രാഘവൻ അത്തോളിയെ മറന്നതോ, അറിയാത്തതോ?

കവിയും ശിൽപിയുമായ രാഘവൻ അത്തോളി ഇപ്പോൾ രോഗശയ്യയിലാണ്. ഏറക്കുറെ ഒറ്റപ്പെട്ട അവസ്ഥ. എന്തുെകാണ്ടാണ് മലയാള സാംസ്കാരിക ലോകവും സർക്കാറും രാഘവൻ അത്തോളിയെ വേണ്ടവിധം പരിഗണിക്കാത്തത്? സഹായിക്കാത്തത്?–വിമർശനം.രാഘവൻ അത്തോളിയെ അറിയുമോ? 77 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 300ഓളം പുസ്തകങ്ങൾ എഴുതിെവച്ചിട്ടുണ്ട്. വലിയ പുരസ്കാരങ്ങളൊന്നും തേടിയെത്തിയിട്ടില്ല. എന്നാലും മലയാളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ്. കവിയും നോവലിസ്റ്റും അനുഭവമെഴുത്തുകാരനും ചിന്തകനും ശിൽപിയും ഒക്കെയായ ബഹുമുഖ പ്രതിഭയാണ്. ഇപ്പോൾ രോഗിയാണ്. അവശനാണ്. ഗാന്ധിജി എന്തുകാര്യം ചെയ്യുമ്പോഴും ഒരു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കവിയും ശിൽപിയുമായ രാഘവൻ അത്തോളി ഇപ്പോൾ രോഗശയ്യയിലാണ്. ഏറക്കുറെ ഒറ്റപ്പെട്ട അവസ്ഥ. എന്തുെകാണ്ടാണ് മലയാള സാംസ്കാരിക ലോകവും സർക്കാറും രാഘവൻ അത്തോളിയെ വേണ്ടവിധം പരിഗണിക്കാത്തത്? സഹായിക്കാത്തത്?–വിമർശനം.
രാഘവൻ അത്തോളിയെ അറിയുമോ? 77 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 300ഓളം പുസ്തകങ്ങൾ എഴുതിെവച്ചിട്ടുണ്ട്. വലിയ പുരസ്കാരങ്ങളൊന്നും തേടിയെത്തിയിട്ടില്ല. എന്നാലും മലയാളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ്. കവിയും നോവലിസ്റ്റും അനുഭവമെഴുത്തുകാരനും ചിന്തകനും ശിൽപിയും ഒക്കെയായ ബഹുമുഖ പ്രതിഭയാണ്. ഇപ്പോൾ രോഗിയാണ്. അവശനാണ്. ഗാന്ധിജി എന്തുകാര്യം ചെയ്യുമ്പോഴും ഒരു ഉരകല്ലായി സങ്കൽപിക്കാൻ പറഞ്ഞ ഏറ്റവും ദരിദ്രനായ ഒരു മനുഷ്യന്റെ മുഖം ഓർത്താൽ അതിൽ രാഘവൻ അത്തോളിയുടെ മുഖം തെളിഞ്ഞുകാണാം.
2025 മാർച്ച് 30ന് രാഘവൻ അത്തോളി ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ഒന്നു വായിച്ചുനോക്കൂ:
‘‘ഞാൻ ഇത് പറയുന്നതുകൊണ്ട് ആര്‍ക്കും ദേഷ്യവും ചൊറിച്ചിലും വേണ്ട, അവസ്ഥയാണെ. അത്രയും ദയനീയമായ അവസ്ഥയിലാണ് ജീവിതം മുന്നോട്ടു പോകുന്നത്. 2016 മുതൽ ഞാൻ കലാകാര പെൻഷന് അപേക്ഷിക്കുന്നു. മൂന്നു തവണയും ഒരു നടപടിയും ഉണ്ടായില്ല. നാലാം തവണ 2023ല്‍ ഒരു ലെറ്റര്‍ വന്നു, ഇത് ഓൺലൈൻ ആയി അപേക്ഷിക്കണം എന്ന്. 2024 ഫെബ്രുവരിയിൽ ഓൺലൈൻ ആയി അപേക്ഷിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും, ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.
പിണറായി സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ എത്തുന്ന സമയം മുന്നോട്ടുെവച്ചത് ‘നമുക്ക് ജാതി ഇല്ല’ എന്നാണ്. എന്നാൽ, എന്റെ കാര്യത്തില്‍ ഇതൊന്നും ഇല്ലെന്നു തോന്നുന്നു. എന്റെ ജാതിയും നിറവും നോക്കിയാണ് പെൻഷൻ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. 4 തവണ തപാലായി അയച്ചത് നഷ്ടപ്പെട്ടുപോയെന്നോ കരുതാം. പിന്നെ, ഓൺലൈൻ ആയി എല്ലാ രേഖകളും സഹിതം അപേക്ഷിച്ചു. അതും മനഃപൂർവം ഒഴിവാക്കിയതാണെന്ന് വിശ്വസിക്കേണ്ടി വരും.
70 വയസ്സായി വരുന്ന എനിക്ക് എന്തുകൊണ്ട് ജാതിയുടെയോ നിറത്തിന്റെയോ പേരിൽ പെൻഷൻ നിഷേധിക്കുന്നു. 50 വര്‍ഷമായി കവിതയും ശില്‍പവും നോവലുകളും ലേഖനങ്ങളുമായി കലാ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്നു. പ്രായാധിക്യംമൂലമുള്ള എല്ലാ അവസ്ഥകളും അസുഖങ്ങളുമുള്ള എനിക്ക് മറ്റു വരുമാന മാർഗങ്ങള്‍ ഒന്നുമില്ല.
എനിക്ക് കലാകാര പെൻഷൻ അനുവദിക്കുന്നതിന് സര്‍ക്കാറിന് ബാധ്യതയില്ലേ? കഴിഞ്ഞ ഒന്നര വര്‍ഷമായി ക്ഷയരോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്നു. ഇപ്പോഴും അതിന്റെ അവശത മാറിയിട്ടില്ല. ഇപ്പോള്‍ കലാകാര പെൻഷൻ ലഭിച്ചാല്‍ വലിയ ആശ്വാസമാകും. എന്നെപ്പോലെ നിത്യച്ചെലവിന് വകയില്ലാത്ത ഒരാള്‍ക്ക് ഇത് നിഷേധിച്ച് പാവപ്പെട്ടവന്റെ പാര്‍ട്ടി (എന്ന് പറയുന്ന) സര്‍ക്കാര്‍ എന്താണ് നേടാൻ പോകുന്നത്?’’
മേയ് 25ന് രാഘവൻ അത്തോളി മറ്റൊരു പോസ്റ്റ് കൂടി എഴുതി:
‘‘സാമൂഹ്യ വാർധക്യ പെൻഷനും കലാകാര പെൻഷനും ഒരേ നിലവാരമാണോ... കലാകാര പെൻഷൻ മുമ്പ് 4000 രൂപയായിരുന്നെന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ എല്ലാ പെൻഷനുകളും പോലെ 1600 രൂപയാണ്. പിന്നെന്തിനാണ് കലാകാര പെൻഷൻ എന്ന് പ്രത്യേകം പറയുന്നത്. ഇതിനെപ്പറ്റി അറിയുന്നവർ ഒന്നു പറഞ്ഞുതരണം.’’
രാഘവൻ അത്തോളി ഇപ്പോൾ ആശുപത്രിയിലാണ്. 50 വർഷമായി കലാജീവിതം നയിച്ച ഒരാളാണ്. ഒരായുസ്സ് മണ്ണിൽ അധ്വാനിച്ച് ജീവിച്ചു. വയസ്സ് എഴുപതായി. ഇപ്പോൾ ടി.ബിയുണ്ട്. മറ്റനേകം രോഗങ്ങളും ഒപ്പം വേട്ടയാടുന്നുണ്ട്. നോക്കാൻ മകൻ യതി മാത്രമേയുള്ളൂ. അച്ഛനെ നോക്കി മകനും ടി.ബി ഏറ്റുവാങ്ങിക്കഴിഞ്ഞു. ഇനി മരണമേ ബാക്കിയുള്ളൂ എന്നോർമപ്പെടുത്തുന്ന ഒരു പോസ്റ്റ് ഏതാനും ദിവസം മുമ്പ് യതിയും ഫേസ്ബുക്കിൽ കുറിച്ചിട്ടിട്ടുണ്ട്:
‘‘കഴിഞ്ഞ രണ്ടു വർഷമായി ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നതാണവസ്ഥ. ടി.ബി ബാധിച്ച് വശംകെട്ടു. ഇപ്പോഴും മാറ്റമില്ല... ഇപ്പോൾ ശരിക്കും മരണത്തെ പുൽകാൻ ആത്മാർഥമായി ആശിച്ചു പോകുന്നു. ചിലപ്പോൾ ഏതു സമയവും അതു സംഭവിക്കാം. ചിലപ്പോൾ ഇതായിരിക്കാം വർഷത്തിനുശേഷം ആദ്യത്തേതും അവസാനത്തേതുമായ പോസ്റ്റ്...’’
എഴുത്തുകൊണ്ട് മാത്രം കേരളത്തിൽ എഴുത്തുകാർക്ക് ജീവിക്കാനാകില്ല എന്നതിന് രാഘവൻ അത്തോളിയുടെ ജീവിതം പോലെ മറ്റൊരു തെളിവ് ആവശ്യമില്ല. പറ്റുമായിരുന്നെങ്കിൽ നമ്മുടെ എഴുത്തുകാരിൽ ഏറ്റവും വലിയ ‘മുതലാളി’ രാഘവൻ അത്തോളി ആകുമായിരുന്നു . അത്രയും എഴുതിയിട്ടുണ്ട്. വാങ്ങാൻ ആളില്ലെന്നേയുള്ളൂ.
പല യൂനിവേഴ്സിറ്റികളിലും ദലിത് സാഹിത്യം പഠിക്കുന്ന വിദ്യാർഥികൾ രാഘവൻ അത്തോളിയെ പഠിക്കുന്നുണ്ട്. വളരെ വൈകിയാണ് ഞാൻ അദ്ദേഹത്തെ വായിച്ചത്. അദ്ദേഹത്തിന്റെ ശിൽപങ്ങൾ എൺപതുകളുടെ തുടക്കം മുതൽ അറിയുമായിരുന്നെങ്കിലും കവിതകളോ ജീവിതമെഴുത്തുകളോ വായനയുടെ ഭാഗമായിരുന്നില്ല. എന്റെ ജീവിതപങ്കാളി ദീദി അവളുടെ ക്ലാസ് മുറികളിൽ രാഘവൻ അത്തോളിയുടെ കവിത പഠിപ്പിച്ചു തുടങ്ങിയപ്പോൾ, എന്തൊരു പൊള്ളുന്ന കവിത, എന്തൊരു കനൽജീവിതം എന്ന് നടുങ്ങിയപ്പോഴാണ് ആ ലോകത്തേക്ക് നോക്കിയത്. പിന്നീട് കോഴിക്കോട് കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ ഇംഗ്ലീഷ് വിഭാഗത്തിൽ രാഘവൻ അത്തോളി അതിഥിയായി എത്തുകയും കുട്ടികളോട് സ്വന്തം കവിതകളെയും ജീവിതത്തെയും കുറിച്ച് ദീർഘമായി ക്ലാസെടുക്കുകയുംചെയ്തു. എല്ലാവർക്കും കണ്ണു തുറപ്പിക്കുന്ന അനുഭവമായിരുന്നു അത്. ‘കണ്ടത്തി’യുടെ ഇംഗ്ലീഷ് പരിഭാഷയിൽ കിട്ടാത്തതാണ് കവിമുഖത്ത് നിന്നും വിദ്യാർഥികളും അധ്യാപകരും നേരിട്ടറിഞ്ഞത്. രാഘവൻ അത്തോളിക്കും അത് ഹൃദ്യമായ അനുഭവമായിരുന്നു. ആ സന്തോഷത്തിൽ എന്തെങ്കിലും സങ്കടമോ വിശേഷമോ ഉണ്ടെങ്കിൽ ദീദിയെ വിളിച്ച് പങ്കുവെക്കുന്നത് കവിയുടെ പതിവായിരുന്നു. അവളെ കിട്ടുന്നില്ലെങ്കിലാണ് എന്നെ വിളിക്കുക.
സ്വയം ദലിതനായി കാണുന്നില്ല രാഘവൻ അത്തോളി. ജാതിയാലും ദാരിദ്ര്യത്താലും ദലിതാവസ്ഥയിലാണ് എന്നത് ചെറിയ കുറ്റമല്ല, ഇരട്ടക്കുറ്റമാണ്. അത് മുറിച്ചുകടക്കാൻ സ്വന്തം ദലിതത്വത്തെ നിഷേധിച്ചാണ് കവി അതിജീവനത്തിന്റെ ഭാഷ പണിയുന്നത്. പണിതീർന്ന ഒരു വീട് ഇന്നും ഒരു സ്വപ്നമാണെങ്കിലും കവിതകൾകൊണ്ട് തന്നെത്തന്നെ ഒരിക്കലും താണവനായി കവി കാണുന്നേയില്ല. തിരസ്കാരങ്ങളെ നേരിടുന്നത് നിരന്തരമായ എഴുത്തിലൂടെയാണ്. ഒരച്ചടിശാലക്കും ആവശ്യമില്ലെങ്കിലും അച്ചടിമഷി പുരളാത്ത 200ലേറെ പുസ്തക സമ്പത്തിന്റെ ഉടമയായാണ് സ്വയം കരുതുന്നത്. കാലം അത് കണ്ടെത്തുകയും മനുഷ്യരിലേക്ക് എത്തിക്കുകയുംചെയ്യും എന്ന് പ്രത്യാശിക്കാം.
കേരളത്തിൽ അങ്ങോളമിങ്ങോളം കുടിൽവ്യവസായം പോലെ തഴച്ചുവളർന്നു കഴിഞ്ഞ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ സ്ഥിരം ക്ഷണിക്കപ്പെടാത്തവരുടെ കൂട്ടത്തിലാണ് രാഘവൻ അത്തോളിയുടെ പേര്. സംസ്ഥാന സർക്കാർ നടത്തുന്ന നിയമസഭാ പുസ്തകോത്സവം സംഘാടകർ ഒരുപക്ഷേ രാഘവൻ അത്തോളി എന്നു കേട്ടിട്ടുപോലുമുണ്ടാകില്ല. സാഹിത്യോത്സവങ്ങളിൽ വൻ സുരക്ഷാപടയുടെ അകമ്പടിയോടെ, ആൾക്കൂട്ടങ്ങൾക്ക് നടുവിലൂടെ ‘ബാഷ’ സ്റ്റൈലിൽ എഴുന്നള്ളിക്കപ്പെടുന്നവരെ നാം കാണാറുണ്ട്. അത് കേമ്പാളത്തിലെ വേറെ ഇനം. രാഘവൻ അത്തോളിക്ക് കാണികളുമില്ല, അകമ്പടികളുമില്ല. ഫേസ്ബുക്ക് പോസ്റ്റുകൾക്ക് പരമാവധി പത്തിൽ കൂടുതൽ ലൈക്ക് പോലുമില്ല. ടി.ബിയാണ് എന്നറിഞ്ഞതോടെ സന്ദർശകരും ഇല്ലാതായി. കോഴിക്കോട്ടെ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ ഒരു ഭിക്ഷാടകനെപ്പോലെ തുണിസഞ്ചിയിൽ തന്റെ പുസ്തകങ്ങൾ വിൽക്കുന്ന രാഘവൻ അത്തോളിയെ കണ്ടിട്ടുള്ളവരുണ്ടാകും. എഴുന്നേറ്റ് നടക്കാൻ ആരോഗ്യമുള്ള കാലംവരെ പുസ്തകം ചുമന്ന് വിറ്റുതന്നെയാണ് ജീവിച്ചത്.
പഴയ വിപ്ലവകാരിയാണ് രാഘവൻ അത്തോളി. എൺപതുകളിലെ ജനകീയ സാംസ്കാരിക വേദിക്കാലത്ത് ഒപ്പം നടന്നവരിൽ അദ്ദേഹമുണ്ട്. അന്ന് ഒപ്പമുണ്ടായിരുന്ന കവി സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ ആയതുകൊണ്ട് രാഘവൻ അത്തോളിക്ക് കാര്യമൊന്നുമില്ല.
ആയുഷ്‍കാല നേട്ടത്തിന് സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനാ പുരസ്കാരം രാഘവൻ അത്തോളിയെ തേടി എത്തിയിട്ടില്ല. (പുരസ്കാരങ്ങളിൽ ചെയർമാന് ഒന്നും ചെയ്യാനില്ല എന്ന് അറിയാഞ്ഞിട്ടല്ല.)
തീരുമാനം തിരഞ്ഞെടുക്കപ്പെടുന്ന സമിതികളുടേതാണ്. എല്ലാ പുരസ്കാര തിരഞ്ഞെടുപ്പും അസംഖ്യം സാധ്യതകളിൽ നിന്നുള്ള ഒരു തിരഞ്ഞെടുപ്പ് മാത്രം. അത് ചിലർക്ക് കിട്ടും, ചിലർക്ക് കിട്ടുകയേ ഇല്ല.
കിട്ടുന്നത് ആർക്ക് എന്നറിയാൻ തിരഞ്ഞെടുക്കുന്ന സമിതികളെ എങ്ങനെ ആര് തിരഞ്ഞെടുക്കുന്നു എന്നുമാത്രം പരിശോധിച്ചാൽ ഉത്തരം കിട്ടും. ആരാണ് ഈ സമിതികളെ തീരുമാനിക്കുന്നത്? സർക്കാറാണ്. അതിനുള്ള യോഗ്യതയും മാനദണ്ഡങ്ങളും ഒക്കെ സർക്കാറിന്റെ കൈകളിലാണ്. അതിന് എവിടെയെങ്കിലും സുതാര്യമായ ഒരു മാനദണ്ഡമുണ്ടോ? ഉള്ളതായി ഇന്നുവരെ എന്റെ അറിവിൽ ഇല്ല. അപ്പോൾ കിട്ടലും കിട്ടാതിരിക്കലുമൊക്കെ ഈയൊരു അന്ധസാധ്യതകളുടെ കളി മാത്രം.
പുരസ്കാരങ്ങൾ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള ഏണിപ്പടികളാണ്. ഉയരങ്ങൾ ലൈംെലെറ്റിന്റെ കേന്ദ്രമായതുകൊണ്ടാണ് ആ വെളിച്ചത്തിലേക്ക് ഇരമ്പി പറക്കലുകൾ ഉണ്ടാകുന്നത്. വലിയ വിലയുണ്ട് അതിന്. ആ അധികാരമുണ്ടെങ്കിലേ മഹാഭൂരിപക്ഷവും കാണൂ. കാണപ്പെടാൻ ആഗ്രഹമില്ലെങ്കിൽ ആ അധികാരത്തെ തിരസ്കരിക്കാം. അപ്പോഴും അർഹതയെ ചൊല്ലിയുള്ള വിഷയങ്ങൾ ബാക്കിയാകുന്നു.
പുരസ്കാരം കിട്ടലാണ് ഏറ്റവും വലിയ കാര്യം എന്ന പൊതുബോധം ഇവിടെയുണ്ട്. കിട്ടിയവർ വലുതും കിട്ടാത്തവർ ചെറുതും എന്ന ബോധത്തിന്റെ കീഴ് വഴക്കങ്ങൾ സമൂഹത്തിൽ ശക്തമാണ്. അപ്പോൾ പുരസ്കാര നിർമിതികളും അതിനായുള്ള ചരടുവലികളും കിടമത്സരങ്ങളുമൊക്കെ സ്വാഭാവികമായും ഉണ്ടാകുന്നു. അതാണ് ലോകനീതി. രാഘവൻ അത്തോളിയെപ്പോലുള്ളവർ ഈ കിടമത്സരത്തിൽ പങ്കെടുക്കാനാവാതെ എന്നും ഓളങ്ങളിൽ ജീവിക്കുന്നു.
എന്തെങ്കിലും പ്രധാന അധികാരത്തിന്റെ താക്കോൽസ്ഥാനത്താണെങ്കിൽ പുരസ്കാര സാധ്യത വളരെ വളരെ കൂടുതലാണ്. പത്രങ്ങളുടെ, ആഴ്ചപ്പതിപ്പുകളുടെ, വാരാന്തപ്പതിപ്പുകളുടെ എഡിറ്റർമാരൊക്കെ പുരസ്കാര സാധ്യത പട്ടികയിൽ അത്യുന്നത സ്ഥാനത്താണ്. അതിന് ഉപയോഗമുണ്ട്. അതൊരു കമ്പോള സത്യമാണ്. പുരസ്കാര നിർമാതാക്കൾ അതുകൊണ്ട് ചൊരിയുക പത്രാധിപരായ എഴുത്തുകാരന്റെ കാൽക്കൽ കുമ്പിട്ടുനിൽക്കും. എം.ടി. വാസുദേവൻ നായർക്ക് കിട്ടിയ പുരസ്കാരപ്പട്ടിക ടി. പത്മനാഭന്റെയോ കോവിലന്റെയോ എം. സുകുമാരന്റെയോ പി.കെ. പാറക്കടവിന്റെയോ രാഘവൻ അത്തോളിയുടെയോ പുരസ്കാരപ്പട്ടികയുമായി താരതമ്യംചെയ്താൽ അന്തരം പിടികിട്ടും. ആർക്ക് കൊടുത്താലാണ് കൊടുക്കുന്നവർക്ക് ഗുണം, ഗ്ലാമർ എന്നതാണ് ഇവിടെ കാര്യം. എം.പി. വീരേന്ദ്രകുമാർ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് പുരസ്കാരങ്ങൾ നൽകാൻ എന്തൊരു കിടമത്സരമായിരുന്നു എന്നോർക്കുന്നു. പത്രത്തിൽ വലിയ വാർത്ത വരും എന്നുറപ്പുവരുത്തൽ ഒരു ലഹരിയാക്കി എടുത്തവർ അതിന് പിറകിൽ ഏറെയുണ്ട്. സിനിമ അവാർഡുകളും ഇങ്ങനെയാണ് മുഖ്യധാര കവരുന്നത്. ആർക്ക് കൊടുത്തിട്ടാണ് കാര്യം എന്നതാണ് അവിടെ കാര്യം. മമ്മൂട്ടിക്കോ മോഹൻലാലിനോ കൊടുത്താലാണ് കാര്യം, ഒടുവിൽ ഉണ്ണികൃഷ്ണനോ ശങ്കരാടിക്കോ കൊടുത്താലല്ല. സാറ്റലൈറ്റ് മാർക്കറ്റ് ആർക്കാണോ അവർക്കാണ് എവിടെയും മാർക്കറ്റ്. ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. പുരസ്കാരപ്പട്ടികയുടെ സൗഭാഗ്യം ചിലരിലേക്ക് മാത്രമായി ചുരുക്കിക്കെട്ടുന്നത് ഒരു സോഷ്യൽ ഫെറ്റിഷിസംകൊണ്ടാണെന്നത് വ്യക്തമാണ്.
ചിലർ കൂടുതൽ തുല്യരാണ് എന്ന ഓർവെല്ലിന്റെ പ്രസ്താവന രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഒരു നഗ്നസത്യം മാത്രമാണ്. അവരെ സൃഷ്ടിക്കാൻ നടക്കുന്ന ഒരു ‘എലിമിനേഷൻ റൗണ്ട്’ ഉണ്ട്. ആ തിരഞ്ഞെടുപ്പിലാണ് രാഘവൻ അത്തോളിയുടെ സാഹിത്യവും ജീവിതവും പുറത്തുനിർത്തപ്പെടുന്നത്. പുരസ്കാര പട്ടികയിൽ കയറിക്കൂടാൻ സോംബികളെപ്പോലെ ഏണിപ്പടികളിൽ ഉന്തും തള്ളും കഴുത്തറപ്പൻ മത്സരങ്ങളും നാം കാണാറുണ്ട്. കയറിപ്പറ്റൽ ഒരന്ധ സാധ്യതയാണ്.
കഠിനമായ രോഗപീഡകളാൽ വലഞ്ഞ് ചികിത്സകളിലാണ് രാഘവൻ അത്തോളി ഇപ്പോൾ. എഴുത്തിന്റെ സൗഭാഗ്യങ്ങൾ ഏതാനും തിരഞ്ഞെടുത്ത എഴുത്തുകാർക്കുമാത്രം ലഭിക്കുന്ന പ്രസാധക-പ്രസിദ്ധീകരണ-അച്ചടി-സാഹിത്യ വ്യവസ്ഥയുടെ മാരകമോ ഭീകരമോ ആയ ആധിപത്യം കാരണമാണ് ഇത്രയധികം പുസ്തകങ്ങൾ എഴുതിയിട്ടും അദ്ദേഹം അതിദരിദ്രനായി തുടർന്നുപോരുന്നത്. പുസ്തകംകൊണ്ടും ശിൽപംകൊണ്ടും ഒരായുസ്സ് ചെലവിട്ടാൽ ജീവിക്കാനാകില്ല എന്നതിന്റെ ഉത്തമ ഉദാഹരണവും സാക്ഷ്യവുമാണ് രാഘവൻ അത്തോളി.
എഴുത്തച്ഛനല്ല എന്റെ അച്ഛൻ എന്നു തിരുത്തിയ വിപ്ലവം
മലയാള സാഹിത്യ ചിന്തയിൽ മാത്രമല്ല, കേരളത്തിന്റെ നവോത്ഥാന ചിന്തയിലും എറ്റവും വലിയ ഒരു തിരുത്തലിന് വഴിയൊരുക്കിയ വിപ്ലവമായിരുന്നു ‘‘എഴുത്തച്ഛനല്ല എന്റെ അച്ഛൻ’’ എന്ന രാഘവൻ അത്തോളി തുഞ്ചൻപറമ്പിൽ ചെന്ന് നടത്തിയ ചരിത്രപരമായ പ്രസംഗം. അത് ചരിത്രപ്രസിദ്ധമായ ഒരു ചർച്ചയാകാതെ പോയത് അതൊരു ദലിതൻ പറഞ്ഞു എന്നതിനാലും നമ്മുടെ സാഹിത്യ സാംസ്കാരിക മണ്ഡലത്തിന്റെ ഗ്രാംഷി ചൂണ്ടിക്കാട്ടിയ ‘ഹെജിമണി’യുടെ കടിഞ്ഞാൺ ഇപ്പോഴും ജാതിയാൽ നിർണയിക്കപ്പെടുന്നു എന്നതിനാലുമാണ്.
തുഞ്ചൻപറമ്പിൽ കവിത വായിക്കാൻ ക്ഷണിച്ച രാഘവൻ അത്തോളി പറഞ്ഞു:
‘‘ഞാൻ കവിത വായിക്കാൻ വന്നതല്ല. ഒരു കാര്യം പറയാൻ വന്നതാണ്. ഇവിടെ സംസാരിച്ചവരെല്ലാം പറഞ്ഞല്ലോ, മലയാള ഭാഷയുടെ അച്ഛനാണ് തുഞ്ചത്ത് എഴുത്തച്ഛനെന്ന്. എന്നാൽ, ഞാൻ പറയുന്നു, എന്റെ ഭാഷയുടെ അച്ഛനല്ല എഴുത്തച്ഛൻ. അങ്ങനെ കാണാൻ എനിക്കു കഴിയില്ല. എഴുത്തച്ഛനുമായി ഞാനും എന്റെ വംശവും 18 കാതം അകലെ നിൽക്കണം. പിന്നെ എങ്ങനെയാണ് ഞങ്ങളുടെ ഭാഷ നിങ്ങളുടെ എഴുത്തച്ഛന്റെ ഭാഷയിൽ വരുന്നത്? അത് തിരുത്താൻവേണ്ടിയാണ് ഞാൻ ഇവിടെ വന്നത്. കൊടും തമിഴ് സംസാരിച്ചിരുന്നവരാണ് എന്റെ അമ്മയും അവരുടെ വംശവും. പിന്നെ ഇയാളെങ്ങനെയാണ് എന്റെ ഭാഷയുടെ അച്ഛൻ എന്ന് പറഞ്ഞ് എനിക്ക് അഹങ്കരിക്കാൻ പറ്റുന്നത്. ഇതു പറയാനാണ് ഞാൻ വന്നത്.’’
–(‘എഴുത്തച്ഛനല്ല എന്റെ ഭാഷയുടെ അച്ഛൻ’ -രാഘവൻ അത്തോളി അഭിമുഖം - രേഖചന്ദ്ര, സമകാലിക മലയാളം വാരിക, 2024 നവംബർ 11.)
നമ്മുടെ സാഹിത്യ സാംസ്കാരിക ലോകം ഈ പ്രസ്താവനയുടെ രാഷ്ട്രീയമാനം കണ്ടില്ല എന്ന് നടിച്ചു. ഒരു സാഹിത്യ പണ്ഡിതനും ഇത് ചർച്ചചെയ്തതായി കേട്ടിട്ടില്ല. വാസ്തവത്തിൽ കവി സച്ചിദാനന്ദന്റെ ‘എഴുത്തച്ഛനെഴുതുമ്പോൾ’ എന്ന വിഖ്യാത കവിത റദ്ദാക്കപ്പെടുകയാണ് ചെയ്തത് രാഘവന്റെ പ്രസ്താവനയിലൂടെ എന്നു പറയാം.
കടുത്ത അയിത്തം അനുഭവിച്ചു വളർന്ന പട്ടിണിക്കാലമാണ് രാഘവന്റെ കുട്ടിക്കാലം, പഠിക്കുന്ന കാലത്തേ കല്ലുവെട്ടാനും പാറപൊട്ടിക്കാനും പണിയെടുത്ത ബാല്യമാണ് വെട്ടുകല്ലിലും പാഴ്മരത്തിലും ശിൽപം കണ്ടെത്താൻ പ്രേരണയായത്. എൺപതുകളുടെ തുടക്കത്തിൽ ജനകീയ സാംസ്കാരിക വേദിയുടെ മുൻകൈയിൽ നടന്ന മെഡിക്കൽ കോളജ് ജനകീയ വിചാരണയിൽ രാഘവൻ അത്തോളിയും പങ്കാളിയാണ്. അമ്മയുടെ പേരാണ് ഡി.സി ബുക്സ് പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരത്തിന് നൽകിയത്: ‘കണ്ടത്തി’.
അമ്മ കണ്ടത്തിയെ ഭാഷയിൽ രേഖപ്പെടുത്തുന്നതിലൂടെ സ്വന്തം ഭൂമിയിൽനിന്നും പറിച്ചെടുത്ത് കോളനികളിലും ലക്ഷംവീടുകളിലും നട്ട സ്വന്തം നാട്ടിലെ കോളനി അധികാരികളോട് രാഘവൻ അത്തോളി കണക്ക് പറയുന്നുണ്ട്.

‘‘വിശന്ന നീർ കോരി/ കുടിക്കുവാൻ തീണ്ടു/ പൊലിച്ചരാക്ഷസ/ക്കളിയിലോ തൊണ്ട/ വരണ്ടുപൊട്ടിയോൾ./ ഇവളെൻപെറ്റമ്മ/ഇവൾക്കുവേണ്ടതി/ ന്നണഞ്ഞവെട്ടവും/ തിളയ്ക്കുമെണ്ണയും/ ഇവൾക്കുവേണ്ടതി/ ന്നെരിച്ചടക്കുവാൻ/ ദുഷ്ടക്കയത്തിൽ മുക്കുവാൻ/തുണിയല്ല/ ഇവൾക്കുവേണ്ടതി/ ന്നൊരുപിടിപാപ/ ക്കറപുരളാത്ത വെറുംമണ്ണ്/ ചോരക്കറ പുരളാത്ത/ വരിനെല്ല്/ ഇവളെന്റെ പെറ്റമ്മ.’’
അത് നൽകാൻ സ്വതന്ത്ര കേരളത്തിന് ഇനിയും സാധിച്ചിട്ടില്ല. നാം അവരെ തോൽപിച്ചുകളഞ്ഞു. സ്വന്തം ഭൂമിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെ കോളനികളിലും ലക്ഷംവീടിലും ഒതുക്കി അവരെ വികസനത്തിന്റെ പെരുവഴിയിൽനിന്നും ഭ്രഷ്ടരാക്കി നിർത്തി. സ്വന്തം വംശത്തെ ‘കണ്ടത്തി’യിൽ രാഘവൻ അടയാളപ്പെടുത്തുമ്പോൾ പൊള്ളേണ്ടത് നമുക്കാണ്, നവോത്ഥാന കേരളത്തിന്റെ പങ്കുപറ്റികൾക്ക്. എന്നാൽ, ആ പൊള്ളലൊഴിവാക്കാൻ നാമത് വായിക്കാതെ വിട്ടു.
‘‘നിമിഷാർധം/ മുലചുരത്തി/ കണ്ണീരു കലർത്തി/ വേർപ്പായിട്ടൊലിച്ചുതീർന്നവർ./ നിഷേധസൂക്തങ്ങൾ/ നിരന്തരംകോറി/ വരച്ച/കാവ്യങ്ങൾ/ അലങ്കരിച്ചവർ./ ചകിരിനാരായി/ പിരിഞ്ഞ ജീവിതം/ചതഞ്ഞ തൊണ്ടായി/ തെറിച്ച ജീർണങ്ങൾ.’’ ആ ചതയ്ക്കൽ നമ്മുടെ നവോത്ഥാനത്തിന്റെ ബാക്കിപത്രമാണ്. രാഘവൻ അത്തോളിയുടെ രോഗവും ദാരിദ്ര്യവും ആ നിലക്ക് നമ്മുടെ സൃഷ്ടിയാണ്.
ചില തിരഞ്ഞെടുത്ത എഴുത്തുകാരുടെ ഓർമകൾക്കുവേണ്ടി മാത്രം നമ്മുടെ വലിയ പ്രസാധകരും അച്ചടിശാലകളും പത്രങ്ങളും സർക്കാറുമൊക്കെ നിരന്തരം ആവർത്തിച്ച് ധൂർത്തടിക്കുന്ന പണത്തിന്റെ ഒരു ചെറുപങ്ക് മതി രാഘവൻ അത്തോളിക്ക് സാന്ത്വനത്തിന്. ഭൂമിയിൽ ബാക്കിയായ നല്ല മനുഷ്യരുടെ സാന്ത്വനം അർഹിക്കുന്നു ആ മനുഷ്യൻ. 91 97462 85311 എന്ന നമ്പറിൽ രാഘവൻ അത്തോളി അദൃശ്യനായി ജീവിക്കുന്നു [മരിച്ചു എന്നറിഞ്ഞിട്ടു വേണ്ട, സഹായിക്കാനും ആദരിക്കാനും ഓടിയെത്തുന്നത് എന്ന വിചാരത്താൽ പ്രേരിതമായാണ് ഈ എഴുത്തെഴുതുന്നത്].