നാലുവരി

വഴിയിലെ വെറും മരം! പഴിയായ് പടുവാക്കുകൾ പിന്നെയും നിരനിരന്നുപോം നാൽവരിപ്പാതയിൽ തണലിടങ്ങളെത്തേടുവാനാരിനി... ഉരുകിനിൽക്കുന്ന പകലിന്റെയുച്ചിയിൽ ഒരു തളിർക്കുടപ്പന്തലിൻ തോരണം കുയിൽ, കൂമൻ, കുറുകുന്ന കുട്രുവൻ കളിപറഞ്ഞുപോം കാക്കക്കിടാത്തികൾ വലിയകാലികൾ, വെള്ളാരംകൊറ്റികൾ ചെറിയ പന്നലിൻ ചെപ്പടിച്ചന്തവും കുറിയൊരിത്തിളും കൂവാലിപ്പന്നലും പഴയകൂട്ടുകാർ, പുതുവഴിത്താരയിൽ പതിയെ വഴിപിരിഞ്ഞെങ്ങോ മറഞ്ഞവർ പറയുവാനുണ്ട്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
വഴിയിലെ വെറും മരം!
പഴിയായ് പടുവാക്കുകൾ പിന്നെയും
നിരനിരന്നുപോം നാൽവരിപ്പാതയിൽ
തണലിടങ്ങളെത്തേടുവാനാരിനി...
ഉരുകിനിൽക്കുന്ന പകലിന്റെയുച്ചിയിൽ
ഒരു തളിർക്കുടപ്പന്തലിൻ തോരണം
കുയിൽ, കൂമൻ, കുറുകുന്ന കുട്രുവൻ
കളിപറഞ്ഞുപോം കാക്കക്കിടാത്തികൾ
വലിയകാലികൾ, വെള്ളാരംകൊറ്റികൾ ചെറിയ
പന്നലിൻ ചെപ്പടിച്ചന്തവും
കുറിയൊരിത്തിളും കൂവാലിപ്പന്നലും
പഴയകൂട്ടുകാർ,
പുതുവഴിത്താരയിൽ പതിയെ
വഴിപിരിഞ്ഞെങ്ങോ മറഞ്ഞവർ
പറയുവാനുണ്ട് പണ്ടുപ്പുകാച്ചിയ
പലമതൻ പഴയ സ്വാതന്ത്ര്യഗീതികൾ
തിറയെടുത്താടിവന്നുപോം മാരിവിൽ-
പ്പെരുമുടിത്തെയ്യമാടുന്ന തോറ്റവും
മരുനടപ്പാതതാണ്ടിയിങ്ങോരത്ത്
പുതുയുഗപ്പുകഴ്പാടിച്ച മന്നരും
കരുണതൻ ഇറ്റുനീരിനാൽ
നാടിന്റെ കൊടിയ ദാഹങ്ങളാറ്റിയ തന്വിയും
പറയുവാനുണ്ട് നേരിന്റെ പടവാളു
പലതുരാകിപ്പതിഞ്ഞ പാണർതുടി
കവിതകാൽച്ചിലമ്പണിയുന്ന താളവും
കിളിപറഞ്ഞുപോം കഥകളുടെ സാരവും...
നെടിയനാൽവരിപ്പാതയിൽ തലമുറ
തലയെടുപ്പോടെ താണ്ടുന്ന ദൂരമീ-
ക്കിളവനാംമരം ഇവിടെക്കുടഞ്ഞുപോം
ഒരു തരി ശ്വാസവേഗത്തിലിടയവേ
ഹാ! കൃതാർഥമീ ജീവിതപ്പച്ചയിൽ,
പാതിയറ്റുപോം പാഴ്മരച്ചന്തവും..!