ഉയിർപ്പ്


ട്യൂഷൻ കഴിഞ്ഞ്, നേരം ഇരുട്ടി, കണ്ടം കവിഞ്ഞ പൊന്തകൾക്കിടയിലൂടെ വീട്ടിലേക്കോടുന്നു രണ്ടു പേടിച്ച മുഖങ്ങൾ. ‘‘ഞാനപ്പളേ പറഞ്ഞതാ, സിപ്പപ്പ് കുടിക്കണ്ടന്ന്’’ ‘‘അതൊന്നുവല്ല താമസിച്ചത്.’’ നിലാവ് ഉടഞ്ഞ ചില്ലു പോലെ, തിളങ്ങുന്നു, ആറ്റുകൈതകൾക്കിടയിൽ ഒരു ജോഡി കൊലുസ്സ്. അതണിഞ്ഞ കാലുകൾ. പൂക്കൾ വിതറിയ സാരിയിൽ മയങ്ങിക്കിടക്കുകയാണ് അങ്ങേക്കരയിൽ ഒറ്റപ്പെട്ട വീട്ടിലെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ട്യൂഷൻ കഴിഞ്ഞ്,
നേരം ഇരുട്ടി,
കണ്ടം കവിഞ്ഞ പൊന്തകൾക്കിടയിലൂടെ
വീട്ടിലേക്കോടുന്നു
രണ്ടു പേടിച്ച മുഖങ്ങൾ.
‘‘ഞാനപ്പളേ പറഞ്ഞതാ,
സിപ്പപ്പ് കുടിക്കണ്ടന്ന്’’
‘‘അതൊന്നുവല്ല താമസിച്ചത്.’’
നിലാവ് ഉടഞ്ഞ ചില്ലു പോലെ,
തിളങ്ങുന്നു,
ആറ്റുകൈതകൾക്കിടയിൽ ഒരു ജോഡി കൊലുസ്സ്.
അതണിഞ്ഞ കാലുകൾ.
പൂക്കൾ വിതറിയ സാരിയിൽ
മയങ്ങിക്കിടക്കുകയാണ്
അങ്ങേക്കരയിൽ ഒറ്റപ്പെട്ട വീട്ടിലെ
ആ പെണ്ണുമ്പുള്ള.
‘‘അയ്യോ ഇവർക്കിതെന്നാ പറ്റി?’’
‘‘ആ നമ്മക്ക് പോകാം.’’
മുഖത്തിനൊരു വശത്തെ ചേറ്
വടിച്ചു കളഞ്ഞ്,
കൈ കുത്തി,
മുടിയും വാരിക്കെട്ടി,
അവർ എണീറ്റു വരുമെന്നോർത്ത്
ഓടാൻ തുടങ്ങിയതും
ചുണ്ടിന്റെ ഇടതുവശത്തൂന്ന്
കട്ടിക്കറുപ്പിൽ പതഞ്ഞൊഴുകുന്ന ചോര
കമ്മൽപ്പൂക്കളിൽ പടരുന്നതു കണ്ടു.
അടുത്ത് ചിതറിയ പേഴ്സിലെ ചെറിയ നോട്ടുകൾ.
ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ.
ബസ് ടിക്കറ്റുകൾ.
വയറുവേദനയുടെ മരുന്ന്.
കുട്ടികളവരോട് മിണ്ടാൻ പാടില്ലെന്ന്
അമ്മമാരുടെ ചട്ടം.
മുതിർന്നവരും മിണ്ടാറില്ലല്ലോ.
അവരുടെ വീട്ടിൽ
അജ്ഞാതരായ ആണുങ്ങൾ
ഇടക്കിടെ വരും.
പോകും.
‘‘ആരെയെങ്കിലും വിളിച്ചാലോ?’’
‘‘അയ്യോ ഓടിവരണേ...’’
അവരുടെ നിലവിളി തുറന്ന പാടത്തുതന്നെ
കറങ്ങി തങ്ങി നിന്നതും
പെണ്ണുമ്പുള്ള എണീറ്റു.
ഒരു കൈ കുത്തി, ചേറുവടിച്ച്
ആമ്പൽചെടികളുടെ വേരോളം
പടർന്നുകിടന്ന
മുടി വാരിക്കെട്ടി,
അവർ
വരമ്പത്തെ തേക്കുമരങ്ങളെക്കാൾ വളർന്നു.
പിള്ളേരെ നോക്കി
ഏതോ പുരാതന ഭാഷയിൽ
എന്തോ പറഞ്ഞു.
ആയിരം പേര് ഒന്നിച്ചു മിണ്ടിയ മുഴക്കം.
എന്നിട്ട്,
ആകാശത്തേക്ക് കയറിപ്പോയി.