വല്ല്യമ്മ


വല്യമ്മയ്ക്ക് കുഞ്ഞുങ്ങൾടെ മണമാണ്. അറുപത്തിനാലാം വയസ്സിൽ മരിക്കുവോളവും പൊക്കിൾക്കൊടി വീഴാത്ത കുഞ്ഞ് തന്നെയായിരുന്നു വല്യമ്മ. ഇരുപത്തെട്ടെത്താത്ത കുട്ടികളെ എടുത്തോമനിക്കാനും കളിപ്പിക്കാനും കുളിപ്പിക്കാനുമുള്ള കൈത്തഴക്കം ഞങ്ങടെ വീട്ടിൽ വല്യമ്മക്കേ കിട്ടിയിട്ടുള്ളൂ. വീട്ടിലെത്തുന്ന പലഹാരങ്ങൾ പലതായി വീതംവെച്ച് എല്ലാർക്കുമെത്തിക്കുന്ന...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
വല്യമ്മയ്ക്ക്
കുഞ്ഞുങ്ങൾടെ മണമാണ്.
അറുപത്തിനാലാം വയസ്സിൽ
മരിക്കുവോളവും
പൊക്കിൾക്കൊടി വീഴാത്ത
കുഞ്ഞ് തന്നെയായിരുന്നു വല്യമ്മ.
ഇരുപത്തെട്ടെത്താത്ത
കുട്ടികളെ എടുത്തോമനിക്കാനും കളിപ്പിക്കാനും കുളിപ്പിക്കാനുമുള്ള കൈത്തഴക്കം ഞങ്ങടെ വീട്ടിൽ
വല്യമ്മക്കേ കിട്ടിയിട്ടുള്ളൂ.
വീട്ടിലെത്തുന്ന പലഹാരങ്ങൾ
പലതായി വീതംവെച്ച്
എല്ലാർക്കുമെത്തിക്കുന്ന വിരുതും
വല്യമ്മക്കേ വശമുള്ളൂ.
വാ പൊളിച്ച് കരയുന്ന കുഞ്ഞിനോട്
വല്യമ്മ വർത്താനം പറയുമ്പോ
കരച്ചിൽ നിർത്തി
കുഞ്ഞ് വല്യ വായിൽ മറുപടി പറയും.
വല്യമ്മയുടെ ഭാഷ വളർന്നത്ര
ഒരു കവിതയിലും ഞാൻ വളർന്നില്ല.
വല്യമ്മ വെളുപ്പിച്ചെടുത്തത്ര ഇരുട്ട്
ഞങ്ങളുടെ ഓർമകളെ തൊട്ടിട്ടുമില്ല.
ശ്വാസത്തിന്റെ
ഓരോ അനക്കത്തിലും
അവർ കുഞ്ഞുങ്ങളെ താരാട്ടി.
''തപ്പോ തപ്പോ തപ്പാണി
തപ്പുക്കുടുക്കേലെന്തുണ്ട്
മുത്തശ്ശി തന്നൊരു മുത്തുണ്ട്
മുത്തിനു മുങ്ങാന് തേനുണ്ട്...''
വല്യമ്മ മരിച്ചപ്പോ കുട്ടികളോ മുതിർന്നവരോ കരഞ്ഞില്ല.
''കാക്കേം മക്കളും എങ്ങട്ട് പോയി
എണ്ണേം മഞ്ഞളും തേച്ച്
കുളിക്കാമ്പോയി...''
മരണവീട്ടിൽ കുഞ്ഞുങ്ങളങ്ങനെ
പാടുമ്പോലെ
ഒറ്റക്കവിതയിലും ഞാൻ പാടിയിട്ടില്ല.
വല്യമ്മയോളം
കുഞ്ഞാവാൻ പോന്നത്രയൊന്നും
എന്റെ കവിത മുതിർന്നിട്ടില്ല.