അതിരുകൾ

അന്ന് രാവിലെ സൂര്യന് പതിവില്ലാത്തൊരു ഇളം തെളിച്ചമുണ്ടായിരുന്നു എന്നും കര കര ശബ്ദമുണ്ടാക്കിയിരുന്ന പുറത്തേക്കുള്ള വാതിൽ അന്ന് ഞരങ്ങിയില്ല ചില ഓർമകളെ അക്വേറിയത്തിലെ മീനുകൾക്കൊപ്പം നീന്താൻ വിട്ടു. നാലതിരുകളിൽ അവ നിശ്ചലമാവുന്നത് കണ്ടാണ് അഞ്ചാം അതിരു കടന്ന് ഞാൻ പുറത്തിറങ്ങിയത്. വഴിയരികിൽ നിന്ന് റോഡിലേക്ക് വിരിഞ്ഞു നിന്ന ഒരു പൂവ് തന്റെ നിറം മുഴുവൻ പുറം കാഴ്ചകളിലേക്ക് വീതം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അന്ന് രാവിലെ
സൂര്യന്
പതിവില്ലാത്തൊരു
ഇളം തെളിച്ചമുണ്ടായിരുന്നു
എന്നും
കര കര ശബ്ദമുണ്ടാക്കിയിരുന്ന
പുറത്തേക്കുള്ള വാതിൽ അന്ന്
ഞരങ്ങിയില്ല
ചില ഓർമകളെ
അക്വേറിയത്തിലെ മീനുകൾക്കൊപ്പം
നീന്താൻ വിട്ടു.
നാലതിരുകളിൽ അവ
നിശ്ചലമാവുന്നത്
കണ്ടാണ്
അഞ്ചാം അതിരു കടന്ന്
ഞാൻ പുറത്തിറങ്ങിയത്.
വഴിയരികിൽ നിന്ന്
റോഡിലേക്ക്
വിരിഞ്ഞു നിന്ന
ഒരു പൂവ് തന്റെ
നിറം മുഴുവൻ
പുറം കാഴ്ചകളിലേക്ക്
വീതം കൊടുക്കുന്നുണ്ടായിരുന്നു
അടർന്നു
പോവാതിരിക്കാൻ
അതിന്റെ
വേരുകൾ ശ്രമപ്പെട്ടിട്ടുണ്ടാവണം.
നടക്കുമ്പോൾ
കൈയിൽ കരുതിയ
താക്കോൽക്കൂട്ടത്തിന്റെ കലമ്പൽ
അവയെ
അന്നാദ്യമായി
വളയത്തിൽനിന്ന് വേർപെടുത്തി.
അവ ഒച്ചയില്ലായ്മയിലേക്ക്
ഒതുങ്ങി,
പുറത്തെ ഒച്ചകൾക്ക്
കാതോർത്തു കാണണം.
കുണ്ടും കുഴികളുമില്ലാത്ത
എത്രയെത്ര വഴികളാണ്
മുന്നിൽ...
ഒരു
വേലിക്കു മുകളിലതാ
രണ്ടിണപ്പാമ്പുകൾ
പിണയുന്നു
പിണഞ്ഞു
പിണഞ്ഞൂർന്നു പൊങ്ങുന്നു
ആഹാ...
ധ്യാനാത്മകമൊരു നിമിഷം
കവിത പോലെ.
പിന്നീട്
പതിയെ താഴ്ന്നു വേർപെട്ട്
പരസ്പരം പൊതിഞ്ഞു
പെട്ടെന്നൊരു മഴ
വേനലിൽ വെന്തൊരു പുഴയിൽ
തുള്ളിപ്പെരുക്കം
പൊയ്പ്പോയ മീനുകൾ
തിരികെ വരാനായ്
അടിത്തട്ട് മെല്ലെ
അഴുക്കുകളൊഴുക്കുകയാണ്
എങ്ങും മണ്ണ് നനഞ്ഞ മണം.
ആകെ കുളിര്...
എനിക്കൊപ്പം നിന്ന
ആ വലിയ പൂജ്യം
ആകാശമാവുന്നത് കണ്ടാണ് ഞാൻ
പത്താം
അതിരും കടന്നത്.