Begin typing your search above and press return to search.

കൊച്ചിന്‍റെ ധൈഷണിക ലോകം

കൊച്ചിന്‍റെ ധൈഷണിക ലോകം
cancel

കേരളത്തിന്‍റെ ധൈഷണിക മണ്ഡലത്തില്‍ മൗലികമായ നിലപാടുകള്‍കൊണ്ട് സംവാദങ്ങളില്‍ നിറഞ്ഞുനിന്ന കൊച്ചിന്‍റെ നിലപാടുകള്‍ കൂടുതല്‍ സംവാദങ്ങളിലേക്ക് ഉയരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ആശയം അതു മാത്രമായി നില്‍ക്കാതെ പ്രയോഗമായി മാറുകയുള്ളൂ. കേരളത്തിന്‍റെ സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തില്‍ മൗലിക നിരീക്ഷണങ്ങളിലൂടെ നിരന്തരം സംവാദത്തിലേര്‍പ്പെട്ട സാംസ്കാരിക ചിന്തകനായിരുന്നു കെ.കെ. കൊച്ച്. യോജിച്ചും വിയോജിച്ചും തന്‍റെ നിലപാടുകള്‍ പുതുക്കുന്നതില്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു. എഴുപതുകളില്‍നിന്നും രണ്ടായിരത്തിലേക്ക് എത്തുമ്പോള്‍ നാളതുവരെയുള്ള പല കാഴ്ചപ്പാടുകളില്‍നിന്നും കുതറുന്ന...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
കേരളത്തിന്‍റെ ധൈഷണിക മണ്ഡലത്തില്‍ മൗലികമായ നിലപാടുകള്‍കൊണ്ട് സംവാദങ്ങളില്‍ നിറഞ്ഞുനിന്ന കൊച്ചിന്‍റെ നിലപാടുകള്‍ കൂടുതല്‍ സംവാദങ്ങളിലേക്ക് ഉയരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ആശയം അതു മാത്രമായി നില്‍ക്കാതെ പ്രയോഗമായി മാറുകയുള്ളൂ.

കേരളത്തിന്‍റെ സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തില്‍ മൗലിക നിരീക്ഷണങ്ങളിലൂടെ നിരന്തരം സംവാദത്തിലേര്‍പ്പെട്ട സാംസ്കാരിക ചിന്തകനായിരുന്നു കെ.കെ. കൊച്ച്. യോജിച്ചും വിയോജിച്ചും തന്‍റെ നിലപാടുകള്‍ പുതുക്കുന്നതില്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു. എഴുപതുകളില്‍നിന്നും രണ്ടായിരത്തിലേക്ക് എത്തുമ്പോള്‍ നാളതുവരെയുള്ള പല കാഴ്ചപ്പാടുകളില്‍നിന്നും കുതറുന്ന കൊച്ചിനെയാണ് കാണാനാവുക. എഴുത്തും സാമൂഹിക പ്രവര്‍ത്തനവും ഇഴപിരിക്കാനാകാത്ത വിധം ഇഴുകിച്ചേര്‍ന്നതാണ് കൊച്ചിന്‍റെ ജീവിതമെങ്കിലും ഇവിടെ എഴുത്തിലൂടെ അദ്ദേഹം നിർമിച്ച ആശയലോകത്തെ (കലാപവും സംസ്കാരവും -1989, ദലിത് സമുദായവാദവും സാമുദായിക രാഷ്ട്രീയവും -2024) വിമര്‍ശനാത്മകമായി പരിശോധിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പലരും സൗഹൃദത്തെക്കുറിച്ച് രേഖപ്പെടുത്തിയതിനാല്‍ കൊച്ചുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നില്ല. ദലിത് ചിന്തകന്‍ എന്നതിനപ്പുറം സാമൂഹിക ചിന്തകനായി വേണം കെ.കെ. കൊച്ചിനെ വിലയിരുത്താന്‍.

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചരിത്രകാരന്‍, സാഹിത്യ നിരൂപകന്‍, ആക്ടിവിസ്റ്റ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലായിരുന്നു കൊച്ചിന്‍റെ പ്രവര്‍ത്തനം. കോളജ് വിദ്യാർഥിയായിരിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി മാറുന്നുണ്ട്. കൊച്ചിന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ പ്രാഥമിക രൂപമുണ്ടാകുന്നത് ഈ കാലഘട്ടത്തിലാണ്. ‘ദലിതന്‍’ എന്ന ആത്മകഥയില്‍ ഇക്കാര്യം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. നക്സലൈറ്റ് പ്രസ്ഥാനവുമായുള്ള ബന്ധം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു. മാര്‍ക്സിസ്റ്റ് ആശയങ്ങളുടെ സ്വാധീനം കൂടുതലായി ഇതില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. അംബേദ്കര്‍ ദര്‍ശനങ്ങളിലേക്കുള്ള പ്രവേശനവും കാണാനാകും. ചാരുമജുംദാര്‍ സ്മരണ, മാര്‍ക്സിസം-ലെനിനിസം-മാവോ-അംബേദ്കര്‍ ചിന്തയും ഇന്ത്യയിലെ ജാതി, വര്‍ഗ, രാഷ്ട്രീയ പ്രശ്നങ്ങളും എന്നീ ലേഖനങ്ങള്‍ ഉദാഹരണമായി എടുക്കാവുന്നതാണ്.

കൊച്ചിന്‍റെ നിലപാടുകള്‍ സ്ഥൂലതയില്‍നിന്നും സൂക്ഷ്മത്തിലേക്കും തിരിച്ചും സഞ്ചരിക്കുന്നത് കാണാനാകും. ഇന്ത്യന്‍ ജാതിവ്യവസ്ഥ, ബുദ്ധന്‍റെയും അംബേദ്കറിന്‍റെയും ദര്‍ശനങ്ങള്‍, ദേശീയതയുടെ ചോദ്യങ്ങള്‍, കേരളത്തിന്‍റെ കീഴാള ചരിത്രനിർമിതി, മലയാള സാഹിത്യത്തിലെ ദലിത് പരിപ്രേക്ഷ്യം തുടങ്ങി വ്യത്യസ്ത മേഖലകളാണ് കൊച്ചിന്‍റെ പഠനവ്യവഹാരങ്ങള്‍. പ്രത്യയശാസ്ത്രം എന്ന നിലയില്‍ മാര്‍ക്സിസത്തെ പൂര്‍ണമായി തള്ളിക്കളയാതെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ത്തി അംബേദ്കര്‍ ചിന്തയെ മുന്നില്‍ നിര്‍ത്തുന്നു എന്നതാണ് കേരളത്തിലെ മറ്റ് ദലിത് ചിന്തകരില്‍നിന്നും കൊച്ചിനെ വേറിട്ടുനിര്‍ത്തുന്നത്. (ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനുവേണ്ടി ഈ ലേഖകന്‍ നടത്തിയ കൊച്ചിന്‍റെ അവസാന അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നുണ്ട്).

കൊച്ചിന്‍റെ നിരീക്ഷണമിങ്ങനെ: ബുദ്ധന്‍ ലോകത്തിലെ ഏറ്റവും വലിയ ഫിലോസഫറാണ്. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ പ്രതിരോധിക്കുന്നതിന് ബുദ്ധന്‍റെ കാഴ്ചപ്പാടുകള്‍ പ്രധാനമാണ്. മുതലാളിത്തമുള്ള കാലത്തോളം മാര്‍ക്സിസത്തിന് പ്രസക്തിയുണ്ട്. കാരണം അത് തൊഴിലാളി വര്‍ഗ വിമോചനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന തത്ത്വശാസ്ത്രമാണ്. എന്നാല്‍, ഇന്ത്യയില്‍ ആരാണ് തൊഴിലാളി വര്‍ഗം എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വ്യക്തമാക്കേണ്ടതാണ്. ശ്രേണീകൃതമായ ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയില്‍ വര്‍ഗസമരം എന്ന സംജ്ഞയിലൂടെ മാത്രം ദലിത് വിമോചനം സാധ്യമല്ല എന്നതാണ് യാഥാർഥ്യം. ഇവിടെയാണ് അംബേദ്കറിന്‍റെ നിലപാടുകള്‍ പ്രസക്തമാകുന്നത്. ലോകത്തെ നിരവധി ദര്‍ശനങ്ങളെ പഠിച്ച ശേഷമാണ് തന്‍റെ നിലപാട് അദ്ദേഹം പ്രഖ്യാപിക്കുന്നത്. ദേശീയതയെ സംബന്ധിച്ച ചില ചോദ്യങ്ങളും കൊച്ച് ഉയര്‍ത്തുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന കൊച്ചിനെയാണ് കാണാനാകുന്നത്.

നവ ഫാഷിസ, നിയോ ലിബറല്‍ കോർപറേറ്റ് ഭരണക്രമം നിലനില്‍ക്കുന്ന ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സന്ദര്‍ഭത്തില്‍ കൊച്ചിന്‍റെ ബ്രാഹ്മണിക്കല്‍ വിമര്‍ശനങ്ങള്‍ പ്രധാനമാണ്. സിന്ധു നദീതട സംസ്കാരത്തിലൂടെ വളര്‍ന്നു വികസിക്കുന്ന സമൂഹത്തില്‍ ചാതുര്‍വര്‍ണ്യം ആധിപത്യമുറപ്പിക്കുന്നതെങ്ങനെയെന്ന് ചരിത്രപരമായ തെളിവുകളെ മുന്‍നിര്‍ത്തി വിശകലനം ചെയ്യുന്നുണ്ട് (ചാതുര്‍വര്‍ണ്യത്തിന്‍റെ രാഷ്ട്രീയ പാഠം). ഋഗ്വേദമെന്ന ടെക്സ്റ്റിലൂടെ അവതരിപ്പിക്കുന്ന ചാതുര്‍വര്‍ണ്യ ആശയം മനുസ്മൃതിയിലൂടെ ഉറപ്പിക്കപ്പെടുന്നു എന്ന നിരീക്ഷണം അംബേദ്കറെ വിവരിച്ചുകൊണ്ട് അവതരിപ്പിക്കുന്നുണ്ട്.

ബുദ്ധനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കാഞ്ച ഐലയ്യയെ വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യയിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥക്കെതിരെ, ജനാധിപത്യത്തിനുവേണ്ടിയുള്ള കലാപമാണ് ബുദ്ധന്‍ നയിച്ചത്. ഇതിലൂടെ ചാതുര്‍വര്‍ണ്യം തിരോഭവിച്ചെങ്കിലും ബ്രാഹ്മണിസം ഉന്മൂലനം ചെയ്യപ്പെടാതിരുന്നതിനാല്‍ സമൂഹം ജാതിവ്യവസ്ഥയിലേക്ക് പരിവര്‍ത്തനംചെയ്തു. മതേതരത്വമെന്ന സങ്കല്‍പനത്തെ വ്യത്യസ്തമായ തലത്തില്‍ വ്യാഖ്യാനിക്കാവുന്നതുകൊണ്ട് മാത്രമല്ല, കീഴാള ജനതയുടെ രാഷ്ട്രീയേച്ഛയുമായത് കണ്ണി ചേര്‍ക്കപ്പെടുന്നതിലൂടെയാണ് ബുദ്ധന്‍റെ ചിന്താപദ്ധതി സമകാലികതയില്‍ പ്രസക്തമാകുന്നത് എന്നാണ് കൊച്ച് (ബുദ്ധനിലേക്കുള്ള ദൂരം) നിരീക്ഷിക്കുന്നത്.

കാഞ്ച ഐലയ്യയുടെ ദൈവമെന്ന രാഷ്ട്രീയ മീമാംസകന്‍ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തിയാണ് കൊച്ച് വിമര്‍ശിക്കുന്നത്. കീഴാള അന്വേഷണങ്ങള്‍ക്ക് കാഞ്ച ഐലയ്യ നല്‍കുന്ന സംഭാവനയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് വിമര്‍ശനം ഉയര്‍ത്തുന്നത്. മാര്‍ക്സിന്‍റെ ദര്‍ശനത്തിലൂന്നിനിന്ന് ബുദ്ധനെ ആത്മീയ-ഭൗതികവാദിയാക്കി, ഇന്ത്യയുടെ ഭൂതകാലത്തിലെ വസ്തുനിഷ്ഠ സാഹചര്യങ്ങളെ വര്‍ണത്തിന്‍റെയും വര്‍ഗത്തിന്‍റെയും ദൃഷ്ടിയിലൂടെ അവതരിപ്പിക്കാനാണ് ഐലയ്യ ശ്രമിക്കുന്നതെന്ന വിമര്‍ശനമാണ് കൊച്ച് പ്രധാനമായും ഉയര്‍ത്തുന്നത്. ബുദ്ധന്‍റെ ചിന്തയെ രാഷ്ട്രീയ പദ്ധതിയായി കാണുമ്പോഴാണ് അതൊരു വിമോചന ആശയമായി മാറുന്നത് എന്നാണ് കൊച്ചിന്‍റെ വിലയിരുത്തല്‍. ദലിതരുടെ പ്രശ്നങ്ങള്‍ മാത്രം ചര്‍ച്ചചെയ്യുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ദലിതെഴുത്തെന്നും സൂര്യന് താഴെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുന്നതാവണമെന്നും ഇതില്‍ ദലിതരുടെ ഐക്യം, ആധുനീകരണം, നവീകരണം, സമുദായത്തിലെ സമത്വം, സാമ്പത്തികഭദ്രത എന്നിവയെല്ലാം മുഖ്യമായിരിക്കണം. സാഹിത്യത്തെ മാത്രം മുന്‍നിര്‍ത്തിയ വിശകലനത്തിനു പകരം സമഗ്രമായ അന്വേഷണമാണ് ദലിത് എഴുത്ത് എന്നു കൊച്ച് വിലയിരുത്തുന്നു.

ഉപജാതികളാലും ഒരു പരിധി വരെ ഹിന്ദുത്വ ആചാരാനുഷ്ഠാനങ്ങളാലും വിഭജിക്കപ്പെട്ട പട്ടികജാതി സമൂഹങ്ങളുടെ ഐക്യം എന്ന ആശയമാണ് സാമുദായിക വാദത്തിലൂടെ കൊച്ച് മുന്നോട്ടു ​വെക്കുന്നത്. അയ്യന്‍കാളിക്കു ശേഷം പൊയ്കയില്‍ അപ്പച്ചനിലൂടെയൊക്കെ വികസിക്കുന്ന ഈ കാഴ്ചപ്പാടിനെ വികസിപ്പിക്കാനാണ് കൊച്ച് മുന്നോട്ടു വരുന്നത്. അയ്യന്‍കാളി സാധുജന പരിപാലന സംഘത്തിലൂടെയും അപ്പച്ചന്‍ പ്രത്യക്ഷ രക്ഷാസഭയിലൂടെയുമാണ് ഉപജാതി ബോധത്തെ മറികടക്കാന്‍ ആഹ്വാനംചെയ്തത്. കൊച്ചില്‍ എത്തുമ്പോള്‍ അത്തരമൊരു പ്രസ്ഥാനത്തെ കാണാന്‍ കഴിയുന്നില്ല. കൊച്ച് മുന്നോട്ടുവെച്ച ആശയം ഉയര്‍ന്ന ഐക്യബോധത്തെ ഉണര്‍ത്തുന്നതാണെങ്കിലും സംവാദത്തിലേക്ക് കൊണ്ടുവരുന്നത് ദലിതര്‍ക്കിടയിലെ ന്യൂനപക്ഷമായ ബുദ്ധിജീവി വിഭാഗമാണ്. മാത്രമല്ല, പ്രായോഗിക പരിപാടിയില്ലാത്തതിനാല്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കൊച്ചിന്‍റെ ആശയത്തിന് സാധിച്ചില്ല. എന്നാല്‍, കേരളത്തിന്‍റെ പൊതുമണ്ഡലത്തിലും ദലിത് ബുദ്ധിജീവികള്‍ക്കിടയിലും കീഴാള ചിന്തകന്‍ എന്ന തരത്തിലേക്ക് ഉയരാന്‍ ഇത് കൊച്ചിനെ സഹായിച്ചു.

സമുദായവാദം മുന്നോട്ടുവെക്കുന്നതിന് ചരിത്രപരമായ അന്വേഷണം നടത്തിയ കൊച്ച് മുന്നോട്ടുവെക്കുന്ന ചില നിരീക്ഷണങ്ങള്‍ പ്രധാനപ്പെട്ടതാണ്. കേരളത്തില്‍ ആദ്യ സമുദായ രൂപവത്കരണം നടന്നത് ക്രിസ്ത്യന്‍-മുസ്‍ലിം വിഭാഗങ്ങളിലാണെന്നാണ് അദ്ദേഹം പറയുന്നത്. തുടര്‍ന്ന് നായര്‍, ഈഴവ സമൂഹങ്ങള്‍ക്കിടയിലുമെന്നാണ്. ശ്രീനാരായണ മൂല്യമണ്ഡലം സാമൂഹിക നവോത്ഥാന കാലത്ത് ഈഴവരെയും എസ്.എന്‍.ഡി.പിയെയും അതിവര്‍ത്തിച്ച് ദലിതുകളിലേക്ക് സംക്രമിക്കപ്പെട്ടിരുന്നില്ല. ഇതിന് പ്രധാന കാരണം ഈഴവരിലെ പ്രമാണി വര്‍ഗം മതം, വിദ്യാഭ്യാസം, ധനസ്ഥിതി എന്നിവയിലൂടെ പ്രാദേശിക സവര്‍ണ മേധാവിത്വവുമായി ഏകീകരിക്കപ്പെട്ടതാണ്.

ഈ അവസ്ഥയെ ഭേദിക്കാന്‍ 1918ല്‍ ഗുരുവിന്‍റെ താല്‍പര്യമനുസരിച്ച് എസ്.എന്‍.ഡി.പി യോഗം തീരുമാനിക്കുന്നുണ്ടെങ്കിലും ആ പ്രസ്ഥാനത്തെ ഈഴവേതര കീഴാളരുടെ സംഘടനയാക്കാന്‍ കഴിയാതെ വന്നത് ശ്രീനാരായണ ചിന്തകളുടെ മതാത്മക വ്യാഖ്യാനം കാരണമാണെന്ന വിമര്‍ശനമാണ് കൊച്ചിന്‍റേത് (ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ വര്‍ത്തമാനം). നാരായണഗുരു മുന്നോട്ടുവെച്ച മാനവിക കാഴ്ചപ്പാടിനെ ശ്രീനാരായണീയ പ്രസ്ഥാനം എങ്ങനെയാണ് അട്ടിമറിച്ചത് എന്ന നിരീക്ഷണം സമകാലിക അവസ്ഥയില്‍ പരിശോധിക്കേണ്ടതാണ്. അയ്യന്‍കാളിക്കും അപ്പച്ചനും ശേഷം ദലിത് സമുദായവത്കരണം എന്തുകൊണ്ട് സാധ്യമായില്ല എന്നതും വിശകലനം ചെയ്യേണ്ടതാണ്.

തൊണ്ണൂറുകളിലെത്തുമ്പോള്‍ അംബേദ്കറിലേക്ക് കൂടുതല്‍ അടുക്കാനുള്ള ശ്രമങ്ങളാണ് കൊച്ച് നടത്തുന്നത്. അംബേദ്കര്‍ ജീവിതവും ദൗത്യവും (1991) എന്ന പുസ്തകത്തിലൂടെ തന്‍റെ കാഴ്ചപ്പാടുകളെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. എണ്‍പതുകളില്‍ സീഡിയന്‍ ഉയര്‍ത്തിയ മാര്‍ക്സ്-അംബേദ്കര്‍ സംവാദങ്ങളില്‍നിന്നുമുള്ള വിച്ഛേദനമായിരുന്നു കൊച്ചിന്‍റെ ഈ പുസ്തകം. അംബേദ്കറുടെ ജീവിതവും ദര്‍ശനവും വിശകലനം ചെയ്യുന്ന പഠനം അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. പ്രതിഭാശക്തികൊണ്ടും മിക്കവാറും അമിതമായ ശാസ്ത്രീയ സത്യസന്ധതകൊണ്ടും അവിശ്വസനീയമായ പാണ്ഡിത്യത്താലും മാര്‍ക്സ് നമ്മളെക്കാളെല്ലാം ഉല്‍കൃഷ്ടനാണെന്നതിനാല്‍ അദ്ദേഹത്തിന്‍റെ കണ്ടുപിടിത്തങ്ങളെ വിമര്‍ശിക്കാന്‍ തുനിയുന്നവര്‍ തോറ്റു പിന്‍വാങ്ങേണ്ടി വരും. പ്രതിഭ വളരെ അപൂര്‍വമായ ഒരു സിദ്ധിയാണ്. ആ സിദ്ധിയില്‍ അനുഗൃഹീതരല്ലാത്ത നമുക്ക് അത് അപ്രാപ്യമാണെന്ന് മുന്‍കൂട്ടി തന്നെ അറിയാം. എന്നാല്‍, പ്രതിഭയില്‍ അസൂയ കൊള്ളാന്‍ നിസ്സാരന്മാരില്‍ നിസ്സാരനു മാത്രമേ കഴിയൂ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ സാമൂഹിക, രാഷ്ട്രീയ നേതൃത്വങ്ങള്‍ അംബേദ്കറെ കണ്ടെത്തുന്നതില്‍ നിസ്സാരന്മാരായതാണ് ഇന്ത്യയുടെ ദുരന്തത്തെ സുദീര്‍ഘമാക്കിയത്. അംബേദ്കറെ പഠിക്കാന്‍ സാധിക്കാത്ത അംബേദ്കറൈറ്റുകളെ വിമര്‍ശിക്കുകയാണിവിടെ.

കേരള ചരിത്രരചനയെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ ദലിതരുടെ സുവര്‍ണ ഭൂതകാല വാഴ്ത്തുകളെ കൊച്ച് വിമര്‍ശിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഇളംകുളം കുഞ്ഞന്‍പിള്ളയെപ്പോലുള്ള സാമ്പ്രദായിക ചരിത്രകാരന്മാരുടെ വഴിയെയാണ് ദലിത് ബന്ധു എന്‍.കെ. ജോസ്, ടി.എച്ച്.പി. ചെന്താരശ്ശേരി, കവിയൂര്‍ മുരളി എന്നിവരെല്ലാം സഞ്ചരിക്കുന്നത്. കല്ലറ സുകുമാരന്‍റെ അന്വേഷണങ്ങള്‍ വേറിട്ടു നില്‍ക്കുന്നതായും കൊച്ച് സൂചിപ്പിക്കുന്നുണ്ട് (കേരള ചരിത്രരചന ദലിതരുടെ ഇടം തേടുമ്പോള്‍). ‘കേരള ചരിത്രവും സമൂഹ രൂപീകരണവും’ എന്ന പുസ്തകമാണ് കൊച്ചിനെ ചരിത്രകാരനാക്കി മാറ്റുന്നത്.

ജാതിയും ഉല്‍പാദനബന്ധങ്ങളും കേരളത്തിന്‍റെ സാമൂഹിക രൂപവത്കരണ പ്രക്രിയയില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന അന്വേഷണമാണ് ഈ പുസ്തകത്തിലൂടെ കൊച്ച് നടത്തുന്നത്. ചരിത്രാതീത കാലത്തു നടന്ന ദ്രാവിഡ കുടിയേറ്റം മുതല്‍ ജാത്യാധിഷ്ഠിത ഭൂവുടമസ്ഥതയും രാജ്യശിഥിലീകരണവും സ്ഥാപനവത്കരിക്കുന്ന എ.ഡി 12ാം നൂറ്റാണ്ടു വരെയുള്ള സമൂഹ രൂപവത്കരണത്തെക്കുറിച്ചുള്ളതാണ് പുസ്തകം. ഇ.എം.എസ്, എം.ജി.എസ്. നാരായണന്‍ എന്നിവരുടെ ചരിത്ര കാഴ്ചപ്പാടുകളെ വിമര്‍ശനവിധേയമാക്കുകയാണ് കൊച്ച്. അംബേദ്കറിന്‍റെ വീക്ഷണകോണില്‍നിന്നാണ് ചരിത്രരചന നടത്തുന്നതെങ്കിലും അതിന് ടൂളായി മാറുന്നത് മാര്‍ക്സിയന്‍ ചരിത്രവീക്ഷണമാണെന്ന് സൂക്ഷ്മമായി വായിച്ചാല്‍ മനസ്സിലാകും.

കേരളത്തില്‍ നടന്ന വിവിധ ദലിത് സമരങ്ങളോടും ഇടപെടലുകളോടും വിയോജിക്കുന്ന സമീപനം സ്വീകരിച്ചതിനാല്‍ കൊച്ചിന് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതും ദലിത് സമരങ്ങളില്‍ വിജയം നേടിയതുമായ കുറിച്ചി 11 കെ.വി വിരുദ്ധസമരം, മുത്തങ്ങ സമരം തുടങ്ങിയവയെ അദ്ദേഹം വിമര്‍ശിക്കുകയാണ്. കേരളത്തില്‍ ദലിത്, ആദിവാസി സമൂഹങ്ങള്‍ക്ക് ലഭിക്കുന്ന ജനകീയമായ സ്വീകാര്യതയെ ഇത്തരം സമരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. ദലിത് ഹ്യൂമന്‍ റൈറ്റസ് മൂവ്മെന്‍റിന്‍റെ (ഡി.എച്ച്.ആര്‍.എം) പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കുന്നുണ്ട്. ദലിത് വിമോചനത്തിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടസ്സമാകുമെന്നാണ് കൊച്ചിന്‍റെ ആക്ഷേപം. ഭരണകൂടത്താല്‍ ഡി.എച്ച്.ആര്‍.എം വേട്ടയാടപ്പെടുന്ന സന്ദര്‍ഭത്തിലുണ്ടായ ഈ വിമര്‍ശനം ജനാധിപത്യവാദികള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല.

നിരന്തരം തന്‍റെ നിലപാടുകള്‍ പുതുക്കുന്ന കൊച്ചിനെയാണ് കാലഗണനാനുസൃതമായി പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. കോളജ് പഠനകാലത്ത് തീവ്ര ഇടതുപക്ഷ കാഴ്ചപ്പാടുകളിലൂടെ വികസിക്കുന്ന കൊച്ചിന്‍റെ ധൈഷണിക ചിന്ത തൊണ്ണൂറുകളോടെ കീഴാള വിമോചന കാഴ്ചപ്പാടിലേക്ക് മാറുകയാണ്. മാര്‍ക്സിനെ മാറ്റിനിര്‍ത്തി അംബേദ്കറെ മുന്‍നിര്‍ത്തിയുള്ള എഴുത്തുകളാണ് കൊച്ച് തുടര്‍ന്ന് നടത്തുന്നത്. കേരള നവോത്ഥാനത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമെല്ലാം എഴുതുമ്പോള്‍ അത്തരം നിരീക്ഷണങ്ങളാണ് അദ്ദേഹം നടത്തുന്നത്. പരിസ്ഥിതി സമരങ്ങളോട് വിയോജിക്കുകയും യോജിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളുമുണ്ടാകുന്നുണ്ട്.

‘ഇടതുപക്ഷമില്ലാത്ത കാലം’ എന്ന പുസ്തകത്തില്‍ സി.പി.എമ്മിനെ നിശിതമായി വിമര്‍ശിക്കുന്ന കൊച്ച് ‘കെ. റെയിലും മൂലധനത്തിന്‍റെ ജനാധിപത്യവത്കരണവും’ (2022) എന്ന പുസ്തകത്തിലെത്തുമ്പോള്‍ അവരോട് വിയോജിച്ചുകൊണ്ട് യോജിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മൂലധനത്തി​െന്‍റ ജനാധിപത്യവത്കരണത്തിലൂടെ ദലിതുകൾക്ക് പലതും നേടാനാകും എന്ന കാഴ്ചപ്പാടാണ് കൊച്ച് മുന്നോട്ടുവെക്കുന്നത്. ഇടതുപക്ഷത്തിന്‍റെ നിയോ ലിബറല്‍ നയങ്ങളോട് യോജിച്ചുകൊണ്ട് അവരുടെ സാമ്പത്തിക പരിഷ്കരണങ്ങളില്‍, പ്രത്യേകിച്ച് സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ ദലിത്, ആദിവാസി സമൂഹങ്ങള്‍ക്ക് പങ്കാളിത്തം ഉണ്ടാകണമെന്ന വാദമാണ് കൊച്ച് ഉയര്‍ത്തുന്നത്.

സോവിയറ്റ് യൂനിയന്‍റെ തകര്‍ച്ചയും സോഷ്യലിസ്റ്റ് സമ്പദ്ഘടന സാധ്യമാകുമോ എന്ന സന്ദേഹവും ചൈനയുടെ കുതിപ്പുമെല്ലാമാണ് അതിന് ഉദാഹരണങ്ങളായി കൊച്ച് ചൂണ്ടിക്കാട്ടുന്നത്. ആഗോളീകരണംപോലുള്ള ലോക സമ്പദ്ഘടനാ മാറ്റങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ദലിത് ബുദ്ധിജീവികളുടെയും കെ. വേണുവിനെപ്പോലുള്ള വലതു ബുദ്ധിജീവികളുടെയും നിലപാടുകള്‍തന്നെയാണ് ഈ വിഷയത്തില്‍ കൊച്ചിനുമുള്ളത്. വരും നാളുകളില്‍ ഈ വിഷയങ്ങള്‍ മറ്റൊരു സംവാദത്തിനുള്ള സാധ്യത തുറക്കുന്നുണ്ട്. സാമൂഹിക ചിന്തകന്‍ എന്ന നിലയില്‍ കൊച്ചിനെ വിലയിരുത്തുമ്പോള്‍ വിമര്‍ശനാത്മക നിലപാട് തന്നെയാണ് അനിവാര്യമായുള്ളത്. കൊച്ചു തന്നെ അത്തരമൊരു വിമര്‍ശകനായിരുന്നു എന്നത് ഇവിടത്തെ നിലപാടുകളെ ബലപ്പെടുത്തുന്നുണ്ട്. സാഹിത്യവിമര്‍ശകന്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍ പരിശോധിക്കുമ്പോള്‍ അത് കൂടുതല്‍ വ്യക്തമാകും. 19ാം നൂറ്റാണ്ടിലിറങ്ങിയ നിരവധി നോവലുകളെ പിന്തള്ളി ലക്ഷണമൊത്ത നോവലായി ഒ. ചന്തുമേനോന്‍റെ ഇന്ദുലേഖയെ പ്രതിഷ്ഠിക്കുന്നതിനെ വിമര്‍ശന വിധേയമാക്കുന്നു കൊച്ച്.

മലബാറിന്‍റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലില്‍ നായര്‍ സമൂഹമല്ലാതെ മറ്റാരും അടയാളപ്പെടാത്തതെന്ത് എന്ന ചോദ്യമാണ് കൊച്ച് ഉയര്‍ത്തുന്നത്. കേരളം മറന്ന സാമൂഹിക പരിഷ്കരണം എന്ന ലേഖനത്തില്‍ പോത്തേരി കുഞ്ഞമ്പുവിന്‍റെ ‘സരസ്വതിവിജയം’ എന്ന നോവലിനെയാണ് പഠിക്കുന്നത്. കൊച്ചിന്‍റെ സാഹിത്യ വിമര്‍ശനങ്ങള്‍ മറ്റൊരു പഠനവിഷയമായതിനാല്‍ ഇവിടെ കൂടുതല്‍ പരാമര്‍ശിക്കുന്നില്ല. ഇത്തരം പഠനങ്ങള്‍കൂടി ചേര്‍ന്നതാണ് കൊച്ചിന്‍റെ ധൈഷണിക വ്യവഹാരം എന്നതുകൊണ്ടാണ് ഇത്രയുംകൂടി സൂചിപ്പിച്ചത്. കേരളത്തിന്‍റെ ധൈഷണിക മണ്ഡലത്തില്‍ മൗലികമായ നിലപാടുകള്‍കൊണ്ട് സംവാദങ്ങളില്‍ നിറഞ്ഞുനിന്ന കൊച്ചിന്‍റെ നിലപാടുകള്‍ കൂടുതല്‍ സംവാദങ്ങളിലേക്ക് ഉയരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ആശയം അതു മാത്രമായി നില്‍ക്കാതെ പ്രയോഗമായി മാറുകയുള്ളൂ.

------------

സഹായക ഗ്രന്ഥങ്ങള്‍:

-കെ.കെ. കൊച്ച്, കലാപവും സംസ്കാരവും, നവംബര്‍ ബുക്സ് കോട്ടയം.

-അംബേദ്കര്‍: ജീവിതവും ദൗത്യവും, മൈത്രി ബുക്സ്, തിരുവനന്തപുരം.

-ഇടതുപക്ഷമില്ലാത്ത കാലം, ഡി.സി ബുക്സ്, കോട്ടയം.

-ബുദ്ധനിലേക്കുള്ള ദൂരം, ഡി.സി ബുക്സ്, കോട്ടയം.

-വായനയുടെ ദലിത് പാഠം, ടുഡെ ബുക്സ്, തിരുവനന്തപുരം.

-ദലിത് നേർക്കാഴ്ചകള്‍, റെയ്വാന്‍ ബുക്സ് തിരുവനന്തപുരം.

-കേരള ചരിത്രവും സമൂഹ രൂപീകരണവും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

-ദേശീയതക്കൊരു ചരിത്രപാഠം, ഒലീവ് ബുക്സ്, കോഴിക്കോട്.

-കെ. റെയിലും മൂലധനത്തിന്‍റെ ജനാധിപത്യവത്കരണവും, ക്യുവൈവ് ടെസ്റ്റ്, മാവേലിക്കര.

-ദലിത് സമുദായ വാദവും സാമുദായിക രാഷ്ട്രീയവും, ഡി.സി ബുക്സ്, കോട്ടയം.

-ദലിതന്‍, ഡി.സി ബുക്സ്, കോട്ടയം.

-കെ. മുരളി, കെ.പി. സേതുനാഥ്, കെ.കെ. കൊച്ച്

-പരിഷ്കരണമല്ല വിപ്ലവം, കബനി ബുക്സ് കൊച്ചി.

News Summary - kk Kochu studies