ഗബേബാ ബാദറൂണിന്റെ കവിതകൾ

ദക്ഷിണാഫ്രിക്കന്‍ കവി ഗബേബാ ബാദറൂണിന്റെ ആറു കവിതകളുടെ മൊഴിമാറ്റമാണ് കവി സച്ചിദാനന്ദൻ തന്റെ പ്രതിമാസ പംക്തിയിൽ ഇത്തവണ നിർവഹിക്കുന്നത്. അനേകം പുരസ്കാരങ്ങള്‍ നേടിയ ഗബേബാ ബാദറൂണ്‍ ദക്ഷിണാഫ്രിക്കന്‍ കവിയാണ്. അവരുടെ അവസാനത്തെ സമാഹാരമായ ‘അടുപ്പത്തിന്റെ ചരിത്രം –The History of Intimacy’യില്‍നിന്നാണ് ഈ കവിതകള്‍. അടുപ്പങ്ങള്‍, സ്വകാര്യമായ മുറിവുകള്‍, പാതിരാവില്‍ നീന്താന്‍ പോയതിന്റെ ഓർമകള്‍, കുട്ടികള്‍ ജീവിതത്തിന്റെ നിയമങ്ങള്‍ എങ്ങനെ കണ്ടെത്തുന്നു എന്ന അന്വേഷണം, വിലക്കപ്പെട്ട ആവിഷ്കാരങ്ങളുടെ വിപത്ത്, ഏകാകിതയെ മറികടക്കാനുള്ള വഴികള്‍, ഒരു കവിക്കും ജാസ് പാട്ടുകാരനുമുള്ള വിലാപങ്ങള്‍... വികാരവും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ദക്ഷിണാഫ്രിക്കന്‍ കവി ഗബേബാ ബാദറൂണിന്റെ ആറു കവിതകളുടെ മൊഴിമാറ്റമാണ് കവി സച്ചിദാനന്ദൻ തന്റെ പ്രതിമാസ പംക്തിയിൽ ഇത്തവണ നിർവഹിക്കുന്നത്.
അനേകം പുരസ്കാരങ്ങള്‍ നേടിയ ഗബേബാ ബാദറൂണ്‍ ദക്ഷിണാഫ്രിക്കന്‍ കവിയാണ്. അവരുടെ അവസാനത്തെ സമാഹാരമായ ‘അടുപ്പത്തിന്റെ ചരിത്രം –The History of Intimacy’യില്‍നിന്നാണ് ഈ കവിതകള്‍. അടുപ്പങ്ങള്‍, സ്വകാര്യമായ മുറിവുകള്‍, പാതിരാവില്‍ നീന്താന്‍ പോയതിന്റെ ഓർമകള്‍, കുട്ടികള്‍ ജീവിതത്തിന്റെ നിയമങ്ങള്‍ എങ്ങനെ കണ്ടെത്തുന്നു എന്ന അന്വേഷണം, വിലക്കപ്പെട്ട ആവിഷ്കാരങ്ങളുടെ വിപത്ത്, ഏകാകിതയെ മറികടക്കാനുള്ള വഴികള്‍, ഒരു കവിക്കും ജാസ് പാട്ടുകാരനുമുള്ള വിലാപങ്ങള്‍... വികാരവും ചിന്തയും സമന്വയിക്കുന്ന കലാവസ്തുക്കളാണ് ഗബേബായുടെ കവിതകള്‍ എന്ന് ക്വാമേ ദാവേസ്.
1. തുടക്കക്കാര്‍ക്കുള്ള കവിത
വൈകുന്നേരം തുടക്കക്കാര്‍ക്കുള്ള
കവിത ക്ലാസ്
കനത്ത തവിട്ടുനിറമുള്ള കോട്ട് ഊരാതെ
ഒരു പെണ്‍കുട്ടി ആഴത്തില്‍ ശ്വാസമെടുത്ത്
ഭയത്തോടെ തിരക്കിട്ട് പറയുന്നു:
എന്റെ ആണ്‍സുഹൃത്ത് ജയിലിലാണ്
ഞാന്‍ ഇവിടെ വന്നത്
അഴികള്‍ക്കിടയിലൂടെ എങ്ങനെ അവനു
എഴുതാം എന്ന് കണ്ടുപിടിക്കാനാണ്.
ആരോ ചിരിക്കുന്നു.
പെണ്‍കുട്ടി കോട്ടിലേക്ക് ഒതുങ്ങുന്നു
അതിനുള്ളില്‍നിന്ന് ഞങ്ങള്‍ക്കും
അപ്പുറത്തേക്ക് നോക്കുന്നു
പിന്നത്തെ ആഴ്ച
അവള്‍ മടങ്ങിവരുന്നില്ല
ഞാന്‍ വര്‍ഷങ്ങളായി അവളെക്കുറിച്ച്
ആലോചിക്കുന്നു, കവിത എന്താണെന്നും.
എനിക്ക് തോന്നുന്നു ഇതാണ് എന്റെ തുടക്കം എന്ന്,
കവിത അപകടവും ഒറ്റിക്കൊടുപ്പും
ആകുന്നിടത്തു നിന്ന്,
എങ്ങനെ ഏകാകി അല്ലാതിരിക്കാം എന്ന
ആദ്യത്തെ ചോദ്യത്തില്‍നിന്ന്.
2. അരികില്‍
ഞാന്‍ വീതി കുറഞ്ഞ കട്ടിലുള്ള
ചെറിയൊരു മുറിയിലാണ് താമസിച്ചു പോന്നത്,
കാല്‍ക്കല്‍ ഒരു ടെലിവിഷനുമായി.
വാതിലിനു പിറകില്‍
ഒരു കണ്ണാടി തൂങ്ങിക്കിടന്നു.
അതിന്റെ ചെറുപ്പത്തിന് ഒത്താണ്
ഞാന്‍ കഴിഞ്ഞുപോന്നത്.
ഞാന്‍ ഇവിടെ നിന്റെ അടുത്ത് കിടക്കുന്നു,
ചുവരുകളില്‍നിന്നുള്ള
അകലം അനുഭവിക്കുന്നു.
നിന്നെ ഒന്നുകൂടി ചേര്‍ത്ത് പിടിച്ചാല്‍
നാം വീതി കുറഞ്ഞ ഒരു കട്ടിലില്‍ കൊള്ളും.
3. ഉത്തരങ്ങള്‍
1991. രണ്ടു ബിരുദങ്ങളുള്ള, ജോലിയില്ലാത്ത,
എന്നെ ഇന്റര്‍വ്യൂവിനു വിളിക്കുന്നു,
ക്ലാരെമോന്‍ടില്‍, വക്കീല്‍മാരുടെ ഒരു
ചെറിയ കമ്പനിയില്‍ സെക്രട്ടറിയുദ്യോഗത്തിന്.
രണ്ടാളുകള്‍ ചോദ്യം ചോദിക്കുന്നു.
ഒരാള്‍ക്ക് കുറച്ചു വയസ്സായിട്ടുണ്ട്, ജാക്കറ്റ് ഇട്ടിട്ടില്ല,
കൈ ചുരുട്ടിവെച്ചിരിക്കുന്നു, മുഖത്ത്
പരിഭ്രമത്തിന്റെ ഒരു ചുവപ്പുണ്ട്.
മറ്റെയാള്‍ കുറേക്കൂടി ചെറുപ്പം, ശാന്തപ്രകൃതി,
കോട്ടുണ്ട്. എന്റെ സി.വി നോക്കി
വയസ്സായ ആള്‍ അല്‍പം തല ചെരിച്ച്
ചോദിക്കുന്നു, “ആ കുന്നിന്‍ മുകളിലുള്ള
തുടുത്തുവെളുത്ത, ഉദാരമായ, സ്ഥലത്തുനിന്ന്
യഥാർഥ ലോകത്തില്‍ ഉപകാരപ്രദമായ
എന്താണ് നിങ്ങള്‍ പഠിച്ചത്?”
“സോഷ്യലിസത്തെക്കുറിച്ച് സംസാരിച്ചതിന്ന്,
മണ്ടേലയെ മോചിപ്പിച്ചതിന്ന്,
ആ കാലത്തെ വഴുവഴുപ്പന്‍ ഭരണകൂടത്തെ
ഞാന്‍ കുറ്റപ്പെടുത്തുന്നു.” അയാള്‍ നെടുവീര്‍പ്പിട്ടു
തിരിച്ചു ചോദിക്കുന്നു:
“നിങ്ങള്‍ ഒരു പ്രഭാഷണത്തിലും
കേള്‍ക്കാത്ത എന്തെങ്കിലും പറയൂ,
എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്ന്,
വെറുതെ രാഷ്ട്രീയമായി ശരി മാത്രമല്ലാത്ത ഒന്ന്.”
“ഉദാഹരണത്തിന്’’, കൂട്ടത്തില്‍ ചെറുപ്പമായ ആള്‍
യാഥാർഥ്യത്തിന്റെ ഒരു ശകലം തേടി
അവനവനിലേക്കു തന്നെ തിരിയുന്നു,
“ട്രാഫിക് സിഗ്നല്‍ ചുകപ്പായിരിക്കെ
കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള
ഭാഗത്തുകൂടി, കറുത്ത സ്ത്രീകള്‍
അവര്‍ക്ക് ലോകാവസാനംവരെ
സമയമുണ്ടെന്നപോലെ നടന്നുപോകുന്നത്.”
എനിക്ക് ജോലി കിട്ടിയില്ല. ചിലപ്പോള്‍ ഞാന്‍
ആലോചിക്കുന്നു, ആ മനുഷ്യന്‍,
ലൈറ്റിന് കീഴെ നിന്ന്,
കാലിന്നടിയില്‍ ലോഹത്തിന്റെ ചെണ്ടകൊട്ടു കേട്ട്,
ഒരു സ്ത്രീ സ്വന്തം ഉത്തരവാദിത്തത്തില്‍
റോഡ് മുറിച്ചു കടക്കുമ്പോള്‍
കാണുന്നതെന്താവും എന്ന്.

4. നീ എങ്ങോട്ടോ നടക്കുന്നത്
ഞാന്‍ കണ്ടു
അതിര്‍ത്തി എന്നാല്‍ കീഴടങ്ങാനോ
കീഴടങ്ങാന്‍ വിസമ്മതിക്കാനോ ഉള്ള
സ്ഥലമാണെന്ന് നീ ഞങ്ങളെ പഠിപ്പിച്ചു, കാരണം,
വിസമ്മതത്തിനപ്പുറം ഒരു പുതിയ രാജ്യം ഉണ്ടാകാം,
ആ അതിര്‍ത്തിരേഖ ഭൂമിയിലൂടെ,
അഥവാ മനസ്സിലൂടെ,
അഥവാ തൊലിയിലൂടെ,
ആണ് പോകുന്നതെന്നും വരാം.
ഇതിലെല്ലാം നീ വേലികള്‍ കയറി,
പിടിക്കപ്പെടാതിരുന്നു, ‘പാടില്ല’ എന്ന് പറയുന്ന
പോറലുകളും മുറിപ്പാടുകളും ബാക്കിയായി.
പിന്നെ അത് സ്പര്‍ശിച്ചപ്പോള്‍ നിനക്കു മനസ്സിലായി,
ഇതാണ് അതിര്‍ത്തി.
നീ അത്തരം അതിര്‍ത്തിലംഘനങ്ങള്‍കൊണ്ട്
ഒരു ജീവിതമുണ്ടാക്കി, കവിതകൊണ്ടും–
രണ്ടിനെയും അസ്വസ്ഥമാക്കിയവ കൊണ്ടും
വടുക്കളുടെയും മണ്ണിന്റെയും കവിത
നിന്റെ എഴുത്തില്‍, നീ ജനങ്ങളെ നോക്കിയ രീതിയില്‍,
അവരുടെ അസ്ഥികള്‍ വരെ എത്തുന്ന നോട്ടത്തില്‍
നീ ഒരു ഭാവിയെ വിളിച്ചു വരുത്തി,
അത് നിലവില്‍ വരും മുമ്പേ,
ഒപ്പം മൂന്നു ഭൂഖണ്ഡങ്ങളില്‍ പുതിയ സംഗീതവും,
ഓരോ വരിയിലും അതിന്റെ രാജ്യത്തെ
ചോദ്യംചെയ്തും അത് നിർമിച്ചും.
നീ സ്വതന്ത്രമായി മറ്റുള്ളവരില്‍നിന്ന്
കവിതയും സംഗീതവും വലിച്ചെടുത്തു,
നിന്നെ കേള്‍ക്കുമ്പോള്‍ ഇവിടെ താമസിച്ചവരും
ഇവിടേക്ക് മടങ്ങിവന്നവരും ഞങ്ങളുടെ
വ്യത്യസ്തമായ നഷ്ടങ്ങള്‍ ഓര്‍ത്ത് രണ്ടായി പിരിഞ്ഞില്ല,
പകരം ഒരു നാടുണ്ടാക്കുന്നതിന്റെ കാഠിന്യത്തെ
അഭിമുഖീകരിച്ചു, അതാണ് നീ ആവശ്യപ്പെട്ടത്
എന്നതുകൊണ്ട്.
ഒരു നീണ്ട വര്‍ഷത്തിന്റെ അവസാന ദിവസങ്ങളില്‍
നീ വിട്ടകന്നു പോവുന്നത് കണ്ടു,
പതുക്കെ, ദൂരേക്ക്, വലതുകൈ അല്‍പ്പം പൊക്കി,
കണ്ണുകള്‍ തൊട്ടു മുന്നിലുള്ള ഒരു സ്ഥലത്ത് നട്ട്,
അപരിചിതമായ ഒരു വിരുന്നിലേക്കെന്നപോലെ,
നിനക്കു മുമ്പേ അറിയാവുന്ന
ഒരിടത്തേക്കെന്നപോലെ.
5. കല്‍ത്തൊലി
കൊട്ടാരത്തില്‍ പ്രതിമകള്‍
പൂർണതകൊണ്ട് മരവിക്കുന്നു
കന്മതിലുകള്‍ക്കുമപ്പുറം സെനഗളിലെ
കുടിയേറ്റക്കാര്‍ പനിനീരും സൗഭാഗ്യവും
നിറഞ്ഞ കൈകള്‍ നീട്ടുന്നു.
കുട്ടി അവന്റെ കൊച്ചുകാല്‍ കനം കുറഞ്ഞ,
ഒരിക്കലും നശിക്കാത്ത വെണ്ണക്കല്ലില്‍ വെക്കുന്നു
കന്യാമാതാവ് തന്റെ മടിയില്‍ അവന്റെ ശിരസ്സ്
ഉയര്‍ത്തിവെക്കുന്നു. പുറത്ത്
കൈകളുടെ ആംഗ്യങ്ങള്‍
സുന്ദരമല്ല, നിശ്ശബ്ദവുമല്ല.
രാത്രി കല്‍ച്ചുവര്‍ അവിടെത്തന്നെ നില്‍ക്കുന്നു.
പുറത്തു മൗനം, വളരുന്ന മൗനം.
6. മഴ അമൂര്‍ത്തമായ ലോകത്തില്‍ വീഴുന്നു
മഴ വീഴുന്നു,
കല്ലുകളില്‍, രാത്രിയുടെ മേല്‍.
മഴ വീഴുന്നു, തെരുവു വെളിച്ചത്തിനു കുറുകെ,
അതിന്റെ നീണ്ട നിഴലിന്മേല്‍.
മഴ ഓവുചാലുകളില്‍ വീഴുന്നു,
ഓടയിലേക്ക് ഒഴുകുന്നു
മഴയുടെ കോണുകള്‍ ചായുന്നു,
മേല്‍ക്കൂരകളെക്കാള്‍ കുത്തനെ.
മഴ ജനവാതിലുകളില്‍ വീഴുന്നു,
ജനലുകളുടെ ഇരുട്ടിലും
മഴ കതകുകളില്‍ വീഴുന്നു,
ഒഴിഞ്ഞ വരാന്തകളിലും
മഴ ലോകത്തിന്റെ
ഏകാന്തതയില്‍ വീഴുന്നു
മഴ ഒന്നും അതുതന്നെ
ആയിരിക്കാതാകുവോളം വീഴുന്നു.