ഹംഗേറിയൻ സർറിയൽ നോവൽ ലോകം വാഴുമ്പോൾ

സാഹിത്യ നൊേബൽ പുരസ്കാരം നേടിയ ലാസ്ലോ ക്രാസ്നഹോർകൈയുടെ പ്രതിരോധത്തിന്റെ വിഷാദാത്മകത (The Melancholy of Resistance) എന്ന കൃതി വായിക്കുന്നു. സമകാലിക ഹംഗേറിയൻ സാഹിത്യത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളാണ് ലാസ്ലോ ക്രാസ്നഹോർകൈ. ഭീകരമായ ഒരു കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് സമഗ്ര ഏകാധിപത്യത്തിനെതിരെ പ്രതിരോധവുമായി നിലനിന്ന ഈ എഴുത്തുകാരന്റെ രചനകൾ സാഹിത്യനിർമിതികളുടെ പ്രതീകമായി ലോകസാഹിത്യത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. 2002ൽ ഇമ്രെ കെർത്തസിന് ലഭിച്ചതിനുശേഷം ഈ പുരസ്കാരം ഹംഗേറിയൻ എഴുത്തുകാരെ തേടിയെത്തിയിരുന്നില്ല. ക്രാസ്നഹോർകൈയെ കൂടാതെ പീറ്റർ നാദാസ് എന്ന ഒരു മഹാപ്രതിഭ കൂടി ഹംഗേറിയൻ സാഹിത്യത്തിൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
സാഹിത്യ നൊേബൽ പുരസ്കാരം നേടിയ ലാസ്ലോ ക്രാസ്നഹോർകൈയുടെ പ്രതിരോധത്തിന്റെ വിഷാദാത്മകത (The Melancholy of Resistance) എന്ന കൃതി വായിക്കുന്നു.
സമകാലിക ഹംഗേറിയൻ സാഹിത്യത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളാണ് ലാസ്ലോ ക്രാസ്നഹോർകൈ. ഭീകരമായ ഒരു കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് സമഗ്ര ഏകാധിപത്യത്തിനെതിരെ പ്രതിരോധവുമായി നിലനിന്ന ഈ എഴുത്തുകാരന്റെ രചനകൾ സാഹിത്യനിർമിതികളുടെ പ്രതീകമായി ലോകസാഹിത്യത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. 2002ൽ ഇമ്രെ കെർത്തസിന് ലഭിച്ചതിനുശേഷം ഈ പുരസ്കാരം ഹംഗേറിയൻ എഴുത്തുകാരെ തേടിയെത്തിയിരുന്നില്ല. ക്രാസ്നഹോർകൈയെ കൂടാതെ പീറ്റർ നാദാസ് എന്ന ഒരു മഹാപ്രതിഭ കൂടി ഹംഗേറിയൻ സാഹിത്യത്തിൽ സജീവമായുണ്ട്.
2012ലാണ് ക്രാസ്നഹോർകൈയുടെ ‘സാറ്റാൻടാൻഗോ’ (Satantango) ആദ്യമായി വായിക്കുന്നത്. ഹംഗേറിയൻ കവിയും പരിഭാഷകനുമായ ജോർജ് സിർടെഷാണ് (George Szirtes) ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 1956ൽ ഒരു പ്രവാസിയായി ഇംഗ്ലണ്ടിലേക്ക്‍ വന്ന അദ്ദേഹം ഇംഗ്ലീഷിൽ നൈപുണ്യം നേടി. 1985ലാണ് ഈ നോവൽ ആദ്യമായി ഹംഗേറിയൻ ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത്. 1994ൽ വിഖ്യാത സിനിമ സംവിധായകൻ ബേല ടാർ (Bela Tarr) ഹംഗേറിയൻ ഭാഷയിൽ ഏഴര മണിക്കൂർ ദൈർഘ്യമുള്ള ക്ലാസിക് സിനിമ സംവിധാനംചെയ്തത് അത്ഭുതത്തോടെയാണ് ലോക സിനിമാ ആസ്വാദകർ അംഗീകരിച്ചത്. ക്രാസ്നഹോർകൈയിയുടെ ആദ്യത്തെ ഈ നോവലിന്റെ ദാർശനികമായ ഒരു ആവിഷ്‍കാരമാണ് സംവിധായകൻ സ്വീകരിച്ചത്.
കമ്യൂണിസത്തിന്റെ പതനകാലത്തെ ഹംഗറിയിലെ സാധാരണ മനുഷ്യരുടെ ജീവിതസമസ്യകൾ ക്രാസ്നഹോർകൈയിയുടെ ഈ നോവലിൽ അന്വേഷണത്തിന് വിധേയമാക്കുകയായിരുന്നു. ഒരു കാർഷിക സമൂഹത്തിന്റെയും അവരുടെ കൃഷിയിടങ്ങളിലെയും യാതനകൾ നിറഞ്ഞ ഇരുണ്ട ലോകം ഈ നോവലിൽ നിറഞ്ഞുനിന്നു. ഇർവിയാസ് എന്ന ഇതിലെ കഥാപാത്രവും അയാളുടെ സഹായിയായ പെട്രീനയും മരണത്തെ അതിജീവിച്ച് തിരിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നോവൽ വികസിതമാകുന്നത്. ‘സാറ്റാൻടാൻഗോ’ ശരിക്കും ബൃഹദ് മാറ്റത്തെക്കുറിച്ച രചനയാണ്. ഈ ശീർഷകത്തിന്റെ അർഥംതന്നെ ആറ് ചുവടുകൾ മുന്നോട്ടും ആറ് ചുവടുകൾ പിറകോട്ടും െവക്കുന്ന ഒരു പ്രതീകാത്മക രീതിയാണ്. ഇത് നോവലിന്റെ ഘടനയെയും ഗ്രാമവാസികളുടെ രക്ഷപ്പെടാനാവാത്ത നിസ്സഹായ അവസ്ഥയെയും കാണിക്കുന്നു.
ആമുഖമായി ഇത്രയും പറഞ്ഞത് ക്രാസ്നഹോർകൈയുടെ മാസ്റ്റർ പീസ് നോവൽ ‘പ്രതിരോധത്തിന്റെ വിഷാദാത്മകത’യുടെ (The Melancholy of Resistance) വായനാനുഭവം ഓർമകളിൽ നിറഞ്ഞുനിന്നതുകൊണ്ടാണ്. 2015ലെ മാൻ ബുക്കർ അന്തർദേശീയ പുരസ്കാരം ലഭിച്ചതിനു ശേഷമാണിത് വായിക്കാൻ കഴിഞ്ഞത്. ‘സാറ്റാൻടാൻഗോ’ പരിഭാഷപ്പെടുത്തിയ ജോർജ് സിർടെഷ് തന്നെയാണിതിന്റെയും പരിഭാഷ നിർവഹിച്ചത്. അമേരിക്കയിലെ ന്യൂ ഡയറക്ട് മിൽസ് പ്രസാധകർ അയച്ചുതന്ന ഈ നോവലിലൂടെ കൂടുതൽ പ്രതിഭാശാലിയായ ക്രാസ്നഹോർകൈയെയാണ് തിരിച്ചറിയാൻ കഴിഞ്ഞത്. സംയുക്തവും ശക്തവും തീവ്രവുമായ ഒരു നോവലാണിതെന്ന് പരിഭാഷകർതന്നെ വിശേഷിപ്പിക്കുന്നുണ്ട്. ക്രാസ്നഹോർകൈ ദീർഘ വാചകങ്ങൾ ഉപയോഗിക്കുന്ന രചനാരീതിക്ക് ഇതിലും മാറ്റം വരുത്തിയിട്ടില്ല. ആഖ്യാനത്തിന്റെ സാവധാനത്തിലുള്ള ലാവാപ്രവാഹമായി ഇതിനെ കാണണമെന്ന സൂചനയുമുണ്ട്. സാഹിത്യ നൊേബൽ വാർത്ത കേട്ടപ്പോൾ ക്രാസ്നഹോർകൈയുടെ ഈ മഹത്തായ രചനയെക്കുറിച്ചാണ് ആദ്യം ഓർത്തത്. പരിഭാഷകന്റെ അഭിപ്രായത്തിലും ഇത് ഒരു അതിസാന്ദ്രമായ രചനയാണ്. വായനക്കാരുടെ മനസ്സിലേക്ക് ഈ പ്രവാഹത്തിന്റെ സമ്പ്രദായങ്ങൾ ശരിക്കും ലയിച്ചുചേരും.
ഒരു ഹംഗേറിയൻ പ്രാദേശിക പട്ടണത്തിൽ ചുരുക്കം ചില ദിനങ്ങളിൽ സംഭവിക്കുന്ന ഒന്നാണ് പ്രമേയം. നാശത്തെ സൂചിപ്പിക്കുന്ന ഒരു അന്തരീക്ഷത്തിന്റെ പശ്ചാത്തലം അവിടെ നിലനിൽക്കുന്നു. അവിടെ ട്രെയിനുകൾ അങ്ങിങ്ങായി ഓടിക്കൊണ്ടിരിക്കുന്നു. തെരുവുകളിലാകെ മാലിന്യം നിറഞ്ഞിരിക്കുകയാണ്. തെരുവു വിളക്കുകൾ നാശം സംഭവിച്ചതിന്റെ പ്രതീകാത്മക ഭീകരദൃശ്യം പങ്കുെവച്ചു. ഇരുട്ട് വീണാൽ പട്ടണവാസികൾ ഭവനങ്ങളിലേക്ക് മടങ്ങിയെത്താൻ വലിയ പ്രയാസം നേരിടും.
ഈ നോവലിൽ നാം ആദ്യം കണ്ടുമുട്ടുന്ന കഥാപാത്രം മിസിസ് പ്ലൗഫിനും സംഭവിക്കുന്നതിതു തന്നെയാണ്. തെരുവിൽ ഇരുട്ടിന്റെ കനത്ത ആവരണത്തിലൂടെ നടക്കുമ്പോൾ സംഭവിക്കാൻ പോകുന്ന ദുരന്തത്തെ കുറിച്ചവർ വല്ലാതെ ഭയപ്പെട്ടിരുന്നു. ഏതു നിമിഷവും സംഭവിക്കാവുന്ന ഒന്നായത് അവരുടെ മനസ്സിൽ ഭയാശങ്ക നിറച്ചു. അവരുടെ പുത്രനായ വാലുസ്ക ആകക്കൂടി അംഗീകരിച്ചിരുന്നത് സംഗീതജ്ഞനായ എസ്തർ മാത്രമായിരുന്നു. അയാൾ സ്വന്തം ഭവനം വിട്ട് ഒരിക്കലും പുറത്തിറങ്ങിയിരുന്നില്ല. ശയ്യവിട്ട് എഴുന്നേൽക്കുന്ന അവസ്ഥതന്നെ തികച്ചും അപൂർവം. അയാളുടെ ഭാര്യ ശരിക്കും അകന്നുകഴിയുന്ന ഒരവസ്ഥയിലായിരുന്നു. മാനസികമായും ശാരീരികമായും പരുക്കൻ സ്വഭാവരീതി പുലർത്തിയിരുന്ന അവർ ഒരു വിചിത്രമായ സർക്കസ് കമ്പനിയെ പട്ടണത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുന്നു. അവർ തന്റെ ആശയങ്ങൾക്ക് പുതിയ ആവേഗം പകർന്നുകൊടുക്കാനാണ് ഇതുകൊണ്ടുദ്ദേശിച്ചത്.
പക്ഷേ, സർക്കസ് കമ്പനിക്കാർ അവിടേക്കെത്തിച്ചേർന്നു കഴിഞ്ഞപ്പോൾ സ്വീകാര്യമായ ആശയമായി തോന്നിയില്ല. അവിടത്തെ അന്തരീക്ഷമാകെ പ്രക്ഷുബ്ധമായ ഒന്നായി മാറിയിരുന്നു. പ്രധാന പട്ടണ ചത്വരത്തിലേക്ക് പട്ടണനിവാസികൾ നിശ്ശബ്ദമായി ഒത്തുചേരാനും തുടങ്ങിയിരുന്നു. ആകെ മാറിപ്പോകാൻ തുടങ്ങുന്ന ഒരു ചത്വരമായത് സൂചനകൾ പങ്കുവെക്കുകയുംചെയ്തു. ആദ്യത്തെ നോവലിൽ ക്രാസ്നഹോർകൈ ഒരു ദുഷിച്ചുനാറിയ സമൂഹത്തിന്റെ പേടിസ്വപ്നംപോലെയാണ് പ്രമേയത്തെ അവതരിപ്പിച്ചത്. യഥാർഥമായ ഒരു ലോകത്തെയും ജീവിത പശ്ചാത്തലങ്ങളെയും വെറുപ്പുളവാക്കുന്ന രീതിയിൽ ചേർത്തുനിർത്തുകയും ചെയ്തിരുന്ന ‘സാറ്റാൻടാൻഗോ’യിലെ പോലെ ഇവിടെയും നിറയെ തകർച്ചയുടെ അഴുകിപ്പോയ തലങ്ങളെയാണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.
പട്ടണത്തിന് സംഭവിച്ച വ്യക്തമായ താഴ്ചയെ അവഗണിക്കുമ്പോൾ ഭവനത്തിനുള്ളിലെ താഴ്ന്ന മധ്യവർഗക്കാരുടെ ബങ്കറുകൾക്കുള്ളിൽ പരിമിതികളുടെ യാതന നിറഞ്ഞ ഒരു ലോകമാണുണ്ടായിരുന്നത്. പുറത്ത് കറുത്ത ശക്തികളുടേതായ ഒരു ലോകം സ്വരൂപിക്കപ്പെടാത്തതും അവരെ കൂടുതൽ ഭയപ്പാടിനുള്ളിലാക്കി. ‘‘ആകെ തണുത്തുറഞ്ഞ് അന്തരീക്ഷത്തിൽ താഴേക്കു വീഴാൻ മടികാണിക്കുന്ന മഞ്ഞുപാളികളുടെ കിതപ്പും ഉയർന്നു കേട്ടിരുന്നു. മിസിസ് എസ്തർ അവരുടേതായ ഒരു ലോകത്തെ കെട്ടിപ്പടുക്കാനുള്ള തിരക്കിലുമായിരുന്നു. ഒന്നിനെയും വിധിക്കു വിട്ടുകൊടുക്കുന്ന ഒരു സ്വഭാവം അവർക്കുണ്ടായിരുന്നുമില്ല. പട്ടണത്തെ സ്വന്തമാക്കി മാറ്റിയെടുക്കുന്ന ഒരാവേശമാണ് അവരിൽ മറ്റുള്ളവരെ നയിച്ചുപോകാൻ സഹായകമായി നിലനിന്നത്. കഥ മുേന്നാട്ടുപോകുമ്പോൾ ഇത് യഥാർഥമായ ഒന്നിൽനിന്നും അകലെയായിരുന്നുമില്ല.
നോവലിലെ പ്രധാന കഥാപാത്രമായ വാലുസ്ക ശരിക്കും വ്യത്യസ്തമായ ഒരു സൃഷ്ടി തന്നെയായിരുന്നു. ആകെ അസ്വസ്ഥമായ ഒരു മനസ്സും ചിന്തയും സ്വന്തമായുള്ള അയാൾ പ്രതീക്ഷയോടെ താഴത്തെ അഴുക്കുചാലുകളിൽനിന്നും വിട്ട് ആകാശ സീമകളിൽ പ്രത്യാശയർപ്പിച്ചു കഴിഞ്ഞു. നോവലിലെ ഏറ്റവും അവിസ്മരണീയമായ രംഗങ്ങളിലൊന്നിൽ അയാൾ ഒരുതരം ആചാരവിധിപ്രകാരമുള്ള നൃത്തം ഒരു മദ്യശാലയിൽ സംഘടിപ്പിച്ചിരുന്നു. സ്വർഗീയമായ ഒരു നൃത്താവിഷ്‍കാരമായിത് തോന്നുകയും ചെയ്തു. സൂര്യനും ചന്ദ്രനും ഭൂമിയും ഒത്തുചേരുന്ന രംഗങ്ങളിലെ നൃത്തച്ചുവടുകൾക്ക് മനുഷ്യന്റെ ലഹരിയിലമർന്ന ആവേശത്തിന്റെ ഭാവങ്ങളുമുണ്ടായിരുന്നു. അവരുടെ ചുവടുെവപ്പുകളുടെ സ്വഭാവങ്ങൾ സജീവമായി നിലനിൽക്കുകയും ചെയ്തു.
പക്ഷേ, അയാളുടെ നിഷ്‍കളങ്കമായ ലോകം പട്ടണത്തിലെ സർക്കസ് കമ്പനിയുടെ ആഗമനം ആകെ തളർത്തുകയും ചെയ്തു. ആമുഖമായി സംഭവിച്ച ഇതിനുള്ളിലേക്ക് നോവലിസ്റ്റ് ക്രാസ്നഹോർകൈ സാധിപ്പിച്ചെടുക്കുന്നത് അത്ഭുതകരമായ പ്രവേശനമാണ്. മിസിസ് പ്ലൗഫ് ഇരുണ്ട തെരുവുകളിലൂടെ തിരിച്ച് പായുമ്പോൾ ഒരു ഭീകരമായ ദൃശ്യം അവരുടെ മുന്നിൽ നിറഞ്ഞു. റോഡിലൂടെ ഒരു വലിയ കണ്ടെയ്നർ ലോറി സാവധാനം നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ദൃശ്യം. അവിടെ സംഗീതത്തിന്റെയോ നൃത്തം ചെയ്യുന്ന ആനകളുടെയോ പുഞ്ചിരിക്കുന്ന വിദൂഷകരുടെയോ അകമ്പടിയുണ്ടായിരുന്നില്ല.
ഒരു ഭീകരരൂപിയായ തിമിംഗലത്തിന്റെ ശവശരീരമാണത്‍ വഹിച്ചുകൊണ്ടുപോയിരുന്നത്. അതോടൊപ്പം നിശ്ശബ്ദരായ കുറച്ച് ആക്രമണോത്സുകരായ അനുഭാവികളും. ഇത് ശരിക്കും വ്യത്യസ്തമായ രീതിയിലുള്ള ഒരു സർക്കസ് കമ്പനിയായിരുന്നു. അവിടെ ആകക്കൂടിയുണ്ടായിരുന്ന ലാസ്യഭാവം ഇരുട്ടിന്റെ മാത്രമായിരുന്നു. ഇവിടെ ഇതുകൊണ്ട് എഴുത്തുകാരൻ വിവക്ഷിക്കുന്നതെന്താണെന്നതിനെക്കുറിച്ച് വായനക്കാരുടെ ആകാംക്ഷ ചിറകുവിടർത്തുവാൻ തുടങ്ങിയിരിക്കും. ശരിക്കുമിതിനെ ഒരു ആക്ഷേപഹാസ്യമായിട്ടാണ് വിശകലനംചെയ്യേണ്ടത്.
ഹംഗറിയിലെ സോവിയറ്റ് കാലഘട്ടത്തിലെ അധികാരമണ്ഡലത്തിലേക്ക്‍ വിരൽചൂണ്ടുന്ന വിമർശനാത്മകമായ അലിഗറിയായിതിനെ കാണേണ്ടിയിരിക്കുന്നു. അതോടൊപ്പം സ്റ്റേറ്റ് നിയന്ത്രിക്കുന്ന ഒരു സമൂഹത്തിന്റെ ദാരുണദൃശ്യമായും ഇത് കടന്നുവരുന്നു. ശരിക്കുമിതിന്റെ പരാജയപ്പെട്ട ഒരു മുഖത്തെയാണിവിടെ നിശിതമായ വിമർശനത്തിന് വിധേയമാക്കുന്നത്. അവിടത്തെ മനുഷ്യരുടെ പെരുമാറ്റത്തിനുള്ളിലെ വികൃതമായ പശ്ചാത്തലവും ഇവിടെ തെളിഞ്ഞുവരുന്നുണ്ട്. അതിന്റെ പൊതുവായ ഒരു വിശേഷണമായി ഇതിനെ ദർശിക്കാൻ കഴിയണം. മുഖം നഷ്ടപ്പെട്ട കുറെ അപരിമിതരായ മനുഷ്യരുടെ സ്റ്റാറ്റസ്കോ തകർക്കാനുള്ള നീക്കങ്ങളും ഇവിടെ അരങ്ങേറുന്നുണ്ട്. വാലുസ്കയുടെ ദൃഷ്ടിയിലൂടെയാണ് നോവലിൽ ഈ രംഗങ്ങൾ നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. ഭ്രാന്തമായ ഒരവസ്ഥയിൽ കഴിയുന്ന അയാളുടെ മാനസികനിലയുടെ തകർച്ചയും നിരീക്ഷിക്കപ്പെടുന്നുണ്ട്. കാര്യങ്ങൾ സംഭവിക്കുന്ന ഒരു രാത്രിയുടെ ഭ്രമാത്മകമായ ദൃശ്യങ്ങൾ നോവലിന്റെ തീവ്രമായ ദർശനങ്ങളായി രൂപാന്തരപ്പെടുന്നു. സംഭവങ്ങളുടെ ഒരു ബലിയാടായി അയാൾ സ്വയം മാറുന്നുണ്ട്.

നോവലിന്റെ ആദ്യഭാഗത്തിൽ മുഴുവനുമായി പട്ടണനിവാസികളുടെ ആകാംക്ഷകളും അവരുടെ മാനുഷികമായ ദൗർബല്യങ്ങളും താരതമ്യത്തിന് വിധേയമാകുന്നതുപോലെ അനുഭവപ്പെടുന്നു. അതോടൊപ്പം ഒട്ടും മനുഷ്യത്വമില്ലാത്ത ദുരന്തത്തിന്റെ സ്പർശവും അനുഭവപ്പെടുന്നുണ്ട്. ചത്വരത്തിൽ ആകാംക്ഷാഭരിതരായി നിൽക്കുന്ന മനുഷ്യർ നിശ്ശബ്ദരാണ്. ഏവരും ഒരു സൂചനക്കായി കാത്തുനിൽക്കുന്നതുപോലെയുമുണ്ട്. കാത്തുസൂക്ഷിക്കാനും നിരീക്ഷിക്കാനുമുള്ള ശക്തി നഷ്ടമായ ഒരു വികാരം അവരിൽ നിറഞ്ഞുനിന്നിരുന്നു. ഏതു നിമിഷവും കടന്നുവരാവുന്ന കൊടുങ്കാറ്റിനെ ഭയപ്പെടുന്ന മുയലുകളെപ്പോലെ അവർ ഭയത്താൽ ഒതുങ്ങിക്കൂടി. മനുഷ്യരുടെ ഭയാശങ്കകൾ ഒന്നുകൂടി തീവ്രമാകുന്നു. നോവലിസ്റ്റിന്റെ ആഖ്യാനരീതിയെക്കുറിച്ച് പറയാതെ ഈ നോവലിന്റെ വികാസത്തെ കുറിച്ചും പറയാൻ ആകില്ല. 30 പേജുകളോളം നീണ്ടുപോകുന്ന വാചകങ്ങൾ ഗൗരവമുള്ള ഒരു വായന കൊണ്ടല്ലാതെ സ്വീകരിക്കാൻ കഴിയാതെ വരും. വാക്കുകൾക്കൊപ്പം യാത്രചെയ്യുന്നതും വിഷമംപിടിച്ച ദൗത്യമാണ്. ഇംഗ്ലീഷ് ഭാഷക്കുള്ള വിശാലതയും ഇവിടെ കൂടുതൽ സാഹസികമായി മാറുന്നുണ്ട്. കവിയുടെ ഭാഷാപരമായ സ്വാതന്ത്ര്യം ഒരുതരത്തിലും മുറിവുണ്ടാക്കുന്നുമില്ല.
എസ്തറിന്റെ പട്ടണത്തിന്റെ അധികാരം ഏറ്റെടുക്കാനുള്ള നീക്കങ്ങളുടെ പ്രതീകമായും ഇവിടെ മാറ്റങ്ങൾ സംഭവിക്കുന്നു. ഇതൊരു ആദ്യത്തെ സാവധാനത്തിലുള്ള പ്രവാഹമാണ്. ഇത് വായനക്കാരന്റെ പുതിയ നോവലിന്റെ പുതിയആഖ്യാനത്തിന്റെ, വാക്കുകളുടെ സ്വാതന്ത്ര്യത്തിന്റെ ജാലകങ്ങൾ കാട്ടിക്കൊടുക്കുന്നു. ഇൗ േനാവലിനുശേഷം പുറത്തുവന്ന രചനകൾക്ക് മതിയായ സ്വീകരണങ്ങൾ കിട്ടിയോ എന്ന കാര്യത്തിൽ സംശയമുണ്ട്. ‘വാർ ആൻഡ് വാർ’, ‘വേൾഡ് ഗോസ് ഓൺ’, ‘അവസാനത്തെ ചെന്നായ്’ തുടങ്ങിയ രചനകൾക്ക് വായനക്കാരുടെ ഭാഗത്തുനിന്നുള്ള സ്വീകാര്യത ഗംഭീരമായിരുന്നില്ല. സെൻ ബുദ്ധിസത്തിന്റെ കടന്നുകയറ്റം എഴുത്തുകാരന്റെ ദർശനങ്ങൾക്കും മാറ്റം വരുത്തിയിരിക്കുന്നു എന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്.

