കോമ്പല

പിടയ്ക്കുന്നൊരു പരൽമീനിനെപോക്കറ്റിൽ പിടിച്ചിട്ട് ഞാനും നീയും തോർത്താതെ കുളിച്ചു കയറി. അത് മരണവേദനയിൽ പിടയുമ്പോഴൊക്കെ നിനക്ക് ഇക്കിളിയായി. വഴിനീളെ ഊർന്നുവീണുകൊണ്ടേയിരുന്നു പുഴ. നിന്റെ തൊടിയിൽ പാണൽപഴം വിളഞ്ഞ വാസന കാട്ടുപൊന്ത വകഞ്ഞു മാറ്റി ഞാനതു തേടി കാടുകേറി. പുഴയിൽ ഞാൻ. എന്റെ അരയിലൊരു പരൽമീൻ. നീയെന്റെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പിടയ്ക്കുന്നൊരു പരൽമീനിനെ
പോക്കറ്റിൽ പിടിച്ചിട്ട്
ഞാനും നീയും
തോർത്താതെ
കുളിച്ചു കയറി.
അത് മരണവേദനയിൽ
പിടയുമ്പോഴൊക്കെ
നിനക്ക് ഇക്കിളിയായി.
വഴിനീളെ
ഊർന്നുവീണുകൊണ്ടേയിരുന്നു
പുഴ.
നിന്റെ തൊടിയിൽ
പാണൽപഴം വിളഞ്ഞ വാസന
കാട്ടുപൊന്ത വകഞ്ഞു മാറ്റി
ഞാനതു തേടി
കാടുകേറി.
പുഴയിൽ ഞാൻ.
എന്റെ അരയിലൊരു പരൽമീൻ.
നീയെന്റെ കരക്കിരുന്ന്
കിതക്കുന്നു.
പോക്കറ്റിലിപ്പോഴും
പണ്ട് പിടിച്ചിട്ട പരൽമീനിന്റെ പിടച്ചിൽ.
പിടഞ്ഞു പിടഞ്ഞ്
നിശ്ചലമായി പകൽ;
പുഴമ്പുല്ലിൽ കോർത്ത
പരൽമീനിന്റെ കോമ്പല!
പഴയ കടവിൽ
വീണ്ടും കുളിച്ചു തീരാതെ
നീയിരിക്കുന്നു.
ചരിഞ്ഞു നീന്തുന്നു ഒരു പരൽമീൻ.
മിന്നലേറ്റപോലെ
അതിന്റെ അടിവയർകൊണ്ട് നീ നീലിച്ചു.
ഒരു ചിരിയുടെ ചൂണ്ട
നീയതിന്റെ പള്ളയിൽ കൊളുത്തി.
നിന്റെയുള്ളിൽ കാർ നിറഞ്ഞു.
മഴ പെയ്തു.
പുഴ കവിഞ്ഞു.
കൈവരിയിൽ ചാരിനിന്ന്
ഞാൻ
ഉള്ളിലേക്ക് നോക്കി.
ആയിരം മീനുകൾ ചത്തുപൊന്തിയ
നിന്റെയഗാധത!