ഉരുവങ്ങൾ

യാഥാസ്ഥിതികരും ഭീരുക്കളുംദുഷ്ടബുദ്ധികളും പരദൂഷകരും നിർദയരും നിർലജ്ജരും പരപീഡരതികളും അൽപരുമായവർക്കൊപ്പം പണിയെടുത്തു പണിയെടുത്തപരിചിതമായ നാട്ടിൽ പാർത്തു വരവെ നാടെന്നു പറഞ്ഞാൽ സ്നേഹമോ ദ്വേഷമോ എന്നൊന്നുമറിയാത്ത ദേശ- ത്തുന്തിയ പല്ലുപോലെ ജീവിച്ചു വരവെ ക്ഷമിച്ചാലും എന്ന മട്ടിൽ എന്റെ നാട്ടിൽ ജീവിതമുന്തിയൊരാൾ ഓർമ കേറിവന്നു. പിന്നെ ജനിച്ചുപോയല്ലോ എന്ന സങ്കട മുടലാകെയായവരെയും ഇനി ഞാൻ എന്തു ചെയ്യണം എന്നൊരു ചോദ്യം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
യാഥാസ്ഥിതികരും ഭീരുക്കളും
ദുഷ്ടബുദ്ധികളും പരദൂഷകരും
നിർദയരും നിർലജ്ജരും
പരപീഡരതികളും അൽപരുമായവർക്കൊപ്പം
പണിയെടുത്തു പണിയെടുത്തപരിചിതമായ
നാട്ടിൽ പാർത്തു വരവെ
നാടെന്നു പറഞ്ഞാൽ
സ്നേഹമോ ദ്വേഷമോ
എന്നൊന്നുമറിയാത്ത ദേശ-
ത്തുന്തിയ പല്ലുപോലെ ജീവിച്ചു വരവെ
ക്ഷമിച്ചാലും എന്ന മട്ടിൽ
എന്റെ നാട്ടിൽ
ജീവിതമുന്തിയൊരാൾ
ഓർമ കേറിവന്നു.
പിന്നെ
ജനിച്ചുപോയല്ലോ എന്ന സങ്കട
മുടലാകെയായവരെയും
ഇനി ഞാൻ എന്തു ചെയ്യണം
എന്നൊരു ചോദ്യം തോന്നിച്ച്
ഇരിക്കപ്പൊറുതിയില്ലാതായവരെയും
ഇതെന്റെ നാടല്ലെന്നൊ-
രന്ധാളിച്ച പരിവേഷമാർന്നവരെയും
എന്റെ ദൈവങ്ങളല്ല ഇവരാരുമെന്ന
നെടുവീർപ്പായവരെയും
ഒരു ദുഃസ്വപ്നത്തിൻ
മുടുക്കിലെന്നപോൽ
ഏതോ കുറ്റബോധം
പരുങ്ങുമുടലാണ്ടവരെയും
ആരുടെ ഔദാര്യമാണു ഞാ
നെന്ന വിങ്ങലായവരെയും
ദുരിതങ്ങൾ മാത്രമാണെങ്കിലും
അവ ചിരിച്ചു പറയുന്നവരെയും
എന്നിങ്ങനെ
ആകുലതകളുടെ ഭാഷയായി-
ത്തീർന്നവരെപ്പറ്റിയുള്ള ആലോചന
ഒടിഞ്ഞ കാലുപോലെ കിടന്നു
എന്നിലും (നിന്നിലും)
അവർ തന്നെ
പല പാകത്തിൽ
പാർക്കുന്നുണ്ടെന്ന സത്യത്തിന്റെ
അച്ചുതണ്ട്
ജീവിതത്തെ ചരിച്ചുവച്ചു
വീണേടത്തുനിന്ന്
വീണ്ടും എണീൽക്കാനുള്ള ശ്രമംപോലെ
ഉടൽ തന്നെ മനസ്സായവരെക്കുറിച്ച്
‘സോദരത്വേന’* ചിന്തിക്കവെ
ഇളിഭ്യതകൊണ്ട് സ്വയം വെറുത്തേക്കാം
അവരെ തിരിച്ചറിയാനായെന്നുറച്ചാൽ
എന്തുമാത്രം എന്നൊരു
ചോദ്യത്തിന്റെ സ്ഫിങ്സി*നെ
നേരിടണം വഴിക്ക്.
കപടതയുടെ ഉൾക്കൂനുകളെ
എങ്ങനെ ഒളിപ്പിക്കുന്നു
നമ്മളൊക്കെ-
അതിന്റെ ചലവും നീരും
എപ്പോഴാണ് പുറത്തേക്കു വമിക്കുന്നത്-
എന്ന ചോദ്യങ്ങൾ പക്ഷേ
കേൾവിക്കുറവായി
അതിശൈത്യം പിടിച്ചുകിടക്കുകയാണ്
ആത്മനിന്ദതൻ മരണങ്ങളെത്രയാ-
ണോരോ ദിവസവും ചവുട്ടി
മെതിച്ചു പോകുന്നത്,
രക്തഗന്ധിയാണല്ലോ ചരിത്രം,
അന്തസ്സിൻ ശിൽപികൾ
തോറ്റുപോവുകയാണല്ലോ മണ്ണിൽ,
എന്നൊക്കെയുമുള്ളവ
കാഴ്ചക്കേടിൽ പുതഞ്ഞ്
വീണ്ടും കറങ്ങിക്കൊണ്ടിരിക്കുകയാണ്.
* ശ്രീനാരായണ ഗുരുവിന്റെ ജാതിഭേദം മതദ്വേഷം എന്നു തുടങ്ങുന്ന ശ്ലോകം.
* സ്ഫിങ്സ് (sphinx): ഗ്രീക് പാരമ്പര്യത്തിലെ ഒരു മിത്തിക്കൽ ജീവി. ഇതിന് മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലും പരുന്തിന്റെ ചിറകുമുള്ളതായി സങ്കൽപം. ഈ ജീവിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെങ്കിൽ കൊന്നുതിന്നും. ഉത്തരം നൽകിയവരെയും കൊന്നു തിന്നിട്ടുള്ളതായി സൂചനകളുണ്ട്. ഈഡിപ്പസ് ഈ ജീവിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി വധിച്ചതായാണ് കഥ.

