സ്വാതന്ത്ര്യം

ഇന്ന് രക്തസാക്ഷിയായ ഒരാളുടെ അടുത്താണ് ഇന്നലെ കവിത ചുവന്ന മഷിയുമായി ഇടപഴകിയത്. കവിത വിപ്ലവകാരിയുടെ അടുത്തെത്തുമ്പോൾ ഒന്നേ ഓർക്കുന്നുള്ളൂ- അധികാരത്തിന്റെ കഴുത്തറുക്കൽ അല്ലെങ്കിൽ വിപ്ലവത്തിന്റെ കഴുത്ത്- അധികാരം അറുത്തെടുക്കുന്നത്. രക്തസാക്ഷിയാകുന്നതാണ് കവിതയുടെ ഇഷ്ടം. ചോര അങ്ങനെ ഒഴുകുമ്പോഴാണ് അധികാരം വഴിയടഞ്ഞ് അൽപ്പനേരമെങ്കിലും പരിഭ്രാന്തിയുടെ പിരിമുറുക്കത്തിലാകുന്നത്. ചോര...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഇന്ന്
രക്തസാക്ഷിയായ
ഒരാളുടെ അടുത്താണ്
ഇന്നലെ
കവിത ചുവന്ന മഷിയുമായി
ഇടപഴകിയത്.
കവിത
വിപ്ലവകാരിയുടെ
അടുത്തെത്തുമ്പോൾ
ഒന്നേ ഓർക്കുന്നുള്ളൂ-
അധികാരത്തിന്റെ കഴുത്തറുക്കൽ
അല്ലെങ്കിൽ
വിപ്ലവത്തിന്റെ കഴുത്ത്-
അധികാരം അറുത്തെടുക്കുന്നത്.
രക്തസാക്ഷിയാകുന്നതാണ്
കവിതയുടെ ഇഷ്ടം.
ചോര
അങ്ങനെ ഒഴുകുമ്പോഴാണ്
അധികാരം വഴിയടഞ്ഞ്
അൽപ്പനേരമെങ്കിലും
പരിഭ്രാന്തിയുടെ
പിരിമുറുക്കത്തിലാകുന്നത്.
ചോര ചുവന്നുപോയതും
പുറത്തേക്ക് ഒഴുകി
ചുടുവിശ്വാസത്തോടെ
ഉറഞ്ഞുപോയതും
അത് ഒപ്പുവെയ്ക്കുന്ന
ലക്ഷ്യത്തിലേക്കുള്ള സൂചകങ്ങൾ.
അതിനു ചുവടെ
ഒഴിഞ്ഞുകിടക്കുന്ന
അത്രയും ഇടങ്ങളിലാണ്
അധികാരവും സ്വാതന്ത്ര്യവും
ഏറ്റുമുട്ടുന്നത്.
അധികാരം പങ്കിടുകയും
സ്വാതന്ത്ര്യം
ഹനിക്കപ്പെടുകയും ചെയ്യുന്നു.
ദുർവ്യാഖ്യാനങ്ങളാൽ
മലിനപ്പെട്ട്
ജീർണിച്ചു നാറി
ചരിത്രത്തിന്റെ
അയൽവക്കത്ത്
സ്വാതന്ത്ര്യം
ഒരു പുറംപോക്കാവുന്നു.
സ്വാതന്ത്ര്യം
ജനാധിപത്യമായിത്തീരുമ്പോൾ
വീണ്ടും വീണ്ടും
തിരഞ്ഞെടുത്ത്
ജനത തോൽക്കുകയും
തുറുങ്കിലടയ്ക്കപ്പെടുകയും
ചെയ്യുന്നു.
തോറ്റവരുടെ സമൂഹത്തിലേക്ക്
ചോര നിരപരാധിയായി
കുതിച്ചൊഴുകുന്നു-
സ്വാതന്ത്ര്യം സ്വാതന്ത്ര്യം
എന്നുമാത്രം
ചിന്തിച്ചുകൊണ്ട്.

