ലേബർറൂം വരാന്ത

ഒരു പത്തുപന്ത്രണ്ടാണ്ടിനു മുന്നേ സുഹൃത്തോടൊപ്പം അയാളുടെ ഭാര്യയുള്ള പ്രസവമുറി മുന്നിൽ നേരമൊരു മൂന്നു മൂന്നര നല്ല തിരക്കുണ്ട്, ഊഴവും കാ ത്തൊരുപാട് ഗർഭിണികൾ അതിലൊരാൾ, തീരെ ഇരിപ്പുറയ്ക്കാത്തൊരാൾ, കുഞ്ഞുങ്ങൾ മാതിരിയുണ്ടു മുഖം പൊക്കവും തടിയുമില്ലാത്തവൾ കരച്ചിലിൻ വക്കത്തെ സങ്കടക്കണ്ണ് കൂറ്റനൊരു ജാഥപോലിളകുമാ നീളൻ വരാന്തയിൽ ആരെയോ തേടുവോൾ അവളെത്തന്നെല്ലാരു മിടക്കിടെ നോക്കുവാൻ ഇതിലേറെ വേണമോ കാരണങ്ങൾ കൂട്ടനോട്ടം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഒരു പത്തുപന്ത്രണ്ടാണ്ടിനു മുന്നേ
സുഹൃത്തോടൊപ്പം അയാളുടെ
ഭാര്യയുള്ള പ്രസവമുറി മുന്നിൽ
നേരമൊരു മൂന്നു മൂന്നര
നല്ല തിരക്കുണ്ട്, ഊഴവും കാ
ത്തൊരുപാട് ഗർഭിണികൾ
അതിലൊരാൾ, തീരെ
ഇരിപ്പുറയ്ക്കാത്തൊരാൾ,
കുഞ്ഞുങ്ങൾ മാതിരിയുണ്ടു മുഖം
പൊക്കവും തടിയുമില്ലാത്തവൾ
കരച്ചിലിൻ വക്കത്തെ സങ്കടക്കണ്ണ്
കൂറ്റനൊരു ജാഥപോലിളകുമാ നീളൻ
വരാന്തയിൽ ആരെയോ തേടുവോൾ
അവളെത്തന്നെല്ലാരു
മിടക്കിടെ നോക്കുവാൻ
ഇതിലേറെ വേണമോ കാരണങ്ങൾ
കൂട്ടനോട്ടം സഹികെട്ടവളുച്ചത്തിൽ:
എന്തിനെല്ലാരും എന്നെയിങ്ങനെ നോക്കുന്നു?
പിന്നെക്കരച്ചിലും കാര്യം പറച്ചിലും-
കഴിച്ചിട്ടില്ലിന്നിതേവരെയൊന്നും
വിശന്നിട്ടു വയ്യ കൂടാരുമില്ല മരുന്നിനും കാശില്ല
എങ്ങനേലുമാ രണ്ടായിരമൊപ്പിക്കാൻ
പോയ ഭർത്താവിൻ പൊടിപോലും കാണാനില്ല
അവളേങ്ങലടിച്ചു മുഖം പൊത്തലായി,
അവിടപ്പഴേ പിരിവു തുടങ്ങി ഞങ്ങൾ
വാർഡിൽ വരാന്തയിൽ കട്ടിലിൽ
കണ്ട മനുഷ്യരോടൊക്കെ യാചന
അഞ്ചു രൂപക്കാലമായിരുന്നെങ്കിലും
പത്തുമിരുപതും പലരും തരികയാൽ
അവളു പറഞ്ഞതും കവിഞ്ഞു കിട്ടുന്നു
ആ തുകയവളുടെ കൈയ്യിലെത്തുന്നു
വേറൊരാൾ വേഗം ചെന്നവൾക്കുള്ള
ചോറും മരുന്നുമായ് പാഞ്ഞുവരുന്നു
കണ്ടുപിടിച്ചയാൾ ഭർത്താവിനേയും
ഒരര മതിലിന്മേൽ മാനത്തു നോക്കി
കണ്ണീർ തുടച്ച് കിടക്കും പരുവത്തിൽ
പാവത്താൻ, മാർത്താണ്ഡംകാരൻ തമിഴൻ
ഈ കോട്ടയത്തയാളാരോട് കടം വാങ്ങാൻ
രണ്ടും വിശപ്പിൻ ഉഗ്രരൂപങ്ങൾ
പൊതിയഴിച്ചാർത്തിയിൽ
ഉണ്ടു നിറയുന്നു
പിന്നെയാണവൾ കൂടുതൽ ഞെട്ടിച്ചൂ
കുഞ്ഞാ വയറ്റിൽ മരിച്ചു കിടപ്പത്രെ!
അതിനെയെടുക്കാനാണത്രെയും വിലയുള്ള
മരുന്നു വാങ്ങിടാൻ ഡോക്ടർ പറഞ്ഞു
അക്കഥ കേൾക്കെ ലേബർ റൂം വാതിൽ
തട്ടിത്തുറപ്പിച്ചു വഴക്കായീ ജനക്കൂട്ടം
കൊടുത്തു ഭർത്താവാ മരുന്നപ്പോൾ
അങ്ങനെ പിന്നേം പ്രവേശിക്കയാണവൾ
മൂന്നുനാളായ് കുഞ്ഞെൻ വയറ്റിൽ
മരിച്ചു കിടപ്പെന്നു കരഞ്ഞു പറഞ്ഞവൾ
* * *
മെല്ലെ ശാന്തമായി അവിടമെങ്കിലും
ചോദ്യമൊന്നു പുകഞ്ഞു കത്തുന്നു
കുഞ്ഞു മരിച്ചു കിടക്കും വയറ്റിലേ
ക്കെങ്ങനൊരമ്മ ഉരുള വിഴുങ്ങുമോ
ഉത്തരമിതാവാം ചിലപ്പോൾ-
വിശപ്പിൻ കാടിന് തീ പിടിച്ചെന്നാൽ
തമ്മിലും കൊന്നു തിന്നേക്കാം മനുഷ്യർ

