''ഇന്നലെ തോന്നിയ ചിലത് ഇന്നും തോന്നുന്നു''; കെ.ജി.എസിന്റെ കവിത

ആധുനികതയും അസ്തിത്വവാദവും സ്വാതന്ത്ര്യവിശപ്പുകളെ എത്ര വീറോടെയാണ് ഊട്ടിയതെന്ന്, എത്ര മനോഹരമേ കലാപപ്രബുദ്ധതയെന്ന്, ഇന്നലെ തോന്നിയത് ഇന്നും തോന്നുന്നു. ഭാഷയില്ലായ്മയിൽ അന്ന് പിറന്ന പുതുഭാഷകൾ മൃഗക്കരച്ചിലെരിയുന്ന മനുഷ്യവിലാപം ഗേർണിക്കയിലെ യുദ്ധവിരുദ്ധ യുഗക്ഷോഭം കലയിലെ ഇസമോരോന്നും എത്ര സ്വതന്ത്രം, വിവിധം, വിസ്തൃതം, വിയോജിപ്പിലെ പുതുഗഹനതയെന്ന് ഇന്നലെ തോന്നിയത് ഇന്നും തോന്നുന്നു. എത്ര ഉർവരമായിരുന്നു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ആധുനികതയും അസ്തിത്വവാദവും
സ്വാതന്ത്ര്യവിശപ്പുകളെ എത്ര വീറോടെയാണ്
ഊട്ടിയതെന്ന്,
എത്ര മനോഹരമേ കലാപപ്രബുദ്ധതയെന്ന്,
ഇന്നലെ തോന്നിയത് ഇന്നും തോന്നുന്നു.
ഭാഷയില്ലായ്മയിൽ അന്ന് പിറന്ന പുതുഭാഷകൾ
മൃഗക്കരച്ചിലെരിയുന്ന മനുഷ്യവിലാപം
ഗേർണിക്കയിലെ യുദ്ധവിരുദ്ധ യുഗക്ഷോഭം
കലയിലെ ഇസമോരോന്നും
എത്ര സ്വതന്ത്രം, വിവിധം, വിസ്തൃതം,
വിയോജിപ്പിലെ പുതുഗഹനതയെന്ന്
ഇന്നലെ തോന്നിയത് ഇന്നും തോന്നുന്നു.
എത്ര ഉർവരമായിരുന്നു തരിശെന്ന്
ലോകസാന്ദ്രമായിരുന്നു അന്യതയെന്ന്
എത്ര സുഗ്രഹം ദുർഗ്രഹതയെന്ന്
വാതിലിലെ പാതിരാമുട്ടെന്ന്.
എത്ര യുക്തിഭദ്രം അസംബന്ധ വിചാരണയെന്ന്,
ഞെരിച്ച നേരെന്ന്; ജഡങ്ങൾ താഴും
തമോഗർത്തമെന്ന്,
എത്ര സാർഥകം നിരർഥകതയെന്ന്,
ഇന്നലെ തോന്നിയത് ഇന്നും തോന്നുന്നു.
ബദ്രീങ്ങളേ, പഴയ ഫാഷിസംപോലും
വിരിയിക്കുന്നു നൊസ്റ്റാൾജിയ;
അറവുമാടിനെ അറവുശാലപോലെ ചിലരെ
കാത്ത് നിൽക്കുന്നു ഭാവി;
ഇന്നലെ കാണാത്ത ബന്ധങ്ങൾ
ഇന്ന് കാണിക്കുന്നു.
പുതിയ അസംബന്ധം പഴയ അസംബന്ധത്തെ
അസംബന്ധമല്ലാതാക്കുന്നു.
പുതിയ ഭീകരത പഴയ ഭീകരതയെ
ഭീകരതയല്ലാതാക്കുന്നു.
നീചരെ മൃഗപ്പേര് വിളിക്കുന്നത്
മൃഗനിന്ദ; പരിസ്ഥിതിസ്നേഹികൾ കേൾക്കുന്നു
ഞെട്ടിക്കുന്ന ഉൾക്കേൾവികൾ.
ചില തെറ്റുകൾ മണ്ണ് മാറി
ശരിയുടെ വിത്തുകളാവുന്നു.
ആജ്ഞക്കറിയാം അതിരുകൾ മാറ്റിമാറ്റി
ലോകമെങ്ങനെ പരലോകമാക്കാമെന്ന്,
വകുപ്പുകൾ പൊളിച്ചും പണിതുമെങ്ങനെ
വീട് തടവാക്കാമെന്ന്,
ഏത് തൊഴുത്തിലും ആളെ
കെട്ടാതെ കെട്ടിയിടാമെന്ന്,
ഏത് കാടും തൊഴുത്താക്കാമെന്ന്.
ആജ്ഞക്കറിയില്ല അത് വേഗം ഒറ്റപ്പെടുമെന്ന്
കൊട്ടാരത്തിൽനിന്ന് ഗർജനം തുരത്തപ്പെടുമെന്ന്
കോവിലകം നിർജനമാവുമെന്ന്,
സ്വേച്ഛാധിപതിയുടെ ഭാവിഗുരു ഭയമാണെന്ന്.