിന് പുതിയവെളിച്ചം പകരുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. എന്നാൽ, കോളനിയനന്തര വിമർശന പദ്ധതി മുന്നോട്ടുവെച്ച കീഴാളപഠനത്തിന്റെ (subaltern study) സമീപനരീതികളെ മുൻനിർത്തി ‘സരസ്വതീവിജയം’ വായിക്കുമ്പോൾ മുകളിൽ പറഞ്ഞ ‘കീഴാളവായനകൾ’ എത്രകണ്ട് ശരിയായിരുന്നു എന്ന സന്ദേഹങ്ങൾ ഉയർന്നുവരും. കൊളോണിയലിസവും മുതലാളിത്തവും അധികാരത്തിന്റെയും അറിവിന്റെയും ആധിപത്യഘടനയിൽനിന്ന് പാർശ്വവത്കരിച്ച, അടിച്ചമർത്തിയ, ഒഴിവാക്കിനിർത്തിയ സമൂഹങ്ങളെ ഒന്നാകെ സൂചിപ്പിക്കുന്ന പദമാണ് ‘സബാൾേട്ടൺ’. അതിനകത്ത് തൊഴിലാളികളുണ്ട്, കർഷകരുണ്ട്, സ്ത്രീകളുണ്ട്, ദലിതരുണ്ട്, മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുണ്ട്.
സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നും മാറ്റിനിർത്തപ്പെട്ടവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും വിശകലനം ചെയ്തുകൊണ്ട്, സാമൂഹികഘടനയിൽ ആധിപത്യം പുലർത്തുന്ന അധികാര സംവിധാനങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമമാണ് കീഴാളപഠനം മുന്നോട്ടുവെക്കുന്നത്. 2005ൽ പ്രസിദ്ധീകൃതമായ സബാൾട്ടേൺ പഠനങ്ങളുടെ പന്ത്രണ്ടാം എഡിഷൻ മുന്നോട്ടുവെച്ച ചർച്ച ‘Muslims, Dalits, and the Fabrications of History’ എന്ന വിഷയത്തിലൂന്നിയുള്ളതായിരുന്നു. കീഴാളപഠനത്തിന്റെ സംവാദമണ്ഡലത്തിലേക്ക് മുസ്ലിമിനെയും കൊണ്ടുവരാൻ ഈ ഗവേഷണ ജേണലിന്റെ പ്രസിദ്ധീകരണത്തിലൂടെ സാധിച്ചു. ആ നിലയിൽ അന്വേഷിക്കുമ്പോൾ ഇന്ത്യയിലെ കീഴാളരായ ജനവിഭാഗങ്ങളിൽപെടുന്ന മുസ്ലിംകളെ ‘സരസ്വതീവിജയം’ എന്ന ‘കീഴാള നവോത്ഥാന നോവൽ’ എങ്ങനെയാണ് ഉൾക്കൊണ്ടിട്ടുള്ളത് എന്നു പരിശോധിക്കുന്നത് നന്നായിരിക്കും. കൊളോണിയലിസവും മിഷനറി പ്രവർത്തനങ്ങളും നിർമിച്ചെടുത്ത സമത്വബോധത്തിലൂന്നിനിന്നാണ് കാലങ്ങളായി നിലനിന്നിരുന്ന അസമത്വത്തിന്റെ പ്രത്യയശാസ്ത്രത്തെ കുഞ്ഞമ്പു എതിരിടുന്നത്. അതുകൊണ്ടുതന്നെ നോവലിലെ സാമൂഹിക പ്രതിനിധാനങ്ങൾ, പ്രത്യേകിച്ച് മുസ്ലിം പ്രതിനിധാനം യാഥാർഥ്യത്തെ അടയാളപ്പെടുത്തുകയല്ല, മറിച്ച് പ്രശ്നവത്കരിക്കുകയാണ് ചെയ്യുന്നതെന്നു കാണാൻ കഴിയും.
1887ൽ ‘കുന്ദലത’ രചിക്കുമ്പോൾ അപ്പു നെടുങ്ങാടിക്കും 1889ൽ ‘ഇന്ദുലേഖ’ എഴുതുമ്പോൾ ചന്തുമേനോനും നോവൽ എന്ന സാഹിത്യരൂപത്തെ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന സന്ദേഹമുണ്ടായിരുന്നു. ഒരു ‘പുതുമാതിരി കഥ’ എന്ന് അപ്പു നെടുങ്ങാടിക്കും ‘ഒരു നോവൽബുക്ക് ഏകദേശം ഇംഗ്ലീഷ് നോവൽബുക്കുകളുടെ മാതിരിയിൽ മലയാളത്തിൽ എഴുതാമെന്ന്’ ചന്തുമേനോനും ആമുഖക്കുറിപ്പുകളെഴുതേണ്ടിവന്നപ്പോൾ വിമോചനപരമായ ഒരാശയത്തെ ആവിഷ്കരിക്കാൻ നോവലെന്ന പുതുരൂപത്തിനാവുമോയെന്ന സന്ദേഹമൊന്നും കുഞ്ഞമ്പുവിന് ഉണ്ടായിരുന്നില്ല. പുലയരുടെ ദയനീയാവസ്ഥയാണ് ഇത്തരമൊരു പരിശ്രമത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ‘‘ഈ കഥ വായിക്കുന്ന ഏതൊരു മലയാളിക്കും മേൽപ്രകാരം കഷ്ടസ്ഥിതിയിലുള്ള ജീവികളുടെ (പുലയരുടെ) നേരെ ആർദ്രത തോന്നി ആ വക നിരാശ്രയന്മാരെ അവരുടെ സങ്കടസ്ഥിതിയിൽനിന്നു മാത്രമെങ്കിലും ഉദ്ധരിപ്പാൻ എന്റെ ഈ ചെറുതായ പ്രയത്നം ഇടവരുത്തുന്നുവെങ്കിൽ അതുതന്നെ എന്റെ ഈ പരിശ്രമത്തിന്റെ ഫലസിദ്ധിയാകുമായിരുന്നു’’ (സരസ്വതീവിജയം ഒന്നാം പതിപ്പിന്റെ മുഖവുര). എന്നാൽ, അന്നത്തെ സാമൂഹിക യാഥാർഥ്യത്തെ അതേ തീവ്രതയോടെ ആവിഷ്കരിക്കാനുള്ള എഴുത്തുകാരന്റെ ‘ഈ ചെറുതായ പ്രയത്നം’, കഥാഗതിയെ സ്വാധീനിക്കുന്ന മുസ്ലിം സാന്നിധ്യങ്ങൾ അത്രകണ്ട് യാഥാർഥ്യത്തെ പ്രതിനിധാനംചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്.
അടിമത്തനിരോധനം ഉൾപ്പെടെ കൊളോണിയൽ ഭരണം നാട്ടിൽ നടപ്പിലാക്കിയ നിയമങ്ങളൊന്നും വകവെക്കാതെ, മനുസ്മൃതിക്കപ്പുറം മറ്റൊരു ലോകവുമില്ലെന്നു വിശ്വസിച്ചിരുന്ന രത്നശേഖര ഇല്ലത്തെ കുബേരൻ നമ്പൂതിരിപ്പാടിന്റെയും ഒരു പാട്ടു പാടിയതിന്റെ പേരിൽ ജാതിമേലാളന്മാരുടെ പീഡനങ്ങളേൽക്കേണ്ടിവന്ന മരത്തനെന്ന പുലയന്റെയും ജീവിതത്തിലുണ്ടാകുന്ന വിമോചനാത്മകമായ പരിണാമമാണ് 'സരസ്വതീവിജയ’ത്തിന്റെ ഉള്ളടക്കം.

വില്യം ലോഗൻ, ‘മലബാർ മാന്വൽ’
വിചാരണ ചെയ്യപ്പെടുന്ന മുസ്ലിം
ഒട്ടേറെ മുസ്ലിം കഥാപാത്രങ്ങളുള്ള നോവലല്ല ‘സരസ്വതീവിജയ’മെങ്കിലും കഥാഗതിയെ നിർണായകമായി സ്വാധീനിക്കുന്ന ചില മുസ്ലിം സാന്നിധ്യങ്ങളും പരാമർശങ്ങളും നോവലിൽ ഉണ്ട്. കുബേരൻ നമ്പൂതിരിയുടെ കാര്യസ്ഥനായ രാമർകുട്ടി നമ്പ്യാർ മരത്തനെ അടിച്ചുകൊന്ന കേസിനെ ബലപ്പെടുത്താനെത്തുന്ന സാക്ഷികളാണ് ഇതിൽ പ്രത്യക്ഷപ്പെടുന്ന മുസ്ലിം കഥാപാത്രങ്ങളെല്ലാം. പള്ളിസ്ഥലത്തെ സംബന്ധിച്ച് നമ്പൂതിരിയുമായി കേസു നടത്തിത്തോറ്റ അവുള്ളയുടെ കാര്യസ്ഥനായ കുട്ട്യസ്സനും കൂട്ടാളികളുമാണത്. അതിനപ്പുറം അവർക്കാർക്കും സ്വന്തമായൊരു ഐഡന്റിറ്റിയോ രൂപഭാവങ്ങളോ നോവലിസ്റ്റ് നൽകിയിട്ടില്ല. നമ്പൂതിരി ഒഴിപ്പിച്ച ചാളയ്ക്കു സമീപമുള്ള പുഴയുടെ കരയിൽ ഒരു ശവം കാണുന്നതോടെയാണ് ഈ മാപ്പിളമാർ കഥയിലേക്കുവരുന്നത്. അവരത് അംശം അധികാരിയെ അറിയിക്കുന്നു. അധികാരി ശവം പരിശോധിച്ച് തയാറാക്കിയ യാദാസ്തിൽ മാപ്പിളമാർ ഒപ്പുവെക്കുന്നു.
എന്നാൽ, നമ്പൂതിരിയുടെ പ്രേരണയാൽ കേസ് അട്ടിമറിക്കപ്പെട്ടു എന്നറിയുന്നതോടെ കുട്ട്യസ്സൻ കോടതിയിൽപോയി പൊലീസു മുൻഷിയെ കണ്ട് ‘ഒന്നു കൈമടക്കി’ കാര്യങ്ങൾ അറിയുന്നു. താൻ ഒപ്പിട്ട യാദാസ്തല്ല സമർപ്പിക്കപ്പെട്ടതെന്നറിഞ്ഞ മാപ്പിള പുതിയ വാറോലകൾ തയാറാക്കി പൊലീസ് ഇൻസ്പെക്ടർക്കും മജിസ്ട്രേറ്റിനും അഞ്ചരക്കണ്ടിയിലെ സായ്പിനും അയച്ചുകൊടുക്കുന്നു. അതോടെ കേസു മുറുകുകയും രാമർകുട്ടിനമ്പ്യാർ അറസ്റ്റിലാവുകയും കുബേരൻ നമ്പൂതിരി നാടുവിട്ടോടിപ്പോവുകയുംചെയ്തു. കുട്ട്യസ്സൻ, എഴുത്താണിന്റകത്ത് മൂസ, ദീൻ കുഞ്ഞമ്മദ്, അബ്ദുറഹിമാൻ എന്നിവർ കേസ്വിസ്താര സമയങ്ങളിൽ കോടതിയിൽ ഹാജരായി നമ്പൂതിരിക്കും രാമർകുട്ടി നമ്പ്യാർക്കുമെതിരെ മൊഴിനൽകുകയും ചെയ്യുന്നു. ഇത്രയുമാണ് നോവലിലെ മുസ്ലിം ഇടപെടലുകൾ. കഥയുടെ അന്ത്യത്തിൽ മരത്തൻ മരിച്ചിട്ടില്ലെന്നു തെളിയുന്നതോടെ ഈ ഇടപെടലുകളെല്ലാം തെറ്റായിരുന്നെന്നു വിധിക്കപ്പെടുന്നു. അങ്ങനെ നമ്പൂതിരിക്കെതിരെ ഗൂഢാലോചന നടത്തുന്ന കൊള്ളസംഘമായി നോവലിലെ മുസ്ലിംകൾ മാറുന്നു.
കാര്യസ്ഥൻ രാമർകുട്ടി നമ്പ്യാരുടെ വിചാരണാവേളയിൽ “പള്ളിസ്ഥലത്തിന്റെ വ്യവഹാരം നിമിത്തം നമ്പൂതിരിയുമായി കഠിനമായ വിരോധത്തിൽ ഇരിക്കുന്ന മാപ്പിളയുടെയും ക്ഷേത്രത്തിന്റെ വ്യവഹാരം നിമിത്തം വിരോധത്തിൽ ഇരിക്കുന്ന ഭവശർമൻ നമ്പൂതിരിയുടെയും ഉത്സാഹത്തിന്മേലാണ് തടവുകാരെ ശിക്ഷിക്കാൻ മതിയായ തെളിവുകിട്ടിയത്” (71) എന്നു പറയുന്നുണ്ടെങ്കിലും ഭവശർമൻ നമ്പൂതിരി വക ഒരു സാക്ഷിയെയും എഴുത്തുകാരൻ ഹാജരാക്കുന്നില്ല. അതുകൊണ്ടുതന്നെ നമ്പൂതിരിക്കെതിരെ കള്ളസാക്ഷ്യം പറയുന്ന ദുഷ്ടന്മാരുടെ പട്ടികയിൽ മാപ്പിളമാർ മാത്രമാകുന്നു.
മരത്തനെ രാമർകുട്ടി നമ്പ്യാർ അടിച്ചുകൊന്നതാണെന്നും മറ്റും മാപ്പിളമാർ പറഞ്ഞതായി അധികാരി കോതുനമ്പ്യാർ പറഞ്ഞപ്പോൾ കുബേരൻ നമ്പൂതിരിയുടെ പ്രതികരണം നോക്കുക: “ആരാണ് ആ കള്ള മാപ്പിളമാർ? ഈ മൊട്ടകൾ നാട്ടിൽ വന്നു, നാട്ടിൽനിന്നും ധർമം മറഞ്ഞു” (49). കള്ളമാപ്പിളമാർ, മൊട്ടകൾ തുടങ്ങിയ അധിക്ഷേപകരമായ സംബോധനകൾ അക്കാലത്ത് സവർണ വിഭാഗങ്ങൾ മുസ്ലിംകളോടു പുലർത്തിയിരുന്ന മനോഭാവത്തെ വ്യക്തമാക്കുന്നു. ഈ മൊട്ടകൾ പുറത്തുനിന്നു വന്നവരാണ്, അവർ വന്നതോടെയാണ് നാട്ടിൽനിന്നും ധർമം മറഞ്ഞതെന്ന കൊളോണിയൽ ബോധം അക്കാലത്ത് കേരളീയ സമൂഹത്തിൽ നിലനിന്നിരുന്ന ഒന്നായിരുന്നുവെന്ന് നോവലിന്റെ സൂക്ഷ്മപാരായണത്തിൽനിന്നും വ്യക്തമാകും. നോവലിൽ കഥാപാത്രങ്ങളായി വരുന്ന മുസ്ലിംകളെയെല്ലാം എഴുത്തുകാരൻ ‘മാപ്പിള’ എന്നാണു വിളിച്ചിട്ടുള്ളത്. കഥാഗതിയിൽനിന്നും മാറി കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ജീവിതരീതികളെ കുറിച്ചു പറയുന്ന ലേഖനസമാനമായ രണ്ടു സന്ദർഭങ്ങളിലൊഴികെ നോവലിൽ ഉടനീളമുള്ളത് ‘മാപ്പിള’ എന്ന പ്രയോഗമാണ്. പുറത്തുനിന്നുവന്ന മതവിഭാഗങ്ങളിൽപെട്ടവരെ സംബോധനചെയ്യുന്ന പദമാണ് മാപ്പിള. തെക്കൻ കേരളത്തിൽ ക്രിസ്ത്യാനിയാണ് മാപ്പിളയെങ്കിൽ മലബാറിൽ മുസ്ലിംകളെല്ലാം മാപ്പിളമാരാണ്. പുറത്തുനിന്നും വന്ന് നാട്ടിലെ ധർമമില്ലാതാക്കുന്ന കൂട്ടരായതുകൊണ്ട് ദുഷ്ടന്മാരാകാതെ വഴിയില്ലെന്നു ആഖ്യാതാവിന് ഉറപ്പാണ്.
കൊലക്കേസിൽ പ്രതിചേർക്കപ്പെടുന്ന കുബേരൻ നമ്പൂതിരി ഒളിച്ചോടുമ്പോൾ രാത്രിയിൽ ഭയക്കുന്നത് മാപ്പിളമാരെയാണ്. “നമ്പൂതിരിക്ക് കുണ്ടോട്ടി മാപ്പിളമാരെ പേടിയുണ്ട്. ആ വക നിഷ്ഠുരന്മാരോ മറ്റോ വന്നെങ്കിലോ?” (89). കള്ളന്മാരും കൊള്ളക്കാരുമായ മാപ്പിളമാരെ പാവം നമ്പൂതിരി ഭയക്കുന്നു. കാരണം, അവർ നിഷ്ഠുരന്മാരാണ്. മാപ്പിളമാർ ദുഷ്ടന്മാരാണെന്ന മുൻവിധി നോവലിസ്റ്റും വെച്ചുപുലർത്തുന്നുണ്ടെന്നു തുടക്കത്തിൽതന്നെ വ്യക്തമാകുന്നുണ്ട്. നമ്പൂതിരിയുമായി ഒരു പള്ളിസ്ഥലത്തെ പറ്റി വ്യവഹരിച്ചു തോറ്റ അവുള്ളയുടെ കാര്യസ്ഥൻ കുട്ട്യസ്സനാണ് ആ കള്ളമാപ്പിളയെന്നു അധികാരി വിശദമാക്കുമ്പോൾ നമ്പൂതിരിയിലുണ്ടാകുന്ന ഭാവവ്യത്യാസത്തെ കുറിച്ച് എഴുത്തുകാരൻ പറയുന്നതു നോക്കുക: “നമ്പൂതിരി ഇതുകേട്ടപ്പോൾ നെടുവീർപ്പിട്ടുംകൊണ്ട് കസേലമേൽ ചാരിയിരുന്നു. മറ്റൊന്നും ചോദിക്കാൻപോലും ധൈര്യമില്ലാതെ പട്ടരുടെ മുഖത്തുനോക്കി. ദുഷ്ടന്മാർക്കു ദുഷ്ടന്മാരെ വളരെ പേടിയുണ്ടാകും” (49). അവുള്ളയാണോ കുട്ട്യസ്സനാണോ എന്നൊന്നും പറയുന്നില്ലെങ്കിലും അപ്പുറത്തുള്ള മാപ്പിളയും നമ്പൂതിരിയെപ്പോലെ ദുഷ്ടനാണെന്നു എഴുത്തുകാരന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
പാശ്ചാത്യ കൊളോണിയൽ ശക്തികൾ പൗരസ്ത്യ സമൂഹങ്ങളെ തങ്ങളെക്കാൾ താഴ്ന്നവരും യുക്തിരഹിതരും നിഗൂഢരും ചിലപ്പോൾ അപകടകാരികളുമായുമാണ് ചിത്രീകരിച്ചുപോന്നിരുന്നത്. ഈയൊരു ആഖ്യാന നിർമിതിയിലൂടെയാണ് അവർ തങ്ങളുടെ അധികാരം സ്ഥാപിച്ചെടുത്തതും. ‘സരസ്വതീവിജയ’ത്തിലെ മുസ്ലിം ചിത്രീകരണം ഈ ഓറിയന്റലിസ്റ്റ് കാഴ്ചപ്പാടിന്റെ ഒരു പ്രാദേശിക പ്രതിഫലനാത്മരൂപമാണെന്നു കാണാം. പോത്തേരി കുഞ്ഞമ്പു എന്ന കൊളോണിയൽ ആധുനികതയുടെ ഉൽപന്നമായ എഴുത്തുകാരൻ, അബോധപൂർവമായെങ്കിലും ഈ കൊളോണിയൽബോധത്തെ തന്റെ ആഖ്യാനത്തിലൂടെ പുനരുൽപാദിപ്പിക്കുകയായിരുന്നു. ഇത് കേവലം എഴുത്തുകാരന്റെ ഒരു മുൻവിധിയല്ല, മറിച്ച് അന്നത്തെ പ്രബലമായ ജ്ഞാനവ്യവസ്ഥയുടെ ഭാഗമായിരുന്നു.
സ്വാഭാവികമോ വിശ്വസനീയമോ ആയ ഒരു ഇതിവൃത്തമല്ല നോവലിലേത്. പുലയനൊപ്പം നമ്പൂതിരിക്കും വിമോചനം സാധ്യമാകണമെന്ന വിശാലമായ കാഴ്ചപ്പാട് വെച്ചുപുലർത്തുന്നുണ്ടെങ്കിലും സവർണതയുടെ ബാധയിൽനിന്നും പൂർണമായും ഒഴിഞ്ഞുമാറാൻ കുഞ്ഞമ്പുവിന് കഴിയുന്നില്ല. നാടുവിട്ടോടിപ്പോയി പല ദേശങ്ങളിൽ കഴിയുമ്പോഴും പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോഴും ആചാരവിഘ്നമുണ്ടായി കുബേരൻ നമ്പൂതിരിക്ക് ജാതി നഷ്ടപ്പെടാതിരിക്കാൻ നോവലിസ്റ്റ് കഠിനമായി പരിശ്രമിക്കുന്നതായി കാണാം. മാത്രമല്ല, നടന്നിട്ടില്ലാത്ത ഒരു സംഭവമാണ് കഥയുടെ കേന്ദ്രസ്ഥാനത്തു നിലകൊള്ളുന്നത്. യഥാർഥത്തിൽ നമ്പൂതിരി പുലയനെ കൊന്നിട്ടില്ല. നമ്പൂതിരി കൊലപാതകിയല്ലെന്നു സാരം. ആദ്യഘട്ടത്തിൽ വിമർശനങ്ങളുടെ കേന്ദ്രത്തിൽ നിന്നിരുന്ന നമ്പൂതിരിയെ എഴുത്തുകാരൻ മാറ്റിപ്രതിഷ്ഠിക്കുന്നു. ഒന്നു പേടിപ്പിച്ചുവിട്ടാൽതന്നെ നമ്പൂതിരി മനുഷ്യനായിക്കൊള്ളുമെന്നു നോവലിസ്റ്റ് വിശ്വസിച്ചു. പക്ഷേ, ‘ദുഷ്ടന്മാരായ മാപ്പിളമാരെ’ മാത്രം മനുഷ്യരാക്കാൻ മറന്നുപോയി.
പ്രതിസന്ധികളെല്ലാം നീങ്ങി എല്ലാവർക്കും ശുഭകരമായതു സംഭവിച്ചുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്. കൊല്ലപ്പെട്ടുവെന്നു കരുതിയിരുന്ന പുലയൻ മരത്തൻ വിദ്യാഭ്യാസം സിദ്ധിച്ച് ജഡ്ജിയായി, ക്രിസ്ത്യാനിയായി തിരിച്ചെത്തി നമ്പൂതിരിയുടെ കൊച്ചുമകളെ വിവാഹം കഴിക്കുന്നു. കുബേരൻ നമ്പൂതിരിയെ കുറ്റക്കാരനല്ലെന്നു വിധിക്കുന്നു. എല്ലാവരെയും മനുഷ്യരായി കാണാനുള്ള വിശാലതയിലേക്ക് കുബേരൻ നമ്പൂതിരിയും വളരുന്നു. സ്മാർത്തവിചാരം നേരിട്ട നമ്പൂതിരിയുടെ മകൾ സുഭദ്രക്ക് ഭർത്താവിനെ തിരിച്ചുകിട്ടുന്നു. രാമർകുട്ടി നമ്പ്യാർ ജയിൽമോചിതനാകുന്നു. ഇങ്ങനെ കഥയിൽ വന്നുപോയ എല്ലാവർക്കും നല്ലതുമാത്രം സംഭവിച്ചപ്പോൾ മാപ്പിളമാർ മാത്രം അപ്പോഴും കുറ്റക്കാരായി ബാക്കിയാവുന്നു. “പുഴയിൽ യാദൃച്ഛയാ കണ്ട ശവം മരത്തന്റേതാണെന്നാക്കിത്തീർപ്പാൻ കൊണ്ടുവരപ്പെട്ട മാപ്പിളമാർ കൊടുത്ത തെളിവ് കള്ളത്തെളിവാണെന്നും ആയതു നമ്പൂതിരിയുടെ നേരെയുള്ള വിരോധം നിമിത്തം അവുള്ള കെട്ടിച്ചമച്ചതാണെന്നും കള്ളത്തെളിവു കൊടുത്ത കുറ്റത്തിനു ആ മാപ്പിളമാരുടെ മേൽ വിസ്താരം നടത്തണമെന്നും” (113-114) കോടതി വിധിക്കുന്നു.
അതായത് നോവലിൽ കുറ്റക്കാരെന്നു വിധിക്കുന്നത് മാപ്പിളമാരെ മാത്രമാണ്. മറ്റുള്ളവരെയെല്ലാം വെറുതെവിട്ടു. കുബേരൻ നമ്പൂതിരിയുടെ പ്രധാന ശത്രുക്കളിലൊരാളായി ചൂണ്ടിക്കാണിക്കുകയും കേസിൽ മാപ്പിളമാർക്കൊപ്പം ഗൂഢാലോചന നടത്തുകയുംചെയ്യുന്ന ഭവശർമൻ നമ്പൂതിരിക്കെതിരെ ഒരു പരാമർശംപോലുമുണ്ടാകുന്നില്ല. എല്ലാവരെയും മനുഷ്യരായി അംഗീകരിക്കാൻ കഴിയാതിരുന്ന ദുഷ്ടനായിരുന്ന നമ്പൂതിരിക്കു വരെ പരിവർത്തനമുണ്ടാകുമ്പോൾ മാപ്പിളമാർ മാത്രം ദുഷ്ടന്മാരായി നിലനിൽക്കുകയാണ്. നോവലിന്റെ ഏകാഗ്രമായ വായനയിൽനിന്നും കണ്ടെടുക്കാൻ കഴിയുന്നത് ഒരൊറ്റ വില്ലനെയാണ്. അതൊരു വ്യക്തിയല്ല. മാപ്പിളമാർ എന്ന പുറത്തുനിന്നുംവന്ന സമൂഹംതന്നെയാണ്. അവരെ വിചാരണ ചെയ്യണമെന്ന വിധിവാക്യത്തിലാണ് നോവൽ അവസാനിക്കുന്നത്.

റോളണ്ട് മില്ലർ,‘മലബാർ ദേശീയതയുടെ ഇടപാടുകൾ’ കവർപേജ്
കൊളോണിയൽ ലോകബോധവും മുസ്ലിം അപരവത്കരണവും
‘സരസ്വതീവിജയം’ എന്ന പാഠത്തിനകത്തു പ്രവർത്തിക്കുന്ന അധികാര ബലതന്ത്രങ്ങളെയും പ്രത്യയശാസ്ത്രത്തെയും വിമർശനാത്മകസമീപനത്തിലൂടെ നിർധാരണംചെയ്യുമ്പോഴെ ഈ നോവലിലെ പ്രാതിനിധ്യപരമായ പ്രശ്നങ്ങളുടെ പൊരുളഴിയൂ. മാപ്പിളമാരെക്കുറിച്ച് കുഞ്ഞമ്പു, ‘പ്രശ്നക്കാർ’ എന്ന തീർപ്പിലേക്കു പോകുന്നത് അന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളാൽ രൂപംകൊണ്ട പൊതുബോധത്തിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കണം. ബ്രിട്ടീഷ് മലബാറിലെ സർക്കാർ ഉദ്യോഗസ്ഥരായിരുന്ന പലരും രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളാണ് അക്കാലത്തെ ചരിത്രമായി പിന്നീട് വായിക്കപ്പെട്ടത്. അത്തരം ചരിത്രരേഖകളിലെ മുസ്ലിം പരാമർശങ്ങളെല്ലാംതന്നെ പാശ്ചാത്യ പ്രതിനിധാനത്തിന്റെ അനുകരണങ്ങളായിരുന്നുവെന്നതാണ് വാസ്തവം.
മലബാർ സ്പെഷൽ കമീഷണറായിരുന്ന മി. ഗ്രെമെ ഒരു വർഗമെന്ന നിലയിൽ മാപ്പിളമാരെപ്പറ്റി, കമ്പനി ഗവൺമെന്റിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നതിനെ കുറിച്ച് വില്യം ലോഗൻ ‘മലബാർ മാന്വലി’ൽ ചൂണ്ടിക്കാണിക്കുന്നുണ്ട്: “തീരപ്രദേശങ്ങളിൽ അവർ പ്രയത്നശാലികളും വ്യാപാരകാര്യങ്ങളിൽ സമർഥരും സൂത്രശാലികളും ദുരാഗ്രഹികളും ലഹരിപദാർഥങ്ങൾ വർജിക്കണമെന്ന പ്രവാചകശാസന കർശനമായി പാലിക്കുന്നവരും തങ്ങളുടെ മതവിശ്വാസങ്ങൾ അതിന്റെ സത്തയിലല്ലാതെ രൂപത്തിൽ മാത്രം അനുഷ്ഠിക്കുന്നവരും പതിവായി നിസ്കാരമുറകൾ ചെയ്യുന്നവരും അതേസമയം ഇതിലൊന്നിലും ആത്മാർഥത തൊട്ടുതെറിപ്പിച്ചിട്ടില്ലാത്ത കപടനാട്യക്കാരും സ്വന്തംമതത്തിലേക്ക് ആളെക്കൂട്ടാൻ ഭ്രാന്താവേശം കാട്ടുന്നവരുമാണ് മാപ്പിളമാർ.” (വില്യം ലോഗൻ, 153)
1852ൽ മദ്രാസ് സർക്കാറിനാൽ നിയമിതനായ സ്പെഷൽ കമീഷണർ ടി.എൽ. സ്ട്രേഞ്ചിന്റെയും മറ്റും ഇതിനു സമാനമായ ചില അഭിപ്രായങ്ങളെ കെ.എൻ. പണിക്കരെ ഉദ്ധരിച്ചുകൊണ്ട് എം.ടി. അൻസാരി ‘മലബാർ ദേശീയതയുടെ ഇടപാടുകൾ’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “കുടില ചിന്താഗതിക്കാരും പ്രതികാരദാഹികളും നിരക്ഷരകുക്ഷികളുമായ മാപ്പിളമാരുടെ മനസ്സിൽ അവരുടെ സ്വാർഥരും അജ്ഞരും ദുഷ്ടലാക്കുകാരുമായ പുരോഹിതവർഗം ഊട്ടിയുറപ്പിച്ച കടുത്ത മതഭ്രാന്തിന്റെ ഫലമായിരുന്നു മാപ്പിള ലഹളകളെല്ലാം തന്നെ. ബ്രിട്ടീഷുകാർ മാപ്പിളമാരെ ചിത്രീകരിച്ചത് അറിവില്ലാത്തവരും മതാന്ധരും മാത്രമായല്ല, അവർ യുക്തിയുടെ ഒരു പൊരിപോലുമില്ലാത്ത പേയിളകിയ മൃഗങ്ങളാണ് എന്നുമാണ്.” (എം.ടി. അൻസാരി, 30)
വ്യാജ പ്രതിനിധാനങ്ങളിലൂടെ ഇത്തരം ചരിത്രരേഖകൾ നിർമിച്ചെടുത്ത പൊതുബോധമാണ് പോത്തേരി കുഞ്ഞമ്പുവിനെ നയിക്കുന്നതെന്നു വ്യക്തം. അന്നത്തെ സാമൂഹിക സാഹചര്യങ്ങളും അടിത്തട്ടിൽ പ്രേരണയായി നിലകൊണ്ടിട്ടുണ്ടാവണം. മലബാറിലെ മുസ്ലിം ജീവിതം അത്ര ശോഭനമല്ലാത്തൊരു കാലത്താണ് ‘സരസ്വതീവിജയം’ എഴുതപ്പെടുന്നത്. ഒരുകാലത്ത് സാമൂതിരിയുടെ പ്രോത്സാഹനത്താൽ നല്ലനിലയിൽ കഴിഞ്ഞിരുന്ന മാപ്പിളമാർക്ക് വൈദേശിക ഭരണങ്ങൾ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു. ടിപ്പുവിന്റെ ആക്രമണങ്ങളോടെ സാമൂതിരിമാർ നിലപാട് മാറ്റി. ബ്രിട്ടീഷ്നിയമങ്ങളും വലിയരീതിയിൽ തിരിച്ചടിയായി. ഇതോടെ തീർത്തും അസംതൃപ്തരായൊരു ജനതയായി മലബാറിലെ മുസ്ലിംകൾ മാറി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ മലബാറിൽ ശക്തിയാർജിച്ച കർഷക കലാപങ്ങളുടെ നേതൃസ്ഥാനത്ത് മുസ്ലിംകളായിരുന്നു. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം, ഭൂവുടമാ നിയമങ്ങളും ജന്മിത്തവാഴ്ചയെ അരക്കിട്ടുറപ്പിക്കുന്നതായതുകൊണ്ട് കുടിയാന്മാരും കർഷകരുമായ മുസ്ലിംകൾ ജന്മിമാരുമായും ഭരണകൂടവുമായും നിരന്തരമായ സംഘർഷത്തിലായിരുന്നു. ജന്മിമാർക്കെതിരായ സമരങ്ങൾ പലപ്പോഴും ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളായി മാറുന്നുമുണ്ട്.
“മാപ്പിളമാരുടെ അസംതൃപ്തി അക്രമാസക്തമായ ഒട്ടേറെ കലാപങ്ങളിലേക്കുനയിച്ചു. ഇടവിട്ടിടവിട്ട് ആ കലാപങ്ങൾ പത്തൊമ്പതാം നൂറ്റാണ്ട് മുഴുവൻ തുടർന്നു. ഈ അസ്വസ്ഥതകൾ ബ്രിട്ടീഷുകാർക്ക് നിരന്തരം പ്രശ്നങ്ങളുണ്ടാക്കി. അവയുടെ പ്രത്യാഘാതങ്ങളെയും അവ നിയന്ത്രിക്കാൻ വേണ്ട അടിച്ചമർത്തൽ നടപടികളെയും കുറിച്ച് ഒട്ടേറെ റിപ്പോർട്ടുകളും അഭിപ്രായങ്ങളും പുറത്തുവന്നു. മാപ്പിളമാരെ സംബന്ധിച്ചിടത്തോളം ഈ കലാപങ്ങളെല്ലാം തികച്ചും വ്യർഥമായിരുന്നു; ധീരമെങ്കിലും നിഷ്ഫലമായിരുന്നു. മാപ്പിളയെ ക്രൂരനും പ്രതീക്ഷയറ്റവനുമായി ചിത്രീകരിക്കുന്നതിന് ഈ സംഭവങ്ങളാണ് ഉത്തരവാദി” (റോളണ്ട് മില്ലർ: 115). ഒരു നൂറ്റാണ്ടിലധിക കാലം മലബാറിൽനീണ്ടുനിന്ന ഇത്തരം കലാപങ്ങൾ കാരണം, ‘നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നവരാണ് മുസ്ലിംകൾ’ എന്ന തീർപ്പിലേക്കെത്തിച്ചേരാൻ എഴുത്തുകാരനു വലിയ പ്രയാസങ്ങളുണ്ടായില്ല. പൂർവമാതൃകകളെന്നവണ്ണം ചരിത്രത്തിലും സാഹിത്യത്തിലുമെല്ലാം നിരന്തരം അപരവത്കരിക്കപ്പെട്ട മുസ്ലിംകൾ ധാരാളമുണ്ടായിരുന്നു.

ഹോമി കെ. ഭാഭ പറയുന്നതുപോലെ ഈ കൊളോണിയൽ വാർപ്പുമാതൃക ഒരു തെറ്റായ പ്രതിനിധാനം മാത്രമല്ല, ഒരു ഉറപ്പിക്കൽതന്ത്രംകൂടിയാണ് . മുസ്ലിംകളെ ‘വിശ്വസിക്കാൻ കൊള്ളാത്തവരും’ ‘ഗൂഢാലോചനക്കാരും’ ആയി ചിത്രീകരിക്കുന്നതിലൂടെ, നോവൽ അവരെ ഒരു പ്രത്യേക ഫ്രെയിമിനകത്ത് ഉറപ്പിച്ചു നിർത്തുന്നു. അങ്ങനെ മുസ്ലിം സാമൂഹിക യാഥാർഥ്യത്തെ അത് റദ്ദ് ചെയ്യുന്നു. നോവലിന്റെ അവസാനം മറ്റെല്ലാവർക്കും നീതി ലഭിക്കുമ്പോഴും മുസ്ലിംകൾ മാത്രം ‘കള്ളസാക്ഷി’കളായി തുടരുന്നത് ഈ ‘ഉറപ്പിക്കലിന്’ ഉദാഹരണമാണ്. സമത്വാധിഷ്ഠിതമായ ഒരു സമൂഹനിർമിതിയിലൂടെ മാത്രമേ കീഴാള നവോത്ഥാനമെന്ന വിപ്ലവകരമായ ആശയത്തെ സാധ്യമാക്കാൻ കഴിയൂ. എന്നാൽ, സരസ്വതീവിജയകാരൻ സ്വീകരിച്ച സമത്വത്തിലേക്കുള്ള വഴി കൊളോണിയൽ ആധുനികതയുടേതായിരുന്നു.
കൊളോണിയൽ ഭരണത്തിന്റെ ഇടപെടൽകൊണ്ടും അവരുടെതന്നെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾകൊണ്ടുമാണ് കീഴാളർക്ക് മനുഷ്യപദവി ലഭിച്ചത് എന്നതരത്തിലുള്ള നോവലിലെ പ്രഖ്യാപനങ്ങളെ ശരിവെക്കുമ്പോൾതന്നെ കീഴാളർക്കൊപ്പം വിമോചനം സാധ്യമാകേണ്ട രാജ്യത്തെ മുസ്ലിം ജനവിഭാഗത്തെ അപരിഷ്കൃതരായി ചിത്രീകരിക്കുന്നതിലെ വൈരുധ്യം വ്യക്തമാണ്. വേണ്ടത്ര ഗൗരവത്തിലുള്ള ഒരു വായന നടക്കാത്തതുകൊണ്ടാണ് ‘സരസ്വതീവിജയ’ത്തിലെ തോൽപിക്കപ്പെടുന്ന മുസ്ലിമിനെ നമ്മുടെ പല സാമൂഹിക പ്രവർത്തകരും എഴുത്തുകാരും വിജയിയായി പ്രഖ്യാപിക്കുന്നത്. മലയാള നോവലിലെ മുസ്ലിം സാമൂഹിക ജീവിതമന്വേഷിച്ച ജമാൽ കൊച്ചങ്ങാടിയുടെ നിരീക്ഷണം നോക്കുക:
“ഒരു കൊലക്കുറ്റത്തിൽ സവർണനായ പ്രതിക്കെതിരെ സാക്ഷി പറയാനുള്ള സത്യസന്ധതയും ധീരതയും പ്രകടിപ്പിക്കുന്ന മാപ്പിളമാർ, തങ്ങൾ പ്രതിനിധാനംചെയ്തിരുന്ന സമുദായത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്” (ജമാൽ കൊച്ചങ്ങാടി, 28). ഈ സാക്ഷിപറച്ചിൽ കള്ളത്തരമായിരുന്നെന്നും മാപ്പിളമാർ തെറ്റുകാരാണെന്നും വിധിക്കുന്ന നോവലിന്റെ അവസാനഭാഗം വായിക്കാതെയാണ് കൊച്ചങ്ങാടി ഇങ്ങനെ ഒരു തീർപ്പിലെത്തുന്നത്. ‘സരസ്വതീവിജയ’ത്തിലെ മുസ്ലിം പ്രതിനിധാനത്തെ കൃത്യമായി വിശകലനം ചെയ്യാതെയുള്ള നിരീക്ഷണമായതുകൊണ്ടാണ് നോവലിലെ മാപ്പിളമാർ അദ്ദേഹത്തിനു ധീരന്മാരും സത്യസന്ധരുമായിത്തീർന്നത്. കെ.കെ. കൊച്ചിന്റെ നിരീക്ഷണത്തിലും നോവലിലെ മാപ്പിളമാർ ധീരരും ഉദാത്തമാതൃക കാണിക്കുന്നവരുമാണ്. “തകരുന്ന നമ്പൂതിരിസമുദായത്തിന്റെ ചിത്രത്തോടൊപ്പം, മുസ്ലിം സമുദായത്തിന്റെ ബ്രാഹ്മണവിരോധവും മുസ്ലിംകളുടെ ദലിതുകളോടുള്ള സഹഭാവവും നോവലിൽനിന്നും വായിച്ചെടുക്കാനാവും. മരത്തന്റെ കൊലപാതകത്തിനെതിരെ ശബ്ദമുയർത്തുന്നത് മുസ്ലിംകളാണ്” (കെ.കെ. കൊച്ച്: 146). കൊലപാതകത്തിനെതിരെ ശബ്ദമുയർത്തി എന്ന ഒരു വശത്തെ മാത്രം വിശകലനംചെയ്യുന്നതിന്റെ പ്രശ്നമാണിത്. നോവലിലെ പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെ സമഗ്രതയിലൂന്നിനിന്ന് അപഗ്രഥിക്കാൻ നമ്മുടെ നിരൂപകർക്ക് കഴിഞ്ഞിട്ടില്ല.
‘സരസ്വതീവിജയം’ പുലയരുടെ വിമോചനത്തിനുവേണ്ടി സംസാരിക്കുന്നു. എന്നാൽ, ഈ പ്രക്രിയയിൽ, മറ്റൊരു കീഴാള വിഭാഗമായ മുസ്ലിംകളെ അത് നിശ്ശബ്ദരാക്കുക മാത്രമല്ല, കുറ്റവാളികളാക്കുകയുംചെയ്യുന്നു. അതായത്, ഒരു കീഴാള വിഭാഗത്തെ പ്രതിനിധാനംചെയ്യാനുള്ള ശ്രമം മറ്റൊരു കീഴാള വിഭാഗത്തിനുമേൽ ‘ജ്ഞാനപരമായ ഹിംസ’ (Epistemic Violence) അഴിച്ചുവിടുന്നു. നോവലിലെ വിമോചനാത്മകതയെ കൊണ്ടാടുന്നവർ ഈ നോവലിലെ ബ്രാഹ്മണവിരുദ്ധ വ്യവഹാരം അതിന്റെ സ്വന്തം ‘അപരനെ’ (the other) മുസ്ലിംകളിൽ കണ്ടെത്തുന്നു എന്ന കാര്യം വിട്ടുപോയിരിക്കുന്നു. ജാതിവിരുദ്ധ പോരാട്ടത്തിനായി രൂപപ്പെടുന്ന ഒരു കീഴാള കൂട്ടായ്മ, അതിന്റെ അതിരുകൾ നിർവചിക്കുന്നത് മുസ്ലിംകളെ പുറത്തുനിർത്തിക്കൊണ്ടാണ്. ഇങ്ങനെ ഒരു കീഴാള ഐക്യം രൂപപ്പെടുന്നതിനെ തടസ്സപ്പെടുത്തുന്ന ‘ആഭ്യന്തര കോളനിവത്കരണ’ത്തിന്റെ ഒരു സാഹിത്യരൂപമായാണ് ‘സരസ്വതീവിജയ’ത്തെ കാണേണ്ടത്. ഒരുപക്ഷേ, ‘ബ്രാഹ്മണ്യത്തിനെതിരായ പോരാട്ടം’ എന്ന വലിയ ആഖ്യാനത്തിൽ ഈ ‘ചെറിയ’ ഹിംസകൾ അവരുടെ നോട്ടപ്പാടിൽ അപ്രസക്തമായി പോയതാകാം. പക്ഷേ, കീഴാള പഠനത്തിന്റെ ലക്ഷ്യംതന്നെ ഇത്തരം പ്രബലാഖ്യാനങ്ങൾക്കുള്ളിലെ നിശ്ശബ്ദതകളെയും ഒഴിവാക്കലുകളെയും പുറത്തുകൊണ്ടുവരുക എന്നതാണ് എന്ന രാഷ്ട്രീയം അവർ മറന്നുപോയി.
യൂറോ കേന്ദ്രീകൃതമായ ആശയങ്ങളും ചിന്തകളും ഊട്ടിയുറപ്പിക്കുകയാണ് കൊളോണിയൽ ആധുനികത ചെയ്യുന്നത്. അവിടെ സമത്വമെന്നത് പൂർണാർഥത്തിൽ സാധ്യമാകുന്ന ഒന്നല്ല. അതുകൊണ്ടാണ് കോളനി വിരുദ്ധ രാഷ്ട്രീയം മുന്നോട്ടുവെച്ച മലബാറിലെ മുസ്ലിംകളെ അധമരായി ചിത്രീകരിക്കാൻ ‘സരസ്വതീവിജയം’ പോലെയുള്ള കൊളോണിയൽ ആധുനികതയുടെ ആഖ്യാനമാതൃകകൾക്ക് എളുപ്പത്തിൽ സാധിക്കുന്നത്. മലയാള നോവലിന്റെ ആരംഭകാലം തൊട്ടേ പ്രതിനിധാനം എന്നത് സങ്കീർണമായ ഒന്നായിരുന്നു. മുസ്ലിം കഥാപാത്രങ്ങളുടെ ആഖ്യാനവും അവതരണവുമെല്ലാം കൊളോണിയൽ സാഹിത്യരചനയുടെ ലോകബോധം അനുസരിച്ചാണ് നടന്നിരുന്നത്. മുസ്ലിംകൾ, പ്രത്യേകിച്ച് പാശ്ചാത്യ സമൂഹങ്ങളിൽ, പാർശ്വവത്കരിക്കപ്പെട്ടവരും സ്റ്റീരിയോടൈപ്പുകൾക്കും വിവേചനങ്ങൾക്കും വിധേയരായവരുമായിരുന്നു.
തൽഫലമായി, അവരുടെ അനുഭവങ്ങളും ശബ്ദങ്ങളും പ്രബലമായ ആഖ്യാനങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടു. സബാൾേട്ടൺ പഠനങ്ങൾ ഈ മുഖ്യധാര ആഖ്യാനങ്ങളെ തുറന്നുകാണിക്കാനും മുസ്ലിംകൾ ഉൾപ്പെടെയുള്ള പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ശബ്ദം നൽകാനും ശ്രമിച്ചു. ‘ബ്രാഹ്മണ്യത്തിനു തീ കൊളുത്തിയ നോവൽ’, ‘കീഴാള നവോത്ഥാനത്തിന് നാന്ദി കുറിച്ച കൃതി’ എന്നൊക്കെ ‘സരസ്വതീവിജയ’ത്തെ വിശേഷിപ്പിക്കുന്നത് കീഴാളപഠനത്തിന്റെ സമഗ്രതക്ക് ഭംഗം വരുത്തുന്ന വിലയിരുത്തലുകളാണ് എന്ന് പറയേണ്ടതുണ്ട്. എല്ലാത്തിനുമപ്പുറം ‘സരസ്വതീവിജയം’ വിചാരണചെയ്യുന്നത് ബ്രാഹ്മണ്യത്തെയല്ല, കീഴാളരായ മുസ്ലിംകളെ തന്നെയാണ്. അത് കീഴാള നവോത്ഥാനത്തെ അട്ടിമറിക്കുന്ന പ്രയത്നം തന്നെയായി വായിക്കേണ്ടതുണ്ട്.
============
ഗ്രന്ഥസൂചി:
● അൻസാരി എം.ടി. മലബാർ ദേശീയതയുടെ ഇട-പാടുകൾ. ഡി.സി ബുക്സ് കോട്ടയം, 2021.
● ഇബ്രാഹീം ബേവിഞ്ച. മുസ്ലിം സാമൂഹിക ജീവിതം മലയാളത്തിൽ. യുവത ബുക്സ്, കോഴിക്കോട്, 1996.
● കൊച്ച് കെ.കെ. ‘കേരളം മറന്ന സാമൂഹ്യപരിഷ്കരണം.’ സാംസ്കാരിക വിമർശവും മലയാളഭാവനയും, ഷാജി ജേക്കബ് (എഡി.), കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2014.
● ജമാൽ കൊച്ചങ്ങാടി. മുസ്ലിം സാമൂഹ്യജീവിതം മലയാള നോവലിൽ. കേരള സാഹിത്യ അക്കാദമി, തൃശൂർ, 1998.
● പണിക്കർ കെ.എൻ. മലബാർ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ. ഡി.സി ബുക്സ്, കോട്ടയം, 2020.
● വില്യം ലോഗൻ. മലബാർ മാന്വൽ. മാതൃഭൂമി കോഴിക്കോട്, 1985.
● റോളണ്ട് ഇ മില്ലർ. മാപ്പിള മുസ്ലിംകൾ. അദർ ബുക്സ്, 2017.

