അനങ്ങൽ

അരണ്ട് അവ്യക്തമായ ആ ഇടത്തില്‍ എന്തോ അനങ്ങുന്നുണ്ട്... ഏതൊരവ്യക്തതയും, വലിയൊരനങ്ങല് കൊണ്ടുപോലും ഏതൊന്നും കൃത്യമാക്കാറില്ല. ഭൂമി അതിന്റെ എല്ലാ മങ്ങിയ ഭാവങ്ങളിലും പത്തികളുടേയോ കോമ്പല്ലുകളുടേയോ പ്രതീതികളെക്കൂടി കരുതിവെച്ചിട്ടുണ്ട് എന്നതിനാൽ പ്രത്യേകിച്ചും. ഒരോന്തിനോ അരണയ്ക്കോ പോലും അങ്ങനെയൊരവസ്ഥയില്‍ തങ്ങളെ അതേവിധം അടയാളപ്പെടുത്തുക പ്രയാസം തന്നെ. പിന്നെ എങ്ങനെയാണ് പൊടുന്നനെയുള്ള ഒരിഴയലനക്കംകൊണ്ട് ഒരു ചേരയ്ക്ക് തന്റെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അരണ്ട്
അവ്യക്തമായ
ആ ഇടത്തില്‍
എന്തോ
അനങ്ങുന്നുണ്ട്...
ഏതൊരവ്യക്തതയും,
വലിയൊരനങ്ങല് കൊണ്ടുപോലും
ഏതൊന്നും കൃത്യമാക്കാറില്ല.
ഭൂമി അതിന്റെ എല്ലാ
മങ്ങിയ ഭാവങ്ങളിലും
പത്തികളുടേയോ കോമ്പല്ലുകളുടേയോ
പ്രതീതികളെക്കൂടി
കരുതിവെച്ചിട്ടുണ്ട്
എന്നതിനാൽ പ്രത്യേകിച്ചും.
ഒരോന്തിനോ അരണയ്ക്കോ പോലും
അങ്ങനെയൊരവസ്ഥയില്‍
തങ്ങളെ അതേവിധം അടയാളപ്പെടുത്തുക
പ്രയാസം തന്നെ.
പിന്നെ എങ്ങനെയാണ്
പൊടുന്നനെയുള്ള ഒരിഴയലനക്കംകൊണ്ട്
ഒരു ചേരയ്ക്ക്
തന്റെ സ്വത്വത്തെ
വെളിപ്പെടുത്താനാകുക..?
അനങ്ങലും ഇഴയലും ചേരയ്ക്കെന്നും
കടുത്ത പ്രതിസന്ധിതന്നെയാണ്.
രൂപപരമായ അനേകം പ്രശ്നങ്ങളുള്ളതില്
വളരെ പ്രധാനപ്പെട്ട ഒന്ന്.
പ്രിയം എന്നത്
ഒരലങ്കാരമായിപ്പോലും അത്
ഒരിടത്തുനിന്നും
പ്രതീക്ഷിക്കുന്നില്ല.
ഏതുനേരവും എവിടെയും
വന്നുപോകുമെന്നല്ലാതെ
അത്രമേല്‍
ആത്മവിശ്വാസത്തില്‍
അല്ലാഞ്ഞതിന്റെ
കാരണവും മറ്റൊന്നല്ല.
അനങ്ങലൊരു ബാധ്യതകൂടിയാണ്.
ഇഴയലോളം വളര്‍ന്നു മറയാന്‍
ശേഷിയുള്ള പാവപ്പെട്ടൊരനക്കംപോലും
അത്ര ലളിതമായി
പര്യവസാനിക്കാറില്ല;
ഒടുക്കിക്കഴിഞ്ഞാലും
തിരിച്ചും മറിച്ചും നോക്കി
ഉറപ്പുവരുത്താന്‍ ശ്രമിച്ചാലും
ലേശം സംശയമവ
പിന്നെയും പിന്നെയും
ബാക്കിവച്ചുകൊണ്ടിരിക്കും.
അതെ,
അവിടെ...,
ആ മങ്ങിയ ഇടത്തില്‍
എന്തോ
അനങ്ങുന്നുണ്ട്...
ഇനിയെങ്ങാനും
പ്രകൃതിയുടെ അതിപുരാതനമായ
ആ അടവായിരിക്കുമോ അത്..?
അതോ,
അനങ്ങലിന്റെ
പ്രതീതികൊണ്ടുമാത്രം ദൈവം
അതിജീവിക്കുന്നതു മാതിരിയുള്ള
മറ്റെന്തെങ്കിലും.!?
അരണ്ട ഇത്തിരി വെട്ടത്തില്‍,
ഒരു മൃതദേഹത്തിനരികില്‍
(ആത്മബന്ധത്തിന്റേത്
ആണെങ്കില്‍ കൂടിയും)
തനിച്ചിരിക്കേണ്ടിവരുമ്പോള്,
അത്
താനേ അനങ്ങുന്നതായി
തനിയേ
തോന്നുന്നതുപോലുള്ളൊരു
തോന്നലോ മറ്റോ..?
അതിനെ
തല്ലിക്കൊല്ലാന്‍
ഒരായുധമപ്പോള്
പരക്കം പാഞ്ഞ്
പരതുന്നതുപോലെയാകുമോ
എന്റെ ഈ.!?
അനങ്ങുകയെന്നാല്
ജീവനുണ്ട്
എന്ന സന്തോഷം
മാത്രമല്ലല്ലോ;
ജീവനു ഭീഷണിയുണ്ട്
എന്ന
സന്ദേഹം കൂടിയല്ലേ..?