Begin typing your search above and press return to search.

അഴക്കോല്

അഴക്കോല്
cancel

കുടുക്കു മുഴുവൻ ചേർത്തിട്ട ഇടയ്ക്കു കാറ്റത്തനങ്ങുന്ന ഷർട്ട് തല കൊയ്തെടുക്കപ്പെട്ട പട്ടാളക്കാരനായി. അരികു ലേസ് വെച്ച് വട്ടത്തിൽക്കിടന്ന ഷാൾ മുഖം പാതിവെന്തുള്ള കണ്ണില്ലാപ്പെണ്ണായി കാൽ രണ്ടും വിരിച്ചിട്ട പുതിയൊരാൺ ഷെഡ്ഡി കൺകുഴികൾ തൂർന്ന കറുത്ത തലയോട്ടിയായി. അരയിൽ തളർന്നു ചുറ്റാറുള്ള അച്ഛന്റെയരപ്പട്ട, തിളങ്ങുന്ന ലോഹക്കൊളുത്തു പല്ലും നീട്ടി കൊത്താനായും കൊടും സർപ്പമായി. അഴിച്ചിട്ടാലും അമ്മിഞ്ഞ കാട്ടുന്ന വെളുത്ത ബോഡീസ് പിളർന്ന വയറിൽനിന്ന് പുറത്തുചാടിയ പണ്ടംപോലെ കുടൽമാലകൾ ചേർന്നാടി. താഴേയ്ക്കു നീണ്ട ചേച്ചിയുടെ പൈജാമയിൽ കെട്ടിത്തൂക്കിയൊരു പെൺകാൽ ഉള്ളിലേക്കൊളിഞ്ഞു...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

കുടുക്കു മുഴുവൻ ചേർത്തിട്ട

ഇടയ്ക്കു കാറ്റത്തനങ്ങുന്ന ഷർട്ട്

തല കൊയ്തെടുക്കപ്പെട്ട പട്ടാളക്കാരനായി.

അരികു ലേസ് വെച്ച്

വട്ടത്തിൽക്കിടന്ന ഷാൾ

മുഖം പാതിവെന്തുള്ള

കണ്ണില്ലാപ്പെണ്ണായി

കാൽ രണ്ടും വിരിച്ചിട്ട

പുതിയൊരാൺ ഷെഡ്ഡി

കൺകുഴികൾ തൂർന്ന

കറുത്ത തലയോട്ടിയായി.

അരയിൽ തളർന്നു ചുറ്റാറുള്ള

അച്ഛന്റെയരപ്പട്ട, തിളങ്ങുന്ന

ലോഹക്കൊളുത്തു പല്ലും നീട്ടി

കൊത്താനായും കൊടും സർപ്പമായി.

അഴിച്ചിട്ടാലും അമ്മിഞ്ഞ കാട്ടുന്ന

വെളുത്ത ബോഡീസ്

പിളർന്ന വയറിൽനിന്ന്

പുറത്തുചാടിയ പണ്ടംപോലെ

കുടൽമാലകൾ ചേർന്നാടി.

താഴേയ്ക്കു നീണ്ട

ചേച്ചിയുടെ പൈജാമയിൽ

കെട്ടിത്തൂക്കിയൊരു പെൺകാൽ

ഉള്ളിലേക്കൊളിഞ്ഞു കാണായി.

അമ്മ മടക്കിയിട്ട സാരിയിലെ

വലിയൊരൊറ്റ കറുപ്പു പുള്ളി

പുതപ്പിച്ചു കിടത്തിയ

മോർച്ചറി ശവത്തിൽനിന്ന്

പെട്ടെന്നു തുറക്കുന്ന കണ്ണായി.

രാത്രിക്കളിയ്ക്ക് മുടങ്ങാതെയെന്നും

ഏതു രംഗത്തിലും

പ്രേതപടമോടും തിരശ്ശീലപോലെ

അട്ടത്തിൽനിന്നു മുളകെട്ടി ഞാത്തിയ

തുണിയഴയ്ക്കയും നോക്കി

കണ്ണു ചിമ്മിയുമടച്ചും

ചൂണ്ടിക്കാട്ടുവാനാരോടും പറ്റാത്ത

പേടിരൂപങ്ങളിൽ മുങ്ങി

താഴത്തു പായിൽക്കിടക്കാറുണ്ട്

ഉള്ളിലിപ്പോഴും അഞ്ചു വയസ്സുള്ള കുട്ടി.

News Summary - madhyamam weekly malayalam poem