Begin typing your search above and press return to search.

നീലമേഘങ്ങളിൽ ചുവപ്പു പടരുമ്പോൾ

നീലമേഘങ്ങളിൽ   ചുവപ്പു പടരുമ്പോൾ
cancel

സാഹിത്യ അക്കാദമി അവാർഡ് ജേതാവ് റീത്ത ചൗധരിയുടെ ‘ചൈനാടൗൺ ഡേയ്സ്’ ചരിത്രത്തിൽ മറഞ്ഞിരിക്കുന്ന അധ്യായത്തെ ആസ്പദമാക്കി എഴുതിയ നോവലാണെന്നും അത് അസമിൽ ജീവിക്കേണ്ടിവന്ന ചൈനക്കാരുടെ സംഘർഷങ്ങളിലേക്ക് വിരൽചൂണ്ടുന്നുവെന്നും എഴുതുന്നു. നിർണായകമായ ചില സംഭവങ്ങളെ ചരിത്രത്തിൽ പ്രാധാന്യത്തോടെ രേഖപ്പെടുത്താതെ പോകുന്നത് അപൂർവമല്ല. തിരിഞ്ഞുനോക്കുമ്പോൾ, അത്തരം ചില സന്ദർഭങ്ങൾ സൃഷ്ടിച്ച നീക്കിവെപ്പുകൾകൂടി ചേർന്നതാണ് ലോകം എന്ന് ബോധ്യപ്പെടുന്നു. അവ സാഹിത്യരൂപങ്ങളായി പിന്നീട് പരിണമിക്കുന്നത് കാവ്യനീതിയെന്നേ പറയേണ്ടൂ. അധിനിവേശമെന്ന പ്രക്രിയയുടെ ഗതിയും പരിണതഫലവും ഫിക്ഷന്റെ പ്രമേയങ്ങളായി...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
സാഹിത്യ അക്കാദമി അവാർഡ് ജേതാവ് റീത്ത ചൗധരിയുടെ ‘ചൈനാടൗൺ ഡേയ്സ്’ ചരിത്രത്തിൽ മറഞ്ഞിരിക്കുന്ന അധ്യായത്തെ ആസ്പദമാക്കി എഴുതിയ നോവലാണെന്നും അത് അസമിൽ ജീവിക്കേണ്ടിവന്ന ചൈനക്കാരുടെ സംഘർഷങ്ങളിലേക്ക് വിരൽചൂണ്ടുന്നുവെന്നും എഴുതുന്നു.

നിർണായകമായ ചില സംഭവങ്ങളെ ചരിത്രത്തിൽ പ്രാധാന്യത്തോടെ രേഖപ്പെടുത്താതെ പോകുന്നത് അപൂർവമല്ല. തിരിഞ്ഞുനോക്കുമ്പോൾ, അത്തരം ചില സന്ദർഭങ്ങൾ സൃഷ്ടിച്ച നീക്കിവെപ്പുകൾകൂടി ചേർന്നതാണ് ലോകം എന്ന് ബോധ്യപ്പെടുന്നു. അവ സാഹിത്യരൂപങ്ങളായി പിന്നീട് പരിണമിക്കുന്നത് കാവ്യനീതിയെന്നേ പറയേണ്ടൂ. അധിനിവേശമെന്ന പ്രക്രിയയുടെ ഗതിയും പരിണതഫലവും ഫിക്ഷന്റെ പ്രമേയങ്ങളായി തീർന്നു. മനുഷ്യവംശത്തെ ആഴത്തിൽ ബാധിച്ച അധിനിവേശത്തിന്റെ തിക്തഫലങ്ങൾ കൃത്യമായും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയിൽ നടത്തിയ ഇടപെടലുകളുടെ പ്രത്യാഘാതവും മറ്റൊന്നല്ല തെളിയിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഇന്ത്യയിൽ ബ്രിട്ടീഷ് അധിനിവേശത്തിന്റെ വേരുകൾ ചുവടുറപ്പിച്ചു. 1826ഓടെ അസമിനെ അധീനതയിലാക്കിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അധികം വൈകാതെ ‘ചായ’യുടെ സാധ്യത മനസ്സിലാക്കി. അധിനിവേശത്തിന്റെ നാളുകളിലെ നിർണായകമായ ഒരു ബോധ്യപ്പെടലായിരുന്നു അത്. അസം പിടിച്ചടക്കിയതിനുശേഷം, ഈ പ്രദേശത്ത് വളരുന്ന പ്രാദേശികമായ തേയിലച്ചെടികൾ ബ്രിട്ടീഷുകാർ കണ്ടെത്തി. അക്കാലം വരെ ചൈനയിൽനിന്ന് തേയില വ്യാപാരം നടത്തിയ കമ്പനിയുടെ ശ്രദ്ധ അസമിലേക്കെത്തിച്ചേരുകയായിരുന്നു.

ഇത് 1830കളിൽ വ്യാപകമായ വിധത്തിലുള്ള തേയില കൃഷി ആരംഭിക്കുന്നതിലേക്ക് നയിച്ചു. റോബർട്ട് ബ്രൂസ് എന്ന ഈസ്റ്റിന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥൻ കണ്ടെത്തിയ ഈ സാധ്യതയോടെ അസം അടങ്ങുന്ന ഇന്ത്യയുടെ വടക്കുകിഴക്കേ പ്രദേശത്തിന്റെ ‘ഭൂപടം’ മാറിമറിയുകയായിരുന്നു. ബ്രിട്ടീഷുകാരുടെ സാമ്പത്തിക ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞു. ഇതേ കാലത്തുതന്നെയാണ് സുമാർ അറുനൂറു കൊല്ലങ്ങളായി അസം ഭരിച്ചിരുന്ന അഹോം രാജവംശത്തിലെ അന്തശ്ഛിദ്രങ്ങൾ രൂക്ഷമായത്. ബർമ അസമിനെ കീഴ്പ്പെടുത്താൻ ഇത് തക്ക അവസരമായി കണ്ടു. ഈ കലുഷിത നാളുകളിൽ തദ്ദേശവാസികൾ അടിമകളായി മറ്റു ദേശങ്ങളിലേക്ക് പോകാൻ ആരംഭിച്ചു.

ബർമക്കാരായ പട്ടാളത്തെ തുരത്തി ബ്രിട്ടീഷുകാർ സ്വന്തം സാമ്രാജ്യത്തിന്റെ അസ്തിവാരമിടുകയായിരുന്നു. 1839ൽ കൊൽക്കത്തയിൽനിന്നുള്ള 15 ചൈനക്കാരെ അസമിലെ തോട്ടങ്ങളിൽ ജോലിക്കായി നിയോഗിച്ചു. തുടർന്ന് കൊൽക്കത്തയിൽനിന്ന് കൂടുതൽ ചൈനക്കാർ എത്തി. മലയ, സിംഗപ്പൂർ, പെനാങ് എന്നിവിടങ്ങളിൽനിന്നും മക്കാവോയിലെ കുപ്രസിദ്ധമായ കൂലി ഡിപ്പോകളിൽനിന്നും ചൈനീസ് തൊഴിലാളികളെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങളും ബ്രിട്ടീഷുകാർ ബുദ്ധിപൂർവം നടത്തി. അങ്ങനെ തേയിലയെ ഒരു വലിയ വ്യവസായമായി വളർത്താനുതകുന്ന എല്ലാ പരിതഃസ്ഥിതിയും ഈസ്റ്റിന്ത്യാ കമ്പനി ഒരുക്കി.

സാഹചര്യങ്ങൾ പ്രതികൂലമാകുന്നതോടെ സ്വന്തം നാട് ഉപേക്ഷിച്ചുപോകാൻ മനുഷ്യർ നിർബന്ധിതരാവുന്നു. അത്തരത്തിലുള്ളവരുടെ ആഖ്യാനങ്ങൾ നാം ധാരാളമായി വായിക്കാറുണ്ട്. അനുഭവങ്ങളുടെ കരുത്തും തഴക്കവും അത്തരം കൃതികളെ ശ്രദ്ധേയമാക്കുകയും ചെയ്യുന്നു. സാഹിത്യ അക്കാദമി അവാർഡ് ജേതാവായ അസമീസ് എഴുത്താളായ റീത്ത ചൗധരിയുടെ ‘ചൈനാടൗൺ ഡേയ്സ്’ ചരിത്രത്തിൽ മറഞ്ഞിരിക്കുന്ന ഒരു അധ്യായത്തെ ആസ്പദമാക്കി എഴുതിയ നോവലാണ്. നോവലിസ്റ്റ് തന്നെ അസമീസിൽ എഴുതിയ ഒരു നോവലിനെ ഇംഗ്ലീഷിലേക്ക് മാറ്റി എഴുതിയതാണിത്.

ഒരു സാങ്കൽപിക നോവലായി വിഭാവനം ചെയ്ത ‘ചൈനാടൗൺ ഡേയ്സ്’ അസമിൽ ജീവിക്കേണ്ടി വന്ന ചൈനക്കാരുടെ സംഘർഷങ്ങളിലേക്ക് വിരൽചൂണ്ടുന്നു. സ്വാതന്ത്ര്യാനന്തര അസമിലെ, ചീനപട്ടിയിൽ ചൈനീസ്-ഇന്ത്യൻ സമൂഹം താമസിക്കുന്ന ‘മാകും’ എന്ന ചെറിയ പട്ടണത്തിലാണ് കഥ വികസിക്കുന്നത്. അരുണാഭ് ബോറ എന്ന എഴുത്തുകാരനായ കഥാപാത്രത്തിന്റെ സഹായത്തോടെയാണ് നോവലിസ്റ്റ് കഥ പറയുന്നത്. അരുണാഭ് ചൈനീസ് എഴുത്തുകാരിയായ ലൈലിനെ കണ്ടുമുട്ടുന്ന സന്ദർഭത്തിലൂടെ ആഖ്യാനം രൂപപ്പെടുത്തിയിരിക്കുന്നു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ ദിശ മനുഷ്യരെ ബാധിക്കുന്നതിന്റെ ദൃഷ്ടാന്തംകൂടിയാണ് ഈ നോവൽ. ഇന്ത്യക്ക് ചൈനയുമായി നിലനിന്നിരുന്ന ബന്ധത്തിന് ക്രമേണ വിള്ളലുണ്ടാവുകയും 1962ൽ അത് യുദ്ധത്തിൽ കലാശിക്കുകയും ചെയ്ത സന്ദർഭമാണ് നോവലിന്റെ വഴിത്തിരിവ്.

ഇന്ത്യയുടെ മണ്ണിൽ, ഈ രാജ്യത്തിന്റെ ഭാഗമായി ജീവിച്ച ഒരു ചെറിയ വിഭാഗത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ‘വെറുക്കപ്പെട്ടവരാക്കി’ തീർക്കുന്ന സംവിധാനത്തിന്റെ അവസ്ഥയെയാണ് നോവലിൽ പറയുന്നത്. പൗരത്വത്തെ കുറിച്ചും മനുഷ്യാവകാശത്തെ സംബന്ധിച്ചും ചർച്ചകൾ സജീവമായ കാലത്ത്, ഈ നോവൽ ഉയർത്തുന്ന മാനുഷികപ്രശ്നങ്ങൾ ഏറെ പ്രസക്തമാണ്. ഒരു തെറ്റും ചെയ്യാതെ തങ്ങളുടെ ജീവിത പരിസരങ്ങളിൽനിന്ന് നിയമപരമായി ഒരു ക്യാമ്പിലെ തടവിലേക്കും പിന്നീട് മറ്റൊരു രാജ്യത്തിലേക്കും മാറി പാർക്കേണ്ടിവന്ന മനുഷ്യരെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. അസമിലെ തേയിലത്തോട്ടങ്ങളിൽ ജോലിചെയ്യാൻ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചൈനീസ് തൊഴിലാളിയായ ഹോ ഹാന്റെ കഷ്ടപ്പാടുകളിലൂടെ നോവൽ ആരംഭിക്കുന്നു. ഒരു സന്ദിഗ്ധഘട്ടത്തിലായിരുന്നു അയാൾ ഇന്ത്യയിൽ എത്തിച്ചേർന്നത്.

ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങളിൽ അടിമക്കച്ചവടം താമസിയാതെ നിയമംവഴി നിർത്തലാക്കി. ചൈനയിലെ ഉൾനാടൻ പ്രദേശത്ത് ജീവിച്ചിരുന്ന ഹോ ഹാന്റെ കുടുംബം അങ്ങേയറ്റം ദാരിദ്ര്യം അനുഭവിച്ചിരുന്നു. പട്ടിണിമൂലം അയാളെ അച്ഛൻ അടിമച്ചന്തയിൽ വിൽക്കുകയായിരുന്നു. ഒരു മാംസവ്യാപാരി അടിമയായി വാങ്ങിക്കൊണ്ടുവന്ന അയാൾക്ക് ഉറ്റബന്ധുക്കളെയെല്ലാം എന്നന്നേക്കുമായി നഷ്ടപ്പെട്ടു. സ്വദേശം ഉപേക്ഷിക്കേണ്ടിവരുന്ന അടിമക്ക് ഒരിക്കലും അങ്ങോട്ട് മടങ്ങാനാവില്ലെന്നും അയാൾ തിരിച്ചറിയുന്നുണ്ട്. കറുപ്പ് തീറ്റക്കാരനായ ഉടമസ്ഥനിൽനിന്നും ഹോ ഹാനും സഹായിയും മെച്ചപ്പെട്ട ജീവിതത്തിനായി യൂറോപ്പിൽനിന്നുള്ള ഒരു കച്ചവടക്കാരന്റെ കൂടെ കപ്പൽ കയറുന്നു. വാഗ്ദത്തഭൂമിയും സ്വപ്നംകണ്ടുകൊണ്ടുള്ള യാത്രയായിരുന്നു അത്.

ബ്രിട്ടീഷ് കോളനിയായിരുന്ന പ്രിൻസ് ഓഫ് വെയിൽസ്‌ ദ്വീപിലാണ് ഹോ ഹാൻ എത്തിപ്പെട്ടത്. അവിടെവെച്ച് അയാളെ ഒരു ലോഹ ഖനിയുടെ ഉടമ വാങ്ങുകയും മറ്റൊരു കരാറിൽ ഒപ്പുവെപ്പിക്കുകയും ചെയ്യുകയാണ്. ചെരുപ്പ് നിർമാണത്തിൽ സമർഥരായ ചൈനക്കാർക്ക് ഇന്ത്യയിൽ വലിയ സാധ്യത ഉണ്ടായിരുന്ന ഒരു കാലമായിരുന്നു അന്ന്. മറ്റു പലതരത്തിലും അവസരങ്ങളുള്ള ഇന്ത്യ അയാളെ ഭ്രമിപ്പിച്ചു. അസമിലെ തേയിലത്തോട്ടത്തിൽ ധാരാളം അവസരങ്ങളുണ്ടായിരുന്നതിനാൽ സ്വാഭാവികമായും അവിടത്തെ തൊഴിലാളിയായി അയാൾ ശിഷ്ടജീവിതം ചെലവഴിക്കാൻ തീരുമാനിച്ചു. ഹോ ഹാൻ അടക്കമുള്ള ചൈനക്കാർ അവരുടെ വൈദഗ്ധ്യം കാരണം പ്രസ്തുത മേഖലയിൽ ഒഴിച്ചുകൂടാനാവാത്തവരായി മാറി. തേയിലത്തോട്ടത്തിലെ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിർമാണവും പരിപാലനവും ചൈനക്കാരാണ് ചെയ്തത്.

ഹോ ഹാന് ചെയ്യാൻ കഴിയാത്ത ഒരു ജോലിയും ഉണ്ടായിരുന്നില്ല. അസമിന് പുറത്തുനിന്നുള്ള കൂലിപ്പണിക്കാർ തോട്ടങ്ങളിലെ ജോലിക്കായി ഒഴുകിയെത്താൻ ആരംഭിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തൊഴിലാളികൾ അങ്ങനെ അസമിലേക്ക് വന്നു. കൂലിത്തൊഴിലാളികളുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്ന് സാരം. പുരുഷന്മാരോടൊപ്പം സ്ത്രീകളും പെൺകുട്ടികളും ചായയില നുള്ളാനെത്തി. പശുക്കളെ മേയ്ക്കാനായി ആൺകുട്ടികളെയും നഴ്സറികളിൽ ജോലിചെയ്യാനായി പെൺകുട്ടികളെയും നിയോഗിച്ചു. അങ്ങനെ സജീവമായ ഒരു തൊഴിൽവ്യവസ്ഥ അവിടെ നടപ്പായി.

കങ്കാണിമാരുടെയും മേസ്തിരിമാരുടെയും ഇടപെടലുകളും അധികാരമേൽക്കോയ്മയും സഹിച്ചുകൊണ്ട് അധ്വാനിക്കേണ്ടി വന്ന തൊഴിലാളികളുടെ അവസ്ഥയെ നോവലിൽ സൂചിപ്പിക്കുന്നുണ്ട്. അതിനിടയിൽ ചൈനക്കാരായ തൊഴിലാളികൾ തദ്ദേശീയരെക്കാൾ ശ്രദ്ധ നേടി. അവർ തേയിലത്തോട്ടങ്ങളിൽ കരാർ ജോലികൾ ചെയ്യാൻ തുടങ്ങുകയും കൂടുതൽ ചൈനീസ് തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരുകയും ചെയ്തു. ക്രമേണ ആ സ്ഥലം അവരുടെ ജന്മദേശമെന്നപോലെയായി. മിക്ക തൊഴിലാളികളും വ്യത്യസ്തമായ ഒരു ഭാഷ സംസാരിക്കാൻ തുടങ്ങിയിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലെ ഭാഷകളുടെയും പ്രാദേശിക ഭാഷയുടെയും ഹിന്ദുസ്താനിയുടെയും മിശ്രിതമായിരുന്നു ഇത്. ചൈനക്കാരും ഇന്ത്യൻ കൂലിപ്പട്ടാളക്കാരും തമ്മിലുള്ള ആശയവിനിമയം സ്വാഭാവികമായും എളുപ്പമായി. ചൈനക്കാരും ഇന്ത്യൻ തൊഴിലാളികളും (കൂലികൾ) തമ്മിലുള്ള സൗഹൃദവും വിവാഹവും മറ്റും അസാധാരണമല്ലാതായി. ഇത്തരമൊരു വിവാഹത്തിനിടയിൽ അടുപ്പത്തിലായിരുന്ന ഹോ യെന്നും സുഹാഗ്‌മണിയും ഒളിച്ചോടിയതും വാർത്തയായി. അവരെ ഉടനെ പിടികൂടി തോട്ടത്തിലേക്ക് തിരികെ കൊണ്ടുപോകുകയും ഭാവിയിൽ ഓടിപ്പോകുന്ന തൊഴിലാളികളെ ശിക്ഷിക്കാൻ ഒരു നിയമം നടപ്പിലാക്കുകയും ചെയ്തു.

ഇന്ത്യയിൽ തൊഴിലിനായി കൂടുതൽ ആളുകളും ദക്ഷിണ ചൈനയിൽനിന്നാണ് എത്തിക്കൊണ്ടിരുന്നത്. അവരിൽ, കാന്റണീസ് (Cantonese) വിഭാഗക്കാർ മരപ്പണിയിലും ഇരുമ്പുപണിയിലും വൈദഗ്ധ്യമുള്ളവരായിരുന്നു. ഇപ്പറഞ്ഞ വർഗത്തിലെ ഭൂരിഭാഗവും അസമിലേക്കാണ് വന്നത്. ഹക്കകൾ എന്ന വിഭാഗം തുകൽൽപ്പണികളിൽ വിദഗ്ധരായിരുന്നു; അവരിൽ ഭൂരിഭാഗവും കൽക്കത്തയിൽ താമസിച്ചു. ചുരുക്കം ചിലർ മാത്രമേ അസമിലേക്ക് പോയുള്ളൂ. നിരവധി തുകൽശാലകളും നിരവധി ചൈനീസ് ഷൂ സ്റ്റോറുകളും കൽക്കത്തയിൽ ഇതിനകം പ്രവർത്തനമാരംഭിച്ചു. അസമിൽ എത്തിച്ചേർന്ന ചൈനീസ് ദന്തഡോക്ടർമാരിൽ കുറച്ചു പേർ തേയിലത്തോട്ടങ്ങളിൽ താമസിക്കാതെ സ്വന്തമായി ക്ലിനിക്കുകൾ തുറന്നു.

മേൽപ്പറഞ്ഞ സംഭവങ്ങളുടെകൂടി പശ്ചാത്തലത്തിൽ അധിനിവേശത്തിന്റെയും മുതലാളിത്തത്തിന്റെയും കാഴ്ചപ്പാടുകൾക്ക് അനുസൃതമായി രൂപപ്പെട്ട ഒരു ഇടമായി നോവലിലെ ‘ചൈനാടൗണി’നെ കാണാം. അടിമകളുടെയും കൂലി തൊഴിലാളികളുടെയും തദ്ദേശീയരുടെയും ജീവനം സാധ്യമാക്കുന്ന ഒരു സ്ഥലം എന്നതിലുപരിയായി അധിനിവേശയുക്തികളാൽ നെയ്തെടുത്ത ഒരു ‘ഉൽപന്നം’ ആയി ചൈനാടൗൺ പരിണമിക്കുകയാണ്. പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ, തങ്ങളുടെ ഇച്ഛകൾ അനുസരിക്കുന്ന ഒരു വിഭാഗത്തെയാണ് ഇതുവഴി ബ്രിട്ടീഷുകാർ വിഭാവനം ചെയ്തത്. പ്രസ്തുത സംഘത്തിന്റെ കായികശക്തി സാമ്പത്തികമായി നീക്കിയിരുപ്പായി പരിവർത്തനപ്പെടുന്നുണ്ടെങ്കിലും അവർക്ക് സാമൂഹിക സ്വീകാര്യത ലഭ്യമാകുന്നില്ല.

നോവലിന്റെ രണ്ടാം ഭാഗത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രംഗങ്ങളാണ് വിവരിക്കുന്നത്. അസമിന്റെ കിഴക്കൻ അതിർത്തിയിൽ ഇന്ത്യയുടെ കേന്ദ്ര ഭരണത്തിന് കീഴിലുള്ള നോർത്ത്-ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി(NEFA) എന്നൊരു പ്രദേശം ആയിടക്ക് രൂപപ്പെട്ടു. ഭൂട്ടാൻ, ചൈന, ബർമ എന്നിവയായിരുന്നു എൻ.ഇ.എഫ്.എയുടെ അടുത്ത അയൽക്കാർ. ഭൂതകാല സംഭവങ്ങൾ ഈ പ്രദേശത്തിന്റെ മുഴുവൻ സാഹചര്യത്തെയും മാറ്റിമറിച്ചു. 1962 നടന്ന സംഭവവികാസങ്ങളാണ് ആഖ്യാനത്തിന്റെ ഈ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത് ചൈനയിലായിരുന്നപ്പോൾ കാന്റണീസ് വായിക്കാനും എഴുതാനും പഠിച്ച ആളുകൾ പിന്നീട് അസമിലേക്ക് വന്നിരുന്നു. അതിനിടയിൽ ചൈനീസ് നയതന്ത്രജ്ഞനായ യുവാൻ സിയാവോ യുവാൻ കൊൽക്കത്തയിലെത്തി.

ചൈനയിലെ ആദ്യത്തെ വനിതാ നയതന്ത്രജ്ഞയായിരുന്നു അവർ. കൊൽക്കത്തയിലെ ധാരാളം ചൈനീസ് വർഗക്കാർക്ക് സ്വന്തം ഭാഷ എഴുതാനും വായിക്കാനും അവർ പഠിപ്പിച്ചു. എന്നാൽ ഇന്ത്യയിൽ അതുകൊണ്ട് വേണ്ടത്ര പ്രയോജനമുണ്ടായില്ല. പഴയകാലത്തിന്റെ പഴയരീതികളെ മാറ്റിമറിച്ച ഒരു പുതിയ രീതിയിലുള്ള ഭരണം, പുതിയ നിയമങ്ങൾ, പുതിയ ജീവിതരീതികൾ എന്നിവ നിലവിൽ വന്നു. അക്കാലത്ത് തന്നെയാണ് മാകുമിൽ ചീനപട്ടി എന്നറിയപ്പെടുന്ന ഏറ്റവും വലിയ ചൈനാടൗൺ വികസിച്ചത്. അക്കാലത്ത് മറ്റു പല സമുദായങ്ങളും അവിടങ്ങളിൽ താമസിച്ചിരുന്നു. ചൈനക്കാർ രൂപകൽപന ചെയ്ത വീടുകൾക്കൊപ്പം വലിയ രീതിയിൽ തേയിലത്തോട്ടങ്ങളും ഉയർന്നു. വളരെക്കാലമായി ചൈനയുമായി നിലനിൽക്കുന്ന അതിർത്തി തർക്കം രൂക്ഷമായ സമയമായിരുന്നു അത്. പ്രശ്നം കൂടുതൽ സങ്കീർണമായതോടെ എന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കാതെയും വന്നു.

സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് ഇന്ത്യയിൽ എത്തിച്ചേർന്ന ചൈനക്കാർക്ക് ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നില്ല. പുതിയ സാഹചര്യത്തിൽ ഇത് ഇന്ത്യയിൽ ജീവിക്കുന്ന ചൈനക്കാർക്ക് ആശങ്ക സൃഷ്ടിച്ചു. സ്വരാജ്യം ഉപേക്ഷിച്ചുകൊണ്ട് ഇന്ത്യയിൽ ജീവിക്കുന്ന ചൈനക്കാരിൽ പലരുടെയും പങ്കാളികൾ ഇന്ത്യക്കാരായിരുന്നു. ആ ചുറ്റുവട്ടത്ത് എല്ലാവർക്കും പ്രിയങ്കരനായ പുലോക് ബാറുവയും ചൈനീസ് വംശജയായ മെയ് ലിനുമായുള്ള അടുപ്പവും ഈ അവസ്ഥയിൽ ചർച്ചയാവുന്നുണ്ട്. അങ്ങനെ ഒരു സാഹചര്യത്തിൽ പൗരത്വപ്രശ്നത്താൽ തങ്ങളെ മടക്കി അയക്കുമോ എന്ന ഭയം അവരെ പൊതിഞ്ഞു. തേയിലത്തോട്ടങ്ങളിലേക്കും ആശാരിപ്പണിക്കുമായി തൊഴിലാളികളെ ആവശ്യമുള്ള കാലത്തായിരുന്നു ചൈനക്കാർ ധാരാളമായി ഇന്ത്യയിലേക്ക് വന്നു കൊണ്ടിരുന്നത്. കങ്കാണികൾ ചൂഷണം ചെയ്തതിന്റെ അനുഭവങ്ങളും അവർക്കുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കത്തെക്കുറിച്ചുള്ള വിവരം ആ കാലയളവിൽ പത്രങ്ങളിൽ വരുന്നതുകൊണ്ടുതന്നെ ഇരു രാജ്യങ്ങൾക്കുമിടയിൽ വിദ്വേഷം വർധിച്ചുവരുന്നുണ്ടെന്ന് വ്യക്തമായിരുന്നു. ഒരു കാലത്ത് സുഹൃത്തുക്കളായിരുന്ന നെഹ്റുവും ചൗ എൻ ലായിയും തമ്മിലുള്ള ഭിന്നത പരസ്യമാകുകയും ചെയ്തു. ക്രമേണ ഔദ്യോഗികതലത്തിലെ അന്തരങ്ങൾ പീപ്ൾസ് റിപ്പബ്ലിക് ഓഫ് ചൈനക്കും (ചൈന) റിപ്പബ്ലിക് ഓഫ് ചൈനക്കും (തായ് വാൻ) ഇടയിലുള്ള അസ്വാരസ്യങ്ങൾക്ക് വഴിയൊരുക്കി. ഈ ചിന്താഗതി ജനങ്ങളെ രണ്ട് സംഘങ്ങളായി വിഭജിച്ചു. റെഡ് ചൈനയെ പിന്തുണക്കുന്ന വിഭാഗം മറ്റുള്ളവരെ പീപ്ൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽനിന്ന് പാസ്‌പോർട്ടുകൾ വാങ്ങാൻ പ്രേരിപ്പിക്കാൻ തുടങ്ങി. ചൗ എൻ ലായ് ഇന്ത്യയിലെ ചൈനക്കാരെ കമ്യൂണിസ്റ്റുകളാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നു കരുതി, മറുവിഭാഗം പ്രക്ഷോഭം നടത്തി.

അവർ കമ്യൂണിസ്റ്റ് വിരുദ്ധ ദേശീയ രക്ഷാ പ്രസ്ഥാനം ആരംഭിച്ചു. എന്നാൽ, ആ ശ്രമം ഫലവത്തായില്ല. 1954ൽ നെഹ്‌റു ചൈന സന്ദർശിച്ചു. തിരിച്ചെത്തിയപ്പോൾ ഒരു ചൈനീസ് ദിനപത്രത്തിന്റെ എഡിറ്ററെയും മറ്റൊരാളെയും തായ്‌വാന്റെ കൂട്ടാളികളാണെന്നു ആരോപിച്ച് ചൈനയിലേക്ക് നാടുകടത്തി. ചൈനയിലേക്ക് നാടുകടത്തപ്പെട്ടവർക്ക് എന്ത് സംഭവിക്കുമെന്ന കൃത്യമായ ധാരണ ഇന്ത്യൻ ഭരണകൂടത്തിനുപോലും ഉണ്ടായിരുന്നില്ല. ഇങ്ങനെ സമൂഹത്തിന്റെ വിവിധതലങ്ങളിൽ ചൈനയുമായുള്ള ഇടർച്ച പ്രതിസന്ധികളുടെ ആക്കംകൂട്ടി. 1958ൽ ഇന്ത്യയും ഹോങ്കോങ്ങും തമ്മിൽ നടക്കേണ്ടിയിരുന്ന ഫുട്ബാൾ മത്സരം ഇന്ത്യൻ സർക്കാർ റദ്ദാക്കി എന്ന് നോവലിൽ പരാമർശിക്കുന്നുണ്ട്.

എന്നാൽ, യഥാർഥത്തിൽ ഇത് കൃത്യമാണോ എന്നതിൽ സംശയമുണ്ട്. കളി ഒഴിവാക്കാൻ കാരണമായി പറഞ്ഞത് ഹോങ്കോങ് ടീമിൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ നായകനായിരുന്ന ചിയാങ് കൈ ഷെകിനെ പിന്തുണച്ച കുറച്ച് കളിക്കാർ ഉൾപ്പെട്ടു എന്നതായിരുന്നു. അതുപോലെ ദലൈലാമക്ക് ഇന്ത്യൻ ഭരണകൂടം അഭയം നൽകിയത് പ്രശ്നങ്ങളെ രൂക്ഷമാക്കി. ഒരു ഔദ്യോഗികരേഖയുമില്ലാത്ത ആയിരക്കണക്കിന് ചൈനക്കാർ അസമിൽ ജീവിക്കുന്നുണ്ടായിരുന്നു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ചൈനക്കാരുടെ നില ഒട്ടും ശാന്തമല്ലാതായി. ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പേ ഇവിടെ വസിക്കുന്നവർ ഒരിക്കലും ഇന്ത്യക്കാരല്ലാതാവുന്നില്ല എന്ന വാദം ഉയർന്നുകേട്ടുവെങ്കിലും സ്ഥിതിഗതികൾ ചൈനക്കാർക്ക് അനുകൂലമായിരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പവും അസംതൃപ്തിയും സൃഷ്ടിച്ചു. ഒരു ഘട്ടത്തിൽ സംരക്ഷണം നൽകുന്നതിന് പകരം അസമിലെയും മറ്റും ചൈനക്കാരെ ഇന്ത്യൻ അധികൃതർ സംശയദൃഷ്ടിയോടെ കണ്ടുതുടങ്ങി. നല്ലൊരു ജീവിതം തേടി നിരവധി ചൈനക്കാർ സ്വമേധയാ ഈ നാട്ടിലേക്ക് വന്നതായിരുന്നു എന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്. അവരിൽ ഭൂരിഭാഗവും തദ്ദേശീയരായ പെൺകുട്ടികളെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കി.

അവിടം അവരുടെ വീടാക്കുകയും ചെയ്തു. കരാറുകാരായ തൊഴിലാളികളുടെയും ആദ്യകാല കുടിയേറ്റക്കാരുടെയും രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും തലമുറകൾ അടങ്ങുന്ന അസമിലെ ചൈനീസ് സമൂഹത്തിലെ ആളുകൾക്ക് പോകാൻ മറ്റൊരു സ്ഥലമില്ല എന്നതൊരു സങ്കടകരമായ വസ്തുതയായി തീർന്നു. ഒരു ഘട്ടത്തിൽ, ഇന്ത്യയിലുള്ള ഏതാണ്ട് മൂവായിരം ചൈനക്കാരെ ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള അസമിൽനിന്നും രണ്ടായിരം കിലോമീറ്റർ ദൂരെയുള്ള രാജസ്ഥാനിലെ ദിയോലി ക്യാമ്പിലേക്കാണ് പുനരധിവസിപ്പിച്ചത്. നോവലിന്റെ മൂന്നാം ഭാഗം ഈ തടങ്കൽ ജീവിതത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ദിയോലി ജയിലിനോട് ചേർന്നായിരുന്നു ക്യാമ്പ്. അഞ്ച് ഭാഗങ്ങളായി വിഭജിച്ച ഇടത്ത് ഓരോ വിഭാഗത്തിലും മുള്ളുവേലികൾ സ്ഥാപിച്ചിരുന്നു. കൃത്യമായ നിരീക്ഷണവും സുരക്ഷയും അങ്ങനെ ഉറപ്പുവരുത്തി.

പ്രത്യേക ഭാഗങ്ങളിൽ പല ഭാഗത്തുനിന്നുള്ള ആളുകളെ പാർപ്പിച്ചു. ഒരു തെറ്റും ചെയ്യാത്ത മനുഷ്യർ, രണ്ടു രാജ്യങ്ങൾക്ക് ഇടയിൽ ജീവിതം ബലികൊടുക്കുന്നതിന്റെ കാഴ്ചയായിരുന്നു ഈ ക്യാമ്പിൽ കണ്ടത്. അസമീസ് കുടുംബാംഗമായ പുലോകിനെ വിവാഹം കഴിച്ച് ‘ഇന്ത്യക്കാരി’യായ മെയ് ലിൻ വരെ തടവിലായി. രക്ഷപ്പെടാനുള്ള വഴികൾ കണ്ടെത്തുന്നതിനായി ചിലർ ഗൗരവമായ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളും ചുറ്റുപാടുമുള്ള ചേരുവകൾ ശേഖരിച്ച് പാചകംചെയ്യാൻ ആരംഭിച്ചു. ക്യാമ്പിലെ ജീവിതം പതുക്കെയായിരുന്നു. എങ്കിലും അതിജീവനത്തിന്റെ അംശങ്ങൾ അവരിൽനിന്ന് ഇല്ലാതായില്ല. ജയിലിലെ വാസം പതുക്കെ ഗാർഹികതയുടെ ശൈലിയിലേക്ക് പരിണമിച്ചു.

എങ്കിലും ഉറ്റവരെ കാണാതെയുള്ള ജീവിതം ഏറെ ദുഷ്കരമായിരുന്നു. ഇടക്ക് വന്നുകൊണ്ടിരുന്ന കത്തുകളായിരുന്നു അവരുടെ ലോകത്തെ മുന്നോട്ടുനയിച്ചത്. ചൈനീസ് ഭരണകൂടം ക്യാമ്പിലുള്ളവരെ ചൈനയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞത് അവരുടെ പ്രതീക്ഷകൾക്ക് കടകവിരുദ്ധമായിരുന്നു. അന്നുവരെ ജീവിച്ച രാജ്യം ഉപേക്ഷിച്ച് പോകേണ്ടിവരുമെന്ന നിരാശ അവർക്ക് താങ്ങാനായില്ല. ഈ രാജ്യത്ത് അവർക്ക് സ്ഥാനമില്ലായിരുന്നു എന്ന ചിന്ത അവരെ മഥിച്ചു. യുദ്ധത്തിന്റെ തീവ്രത സർവവും നശിപ്പിച്ചു. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനമാണ് നശിച്ചുപോയത്. സ്വത്വത്തെ വെല്ലുവിളിച്ചുകൊണ്ട് ഉടലെടുത്ത പ്രതിസന്ധി ഈ മനുഷ്യരുടെ ഭാവിയെ അനിശ്ചിതത്തിലാക്കി. ഭാഷയും സംസ്കാരവും സ്ഥലങ്ങളും അറിയാതെയുള്ള പറിച്ചുനടിലിന്റെ സമ്മർദം അവരെ തളർത്തുകയായിരുന്നു.

നോവലിലെ കഥാപാത്രമായ മെയ് ലിന്റെ പങ്കാളി ഇന്ത്യക്കാരൻ ആണെന്നത് പ്രശ്നം കൂടുതൽ വഷളാക്കി. ഇന്ത്യൻ പങ്കാളികളെ കൂടെ കൊണ്ടുപോകാൻ ചൈനീസ് വംശജരെ അനുവദിച്ചിരുന്നില്ല. ഇത് വൈകാരികമായ സംഘർഷത്തെ അധികരിപ്പിച്ചു. ജനിച്ചുവളർന്ന നാടിനെയും രാജ്യത്തെയും തന്നിഷ്ടപ്രകാരമില്ലാതെ ഉപേക്ഷിക്കേണ്ടിവരുന്നതിന്റെ ദുഃഖം തുടർന്നുള്ള ദിവസങ്ങൾ ദിയോലി ക്യാമ്പിനെ ശ്‌മശാന മൂകമാക്കി. നിയന്ത്രണാതീതമായി ഓർമകളും വികാരങ്ങളും തീപ്പമ്പരമായി കറങ്ങുന്ന മനുഷ്യരുടെ ആന്തരികവിചാരങ്ങളുടെ മർദത്തിൽ അവർ കയറിയ കപ്പൽ ആടിയുലഞ്ഞു. രക്ഷിതാവ് ആരാണെന്നോ നേതാവ് ആരാണെന്നോ അറിയാതെ പ്രതീക്ഷയുടെ ചെറിയ തരിപോലും ബലമേകാനില്ലാതെയായിരുന്നു അവരുടെ യാത്ര. തങ്ങളുടെ സ്വത്വത്തിന്റെ ഭാഗമായ വസ്തുക്കൾ കടലിലെറിഞ്ഞു കളയാനുള്ള ശാസന ചൈനീസ് അധികൃതർ പുറപ്പെടുവിച്ചു. ഹൃദയം പറിച്ചുകളയുന്ന വേദനയോടെ പഴകിയതും പരിചയിച്ചതുമായ സാധനസാമഗ്രികൾ അവർക്ക് മറക്കേണ്ടിവന്നു.


 


അസമിലെ ഒരു തേയിലത്തോട്ടത്തിൽ പണിയെടുക്കുന്ന സ്ത്രീകൾ

പീപ്ൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപവത്കരിച്ചതിനുശേഷം, തെക്കുകിഴക്കൻ ഏഷ്യയിലെ സ്ഥിതി മാറാൻ തുടങ്ങിയിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മർദങ്ങൾ കാരണം, വിദേശരാജ്യങ്ങളിൽ ജീവിച്ചിരുന്ന ചൈനക്കാരുടെ ഒരു കൂട്ട മടക്കയാത്ര ആരംഭിച്ചു. ഇക്കൂട്ടർക്ക് ചൈനീസ് സർക്കാറിൽനിന്ന് പ്രത്യേക പരിഗണന ലഭിച്ചത് തദ്ദേശീയരെ ചൊടിപ്പിച്ചിരുന്നു. ചൈനയിലേക്ക് തിരിച്ചുവന്നവരുടെ ഉപജീവനത്തിനായി പ്രത്യേക കൃഷിഭൂമി സജ്ജമാക്കുകയും ചെയ്തു. പക്ഷേ, ചലനാത്മകമായ ജീവിതത്തിലും എന്തോ അപൂർണത നിലനിന്നതായി ചൈനയിൽ എത്തിച്ചേർന്നവർക്ക് അനുഭവപ്പെട്ടു.

ദ്രുതഗതിയിലുള്ള വ്യാവസായിക വളർച്ചക്കായി, മാവോയുടെ നിർദേശപ്രകാരം, മുഴുവൻ രാജ്യവും ഉരുക്ക് ഉൽപാദിപ്പിക്കുന്നതിൽ തിരക്കിലായിരുന്നു. ആധുനിക ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രം കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ട മാവോ സേതൂങ് എല്ലാ ചൈനക്കാരോടും പ്രതിജ്ഞാബദ്ധനാണ് എന്ന ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ, പുതിയ സാഹചര്യങ്ങളിൽ അഭയാർഥികളായി എത്തിച്ചേർന്ന ചൈനക്കാരുടെ മാനസികനില അത്രകണ്ട് ഊർജസ്വലമായിരുന്നോ എന്ന ചോദ്യം ബാക്കിനിൽക്കുന്നു. അവർ ജോലി കഴിഞ്ഞ് കമ്യൂണിസത്തെക്കുറിച്ചുള്ള പാഠങ്ങൾ പഠിച്ചു. അവർ എല്ലാ ദിവസവും പീപ്ൾസ് ഡെയ്‌ലി വായിച്ചു. അങ്ങനെ മറ്റൊരു ജീവിതശൈലിയിലേക്ക് അവർ പിച്ചവെച്ചു. എങ്കിലും ഇന്ത്യ വിട്ടു ചൈനയിൽ വന്നത് അഭയാർഥികളായി ജീവിക്കാൻ വേണ്ടിയായിരുന്നില്ല എന്ന ബോധ്യം അവരെ അലട്ടി.

രണ്ടു രാഷ്ട്രങ്ങൾക്കിടയിലെ ഭിന്നതകൾക്കിടയിൽപെട്ട് ഭാവി സുനിശ്ചിതമാകാതെ പോയ മനുഷ്യരുടെ ചരിത്രാഖ്യാനമാണ് ‘ചൈനാടൗൺ ഡേയ്സ്’. അഭയാർഥികളായും ‘വിദേശ പിശാചു’ക്കളായും അപമാനിക്കപ്പെടുന്ന ഒരു വർഗത്തെയാണ് നോവലിൽ നാം കാണുന്നത്. മറ്റാരുടെയൊക്കെയോ തിരക്കഥയിൽ സ്വന്തം ജീവിതം ആകൃതിപ്പെടുത്തേണ്ടി വന്ന ഹതഭാഗ്യരെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. രാജ്യങ്ങളുടെ രാഷ്ട്രതന്ത്രത്തിന്റെ ബലിയാടുകളായി പരിണമിച്ച അവർക്ക് സ്വപ്നങ്ങളെ ഹോമിക്കേണ്ടിവരുകയാണ്. ചരിത്രം സഞ്ചരിക്കുന്ന വഴികൾ ലളിതമാവില്ല എന്നത് കേവലം നിഷേധക്കുറിപ്പല്ല. മറിച്ച് ഇരുൾമൂടിയ വഴിത്താരകളിലൂടെ യാത്രചെയ്തെത്തുന്ന ദൂരത്തിന്റെ തഴക്കങ്ങളാണ് അവ.

News Summary - Colonial Greed and Forced Labor