വിത്ത് -ധന്യ എം.ഡിയുടെ കവിത

നേർത്ത നീലവലയിൽക്കുടുങ്ങി- ക്കറങ്ങും തിളങ്ങും കല്ലുകളായിക്കാണാം പ്രപഞ്ചമവൾക്കു കീഴെ വക്കുംവരിയും പൊട്ടാതടരാതെ പണിഞ്ഞെടുത്തതിൻ കാണാപ്പണിക്കുറ്റങ്ങൾ നോക്കിയവളിരുന്നു അവളൊരു കൈവേലക്കാരി ഇഷ്ടംതോന്നുവതൊക്കെ ചെത്തിമിനുക്കിയോരോന്നു പണിയുന്നു കാണാനൂലിഴകളാലവ കോർത്തുവച്ചിട്ടതു- കളിലോരോന്നിലും ചേരാത്ത ചേരുവകൾ ചേർത്ത് പുതുമകൾ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
നേർത്ത നീലവലയിൽക്കുടുങ്ങി-
ക്കറങ്ങും തിളങ്ങും
കല്ലുകളായിക്കാണാം
പ്രപഞ്ചമവൾക്കു കീഴെ
വക്കുംവരിയും
പൊട്ടാതടരാതെ
പണിഞ്ഞെടുത്തതിൻ
കാണാപ്പണിക്കുറ്റങ്ങൾ
നോക്കിയവളിരുന്നു
അവളൊരു
കൈവേലക്കാരി
ഇഷ്ടംതോന്നുവതൊക്കെ
ചെത്തിമിനുക്കിയോരോന്നു
പണിയുന്നു
കാണാനൂലിഴകളാലവ
കോർത്തുവച്ചിട്ടതു-
കളിലോരോന്നിലും
ചേരാത്ത ചേരുവകൾ ചേർത്ത്
പുതുമകൾ പുതയ്ക്കുന്നു
ദൂരെക്കാണാമൊരു
ചെറുഗോളം
അതിന്നൊരു പാതിയിൽ
കടുഞ്ചോപ്പുമിരുളും
മറുപാതിയിൽ
പുലർന്നുപുലർന്നുവരും
വെളുപ്പുമിരുളുമിളഞ്ചോപ്പും
ചെടികളും മരങ്ങളും അതിൽ
പണിതീർത്തുവെച്ച്
വിയർപ്പു ചൊറിയുന്ന
വേദനിക്കുന്ന
വലത്തേയുള്ളങ്കൈ
മടുപ്പോടെയവൾ നിവർത്തി.
ഒട്ടും കരുതിയില്ല
ഭാഗ്യരേഖയുടെ
തേൻനിറത്തിൽ പറ്റിച്ചേർന്ന്
കട്ടിപ്പുറന്തോടുള്ള
ഒരു കറുത്തവിത്ത്
ഏത് വൻകരയിൽ
നദിക്കരയിൽ
ആർക്കുണ്ണാൻ
പാർക്കാൻ
തണലാകാൻ
വരിയുംനിരയും തെരഞ്ഞു
വശംകെട്ടുപോയവൾ
പകൽതീർന്നുപോൽ
ഇനി കുളിച്ചുണ്ടുറങ്ങണം
പുലർകാലേ
പുതിയ പണി തുടങ്ങണം
മുഷിപ്പോടെ കൈകുടഞ്ഞു
വലങ്കയ്യിലെ വിയർപ്പൂർന്നു
മഴപെയ്യുന്നൊരു
മലഞ്ചെരിവിൽ
വിത്തൊരു കുത്തൊഴുക്കിൻചാലിൽ
കുഴമണ്ണിൽ പുതഞ്ഞുപോയ്
ഉള്ളിൽ അടരടരായി
തളിരിലകൾ
ഉരുവിടും
അക്ഷമയുടെ ചാറ്റ്
ഇലകൾ വീശിവീശി
പടരാൻ
പടാപടാന്നു മിടിക്കുന്ന
കൊതികൾ
മണ്ണിനടിയിൽനിന്നും
കേട്ടു
വേരുകൾതൻ
തേടലിന്നൊച്ചകൾ
കുളുകുളു
കുളിർവെള്ളത്തിൻ തണു
മാനംകാണാൻ
വെമ്പിവെമ്പി
തുരന്നു മുന്നേറും
മണ്ണിരകളുടെ പാട്ട്
ഒന്നുംമിണ്ടാതെ
കമിഴ്ന്നു
വിത്ത് കിനാവ് കണ്ടു
ആഴങ്ങളിലേക്കു
ആഴ്ന്നിറങ്ങും കരുത്തുറ്റ വേരുകൾ
സുഗന്ധകാന്തിയെഴും ഉടൽ
പുഷ്പഫലങ്ങൾ
ഉയരെ വിശാലനീലയിലേക്ക്
എന്നും കൊരുത്തിടാൻ
തളിർപ്പച്ചകൾ
ഒടുങ്ങാത്ത കിളികളുടെ പാട്ട്
പലതായി തന്നെ പകുത്തുവെക്കും
ഒരായിരം പുതുവിത്തുകൾ...