കുരുതി

പല നിറങ്ങളിൽ വിദൂരതയിലെ അയലിൽ കുപ്പായങ്ങൾ ഉണങ്ങുന്നു. കാറ്റിൽ ഇളകുന്നു, ഇറുകിയതും അയഞ്ഞതുമായ കുപ്പായങ്ങൾക്കുള്ളിൽ അപ്പനപ്പൂപ്പന്മാരുടെ ഊഞ്ഞാലാട്ടം. നട്ടുച്ചയിൽ കുപ്പായങ്ങളിലൂടെ ഇടയ്ക്ക് ഇറ്റുന്നു, ഇളംനിറമുള്ള ചോര. ചക്രവാളങ്ങളിൽനിന്ന് മുറിവേറ്റ സൂര്യൻ ഒളിക്കുന്നു. കഴുത്തിൽ, കക്ഷത്തിൽ, അരക്കെട്ടിൽ, കൈക്കുഴയിൽ നനവ്. പാതിയുണക്കത്തിൽ പിന്നെയും അയലിൽ കിടന്ന് പിറ്റേന്നത്തേക്കും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പല നിറങ്ങളിൽ
വിദൂരതയിലെ അയലിൽ
കുപ്പായങ്ങൾ ഉണങ്ങുന്നു.
കാറ്റിൽ
ഇളകുന്നു,
ഇറുകിയതും അയഞ്ഞതുമായ
കുപ്പായങ്ങൾക്കുള്ളിൽ
അപ്പനപ്പൂപ്പന്മാരുടെ ഊഞ്ഞാലാട്ടം.
നട്ടുച്ചയിൽ കുപ്പായങ്ങളിലൂടെ
ഇടയ്ക്ക് ഇറ്റുന്നു,
ഇളംനിറമുള്ള ചോര.
ചക്രവാളങ്ങളിൽനിന്ന്
മുറിവേറ്റ സൂര്യൻ
ഒളിക്കുന്നു.
കഴുത്തിൽ,
കക്ഷത്തിൽ,
അരക്കെട്ടിൽ,
കൈക്കുഴയിൽ നനവ്.
പാതിയുണക്കത്തിൽ പിന്നെയും
അയലിൽ കിടന്ന്
പിറ്റേന്നത്തേക്കും ഇളംമഞ്ഞേൽക്കുന്നു.
വിദൂരതയിൽ
കുപ്പായമുണക്കാനിട്ട മുറ്റത്ത്
ഒരു മുത്തശ്ശി
പായയിൽ കുരുമുളക് ചിക്കുന്നു.
കോച്ചിലണിഞ്ഞൊരു കറുത്തയിഴ
എന്റെ വീട്ടിലേക്ക്
വളഞ്ഞു പുളഞ്ഞു നീളുന്നു.
അതിൽ വെയിൽ മുള്ളുകൾ
മുങ്ങിയൊളിക്കുന്നു,
കൊമ്പുകോർക്കുന്നു.
നീറിയ കാൽവെള്ള
വിദൂരതയിൽനിന്ന് പുറപ്പെട്ട
മേഘത്തേക്കാൾ
ഒരുപടി മുമ്പിൽ നടക്കുന്നു.
പല നിറങ്ങളിലെ കുപ്പായങ്ങൾ
ഉണങ്ങിയിരിക്കുന്നു.
വേട്ടക്കാരന്റെ മൺവീട്
എന്റെ കണ്ണുകളിൽ കട്ടകളായാണ്
ഇടിയുന്നത്,
കളിമൺ പ്രതിമ കണക്കെ.
ഇടയിൽ മൂങ്ങകൾ
അയല്പക്കത്തെ വീട്ടിലെ
കഴുക്കോല് വിട്ടു മരത്തിലിരിക്കുന്നു.
ഞാൻ നാടുവിട്ടുപോയ
മൂങ്ങ മുഖമുള്ള പൂച്ചയെ ഓർക്കുന്നു.
എന്റെ സ്വപ്നത്തിൽ ഇന്നലെയവൾ
ഉറിയിലെ പാൽ തട്ടിമറിച്ചുകൊണ്ട്
വീട്ടിൽ നിന്നിറങ്ങി
കോച്ചിലിനിടയിൽ മൂത്രമൊഴിച്ച്
വേട്ടക്കാരന്റെ മൺവീട്ടിലേക്ക് കയറുന്നു,
മഞ്ഞയിൽ വെള്ളപ്പുള്ളിയുള്ള
കറുത്തയാമം കരിതൊട്ട കാലുള്ള
നാടുവിട്ടുപോയ ഏതോ ഒരു പൂച്ച.
വേട്ടക്കാരനപ്പോൾ
ഉണക്കഇലകളുടെ നിറവും
വരയും കുറിയുമുള്ള മേലങ്കി
അലക്കി വിരിക്കുന്നു.
അവൾ കുട്ടി.
വിദൂരതയിലെ ഒറ്റയ്ക്കുള്ള
വീട് വരയ്ക്കുന്നു.
രണ്ട് തെങ്ങ്, മുന്നിൽ തോട്,
പിന്നിൽ അറേബ്യൻ കഥകളിലെ
ഏഴാമത്തെ മല അവസാനിക്കും ദിക്ക്,
ഏത് മലയിലും ഉദിക്കുന്ന
ഒരേയൊരു ഓറഞ്ചു സൂര്യൻ.
വെളിച്ചം,ഇരുള്,
വെളിച്ചം,
മേൽക്കൂരയിൽനിന്ന് വീണ
വെള്ളിനാണയത്തെ
പൊത്തിപ്പിടിക്കുന്നു.
പൊടുന്നനെ,
പുറത്ത് മഴ പെയ്യുന്നു.
ഉണക്കാനിട്ട കുപ്പായങ്ങൾ
മഴത്ത് ഒറ്റയ്ക്കു നിൽക്കുന്നു.
അവൾ
തുടയിലെ മുറിവിലേക്ക്
മഴനനഞ്ഞ
വെയിൽത്തുട്ട് വെയ്ക്കുന്നു.
പുറത്ത് മഴ തോർന്നു തോർന്ന് മെലിഞ്ഞിരിക്കുന്നു.
അവൾ ചിത്രത്തിൽ
അയലിൽ കുപ്പായം വിരിച്ചിടുന്ന
പെൺകുട്ടിയെ വരച്ചു.
കുപ്പായങ്ങളിൽനിന്ന് ഇടയ്ക്ക് ഇറ്റുന്നു,
ഇളംനിറമുള്ള ചോര.
വീടിനപ്പുറം
ഒരു വീട് കൂടി വരക്കുന്നു
വേട്ടക്കാരന്റെ
കുപ്പായം കാണാതായിരിക്കുന്നു.
പൂച്ചയുടെ പോയ കാൽപ്പാടുകളിൽ
കുട്ടി ചക്രവാളങ്ങളിൽ മുറിവേറ്റ
സൂര്യന്റെ നിറം കൊടുക്കുന്നു.