ഇരുണ്ട മുഖവും മനഃസാക്ഷിയും

കാലത്തിനുമേൽ മറഞ്ഞിരിക്കുന്ന അനീതി, മനഃസാക്ഷി, ധൈര്യം എന്നിവയെക്കുറിച്ചുള്ള നിശ്ശബ്ദവും ശക്തവുമായ ധ്വനി നൽകുന്ന ചിത്രമാണ് ‘സ്മോൾ തിങ്സ് ലൈക് ദീസ്’ (Small Things like These). ഐറിഷ് എഴുത്തുകാരി ക്ലെയർ കീഗന്റെ നോവലിനെ അടിസ്ഥാനമാക്കി ബെൽജിയം സ്വദേശി ടിം മിയലന്റ്സ് ആണ് ചിത്രം സംവിധാനം ചെയ്തത്. 1985ൽ അയർലൻഡിൽ നടന്ന സംഭവത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. 1993ൽ, ഒരു അലക്കുശാലയുടെ കോൺവെന്റ് ഗ്രൗണ്ടിൽ 155 സ്ത്രീകളുടെ അടയാളപ്പെടുത്താത്ത ശവക്കുഴികൾ കണ്ടെത്തി. ഇത് ഈ രഹസ്യസ്ഥാപനങ്ങളുടെ പിന്നിലെ നിഗൂഢതകളെ പുറംലോകത്ത് എത്താൻ ഇടയാക്കി. തുടർന്ന് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവകഥകളാണ് നാട്ടിലാകെ പരന്നത്.
സാധാരണക്കാരനായ ബിൽ ഫർലോങ് എന്ന കൽക്കരി വ്യാപാരിയുടെ അതുവരെയുള്ള ജീവിതം പെട്ടെന്നൊരു ദിവസം മാറിമറിയുന്നു. അതിന്റെ കാരണം തേടുമ്പോൾ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ചുരുളഴിഞ്ഞുവീഴുന്നത്. ചില സത്യങ്ങൾ കണ്ടെത്തുമ്പോൾതന്നെ ഏറ്റുമുട്ടൽ സ്വഭാവത്തിലേക്ക് കഥാഗതി മാറി സഞ്ചരിക്കുന്നു. മിന്നുന്ന ദൃശ്യങ്ങളോ ഉച്ചത്തിലുള്ള സംസാരങ്ങളോ നാടകീയതയുടെ അതിപ്രസരമോ ഇല്ലാതെ സിനിമ മുന്നേറുമ്പോൾ ആയാസമില്ലാതെതന്നെ ഇത് കണ്ടുതീർക്കാനാകും. കൂടാതെ, ശ്രദ്ധാപൂർവമായ കഥപറച്ചിലും ആഴത്തിലുള്ള സ്ഥലബോധവും കാഴ്ചയിലുടനീളം പിരിമുറുക്കവും സൃഷ്ടിക്കുന്നു. കഥപറച്ചിലിനെ സൂക്ഷ്മമായി സമീപിക്കുന്നതിലാണ് സിനിമയുടെ ശക്തി. തിരക്കഥാകൃത്ത് എൻഡ വാൽഷും സംവിധായകൻ ടിം മിയലന്റ്സും വാക്കുകൾകൊണ്ട് ആശയവിനിമയം നടത്താൻ നോക്കുന്നതിനപ്പുറം ആംഗ്യങ്ങൾ, നോട്ടങ്ങൾ, നിശ്ശബ്ദത എന്നിവ ഉപയോഗിച്ച് കഥ സ്വാഭാവികമായി വികസിക്കാനും അതിലൂടെ പ്രേക്ഷകശ്രദ്ധ നേടാനുമാണ് ശ്രമിക്കുന്നത്. അതാണ് സിനിമയെ കൂടുതൽ വ്യത്യസ്തമാക്കുന്നത്. സിനിമയുടെ വേഗത മന്ദഗതിയിലാണ് എന്നാലത് ആസൂത്രിതവുമാണ്.
‘ഓപൺഹൈമർ’ എന്ന ചിത്രത്തിനുശേഷം ഓസ്കർ പുരസ്കാര ജേതാവ് സിലിയൻ മർഫി ശ്രദ്ധേയമായ വേഷത്തിലെത്തി എന്നതാണ് ഈ ചിത്രത്തിന്റെ എടുത്തുപറയേണ്ട സവിശേഷത. കോൺവെന്റിന്റെ അധികാരത്തിന്റെ പ്രതിനിധിയായ സിസ്റ്റർ മേരിയായി എമിലി വാട്സൺ അതിശയിപ്പിക്കുന്ന കൃത്യതയോടെയാണ് ഇതിൽ നിറഞ്ഞാടുന്നത്. സിലിയൻ മർഫിയുടെയും എമിലി വാട്സണിന്റെയും പ്രകടനത്തിന് പുറമെ സഹതാരനിര ചിത്രത്തിന് കൂടുതൽ ആഴം നൽകുന്നു. കൽക്കരി ഷെഡിലെ സാറ എന്ന യുവതിയെ അവതരിപ്പിക്കുന്ന സാറ ഡെവ്ലിന് ഹ്രസ്വവും എന്നാൽ അവിസ്മരണീയവുമായ ഒരു വേഷമുണ്ട്.
1922 മുതൽ 1998 വരെ നീണ്ടുനിന്ന മഗ്ദലീൻ അലക്കുശാലകളിൽ ഇരകളായ സ്ത്രീകൾക്കുള്ള സമർപ്പണത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. ഇത് എളുപ്പമുള്ളൊരു സിനിമാ കാഴ്ചയല്ല, പക്ഷേ അത്യാവശ്യമായ ഒന്നാണ്. ചെറിയ പ്രവൃത്തികൾക്കുപോലും വലിയ അർഥമുണ്ടാകുമെന്നും ശരിയായ കാര്യം ചെയ്യാൻ പലപ്പോഴും വലിയ ധൈര്യം ആവശ്യമാണെന്നും ഈ ചിത്രം പ്രേക്ഷകരെ ഓർമിപ്പിക്കുന്നു.
.

