Begin typing your search above and press return to search.

തുമ്പികളുടെ ചുഴലിക്കാറ്റ്

തുമ്പികളുടെ ചുഴലിക്കാറ്റ്
cancel

കഥാകൃത്തും കവിയുമായ ജോർജ്​ ജോസഫ്​ കെക്ക് എഴുപത്​ വയസ്സാകുന്നു. അദ്ദേഹത്തി​ന്റെ കഥകളിലൂടെയും ജീവിതത്തിലൂടെയും പരിചയങ്ങളുടെ ഉൗഷ്​മളതകളിലൂടെയും സഞ്ചരിക്കുകയാണ്​ കഥാകൃത്ത്​ കൂടിയായ ലേഖകൻ. കൗമാരകാലത്താണ് ഞാൻ ജോർജ് ജോസഫ് കെയെ പരിചയപ്പെടുന്നത്. പ്രതിഭാസംഗമത്തിലെ ‘ആഴത്തിനു മീതെ ഇരുൾ’ എന്ന കഥയായിരുന്നു അതിനു നിമിത്തമായത്. വന്നു, കണ്ടു, കീഴടക്കി എന്നു പറയുന്നതുപോലെ ഗാഢമായ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. പിന്നെയാണ് ഞാൻ മനസ്സിലാക്കുന്നത് സൗഹൃദത്തി​ന്റെ ഒരു സൂപ്പർമാർക്കറ്റാണ് അദ്ദേഹമെന്ന്. എഴുത്തുകാരും എഴുതാൻ ആഗ്രഹിക്കുന്നവരും അല്ലാത്തവരുമായ നിരവധി പേരുടെ ആത്മസുഹൃത്ത്....

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
കഥാകൃത്തും കവിയുമായ ജോർജ്​ ജോസഫ്​ കെക്ക് എഴുപത്​ വയസ്സാകുന്നു. അദ്ദേഹത്തി​ന്റെ കഥകളിലൂടെയും ജീവിതത്തിലൂടെയും പരിചയങ്ങളുടെ ഉൗഷ്​മളതകളിലൂടെയും സഞ്ചരിക്കുകയാണ്​ കഥാകൃത്ത്​ കൂടിയായ ലേഖകൻ.

കൗമാരകാലത്താണ് ഞാൻ ജോർജ് ജോസഫ് കെയെ പരിചയപ്പെടുന്നത്. പ്രതിഭാസംഗമത്തിലെ ‘ആഴത്തിനു മീതെ ഇരുൾ’ എന്ന കഥയായിരുന്നു അതിനു നിമിത്തമായത്. വന്നു, കണ്ടു, കീഴടക്കി എന്നു പറയുന്നതുപോലെ ഗാഢമായ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. പിന്നെയാണ് ഞാൻ മനസ്സിലാക്കുന്നത് സൗഹൃദത്തി​ന്റെ ഒരു സൂപ്പർമാർക്കറ്റാണ് അദ്ദേഹമെന്ന്. എഴുത്തുകാരും എഴുതാൻ ആഗ്രഹിക്കുന്നവരും അല്ലാത്തവരുമായ നിരവധി പേരുടെ ആത്മസുഹൃത്ത്.

കൊച്ചുബാവയും പി.എഫ്. മാത്യൂസും തോമസ് ജോസഫും സോക്രട്ടീസ് വാലത്തും ജോസഫ് മരിയനും സി.ടി. തങ്കച്ചനും മധുപാലും ബാബു കുഴിമറ്റവും ജോജോ ആന്റണിയും സുരേഷ് പരിയാത്തും മനോജ് വെങ്ങോലയും വി.എം. വിനോദ് ലാലും സുരേഷ് വിയും തുടങ്ങി ഒട്ടേറെ പേർ ഉൾപ്പെടുന്ന അനേകരുടെ മിത്രം. അക്കാലത്ത് ആനുകാലികങ്ങളിൽ ധാരാളം കഥകൾ എഴുതിയിരുന്ന എൻ. കുമാരിയോടൊപ്പമാണ് (കുമാരി എൻ. കൊട്ടാരം) ആദ്യമായി ഞാൻ, കത്തൃക്കടവിലെ തെരുവുനായ്ക്കളും മറ്റു നാൽക്കാലികളും വിഹരിക്കുന്ന വീതികുറഞ്ഞ വഴിയിലൂടെ നടന്ന്, ചെറുപാലവും ചതുപ്പുനിലങ്ങളും പിന്നിട്ട് കൊല്ലംപറമ്പിൽ എന്ന കൊച്ചുവീട്ടിൽ എത്തിയത്. ചതുപ്പുകൾക്കുമേൽ ഒരുതരം നീലപ്പൂക്കളുമായി പേരറിയാത്ത ഏതോ ചെടി പടർന്നുകിടന്നു.

ജീവിക്കാൻ കഷ്ടപ്പെടുന്നതുകൊണ്ട് സ്വന്തം വീട്, പകുതി വാടകക്കു നൽകിയിരിക്കുന്ന ആ കൊച്ചുവീടിന്റെ അടച്ചുകെട്ടിയ തിണ്ണയും ഒരു മുറിയും അടുക്കളയും കക്കൂസും മാത്രമായിരുന്നു ഗൃഹനാഥനും ഭാര്യ ലൗലിക്കും അവരുടെ മുട്ടിലിഴഞ്ഞു നടക്കുന്ന മകൻ അപ്പുവിനും ഉപയോഗിക്കാൻ കൈവശമുണ്ടായിരുന്നത്. അധികം മുളകു ചേർക്കാത്ത മത്തിക്കറിയും മുരിങ്ങയ്ക്ക നീളത്തിൽ മുറിച്ച് ഉപ്പിട്ടു പുഴുങ്ങിയതും കൂട്ടി ഞങ്ങൾ അവിടെനിന്നു ചോറു തിന്നു. ഞങ്ങൾ കോട്ടയംകാർ ചോറുണ്ണുകയാണ് പതിവ്. കൊച്ചിക്കാരാവുമ്പോൾ ചോറ് തിന്നുകയും. അപ്പോൾ ആ കൊച്ചിക്കാരി തരുന്ന ചോറ് തിന്നാനല്ലേ സാധിക്കൂ. കോട്ടയംകാരിയാണെങ്കിലും ജോസഫേട്ടൻ കെട്ടിക്കൊണ്ടുപോയി കൊച്ചിക്കാരിയാക്കി മതംമാറ്റിയ ലൗലിച്ചേച്ചി കൊടിയ കൊച്ചി ഭാഷയിൽ ഞങ്ങളോടു സംസാരിച്ചു. കൊച്ചിയുടെ ‘ഞങ്ങയും നിങ്ങയും’ ഞാൻ ആദ്യം കേൾക്കുന്നത് അവിടെനിന്നാണ്.

അടച്ചുകെട്ടിയ തിണ്ണമുറിയുടെ ചുമരിൽ മനോഹരമായ ഒരു പെയിന്റിങ് പതിച്ചിട്ടുണ്ടായിരുന്നു.

ആരു വരച്ചതാ?, ഞാൻ ചോദിച്ചു.

ഇതു ഭ്രാന്തു മൂത്ത് ജോർജ് കുത്തിവരച്ചതാ... ലൗലിച്ചേച്ചി പറഞ്ഞു.

അതിശയം തോന്നി. കഥ മാത്രമല്ല, വരയും വഴങ്ങുന്ന കൈകളാണോ ഈ മനുഷ്യ​​ന്റേത്?

മനസ്സിൽ വിചാരിച്ചതി​ന്റെ ഉത്തരം ലൗലിച്ചേച്ചി നൽകി:

ഇപ്പം ഇതിയാന് വരയും കുറിയും ഒന്നുമില്ല ഉണ്ണീ.

ചുമരിലെ റാക്കിൽ പഴയ വാരികകളും പുസ്തകങ്ങളും. അവിടെ ഇടംപോരാതെ കുറെയൊക്കെ മേശപ്പുറത്തേക്കും മഴ പെയ്താൽ ചോരുന്ന താഴെ വെറും തിണ്ണയിലേക്കും കുടിയേറിയിരിക്കുന്നു. പൂർത്തീകരിച്ചതും അല്ലാത്തതുമായ എഴുത്തുകൾ കാർഡ്ബോർഡിൽ ക്ലിപ്പിട്ടും അല്ലാതെയും വെറുതെ മേശപ്പുറത്തുമിരിക്കുന്നു. അന്നു വിജയാ മൂവീസിലായിരുന്നു ജോർജ് ജോസഫ് കെ എന്ന ഈ മനുഷ്യന്റെ ജോലി. ഇനിയും വരണം. ഒരുദിവസം ഇവിടെ കിടന്നുറങ്ങി വർത്തമാനമൊക്കെപ്പറഞ്ഞ് രാവിലെ പോകാം.

മടങ്ങാൻ നേരത്ത് ജോസഫേട്ടൻ പറഞ്ഞു. അത്, യാത്രയാക്കൽ നേരത്തേയാക്കാൻ മാത്രമുള്ള ഔപചാരികമായ പറച്ചിലായിരുന്നില്ല എന്ന് അപ്പോൾ തോന്നിയതിലേറെ പിന്നെ പലപ്പോഴും തോന്നി.

പിന്നീട് പലപ്പോഴും ജോസഫേട്ടൻ കൊച്ചുബാവയുടെ കാട്ടൂരുള്ള വീട്ടിലേക്ക് വണ്ടികയറിച്ചെല്ലുമ്പോലെ ഞാനും കൊച്ചിക്കു വണ്ടികയറി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തുമ്പോഴേക്കും പഴക്കമുള്ള ഒരു റാലി സൈക്കിളിൽ വന്ന്, ജോസഫേട്ടൻ എന്നെ പിന്നിലിരുത്തി വീട്ടിലേക്കു കൊണ്ടുപോകും. പോകുന്ന വഴിക്ക് കൊച്ചിയുടെ പഴയ ഒത്തിരി കഥകൾ പറഞ്ഞു. പഴയ കൊച്ചിയിലെ ഇരുൾക്കയങ്ങളിൽ നീന്തിത്തുടിച്ച തന്റെ പഴയ കാലത്തെക്കുറിച്ചു പറഞ്ഞു. കാജാ ബീഡിയിൽനിന്ന് കഞ്ചാവിലേക്കു കൂട്ടിക്കൊണ്ടു പോയ ഗോപി എന്ന കൂട്ടുകാരന്റെ മായിക-അത്ഭുത സിദ്ധികളെപ്പറ്റി പറഞ്ഞു. പരമൻ ചേട്ട​ന്റെ കൈയിൽനിന്നു മോന്തിയ കള്ളവാറ്റിനെപ്പറ്റി പറഞ്ഞു. പൊലീസി​ന്റെ കൺമുന്നിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്നതു കണ്ടുവെന്ന കഞ്ചാവിന്റെ ചില്ലറ വിൽപനക്കാരനെപ്പറ്റി പറഞ്ഞു. പുല്ലേപ്പടിയിലെ അലക്സാണ്ടർ എന്ന റൗഡിയെപ്പറ്റിയും അയാളുടെ മക്കളായ തന്റെ കൂട്ടുകാരെപ്പറ്റിയും കമ്മട്ടിപ്പാടത്തെപ്പറ്റിയും അന്ധകാരക്കോളനിയെപ്പറ്റിയും പറഞ്ഞു. അനുജനെ പെറ്റപാടേ ചത്തിറങ്ങിപ്പോയ അമ്മ. ഭ്രാന്തിന്റെ വിഷമരത്തിനു ചുറ്റും വട്ടമിട്ടു പിറുപിറുക്കുന്ന അപ്പൻ. സ്നേഹത്തി​ന്റെയും കഥകളുടെയും പാനപാത്രം കോരിക്കുടിപ്പിക്കുന്ന വെളമ അമ്മായി. ലഹരിയും ഉന്മാദവും കൂടിക്കുഴഞ്ഞ ജീവിതവഴികൾ! കൂടപ്പിറപ്പുകൾക്കിടയിലെ അകൽച്ചയുടെ കണ്ണെത്താ ദൂരം...

എ​ന്റെ ഓരോ വന്നുപോക്കിലും ജോർജ് ജോസഫ് കെ എന്ന മനുഷ്യ​ന്റെ ജീവിതകഥ ഏതോ ക്ലാസിക് രചനയുടെ ഓരോരോ അധ്യായങ്ങൾപോലെ എനിക്കു മുന്നിൽ തുറന്നുവന്നു. കൊച്ചിൻ കോർപറേഷനിൽ കാന കോരിയും വാർക്കപ്പണിക്കു കമ്പി വളച്ചും കൊച്ചിൻ ഷിപ്പ് യാഡി​ന്റെ നിർമാണവേളയിൽ വെൽഡിങ് പണിചെയ്തും വേണ്ടിടത്തും വേണ്ടാത്തിടത്തും പുളിച്ച തെറി പറഞ്ഞും സഹതാപം തോന്നി, കാവലാളായി, തെരുവു സുന്ദരികളുടെ കൈകൾ കോർത്തുപിടിച്ചും നടന്ന ഒരു ഭൂതകാലം. മരണത്തെപ്പറ്റി ഏറെ എഴുതിയിട്ടുള്ളയാളാണ്. വേണമെങ്കിൽ കൊല്ലാനും ചാകാനും സന്നദ്ധനായി ജീവിച്ച ഒരു മനുഷ്യനാണെന്ന് ഈ മനുഷ്യനെ കണ്ടാൽ, ഹൃദയം തുറന്നുവെച്ച ഈ ചിരി കണ്ടാൽ, തോന്നുകയേയില്ല -എല്ലാം ഈ മനുഷ്യൻ സങ്കൽപിച്ചു പറയുന്നതാണോ എന്നു ഞാൻ സംശയിച്ചു. എന്നാൽ, ആ അനുഭവങ്ങൾ സത്യം മാത്രമായിരുന്നതുകൊണ്ട് ‘രാത്രിപ്പക്ഷി’ എന്ന കഥയുണ്ടായി.

സ്വയം പീഡകളണിഞ്ഞ ഒരു മനുഷ്യനായി ജോസഫേട്ടൻ എപ്പോഴുമെന്റെ മുന്നിൽ കലർപ്പില്ലാത്ത കഥകളുമായി നിന്നു. ഇതാ, നി​ന്റെ മുന്നിൽ പച്ചയായി നിൽക്കുന്ന മനുഷ്യൻ, ലൗലി ചേച്ചി വന്ന ശേഷം വാക്കുകളിൽ ബൈബിൾ വചനങ്ങളുടെ നിറവുള്ള, കണ്ണുകളിൽ സ്നേഹത്തി​ന്റെ നനവുമുള്ള ഈ ചെറിയ മനുഷ്യൻ പറഞ്ഞതു സത്യംതന്നെ! വാർക്കപ്പണിക്കു കമ്പി വളക്കാൻ നടന്ന, അമ്മയിട്ട നുണ്ണനെന്നു വിളിപ്പേരുള്ള, ആ മനുഷ്യൻ അക്കാലത്തെ ത​ന്റെ ജീവിതം മലയാള കഥയിലെ എക്കാലത്തെയും മികച്ച സൃഷ്ടികളിലൊന്നായി ആവിഷ്കരിച്ചു- ‘അവൻ മരണയോഗ്യൻ’! ‘ഇന്ത്യാ ടുഡേ’യിൽ പ്രസിദ്ധീകരിച്ച ആ കഥ ഞാൻ വിസ്മയത്തോടെ വായിച്ചു. ജനിതക കലപോലെ ജോസഫേട്ടന്റെ ഓരോരോ കോശങ്ങളിലും ഉറങ്ങിക്കിടക്കുന്ന ഉന്മാദമാണ് ചില കഥകൾക്കെങ്കിലും നിമിത്തമായതെന്ന് എനിക്കു തോന്നുന്നു. പത്രാധിപരുടെ ആവശ്യപ്രകാരം കൂലി പകുക്കുന്ന പകുതി ലീവെടുത്ത് വാർഷികപ്പതിപ്പിന് കഥ എഴുതാനിരിക്കുന്ന ജോസഫേട്ടൻ. മനസ്സിൽ ശൂന്യത. ഒന്നും എഴുതാൻ കിട്ടാത്ത ഭ്രാന്ത് തലയിൽ പേക്കൂത്താടുന്നു. അപ്പോഴാണ് അമ്മയുടെ കൈയിൽനിന്ന് ഊർന്നിറങ്ങിയ ഒന്നര വയസ്സുകാരൻ അപ്പു നടന്നും മുട്ടുകാലിൽ ഇഴഞ്ഞും അപ്പൻ കഥയെഴുതുന്ന മുറിയിലേക്ക് അമ്മ കാണാതെ വന്നത്. അപ്പ​ന്റെ എഴുത്തു സാമഗ്രികളിൽ, കടലാസിൽ, പേനയിൽ അവൻ പിടിത്തമിട്ടു. അവനത് സ്വന്തമാക്കി. അപ്പനെ അവൻ ശല്യപ്പെടുത്താൻ തുടങ്ങി.

എഴുത്തുമേശയിലെ കടലാസുകൾ അവന് കളിപ്പാട്ടമായി വേണം. അയാൾ മോനെ കണ്ടില്ല. എഴുത്തിനെ തടസ്സപ്പെടുത്തുന്ന ഒരു രാക്ഷസൻ, വിൻഡ്മില്ലായി മുന്നിൽ നിൽക്കുന്നു. അതുമായി യുദ്ധംചെയ്യുന്ന ഡോൺക്വിക്‌ സോട്ടായി ആ ഭ്രാന്തുപിടിച്ച അപ്പൻ. സർഗാത്മകതയുടെ അടഞ്ഞ ഉറവക്കണ്ണുകൾ ജോർജ് ജോസഫി​ന്റെ തലക്കുള്ളിൽ ഭ്രാന്തസമാനമായ ഉരുളനക്കങ്ങളുണ്ടാക്കുന്നു. അയാൾ ഭാര്യയെ പച്ചത്തെറി വിളിച്ചു. ദേഷ്യം സഹിക്കാതെ കുഞ്ഞി​ന്റെ ചന്തിയിൽ ആഞ്ഞൊരടി കൊടുത്ത്, പിടിച്ച് അപ്പുറമിട്ടു വാതിൽ വലിച്ചടക്കുന്നു. അടഞ്ഞ വാതിലിനപ്പുറത്തുനിന്നും കുഞ്ഞി​ന്റെ ദീനരോദനം ഉച്ചത്തിൽ മുഴങ്ങുന്നു. അപ്പോഴും കഥാകൃത്തിന് കലിയാണ്. ഭ്രാന്താണ്. നാവിൽനിന്ന് പിന്നെയും പച്ചത്തെറി വിളയാടി. പെട്ടെന്ന് വാതിലിൽ തുടരത്തുടരെ മുട്ടുന്ന ഭാര്യയുടെ കരച്ചിലാർന്ന ശബ്ദം.

‘‘നിങ്ങ വാതിൽ തൊറക്ക്... നമ്മുടെ കുഞ്ഞി​ന്റെ വെരൽ..!’’

 

ജോർജ്​ ജോസഫ്​ കെയും ഭാര്യ ലൗലിയും

വിതുമ്പലിൽ അവളുടെ വാക്കുകൾ മുറിഞ്ഞു. ഭാര്യയുടെ മുട്ടു തുടർന്നു. മുട്ടൻ തെറിയോടെ വാതിൽ വലിച്ചു തുറന്ന ജോർജ് ജോസഫ് നടുങ്ങിപ്പോയി. വാതിലിനിടയിൽപ്പെട്ടു ചതഞ്ഞരഞ്ഞു രക്തം കിനിയുന്ന കുഞ്ഞുവിരലുകൾ... വേദനിച്ചു പുളയുന്ന അപ്പു. അതു കണ്ടു ജോർജ് ജോസഫ് നിലവിളിച്ചില്ല. അവനെയുമെടുത്ത് ആശു പത്രിയിലേക്കോടിയില്ല. സമനില തെറ്റിയവനെപ്പോലെ അയാൾ വീട്ടിൽനിന്നുമിറങ്ങി എവിടേക്കോ നടന്നു. കത്തൃക്കടവിലെ ഇടുങ്ങിയ വഴികളിലൂടെ, തുരുമ്പെടുത്തു തുടങ്ങിയ പാലത്തിനു മുകളിലൂടെ...

തിരക്കാർന്ന വണ്ടികൾ ചീറിപ്പായുന്ന റോഡിലൂടെ മരണത്തിലേക്കെന്നപോലെ നടന്നു നീങ്ങുന്ന അയാളെക്കണ്ട് ബൈക്ക് നിർത്തി ഒരാൾ അടുത്തുവന്നു. ടാറ്റാ പുരം സുകുമാരന്റെ മകൻ ഹരി ലേഖാലയം.

‘‘എങ്ങോട്ടാ ജോർജേ? എന്തെങ്കിലും പ്രശ്നമുണ്ടോ?’’

അയാൾക്കെന്തോ ആപത്തു മണത്തു. ജോർജ് ജോസഫ് വിവരങ്ങൾ പറഞ്ഞു. കഥ, കുഞ്ഞ്, വിരലുകൾ, ചോര, കുഞ്ഞി​ന്റെയും ലൗലിയുടെയും കരച്ചിൽ.

‘‘നീ എ​ന്റെ കൂടെ വാ...’’ ജോർജ് ജോസഫിനെയുംകൊണ്ടു സ്വന്തം വീട്ടിലെത്തിയ ഹരി ലേഖാലയം അച്ഛ​ന്റെ എഴുത്തുമുറി തുറന്നു റൈറ്റിങ്പാഡും പേപ്പറുമെടുത്തു നൽകിയിട്ടു പറഞ്ഞു.

‘‘നീ എഴുത്... ഞാനൊന്നു പുറത്തു പോയിട്ടുവരാം.’’

ബൈക്കുമെടുത്തു ഹരി കൊല്ലംപറമ്പിലേക്കു പാഞ്ഞു.

 

നോവലിസ്റ്റ്​ സുരേഷ്​ കുമാർ വി, കഥാകൃത്ത്​ വി​േനാദ്​ ലാൽ എന്നിവർക്കൊപ്പം ഒരു യാത്രയിൽ ​േജാർജ്​ ജോസഫ്​ കെ

ഉള്ളിൽ അടക്കിനിർത്തിയതെന്തോ, എഴുതാതിരുന്നതെന്തോ പൊട്ടിയൊഴുകുന്നതുപോലെ ജോർജ് ജോസഫ് കെ, എഴുതാൻ തുടങ്ങി. വെട്ടും തിരുത്തുമില്ലാത്ത ഒരു പ്രവാഹമായിരുന്നു അതെന്ന് ജോസഫേട്ടൻ പിന്നീടു പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതാണ് ‘പുകമഞ്ഞ്’ എന്ന കഥ.

‘‘അതെ ഉണ്ണീ... പഞ്ച പാവമാണെങ്കിലും ഈ മനുഷ്യനുണ്ടല്ലൊ, മഹാദുഷ്ടനുംകൂടിയാ.’’ ഈ കഥയൊക്കെ വിവരിച്ചിട്ട് ഒരിക്കൽ ലൗലിച്ചേച്ചി പറഞ്ഞു. ഞാനുമതു ശരിവെച്ചു. എനിക്കും ചെറിയ ഒരു അനുഭവമുണ്ട്. ഒരിക്കൽ ജോസഫേട്ടനെ കാണാൻ ചെന്നപ്പോൾ കുറച്ച് പലഹാരങ്ങൾ വാങ്ങിയിരുന്നു. അത് മുഴുക്കെ എണ്ണപ്പലഹാരമായിരുന്നു. അപ്പോൾ അപ്പുവിന് ഹന്ന എന്നൊരു അനുജത്തിക്കുട്ടിയുമുണ്ടായിക്കഴിഞ്ഞിരുന്നു. ജോസഫേട്ടന് സന്തോഷമാകുമെന്ന് ഞാൻ കരുതി.

ജോസഫേട്ടൻ പലഹാരപ്പൊതി തുറന്ന് ഉഴുന്നുവടയും ഉള്ളിവടയും കൈകൊണ്ട് പിഴിഞ്ഞ് എണ്ണ പുറത്തേക്ക് ചാടിച്ചുകൊണ്ട് ദേഷ്യത്തോടെ ചോദിച്ചു.

‘‘ഇതെന്താ, നീയെന്നെയും മക്കളേയും കൊല്ലാൻ കൊണ്ടുവന്നതാണോ?’’

ഞാൻ വല്ലാതായിപ്പോയി.

അതുകേട്ടു ലൗലിച്ചേച്ചി അരിശപ്പെട്ടു.

‘‘നിങ്ങളെന്തൊരു മനുഷ്യനാ? നിങ്ങൾക്ക് വേണ്ടെങ്കിൽ തിന്നണ്ട. ആ ചെറുക്കൻ സ്നേഹത്തോടെ വാങ്ങിക്കൊണ്ടുവരുമ്പം ഇങ്ങനെയൊക്കെയാണോ പെരുമാറുന്നേ?’’

എനിക്ക് ദേഷ്യമൊന്നും തോന്നിയില്ല.

ഇത്ര അലസനായ ഒരു മനുഷ്യനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.

വറുതികൾക്കിടയിലും തനിക്കു പ്രതിഫലമായി കിട്ടുന്ന ചെക്കുകൾ പഴയ പ്രസിദ്ധീകരണങ്ങൾക്കിടയിൽവെച്ചു മറന്നുകളയുന്ന, പ്രസിദ്ധീകരിച്ച സ്വന്തം കഥകളിലേറെയും ശ്രദ്ധിക്കാതെ നഷ്ടപ്പെടുത്തിക്കളഞ്ഞിട്ടുള്ള, എന്തിന് എം.ജി യൂനിവേഴ്സിറ്റി പാഠ്യവിഷയമായി എടുത്ത കഥയുടെ പ്രതിഫലത്തി​ന്റെ ചെക്കുപോലും ബാങ്കിൽ പ്രസന്റ്ചെയ്തു എന്നുകരുതി, കൊടുക്കാതെ മറന്നുകളഞ്ഞവനാണ്.

ആ മനുഷ്യ​ന്റെ വീട്ടുവാതിൽ സൗഹൃദങ്ങൾക്കു മുന്നിൽ എന്നും എപ്പോഴും തുറന്നുകിടന്നു. അവിടെ വെച്ചാണ് കഥാകൃത്ത് വി. ദിലീപിനെ ഞാനാദ്യം കാണുന്നത്. ജോസഫേട്ട​ന്റെ ചങ്ങാതിക്കൂട്ടത്തിൽനിന്നാണ് ആദ്യകാലത്ത് ടി.വി. കൊച്ചുബാവയെയും പി.എഫ്. മാത്യൂസിനെയും തോമസ് ജോസഫിനെയും സോക്രട്ടീസ് വാലത്തിനെയും ജോസഫ് മരിയനെയും ഹരി ലേഖാലയത്തിനെയും പി.കെ. രാജശേഖരനെയും അൻവറലിയെയും പിന്നീട് സുരേഷ് പരിയാത്തിനെയും വി.എം. വിനോദ് ലാലിനെയും കണ്ടുമുട്ടുന്നത്.

‘‘ഞാനും ലൗലിയും പിള്ളേരും രോഗത്തിന്റെയും ദുരിതങ്ങളുടെയും പ്രതിസന്ധികളുടെയും കസേരകൾക്കു മുന്നിൽ കസേരകളി തുടരുകയാണ്’’ എന്ന് എനിക്കയച്ച പോസ്റ്റ്കാർഡ് കിട്ടിയതിന്റെ കുറച്ചു ദിവസങ്ങൾക്കു ശേഷം, ഞാനാവീട്ടിലെത്തി, രാവേറെനേരം വർത്തമാനം പറഞ്ഞിരുന്ന് വൈകിയുറങ്ങിയതിന്റെ പിറ്റേന്ന്, എഴുന്നേറ്റു വന്നപ്പോൾ ജോസഫേട്ടൻ പറഞ്ഞു:

‘‘നീയതൊന്നു വായിച്ചുനോക്ക്...’’

എഴുതി പൂർത്തിയാക്കിയ ഒരു കഥ മേശപ്പുറത്തിരിക്കുന്നു. ഞാൻ എടുത്തു നോക്കി -കസേരകളി! അതായിരുന്നു കഥയുടെ പേര്.

‘‘ഇതെപ്പോൾ എഴുതി?’’ എനിക്ക് അത്ഭുതമായി.

‘‘വെളുപ്പിനെ നാലുമണിക്ക് എഴുന്നേറ്റു. മെഡിറ്റേഷനും കഴിഞ്ഞ് ഞാനങ്ങ് ഇരുന്നെഴുതി.’’

അങ്ങനെ ഞാനവിടെയുള്ള ദിവസങ്ങളിലാണ് ‘കത്രീന മഞ്ഞിൻ പൂ’, ‘ശവ ഉടുപ്പുകൾ’ തുടങ്ങിയ പല കഥകളും ജോസഫേട്ടൻ എഴുതിയത്. അവയുടെ ആദ്യവായനക്കാരനായതി​ന്റെ അഭിമാനത്തോടെയാണ് അന്നൊക്കെ ഞാൻ തിരിച്ച് കോട്ടയത്തേക്കു വണ്ടി കയറിയത്.

പൊളിറ്റിക്കൽ കറക്ട്നസും മത സാമൂഹിക സമ്മർദങ്ങളും ഇക്കാലത്തുപോലും എഴുത്തുകാരന്റെ വഴിമുടക്കുന്നുണ്ട്. എന്നാൽ, പത്തിരുപത് വർഷം മുമ്പ് പാന്റ്സും ടി ഷർട്ടുമിട്ട് ഷട്ടിൽ കളിക്കുന്ന യേശുവിനെ (‘സമയായി’) സൃഷ്ടിക്കാൻ, ക്ലാസിലെ കുട്ടിയോട് ആസക്തി പ്രകടിപ്പിക്കുന്ന അധ്യാപികയെ ചിത്രീകരിക്കാൻ (ഒരു കാക്കയുടെ ആത്മഗതം), ലൈംഗിക വശപ്പെശകുള്ള ഫെമിനിസ്റ്റുകളെ ചിത്രീകരിക്കാൻ, അന്നത്തെ ജോർജ് ജോസഫ് കെക്ക് ധൈര്യമുണ്ടായിരുന്നു.

എഴുതിയ കഥകളെല്ലാം നഷ്ടപ്പെടുത്തിക്കളയുന്ന ഈ മനുഷ്യനോട് ഞാനും മുഹമ്മദ് ഷഹാസും എപ്പോഴും ഒരു കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചു സംസാരിച്ചു. ഭേദപ്പെട്ട കഥക ളെഴുതിയിരുന്ന ഷഹാസിനും എന്നെപ്പോലെ കൊല്ലംപറമ്പിൽ വീട് എപ്പോഴും കടന്നുചെല്ലാവുന്ന ഒരു സത്രമായിരുന്നു. കാണാതായ കഥകൾ പലതും അന്ന് ഞങ്ങൾ തപ്പിപ്പിടിച്ചു നൽകി. മധുപാലി​ന്റെ കൈയിലും ജോസഫേട്ടന്റെ ചില കഥകൾ ഉണ്ടായിരുന്നു.

പി.കെ. രാജശേഖരനും അൻവർ അലിയും വിനയകുമാറും ചേർന്ന് പ്രസാധനം തുടങ്ങിയ ‘പക്ഷികൂട്ട’ത്തിലൂടെ ‘അവൻ മരണയോഗ്യൻ’ ഇറക്കാൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല. എന്തു പ്രസാധനം? എന്തെഴുത്ത്? എന്തു ഫലം? ജോസഫേട്ടൻ അതു മറന്നു. ജോസഫേട്ടൻ അതൊക്കെ നഷ്ടപ്പെടുത്തി എന്നു പറയുന്നതാണ് ശരി. വീട്ടിൽ ചോർന്ന മഴയിൽ കുതിർന്നതോ, പതഞ്ഞുപൊങ്ങിയ ചിതലുകൾ തിന്നതോ? അറിയില്ല. അവ വെളിച്ചം കണ്ടില്ല കുറേനാൾ. ആ മനുഷ്യന് അതൊന്നും വിഷയമായിരുന്നില്ല.

പിന്നീട് ജോസഫേട്ടന്റെ കഥകൾ പലതും കണ്ടെത്താനും പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പ്രലോഭനത്തിനും മറ്റൊരു അവതാരം സംഭവിച്ചു -സുഹൃത്തും കഥാകൃത്തുമായ സുരേഷ് പരിയാത്ത്. അങ്ങനെ ആദ്യ പുസ്തകം പുറത്തിറങ്ങി -‘അവൻ മരണയോഗ്യൻ!’

ഡയറിത്താളുകളിൽനിന്ന് ‘അന്വേഷകരുടെ തൂവലുകൾ’ എന്ന ആദ്യകഥ കണ്ടെത്തിയത്, ‘വീക്ഷണം’ വാരികയുടെ എഡിറ്റർ യു.കെ. കുമാരനായിരുന്നു. ആ കഥ നുണ്ണൻ കലൂർ എന്ന പേരിലാണ് അച്ചടിച്ചു വന്നത്. പിന്നെ യു.കെ. കുമാരനാണ് ആ പേരു വെട്ടി, ജോർജ് ജോസഫ് കെ എന്ന യഥാർഥ നാമത്തിൽ ജോസഫേട്ടനെക്കൊണ്ട് കഥകൾ എഴുതിച്ചത്. ആ കഥാകൃത്തിനെ മലയാള സാഹിത്യത്തിലേക്കു തുറന്നുവിട്ട ‘വീക്ഷണം’ പത്രാധിപർ യു.കെ. കുമാരന്റെ സാന്നിധ്യത്തിൽ മാധവിക്കുട്ടിയാണ് ‘മരണയോഗ്യന്റെ’ പ്രകാശനം നിർവഹിച്ചത്. ജോസഫേട്ട​ന്റെ ഒന്നാം ക്ലാസിലെ ഗുരുനാഥയായിരുന്ന സാവിത്രി ടീച്ചറാണ് മാധവിക്കുട്ടിയിൽനിന്നും ആ പുസ്തകം ഏറ്റുവാങ്ങിയത്.

കല്യാണത്തിന് കലവറയിലും നിലവറയിലും ഓടിനടക്കുന്നവരെപ്പോലെ ഞാനും ഷഹാസും ആദ്യാവസാനം നിലകൊണ്ടു ജോസഫേട്ടന്റെ എഴുത്തുജീവിതത്തിൽ. ഞാനങ്ങോട്ടു ചെല്ലുന്നതുപോലെ ഇടയ്ക്കൊക്കെ കുടുംബസഹിതമോ അല്ലാതെയോ ജോസഫേട്ടൻ എന്റെ വീട്ടിലേക്കും എത്തുമായിരുന്നു.

ഒരിക്കൽ വീട്ടിൽ വന്നിട്ട് രാവിലെ ജോസഫേട്ടൻ മടങ്ങുകയായിരുന്നു. കൊച്ചിയിലെത്തിയാൽ നഗരത്തിന്റെ മുക്കിനും മൂലക്കും എന്നെയും കൊണ്ടുപോകുന്ന ജോസഫേട്ടനെ ഞാനും കാൽനടയായി കിടങ്ങൂരിലൂടെ ബസ് സ്റ്റോപ്പിലേക്ക് നയിച്ചു. കുത്തുകല്ലുകളും ഇടവഴികളും കയറിയിറങ്ങി ഞങ്ങൾ ഒരു പാടവരമ്പിലൂടെ നടക്കുകയാണ്. ചെറുകാറ്റിൽ കതിരുകൾ ഓളംവെട്ടി. ഇളവെയിൽ പാവുകാച്ചിയ വയൽവരമ്പ്. പൊടുന്നനെ അസംഖ്യം ആനത്തുമ്പികൾ ആകാശത്തു പറക്കുന്നതു ഞങ്ങൾ കണ്ടു. അവയൊരു ചുഴലിക്കാറ്റായി ഞങ്ങളെ പൊതിഞ്ഞു. നീലാകാശത്തു പറന്നകലുന്ന കൊറ്റികളെ നോക്കി മോഹനിദ്രയിൽ മുഴുകിയ ശ്രീരാമകൃഷ്ണ പരമഹംസനെപ്പോലെ ഒരുനിമിഷം ജോസഫേട്ടൻ നിന്നു. എന്നിട്ടു ചോദിച്ചു: ‘‘നി​ന്റെയൊക്കെ കഥകളിൽ ഇതു വല്ലതുമുണ്ടോ? നി​ന്റെയീ നാട്ടിൽ കാണുന്ന മായക്കാഴ്ചകളൊക്കെ ചേർത്തുവെച്ചിരുന്നെങ്കിൽ എന്തു രസമുള്ള കഥകൾ നിനക്ക് എഴുതാമായിരുന്നു.’’

 

പി.എഫ്​. മാത്യൂസിനൊപ്പം -പഴയ ചിത്രം

ആ വാചകം ഞാനെന്റെ ജീവിത ത്തിൽ, പാഠം ഒന്ന്: എഴുത്ത് എന്ന് എഴുതിച്ചേർത്തു. എഴുതാൻ ആഗ്രഹിക്കുന്നവരുടെ പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന, റൈറ്റേഴ്സ് ബ്ലോക്ക് എന്ന ഓമനപ്പേരിൽ വിളിക്കുന്ന സംഗതിയുടെ 15 വർഷത്തെ ഇടവേളക്കുശേഷം കഥയാണോ എന്നു തീർച്ചയില്ലാതെ ചിലതെഴുതുമ്പോൾ ആ വാക്കുകൾ വീണ്ടും എന്റെ മനസ്സിൽ മുഴങ്ങി. അങ്ങനെയാണ് എന്റെ ‘പൊന്ത’ എന്ന കഥ സംഭവിച്ചത്. ഒടുവിൽ അതേ പേരിൽ ഒരു കഥാസമാഹാരവും. അതിന്ന് അഞ്ചു പതിപ്പായെങ്കിൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ജോസഫേട്ടനാണ്.

എവിടെനിന്നും ആരിൽനിന്നും എഴുത്തിനു വേണ്ടതു കണ്ടെത്താൻ മടിക്കാത്തയാളാണ് ജോസഫേട്ടൻ. കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതും മൂപ്പരുടെ കഥയിൽ കയറിപ്പറ്റാം. കുറച്ചുകാലം മുമ്പ് ഒരു ആശുപത്രി സന്ദർശനത്തിനിടയിൽ ഞാനൊരു കാഴ്ച കണ്ടു. യുവസുന്ദരിയായ ഒരു കന്യാസ്ത്രീയുടെയൊപ്പം ഒരു വൃദ്ധ പുരോഹിതനും വൃദ്ധയായ കന്യാസ്ത്രീയും. ഏതോ മെഡിക്കൽ പരിശോധനക്കു മുന്നോടിയായി പുരോഹിതനു വസ്ത്രം മാറേണ്ടതുണ്ട്. പക്ഷേ, അയാൾക്ക് അതിനുപോലുമുള്ള ത്രാണിയില്ല. വൃദ്ധയും യുവതിയും ചേർ ന്ന് അയാളെ സഹായിക്കുന്നു. ഞാൻ പറഞ്ഞ ഈ ദൃശ്യവിവരണം ജോസഫേട്ട​ന്റെ ‘നിശ്ശബ്ദത മാത്രം’ എന്ന കഥയായി രാസപ്രവർത്തനം നടത്തി എനിക്കു മുന്നിലെത്തി. അത്ഭുതങ്ങൾ ഇനിയും സംഭവിക്കും. എനിക്കു തീർച്ചയുണ്ട്. എഴുപതിൽ എത്തുന്ന ഈ ​ജ്യേഷ്ഠനായ ആത്മമിത്രം, എഴുത്തിൽ ആവിഷ്കരിക്കാത്ത പലതും ആ ജീവിതത്തിൽ ബാക്കിയുണ്ട്. കുരുത്തക്കേടുകളുടെ ലോകത്തു നിന്നുവന്ന്, കുരിശേറിയവന്റെ കൈയിൽ പിടിച്ചു നടക്കുന്ന വിശുദ്ധ സ്നേഹിതാ, നിങ്ങൾക്കെന്റെ എഴുപതാം പിറന്നാളുമ്മകൾ.

News Summary - Storyteller and poet George Joseph K turns seventy